ജൂതരുടെ ജീവിതം മുസ്‌ലിം സമൂഹത്തിലും ഇതര സമൂഹങ്ങളിലും
ഇസ്‌ലാമിന്റെ നന്മയും മഹത്വവും സഹിഷ്ണുതയും വിളിച്ചറിയിക്കുന്ന അനേകം ചൂണ്ടുപലകകള്‍ ചരിത്രത്തില്‍ കാണാം. അതിലൊന്നിലേക്കാണ് ഈ ലേഖനം വെളിച്ചം വീശുന്നത്. അഥവാ ഇസ്‌ലാമിക രാഷ്ട്രത്തിലും മുസ്‌ലിം സമൂഹത്തിലും ജീവിച്ച ജൂതന്മാരുടെ ചരിത്രം. മുസ്‌ലിം സമൂഹം ജൂതന്മാരോട് ഇടപഴകിയത് എങ്ങനെയായിരുന്നു എന്ന് പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇതര സമൂഹങ്ങളില്‍ ജീവിച്ച ജൂതന്മാരുടെ അവസ്ഥയുമായി താരതമ്യപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. മുസ്‌ലിംകളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ള വിഭാഗം ജൂതന്മാരാണ്. ജൂതന്മാരെ സംബന്ധിച്ച് ഖുര്‍ആന്റെ അഭിപ്രായമാണിത്. എന്നാല്‍ പോലും അവരോട് നീതിപൂര്‍വം പെരുമാറാനും നന്മ ചെയ്യാനും ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്. അവര്‍ക്കെതിരെ അനീതിയും അക്രമവും വിലക്കിയിട്ടുമുണ്ട്.
അല്‍പം ക്ലേശകരമായ ഒരു രീതിയാണ് ഈ ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതായത്, പാശ്ചാത്യ ചരിത്രകാരന്മാരുടെയും ഓറിയന്റലിസ്റ്റുകളുടെയും വാക്കുകള്‍ മാത്രം ഉദ്ധരിച്ചുകൊണ്ടാണ് മുസ്‌ലിം സമൂഹങ്ങളില്‍ ജീവിച്ച ജൂതന്മാരുടെ ചരിത്രം ഇതില്‍ അവതരിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ കടുത്ത പക്ഷപാതികളുണ്ട്. എന്നല്ല ജൂതന്മാരും സയണിസ്റ്റുകളും വരെയുണ്ട്.
വ്യത്യസ്ത കാലങ്ങളിലും സാഹചര്യങ്ങളിലും ജീവിച്ച ഓറിയന്റലിസ്റ്റുകളും പാശ്ചാത്യരും എഴുതിയ കാര്യങ്ങള്‍ അപ്പടി പകര്‍ത്തുക മാത്രമാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്. അതില്‍ നാം യോജിക്കുന്നതും വിയോജിക്കുന്നതുമായ കാര്യങ്ങളുണ്ടാകാം. അവരില്‍ ഒരാള്‍ പോലും ഇസ്‌ലാം സ്വീകരിച്ചവര്‍ ആയിരുന്നില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. ഇവിടെ ഉദ്ധരിക്കാന്‍ പോകുന്ന കാര്യങ്ങളെല്ലാം എഴുതപ്പെട്ടത് കൊളോണിയലിസം ആധിപത്യം വാഴുന്ന കാലത്താണ്. മുസ്‌ലിംകള്‍ അന്ന് പറ്റെ ദുര്‍ബലരായിരുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിംകളുടെ പ്രലോഭനമോ പ്രകോപനമോ കാരണമായി എഴുതപ്പെട്ടവയാണെന്ന് ആരോപിക്കുക സാധ്യമല്ല. മാത്രമല്ല അതെല്ലാം രചിക്കപ്പെട്ടത് പാശ്ചാത്യ വായനക്കാര്‍ക്ക് വേണ്ടിയാണ്. മുസ്‌ലിംകളെ പ്രീണിപ്പിക്കാനോ സുഖിപ്പിക്കാനോ വേണ്ടി എഴുതിയതല്ലെന്ന് അതിനാല്‍തന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു കാര്യം കൂടി ആമുഖമായി സൂചിപ്പിക്കേണ്ടതുണ്ട്. ഓറിയന്റലിസ്റ്റുകള്‍ പൊതുവെ നീതി പുലര്‍ത്തുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ്. മുസ്‌ലിംകളുടെ സമാനതകളില്ലാത്ത സഹിഷ്ണുതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചിലപ്പോഴെങ്കിലും അവര്‍ നിര്‍ബന്ധിതരാകും. പക്ഷേ, അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറഞ്ഞ് ചുരുക്കിക്കെട്ടാനാണ് സാധാരണ അവര്‍ ശ്രമിക്കാറുള്ളത്. അല്ലെങ്കില്‍ അവയെ ദുര്‍വ്യാഖ്യാനം ചെയ്ത് സമര്‍ഥമായി തടിതപ്പും. എന്നാല്‍ അവരുടെ ശ്രമങ്ങളെ അപ്രസക്തമാക്കുംവിധം ചരിത്രത്തില്‍ സ്ഥിരപ്പെട്ടുകഴിഞ്ഞ വസ്തുതകളാണ് അവയെല്ലാം.
ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന കാലഘട്ടങ്ങളിലൂടെയാണ് ഈ ലേഖനം സഞ്ചരിക്കുന്നത്. ഖിലാഫത്തുര്‍റാശിദ, ഉമവി, അബ്ബാസി, ഉസ്മാനി കാലഘട്ടങ്ങള്‍. അതോടൊപ്പം മൊറോക്കോയിലേക്കും സ്‌പെയ്‌നിലേക്കും അല്‍പം കടന്നുചെല്ലുകയും ചെയ്യുന്നു.
മതം മറ്റൊന്നായതിന്റെ പേരില്‍ ഒരു ജൂതനും മുസ്‌ലിം സമൂഹങ്ങളില്‍ അനീതിക്ക് ഇരയായിട്ടില്ല. ജൂതനായത് കാരണം ഇസ്‌ലാമിക രാഷ്ട്രത്തിലെ ഉദ്യോഗങ്ങള്‍ വഹിക്കുന്നതിന് ഒരു തടസ്സവും അവര്‍ നേരിട്ടിട്ടില്ല. മതം പ്രാക്ടീസ് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിച്ചിരുന്നു.
ഈജിപ്തുകാരനായ സയണിസ്റ്റ് ജൂതന്‍ ഏലി ലെവി അബൂ അസ്ല്‍ രചിച്ച ഗ്രന്ഥമാണ് 'ജൂതലോകത്തിന്റെ ഉണര്‍വ്.' സയണിസ്റ്റ് പദ്ധതിയുടെ പ്രചാരണം മികച്ച രീതിയില്‍ നിര്‍വഹിക്കുന്ന ഗ്രന്ഥം. ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: ''ജൂതരോട് മുസ്‌ലിംകളായ അറബികള്‍ കാണിച്ച ഉന്നതമായ സഹിഷ്ണുതയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. നമ്മെ അത് ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. കാരണം അത് അവരുടെ പ്രകൃതത്തിന്റെ ഭാഗമാണ്.
ആത്മാര്‍ഥതയോടെയും സദുദ്ദേശ്യത്തോടെയുമാണ് എല്ലാ കാലത്തും എല്ലാ ദേശത്തും അറബികള്‍ ജൂതരോട് സഹവസിച്ചിരുന്നത്. അറബികളുമായുള്ള ജൂതരുടെ ബന്ധവും നല്ല നിലയില്‍തന്നെയാണ് മുന്നോട്ടു പോയത്. അതില്‍ കലര്‍പ്പോ കല്ലുകടിയോ ഉണ്ടായിരുന്നില്ല. അറബികളില്‍നിന്ന് ജൂതര്‍ അനുഭവിച്ച മാന്യമായ സഹവാസം മറ്റൊരു സമൂഹത്തില്‍നിന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല.
ഈ രണ്ട് വംശങ്ങളും പരസ്പരം ഇഴുകിച്ചേരുന്നതില്‍ അത്ഭുതമില്ല. കാരണം രണ്ടും ഒരേ സത്തയില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവയാണ്. ഒരേ വിത്തില്‍നിന്ന് മുളപൊട്ടിയതാണ്. അഥവാ ഇരുകൂട്ടരുടെയും വേര് ചെന്നെത്തുന്നത് ഇബ്‌റാഹീം നബിയിലേക്കാണ്....''1
പ്രശസ്ത ഇസ്‌റാഈലീ ചരിത്രകാരന്‍ സാമുവല്‍ എറ്റിംഗര്‍ ഖുദ്‌സിലെ അറബി യൂനിവേഴ്‌സിറ്റിയില്‍ ജൂത ചരിത്രം പ്രഫസറാണ്. അദ്ദേഹം പറയുന്നു: ''പൗരസ്ത്യ ദേശത്ത് ഏകദേശം 1200 വര്‍ഷം ജൂതര്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ ജീവിച്ചു. ദിമ്മികള്‍ എന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്. അവരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം ഭരണകൂടം ഏറ്റെടുത്തിരുന്നു. അതിന് പകരമായി അവരില്‍നിന്ന് ജിസ്‌യ ഈടാക്കുകയും ചെയ്തു. ജൂതരെ സംബന്ധിച്ചേടത്തോളം നിര്‍ഭയത്വവും സ്ഥിരതയും സമൂഹത്തില്‍ വേണ്ടുവോളം ഉണ്ടായിരുന്നു. ചിലപ്പോള്‍ ചില പ്രയാസങ്ങള്‍ അവര്‍ നേരിട്ടിരിക്കാം. എന്നാല്‍ അത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരുന്നു. പൗരസ്ത്യദേശത്തെ ജൂതരുടെ അവസ്ഥ യൂറോപ്പിലെ ജൂതരുടേതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു. യൂറോപ്പില്‍ മതപരമായും സാമ്പത്തികമായും രാഷ്ട്രീയമായും കടുത്ത പീഡനത്തിനും അനീതിക്കും ജൂതര്‍ ഇരയാകുകയുണ്ടായി. താമസിക്കുന്ന നാട്ടില്‍നിന്നും നിരവധി പേര്‍ ആട്ടിയോടിക്കപ്പെട്ടു. ഇത്തരം ദുരനുഭവങ്ങള്‍ പൗരസ്ത്യദേശത്തെ ജൂതര്‍ക്ക് ഒരിക്കലും പറയാനുണ്ടാകില്ല.''3
ജര്‍മന്‍ ഓറിയന്റലിസ്റ്റ് ആദം മെറ്റ്‌സ് പറയുന്നു: ''മുസ്‌ലിം സമൂഹത്തില്‍ ധാരാളം ഇതര മതസ്ഥര്‍ ജീവിച്ചിരുന്നു. മധ്യകാലത്ത് ക്രൈസ്തവര്‍ അടക്കിഭരിച്ചിരുന്ന യൂറോപ്യന്‍ സാമ്രാജ്യത്തവും ഇസ്‌ലാമിക സാമ്രാജ്യത്തവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസവും അതുതന്നെയായിരുന്നു.''4
പ്രമുഖ ജര്‍മന്‍ ഓറിയന്റലിസ്റ്റ് സീഗ്രിഡ് ഹോങ്കേ കൂട്ടിച്ചേര്‍ക്കുന്നു: ''ഇസ്‌ലാം സ്വീകരിക്കാന്‍ കീഴടക്കപ്പെട്ട ജനതയെ അറബികള്‍ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് ക്രൈസ്തവരും സൊരാഷ്ട്രീയരും യഹൂദരും ഭ്രാന്തമായ മതപക്ഷപാതിത്വം അനുഭവിച്ചിരുന്നു. എന്നാല്‍ ഒരു തടസ്സവും കൂടാതെ തങ്ങളുടെ മതം പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിക രാഷ്ട്രത്തില്‍ അവര്‍ക്ക് ലഭിച്ചു. അവരുടെ ആരാധനാലയങ്ങള്‍ സുരക്ഷിതമായിരുന്നു. അവരിലെ പണ്ഡിതന്മാരും പുരോഹിതന്മാരും മുസ്‌ലിംകളാല്‍ അല്‍പംപോലും പ്രയാസപ്പെട്ടില്ല. ഇതു തന്നെയല്ലേ സഹിഷ്ണുതയുടെ പാരമ്യം! ഇതിന് തുല്യമായത് എവിടെയെങ്കിലും എപ്പോഴെങ്കിലും ഉണ്ടായതായി ചരിത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ബൈസാന്റിയരും സ്‌പെയ്ന്‍കാരും യഹൂദരും അഴിച്ചുവിട്ട പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ജനതകള്‍. അവിടേക്ക് ഇസ്‌ലാം കടന്നുവന്നപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാത്തവര്‍ ആരെങ്കിലുമുണ്ടായിരുന്നോ?''4
പ്രശസ്ത ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനും ഓറിയന്റലിസ്റ്റുമായ ഗുസ്താവ് ലെ ബോണ്‍ പറയുന്നു: ''യഹൂദരോടും ക്രൈസ്തവരോടും മുഹമ്മദ് നബി കാണിച്ച സഹിഷ്ണുത അങ്ങേയറ്റം ഉന്നതമായിരുന്നു. ശേഷം വന്ന ഖലീഫമാര്‍ ആ പാത പിന്തുടര്‍ന്നത് എങ്ങനെയെന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. അറബ് ചരിത്രം ആഴത്തില്‍ പഠിച്ച യൂറോപ്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ ഈ യാഥാര്‍ഥ്യം അംഗീകരിച്ചിട്ടുണ്ട്.'5
റഷ്യന്‍ നോവലിസ്റ്റ് ലിയോ ടോള്‍സ്‌റ്റോയുടെ വാക്കുകള്‍ ഇങ്ങനെ: ''വേദക്കാരോട് പൊതുവെയും അവരിലെ പണ്ഡിതന്മാരോട് പ്രത്യേകിച്ചും നന്മയില്‍ വര്‍ത്തിക്കണമെന്ന നിര്‍ദേശം ഇസ്‌ലാമിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നതാണ്. അവരോട് മനോഹരമായി പെരുമാറാനും സഹകരിക്കാനുമാണ് ഇസ്‌ലാം കല്‍പിച്ചത്. എത്രത്തോളമെന്നാല്‍ യഹൂദരും ക്രൈസ്തവരുമായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ പോലും ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് അനുവാദം നല്‍കി. വിവാഹശേഷവും അവര്‍ക്ക് അവരുടെ മതത്തില്‍ തുടരുന്നതിനും വിലക്കില്ല. കണ്ണില്‍ വെളിച്ചമുള്ള ആര്‍ക്കും ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ ആഴം ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്.''6
സാമുവല്‍ എറ്റിംഗര്‍ പറയുന്നു: ''മധ്യകാലത്തെ ജൂതചരിത്രം പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. ഇസ്‌ലാമിക ഭരണകൂടം യഹൂദരില്‍നിന്ന് ജിസ്‌യ ഈടാക്കിയിരുന്നു. രാജ്യത്ത് ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതേസമയം തന്നെ പ്രധാനപ്പെട്ട ഔദ്യോഗിക പദവികള്‍ വഹിക്കാന്‍ യഹൂദര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ഹസാദീയ്യബ്‌നു ഷിബ്‌റൂത് ഉമവി ഭരണാധികാരിയായിരുന്ന അബദുര്‍റഹ്മാന്‍ നാസിറിന്റെ കൂടെ കൊട്ടാരത്തിലുണ്ടായിരുന്നു.
ഇബ്‌റാഹീം വഹീദ് ഫാത്വിമീ ഭരണാ
ധികാരികളുടെ അടുക്കല്‍ പ്രധാന വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഫാത്വിമികള്‍ ഈജിപ്ത് ഭരിക്കുമ്പോള്‍ നിരവധി യഹൂദര്‍ ഉദ്യോഗങ്ങളിലുണ്ടായിരുന്നു. ഉസ്മാനിയാ ഭരണകാലത്തുടനീളം എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും യഹൂദരുടെ സാന്നിധ്യമുണ്ടായിരുന്നു.'7
യഹൂദര്‍ പീഡനത്തിന് ഇരയായ കാലവും ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അത് ചുരുങ്ങിയ കാലം മാത്രമായിരുന്നു. അതാകട്ടെ, ജൂതനായിപ്പോയി എന്നതുകൊണ്ട് അനുഭവിക്കേണ്ടി വന്നതുമല്ല. സ്വേഛാധിപത്യം അരങ്ങുവാണ സന്ദര്‍ഭത്തില്‍ നാട്ടിലെ എല്ലാവരും പ്രയാസങ്ങള്‍ നേരിട്ടു. കൂട്ടത്തില്‍ യഹൂദരും ഉള്‍പ്പെട്ടു എന്നുമാത്രം. ഫ്രഞ്ച് ഓറിയന്റലിസ്റ്റ് മാര്‍സല്‍ ബൗസെര്‍ പറയുന്നു: ''ആഭ്യന്തരമായും വൈദേശികമായും ശക്തി പ്രാപിച്ച ഘട്ടങ്ങളിലെല്ലാം ഇസ്‌ലാം കൂടുതല്‍ സഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. യഹൂദരെയും ക്രൈസ്തവരെയും ആദരിക്കാനും അവരുടെ മതങ്ങളോടും സ്ഥാപനങ്ങളോടും മാന്യമായി വര്‍ത്തിക്കാനും ഇസ്‌ലാം നിര്‍ദേശിക്കുന്നു.....''8
ഇറ്റാലിയന്‍ ഓറിയന്റിലിസ്റ്റ് ഫ്രാന്‍സിസ്‌കോ ഗാബ്രയേല്‍ ഇസ്‌ലാമിനെയും ക്രൈസ്തവതയെയും താരതമ്യം ചെയ്ത് പറയുന്നു: ''നാം എന്നും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്‌ലാം എല്ലാ കാലത്തും വേദക്കാരുടെ മതങ്ങള്‍ക്ക് പ്രത്യേകം സ്ഥാനം നല്‍കിയിട്ടുണ്ട്; ഇസ്‌ലാമിക രാഷ്ട്രത്തില്‍ അവയുടെ സ്ഥാനം താഴെയാണെങ്കിലും. എന്നാല്‍ ക്രൈസ്തവ നിയമങ്ങളില്‍ ഇതര മതങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. അതുകൊണ്ടു തന്നെ മുസ്‌ലിംകളെ കീഴടക്കിയപ്പോള്‍ എത്ര പെട്ടെന്നാണ് ക്രൈസ്തവര്‍ അക്രമത്തിലേക്കും അസഹിഷ്ണുതയിലേക്കും നീങ്ങിയത്.''9
(തുടരും)
വിവ: സി.എസ് ഷാഹിന്‍
കുറിപ്പുകള്‍
1. ഏലി ലെവി അബൂഅസ്ല്‍ - യക്‌ളത്തുല്‍ ആലമില്‍ യഹൂദി, പേജ്: 96,97.
2. സാമുവല്‍ എറ്റിംഗര്‍ - അല്‍ യഹൂദു ഫില്‍ ബുല്‍ദാനില്‍ ഇസ്‌ലാമിയ്യ, പേജ്: 45.
3. ആദം മെറ്റ്‌സ് - അല്‍ ഹളാറ അല്‍ ഇസ്‌ലാമിയ്യ ഫില്‍ ഖര്‍നിര്‍ റാബിഇല്‍ ഹിജ്‌രീ, പേജ്: 75/1.
4. സിഗ്രിഡ് ഹുങ്കെ- ശംസുല്ലാഹി തസ്തഉ അലല്‍ അറബ്, പേജ്: 364.
5. ഗുസ്താവ് ലെ ബൊണ്‍ - ഹളാറത്തുല്‍ അറബ്, പേജ്: 128
6. ടോള്‍സ്റ്റോയ് - ഹികമു ന്നബിയ്യി മുഹമ്മദ്, പേജ്: 43,44.
7. സാമുവല്‍ എറ്റിംഗര്‍ - അല്‍ യഹൂദു ഫില്‍ ബുല്‍ദാനില്‍ ഇസ്‌ലാമിയ്യ, പേജ്: 49
8. മാര്‍സല്‍ ബൗസെര്‍ - അദ്ദഅ്‌വ ഇലല്‍ ഇസ്‌ലാം, പേജ്: 100
9. ഫ്രാന്‍സിസ്‌കോ ഗാബ്രയേല്‍ - അല്‍ ഇസ്‌ലാം ഫില്‍ ആലമില്‍ ബഹ്‌റില്‍ മുതവസ്സിത്, പേജ്: 114.
Comments