വനിതാ ദിനത്തില്‍ മുസ്‌ലിം നേതൃത്വം ആലോചിക്കേണ്ടത്
ഇസ്‌ലാം സ്ത്രീയെ മാതാവ്, മകള്‍, സഹോദരി, ഇണ എന്നീ നാല് തലങ്ങളിലൂടെയാണ് കാണുന്നത്. അവളുടെ അസ്തിത്വവും അവകാശവും ഈ തലങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവഭക്തിയും സല്‍ക്കര്‍മങ്ങളും മാത്രമാണ് ഒരാളെ മറ്റൊരാളില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. 'സ്ത്രീയാകട്ടെ, പുരുഷനാകട്ടെ നിങ്ങളില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതി ചെയ്യുന്നതല്ല' (4:124) എന്നാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം.
ജീവിക്കാനുളള അവകാശം, ആരാധനാ സ്വാതന്ത്ര്യം, സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനും വിജ്ഞാനം കരസ്ഥമാക്കാനും രാഷ്ട്രീയ പങ്കാളിത്തം വഹിക്കാനുമുള്ള അവകാശം ഇതൊക്കെ അല്ലാഹു തന്റെ സൃഷ്ടി എന്ന നിലയില്‍ സ്ത്രീക്ക് നല്‍കി. മനുഷ്യന്‍ യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത് സ്വയം തീരുമാനമെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയുമ്പോഴാണ്. ധാര്‍ഷ്ട്യം കാണിക്കുന്ന സമൂഹത്തിനു മുമ്പില്‍ ആര്‍ജവത്തോടെ തന്റെ തീരുമാനം പ്രഖ്യാപിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് അല്ലാഹു നല്‍കി. ഖുര്‍ആനിന്റെ ബലത്തിലാണ് വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞതും. ഇസ്‌ലാമില്‍ സ്ത്രീ ആശ്രയവ്യക്തിത്വമല്ല. സാമൂഹിക സംഘാടനത്തിന്റെ ആദ്യപടിയായ വിവാഹത്തിലൂടെ സ്ത്രീ പരാശ്രയത്വത്തില്‍ എത്തിപ്പെടുകയല്ല ചെയ്യുന്നത് (2: 228, അത്ത്വലാഖ്: 1, 2).
ദൈവത്തിന്റെ പ്രതിനിധി
സ്ത്രീയെ പരാമര്‍ശിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, സ്ത്രീ പുരുഷ മേല്‍ക്കോയ്മക്കു കീഴില്‍ ജീവിക്കേണ്ടവളല്ലെന്നും എല്ലാവിധ അധികാരമേല്‍ക്കോയ്മയില്‍നിന്നും മോചിതയായി ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടവളാണെന്നും ഉണര്‍ത്തുന്നതു കാണാം. മാത്രമല്ല, ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി ദൗത്യനിര്‍വഹണം നടത്തേണ്ട സ്ത്രീയെ അതില്‍നിന്ന് തടയുന്ന പുരുഷനെ ശാസിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും കണെത്താനാവും. ''നിങ്ങള്‍ സ്ത്രീകളെ വിലക്കരുത്'' (2: 232). ''ദ്രോഹിക്കാനായി നിങ്ങള്‍ സ്ത്രീകളെ അന്യായമായി പിടിച്ചുവെക്കരുത്''(2: 231). സ്ത്രീയോട് ദൈവഹിതമല്ലാത്തത് ആജ്ഞാപിക്കുകയും സ്ത്രീയെ ദൈവത്തിന്റെ പ്രതിനിധിയെന്ന ഉത്തരവാദിത്തത്തില്‍നിന്ന് തടയുകയും ചെയ്യുന്ന പുരുഷ വ്യവസ്ഥിതിക്കുള്ള താക്കീതാണിത്.
സ്ത്രീയുടെ അവകാശാധികാരങ്ങള്‍ കൃത്യമായി എണ്ണിപ്പറഞ്ഞ് പക്വതയോടെ ഉത്തവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഖുര്‍ആന്‍ പ്രാപ്തമാക്കിയ പെണ്ണിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജാഹിലിയ്യത്ത് ഉയര്‍ന്നുനിന്നത് പെണ്ണിനെ കുഴിച്ചുമൂടിയ മണ്‍കൂനക്കുമേലാണ്. ആ കൂനകള്‍ ഇനിയും നിരപ്പായിട്ടില്ല എന്ന് നമ്മുടെ സാമൂഹിക പരിസരത്തെ ആണ്‍-പെണ്‍ ജനസംഖ്യാനുപാതം നോക്കിയാല്‍ മതിയാകും. പെണ്ണ് അശുദ്ധിയാണോ അല്ലേ എന്ന സന്ദേഹമാണ് ചുറ്റുമുള്ളത്. അതുകൊണ്ട് ഇസ്‌ലാമിനു പുറത്തുള്ള പെണ്ണ് ലോകത്ത് എന്തൊക്കെയോ നേടി എന്നോ, അത് ഇസ്‌ലാമിനകത്തുള്ള പെണ്ണിനില്ല എന്നോ തോന്നേ യാതൊരു കാര്യവുമില്ല.
അതേസമയം ദൈവത്തിന്റെ പ്രതിനിധി എന്ന നിലക്ക്, മുഹമ്മദ് നബിയിലൂടെ സാധ്യമായ ദൈവിക വ്യവസ്ഥക്കു കീഴില്‍ സ്ത്രീ ആരായിരുന്നുവെന്നും ആ വ്യവസ്ഥയെ അംഗീകരിക്കുന്ന മുസ്‌ലിംപെണ്ണ് എങ്ങനെയായിരിക്കണമെന്നും നാം ആലോചിക്കണം. അന്ന് സാധ്യമായത് ഇന്ന് എന്തുകൊണ്ട് ദൈവിക വ്യവസ്ഥയെ അംഗീകരിക്കുന്ന പെണ്ണിന് സാധ്യമാകുന്നില്ല? ഇസ്‌ലാമിലെ പെണ്‍മാതൃകകള്‍ എന്തുകൊണ്ട് നമ്മുടെ കാലത്ത് ഉയര്‍ന്നുവരുന്നില്ല? ഈ അന്വേഷണം വനിതാ ദിന പശ്ചാത്തലത്തില്‍ മുസ്‌ലിം സ്ത്രീകളും സമുദായ നേതൃത്വവും ആഭ്യന്തരമായി നടത്തണം.
സ്ത്രീയെ കുറിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും നിലവിലുള്ള സ്ത്രീസ്വത്വവാദങ്ങളോടും സാംസ്‌കാരിക സമ്പ്രദായങ്ങളോടും ഏറ്റുമുട്ടുന്നതായി കാണാം. അടിസ്ഥാന അധ്യാപനങ്ങള്‍ പ്രാദേശികമായി എല്ലാതരം ജീര്‍ണതകളുമായും വൈരുധ്യങ്ങളുമായും കൂടിക്കലര്‍ന്ന് ആചാരബദ്ധമായി മാറുന്ന സമ്പ്രദായം എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. ആചാരങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളിലെ നന്മകളെയും തള്ളിപ്പറയുകയല്ല. പക്ഷേ, മനുഷ്യനിര്‍മിത ആചാരങ്ങള്‍ പലതും പിന്നീട് വിലക്കുകളായി മാറുകയാണുായത്. അങ്ങനെ സ്ത്രീയെക്കുറിച്ച ഇസ്‌ലാമിന്റെ താത്ത്വിക അധ്യാപനങ്ങള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. പ്രമുഖ ചിന്തകനായ റാശിദുല്‍ ഗന്നൂശി ഇത് നിരീക്ഷിച്ചിട്ടു്. അതോടെ അവളുടെ ചിട്ടകള്‍ ലോകത്തിന്റെ വിശാലതയില്‍നിന്ന് മാറി വീട്, കുട്ടികള്‍, ഭര്‍ത്താവ് എന്നതിലേക്ക് ചുരുങ്ങി. എല്ലാ സ്ത്രീകള്‍ക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചേടത്തോളം ഇത് മതത്തിന്റെ പേരില്‍ വരവ് വെക്കപ്പെടുകയാണുായത്.
ദൗത്യനിര്‍വഹണം
ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ മര്‍യമും ചരിത്രത്തില്‍ ആവര്‍ത്തിച്ചോര്‍മിപ്പിക്കപ്പെടുന്ന ആഇശയും ഖദീജയും ഖൗലയും ഉമ്മുഅമ്മാറും അങ്ങനെയങ്ങനെ... അവരെന്തുകൊാണ് ഇസ്‌ലാമിക ലോകത്ത് ഇന്നും പ്രോജ്ജ്വലിച്ചുനില്‍ക്കുന്നത്? വീട്ടില്‍ നന്നായി ഭക്ഷണമുണ്ടാക്കി ഭര്‍ത്താവിനെയും മക്കളെയും ഊട്ടിയതിനാലാണോ? വീട്ടുജോലികള്‍ ഭംഗിയോടെ എല്ലാ നേരവും ചെയ്ത് അവരെ സംതൃപ്തരാക്കിയതിനാണോ? ഭര്‍ത്താവും മക്കളും പുറത്തുപോയി വരുമ്പോള്‍ എങ്ങോട്ടും പോകാതെ അവരെ കാത്തിരുന്നതിനാണോ? അല്ലേയല്ല. പിന്നെന്തിനാണ്? ഭര്‍ത്താവിനെ ധിക്കരിച്ച ആസിയയും ഭര്‍ത്താവുപോലും ഇല്ലാത്ത മര്‍യമും ഇസ്‌ലാമിക ചരിത്രത്തെ നിര്‍ണയിക്കുകയായിരുന്നല്ലോ. അല്ലാഹുവിന്റെ പ്രതിനിധിയെന്ന ദൗത്യമായിരുന്നു അവര്‍ നിറവേറ്റിയതെന്ന് മനസ്സിലാക്കാം. ആ ദൗത്യം തന്നെയാണ് എല്ലാ മുസ്‌ലിം സ്ത്രീകള്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ളത്. ഇതൊക്കെ ഖുര്‍ആനിക വെളിച്ചത്തില്‍നിന്നുകൊണ്ടു തന്നെ പറയാനും കഴിയും. അത് സാധ്യമാകുമ്പോഴേ ഇസ്‌ലാമിന്റെ സൃഷ്ടി സമത്വ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാകൂ.
സ്ത്രീക്ക് കുടുംബഭരണം മാത്രമല്ല അങ്ങാടി ഭരണവും സാധ്യമാണെന്ന് തെളിയിച്ച മഹതിയാണ് ഉമ്മുശിഫാഅ്. മണല്‍ക്കാട്ടില്‍ മനുഷ്യനാഗരികതക്ക് നിമിത്തമായ ഹാജറും ദിവ്യജ്ഞാനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച മര്‍യമും മൂസാ നബിയുടെ മാതാവും, തനിക്കവകാശപ്പെട്ട മഹ്ര്‍ നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയാകുന്നതുവരെ തന്റെ പ്രതിശ്രുത വരനായ മൂസായെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച സഫൂറയും ലോകത്തെ എക്കാലത്തെയും കടുത്ത വംശവെറിയന്‍ ഭരണാധികാരിയായ ഫറോവയെ ധിക്കരിച്ച ആസിയയും ഖുര്‍ആന്‍ വിവരണത്തിന്റെ ബലത്താല്‍ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നവരാണ്. ഓരോ സ്ത്രീയുടെയും ഓരോ കാലത്തെയും ദൗത്യം വ്യത്യസ്തമായിരിക്കുമെന്നും അതത് രൂപത്തില്‍ അവരിലോരോരുത്തരും അത് നിര്‍വഹിച്ചിട്ടുണ്ടെന്നും ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കാം.
ഇതൊക്കെ ചരിത്രകഥകളായി കേട്ടുരസിക്കുന്നുവെന്നല്ലാതെ അവ മാതൃകയാക്കിക്കൊുള്ള അവസരങ്ങളൊന്നും സ്ത്രീക്ക് നല്‍കുന്നില്ല. ഉദാഹരണത്തിന്, ഇപ്പോള്‍ നടന്നുകൊിരിക്കുന്ന ഗവേഷണ പഠനങ്ങള്‍. ഇവയില്‍ സ്ത്രീകളെ കൂടി നിര്‍ബന്ധമായും പങ്കാളികളാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ അതിന് മറുപടി നല്‍കാന്‍ കെല്‍പ്പുള്ള പണ്ഡിതകള്‍ ഉണ്ടാവണം. സ്ത്രീപ്രശ്‌നങ്ങളില്‍ പോലും സ്ത്രീകളോട് അഭിപ്രായം ചോദിക്കാതെ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ് ഇവിടെയുള്ള പണ്ഡിത രീതി. അടുത്തിടെയുണ്ടായ വിവാഹപ്രായം, മുത്ത്വലാഖ് വിഷയങ്ങളില്‍ അതാണുണ്ടായത്. പക്ഷേ പ്രവാചകന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന കരാറുകള്‍ പോലും തിരുത്തിയ ചരിത്രമാണ് മുസ്‌ലിം പെണ്ണിന്റേത്.
വീട്ടിലെ ഭരണാധികാരി
ഇമാം ഗസാലിയെപ്പോലുള്ളവരുടെ അഭിപ്രായം ധൈഷണികമായി ഉയര്‍ന്നുനില്‍ക്കുന്ന സ്ത്രീയെ വീടിനകത്തേക്ക് തളച്ചിടാന്‍ പാടില്ല എന്നാണ്. ഖുര്‍ആനില്‍ ഒരിടത്തും അടുക്കള ഭരണം നടത്തി മാതൃകയായ സ്ത്രീയെ കാണാനേ ഇല്ല. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിര്‍ണായക സ്ഥാനം വഹിക്കാന്‍ പ്രാപ്തിയുള്ള പെണ്ണ് അത്തരം മേഖലകളിലേക്ക് മനസ്സറിഞ്ഞ് ഇറങ്ങണമെങ്കില്‍ നേരത്തേയെണീറ്റ് അടുക്കളയിലേക്കിറങ്ങണമെന്നും നേരത്തേയെത്തി അടക്കളയിലേക്ക് വീണ്ടും കയറണമെന്നുമുള്ള ഇസ്‌ലാമിന്റേതല്ലാത്ത തിട്ടൂരങ്ങള്‍ നമ്മുടെ കേരളീയ മുസ്‌ലിം വീടകങ്ങളില്‍നിന്ന് ഇന്നും നമുക്ക് പിഴുതുമാറ്റാനായിട്ടില്ല. എന്തെല്ലാം വിദ്യാഭ്യാസ യോഗ്യതയുള്ളവളാണെങ്കിലും വീട്ടിലെ എല്ലാ പണിയും എടുക്കുമോ എന്നുതന്നെയാണ് ഭര്‍തൃവീട്ടുകാരുടെയും അയല്‍ക്കാരുടെയും വിവാഹം കഴിഞ്ഞെത്തിയ പെണ്ണിനെക്കുറിച്ച ചോദ്യം. അതുകൊണ്ടാണ് മുസ്‌ലിം സ്ത്രീകള്‍ മാത്രം പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു പോലും അവളുടെ ജൈവികത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത്. അവളിലെ മാതൃത്വത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും സാഹചര്യങ്ങള്‍ പാകപ്പെട്ടിട്ടില്ല. ഗര്‍ഭിണിയെയും കുഞ്ഞുങ്ങളുള്ള സ്ത്രീകളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സമയക്രമീകരണങ്ങള്‍ നടത്താനും ചൈല്‍ഡ് കെയര്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാനും ഇസ്‌ലാമികസ്ഥാപനങ്ങളെങ്കിലും തയാറാവണം. മതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏറെയുണ്ടായിട്ടും പുരുഷന്മാരെപ്പോലെ സമൂഹം അറിയുന്ന പണ്ഡിതകള്‍ കലാലയങ്ങളില്‍ നിന്ന് ഇറങ്ങിവരാത്തത് മതകലാലയങ്ങളെ വിവാഹമാര്‍ക്കറ്റിലേക്ക് ഒതുക്കമുള്ള പെണ്ണിനെക്കിട്ടുന്ന വേദിയാക്കി മാറ്റുന്നതുകൊണ്ടാണ്.
സൈനബുല്‍ ഗസ്സാലിയെപ്പോലെ സമരവീര്യവും പാണ്ഡിത്യവും ഒത്തിണങ്ങിയ സ്ത്രീകള്‍ ഉയര്‍ന്നുവരാന്‍ കാരണം ദൈവത്തിന്റെ പ്രതിനിധിയെന്ന നിലക്കുള്ള ദൗത്യം നിറവേറ്റാന്‍ അനുവദിക്കുന്ന സാമൂഹിക സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ്.
പൗരോഹിത്യത്തിനെതിരെ ഇസ്‌ലാമിന്റെ കര്‍ശന താക്കീതുണ്ടായിട്ടും പള്ളിമിനാരങ്ങളെ കവലകളിലിരുന്നു നോക്കിക്കാണാനുള്ള ഭാഗ്യം മാത്രമേ സമുദായത്തിനകത്തെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും ഇപ്പോഴുമുള്ളൂ. അവരെ പള്ളിയില്‍ പോകുന്നതില്‍നിന്നും പുരുഷ മേല്‍ക്കോയ്മ തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രവാചക കാലത്തെ പള്ളികള്‍ കൂടിയിരുന്ന് നമസ്‌കരിച്ച് പിരിഞ്ഞുപോകാനുള്ള ഇടം മാത്രമായിരുന്നില്ല. സമുദായത്തിന്റെ കര്‍മവ്യവഹാര മണ്ഡലങ്ങളെ നിര്‍ണയിച്ചതും ചലിപ്പിച്ചതും പള്ളികളായിരുന്നു. അവ അറിവ് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളായിരുന്നു. വീടിന്റെ ഇരുട്ടറയാണ് സ്ത്രീക്ക് ഉത്തമമെന്ന് പറഞ്ഞ് ആ പള്ളിവാതിലുകള്‍ മറ്റെന്തിനേക്കാളും മുന്നേ അടച്ചിടുന്നവര്‍ അത് ചെയ്യുന്നത് ബോധപൂര്‍വം തന്നെയാണ്. കാരണം മസ്ജിദില്‍നിന്ന് ഇറങ്ങിവരുന്ന പെണ്ണ് ഇസ്‌ലാമികമായി ശാക്തീകരിക്കപ്പെട്ടവളായിത്തീരുമെന്ന് എല്ലാവരേക്കാളും നന്നായി പുരോഹിതന്മാര്‍ക്ക് അറിയാം.
അന്ധവിശ്വാസങ്ങള്‍ തഴച്ചുവളരുന്ന ജാറങ്ങളിലും മഖ്ബറകളിലും ആളെക്കൂട്ടാന്‍ മാത്രമല്ല, എല്ലാവിധ എക്‌സിബിഷനുകളും ഭക്ഷ്യമേളകളും വിജയിപ്പിച്ചെടുക്കാനും പര്‍ദ ധരിച്ച മുസ്‌ലിം സ്ത്രീകള്‍ അണിനിരത്തപ്പെടുന്നു. അടുത്തിടെയുണ്ടായ മുലപ്പാല്‍ വിവാദത്തിലും ജിന്ന്‌സേവയിലൂടെ പെണ്‍കുട്ടി മരിച്ച സംഭവത്തിലും ഇര മുസ്‌ലിം പെണ്ണായത് ഇതുകൊണ്ടാണ്. ഭൂമിയിലെ ദൈവിക ഖിലാഫത്ത് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാതെ, അവളെ ശരീരകേന്ദ്രിതമായ വസ്ത്രം, സൗന്ദര്യസംരക്ഷണം, അലങ്കാരങ്ങള്‍ എന്നിവയിലേക്ക് ഒതുക്കിയത് മുതലാളിത്ത ചൂഷണ വ്യവസ്ഥിതി മാത്രമല്ല, പെണ്ണിന്റെ സര്‍ഗശേഷിയും നിര്‍മാണാത്മകതയും പരിപോഷിപ്പിക്കാതെ പുറംതിരിഞ്ഞുനിന്ന മുസ്‌ലിം പൗരുഷം കൂടിയാണ്. ശരീരത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന ഇടപാടുകാര്‍ വസ്ത്രത്തില്‍നിന്ന് ഇറക്കിയാണ് അവളെ വിപണിയിലെത്തിച്ചതെങ്കില്‍, കണ്ണുമൂടിക്കെട്ടിയാണ് പണ്ഡിതന്മാര്‍ അവളെ പറഞ്ഞയച്ചതെന്നുമാത്രം. ഇതൊക്കെ മുമ്പില്‍ വെച്ചുവേണം സംഘടനാ പക്ഷമില്ലാതെ മുസ്‌ലിം വനിതാ നേതൃത്വം വനിതാ ദിന ചിന്തകള്‍ രൂപപ്പെടുത്താന്‍.
Comments