Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

മരുഭൂമിയുടെ ആത്മകഥ

റസാഖ് പള്ളിക്കര

മരുഭൂമിയില്‍ മസ്‌റകളുണ്ട്. ആ തോട്ടങ്ങളില്‍ പച്ചക്കറികള്‍ മാത്രമല്ല; ഗോതമ്പ്, ചോളം തുടങ്ങിയ വിളവുകളുമുണ്ട്. ഇവിടെയൊക്കെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മൂന്നാം ലോകരാജ്യങ്ങളില്‍നിന്നുമെത്തിയ ദരിദ്രരായ തൊഴിലാളികളാണ്. ആവശ്യത്തിന് പോലും ഭക്ഷണമുണ്ടാവില്ല. ഒന്നോ രണ്ടോ ആഴ്ച പഴക്കമുള്ള ഉണക്കറൊട്ടി(ഖുബ്‌സ്) തിന്ന് വിശപ്പടക്കണം. വെള്ളവും വെളിച്ചവും കമ്മി. ആ ജീവിത യാതനകള്‍ പലരും എഴുതിയിട്ടുണ്ട്.

സ്വന്തം ഭാഷപോലും സംസാരിക്കാന്‍ മറന്നുപോയവരുണ്ട്. കള്ളിമുള്‍ച്ചെടികളോട് വരെ സ്വന്തം ഉടപ്പിറപ്പുകളോടെന്ന പോലെ, വേദനകള്‍ പങ്കുവെക്കുന്നവരുണ്ട്. രാവുകളില്‍, പകലുകളില്‍, ഏതോ ഉന്മാദാവസ്ഥകളില്‍ കരയുകയും ചിരിക്കുന്നവരുമുണ്ട്. ഒടുക്കം കറവ് വറ്റിയ ഒട്ടകങ്ങളെ മരുഭൂമിയുടെ അഗാധ കയങ്ങളിലേക്ക് കയറൂരിവിടുന്നതുപോലെ, ഇവരില്‍ പലരും ആ കയങ്ങളിലേക്ക് നടന്നുപോവുകയാണ്. പിന്നീടാരും ഇവരെ അന്വേഷിക്കാറില്ല, കണ്ടെത്താറുമില്ല.

സുഊദി അറേബ്യയിലെ അല്‍നഹുദ് മരുഭൂമിയിലെ ഉള്ളറകളില്‍ എവിടെ നിന്നോ ഒരു പാവം നേപ്പാളിയുടെ, നെഞ്ചുപൊട്ടിയ നിലവിളിയുടെ മുഴക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. അവനെ കാണാതായിട്ട് മൂന്ന് ദിവസങ്ങളോളമായി. നീണ്ട തെരച്ചിലിനൊടുവില്‍ അവനെ കണ്ടെത്തിയത്, പെരുമ്പാമ്പിന്റെ വയറ്റിലാണ്. ജീവനുള്ള പെരുമ്പാമ്പിനെ വളരെ സൂക്ഷ്മമായി വയറു കീറിയെങ്കിലും അപ്പോഴേക്കും അവന്റെ ശ്വാസം നിലച്ചിരുന്നു. ടീ ഷര്‍ട്ടും ബര്‍മുഡയും ധരിച്ചുള്ള ആ രൂപം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന അതേ നിലയിലായിരുന്നുവത്രെ. നേപ്പാളിലെ ഏതോ കുഗ്രാമത്തില്‍ കൈനിറയെ അറേബ്യന്‍ സുഗന്ധങ്ങളുമായി പടികയറിവരുന്ന അവനെയും പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവണം.

മുസഫര്‍ അഹ്മദിന്റെ 'മരുഭൂമിയുടെ ആത്മകഥ' എന്ന കൃതിയില്‍ ഇതുപോലുള്ള ഇതുവരെ അറിയാത്ത മരുഭൂമിയെയാണ് പരിചയപ്പെടുത്തുന്നത്. വന്യജീവികളുടെ വളര്‍ത്തുഫാമും മറ്റൊരു കാഴ്ചയാണ്. ഒരു രാത്രി കൂട് പൊളിച്ചിറങ്ങിയ ഒരു പുലി ഇരയാക്കിയത്, മറ്റൊരു തമിഴ് തൊഴിലാളിയെ. എത്രയോ കുടുംബങ്ങള്‍ക്ക് അന്നത്തിനു വേണ്ടി പുറപ്പെട്ട ആ പാവം മനുഷ്യന് ഒടുവില്‍ സ്വയം ഇരയാകേണ്ടിവരുന്നത് എത്രമാത്രം സങ്കടകരമാണ്. അതിജീവനത്തിന്റെ ദുരന്തമായ അടയാളപ്പെടുത്തലുകള്‍.

മരുഭൂമിയിലെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് പറയുമ്പോഴും അസാധാരണമായ ഋതുഭേദങ്ങളുടെ മരുഭൂക്കാഴ്ചയും വിസ്മയിപ്പിക്കുന്നതു തന്നെയാണ്. രാവും നിലാവും അസ്തമയവും എത്ര മനോഹരമായിട്ടാണ് ആ കൃതിയില്‍ വര്‍ണിച്ചിരിക്കുന്നത്.

'അസ്തമയത്തിന് തൊട്ടുമുമ്പ് മണല്‍ക്കുന്നുകളില്‍ പിറക്കുന്ന നിഴലുകള്‍ക്ക് നീളവും വേഗവും കൂടും. നിഴലുകള്‍ കെട്ടു പിണയുമ്പോള്‍ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികള്‍ ഉയര്‍ന്നുവരികയാണെന്ന് തോന്നും. ഒട്ടകക്കൂട്ടങ്ങളും ആട്ടിന്‍പറ്റങ്ങളും അവയെ തെളിച്ചുപോകുന്നവരും നിഴലുകളായി മാറും. ആ കാഴ്ച മനുഷ്യന്‍ കടന്നുവന്ന പല വഴികളെയും പെട്ടെന്ന് ഓര്‍മിപ്പിക്കും.'

മരുപ്രദേശത്തുള്ള ഓരോ സ്ഥലങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചരിത്രസ്മരണകളും വായനയെ നവ്യാനുഭവമാക്കി മാറ്റുന്നുണ്ട്.

സമൂദ് വംശത്തിന്റെ പതനം ഇന്നും ഭയപ്പെടുത്തുന്ന ഓര്‍മകളായി നിലനില്‍ക്കുന്ന 'മദാഇന്‍ സ്വാലിഹ്.' ഇപ്പോഴും സന്ധ്യയാകും മുമ്പേ സഞ്ചാരികള്‍ അവിടെനിന്നും മടങ്ങണമത്രെ. ദൈവകോപത്തിന് ഇരയാക്കപ്പെട്ട ആ സ്ഥലം കടന്നുപോകുമ്പോള്‍ പ്രവാചകനും കൂട്ടരും അവിടെ തങ്ങാതെ അതിവേഗം കടന്നുപോകാറുണ്ടായിരുന്നുവത്രെ.

അറബ്-പേര്‍ഷ്യന്‍ പ്രണയ കാവ്യമായ ലൈലാ-മജ്‌നുവിന്റെ തപ്തനിശ്വാസങ്ങളുതിര്‍ന്നിരുന്ന ലൈലാ-അഫ്‌ലാജ്, ലൈലാക്കുളം- മരുഭൂക്കാഴ്ചകളിലെ ഈ സ്മരണകളൊക്കെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് നമ്മെയറിയാതെ കൂട്ടിക്കൊണ്ടുപോകും.

ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി എന്നറിയപ്പെടുന്ന റുബ്ഉല്‍ ഖാലി. കടല്‍ത്തിരമാലകളെ പോലും നിസ്സാരമാക്കിക്കളയുന്ന മണല്‍ത്തിരമാലകളുടെ കാറ്റിളക്കങ്ങള്‍ നയന മനോഹരമായ കാഴ്ചയാണ്. ഇതിനോട് ചേര്‍ന്നു കിടക്കുന്ന ജനവാസമുള്ള സുഊദി-യമന്‍ അതിര്‍ത്തിയിലാണത്രെ ആദിമ ഗോത്രക്കാരായ ബദവികളുടെ പിന്തുടര്‍ച്ചക്കാരുടെ താമസസ്ഥലം. മാത്രമല്ല ഇവിടെ താമസിക്കുന്ന ബദവികള്‍ തോക്കുധാരികളാണത്രെ. വന്യജീവികളില്‍നിന്നും രക്ഷ നേടാനാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ പോലും ഇവരെ കാണുമ്പോള്‍ നീ വളരെ ശക്തനാണെന്ന് (ഖവിയ്യ്) പറയണമത്രെ. ഇതു കേള്‍ക്കുമ്പോള്‍ (നജീത്തു) നീ പറഞ്ഞതില്‍ എന്റെ വിജയം എന്ന മറുപടിയും സന്തോഷത്തോടെ അയാള്‍ തിരിച്ചുപറയുമത്രെ.

ഇത്തരത്തിലുള്ള കൗതുകകരവും എന്നാല്‍ അതിനേക്കാളേറെ മരുഭൂമിയുടെ ആത്മാവ് തൊട്ടറിയാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരുപാട് ഗഹനമായ ചരിത്രപാഠങ്ങളാണ് മുസഫര്‍ അഹ്മദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച 'മരുഭൂമിയുടെ ആത്മകഥ' പകരുന്നത്.

മരുഭൂമിയെ ചങ്ങാതിയാക്കിയാല്‍ അതിന്റെ ചിറകില്‍ സഞ്ചരിക്കാം. അല്ലെങ്കില്‍ അതിന്റെ കൊമ്പില്‍ കുരുങ്ങി മരിക്കാം. ബദവികളുടെ ഈ പഴമൊഴി എത്ര സഞ്ചാരികളുടെ മനസ്സ് ഉള്‍ക്കൊണ്ടിട്ടുണ്ടാവണം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌