Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

സൂറ ഇബ്‌റാഹീം: ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍

ശാനവാസ് ഖാലിദ്

സുന്ദരമായി കോര്‍ത്തിണക്കിയ സന്മാര്‍ഗ സാഗരമാണ് ഖുര്‍ആന്‍. പ്രഥമ വായനയില്‍ പലതായി തോന്നുമെങ്കിലും, സൂക്ഷ്മ വായനയില്‍ ഒരേ അടിസ്ഥാന സന്ദേശത്തിലേക്ക് നയിക്കുന്ന പല വഴികളും രീതികളുമാണ് വ്യത്യസ്ത വിഷയങ്ങളിലൂടെയും ശൈലികളിലൂടെയും അതവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ മൊത്തമായി ഒരു ഏകകേന്ദ്രത്തിലേക്ക് നയിക്കുന്നതുപോലെ, ഓരോ അധ്യായവും ഒരു അടിസ്ഥാന സന്ദേശത്തിനു ചുറ്റും പല രീതിയില്‍ കറങ്ങുന്നതായും കാണാം. ചരിത്രം, ജീവിതം, പ്രകൃതി, രൂപകങ്ങള്‍ ഇങ്ങനെ പലതിലൂടെ കടന്നുപോയി, ഓരോ അധ്യായവും ഒന്നോ രണ്ടോ അടിസ്ഥാന സന്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതായി മനസ്സിലാക്കാം .

ഖുര്‍ആനിലെ 14-ാം അധ്യായമായ ഇബ്‌റാഹീമിന്റെ പ്രധാനപ്പെട്ട ആശയം, വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കേണ്ട ആത്മവിശ്വാസവും പ്രതീക്ഷയുമാണ്. പ്രതിസന്ധികളും പരീക്ഷണങ്ങളും ത്യാഗങ്ങളുമൊക്കെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെയും ജീവിതത്തിന്റെയും അനിഷേധ്യ യാഥാര്‍ഥ്യങ്ങളായി പഠിപ്പിച്ച ഒരു ആദര്‍ശത്തെ സംബന്ധിച്ചേടത്തോളം, ഇത്തരം അവസ്ഥകളില്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ട ആത്മവിശ്വാസവും പ്രതീക്ഷയും കൂടി നല്‍കേണ്ടത് അനിവാര്യമാണ്. ആത്മവിശ്വാസവും പ്രതീക്ഷയും ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശങ്ങളിലൊന്നുമാണ്. ഈ അധ്യായത്തിലെ ഓരോ സൂക്തവും ഈയൊരു സന്ദേശം നല്‍കാന്‍ തക്ക വിധമാണ് വിന്യസിച്ചിട്ടുള്ളത്. ഇന്ന് ലോകത്ത് പൊതുവിലും ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകാലത്ത്  പ്രത്യേകിച്ചും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തിന് വലിയ പ്രതീക്ഷയാണ് ഈ ആയത്തുകള്‍ നല്‍കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രചോദനമേകുന്നത് എന്തൊക്കെ എന്ന് പഠിപ്പിക്കുകയാണ് ഈ അധ്യായം.

 

അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം

അല്ലാഹുവിലുള്ള ഉറച്ച വിശ്വാസമാണ് ഇസ്‌ലാമിക ആദര്‍ശത്തിന്റെ കാതല്‍. 'അല്ലാഹു ഉണ്ട്' എന്ന വിശ്വാസം ഒരു തുടക്കം മാത്രമാണ്. ഈ വിശ്വാസത്തിന്റെ അളവുകോല്‍, 'അവനെ ഞാന്‍ കാണുന്നില്ലെങ്കിലും അവന്‍ എന്നെ കാണുന്നുണ്ട്' എന്ന ബോധ്യത്തില്‍ അവന്റെ മാര്‍ഗത്തില്‍ ഏതു സന്ദര്‍ഭത്തിലും ഉറച്ചുനില്‍ക്കുക എന്നതാണ്. ഇങ്ങനെ ഉറച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ 'ആരില്ലെങ്കിലും അവനുണ്ട്' എന്ന ആത്മവിശ്വാസമുണ്ടാകണം. മനുഷ്യന്റേതായ യാതൊന്നിനെയും ആശ്രയിക്കാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന പരാശ്രയനാണവന്‍ എന്ന ആത്മവിശ്വാസത്തിന്റെ തലവും പ്രധാനമാണ്. 

തന്റെ ദീര്‍ഘ പ്രയത്‌നങ്ങളെ പാഴാക്കുന്ന രീതിയില്‍,  തന്റെ ജനത അല്ലാഹുവിന്റെ എല്ലാ സഹായങ്ങളെയും തള്ളിപ്പറഞ്ഞ് നിലപാടെടുക്കാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍, മൂസാ നബി തന്റെ നാഥനെ കുറിച്ച് പറയുന്ന ആത്മവിശ്വാസത്തിന്റെ വാക്കുകള്‍ ഇബ്‌റാഹീം അധ്യായത്തിലെ എട്ടാമത്തെ സൂക്തത്തില്‍ ഇങ്ങനെ വായിക്കാം:

''മൂസാ പറഞ്ഞു: നിങ്ങള്‍ നിഷേധിച്ചാല്‍, എന്നല്ല ഭൂമിയില്‍ വസിക്കുന്നവരൊക്കെയും നിഷേധിച്ചാലും അല്ലാഹു ഒട്ടും പരാശ്രയമില്ലാത്തവനും സ്വയം സ്തുതീയനുമാകുന്നു.'' 

തൊട്ടുടനെയുള്ള ആയത്തുകളിലൂടെ, ചരിത്രത്തില്‍ എല്ലാ പ്രവാചകന്മാരും സമാനമായ അനുഭവങ്ങളില്‍ അല്ലാഹുവിലുള്ള ആത്മവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചതായി പഠിപ്പിക്കുന്നു. വ്യക്തമായ തെളിവോടുകൂടി സന്ദേശങ്ങള്‍ അവതരിപ്പിച്ച എല്ലാ പ്രവാചകന്മാരോടും അവരുടെ ജനതയിലെ ഭൂരിപക്ഷം പേരും വളരെ നിഷേധാത്മകമായി ഇങ്ങനെ പ്രതികരിക്കുകയുണ്ടായി:

''ഏതൊരു സന്ദേശവുമായാണോ നിങ്ങള്‍ നിയുക്തരായിട്ടുള്ളത്, അതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. നിങ്ങള്‍ പ്രബോധനം ചെയ്യുന്ന സംഗതിയെ സംബന്ധിച്ച് ഞങ്ങള്‍ ആശങ്കാകുലരാകുന്നു'' (14:9).

ഒട്ടും സത്യസന്ധതയില്ലാതെ, സംശയങ്ങളുടെ പേരില്‍, യാഥാര്‍ഥ്യങ്ങള്‍ക്കു നേരെയുള്ള ഈ കണ്ണടക്കലിനോട്, ആത്മവിശ്വാസത്തോടെ ആ പ്രവാചകന്മാര്‍ പ്രതികരിച്ചു:

''ഒന്നുമില്ലായ്മയില്‍നിന്ന് എല്ലാം ഉണ്ടാക്കിയ അല്ലാഹുവില്‍ സംശയിക്കുകയോ?'' (14:10).

 

വാഗ്ദാനങ്ങളെക്കുറിച്ചുള്ള 

ആത്മവിശ്വാസം

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നാല്‍ അവന്‍ സഹായിക്കും. ഇത്തരം സഹായങ്ങള്‍ വിശ്വാസികള്‍ക്ക് നിരന്തരം ലഭിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ ചരിത്രസംഭവങ്ങള്‍ മുന്‍നിര്‍ത്തി പറഞ്ഞുതരുന്നുണ്ട്. അല്ലാഹുവിന്റെ അഭൗതിക സഹായങ്ങളിലുള്ള ഈ വിശ്വാസം ഇസ്‌ലാമിക ജീവിതത്തിന് അത്യാവശ്യമാണ്. ഈ സഹായത്തെക്കുറിച്ച വിശ്വാസക്കുറവ് നമ്മെ നേര്‍പാതയില്‍നിന്നു വരെ അകറ്റിയേക്കാം. അല്ലാഹു സഹായിക്കും എന്നുറപ്പില്ലെങ്കില്‍, എവിടെ നിന്നാണോ സഹായത്തെ കുറിച്ച് ഉറപ്പുള്ളത് അവിടേക്ക് നാം തിരിയാന്‍ അത് കാരണമാകും. പലപ്പോഴും, അത്തരം സഹായലബ്ധിക്ക് ആദര്‍ശത്തില്‍ വിട്ടുവീഴ്ച ഉപാധിയായി വന്നാല്‍ പോലും നമ്മള്‍ അതിനു വശംവദരായേക്കും. 

അല്ലാഹു തരുന്ന സഹായം, നമ്മുടെ പരിമിത അറിവില്‍നിന്നുകൊണ്ട് നാം ഉദ്ദേശിക്കുന്ന രീതിയിലുള്ള സഹായം തന്നെ ആയിരിക്കണമെന്നില്ല എന്നതും, അവന്റെ സഹായത്തിന്റെ രൂപവും രീതിയും നമുക്ക് 'സഹായമായി' എപ്പോഴും വായിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല എന്നതും, ഈ വിഷയത്തില്‍ ഭൗതിക യുക്തിക്കപ്പുറമുള്ള യുക്തിയിലൂടെ കാര്യങ്ങളെ കാണാന്‍ കഴിഞ്ഞാലേ പൂര്‍ണാര്‍ഥത്തിലുള്ള വിശ്വാസത്തിലേക്ക് നമുക്കെത്താന്‍ കഴിയൂ എന്ന് വ്യക്തമാക്കുന്നുണ്ട്.

അല്ലാഹു നമുക്കു വേണ്ടി, അവന്റെ സഹായവുമായി ഇടപെടും എന്ന ആത്മവിശ്വാസമാണ് ഏതു പ്രതിസന്ധിയിലും നമ്മെ നയിക്കേണ്ടത്. എന്നാല്‍, എപ്പോള്‍ ഇടപെടണം, എങ്ങനെ ഇടപെടണം എന്നതൊക്കെ അവന്റെ യുക്തിയുടെയും തന്ത്രത്തിന്റെയും ഭാഗമാണ് എന്നു കൂടി അടിയുറച്ചു വിശ്വസിച്ചിരിക്കണം. ആ തന്ത്രങ്ങള്‍, മനുഷ്യതന്ത്രങ്ങളെ മുഴുവന്‍ പൊളിച്ചുകളയാന്‍ മാത്രം ശക്തവുമായിരിക്കും.

അതേക്കുറിച്ചാണ് ഈ അധ്യായത്തിലെ 46-ാം സൂക്തം:

''അവര്‍ തങ്ങളുടെ കൗശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൗശലം അല്ലാഹുവിങ്കലുണ്ട്; അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും.''

ഈ പ്രഖ്യാപനം വലിയ ആത്മവിശ്വാസം വിശ്വാസികള്‍ക്ക് നല്‍കുന്നു. ഇസ്ലാമിനെതിരായ രാഷ്ട്രീയ ഗൂഢാലോചനകള്‍ എത്ര വലിയ സാമ്രാജ്യത്വശക്തികള്‍ ചേര്‍ന്ന് നടത്തുന്നതാണെങ്കിലും അല്ലാഹുവിന്റെ തന്ത്രങ്ങളുടെ മുന്നില്‍ നിഷ്ഫലമായിരിക്കും എന്ന ആത്മവിശ്വാസം.

തൊട്ടുടനെയുള്ള ആയത്തില്‍, അല്ലാഹു വിശ്വാസികള്‍ക്ക് തന്റെ സഹായത്തെ കുറിച്ച് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യുമെന്നും മറിച്ചുള്ള ധാരണകള്‍ അബദ്ധമാണെന്നും  വ്യക്തമാക്കുന്നു. ഇത് ഈ ഇരുട്ടിലും ക്ഷമിക്കാനുള്ള പുതിയ ഊര്‍ജം നമുക്ക് നല്‍കേണ്ടതുണ്ട്.

''അല്ലാഹു തന്റെ ദൂതന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാരനടപടി സ്വീകരിക്കുന്നവനും'' (14:47).

 

ഭരമേല്‍പിക്കാനുള്ള ആത്മവിശ്വാസം

വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട അടിസ്ഥാന സ്വഭാവങ്ങളില്‍ വളരെ പ്രധാനമാണ് തവക്കുല്‍. അതായത് ഏതു വലിയ വിപത് സന്ധിയിലും അല്ലാഹുവില്‍ സമ്പൂര്‍ണമായി ഭരമേല്‍പ്പിക്കുക എന്നത്. നേരത്തേ പറഞ്ഞ, അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച, വാഗ്ദാനങ്ങളെക്കുറിച്ച അടിയുറച്ച വിശ്വാസത്തില്‍നിന്നാണ് ഈ സ്വഭാവ സവിശേഷത ഉണ്ടാകുന്നത്. നിഷേധികള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന പ്രവാചകന്മാരുടെ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

''ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിച്ചുതരുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പ്പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ'' (14:12).

ഈ ധീരതയാണ് നമ്മുടെ മാതൃക. അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനുള്ള ആത്മവിശ്വാസമാണ് നമ്മുടെ കാലുകള്‍ക്ക് ഉറപ്പു നല്‍കുക.

 

ചരിത്രം നല്‍കുന്ന ആത്മവിശ്വാസം

ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ പുതിയതല്ല എന്നത് മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്രം മുന്നില്‍ വെച്ച് നമ്മെ പഠിപ്പിക്കുന്നു.

''നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ; നൂഹിന്റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കു ശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്'' (14:9).

ഒന്നുകില്‍ നമ്മുടെ സംസ്‌കാരം സ്വീകരിക്കുക, അല്ലെങ്കില്‍ രാജ്യം വിടുക എന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന ആക്രോശങ്ങള്‍ ചരിത്രത്തില്‍ പ്രവാചകന്മാരും നേരിടേണ്ടി വന്നിട്ടുണ്ട്:

''സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം. അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക്  ബോധനം നല്‍കി: ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും'' (14:13).

എന്നാല്‍ പുറത്താക്കുമെന്ന് ആക്രോശിച്ചവര്‍ നശിച്ചതും അടിച്ചമര്‍ത്തപ്പെട്ട വിശ്വാസികള്‍ക്ക് ആധിപത്യം കിട്ടിയതുമാണ് ചരിത്രം എന്ന് തൊട്ടടുത്ത സൂക്തത്തില്‍ വിശദീകരിക്കുന്നു:

''അവര്‍ക്കു ശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തില്‍ എന്റെ സന്നിധാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്'' (14:14).

മാത്രമല്ല ഈ ആദര്‍ശത്തില്‍ ഉറച്ചു നിന്നവര്‍ നിരന്തരം ഇത്തരം ദുശ്ശക്തികളുടെ മേല്‍ വിജയം വരിച്ചതാണ് ചരിത്രം. അവരുടെ വാസസ്ഥലങ്ങളിലേക്കു നിങ്ങള്‍ ചെന്നു നോക്കൂ എന്ന് ഖുര്‍ആന്‍:

''തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചുതന്നിട്ടുമുണ്ട്'' (14:45).

ഖുര്‍ആന്റെ ഈ ചരിത്രവിവരണങ്ങള്‍ നമുക്ക് ആത്മവിശ്വാസവും പുതിയ പ്രതീക്ഷകളും നല്‍കണം.

 

ആദര്‍ശത്തിലുള്ള ആത്മവിശ്വാസം

താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തെ കുറിച്ച ആത്മവിശ്വാസം വളരെ പ്രധാനമാണ്. കാലത്തെ അതിജീവിക്കാനുള്ള ആദര്‍ശത്തിന്റെ ശക്തി, ഏത് കാലഘട്ടത്തിലെയും എല്ലാ മനുഷ്യര്‍ക്കും ഗുണഫലം നല്‍കാനുമുള്ള അതിന്റെ കെല്‍പ്പ് എന്നീ കാര്യങ്ങളില്‍ ആത്മവിശ്വാസമുണ്ടെങ്കിലേ അഭിമാനത്തോടെ അതിനെ പ്രതിനിധീകരിക്കാന്‍ അനുയായികള്‍ക്ക് കഴിയു.

24 - 27 വരെയുള്ള ആയത്തുകളിലൂടെ വിശ്വാസികള്‍ക്ക്, അവര്‍ സ്വീകരിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ ശക്തിയും വ്യാപ്തിയും ഗുണഫലങ്ങളും പ്രകൃതിയിലെ രണ്ടു തരം വൃക്ഷങ്ങളുടെ ഉദാഹരണത്തോടെ സുന്ദരമായായി ഖുര്‍ആന്‍ പറഞ്ഞുതരുന്നു:

''ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു'' (14:24).

''എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍'' (14:25).

ഭൂമിയില്‍ ആണ്ടിറങ്ങിയ വേരുകളുള്ളതും ഏതു കാലഘട്ടത്തിലും സമൂഹത്തിന് ഗുണഫലങ്ങള്‍ കൊടുക്കാന്‍ മാത്രം അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ശാഖകളുള്ളതുമായ, ശക്തിയും സൗന്ദര്യവുമുള്ള ആദര്‍ശത്തിന്റെ ചിത്രമാണ് ഈ വിവരണം നമുക്ക് നല്‍കുന്നത്. തീര്‍ച്ചയായും ഈ ചിത്രം ഇസ്‌ലാമിക ആദര്‍ശത്തെ എവിടെയും പ്രതിനിധീകരിക്കാന്‍ നമുക്ക് നെഞ്ചുറപ്പ് നല്‍കണം.

 

പരലോകത്തിലുള്ള അടിയുറച്ച വിശ്വാസം

വിശ്വാസിയെ സംബന്ധിച്ചേടത്തോളം പരലോകമാണ് ആത്യന്തികമായ വിജയപരാജയങ്ങളുടെ മാനദണ്ഡം. ഈ ഭൂമിയിലെ എല്ലാ പ്രതിസന്ധികളും ത്യാഗങ്ങളും താത്കാലിക പരാജയങ്ങളുമൊക്കെ സഹിക്കുന്നതിന്റെ പ്രചോദനം, തീര്‍ച്ചയായും പരലോകത്ത് ലഭിക്കുന്ന സ്രഷ്ടാവിന്റെ സാമീപ്യവും അനുഗ്രഹങ്ങളുമാണ്. അപ്പോള്‍ ഈ ലോകം പോലെ പരമ യാഥാര്‍ഥ്യമായി പരലോകം മനസ്സില്‍ സ്ഥാപിതമായാല്‍ മാത്രമേ ആദര്‍ശ ജീവിതം സാധ്യമാകു. പരലോകത്തിലുള്ള അടിയുറച്ച ആത്മവിശ്വാസത്തെ ആശ്രയിച്ചാണ് നമ്മുടെ ഐഹികമായ സകല ആത്മവിശ്വാസങ്ങളും നിലകൊള്ളുന്നത്.

ഈ വിഷയമാണ് 16,17 ആയത്തുകളില്‍ കൈകാര്യം ചെയ്യുന്നത്:

''ഇതിനു പിന്നാലെ കത്തിയെരിയുന്ന നരകത്തീയുണ്ട്. ചോരയും ചലവും ചേര്‍ന്ന നീരാണവിടെ കുടിക്കാന്‍ കിട്ടുക'' (14:16).

''അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്'' (14:17)

ദാഹം, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത അവസ്ഥയാണ്. ഈ ഭൂമിയില്‍ അഹങ്കാരത്തോടെ വിശ്വാസികളെ അടിച്ചമര്‍ത്തിയവരും സത്യത്തിനു നേരെ കണ്ണടച്ചവരും തെറ്റായ ദാഹപൂര്‍ത്തീകരണത്തിനു വേണ്ടിയാണ് നിലകൊണ്ടത്. ഇത്തരക്കാര്‍ ആത്യന്തിക വിജയപരാജയ തീരുമാനിക്കുന്ന പരലോകത്ത് എത്രത്തോളം ദാഹാര്‍ത്തരായിരിക്കുമെന്നും എത്ര ദുസ്സഹമായിരിക്കും അവരുടെ ദാഹജലമെന്നും ഈ ആയത്തുകള്‍ വിവരിക്കുന്നു. മരണം പോലും രക്ഷയായി തോന്നുന്ന വേളയില്‍, അത് പോലും അകന്നുനില്‍ക്കും എന്ന നിസ്സഹായാവസ്ഥ. 

സത്യത്തിന്റെ വിജയവും അതിനെ കുറിച്ചുള്ള ആത്മവിശ്വാസവും കൂടിയാണ് പരലോകം. നമുക്ക് പ്രതീക്ഷിക്കാന്‍ ഈ തുഛമായ ലോകം മാത്രമല്ലെന്ന ആത്മവിശ്വാസം.

''നേരെമറിച്ച്, ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, അവര്‍ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവര്‍ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും'' (14:23).

തീര്‍ച്ചയായും സൂറ ഇബ്‌റാഹീം, പ്രതീക്ഷയുടെ പുതിയ വെളിച്ചവും ആത്മവിശ്വാസത്തിന്റെ പുതിയ തുറസ്സുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍