Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

യുക്തിചിന്തയും ദൈവവും പിന്നെ ദെകാര്‍തിന്റെ സ്വപ്‌നങ്ങളും

മുഹമ്മദ് ശമീം

ചിത്തങ്ങളുണ്ടവര്‍ക്ക്, പക്ഷേ ഒന്നുമേതും ഗ്രഹിക്കുന്നില്ല. കണ്ണുകളുണ്ടെങ്കിലും യാതൊന്നും കാണുന്നില്ല. ശബ്ദങ്ങളൊന്നും പതിയുന്നില്ലവരുടെ കര്‍ണങ്ങളില്‍. കന്നുകാലികളെപ്പോലെ ചില ജന്മങ്ങള്‍, അല്ല, പിഴച്ചു പോയവര്‍. അശ്രദ്ധയെ നിലപാടാക്കിയവര്‍.  (ഖുര്‍ആന്‍, അല്‍ അഅ്‌റാഫ് 179). 

 

ഫ്രഞ്ച് തത്ത്വചിന്തകന്‍ റെനെ ദെകാര്‍ത്തിന് (Rene Descartes) ഒരിക്കല്‍ ചില സ്വപ്‌നക്കാഴ്ചകളുണ്ടായി. 

1619 നവംബറിലെ അതിശൈത്യമുള്ള ഒരു രാത്രിയായിരുന്നു അത്. ബവേറിയയിലെ ഒരു ചെറുഗ്രാമമായ ഉല്‍മിലെ (Ulm) ഒരു ചെറിയ മുറിയില്‍ ഇരുപത്തിമൂന്നുകാരനായ ദെകാര്‍ത് നെരിപ്പോടിനടുത്തേക്ക് നീങ്ങിയിരുന്നു. ശരീരവും മനസ്സും അല്‍പം ചൂട് പിടിച്ചു തുടങ്ങിയ സന്ദര്‍ഭത്തില്‍ പ്രതിഭാധനനായ ഒരു വ്യക്തി തന്നെ സമീപിച്ചതായി അദ്ദേഹത്തിന് തോന്നി. ചുറ്റിലും ശക്തിയേറിയ വെളിച്ചം പ്രസരിച്ചിരുന്നു. അന്നേരം അഭൗമമായ ഒരനുഭൂതി തന്നെ ഗ്രസിച്ചതായി അനുഭവപ്പെട്ടെങ്കിലും ഈ ദര്‍ശനം ദൈവത്തെയോ സ്വര്‍ഗീയരഥങ്ങളെയോ വാഗ്ദത്തഭൂമിയായ യരുശലേമിനെയോ കുറിച്ചുള്ളതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ അത് സകല ശാസ്ത്രങ്ങളുടെയും വിജ്ഞാനങ്ങളുടെയും ഏകോപനത്തിലേക്കുള്ള (Vision of the unification of all sciences)  യാത്രയായിരുന്നു. തന്നെ മഥിച്ചുകൊണ്ടിരുന്ന ഒരുപാട് ചോദ്യങ്ങളുടെ ഉത്തരത്തിലേക്ക് ആ വ്യക്തി ദെകാര്‍തെയെ നയിച്ചു. ഇനിയും മൂന്ന് സ്വപ്‌നങ്ങള്‍ കാണുമെന്ന് അയാള്‍ അദ്ദേഹത്തോടു പറഞ്ഞു.

ഒന്നാമത്തെ സ്വപ്‌നത്തില്‍ ശക്തിയേറിയ ഒരു ചുഴലിക്കാറ്റ് അദ്ദേഹത്തെ വട്ടം കറക്കുന്നുണ്ടായിരുന്നു. ചുറ്റിലും നിരവധി ദുര്‍ഭൂതങ്ങള്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിശക്തമായ ചുഴലിയില്‍പെട്ട താന്‍ അനന്തമായ ആഴത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്ന് ദെകാര്‍ത് തിരിച്ചറിഞ്ഞു. അപ്പോള്‍ ദൂരെയൊരാള്‍ അദ്ദേഹത്തിനു നേരെ ഒരു തണ്ണിമത്തന്‍ വെച്ചു നീട്ടുന്നുണ്ടായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞപ്പോള്‍ അദ്ദേഹം ഉണര്‍ന്നു.

രണ്ടാമത്തെ സ്വപ്‌നത്തില്‍, പുറത്തെ ഇടിവെട്ടുകളില്‍നിന്ന് ഒന്നിന്റെ ശബ്ദം, ഒപ്പം ഒരു മിന്നല്‍ പ്രകാശവും. ഈ ശബ്ദവും വെളിച്ചവും അദ്ദേഹത്തിന്റെ മുറി മുഴുവന്‍ വ്യാപിച്ചിരുന്നു.

മൂന്നാമത്തെ സ്വപ്‌നത്തില്‍ കാര്യങ്ങളെല്ലാം തികച്ചും ശാന്തവും ധ്യാനനിര്‍ഭരവുമാണ്. മേശപ്പുറത്ത് കിടന്നിരുന്ന കവിതാസമാഹാരം ദെകാര്‍ത് മറിച്ചുനോക്കി. അതിലെ ഓസോണിയസിന്റെ (നാലാം നൂറ്റാണ്ടിലെ റോമന്‍ കവിയാണ് ഡെസിമിയസ് മാഗ്നസ് ഓസോണിയസ് /Decimius Magnus Ausonius‑‑)  വരികള്‍ വായിച്ചു. "Quod vitae sectabor iter" (What path shall I take in life? ജീവിതത്തില്‍ ഞാന്‍ തെരഞ്ഞെടുക്കേണ്ട വഴി ഏത്?). അപ്പോള്‍ ഒരജ്ഞാതന്‍ പ്രവേശിച്ച് "Est et non" (Yes and No)  എന്ന് ആവര്‍ത്തിച്ചു വരുന്ന ഒരു കവിത അദ്ദേഹത്തെ കേള്‍പ്പിച്ചുകൊണ്ടിരുന്നു. ഉടനെ നേരത്തേ താന്‍ വായിച്ചിരുന്ന ഓസോണിയസ് കവിത അയാളെ കേള്‍പ്പിക്കാനായി ദെകാര്‍തെ പുസ്തകം തെരഞ്ഞപ്പോള്‍ അതവിടെ കണ്ടില്ല. എന്നാല്‍ പെട്ടെന്നു തന്നെ ആ പുസ്തകം തിരികെ വരികയും ചെയ്തു. താങ്കളുടേതിലേക്കാള്‍ മെച്ചപ്പെട്ട കവിത കാണിച്ചുതരാമെന്നു പറഞ്ഞ ദെകാര്‍ത് പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. 

തന്റെ സ്വപ്‌നങ്ങളെ തത്ത്വചിന്തകന്‍ ഇങ്ങനെ മനസ്സിലാക്കി. ആത്മനിഷ്ഠതലത്തില്‍ സാത്താന്റെ പ്രലോഭനങ്ങളെയാണ് ഒന്നാമത്തെ സ്വപ്‌നത്തില്‍ താന്‍ കണ്ടത്. വേതാളങ്ങളും തണ്ണിമത്തനുമൊക്കെ ഇതിന്റെ അടയാളങ്ങളാണ്. രണ്ടാമത്തെ സ്വപ്‌നത്തില്‍ അദ്ദഹം വസ്തുനിഷ്ഠമായ പ്രകൃതിപ്രതിഭാസത്തെക്കുറിച്ച അറിവിലേക്കുണര്‍ന്നു. ഈ രണ്ട് അനുഭവങ്ങള്‍ക്കും ശേഷമാണ് ചിന്തകന്‍ ദൈവത്തിന്റെ ഹിതത്തെ അറിയുന്നത്. വസ്തുതകളെ ഉണ്ട്, ഇല്ല (Yes and no)  എന്ന പ്രസ്താവങ്ങളിലൊതുക്കിനിര്‍ത്താതെ യുക്തിയുടെ ഭാഷയില്‍ പൂര്‍ണമായി വിശകലനം ചെയ്യാന്‍ ശ്രമിക്കണം. അതാണ് ജ്ഞാനത്തിന്റെ ഏകീകരണത്തിലേക്കും തെളിച്ചത്തിലേക്കുമുള്ള (The unification and the illumination of the whole of science, even the whole of knowledge)  വഴി. 

ഇവിടെ ശാസ്ത്രങ്ങളെ മാത്രമല്ല, ദൈവഹിതത്തെയും യുക്തിചിന്തയെയും തമ്മിലും ബന്ധിപ്പിക്കുന്ന തത്ത്വചിന്തയിലേക്കാണ് ദെകാര്‍ത് ചെന്നെത്തുന്നത്. 

യുക്തിയുടെ ഭാഷയിലുള്ള വിശകലനത്തിന് നാല് നിയമങ്ങളുണ്ട്! 1) ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നതുവരെ അതിനെ സത്യമെന്ന് കരുതാന്‍ നമുക്കാവില്ല. 2) ഈ അറിവ് ഉള്‍ക്കൊള്ളുന്നതിന് വസ്തുതകളെ ചെറുഘടകങ്ങളാക്കിത്തിരിക്കേണ്ടതുണ്ട്. എല്ലാ ചെറിയ വിചാരങ്ങളെയും അളന്നും തൂക്കിയും പഠിക്കുകയും വേണം. 3) ലാളിത്യത്തില്‍നിന്ന് സങ്കീര്‍ണതയിലേക്കാണ് തത്ത്വചിന്ത സഞ്ചരിക്കേണ്ടത്. എങ്കിലേ പുതിയ ഉള്‍ക്കാഴ്ച സ്വരൂപിക്കാനാവൂ. 4) വാദത്തിന്റെ സകല ബന്ധങ്ങളെയും കൃത്യമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇങ്ങനെ തത്ത്വചിന്താപരമായ തീര്‍പ്പ് കൈയെത്താവുന്ന ദൂരത്തിലാവും.

സീറോ പോയിന്റില്‍നിന്നാണ് മുന്നോട്ടു പോകേണ്ടത്. എല്ലാത്തിനെയും സംശയിക്കുക എന്നതു മാത്രമാണ് നിശ്ചിതത്വമുള്ള ഏക പ്രക്രിയ. സംശയിക്കുമ്പോള്‍ ചിന്തിക്കേണ്ടിവരുന്നു. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു. അപ്പോള്‍ ഞാന്‍ ചിന്തിക്കുന്ന ജീവിയാണെന്ന് ഉറപ്പാണ്. അതിനാല്‍ ഞാന്‍ ഉണ്ടെന്നും തീര്‍ച്ചയാണ്. അതായത് Cogito, Ergo Sum (I think, therefore I am). നാം യുക്തിബോധത്താല്‍ മനസ്സിലാക്കുന്നത് ഇന്ദ്രിയങ്ങളാലറിയുന്നതിനേക്കാള്‍ യാഥാര്‍ഥ്യമായിരിക്കുമെന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ചിന്തിക്കുന്ന 'ഞാന്‍' ഇന്ദ്രിയങ്ങളാല്‍ അറിയുന്ന 'ഭൗതികലോക'ത്തേക്കാളും യാഥാര്‍ഥ്യാധിഷ്ഠിതമായിരിക്കും.

തികച്ചും സമഗ്രമായ ഒരസ്തിത്വത്തെപ്പറ്റി വ്യക്തവും വ്യതിരിക്തവുമായ ആശയം തന്റെ മനസ്സിലുണ്ട്. എന്നാല്‍ അത്തരമൊരാശയം തന്നില്‍നിന്നുതന്നെ രൂപപ്പെട്ടുവന്നതാവാനിടയില്ല. സമ്പൂര്‍ണമായ അസ്തിത്വത്തെക്കുറിച്ച ആശയം അപൂര്‍ണനായ ഒരുവനില്‍നിന്ന് ഉത്ഭവിക്കുകയില്ലല്ലോ. അതിനാല്‍, സമ്പൂര്‍ണമായ അസ്തിത്വത്തെക്കുറിച്ച ആശയം സമ്പൂര്‍ണമായ ആ അസ്തിത്വത്തില്‍നിന്നുതന്നെയാണ് ഉത്ഭവിക്കുക. അപ്പോള്‍ ആ മഹത്തായ അസ്തിത്വത്തില്‍നിന്ന്, ദൈവത്തില്‍നിന്ന് ചിന്തിക്കുന്ന ഒരു സ്വത്വം നിലനില്‍ക്കുന്നതുപോലെ ആ ദൈവവും നിലനില്‍ക്കുന്നുണ്ട്. ഇത് തെളിവിനെസ്സംബന്ധിക്കുന്ന ഒരു പ്രശ്‌നമല്ല. നാമെല്ലാം സമ്പൂര്‍ണാസ്തിത്വമെന്ന ആശയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. അതായത്, ദൈവമെന്ന ആശയം അന്തര്യാമിയാണ്. അത് നമ്മില്‍ മുദ്രിതമായിരിക്കുന്നു. കരകൗശലവിദഗ്ധന്റെ മുദ്ര അയാളുടെ സൃഷ്ടിയില്‍ മുദ്രിതമായിരിക്കുന്നതു പോലെ. 

അനലെറ്റിക്കല്‍ ജ്യോമട്രിയുടെ പിതാവായി അറിയപ്പെടുന്ന, ഗണിതജ്ഞനായ ദെകാര്‍ത് തത്ത്വചിന്തയിലും ഗണിതാത്മകമായ മാര്‍ഗമാണ് തേടിയത്. അക്കങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നാമുപയോഗിക്കുന്ന അതേ ഉപകരണം തന്നെ, അതായത് കാരണം അഥവാ യുക്തി, തത്ത്വചിന്തയിലും പ്രയോഗിക്കണം. യുക്തിചിന്തയുടെ തീര്‍പ്പാണ് ദൈവം. ഇപ്രകാരമാണ് ജ്ഞാനത്തെയും ദൈവത്തെയും ദെകാര്‍ത് അറിയുന്നത്. 

സമഗ്രമായ അസ്തിത്വത്തെക്കുറിച്ച, വ്യക്തവും വ്യതിരിക്തവുമായ ആശയം മനസ്സിലുള്ളതു കൊണ്ടു മാത്രം അതെങ്ങനെ യാഥാര്‍ഥ്യമാവും എന്ന് ചോദിക്കാം. കേവല ഭാവനകളും ഇതുപോലെ വ്യതിരിക്തമായി ആശയതലത്തില്‍ നിലനില്‍ക്കുന്നുണ്ടല്ലോ. crocophant, mermaid, dragon തുടങ്ങി ഭാവനയില്‍ ഒരുപാട് അസ്തിത്വങ്ങള്‍ നിലകൊള്ളുന്നുണ്ട് (പ്രചുരപ്രചാരം നേടിയ നാടോടിക്കഥകളിലെ കഥാപാത്രങ്ങളാണ് ഇവ. ആനയുടെ ശരീരവും മുതലയുടെ തലയും അല്ലെങ്കില്‍ മുതലയുടെ ശരീരവും ആനയുടെ തലയും ഉള്ള ജന്തുവിനെയാണ് ക്രോക്കഫന്റ് എന്ന് വിളിക്കുക. ഭീമന്‍ ഉരഗത്തിന്റെയും പക്ഷിയുടെയും സവിശേഷതകള്‍ സംയോജിപ്പിക്കപ്പെട്ട തീ തുപ്പിപ്പറക്കുന്ന കഥാപാത്രമാണ് ഡ്രാഗണ്‍. ഇതുപോലെ മത്സ്യത്തിന്റെ വാലും മനുഷ്യസ്ത്രീയുടെ ശരീരവുമുള്ള ഭാവനാസ്തിത്വത്തെ ജലകന്യക- mermaid- എന്ന് വിളിക്കുന്നു). 

എന്നാല്‍ ഇതിന് ദെകാര്‍ത് നല്‍കുന്ന മറുപടി ഇവയെക്കുറിച്ച നമ്മുടെ സങ്കല്‍പനങ്ങളില്‍ അവ നിലനില്‍ക്കുന്നു എന്ന ആശയം ഇല്ല എന്നതാണ്. എന്നാല്‍ സമ്പൂര്‍ണാസ്തിത്വത്തെക്കുറിച്ച നമ്മുടെ ആശയത്തില്‍ അതുണ്ട്. അതായത്, അത് സുനിശ്ചിതമാണ്. ഒരുവന്റെ യുക്തിവിവേചനത്തില്‍ ഒരു കാര്യത്തെപ്പറ്റി എത്രത്തോളം സ്പഷ്ടതയുണ്ടോ, അത്രത്തോളം ഉറപ്പാണ് അത്. 

ജ്ഞാനത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ട് യുക്തിക്കുമപ്പുറം വെളിപാടിന്റെ പ്രസക്തിയെ വിവരിക്കുന്നുണ്ട് ഇമാം ഗസാലി. പ്രാഥമികമായി മനുഷ്യന്‍ ബാഹ്യേന്ദ്രിയങ്ങളാലാണ് ജ്ഞാനം നേടുന്നത്. ഗസാലിയുടെ അഭിപ്രായത്തില്‍ നമ്മില്‍ സൃഷ്ടമാവുന്ന ഒന്നാമത്തെ സംവേദനോപാധി സ്പര്‍ശമാണ്. അങ്ങനെയാണ് നാം ഉഷ്ണവും ശൈത്യവും അനുഭവിക്കുകയും സ്‌നിഗ്ധവും ശുഷ്‌കവും അറിയുകയും മിനുപ്പും പരുപ്പും വേര്‍തിരിക്കുകയും ചെയ്തത്. എന്നാല്‍ സ്പര്‍ശമാത്ര സംവേദനത്തില്‍ വര്‍ണശബ്ദാദികള്‍ നമ്മുടെ അനുഭവത്തിന് പുറത്തു നില്‍ക്കുന്നു. അതിനാല്‍ അതിനെ ആത്യന്തിക യാഥാര്‍ഥ്യമായി പരിഗണിക്കാവതല്ല. 

അതോടെ ദൃശ്യസംവേദിയായ തലത്തിലേക്ക് സ്വത്വം വികസിക്കുന്നു. ദര്‍ശനം നമ്മെ വര്‍ണരൂപാദികളുടെ ലോകത്തേക്ക് നയിക്കുന്നു. കാഴ്ചയാണ് അവബോധത്തെ ഏറ്റവും വിശാലമാക്കുന്നത്. എന്നാല്‍ ശ്രോത്രവും കൂടി ചേര്‍ന്നപ്പോഴാണ് ശബ്ദങ്ങളിലേക്ക് ജ്ഞാനം വികസിച്ചത്. 

എന്നാല്‍ ഇന്ദ്രിയാനുഭവങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ ചിലപ്പോഴെങ്കിലും വൈരുധ്യങ്ങളുണ്ടാവുന്നു. ഇവിടെ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് നമ്മുടെ യുക്തിയാണ്. 

എന്നാല്‍ യുക്തി എല്ലായ്‌പ്പോഴും അവലംബനീയമാണോ? ഇവിടെ ഗസാലി പറയുന്നത് ജ്ഞാനമാര്‍ഗത്തില്‍ ഇന്ദ്രിയാനുഭവങ്ങളെ നിരാകരിക്കാനുള്ള അധികാരം യുക്തിക്കുള്ളതു പോലെ യുക്തിയെ നിരാകരിക്കാന്‍ വെളിപാടുകള്‍ക്ക് അധികാരമുണ്ടെന്നാണ്. 

കാരണബോധമാണ് യുക്തിയുടെ ആധാരം. ദൈവികമായ പ്രാതിനിധ്യ നിര്‍വഹണത്തിന് പ്രാപ്തനാക്കുന്നതിനു വേണ്ടി മനുഷ്യന് നല്‍കപ്പെട്ട ആദ്യ കരു അറിവാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത് പറയുമ്പോള്‍ ദൈവം ആദമിന് പേരുകളെക്കുറിച്ച അറിവ് നല്‍കി എന്നാണ് ഖുര്‍ആനിലുള്ളത്. ഇത് സൂചിപ്പിക്കുന്നത് കാരണബോധത്തെയും യുക്തിചിന്തയെയും ആണ് എന്ന് മുഹമ്മദ് അസദ് എഴുതുന്നു ("Knowledge of all the names" denotes man's faculty of logical definition- The Message of the Quran). അതായത്, കാരണബോധമാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ തന്നെ ആധാരം. 

ഹേതുബോധത്തിന്റെയും യുക്തിയുടെയും പിന്‍ബലമില്ലാത്ത എല്ലാ വിശ്വാസങ്ങളും അന്ധമാണ്. ഖുര്‍ആനിലെ ഈമാന്‍ എന്ന പദം തന്നെ അതിനെയാണ് സൂചിപ്പിക്കുന്നത്. ഭാഷാപരമായി ഈ പദത്തിനോ ഇതിന്റെ മൂലപദമായ 'അംനി'നോ വിശ്വാസം എന്നര്‍ഥമില്ല. നിര്‍ഭയത്വം എന്നും സമാധാനം എന്നും അര്‍ഥമുള്ള അംന് കേവലമായ വിശ്വാസത്തെയല്ല, കേവലമായ ബോധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതായത്, ഈമാന്‍ എന്നാല്‍ Feeling that something is real and true ആണ്. സമ്പൂര്‍ണാസ്തിത്വത്തെക്കുറിച്ച ബോധ്യമാകുമ്പോള്‍ അത് പകരുന്നത് Trust and Confidence  ആണ്. ട്രസ്റ്റ് സൂചിപ്പിക്കുന്നത് വിശ്വസ്തതയെയാണെങ്കില്‍ കോണ്‍ഫിഡന്‍സിന്റെ അര്‍ഥം ആത്മവിശ്വാസം എന്നാണ്. സമ്പൂര്‍ണാസ്തിത്വം അഥവാ കാരണങ്ങളുടെ കാരണം ഒരു ബോധ്യമായി മാറുന്നത് ജീവിതത്തിനും മനസ്സിനും ഉണ്ടാക്കുന്ന വ്യതിയാനങ്ങളെയാണ് ഇത് വ്യക്തമാക്കുന്നത്. ദൈവാസ്തിക്യത്തെക്കുറിച്ച ബോധ്യമുള്ളവന്‍ വിശ്വസ്തനായിരിക്കും. അമാനത്ത് (Trust) ഇല്ലാത്തവന് ഈമാന്‍ ഇല്ല എന്ന് ഒരു നബിവചനവുമുണ്ട്. ഈ ബോധ്യത്തിന്റെ അഭാവത്തിലാണ് വേണ്ടത്ര യുക്തിബോധമില്ലാത്തവരോട് (അഅ്‌റാബ്) നിങ്ങള്‍ നിങ്ങളെപ്പറ്റി മുഅ്മിനുകള്‍ (ഈമാന്‍ ഉള്ളവര്‍) എന്ന് അവകാശപ്പെടരുതെന്നും മുസ്‌ലിംകള്‍ (കേവല മതാനുഗാതാക്കള്‍) എന്ന് പറഞ്ഞാല്‍ മതിയെന്നും ഖുര്‍ആന്‍ പറയുന്നത്. ഈ വിശ്വസ്തതയും ആത്മവിശ്വാസവും മനുഷ്യന് നല്‍കുന്ന സമാധാനവും നിര്‍ഭയത്വവുമാണ് ആത്യന്തികമായി ഈമാന്‍ എന്ന അനുഭവം. കേവല വിശ്വാസം (Belief or Faith)  എന്നത് ഈമാന്‍ എന്ന ആശയത്തില്‍ വരുന്നില്ല എന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌