Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

സുന്നത്ത് നിഷേധം ചേകനൂരിനു ശേഷം

ജലീല്‍ കോലോത്ത്

1993-ല്‍ ചേകനൂര്‍ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവിയുടെ  തിരോധാനത്തിന് ശേഷം കേരളത്തിലെ സുന്നത്ത് നിഷേധത്തിന്റെ ചരിത്രവും, വര്‍ത്തമാനവും സംക്ഷിപ്തമായി അപ്രഗ്രഥിക്കുകയാണ് ഈ ലേഖനത്തില്‍. അതിന്റെ വക്താക്കളുടെ അവരുടെ വാദങ്ങള്‍ക്കുള്ള മറുപടിയല്ല ഇത്.

കേരളത്തിലെ വര്‍ത്തമാനകാല സുന്നത്ത്‌നിഷേധത്തിന്റെ വക്താക്കളെ പൊതുവില്‍ മൂന്നായി തിരിക്കാം.

1) ചേകനൂര്‍ പ്രചരിപ്പിച്ച ചിന്താഗതിയില്‍നിന്ന് വളര്‍ന്നുവന്ന വിവിധ വിഭാഗങ്ങള്‍, വ്യക്തികള്‍. ചേകനൂരിന് ശേഷം ഇവര്‍ മുഖ്യമായും രണ്ട് ചേരികളായി പിളര്‍ന്നു. വികലമായ നിലയില്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു വിഭാഗവും, മുഴുവന്‍ ആരാധനാകര്‍മങ്ങളെയും നിഷേധിച്ച് ഒന്നും അനുഷ്ഠിക്കാത്ത മറ്റൊരു വിഭാഗവും. ഇതിലൊന്നിലും പെടാതെ സ്വാഭീഷ്ടപ്രകാരം ജീവിക്കുന്ന ആളുകളും ഇവര്‍ക്കിടയിലുണ്ട്. ചേകനൂരിസത്തിലെ മേല്‍ കക്ഷികളെ കുറിച്ച് വിശദമായി വഴിയെ പ്രതിപാദിക്കാം.  

2) ചേകനൂരിനും മുമ്പ് കണ്ണൂര്‍ പഴയങ്ങാടിയില്‍ തുടക്കം കുറിച്ച അഹ്‌ലുല്‍ ഖുര്‍ആന്‍ സംഘത്തിലെ ഏതാനും  കുടുംബങ്ങള്‍. 1920-കളില്‍ കേരളത്തില്‍ സുന്നത്ത്‌നിഷേധത്തിന്റെ വിത്തു പാകിയ  ബിലാവിനകത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ഹാജി എന്ന വ്യക്തിയാണ് 'അഹ്‌ലുല്‍ ഖുര്‍ആന്‍' എന്ന സംഘത്തിന്റെ സ്ഥാപകന്‍.

മുമ്പേ തന്നെ ഖാദിയാനീപ്രവാചകന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയില്‍ ആകൃഷ്ടനായ കുഞ്ഞഹമ്മദ് മുസ്ലിയാരും അദ്ദേഹത്തിന്റെ കുടുംബത്തില്‍പെട്ട എ.എച്ച് അബ്ദുല്ലയും കൂടി നീ പഞ്ചാബില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഖാദിയാനീ പ്രവാചകനെ അക്കാലത്ത് അവിടെയെത്തി സന്ധിക്കുകയും, ശേഷം കേരളത്തില്‍ തിരികെയെത്തി ഖാദിയാനിസത്തിന്റെ പ്രചാരകരാവുകയും ചെയ്തു. 

എന്നാല്‍, പഞ്ചാബിലെത്തി സന്ധിച്ചപ്പോള്‍തന്നെ ഖാദിയാനീപ്രവാചകനെക്കുറിച്ച് ചില സംശയങ്ങള്‍ മുളപൊട്ടിയതിനാല്‍ കുഞ്ഞഹമ്മദ് ഹാജി തന്റെ പ്രവര്‍ത്തനം പിന്നീട് മന്ദീഭവിപ്പിച്ചു. അതേസമയം അദ്ദേഹത്തിന്റെ സഹചാരി എ.എച്ച് അബ്ദുല്ല ഖാദിയാനിസത്തില്‍ വളരെയധികം മുന്നോട്ടു പോവുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ തിരിച്ചുവരവിനും പിന്നിലായിപ്പോയ ദൂരം താണ്ടുന്നതിനും ഖാദിയാനിസം പോലെയുള്ള ഒരു പുത്തനാശയം അനിവാര്യമായിരുന്നു. അതദ്ദേഹത്തിന് സുന്നത്ത്‌നിഷേധത്തിലേക്കുള്ള പ്രയാണം സുഗമമാക്കി. അങ്ങനെ ഖാദിയാനീപ്രവാചകനെ സന്ദര്‍ശിച്ച രണ്ടു പേരില്‍ എ.എച്ച് അബ്ദുല്ല ഖാദിയാനിസത്തില്‍ തുടരുകയും, കുഞ്ഞഹമ്മദ് ഹാജി അത് കൈയൊഴിച്ചെങ്കിലും സുന്നത്ത്‌നിഷേധത്തില്‍ ചെന്നെത്തുകയും ചെയ്തു.

ഇവര്‍ (അഹ്‌ലുല്‍ ഖുര്‍ആന്‍) ആരാധനാ കര്‍മങ്ങളൊക്കെ ചില ഏറ്റക്കുറച്ചിലോടെ അനുഷ്ഠിക്കുന്നുണ്ട്. റമദാന്‍ മാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കുന്നവരുമാണ്. ചേകനൂര്‍ അനുയായികളെ പോലെ മൂന്ന് നോമ്പില്‍ അവസാനിപ്പിക്കാറില്ല. ഇസ്‌ലാമിക അധ്യാപനത്തിനായി ഹൈദരാബാദ് നിസാമില്‍നിന്നുമുള്ള സഹായം അന്ന് ഇവര്‍ കൈപ്പറ്റിയിരുന്നു. കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ഇവരുടെ പള്ളി, 'കൊളങ്കര പള്ളി' എന്ന പേരിലറിയപ്പെടുന്നു. 

3) പാകിസ്താന്‍കാരനായ ഗുലാം അഹ്മദ് പര്‍വേസിന്റെ അംഗുലീപരിമിതരായ അനുയായികള്‍. ചില  വ്യക്തികളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.  കേരളത്തില്‍ ഏതാനും അസംഘടിത വ്യക്തികള്‍ മാത്രമാണ് അനുയായിവൃന്ദത്തിലുള്ളത്. ഖുര്‍ആനില്‍ വ്യക്തമായി പരാമര്‍ശിക്കാത്ത അനുഷ്ഠാന കര്‍മങ്ങളൊക്കെയും അതത് കാലഘട്ടത്തിനനുസരിച്ച് കൂടിയാലോചനയിലൂടെ രൂപപ്പെടുത്തിയെടുക്കണം എന്നതാണ് ഇവരുടെ വാദം. ഇതിലൊക്കെ ഓരോ വ്യക്തിയും തങ്ങള്‍ക്ക് തോന്നിയ പോലെ വ്യാഖ്യാനം ചമയ്ക്കുകയും അതില്‍  സായൂജ്യമടഞ്ഞ് കാലം കഴിക്കുകയും ചെയ്യുന്നു. 

മുകളില്‍ സൂചിപ്പിച്ച ഒന്നും രണ്ടും വിഭാഗങ്ങള്‍ ഹദീസിനെയും സുന്നത്തിനെയും എല്ലാ അര്‍ഥത്തിലും നിരാകരിക്കുന്നു. യഹൂദന്മാരും ഖിലാഫത്തിന്റെ ഘാതകരായ രാജാക്കന്മാരും അവരുടെ ഫാക്ടറിയില്‍ ചുട്ടെടുത്തതാണ് ഹദീസുകളെന്ന് അവര്‍ അന്ധമായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ചേകനൂര്‍ അനുയായികള്‍, ഗ്രൂപ്പ്‌ഭേദമന്യേ ഇത് ചെയ്യുന്നു്. ഹദീസിനോട് വൈരം മൂത്ത് അന്ധത ബാധിച്ച ഇവര്‍ മഹാനായ സ്വഹാബിവര്യന്‍ അബൂഹുറയ്‌റ (റ) ജൂത പുരോഹിതനായിരുന്നുവെന്നും, ഇമാം ബുഖാരിയും മുസ്ലിമും മറ്റു മുഹദ്ദിസുകളുമെല്ലാം ജൂതന്മാരോ അവരുടെ ഏജന്റുമാരോ ആയിരുന്നെന്നും, അവരെല്ലാം ജൂതരുടെ വിഹാരകേന്ദ്രമായ റഷ്യയില്‍നിന്ന് വന്നവരാണെന്നുമൊക്കെയുള്ള കള്ളങ്ങള്‍ ഒരു മടിയുമില്ലാതെ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

മേല്‍ പറഞ്ഞ മൂന്നാം വിഭാഗവും (പര്‍വേസ് അനുചരര്‍) സുന്നത്തിന്റെ പ്രാമാണികതയെ പൂര്‍ണമായി നിരസിക്കുന്നു. അവ കേവലം ചരിത്രരേഖകള്‍ മാത്രമായി കണക്കാക്കാം എന്ന് ഇടക്കൊക്കെ പറയുന്നുണ്ട്. പ്രവാചകന്റെ ചരിത്രപരതയെ നാസ്തികര്‍ അംഗീകരിക്കുന്നതുപോലെ ഇവരും അതേ നിലവാരത്തില്‍ അംഗീകരിക്കുന്നുന്നെു പറയാം.  സ്വഹാബികളും മുഹദ്ദിസുകളും ജൂതരാണെന്ന ആരോപണം അത്ര പരസ്യമായി ഇവര്‍ ഉന്നയിക്കാറില്ല. 

ഇവയില്‍ ഒന്നാമത് സൂചിപ്പിച്ച ചേകനൂര്‍ മദ്ഹബില്‍നിന്നുത്ഭവിച്ച്, തികച്ചും വിപരീത ധ്രുവങ്ങളില്‍ എത്തിപ്പെട്ട വിഭാഗങ്ങളെയാണ് ഇവിടെ പ്രധാനമായി അപഗ്രഥനവിധേയമാക്കുന്നത്. ചേകനൂരിനു ശേഷം ഇവര്‍ മുഖ്യമായും രണ്ട് ഭിന്ന ദിശകളിലേക്കാണ് സഞ്ചരിച്ചത്. രണ്ട് വിഭാഗങ്ങളും, ചേകനൂര്‍ വെട്ടിത്തെളിച്ച പാതയിലൂടെ തങ്ങളാണ് സഞ്ചരിക്കുന്നതെന്ന് അവകാശപ്പെടുമ്പോള്‍, അവരില്‍തന്നെയുള്ള ഒന്ന് മറ്റൊന്നിന്റെ സാധുതയെയും പ്രസക്തിയെയുമാണല്ലോ ചോദ്യം ചെയ്യുന്നത്. ഇതില്‍ നടേ സൂചിപ്പിച്ചപോലെ  ഒരു വിഭാഗം ഇസ്ലാമിലെ ആരാധനാനുഷ്ഠാനങ്ങള്‍ വികൃതമാക്കിയും വികലമാക്കിയും അനുഷഠിക്കുന്നു. 

ഉദാഹരണമായി നിര്‍ബന്ധ നമസ്‌കാരം. മൂന്ന് നേരത്തെ നമസ്‌കാരം മാത്രമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടതെന്നാണ് ഇവരുടെ വാദം. ഇതില്‍തന്നെ റക്അത്തുകള്‍ എത്ര, ഒരു റക്അത്തില്‍ സുജൂദുകള്‍ എത്ര, ഒന്നോ രണ്ടോ ഇത്യാദി കാര്യങ്ങളിലുള്ള തര്‍ക്കം ഈ ഗ്രൂപ്പിലുള്‍പ്പെടുന്നവരുടെ തന്നെ തീരാത്ത ആഭ്യന്തരപ്രശ്‌നമാണെന്നത് വേറെ കാര്യം. നമസ്‌കാരം തുടങ്ങേണ്ട തക്ബീറത്തുല്‍ ഇഹ്‌റാം 'അല്ലാഹു അക്ബര്‍' എന്നാണെന്നും 'അല്ലാഹു കബീര്‍' എന്നാണെന്നും, ഇതൊന്നുമല്ല 'അല്ലാഹു അഹദ്' എന്നാണെന്നുമൊക്കെ ഗ്രൂപ്പിനുള്ളില്‍ പൊരിഞ്ഞ തര്‍ക്കവും ശണ്ഠയും നടക്കുന്നു. നമസ്‌കാരത്തില്‍ അത്തഹിയ്യാത്ത് പാടില്ല എന്നാണ് ഒരു കൂട്ടരുടെ പിടിവാശി. അവസാന റക്അത്തില്‍ അത്തഹിയ്യാത്തിനു ശേഷമുള്ള പ്രാര്‍ഥന പാടില്ല തുടങ്ങി വിചിത്രവാദങ്ങള്‍ വേറെയുമുണ്ട്.

റമദാനില്‍ അനുഷ്ഠിക്കേണ്ട നിര്‍ബന്ധ വ്രതാനുഷ്ഠാനത്തിനും ഇവര്‍ക്കിടയില്‍ അംഗഭംഗം വന്നിട്ടുണ്ട്. മൂന്നു ദിവസം മാത്രമേ വ്രതം നിര്‍ബന്ധമുള്ളൂ (ചിലര്‍ക്ക് ഐഛികം മാത്രം) എന്ന ഇവരുടെ ജല്‍പനം അതിനുദാഹരണമാണ്.  'അയ്യാമന്‍ മഅ്ദൂദാത്ത്' (2:184) എന്ന് ഖുര്‍ആന്‍ ഒരിടത്ത്  പറഞ്ഞിട്ടുണ്ടെന്നതാണ് ന്യായം!

ഇവര്‍ ഹജ്ജ് കര്‍മവും അനുഷ്ഠിക്കുക തോന്നിയ പോലെയാണ്. അത് ഏതാനും ദിവസങ്ങളിലല്ല, നാല് മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നിര്‍വഹിച്ചാല്‍ മതിയെന്നാണ് വാദം. ആ നാലു മാസം ഏതാണെന്ന തര്‍ക്കം മറ്റൊരു പ്രശ്‌നമാണ്.  'ഹജ്ജ് മാസങ്ങള്‍' (2:197) എന്ന് പറയുന്ന ഖുര്‍ആന്‍ വചനമാണ് നാലു മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ഹജ്ജനുഷ്ഠിക്കാം എന്നതിന് തെളിവ്! പുറമെ മക്കയിലെ തിരക്ക് കുറക്കാം എന്ന കണ്ടുപിടിത്തവും! ഹജ്ജില്‍ മിനയിലെ കല്ലേറ് പാടില്ലെന്നും ഇവര്‍ വിലക്കിയിട്ടുണ്ട്. ഹജറുല്‍ അസ്വദ്, മഖാമു ഇബ്‌റാഹീം എന്നിവയുടെ പവിത്രതയും ഇവരുടെ കത്തിക്കിരയാകുന്നു്. 

ഇബ്‌റാഹീം മില്ലത്തില്‍ നൂറ്റാുകളായി തുടര്‍ന്നുപോന്ന പരിഛേദനകര്‍മത്തെയും നിരീശ്വരവിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ എതിര്‍ക്കുന്നു. പ്രഥമദൃഷ്ട്യാ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നെങ്കിലും 'ഇവര്‍ക്കിടയിലെ അന്തര്‍ധാര' സജീവമായിരുന്നു എന്നാണ് വര്‍ത്തമാനകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

ഇതിനൊക്കെ പുറമെ സര്‍വമത സത്യവാദവും ഇവര്‍ എഴുന്നള്ളിക്കുന്നു. ഓരോരുത്തരും ഇപ്പോള്‍ ഏതു വിശ്വാസത്തിലും മതത്തിലുമാണോ അതില്‍ തുടര്‍ന്നാല്‍ മതിയത്രെ. മുഹമ്മദ് നബിയില്‍ വിശ്വസിക്കുകയോ ഇസ്‌ലാം സ്വീകരിക്കുകയോ വേണ്ടതില്ല. 2:62, 5:69 എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ അതിന് ന്യായം ചമയ്ക്കാന്‍ ദുര്‍വ്യാഖ്യാനിക്കുന്നുമു്.

മേല്‍പറഞ്ഞതൊക്കെ ചേകനൂര്‍ മൗലവിയുടെ തിരോധാനത്തിന് ശേഷം ഇപ്പോള്‍ ചെറുകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി' എന്ന പേരിലറിയപ്പെടുന്ന വിഭാഗത്തിലെ ചിലര്‍ അംഗീകരിക്കുന്ന ആദര്‍ശങ്ങളും കര്‍മങ്ങളും അനുഷ്ഠാന രീതികളുമാണ്. എന്നാല്‍ 'ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി' എന്ന ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട മറ്റൊരു വിഭാഗമാണ് ഇവരുടെ പ്രധാന പ്രതിയോഗികള്‍. ഈ വിഘടിത വിഭാഗമാകട്ടെ അതിവിചിത്രമായ വാദങ്ങളാണ് മുന്നോട്ടു വെക്കുന്നത്. നിരീശ്വര വിശ്വാസത്തിലേക്ക് റിക്രൂട്ട് നടത്തുന്ന ദല്ലാള്‍ പണി ഇവരുടെ പ്രത്യക്ഷ അജണ്ടയാണെന്നുപോലും തോന്നിപ്പോകും വിധമാണ് ഇവരുടെ കാട്ടിക്കൂട്ടലുകള്‍. ഇസ്ലാമിലെ മുഴുവന്‍ സുസ്ഥാപിത ആരാധനാ കര്‍മങ്ങളെയും ഒന്നൊഴിയാതെ നിഷേധിക്കാന്‍ ഇവര്‍ ഔദ്ധത്യം കാട്ടുന്നു. ചില ഉദാഹരണങ്ങള്‍:

ഖുര്‍ആനില്‍ പറയുന്ന 'സ്വലാത്ത്'  ഇന്ന് മുസ്ലിംകള്‍ അനുഷ്ഠിക്കുന്ന നമസ്‌കാരമെന്ന കര്‍മമല്ല;  'സ്വലാത്ത്' എന്നാല്‍ ദൈവ വ്യവസ്ഥയെ പിന്‍പറ്റുക എന്നാണര്‍ഥം. കാരണം പിന്‍പറ്റുക എന്നാണ് സ്വലയുടെ അര്‍ഥം. 'മുസ്വല്ലി' എന്നാല്‍ 'മുന്നേ പായും കുതിരയുടെ പിമ്പേ പായും കുതിര' എന്നാണ് ഭാഷാര്‍ഥം. അതിനാല്‍ ദൈവ വ്യവസ്ഥ ഫോളോ ചെയ്യുക, പിന്തുടരുക, കുതിച്ചു പായുക എന്നൊക്കെ മാത്രമേ 'സ്വല'ക്ക് (നമസ്‌കാരം) അര്‍ഥമുള്ളൂ... ഇങ്ങനെ പോകുന്നു വിതണ്ഡവാദങ്ങള്‍.   

ഇതിലും വിചിത്രമാണ് റമദാന്‍ മാസത്തിലെ 'സ്വിയാമി'ന് നല്‍കുന്ന അര്‍ഥം. അത് അന്നപാനീയങ്ങള്‍ വര്‍ജിച്ച് ദൈവസ്മരണയിലേര്‍പ്പെട്ട് വ്രതമനുഷ്ഠിക്കലല്ല, പ്രത്യുത മനുഷ്യമനസ്സുകളിലെ ദുര്‍വിചാരങ്ങള്‍ കരിച്ചുകളയലാണ്! റമദാന്‍ എന്ന പദത്തിനര്‍ഥം കരിച്ചുകളയുന്നത് എന്നാണല്ലോ. അതാണ്  ന്യായമായി പറയുന്നത്. ഖുര്‍ആന്‍ പറയുന്ന 'ശഹ്‌റു റമദാന്‍' (2:185) എന്നത് ഹിജ്‌റ കലണ്ടറിലെ  ഒരു മാസമൊന്നുമല്ല, ഏതോ ഉന്നതമായ ആശയത്തെ കുറിക്കുന്ന പദമാണു പോലും! ഇതൊക്കെ എഴുതുന്നതിനും പറയുന്നതിനും ഇവര്‍ക്ക് ലവലേശം ജാള്യമോ മനസ്സാക്ഷിക്കുത്തോ ഇല്ല.

ഹജ്ജിനെയും ഇവര്‍ നിരാകരിക്കുന്നു. ഹജ്ജ് എന്നാല്‍ ദൈവകല്‍പനകള്‍ നടപ്പില്‍വരുത്താന്‍ വാഗ്വാദം നടത്തലാണെന്നതാണ് അവര്‍ കണ്ടെത്തിയ 'ഉന്നത ആശയം'. 'ഹാജ്ജ ഇബ്‌റാഹീമ ഫീ റബ്ബിഹീ' എന്ന ഖുര്‍ആന്‍ സൂക്ത ഭാഗത്തിന് (2:258) ഇബ്‌റാഹീമും തന്റെ ജനതയും വാഗ്വാദം നടത്തി എന്നാണല്ലോ അര്‍ഥം. അപ്പോള്‍ ഹജ്ജിനും വാഗ്വാദം നടത്തുക എന്നാണല്ലോ അര്‍ഥം വരേണ്ടത്... ഇങ്ങനെയാണ് ജല്‍പനങ്ങള്‍.

ഹജ്ജില്ലെങ്കില്‍പിന്നെ മക്കയില്ല, ബക്കയുമില്ല, മസ്ജിദുല്‍ ഹറമില്ല. ഇവയൊന്നുമില്ലെങ്കില്‍ പിന്നെ കഅ്ബയുമില്ല. കഅ്ബയില്ലെങ്കില്‍ പിന്നെന്തു ഖിബ്‌ല! ഇങ്ങനെ 'ഇല്ല, ഇല്ല, ഒന്നുമില്ല' എന്ന് ഉരുവിടുന്ന ഇവരെ കേട്ടാല്‍ ബോധ്യമാകും ഇവരുടെ ആശയ ദാരിദ്ര്യത്തിന്റെ ആഴം. എന്നാല്‍ ഇവര്‍ ഇവരെ സ്വയം വിശേഷിപ്പിക്കുന്നതാകട്ടെ 'ആശയ വായനക്കാര്‍' എന്നും!

ഇവരുടെ ആശയവായന പ്രകാരം, 'ശഹ്‌റു റമദാന്‍' എന്നാല്‍ 'പ്രസിദ്ധമായ പൊരിഞ്ഞ സംഘട്ടനം!' റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം നിഷേധിക്കാന്‍ ഇതിലപ്പുറം അര്‍ഥവും അവര്‍ കണ്ടെത്തും. 'മസ്ജിദുല്‍ ഹറാം' എന്നതിന് 'വിധിവിലക്കുകള്‍' എന്ന അര്‍ഥവും ഇവരുടെ 'ഗവേഷണ' ഫലം തന്നെ. അത് മക്കയിലെ പുണ്യഗേഹമൊന്നുമല്ല, ഇസ്ലാമിലെ വിധിവിലക്കുകളാണ്!

ഇങ്ങനെ ഇവരുടെ 'ഗവേഷണ ഫാക്ടറി'യില്‍ കയറ്റി കൊലചെയ്യപ്പെടാത്ത ഒരൊറ്റ  സംജ്ഞയും ഇസ്‌ലാമിലില്ല എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മൗത്ത്, ആഖിറത്ത്, ജന്നത്ത്, നാര്‍, മലക്,  ആദം, നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ,  രിസാലത്ത്, തൗഹീദ്, തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ തുടങ്ങി, എന്തിനേറെ ഖുര്‍ആന്‍ എന്ന സംജ്ഞ പോലും ആ 'ഗവേഷണ ഫാക്ടറി'യില്‍ ദാരുണമായി അറുകൊല ചെയ്യപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. 'അല്ലാഹു'വിനും ഇവര്‍ക്ക് ഇവരുടേതായ വ്യാഖ്യാനങ്ങളു്. 

ഇവരെ നിരീശ്വരവാദികള്‍ എന്ന് ചേകനൂര്‍ പക്ഷത്തിലെ തന്നെ നടേ സൂചിപ്പിച്ച മറുകക്ഷിയില്‍ പെട്ട ചിലര്‍ വിളിക്കാറുണ്ട്. എന്നാല്‍ ഈ മറുകക്ഷിയുടെ കഥയും ഭിന്നമല്ല എന്നതാണ് യാഥാര്‍ഥ്യം.  

മുസ്ലിം സമൂഹത്തിലെ മുഴുവന്‍ അഭിപ്രായ ഭിന്നതകള്‍ക്കും കാരണം ഹദീസുകളാണെന്നും, ആ ഹദീസുകള്‍ കൈയൊഴിച്ചാല്‍ എല്ലാം ശരിയാകുമെന്നും പെരുമ്പറയടിച്ച് ബഹളം വച്ചവരാണ് മേല്‍ സൂചിപ്പിച്ച വിധം ഭിന്നതയുടെ കൊടുമുടി കയറി ആത്മാഹൂതി നടത്തുന്നതെന്നതാണ് ഇതിലെ വൈചിത്ര്യം. സമീപകാലത്ത്  ഇവരിലെ ചെറുകോട് വിഭാഗത്തിന്റെ ഖത്വീബായിരുന്ന മഹിളയെ, നാസ്തിക വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചശേഷം മാത്രമേ സംഘടനയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തു നിന്നും നീക്കിയതായി പത്രക്കുറിപ്പിറക്കാന്‍ പോലും ഇവര്‍ക്കു കഴിഞ്ഞുള്ളൂ എന്നത് ഇവര്‍ അകപ്പെട്ട അനിശ്ചിതത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. സുന്നത്ത്‌നിഷേധത്തില്‍ തുടങ്ങി, ഇസ്ലാമിലെ സര്‍വാംഗീകൃതമായ സകല കാര്യങ്ങളെയും നിഷേധിക്കാന്‍ ഒരുമ്പെടുന്ന വ്യക്തി ആത്യന്തികമായി എത്തിച്ചേരുക ദൈവനിഷേധത്തിലും ഖുര്‍ആന്‍ നിഷേധത്തിലുമാണ്.

സാധാരണയായി സുന്നത്ത്‌നിഷേധത്തിന്റെ വക്താക്കള്‍ ഹദീസ് നിരാകരിക്കാന്‍ തെളിവായി ഉന്നയിക്കുന്ന ചില ഖുര്‍ആനില്‍ വാക്യങ്ങള്‍ പരിശോധിച്ചുകൊണ്ട് ഉപസംഹരിക്കാം. 7:185, 45:6,  77:50. എന്നീ സൂക്തങ്ങളാണവ.

ഇവ എല്ലാറ്റിന്റെയും സാരം, 'ഇനിയുമേത് ഹദീസിലാണ് (വൃത്താന്തം) അവര്‍ വിശ്വസിക്കുന്നത്?' എന്നാണ്. പ്രവാചക വചനങ്ങളെല്ലാം ഉണ്ടായത് നബിയുടെ വിയോഗശേഷം 200 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്നു പറയുന്ന ഇവര്‍ തന്നെ പ്രസ്തുത ഖുര്‍ആന്‍ വാക്യങ്ങളില്‍ പറയുന്നത് നബിയുടെ ഹദീസിനെ കുറിച്ചാണെന്ന് പറയുമ്പോള്‍ തന്നെ അത് കൊടിയ വൈരുധ്യമല്ലേ?

എന്നാല്‍ മേല്‍ പറഞ്ഞ മൂന്ന് ഖുര്‍ആന്‍ വാക്യങ്ങളുടെയും തൊട്ട് മുന്നിലുള്ള കുറേ വാക്യങ്ങളുമായി ചേര്‍ത്തുവെച്ച് വായിച്ചാല്‍ ആര്‍ക്കും ആശയം വ്യക്തമാവും. മുന്‍ ആയത്തുകളിലെല്ലാം പരാമര്‍ശിക്കുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളെയാണ്. പ്രപഞ്ചത്തിലെ പരസഹസ്രം നക്ഷത്രങ്ങള്‍, ഗോളങ്ങള്‍, ചന്ദ്രന്‍, ഭൂമി, അതില്‍  അനേകായിരം സസ്യലതാദികള്‍, ജന്തുജാലങ്ങള്‍ ഇവയില്‍നിന്നൊക്കെ പാഠമുള്‍ക്കൊണ്ട് അല്ലാഹുവിന്റെ അസ്തിത്വമുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയിനി 'എന്ത് വൃത്താന്തത്തിലാണിവര്‍ വിശ്വസിക്കുക' എന്ന് ദൈവനിഷേധികളോട് പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാട്ടി ചോദിക്കുകയാണിവിടെ. പ്രവാചക ഹദീസുമായി ഇവക്കൊന്നും ഒരു ബന്ധവുമില്ല. 

ഇത്തരത്തില്‍ വ്യാജ വാദങ്ങള്‍ ഉന്നയിച്ച് പ്രവാചകനോട് വിഘടിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടേക്കുക എന്നും, നരകാഗ്നിയായിരിക്കും അവര്‍ക്ക് പ്രതിഫലം എന്നും അല്ലാഹു പറയുന്നു്. ''സന്മാര്‍ഗം വ്യക്തമായ ശേഷവും ആരെങ്കിലും ദൈവദൂതനോട് വിഘടിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നുവെങ്കില്‍ നാമവനെ അവന്റെ മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടും. എന്നിട്ടവനെ നരകാഗ്നിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതെത്ര ഹീനമായ സങ്കേതം'' (4:115). ''അതവര്‍ അല്ലാഹുവോടും പ്രവാചകനോടും വിഘടിച്ചതിനാലാണ്. അങ്ങനെ വിഘടിച്ചവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നതാണ്'' (8:13).

 പ്രവാചകനെ അനുധാവനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സൂറഃ ആലു ഇംറാനില്‍ പറയുന്നു: ''നിങ്ങള്‍ അല്ലാഹുവെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും, പാപങ്ങള്‍ പൊറുത്തുതരും'' (3:31). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍