Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

മനുഷ്യബോധത്തെ വികലമാക്കിയത് ആരെല്ലാം?

അബ്ബാസ് റോഡുവിള

'എല്ലാവരും ശുദ്ധപ്രകൃതിയില്‍ ജനിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ അവരെ വിവിധ മാര്‍ഗങ്ങളിലേക്ക് നയിക്കുന്നു' എന്ന് പ്രവാചകന്റെ ഒരു വാക്യമുണ്ട്. മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളില്‍ ചെലുത്തുന്ന അവഗണിക്കാനാവാത്ത സ്വാധീനത്തെക്കുറിച്ചാണ് ഈ വാക്യം. എന്നാല്‍ ഈ സ്വാധീനങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ബോധമണ്ഡലത്തെ കീഴടക്കുന്ന ചില ആശയധാരകളുണ്ട്.

സൃഷ്ടികളില്‍ ശ്രേഷ്ഠനാണ് മനുഷ്യന്‍. അപാരമായ ബുദ്ധിശക്തിയും ഉയര്‍ന്ന സര്‍ഗശേഷിയും അവന് നല്‍കപ്പെട്ടിരിക്കുന്നു. 'മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു' എന്നാണല്ലോ വേദഗ്രന്ഥം പറയുന്നത്.

അനുനിമിഷ വികസ്വരമായ പ്രകൃതമാണ് മനുഷ്യന്റേത്. ആദിമമനുഷ്യന്‍ മുതല്‍ ഇന്നേവരെയുള്ള മനുഷ്യരാശിയുടെ വളര്‍ച്ചയുടെ പിന്നിലെ രഹസ്യം മനുഷ്യന്റെ ഈ പ്രത്യേകതയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് അവന്‍ നേടിയ വളര്‍ച്ച അത്ഭുതകരമാണ്. മനുഷ്യ ജീവിതം അനായാസകരമാക്കാന്‍ ഇത് മനുഷ്യരാശിയെ ഏറെ സഹായിച്ചിരിക്കുന്നു. ഈ വളര്‍ച്ച നിരന്തരമായി തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. മനുഷ്യന്‍, പ്രപഞ്ചം, മനുഷ്യജീവിതം എന്നീ മേഖലകളെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ഊഹങ്ങളും അനുമാനങ്ങളും മാത്രമാണ് ഇന്നും ആ മേഖലയില്‍ ഉള്ളത്. ഇതു പക്ഷേ, മനുഷ്യന്റെ കഴിവുകേടായി കാണേണ്ടതില്ല. കാരണം പഞ്ചേന്ദ്രിയങ്ങളിലൂടെ മനുഷ്യന് ലഭിക്കുന്ന അറിവില്‍നിന്നു കൊണ്ടുമാത്രമേ അവന് ചിന്തിക്കാനും ആശയങ്ങള്‍ രൂപീകരിക്കാനും കഴിയൂ. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവ് പൂര്‍ണമോ പരമസത്യമോ അല്ലല്ലോ.

എന്താണ് ഈ പ്രപഞ്ചം? പ്രപഞ്ചത്തിന്റെ ഘടനയും അതിരുകളുമെന്ത്? പ്രപഞ്ചത്തിന്റെ ഉത്ഭവം എങ്ങനെ? ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിച്ചതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്ക് ആധുനിക ശാസ്ത്രത്തിന് വ്യക്തമായ ഉത്തരങ്ങളില്ല. ചില ഊഹങ്ങള്‍ മാത്രമേ ഉള്ളൂ. മനുഷ്യ സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രലോകം ഗുരുതരമായ സൈദ്ധാന്തിക പ്രതിസന്ധി നേരിടാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ പ്രപഞ്ചത്തെ മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ ശ്രമം ഇതുവരെ എങ്ങും എത്തിയിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയായി കണക്കാക്കപ്പെട്ടിരുന്നത് ന്യൂട്ടോണിയന്‍ ബലതന്ത്രമായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ക്വാണ്ടം ബലതന്ത്രത്തിന്റെ ആവിര്‍ഭാവം. പരസ്പരം പൊരുത്തപ്പെടാനാകാത്ത ഈ രണ്ട് സിദ്ധാന്തങ്ങളെ ഏകോപിപ്പിക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയാണ് ചെയ്തത്. ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ പരിമിതി തന്നെയാണ് വിഷയം. വസ്തുനിഷ്ഠവും പരിമിതവുമായ മേഖലകളിലെ ഗവേഷണങ്ങളും കണ്ടെത്തലുകളും മാത്രമേ നിരീക്ഷണത്തിനു വിധേയമായി ശരിതെറ്റുകള്‍ നിര്‍ണയിക്കാവുന്നതായിട്ടുള്ളൂ എന്നാണ് ശാസ്ത്രദാര്‍ശനികരുടെ അഭിപ്രായം. ഇങ്ങനെ പരീക്ഷണം നടത്താന്‍ പറ്റാത്ത അനന്തമായ പ്രപഞ്ചത്തിന്റെ മേഖലകള്‍ ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നില്ല. അതോടൊപ്പം തന്നെ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ നിഷേധിക്കാനും കഴിയുകയില്ല. യുക്തിക്ക് വഴങ്ങാത്ത പലതും പ്രപഞ്ചത്തില്‍ ഉണ്ടെന്ന് വലിയ ഒരു വിഭാഗം ചിന്തകന്മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. യുക്തിക്ക് വഴങ്ങാത്ത സമസ്യകളെ ഗൗരവപൂര്‍വമായ അന്വേഷണ മേഖലകളില്‍നിന്ന് ഒഴിച്ചുനിര്‍ത്താനാണ് പാശ്ചാത്യ ചിന്തകര്‍ ശ്രമിച്ചിട്ടുള്ളത്. പാശ്ചാത്യ ഭൗതികാന്വേഷണങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞ ഫ്രിജോ കാപ്രയെപ്പോലുള്ളവര്‍ പൗരസ്ത്യ അതിഭൗതികാന്വേഷണങ്ങളില്‍ വ്യാപൃതരാവുകയും പാശ്ചാത്യ ശാസ്ത്രവും ദര്‍ശനവും നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള ഉത്തരം പൗരസ്ത്യ ദര്‍ശനങ്ങളില്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെയും തൃപ്തികരമായ ഉത്തരം ലഭ്യമല്ല.

ആധുനിക ശാസ്ത്രം പ്രപഞ്ചത്തെ മുഴുവന്‍ മനുഷ്യന്റെ കൈപ്പിടിയിലിട്ടു കൊടുത്തിരിക്കുന്നു എന്ന അഹങ്കാരം പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലെ ന്യൂട്ടോണിയന്‍ ഫിസിക്‌സില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ ഇത്തരം അവകാശവാദങ്ങളൊന്നും ആധുനിക ശാസ്ത്രത്തിനില്ല. ചുരുക്കത്തില്‍ പ്രപഞ്ചത്തെക്കുറിച്ച ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം ഇനിയും കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്.

മനുഷ്യന്‍ ആരാണെന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു. രണ്ട് കാലില്‍ നിവര്‍ന്നു നടക്കുന്ന നട്ടെല്ലുള്ള മൃഗമാണ് ജീവശാസ്ത്രത്തില്‍ മനുഷ്യന്‍. പരിണാമ ശൃംഖലയിലെ ഏറ്റവും പുരോഗമിച്ച ജീവിയാണ് ഡാര്‍വിനിസത്തിലെ മനുഷ്യന്‍. ചിന്തിക്കുന്ന മൃഗം, ചിരിക്കുന്ന മൃഗം, ആയുധം ശേഖരിക്കുന്ന മൃഗം, വാലുപോയ വാനരന്‍ എന്നിങ്ങനെ പോകുന്നു മനുഷ്യനെക്കുറിച്ചുള്ള ജീവശാസ്ത്ര നിഗമനങ്ങള്‍. സാമൂഹികബോധമുള്ള മൃഗം, രാഷ്ട്രീയബോധമുള്ള മൃഗം, യുക്തിബോധമുള്ള മൃഗം എന്നിങ്ങനെയുള്ള സാമൂഹിക ശാസ്ത്രപരമായ നിര്‍വചനങ്ങള്‍ വേറെയും. മനുഷ്യനെ സാമ്പത്തിക ജീവിയായും ആത്മീയ ജീവിയായും ലൈംഗിക ജീവിയായും ചിത്രീകരിച്ചവരുമുണ്ട്. എന്നാല്‍ ഒരേസമയം തന്നെ ഇതെല്ലാം ചേര്‍ന്ന സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയാണ് മനുഷ്യന്‍ എന്ന യാഥാര്‍ഥ്യം ചിന്തകന്മാരുടെ ശ്രദ്ധയില്‍ വരേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സമഗ്രമായ വ്യക്തിത്വം അംഗീകരിച്ചു കൊണ്ടുമാത്രമേ ഒരുത്തമ സാമൂഹിക വ്യവസ്ഥയുടെ രൂപരേഖ സമര്‍പ്പിക്കാനാവൂ.

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും പരിണാമവും എന്ത് എന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. ജീവിതത്തിന് പ്രത്യേക ലക്ഷ്യമില്ലെന്ന് ഒരു കൂട്ടര്‍. കേവല വിനോദവും കളിതമാശയും മാത്രമാണ് ജീവിതമെന്ന് മറ്റൊരു കൂട്ടര്‍. ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരിടവേള മാത്രമാണ് ജീവിതം എന്ന് സിദ്ധാന്തിച്ചവരുമുണ്ട്. ഭൂമി പോരാട്ടസ്ഥലവും മനുഷ്യര്‍ പോരാളികളുമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചുരുക്കത്തില്‍ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണയിക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മനുഷ്യ ജീവിതത്തെ നിര്‍വചിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സോക്രട്ടീസില്‍ തുടങ്ങി പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ വഴി ബര്‍ട്രന്റ് റസ്സല്‍ വരെയുള്ള തത്ത്വചിന്തകന്മാര്‍ മനുഷ്യ ജീവിതത്തെ വിശകലനം നടത്തിയവരാണ്. റെനെ ദെക്കാര്‍ത്ത്, വിര്‍ഹെം ലയ്ബിനിസ്, ജോണ്‍ ലോക്ക്, ജോര്‍ജ് ബെര്‍ക്ക്‌ലി, ഡേവിഡ് ഹ്യൂം, ഇമ്മാനുവല്‍ കാന്റ്, ഹെഗല്‍, മാര്‍ക്‌സ് തുടങ്ങിയ പാശ്ചാത്യ തത്ത്വചിന്തകന്മാരുടെ അന്വേഷണങ്ങളില്‍ ഒന്നിലും മനുഷ്യ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം.

ഭൂമിയില്‍ മനുഷ്യന്റെ നിലപാടെന്ത്? ജീവിതത്തില്‍ അവലംബിക്കേണ്ട മൂല്യങ്ങളേത്? ഈ കാര്യങ്ങളും തത്ത്വചിന്തകന്മാരുടെ വിശകലനങ്ങളില്‍ ലഭ്യമല്ല. ശാശ്വതമായ മൂല്യങ്ങള്‍ ഇല്ലെന്നും ഒരു കാലഘട്ടത്തില്‍ ഉണ്ടാകുന്ന ഉല്‍പ്പാദന ബന്ധങ്ങളുടെ ഫലമായി രൂപപ്പെടുന്ന സാമൂഹിക വ്യവസ്ഥയില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ് മൂല്യങ്ങളെന്നും അതിനാല്‍ മൂല്യങ്ങള്‍ ആപേക്ഷികങ്ങളാണെന്നുമാണ് മിക്ക തത്ത്വചിന്തകന്മാരുടെയും വാദം. ധാര്‍മികവും നൈതികവുമായ മൂല്യങ്ങളുടെ പ്രസക്തി അവര്‍ നിഷേധിക്കുന്നു. അധര്‍മങ്ങളും അരാജകത്വങ്ങളും സമൂഹത്തില്‍ വ്യാപിക്കാന്‍ കാരണം ഈ ചിന്തകളുടെ പ്രചാരണമാണ്. ഡാര്‍വിന്റെയും ഫ്രോയിഡിന്റെയും സാര്‍ത്രിന്റെയുമൊക്കെ സ്വാധീനങ്ങള്‍ സാഹിത്യത്തിലും കലയിലും മറ്റു മേഖലകളിലും വരുത്തിവെച്ചിട്ടുള്ള ദുരന്തങ്ങള്‍ വളരെ വലുതാണ്.

അതിനാല്‍ പ്രപഞ്ചത്തെയും ജീവിതത്തെയും വ്യാഖ്യാനിക്കാന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ഒരു ആറാമിന്ദ്രിയം (ദിവ്യബോധനം) ആവശ്യമാണെന്നു വരുന്നു. ഭിന്നവിരുദ്ധങ്ങളായ വ്യത്യസ്ത ദര്‍ശനങ്ങളുടെ സ്വാധീനം മൂലം വികലമായിത്തീര്‍ന്ന മനുഷ്യബോധത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ മനുഷ്യന്റെ മുമ്പിലില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌