Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

രാഷ്ട്രീയ ഫത്‌വകള്‍ക്കായി പുതിയ 'ഗ്രാന്റ് മുഫ്തി!'

എ. റശീദുദ്ദീന്‍

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിച്ച സൂഫികളുടെ ചരിത്രം പരതുമ്പോള്‍ അതില്‍ ആദ്യത്തെ രണ്ടോ മൂന്നോ പേരുകളില്‍ പെടുന്നവരാണ് ഖ്വാജാ മുഈനുദ്ദീന്‍ ഛിശ്തിയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും ദാത്താ ഗഞ്ച് ബക്ഷുമൊക്കെ. ഫകീറുമാരായി ജീവിച്ച ഈ പുണ്യാത്മാക്കളിലൂടെയാണ് ഒരു കാലത്ത് ഇസ്ലാം ഇന്ത്യയില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. സൂഫിസം വയറ്റുപ്പിഴപ്പിന്റെ സൂത്രവാക്യവും രാഷ്്രടീയ അതിജീവനത്തിന്റെ ഉപകരണവുമാകുന്ന പുതിയ കാലത്ത് ഈ മഹാത്മാക്കളുടെ ജീവിതം ചിലരെയൊക്കെ ഓര്‍മിപ്പിക്കേണ്ടിവരുന്നുണ്ട്. ഫകീറും സുല്‍ത്താനും തമ്മിലുള്ള അകലം ജീവിതത്തിലൂടെ കൃത്യമായി വരച്ചുകാണിച്ച ഈ സൂഫിവര്യന്മാരുടെ മാതൃകയില്‍നിന്നാണ് ഖജനാവുകളുടെ അധിപന്മാരായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയുമൊക്കെ പൊതുജനം  ആദര്‍ശത്തിന്റെ ഭാഗമായിത്തന്നെ അകറ്റിനിര്‍ത്താന്‍ തുടങ്ങുന്നത്. 

ഇക്കൂട്ടത്തില്‍ ദല്‍ഹിയില്‍നിന്നുള്ള ഉദാഹരണമായിരുന്നു ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ. തന്റെ രാജസന്നിധിയില്‍ നിസാമുദ്ദീന്‍ ഔലിയ ഒരിക്കല്‍ പോലും ഹാജരാവാത്തതില്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് അതിയായ വിഷമമുണ്ടായിരുന്നു. എത്ര ക്ഷണിച്ചിട്ടും രാജാവിന്റെ അരമനയില്‍ മുഖം കാണിക്കാന്‍ നിസാമുദ്ദീന്‍ ഔലിയ തയാറായിരുന്നില്ല.  ഒടുവില്‍ അലാവുദ്ദീന്‍ ഖില്‍ജി നിസാമുദ്ദീന്‍ ഔലിയക്ക് ഒരു കത്ത് കൊടുത്തയച്ചു; താങ്കളെ അങ്ങോട്ടു വന്നു കാണാനെങ്കിലും അനുവദിക്കണമെന്ന്. വല്ലാതെ ശല്യം ചെയ്യരുതെന്നായിരുന്നു ഔലിയയുടെ മറുപടി. ഫകീറുമാരുടെ പര്‍ണശാലകള്‍ക്ക് രണ്ട് വാതിലുകള്‍ ഉണ്ടെന്നും അതില്‍ ഒന്നിലൂടെ താങ്കള്‍ അകത്തേക്കു കടന്നാല്‍ മറ്റേതിലൂടെ താന്‍ രാജ്യത്തിന്റെ തന്നെ പുറത്തേക്കു പോകുമെന്നും അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നും ഖില്‍ജിയെ ഔലിയ ഓര്‍മിപ്പിച്ചു. എന്നിട്ടും ഒരു നാള്‍ അലാവുദ്ദീന്‍, നിസാമുദ്ദീന്‍ ഔലിയയുടെ അടുത്തേക്ക് പുറപ്പെടുക തന്നെ ചെയ്തു. അദ്ദേഹം നിസാമുദ്ദീന്‍ ഔലിയയുടെ പര്‍ണശാലയില്‍ എത്തിയപ്പോള്‍ കാണുന്നത് കവാടത്തില്‍ കുറേ ശിഷ്യന്മാരെ, തന്നെ തടഞ്ഞുനിര്‍ത്താനായി ഔലിയ ഏര്‍പ്പാടാക്കിയതാണ്. 'ഇതെന്താ ഇങ്ങനെ? രാജാവായ ഞാന്‍ കൊട്ടാര കവാടത്തില്‍ പാറാവുകാരെ നിര്‍ത്തുന്നതു പോലെ സൂഫിവര്യനായ അങ്ങും കാവല്‍ക്കാരെ നിയോഗിച്ചതോടെ രാജാവും സൂഫിയും തമ്മില്‍ എന്താണ് വ്യത്യാസം' എന്നു ചോദിച്ച് ഖില്‍ജി ഒരു കുറിമാനം അകത്തേക്കു കൊടുത്തയച്ചു. വ്യത്യാസം ഇതാണ്: 'താങ്കളുടെ കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്നത് പാവങ്ങള്‍ അകത്തേക്കു കടക്കുന്നത് തടയാനാണ്. അതേസമയം പ്രമാണിമാരെയും സുല്‍ത്താന്മാരെയും തടയാനാണ് ഞാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയത്'. മരിക്കേണ്ടിവന്നാലും അധികാരത്തോട് സന്ധിയില്ലെന്ന കൃത്യമായ പ്രഖ്യാപനമായിരുന്നു അത്. 

കഥ ഇവിടെ തീരുന്നില്ല. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ച അനുവദിച്ചില്ലെങ്കിലും അകത്തേക്കു കടന്ന് പര്‍ണശാല ചുറ്റിക്കാണാനെങ്കിലും അനുവദിക്കണമെന്ന ഖില്‍ജിയുടെ അപേക്ഷ ഒടുവില്‍ നിസാമുദ്ദീന്‍ ഔലിയ അംഗീകരിച്ചു. ലങ്കര്‍ഖാനയും ഹസ്തബലുമൊക്കെ ചുറ്റിനടന്ന് കാണുന്നതിനിടെ ഖില്‍ജിയുടെ കണ്ണുകള്‍ അവിടത്തെ കുതിരപ്പന്തിയില്‍ ഉടക്കി. കുതിരലായത്തിന്റെ തൂണുകള്‍ പണിതത് വെള്ളി കൊണ്ടായിരുന്നു. കുതിരകളെ ബന്ധിച്ച ചങ്ങലകള്‍ സ്വര്‍ണം കൊണ്ടും. അകത്തേക്ക് ഒരു കുറിമാനം കൂടി സുല്‍ത്താന്‍ കൊടുത്തയച്ചു: 'രാജാക്കന്മാരുടെയും ഫകീറുമാരുടെയും കൈയില്‍ ഒരുപോലെ സ്വര്‍ണവും വെള്ളിയും ഉണ്ടെങ്കില്‍ നമ്മള്‍ തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?' അതേ കുറിപ്പിന്റെ മറുപുറത്ത് നിസാമുദ്ദീന്‍ ഔലിയ മറുപടി എഴുതി: 'ചക്രവര്‍ത്തിമാര്‍ സ്വര്‍ണവും വെള്ളിയും ഖജാനകളില്‍ വാരിനിറക്കുമ്പോള്‍ സൂഫിമാരുടെ ദര്‍ബാറുകളില്‍ അത് കുതിരലായത്തിലിട്ട് ചവിട്ടിയരക്കുകയാണ്. സ്വര്‍ണത്തിനും വെള്ളിക്കുമൊക്കെ അത്ര പ്രാധാന്യമേ ഇവിടെയുള്ളൂ.' തസ്വവ്വുഫും സൂഫിസവുമൊക്കെ എന്തായിരുന്നുവെന്ന് പുതിയ കാലത്തെ സൂഫിനാട്യക്കാരെ ഓര്‍മിപ്പിക്കാനാണ് ദല്‍ഹിയുടെ ചരി്രതത്തില്‍നിന്നുതന്നെയുള്ള ഈ സംഭവം ഇവിടെ പകര്‍ത്തിയത്. യഥാര്‍ഥ സൂഫിസത്തിന്റെ ചരിത്രത്തില്‍ ആരും തന്നെ രാജകൊട്ടാരങ്ങളുടെ തിണ്ണനിരങ്ങി പട്ടും വളയും ഇരന്നു വാങ്ങിയിട്ടില്ല. 

ദാരിദ്ര്യം എന്നത് പുതുകാല സൂഫിസത്തില്‍ അണികളുടെ മാ്രതം അടയാളമാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉത്തരേന്ത്യന്‍ ബറേല്‍വികള്‍. രാഷ്്രടീയമായോ സാമ്പത്തികമായോ സാമൂഹികമായോ ഒരു ശക്തിയുമില്ലാതെ കഴിഞ്ഞുകൂടുന്നവരാണ് അവര്‍. എന്നാല്‍, ബറേല്‍വി മൗലാനമാരാകട്ടെ കുമിഞ്ഞുകൂടിയ സമ്പത്തിനു മുന്നില്‍ കണ്ണു മഞ്ഞളിക്കുന്നവരും. ജി.എം.സിയും ബെന്‍സും ഔഡിയുമൊക്കെയാണ് ഇവരുടെ 'ഒട്ടകങ്ങള്‍.' അക്കൂട്ടത്തില്‍പെട്ട ഹസ്രത്ത് മുഹമ്മദ് അശ്റഫ് അശ്റഫി കിച്ചോച്ച്‌വി എന്ന ബറേലിയിലെ 'സൂഫിപ്രമുഖന്‍' രണ്ടു വര്‍ഷം മുമ്പെ ദല്‍ഹി രാംലീല മൈതാനിയില്‍ 'ലോക സൂഫി സമ്മേളനം' നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തിയായിരുന്നു. ജനങ്ങളെ തമ്മില്‍ ഇണക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ച ഒരു പുണ്യാത്മാവിനെ അഭിസംബോധന ചെയ്യാന്‍ രാജ്യം ആദരവോടെ ഉപയോഗിച്ച വിശേഷണം പേരിന്റെ മുമ്പില്‍ ചാര്‍ത്തിയാണ് അഭിനവ ഹസ്രത്ത് നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടത്; 'ഹസ്രത്ത്' എന്ന പേരു കൊണ്ട് ദല്‍ഹിയെത്തന്നെ വിഖ്യാതമാക്കിയ നിസാമുദ്ദീന്‍ ഔലിയ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം തന്റെ പര്‍ണശാലയുടെ ആ രണ്ടാം വാതിലിലൂടെ രാജ്യം വിട്ട് ഓടിരക്ഷപ്പെട്ടിട്ടുണ്ടാവുമായിരുന്ന ഒരു ഭരണാധികാരിയോടൊപ്പം! മോദിയെ 'സൂഫികള്‍' ക്ഷണിക്കുകയായിരുന്നു എന്നും അതല്ല മോദി വിളിച്ചുചേര്‍ത്ത സൂഫി സമ്മേളനത്തില്‍ അശ്റഫ് കിച്ചോച്ച്‌വിയും കൂട്ടരും പങ്കെടുക്കുകയായിരുന്നു എന്നുമുള്ള രണ്ട് വ്യാഖ്യാനങ്ങളുമുണ്ട്. സര്‍ക്കാര്‍ വെച്ചുനീട്ടിയ കോടികള്‍ കൈനീട്ടി വാങ്ങിയാണ് ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലും രാംലീലയിലും ബറേല്‍വികള്‍ 'സൂഫി' സമ്മേളനം 

പൊടിപൊടിച്ചത്. 'ആള്‍ ഇന്ത്യാ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡ്' എന്നൊരു ഗമന്‍ ബാനറിനു താഴെയായിരുന്നു ഈ പൊറാട്ടു നാടകം! 

ദയൂബന്ദ് - അഹ്‌ലെ ഹദീസ് - ജമാഅത്തെ ഇസ്‌ലാമി - തബ്‌ലീഗ് ജമാഅത്ത് ആശയധാരകള്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിം മുഖ്യധാരക്ക് പുറത്താണ് ബറേല്‍വി വിഭാഗം. മുസ്‌ലിംകളെ തമ്മിലടിപ്പിക്കല്‍ ബറേല്‍വികളുടെ മുഖ്യ അജണ്ടയായതുകൊണ്ടും കഴിഞ്ഞ 150 വര്‍ഷത്തിലേറെയായി ഉത്തരേന്ത്യയിലെ ഭൂരിപക്ഷ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന ദയൂബന്ദികളുമായി അവര്‍ നിരന്തരം നടത്തിവരുന്ന മുഖ്യ 'ഇസ്ലാമിക പ്രവര്‍ത്തനം' അതായതുകൊണ്ടും, കുറേക്കൂടി കാര്യക്ഷമമായി ഈ മേഖലയില്‍ സ്തുത്യര്‍ഹ പ്രകടനം കാഴ്ചവെക്കുന്ന സമസ്ത കേരള 'അന്തര്‍ദേശീയ' നേതാവ് 'സൂഫി'വേദിയില്‍ പ്രത്യക്ഷപ്പെട്ടതില്‍ അത്ഭുതമില്ലായിരുന്നു. എന്നാല്‍ ബറേല്‍വികളിലെതന്നെ പ്രബല വിഭാഗങ്ങളില്‍ പലരും വിട്ടുനിന്ന ഈ സമ്മേളനം മുസ്ലിംകളെ തമ്മിലടിപ്പിക്കാനുള്ള സംഘ് പരിവാര്‍ അജണ്ടയായിരുന്നുവെന്ന് മറ്റാരുമല്ല, അവരിലെ തന്നെ പ്രമുഖരാണ് അന്ന് ആരോപണമുന്നയിച്ചത്. ബറേല്‍വി ശരീഫ്, മറാഹ്റാ ശരീഫ്, കിച്ചോച്ചാ ശരീഫ്, ജാമിഅ അശ്റഫിയ മുബാറക്പൂര്‍, ബദായൂന്‍ ശരീഫ് തുടങ്ങിയ പ്രധാന ബറേല്‍വി വിഭാഗങ്ങള്‍ ഔദ്യോഗികമായി രാംലീല മൈതാനിയില്‍ എത്തിയിരുന്നില്ല; അശ്റഫ് കിച്ചോച്ച്‌വി, കിച്ചോച്ചാ ദര്‍ഗയുടെ ഭാഗമാണെങ്കിലും. ഇവിടെ മന്നാന്‍ റസാ ബറേല്‍വി, ശിഹാബുദ്ദീന്‍ ബറേല്‍വി എന്നീ രണ്ടു പേരുകള്‍  എടുത്തുപറയേണ്ടതുണ്ട്. 2016-ലെ സമ്മേളനത്തില്ലാതിരുന്ന ഈ രണ്ടു പേരും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം  അറിഞ്ഞോ അറിയാതെയോ മോദിയുടെ സംഘി സൂഫി വണ്ടിയില്‍ ഇടം തേടിയവര്‍ക്കൊപ്പമാണ് രാംലീല മൈതാനത്ത് എത്തിപ്പെടുന്നത്; 'കേരള ഇതിഹാസ'ത്തെ 'ഗ്രാന്റ് മുഫ്തി'യായി പ്രഖ്യാപിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട്. ദല്‍ഹിയിലെ അന്നത്തെ ലോക സൂഫി സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കേരളത്തില്‍നിന്നുള്ള ഈ ഇമ്മിണി ബല്യ 'സൂഫിശ്രേഷ്ഠനും' ഉണ്ടായിരുന്നു. 2016-ലെ സൂഫി സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവരും പുതിയ മുഫ്തി പ്രഖ്യാപന ചടങ്ങിലും ഹാജരുണ്ടായിരുന്നു. സൂഫി കോണ്‍ഫറന്‍സ് അന്ന് ലക്ഷ്യമിട്ടത് ഏതൊരു അജണ്ടയായിരുന്നോ അതിന് ഉത്തരേന്ത്യന്‍ ബറേല്‍വികളെ പിന്നിലാക്കിയ സംഘടനാ ജീവിതമുള്ള കേരള നേതാവിനെയല്ലെങ്കില്‍ പിന്നെ മറ്റാരെ ഇന്ത്യയുടെ 'ഗ്രാന്റ് മുഫ്തി' ആയി പ്രഖ്യാപിക്കും!

മുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ഗുജറാത്തില്‍ നരേന്ദ്ര മോദിയെ വിജയിപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇലകൂട്ടിപ്പിടിച്ചുമൊക്കെ രംഗത്തിറങ്ങിയ ഈ 'കേരള സൂഫിമുഖ്യന്‍' ദൗത്യനിര്‍വഹണത്തില്‍ കുറേക്കൂടി വിശാലമായ മേഖലകളിലേക്ക് ഇപ്പോള്‍ പ്രവേശിച്ചു എന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ. നിരക്ഷരതയും പിന്നാക്കാവസ്ഥയും മുഖമുദ്രയായ ബറേല്‍വികളെ മയക്കുവെടി വെച്ച് വീഴ്ത്താന്‍ കുറേക്കൂടി കുറ്റിയുറപ്പുള്ള ഒരു പീരങ്കി വേണമായിരുന്നു നാടുവാഴിക്ക്. അതദ്ദേഹം  കൃത്യസമയത്ത് വാടകക്കെടുക്കുന്നു എന്നതിലപ്പുറം 'ദക്ഷിണേന്ത്യന്‍ പാണ്ഡിത്യ'ത്തിന് ഉത്തരേന്ത്യന്‍ സമൂഹം നല്‍കുന്ന താമ്രപ്രതമോ ഇണ്ടാസോ ഒന്നും പുതിയ മുഫ്തിപ്രഖ്യാപനത്തില്‍ ഇല്ല. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രം വരുന്ന കേരള മുസ്‌ലിംകളിലെ അനേകം സംഘടനാ/ ആശയധാരകളില്‍ ഒന്നിനെ പിളര്‍ത്തി ആ ഗ്രൂപ്പിന്റെ നേതാവായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി, ദേശീയ-അന്തര്‍ദേശീയ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ലക്ഷ്യം വെച്ച്, പല കൈവഴികളുള്ള ബറേല്‍വി വിഭാഗത്തിലൊന്നിലെ കാര്യമായ ജനപിന്തുണയില്ലാത്ത ഏതാനും പുരോഹിതന്മാരെ ഒപ്പം കൂട്ടി 'അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി'യായി അഭിഷിക്തനായി എഴുന്നള്ളുന്നതിലെയും എഴുന്നള്ളിക്കപ്പെടുന്നതിലെയും അശ്ലീലതയും ഫലിതവും തല്‍ക്കാലം അവഗണിക്കുക. മണ്ണാര്‍ക്കാട് മാതൃകയില്‍ തെരഞ്ഞെടുപ്പുകളില്‍ പരസ്യ നിലപാടെടുത്ത്, പഴയ ദല്‍ഹി ഇമാമിനെ പോലെ സ്വയം അപമാനിതനാകാതിരിക്കാനുള്ള ബുദ്ധിയൊക്കെ പുതിയ 'അഖിലേന്ത്യാ ഗ്രാന്റ് മുഫ്തി'ക്ക് ഉണ്ടാകുമെന്ന് പ്രത്യാശിക്കുക. അധികാര സ്ഥാനങ്ങളോടുള്ള സൂഫികളുടെ വിരക്തപാരമ്പര്യം ദേശീയതലത്തില്‍ താനായിട്ട് കളഞ്ഞുകുളിക്കരുതല്ലോ. അല്ലെങ്കിലും സൂഫികള്‍ക്കെന്ത് രാജ്യവും രാജാവും പ്രധാനമന്ത്രിയുമൊക്കെ? മുത്ത് മുഹമ്മദ് മുസ്ത്വഫാ റസൂലിന്റെ പേരില്‍ രണ്ട് സ്വലാത്ത് ചൊല്ലിക്കുന്നതിനേക്കാളും വലുതല്ലല്ലോ അവര്‍ക്ക് മറ്റൊന്നും. ഈ 'പ്രവാചകസ്നേഹം' തന്നെയാണ് ഏറ്റവും വലിയ മുതല്‍മുടക്കും. നമുക്കിനി ഉത്തരേന്ത്യയിലുടനീളം അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാം. രാജ്യം ഭരിക്കുന്നവരിലേക്ക് പ്രവാചകസന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ഈ സമ്മേളനങ്ങളില്‍ അവരെയും ക്ഷണിച്ചിരുത്താം. പരിത്യാഗ സൂഫിസത്തിന്റെ ആഗോള സമ്മേളനങ്ങളില്‍ റിസ്വിമാര്‍ക്കും നഖ്വിമാര്‍ക്കുമൊപ്പം 'ഗ്രാന്റ് മുഫ്തി'യുടെ  പുതിയ 'ഫത്വ'കള്‍ക്കായി നമുക്കിനി കാതോര്‍ക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍