ശില്‍പം
ഇന്നലെയാണത്
ഭീകര മുഴക്കത്തോടെ
ചിന്നിച്ചിതറി
നിലംപൊത്തിയത്!
'ഒരു ജൂണില്‍
ആദ്യമായാലയത്തിണ്ണയില്‍
എന്റെ പിഞ്ചുപാദം പതിയുമ്പോള്‍
ചൂടിയ കുടയും
ധരിച്ച യൂണിഫോമും
തോളത്തെ ബാഗും
ആ ശില്‍പചുവട്ടിലെ
ഒരു ചടങ്ങില്‍നിന്നാണ്'
ക്ലാസ്സെടുക്കവേ ഞാന്‍ ഓര്‍മിച്ചു.
ഒരു പെണ്‍കുട്ടി:
മികച്ച കൃഷിക്കെന്റെയഛന്
പ്രസിഡന്റൊരുപഹാരം
നല്‍കിയതുമീ ശില്‍പചുവട്ടില്‍.
പോയ ആഴ്ച
സാംസ്‌കാരികോത്സവം
ഉദ്ഘാടിച്ചതുമിവിടെ-
യായിരുന്നുവെന്നാണ് കുട്ടി!
കുട്ടികള്‍ക്കറിയാം
നാടിന്റെ ഉയര്‍ച്ച-വളര്‍ച്ച- പച്ചപ്പില്‍
ഈ നിഷ്പന്ദ പ്രതിമ
സത്തും ചിത്തുമായി
വര്‍ധിച്ചിട്ടുണ്ടെന്ന്.
രണ്ടു ദിവസം മുന്നേ
നാട്ടുകാര്‍
ശില്‍പത്തെ തൊട്ടൊരു
ശപഥം ചെയ്തിരുന്നുവത്രെ.....
'വേദത്താല്‍ ഭേദം നിര്‍മിച്ച
മതത്താല്‍ മദമിളകിയ
ജാതിഭ്രാന്താല്‍ ജന്തുപ്രേമമിളകിയ
മനുഷ്യ ശത്രുക്കള്‍ക്ക്
ഈ മണ്ണ് വിട്ടുകൊടുക്കില്ല'
സ്‌കൂള്‍ വിട്ടു പോകുമ്പോള്‍
സഹാധ്യാപകന്‍ പറഞ്ഞു.
Comments