Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

നബിചര്യയുടെ നിരാകരണം മതനിരാസത്തിന്റെ ഒളിച്ചുകടത്തല്‍

ഇല്‍യാസ് മൗലവി

ഖുര്‍ആന്റെ വെളിച്ചത്തില്‍ മുസ്ലിംകളുടെ പ്രായോഗിക ജീവിതത്തിന് ആവിഷ്‌കാരം നല്‍കുന്നത് നബിചര്യയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ ഭദ്രമായ അടിത്തറയോടെ നിലനിര്‍ത്തിപ്പോരുന്നതും നബിചര്യ തന്നെ. അതിനാല്‍ ഇസ്‌ലാമില്‍ എന്തെങ്കിലും അറ്റകുറ്റപ്പണി സാധിക്കണമെങ്കില്‍ അത് നബി (സ) തന്നെ ചെയ്യേണ്ടതുണ്ട്. സുന്നത്തിനെ പുറന്തള്ളിക്കഴിഞ്ഞാല്‍ ശേഷിക്കുന്നത് പ്രായോഗിക മാതൃകയില്ലാത്ത, താത്ത്വിക വചനങ്ങള്‍ മാത്രമടങ്ങിയ ഖുര്‍ആനായിരിക്കും. വിശദീകരണമോ വ്യാഖ്യാനമോ പാരമ്പര്യമോ ഒന്നും അവശേഷിക്കുകയില്ല. അപ്പോള്‍പിന്നെ എങ്ങനെ വേണമെങ്കിലും ഖുര്‍ആന്‍ വചനങ്ങളെ വ്യാഖ്യാനിച്ചെടുക്കാന്‍ കഴിയും. ഇസ്‌ലാം ഒട്ടും കൃത്യതയില്ലാത്ത ഒന്നാണെന്നും, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആശയാദര്‍ശങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സമുച്ചയം മാത്രമാണതെന്നും വരുത്തിത്തീര്‍ക്കാനുമാകും. ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി സ്വീകരിച്ച തന്ത്രമായിരുന്നു നബിചര്യയുടെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കലും, അതിന്റെ പ്രാമാണികതയെ  നിഷേധിക്കലും.ഇത് അവസാനം ചെന്നെത്തുക മതനിരാസത്തിലാണ്.

ലോകം അംഗീകരിച്ച സര്‍വാംഗീകൃതമായ ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങള്‍ പോലും നിഷേധിക്കാന്‍ തയാറായെങ്കില്‍ മാത്രമേ തങ്ങളുടെ പൊള്ളവാദങ്ങള്‍ സമര്‍ഥിക്കാന്‍ സുന്നത്ത് നിഷേധികള്‍ക്ക് സാധിക്കുകയുള്ളൂ. ആദ്യം നമുക്കവരോട് ചോദിക്കാനുള്ളത് ഇതാണ്: മുഹമ്മദ് നബി (സ) ജീവിച്ചു എന്നതിന് ചരിത്രപരമായി വല്ല തെളിവുമുണ്ടോ? ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ ഇന്നേവരെ സുന്നത്ത് നിഷേധികള്‍ തയാറായിട്ടില്ല, തയാറാവുകയുമില്ല; കാരണം, മുഹമ്മദ് നബി (സ) ജീവിച്ചു എന്നതിന് തെളിവുണ്ട് എന്ന് പറയുന്നതോടുകൂടി രണ്ടാലൊന്ന് സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. ഒന്നുകില്‍, പ്രവാചകജീവിതം ഖുര്‍ആന്റെ അടിസ്ഥാനത്തിലായിരുന്നു എന്നും, അത് ഖുര്‍ആന്റെ പ്രയോഗവല്‍ക്കരണമായിരുന്നു എന്നും അവര്‍ സമ്മതിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ആ ജീവിതം മുസ്ലിംകളെ സംബന്ധിച്ചേടത്തോളം പ്രമാണം തന്നെയാണ്. കാരണം പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ടെന്നും ആ പ്രവാചകനെ നിങ്ങള്‍ പിന്‍പറ്റണമെന്നും വളരെ ശക്തമായ ഭാഷയില്‍ ഖുര്‍ആന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ. അതുകൊണ്ട് മതിയാക്കാതെ, ആ പ്രവാചകനെ ധിക്കരിക്കുകയോ അവിടുത്തെ ചര്യക്ക് എതിരു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീതും മുന്നറിയിപ്പും നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ വമ്പിച്ച പ്രതിസന്ധിയിലായിരിക്കും അവര്‍ അകപ്പെടുക. കാരണം ഖുര്‍ആന്‍ ആര്‍ക്കാണോ അവതീര്‍ണമായത് ആ വ്യക്തി ഖുര്‍ആനിനെതിരെ പ്രവര്‍ത്തിച്ചു, ഖുര്‍ആനിക വിരുദ്ധമായി ജീവിച്ചു എന്നൊക്കെ സമ്മതിക്കുന്നതിനു തുല്യമായിരിക്കും അത് (സുന്നത്ത് നിഷേധികള്‍ യഥാര്‍ഥത്തില്‍ അതാണ് ആഗ്രഹിക്കുന്നത് എന്നത് മറ്റൊരു കാര്യം. കാരണം സുന്നത്ത്‌നിഷേധത്തിന്റെ മറവില്‍ ഇസ്‌ലാമിനെത്തന്നെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ അജണ്ട എന്നതാണ് വസ്തുത. അക്കാര്യം വഴിയേ വിശദീകരിക്കാം). ഖുര്‍ആന്‍ അവതീര്‍ണമായത് മുഹമ്മദ് നബിക്കായതുകൊണ്ട്, മുഹമ്മദ് നബിയുടെ ജീവിതം ഖുര്‍ആനില്‍ പറഞ്ഞതിന് എതിരാണെങ്കില്‍ അതോടുകൂടി ഇസ്‌ലാമിനെ പൊളിക്കുക എന്ന തങ്ങളുടെ അജണ്ട നടപ്പാക്കപ്പെട്ടു എന്നവര്‍ക്ക് ആശ്വസിക്കാം. 

കാരണം, ആരാണോ ഖുര്‍ആന്‍ ആദ്യം കേട്ടത്, ആര്‍ക്കാണോ ഖുര്‍ആന്‍ ആദ്യം അവതീര്‍ണമായത്, ആരിലാണോ ജനങ്ങള്‍ക്കു മുമ്പില്‍ അതിനെ പ്രയോഗവല്‍ക്കരിച്ചു കാണിച്ചുകൊടുക്കേണ്ട ബാധ്യത അര്‍പ്പിതമായിട്ടുള്ളത് ആ വ്യക്തി ഖുര്‍ആനിന് വിരുദ്ധമായിട്ടാണ് ജീവിച്ചത് എന്നാണല്ലോ ഈ പറയുന്നതിന്റെ അര്‍ഥം. അത് പറഞ്ഞു ഫലിപ്പിക്കാനായാല്‍ ഇസ്‌ലാമിനെ പൊളിക്കാം! കാരണം അല്ലാഹുവിനാല്‍ തെരഞ്ഞെടുക്കപ്പെട്ട, പരിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ആദ്യമായി ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചു കാണിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ട വ്യക്തി തന്നെ ഖുര്‍ആനിന് എതിരായാണ് ജീവിച്ചത് എന്നു വന്നാല്‍ പിന്നെ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ! അതോടെ ഇസ്ലാം എന്നുപറയുന്നത് തികച്ചും അപ്രായോഗികമായ മതമാണ് എന്ന് സ്ഥാപിക്കാന്‍ മറ്റൊരു തെളിവും ആവശ്യമായി വരികയില്ല.  ഖുര്‍ആന്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ആദ്യത്തെ വ്യക്തിയുടെ കാര്യം തന്നെ ഇങ്ങനെയാണെങ്കില്‍, മറ്റുള്ളവരുടെ ജീവിതത്തില്‍ പിന്നെ എന്ത് മാതൃകയുണ്ടാവാനാണ്! ഖുര്‍ആന്‍  നേര്‍ക്കുനേരെ ലഭിച്ച മുഹമ്മദ് നബി (സ) തന്നെ ഖുര്‍ആനിന് വിരുദ്ധമായിട്ടാണ് ജീവിച്ചത് എന്നു വന്നാല്‍, അതിന്റെ അര്‍ഥം ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യര്‍ക്കാര്‍ക്കും ജീവിക്കുക സാധ്യമല്ല എന്നാണല്ലോ. അതോടെ ഇസ്‌ലാമിന്റെ ശത്രുക്കളുടെ അജണ്ട വിജയിച്ചു.

ഇനി മുഹമ്മദ് നബി (സ) ജീവിച്ചു എന്നതിന് ചരിത്രപരമായി തെളിവില്ല എന്ന് വാദിക്കാനാണ് അവരുടെ ഭാവമെങ്കില്‍ (അവരുടെ സ്വഭാവമനുസരിച്ച് അതും അതിലപ്പുറവും വാദിക്കാന്‍ അവര്‍ തയാറാവും എന്നു തന്നെയാണ് കരുതേണ്ടത്. കാരണം, ഏതു വിതണ്ഡ വാദവും വിഡ്ഢിത്തവും ഉന്നയിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ് അവരിലധിക പേരും), നിരീശ്വരവാദികളും ബഹുദൈവ വിശ്വാസികളുമെല്ലാം ഒരുപോലെ അംഗീകരിച്ച ഒരു പച്ചയായ യാഥാര്‍ഥ്യത്തെ നിസ്സങ്കോചം നിരസിക്കുന്ന വിചിത്ര വാദമായിരിക്കും അത്. അവജ്ഞയോടെ ലോകം അത് തള്ളിക്കളയുകയും ചെയ്യും. അതുകൊണ്ട്, മുഹമ്മദ് നബി(സ) ജീവിച്ചിരുന്നില്ല എന്നവര്‍ വാദിക്കുമെന്ന് തോന്നുന്നില്ല. 

ചുരുക്കത്തില്‍, അവരില്‍ പലരുമായുള്ള സംവാദത്തില്‍നിന്ന് ഈലേഖകന് ബോധ്യമായത്, മുഹമ്മദ് നബി (സ) ജീവിച്ചു എന്നതിന് ചരിത്രപരമായി തെളിവുണ്ടോ എന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിന് അവര്‍ ഒരിക്കലും ഉത്തരം പറയാന്‍ സന്നദ്ധരാവുകയില്ല എന്നതാണ്. കാരണം എന്ത് ഉത്തരം പറഞ്ഞാലും അതവരെ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ ഏതൊരു വാദവുമായിട്ടാണോ എഴുന്നള്ളിയിട്ടുള്ളത് ആ വാദത്തിന്റെ മുനയൊടിക്കുന്ന, അവരുടെ എല്ലാ അടിസ്ഥാനങ്ങളും ആധാരങ്ങളും തകര്‍ത്തു തരിപ്പണമാക്കുന്ന ഒരു ചോദ്യമായതുകൊണ്ട് ആ ചോദ്യത്തിന് ഉത്തരം പറയാന്‍ അവര്‍ ഒരിക്കലും സന്നദ്ധമാവുകയില്ല. 

ഇനി അഥവാ മുഹമ്മദ് നബി (സ)  ജീവിച്ചു എന്നതിന് ചരിത്രപരമായ തെളിവുണ്ട് എന്ന് അവര്‍ സമ്മതിക്കേണ്ടിവന്നാല്‍ -അതാണ് നമ്മള്‍ ആഗ്രഹിക്കുന്നത്- അപ്പോള്‍ നമുക്കവരോട് ചോദിക്കാനുള്ളത്, അങ്ങനെ ജീവിച്ചു എന്നു പറയുമ്പോള്‍, അതിന് ചരിത്രത്തില്‍ തെളിവുണ്ട് എന്ന് പറയുമ്പോള്‍, ലോകം മുഴുവന്‍ അംഗീകരിക്കുന്ന ആ ചരിത്രം നിങ്ങളും അംഗീകരിക്കുന്നു എന്നല്ലേ? അപ്പോള്‍ മറ്റൊരു ചോദ്യവും  നമുക്കവരോട് ചോദിക്കേിവരുന്നു; എങ്കില്‍ ആ നബിചരിത്രത്തിന്റെ അവലംബം എന്താണ്? 

അവരുടെ മുമ്പില്‍ രണ്ടു ഉത്തരമേ ഉാവൂ. മൂന്നാമതൊന്ന് ഉണ്ടാവില്ല. ഒന്നാമത്തെ ഉത്തരം, ഞങ്ങളുടെ കൈവശം ചരിത്രഗ്രന്ഥങ്ങള്‍ ഉണ്ട് എന്നായിരിക്കും. മുസ്‌ലിംകളും അല്ലാത്തവരുമായ, അറബികളും അല്ലാത്തവരുമായ ആളുകള്‍ രചിച്ച പ്രവാചക ചരിത്രം ഞങ്ങളുടെ കൈവശമുണ്ട് എന്നു പറയാന്‍ അവര്‍ നിര്‍ബന്ധിതരായിതീരും. ഇതല്ലെങ്കില്‍, പ്രവാചക ജീവിതത്തിന്റെ മറ്റൊരു പേരായ സുന്നത്ത്, അഥവാ ഹദീസ്  ഗ്രന്ഥങ്ങള്‍ ആണ് ഞങ്ങളുടെ അവലംബം എന്നേ അവര്‍ക്ക് പറയാനുണ്ടാവൂ. മൂന്നാമതൊരു ഉത്തരമുണ്ടാവില്ല. 

ഇതിലേതു പറഞ്ഞാലും,  അവരെ സംബന്ധിച്ചേടത്തോളം തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാദം മറ്റൊരു രൂപത്തില്‍ തകര്‍ന്നടിയുന്നത് നമുക്ക് കാണാന്‍ കഴിയും. ചരിത്രഗ്രന്ഥങ്ങളാണ് തങ്ങള്‍ക്ക് അവലംബം എന്നാണ് അവര്‍ പറയുന്നതെങ്കില്‍, ഒരു ചരിത്രവസ്തുത അംഗീകരിക്കാന്‍, ചരിത്ര ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ശരിയാണ് എന്ന് വിശ്വസിക്കാനും സ്വീകരിക്കാനും എന്ത് മാനദണ്ഡമാണ് നിങ്ങള്‍ സ്വീകരിക്കുക എന്ന് നമുക്ക് ചോദിക്കേണ്ടിവരും. ഏതെങ്കിലുമൊരു ചരിത്രഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടു എന്നതാണോ? ഏതോ ഒരാള്‍ എഴുതിവെച്ചു എന്നതു മാത്രമാണോ? അതല്ല ആ ചരിത്രം രേഖപ്പെടുത്തിയവരെ പറ്റിയും, ആ ചരിത്രം രേഖപ്പെടുത്തിയവര്‍ക്ക് ആ വിവരം എങ്ങനെ ലഭിച്ചു എന്നതിനെ പറ്റിയും, അതിന്റെ നിവേദക പരമ്പരയിലെ ഓരോ കണ്ണിയെക്കുറിച്ചും, കൃത്യമായി പരിശോധിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണോ, അത് ചരിത്രവസ്തുതയാണ് എന്ന് അംഗീകരിക്കുക? ആണെങ്കില്‍ അതിനൊക്കെയുള്ള ഇവരുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? അത്തരം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിരചിതമായ പ്രവാചക ചരിത്രഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ്? പ്രവാചകചരിത്രമായി ഉദ്ധരിക്കപ്പെടുന്ന ഏതൊരു സംഭവവും ചരിത്രവസ്തുതയായി സ്വീകരിക്കപ്പെടാന്‍ ഇസ്‌ലാമികലോകം ചില മാനദണ്ഡങ്ങള്‍ വേണമെന്ന് നിബന്ധന വെച്ചിട്ടുണ്ട്. നിവേദകപരമ്പരയിലെ മുഴുവന്‍ നിവേദകന്മാരും പരസ്പരം നേരിട്ട് കേള്‍ക്കുക, അവര്‍ പരിപൂര്‍ണ നീതിമാന്മാരും സത്യസന്ധരുമാവുക, പ്രബലമായ പരമ്പരയില്‍ വന്ന ഹദീസിനെതിരെ ഉദ്ധരിക്കപ്പെട്ടതാകാതിരിക്കുക, പ്രവാചകചര്യയുടെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും ആന്തരികവുമായ മുഴുവന്‍ ന്യൂനതകളില്‍ നിന്നും മുക്തമാവുക തുടങ്ങിയ അടിസ്ഥാന ഉപാധികള്‍ പൂര്‍ണമായും സമ്മേളിച്ചാല്‍ മാത്രമേ അത് സ്വീകാര്യവും പരിഗണനാര്‍ഹവുമായിത്തീരുകയുള്ളൂ. നിവേദകരെ സംബന്ധിച്ച് കൂലങ്കഷമായി പഠിക്കുകയും ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്, ഇസ്‌ലാമിക ചരിത്രത്തിലെ ഹദീസ് നിദാനശാസ്ത്രം. നിവേദകരുടെ ജീവചരിത്രം 'അസ്മാഉര്‍രിജാല്‍'  എന്ന പേരില്‍ പുതിയൊരു ബൃഹത്തായ വിജ്ഞാനശാഖക്കുതന്നെ രൂപം കൊടുത്തു. ഭരണകൂടത്തിന്റെയോ സ്വന്തക്കാരുടെയോ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ, തീര്‍ത്തും നിഷ്പക്ഷമായിരുന്നു അവരുടെ ഈ വിമര്‍ശന പദ്ധതി. ഹദീസ് ലഭിച്ചത് സ്വന്തം പിതാവില്‍നിന്നാണെങ്കിലും, അദ്ദേഹത്തില്‍ വല്ല ദൗര്‍ബല്യവും കണ്ടാല്‍ അത് വെട്ടിത്തുറന്നു പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഭരണാധികാരികളെയും അവര്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കി. ഹദീസ് പണ്ഡിതന്മാരുടെ അപാരമായ ഇഛാശക്തിക്കും വൈജ്ഞാനിക സത്യസന്ധതക്കും ഉത്തരവാദിത്തബോധത്തിനുമുള്ള മികച്ച ദൃഷ്ടാന്തവും, ഇസ്ലാമിക സമൂഹത്തിന് എന്നും അഭിമാനിക്കാവുന്ന മഹത്തായ സാംസ്‌കാരിക പൈതൃകവുമാണ് ഈ വിജ്ഞാനശാഖ. ഹാഫിള് ഇബ്നു ഹജറിന്റെ ഇസ്വാബയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ അതിനെക്കുറിച്ച് ഇപ്രകാരം കുറിച്ചിരിക്കുന്നു: ''മുസ്ലിംകളെപ്പോലെ  അസ്മാഉര്‍രിജാല്‍ എന്ന പേരില്‍ സവിശേഷമായൊരു നിരൂപണ പദ്ധതിക്ക് രൂപംകൊടുത്ത മറ്റൊരു സമൂഹവും ലോകത്തുണ്ടായിട്ടില്ല; ഇന്നും ഇല്ല. അതിലൂടെ വിസ്മൃതിയിലാണ്ടുപോകുമായിരുന്ന അഞ്ചു ലക്ഷം മനുഷ്യരുടെ ജീവചരിത്രമാണ് സംരക്ഷിക്കപ്പെട്ടത്.'' (സയ്യിദ് സുലൈമാന്‍ നദ്വിയുടെ അര്‍രിസാലതുല്‍ മുഹമ്മദിയ്യ കാണുക).

ഒരു ചരിത്രസംഭവം അതില്‍ പങ്കാളികളായവരില്‍നിന്നോ, അതിനു ദൃക്‌സാക്ഷികളായവരില്‍നിന്നോ നേരിട്ട് ശേഖരിക്കുകയാണ് ചെയ്യുക. നിവേദകപരമ്പരയില്‍ ദൃക്‌സാക്ഷിയില്ലെങ്കില്‍ ദൃക്‌സാക്ഷികളുള്ള നിവേദക പരമ്പരകളിലൂടെ വസ്തുതകള്‍ ശേഖരിക്കും. അവിടെയും നിവേദകപരമ്പരയിലെ കണ്ണികള്‍ക്കിടയില്‍ വിടവുകളുണ്ടാവാന്‍ പാടില്ല. നിവേദക പരമ്പരയിലെ ഓരോ കണ്ണിയെ കുറിച്ചും സൂക്ഷ്മമായ അറിവ് സമ്പാദിക്കണം, അതിനുശേഷമേ അവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാവൂ എന്നാണ് നിയമം. റിപ്പോര്‍ട്ടര്‍മാര്‍ എത്തരക്കാരാണ്, അവരുടെ തൊഴില്‍, ബുദ്ധിശക്തി, സത്യസന്ധത, ഓര്‍മശക്തി തുടങ്ങിയവ സൂക്ഷ്മമായി പഠിച്ച ശേഷമാണ് അവര്‍ക്ക് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കുക. ഒരു റിപ്പോര്‍ട്ട് സ്വീകാര്യമാകാനുള്ള ഇത്തരം മാനദണ്ഡങ്ങള്‍ ഓരോ ചരിത്രസംഭവ വിശകലനത്തിലും സ്വീകരിക്കപ്പെടും. ചരിത്രപഠനത്തിന് ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും ആശ്രയിച്ചിരുന്ന രീതിയില്‍നിന്ന് വസ്തുനിഷ്ഠ ചരിത്രരചനയിലേക്ക് വഴിനടത്തുകയായിരുന്നു പ്രവാചക ചരിത്രരചനയിലൂടെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ചെയ്തത്. അതിനുമുമ്പ് ചരിത്രരചനയില്‍ ഇത്തരമൊരു സൂക്ഷ്മതയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ല. ഒട്ടുമിക്ക ചരിത്ര രചനകളും കഥാകഥനങ്ങളായിരുന്നു. ചരിത്രത്തെ കെട്ടുകഥകളില്‍നിന്ന് മോചിപ്പിക്കാന്‍ ഇസ്‌ലാമിക ചരിത്രഗവേഷകരുടെ ഈ സൂക്ഷ്മതയും കരുതലും കാരണമായി.

പ്രവാചകന്റേതെന്നല്ല, മറ്റേതൊരു ചരിത്രമാകട്ടെ അതൊക്കെ ശരിയാണെന്നും അത് സംഭവിച്ചിട്ടുെണ്ടന്നും വിശ്വാസയോഗ്യമായി തെളിയിക്കാന്‍ എന്തെല്ലാം മാനദണ്ഡങ്ങളാണോ ഒരാള്‍ അടിസ്ഥാനമാക്കുന്നത്, ആ മാനദണ്ഡങ്ങളേക്കാളെല്ലാം എത്രയോ ഇരട്ടി കണിശവും ഭദ്രവുമായ നിബന്ധനകളും അടിസ്ഥാനങ്ങളും പ്രവാചകചര്യയും ചരിത്രവും സ്വീകരിക്കാനായി ഇസ്‌ലാമികലോകം മാനദണ്ഡമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. പ്രവാചകചരിത്രം രേഖപ്പെടുത്തപ്പെട്ട രീതിയും ശൈലിയും അതിന് ചരിത്രകാരന്മാര്‍ നിഷ്‌കര്‍ഷിച്ച കണിശതയും പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം നിഷ്പ്രയാസം ബോധ്യപ്പെടുന്നതാണ്.

ഇത്ര മാത്രം ആധികാരികവും വിശ്വസനീയവുമായ ഒരു ചരിത്രം ലോകത്ത് മറ്റേതെങ്കിലും വ്യക്തിയുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഇനിയും തെളിഞ്ഞിട്ടു വേണം. ആയിരക്കണക്കിനു വര്‍ഷംമുമ്പ് ഈ ലോകത്ത് നടന്ന ചില സംഭവങ്ങളുടെ ചരിത്രം ലോകം മുഴുവന്‍ പഠിപ്പിക്കപ്പെട്ടുകൊിരിക്കുന്നു. പ്രവാചക ചരിത്രം സംശയാസ്പദമായിത്തീരുന്നതോടെ, അത് സ്വീകരിക്കാന്‍ പറ്റാത്ത ചരിത്രമായി വിലയിരുത്തപ്പെടുന്നതോടെ ലോകത്ത് ഒരു ചരിത്രവും വിശ്വസിക്കാനോ സ്വീകരിക്കാനോ സാധ്യമല്ല എന്ന നില വരും. അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ ലോകത്ത് ആരെങ്കിലും തയാറാവുമോ? പ്രവാചക ചരിത്രത്തിന്റെ ആധികാരികത നിഷേധിക്കുന്നതോടെ അത്തരമൊരു പതനത്തിലായിരിക്കും ഹദീസ്‌നിഷേധികള്‍ എത്തിച്ചേരുക.

അല്‍പമെങ്കിലും സാമാന്യബുദ്ധിയുള്ള ഒരാളുടെ അടുത്തും ചെലവാകാത്ത ഈ ചരിത്രനിഷേധ യുക്തിയാണ് സുന്നത്തിനെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ പുറത്തെടുക്കുന്നത്. ചരിത്രപരമായി ഏറ്റവും ആധികാരികമെന്ന് തെളിയിക്കപ്പെട്ട സുന്നത്തിനെ നിഷേധിക്കാന്‍ ഇവര്‍ ചരിത്രത്തെത്തന്നെയാണ് കൂട്ടുപിടിക്കുന്നത്! പ്രവാചകനുമായി ബന്ധപ്പെട്ട ചില ചരിത്രസംഭവങ്ങള്‍ തെറ്റായും വികലമായും സന്ദര്‍ഭനിരപേക്ഷമായും പേര്‍ത്തും പേര്‍ത്തും ഉദ്ധരിച്ച് ഇവര്‍ പ്രവാചകചര്യയെ മൊത്തം പരിഹസിക്കുന്നതും കളിയാക്കുന്നതും കാണാം. ഏതൊരു ചരിത്രത്തെയാണോ അവര്‍ നിഷേധിക്കുന്നത് അതേ ചരിത്രത്തെ തന്നെ തങ്ങളുടെ വിതണ്ഡവാദങ്ങള്‍ സമര്‍ഥിക്കാന്‍ അവലംബിക്കേണ്ടിവരുന്നുവെന്നതാണ് ഇവരുടെ നിലപാടിന്റെ ഏറ്റവും വലിയ പാപ്പരത്തം.

ചുരുക്കത്തില്‍, ഇക്കൂട്ടര്‍ക്ക് പ്രാമാണികമായ പിന്‍ബലമില്ല, ചരിത്രപരമായ പിന്‍ബലവുമില്ല. ബൗദ്ധികവും വൈജ്ഞാനികവുമായ യാതൊരു മാനദണ്ഡവും തങ്ങളെ പിന്തുണക്കുന്നതായി, തങ്ങളുടെ വാദഗതികള്‍ക്ക് ന്യായമായി സമര്‍പ്പിക്കാന്‍ അവര്‍ക്കില്ല. ഇത്രമാത്രം ദുര്‍ബല വാദവുമായി കഴിഞ്ഞുകൂടുന്ന മറ്റൊരു വിഭാഗം ഇന്ന് ലോകത്തുണ്ടോ എന്ന് ചോദിച്ചാല്‍ ആരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ നമുക്ക് വല്ലാതെ പ്രയാസപ്പെടേണ്ടി വരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍