Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍

അബുല്ലൈസ് ചാലക്കല്‍

കഴിഞ്ഞ ജനുവരി 15-ന് ആലുവ, ചാലക്കല്‍ വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് (ഞങ്ങളുടെ വന്ദ്യപിതാവ്) അല്ലാഹുവിങ്കലേക്ക് യാത്രയായി. 86 വയസ്സായിരുന്നു. വിശ്വാസികള്‍ പരസ്പരം കണ്ണാടികളാണെന്ന ബോധ്യം മനസ്സിന്റെ ഏതോ കോണില്‍ കോറിയിട്ടത് വാപ്പയാണ്. പിതാവിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട അപൂര്‍വം മക്കളില്‍പെട്ടവരാണ് ഞങ്ങള്‍. വാപ്പയുടെ അടുത്ത സുഹൃത്തും സഹോദരനുമായിരുന്ന ഞങ്ങളുടെ കൊച്ചാപ്പയുടെ (വി.എം. ആലി സാഹിബ്) മരണശേഷം, ഞങ്ങളോട് പലപ്പോഴും വാപ്പ പറഞ്ഞിരുന്നതിങ്ങനെയാണ്: 'ആലിയായിരുന്നു എന്റെ യഥാര്‍ഥ സുഹൃത്ത്. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നത് അവനായിരുന്നു. ഇനി ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം. എന്റെ സ്വര്‍ഗപ്രവേശത്തിന് അതനിവാര്യമാണ്.' തിരുത്തലുകളെ തന്മയത്വത്തോടെ ഉള്‍ക്കൊള്ളുകയും വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ കൊച്ചുകുട്ടിയെ പോലെ നിശ്ശബ്ദനായി ഇരുന്നു തരികയും ചെയ്യുന്നതായിരുന്നു വാപ്പയുടെ രീതി. 

'ഞങ്ങളെ മുത്തഖികള്‍ക്ക് മാതൃകയാക്കേണമേ നാഥാ' എന്നത് വാപ്പയുടെ നിരന്തര പ്രാര്‍ഥനകളില്‍ ഒന്നായിരുന്നു. ആറ് പെണ്ണും മൂന്ന് ആണുമായി ഞങ്ങള്‍ 9 മക്കളായിരുന്നു വാപ്പയുടെ സമ്പാദ്യം. ഉമ്മയോടുള്ള പെണ്‍മക്കളുടെ പെരുമാറ്റത്തില്‍ പ്രത്യേക ശ്രദ്ധയായിരുന്നു വാപ്പ പുലര്‍ത്തിയിരുന്നത്. ഉമ്മയോട് ചെറുതായി പോലും കയര്‍ത്തു സംസാരിക്കാന്‍ വാപ്പ അനുവദിച്ചിരുന്നില്ല. അതിലൂടെ വലിയൊരു സ്വഭാവശീലം അവരില്‍ രൂപപ്പെടുത്തുകയായിരുന്നു. വിവാഹശേഷം അത് വല്ലാതെ ഉപകരിച്ചു എന്ന് എല്ലാ സഹോദരിമാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

ചാലക്കല്‍ ഗ്രാമത്തിന്റെ ഇസ്‌ലാമിക മുന്നേറ്റത്തിന് വഴിതെളിച്ച ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതില്‍ വാപ്പയുടെ അടയാളപ്പെടുത്തലുകള്‍ വേണ്ടുവോളമുണ്ട്. ദക്ഷിണ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പിറവിയിലും മുന്നോട്ടുള്ള പ്രയാണത്തിലും വലിയ പങ്ക് വഹിച്ചു. സമൂഹത്തിനും മറ്റ് ജീവജാലങ്ങള്‍ക്കും അത്താണിയാകുന്ന, ഫലങ്ങള്‍ നിറഞ്ഞ ഒരു വടവൃക്ഷമാവണമെന്നതായിരുന്നു വാപ്പയുടെ ജീവിതസന്ദേശത്തിന്റെ കാതല്‍. ജില്ലക്കകത്തും പുറത്തുമായി നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി സമ്മേളനങ്ങളില്‍, നിര്‍ണായക വകുപ്പുകളായ ഫുഡ്, ക്ലീനിംഗ് എന്നിവ തികഞ്ഞ ആസൂത്രണപാടവത്തോടെ വാപ്പ കൈകാര്യം ചെയ്തിരുന്നു. കൈയയച്ച് ദാനം ചെയ്യുക എന്നതിലുപരി, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതായിരുന്നു വാപ്പയുടെ ശൈലി. 

ജീവിതത്തിന്റെ അവസാന നാളുകളില്‍, പൂര്‍ണമായും അല്ലാഹുവിന്റെ ദിക്‌റുകളില്‍ മുഴുകുകയായിരുന്നു വാപ്പ. ഏഴു മാസം മുമ്പുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന്, എത്യോപ്യയിലുള്ള സഹോദരന്‍ വാപ്പയെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ നല്‍കിയ ഉപദേശം ഇങ്ങനെ: 'നീ എപ്പോഴും ഇങ്ങോട്ട് വന്നതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല, എന്നാല്‍, അവിടെ (സ്വര്‍ഗത്തില്‍) ഒത്തുകൂടാന്‍ കഴിയാതിരുന്നാല്‍... അത് അസഹനീയമാണ്. അതുകൊണ്ട് കുടുംബത്തെയും കൂട്ടി സ്വര്‍ഗത്തിലെത്താനുള്ള പണി നോക്കിക്കൊള്ളുക.' 

 

 

കെ.പി അബ്ദുശ്ശുകൂര്‍ പുറക്കാട്

ദീനിയും സാമൂഹിക സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്നു പുറക്കാട് കെ.പി അബ്ദുശ്ശൂകൂര്‍. സംഘടനാ അംഗത്വമുള്ള പ്രവര്‍ത്തകനാകാതെത്തന്നെ പ്രസ്ഥാനത്തെ നെഞ്ചേറ്റി. അതിനു വേണ്ടി സാധ്യമായതെല്ലാം ചെയ്ത വ്യക്തിത്വം. ആരോടും പകയില്ലാത്ത ശുദ്ധ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഏതു നന്മയിലും സഹകരിക്കാനുള്ള വിശാലതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പുറക്കാട്ടെ എല്ലാ പ്രസ്ഥാന സംരംഭങ്ങളിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു. 'ഇഖാമത്തുദ്ദീന്‍ ട്രസ്റ്റി'ന്റെ ദീര്‍ഘകാല വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹം അതിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. ചിലതിന്റെ നായകത്വം ഏറ്റെടുത്തു. മസ്ജിദുന്നഹ്ര്‍, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ, ഇസ്‌ലാമിക് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ഫര്‍മേഷന്‍ ആസ്ഥാനമായ ഹിറാ സെന്റര്‍ തുടങ്ങി എല്ലാറ്റിന്റെയും നിര്‍മാണത്തിലും നടത്തിപ്പിലും അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. പുറക്കാട് ദാറുസ്സലാം ജുമാ മസ്ജിദിന്റെ നിര്‍മാണ കമ്മിറ്റിയുടെ മുഖ്യ സാരഥിയായിരുന്നു. 10 വര്‍ഷത്തിലധികം പള്ളി കമ്മിറ്റിയുടെ മുഖ്യ ഭാരവാഹിയായി. 2000-ല്‍ പുറക്കാട് കേന്ദ്രമായി ഒരു വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കണമെന്ന് ആലോചിച്ചപ്പോള്‍തന്നെ ആവേശപൂര്‍വം അദ്ദേഹം മുന്നില്‍നിന്നു. മരണം വരെ 'വിദ്യാസദന'ത്തിന്റെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ചു. വിദ്യാസദനത്തെ തന്റെ ജീവിതദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. മരണം വരെ സ്‌കൂള്‍ മാനേജറായി പ്രവര്‍ത്തിച്ചു, നിസ്വാര്‍ഥമായിരുന്നു ആ സേവനം. 

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു വേി വീട്ടിനടുത്ത് ഒരു സംരംഭം തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ട്രസ്റ്റ് ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചത് ശുകൂര്‍ക്കയാണ്. ദാറുല്‍ ഖുര്‍ആന്‍ ആരംഭിച്ചപ്പോഴും അതിന്റെ കൂടെ നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ഓട്ടത്തിനിടയിലാണ് അദ്ദേഹം രോഗിയായതും മരണം വരിച്ചതും. ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തിന്റെ കൂടെ നിന്നവരാണ് കുടുംബം. ഭാര്യ: ഫൗസിയ. മക്കള്‍: ശാഹി ശുകൂര്‍, ശല്‍ബി ശുകൂര്‍, ശാഫി ശുകൂര്‍.

ഹബീബ് മസ്ഊദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍