വിരുന്നുവന്ന അര്‍ബുദത്തിന്റെ അഹങ്കാരം
പതിനൊന്ന്- നമസ്‌കാരങ്ങള്‍
രക്തസാക്ഷി മണ്ഡപത്തില്‍ ചെണ്ടമുട്ടലോടു കൂടി നടക്കുന്ന മുദ്രാവാക്യം വിളികള്‍, അമ്പലങ്ങളിലെ വഴിപാടുകള്‍, ആണ്ടി ഊട്ടുകളിലെ ദര്‍ശനങ്ങള്‍, തെയ്യക്കോലങ്ങള്‍, വെളിച്ചപ്പാടുകള്‍, ഉത്സവങ്ങള്‍ ഇതൊക്കെ ഓരോരോ സാംസ്‌കാരിക ചിഹ്നങ്ങളായി മാത്രം കണ്ടു മുന്നോട്ടു പോവുന്നതിനിടയില്‍ പഠിപ്പിക്കുന്ന കുട്ടികളോടൊന്നിച്ച് ഒരു യാത്ര.
റാണീപുരം. കാസര്‍കോട് ജില്ലയിലെ ഒരുയര്‍ന്ന പ്രദേശം. കോടമഞ്ഞ് വീണു തുടങ്ങിയെങ്കില്‍പോലും അത് വകവെക്കാതെ ഞങ്ങള്‍ മലയുടെ ഉച്ചിയിലെത്തി. നമസ്‌കാര സമയം ആയപ്പോള്‍ അവരില്‍ ചിലര്‍ അവിടെ വെച്ചു തന്നെ അത് നിര്‍വഹിച്ചു. ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ആ പാറയില്‍ നെറ്റി നിലത്തു മുട്ടിച്ച് കീഴൊതുങ്ങി അവര്‍ ആര്‍ക്കോ വേണ്ടി സുജൂദ് ചെയ്തു. ഞാന്‍ കാഴ്ചക്കാരനായിരുന്നു. എങ്കിലും എന്തോ അപൂര്‍ണത മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് അന്നനുഭവപ്പെട്ടു.
ആ കടം ഞാന്‍ വീട്ടിയത് കാലം ഏറെ കഴിഞ്ഞ് ജോലിയാവശ്യത്തിനായി ചൈനയിലെത്തിയപ്പോള്‍ സന്ദര്‍ശിച്ച വന്‍മതിലിന്റെ ഉച്ചിയില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടാണ്. അത് കഴിഞ്ഞപ്പോഴും ചില സഞ്ചാരികള്‍ കാഴ്ചക്കാരായി ഞാന്‍ ചെയ്യുന്നത് വീക്ഷിച്ചിരുന്നു. അവരിലാര്‍ക്കെങ്കിലും എന്റെ നമസ്‌കാരം ദൃഷ്ടാന്തമായി അനുഭവപ്പെട്ടിരുന്നുവോ ആവോ!
ആരാധനയുടെ മര്‍മത്തിലേക്ക് ഒരാളെ കൈപിടിച്ച് നടത്തുന്നതാണ് ഇസ്ലാമിലെ അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍. അഞ്ച് മൂന്നാക്കുന്നവരുണ്ട്. സ്വലാത്ത് എന്നതു കൊണ്ട് നമസ്‌കാരമേ ഉദ്ദേശ്യമല്ല തുടങ്ങിയ വ്യാഖ്യാനങ്ങളും കാണാം. നിന്ദ്യവും നികൃഷ്ടവുമായ കര്‍മങ്ങളില്‍നിന്ന് ഒരാളെ തടയുന്ന ആരാധനാ കര്‍മമായി ഉള്‍ക്കൊള്ളാനാവുന്നതുകൊണ്ടാവണം ദിനേന അഞ്ചു നേരത്തുള്ള നമസ്‌കാരങ്ങള്‍ അതനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ഭാരമായി അനുഭവപ്പെടാത്തത്.
അതിന്റെ വിശദാംശങ്ങളും മതപരമായ കാര്യങ്ങളും എത്രമാത്രം വിശദീകരിക്കപ്പെട്ടതും, ചര്‍ച്ച ചെയ്യപ്പെട്ടതും ആണെന്നറിഞ്ഞാല്‍ പലരും തല കറങ്ങിപ്പോവാന്‍ സാധ്യതയുണ്ട്! താല്‍പര്യമുള്ളവര്‍ക്ക് എളുപ്പം കണ്ടെത്താവുന്ന അസംഖ്യം ഗ്രന്ഥങ്ങളുമുണ്ട്. എങ്കില്‍ പോലും സമുദായം നമസ്‌കരിച്ചുകൂട്ടുന്നതിന്റെ നന്മകള്‍ പൊതുസമൂഹത്തിന് അനുഭവവേദ്യമാവാത്തത് എന്തുകൊണ്ടാണെന്ന് അന്നും ഇന്നും എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണു താനും.
ഞാന്‍ നമസ്‌കാരം വീട്ടിലൊക്കെ വെച്ച് രഹസ്യമായി നിര്‍വഹിക്കുന്ന കാലം. ബന്ധുവീടുകളില്‍ പോയാല്‍ അല്‍പം ബുദ്ധിമുട്ടും. ആര്‍ക്കും അലോസരം വേണ്ട. അതുകൊണ്ടുതന്നെ അത്തരം യാത്രകള്‍ കുറയുന്നു.
പ്രപഞ്ചസ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള രഹസ്യ സംഭാഷണമല്ലേ അത്. അതിന്റെ മാധുര്യമൊക്കെ പ്രണയിച്ചവര്‍ക്കേ തിരിച്ചറിയാനാവൂ എന്നാണ് തോന്നുന്നത്. പക്ഷേ എന്തൊക്കെ പറഞ്ഞാലും ആ സാംസ്‌കാരിക മാറ്റം അത്രയെളുപ്പത്തില്‍ വീട്ടുകാര്‍ ഉള്‍ക്കൊള്ളാന്‍ സാധ്യതയില്ല. എന്റെ കാഴ്ചകളും തെളിവുകളുമൊക്കെ എന്റേതു മാത്രമല്ലേ? മതം മാറി എന്നൊക്കെയുള്ള നാണക്കേട് വീട്ടുകാരെക്കൂടി ബുദ്ധിമുട്ടിക്കും. അതുകൊണ്ടുതന്നെയാണ് പലതും രഹസ്യമാവുന്നത്. ഒരാളുടെ രാഷ്ട്രീയം പോലെ, നിലപാടുകള്‍ പോലെ, പ്രണയത്തിലും ജോലിയിലും ഒക്കെ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വീട്ടുകാരോ അഭ്യുദയകാംക്ഷികളോ വിരുദ്ധ നിലപാട് എടുക്കാമല്ലോ. അത്രയേ ഉള്ളൂ. എങ്കിലും മതംമാറ്റം ആഘോഷവും അക്രമവും ഒക്കെ ആയി മാറുന്നതാണല്ലോ വര്‍ത്തമാനകാല പരിസരം. ഇത്തരം സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുമ്പോള്‍ പലതും രഹസ്യമാക്കാനാണ് ഒരാള്‍ക്ക് തോന്നുക.
എങ്കിലും ഉറ്റവരെങ്കിലും 'നിന്റെ പാട്ടിനു നീ ജീവിച്ചോ' എന്ന് പറഞ്ഞേക്കാം എന്നുള്ള ആഗ്രഹം സഫലീകരിക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തുണയാവുന്നതാണ് പ്രാര്‍ഥനകള്‍. അതും സവിശേഷമായ സമയങ്ങളില്‍. രാവിന്റെ അന്ത്യ യാമങ്ങളില്‍ ഉണര്‍ന്നെണീറ്റ് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിവുറ്റവനായ 'അവനോടു' യാചിക്കാനാണ് സ്‌നേഹമുള്ളവര്‍ ഉപദേശിച്ചത്. അതൊരു ശീലമായി മാറുകയും ചെയ്തു.
ആ സമയത്തു അംഗശുദ്ധിക്ക് കിണറ്റില്‍നിന്ന് കോരുന്നത് ശരിയാവില്ല. കോരുമ്പോള്‍ കപ്പിയുണ്ടാക്കുന്ന ശബ്ദം ആ പ്രശാന്ത നിശ്ശബ്ദതക്കു യോജിച്ചതല്ല തന്നെ. അടുത്തുള്ള കുളത്തില്‍ ചെന്ന് വുദൂ എടുക്കുക, നമസ്‌കാരം നിര്‍വഹിക്കുക എന്നതായിരുന്നു രീതി. ഇരുട്ടില്‍ അല്ലെങ്കില്‍ അരണ്ട നിലാവെളിച്ചത്തിലുള്ള ആ പ്രവൃത്തി ഒരു ദിവസം ചെറിയ അപകടം വിളിച്ചുവരുത്തുകയും ചെയ്തു. പിറ്റേദിവസം മുതല്‍ രാവിലത്തെ രഹസ്യകര്‍മത്തിന് പശുവിന്റെ ആലയില്‍നിന്നുള്ള വെളിച്ചം എനിക്ക് തുണയാവാന്‍ തുടങ്ങി!
അമ്മയോട് ലൈറ്റ് ഓഫാക്കാന്‍ മറന്നത് എന്തേ എന്ന് ചോദിച്ചപ്പോള്‍ പശു പ്രസവിക്കാനായില്ലേ എന്ന് മറുപടി. എങ്കിലും മക്കളുടെ ഇലയനക്കങ്ങള്‍ ഉറക്കത്തില്‍ പോലും തിരിച്ചറിയുന്ന അമ്മമാരുടെ അതിരുകളില്ലാത്ത സ്‌നേഹം തിരിച്ചറിയാന്‍ അതൊക്കെ തുണച്ചു. അന്നുള്ള ആ പ്രാര്‍ഥനയുടെ കരുത്തില്‍ തന്നെയാവണം ജീവിതം ഇന്നും അല്ലലില്ലാതെ മുന്നോട്ടുപോകുന്നത്.
''മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പ്പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. പ്രസവിച്ചതോ, കടുത്ത പാരവശ്യത്തോടെയും. ഗര്‍ഭധാരണവും മുലകുടിമാറ്റലും കൂടി മുപ്പത് മാസമത്രെ. പിന്നീടവര്‍ പൂര്‍ണ യുവത്വം പ്രാപിക്കുകയും നാല്‍പതു വയസ്സ് പ്രായമെത്തുകയും ചെയ്തപ്പോള്‍ അവനതാ പ്രാര്‍ഥിക്കുന്നു: നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാനും നിനക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും എനിക്ക് സന്മനസ്സേകണമേ! ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഞാന്‍ അനുസരണമുള്ളവന്‍ തന്നെ; തീര്‍ച്ച'' (അല്‍ അഹ്ഖാഫ്: 15).
''അവരില്‍ ഒരാളോ അവര്‍ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്റെ സംരക്ഷണം ആവശ്യമായി വന്നാല്‍ നീ അവരോട് ഉഫ്ഫ് എന്നുപോലും പറയരുത്. മാന്യമായ വാക്കുകള്‍ മാത്രമേ പറയാവൂ. കാരുണ്യത്തോടെ വിനയമാകുന്ന ചിറക് അവര്‍ക്ക് താഴ്ത്തിക്കൊടുക്കണം. നാഥാ! കൊച്ചുനാളില്‍ അവരിരുവരും എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ നീ അവരോടും കാരുണ്യം കാണിക്കേണമേ എന്ന് പ്രാര്‍ഥിക്കുകയും വേണം'' (അല്‍ ഇസ്റാഅ്: 23, 24).
''പാപഭാരം പേറുന്ന ആരും അപരന്റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നുംതന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്ത ബന്ധുവായാല്‍ പോലും. നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെ തന്നെ ഭയപ്പെടുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അതവന്റെ സ്വന്തം നന്മക്കുവേണ്ടിതന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ് (35:18).
''നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലേറെ മഹത്തരമത്രെ'' (29:45).
പന്ത്രണ്ട് - മതനിയമങ്ങള്‍
ആര്‍ക്കു വേണം സ്വാതന്ത്ര്യം? റിലീസിംഗ് ഓര്‍ഡറുമായി വന്ന ജയിലറോടായിരുന്നു ബഷീറിന്റെ ചോദ്യം(മതിലുകള്‍)! പകച്ചു പോയിട്ടുണ്ടാവണം ജയിലറുടെ കൗമാരം.
നാരായണിയുടെ പ്രണയത്തിന്റെ സുഗന്ധത്തെ കുറിച്ചെന്തറിയാം ജയിലര്‍ക്ക്? മതിലിനപ്പുറം ആകാശത്തുയരുന്ന ദിവ്യ പ്രണയത്തിന്റെ സൂചകങ്ങളില്‍ മാത്രമായിരുന്നല്ലോ ബഷീര്‍ കണ്ണ് നട്ടിരുന്നത്!
മതനിയമങ്ങളാകുന്ന ജയിലില്‍ തളച്ചിടപ്പെട്ട ജീവിതത്തില്‍നിന്നും വിശ്വാസികളെ സ്വതന്ത്രരാക്കാന്‍ കഷ്ടപ്പെടുന്ന ബുദ്ധിമാന്മാരായ കൂട്ടുകാരെ ദിവ്യപ്രണയത്തിന്റെ സമാധാനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടരോട് റിലീസിംഗ് ഓര്‍ഡറുമായി ചെന്നാല്‍ അവരും ചോദിച്ചേക്കും;
''ആര്‍ക്കു വേണം നിങ്ങളുടെ സ്വാതന്ത്ര്യം?''
ഇലാഹിയായ പ്രണയത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ കിട്ടുന്ന ഓരോ നിമിഷവും ഈ കെട്ടകാലത്തില്‍നിന്നും മറ്റൊരു സമാധാന ലോകത്തേക്ക് പറന്നുയരാനുള്ള കരുത്ത് നല്‍കുന്നതിലാണ് വിശ്വാസികളുടെ നിലനില്‍പും പോരാട്ടവും.
എല്ലാവരോടും കൂടി സ്രഷ്ടാവ് ആവശ്യപ്പെടുന്നതെന്ത്? നിങ്ങളുടെ ജീവിതം സംസ്‌കരിച്ചു പറുദീസയിലേക്കു തിരിച്ചുവരാനുള്ള ക്വാളിറ്റി സ്വന്തമാക്കൂ എന്ന്. പക്ഷേ അതൊരു ഒന്നൊന്നര ക്വാളിറ്റി തന്നെയാണ്. മോഹിപ്പിക്കുന്ന ഒരു കച്ചവടമായൊക്കെ ഖുര്‍ആന്‍ അതിനെ പൊലിപ്പിച്ചിട്ടുമുണ്ട്. പക്ഷേ അവിടെയും നീതിയാണതിന്റെ അടിസ്ഥാനം. കച്ചവടത്തില്‍ ആര്‍ത്തി പൂണ്ട് ഭൂമിയില്‍ അക്രമം സൃഷ്ടിച്ച് പറുദീസാ നേട്ടം സ്വായത്തമാക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അതൊരു ദുരന്തം തന്നെ.
സന്തുലിതത്വം ഒക്കെ കടന്നുവരുന്നത് ഈ പരിപ്രേക്ഷ്യത്തിലാവും. ഭൂമിയില്‍ നീതി കൊതിക്കുന്ന, അത് സ്ഥാപിക്കാന്‍ പരിശ്രമിക്കുന്ന ഒരാള്‍ക്കല്ലാതെ പൂര്‍ണമായ നീതിയുടെ ഇടത്തെക്കുറിച്ച് സ്വപ്‌നം കാണാനെങ്കിലും അവകാശമുണ്ടോ? അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കണമെങ്കില്‍ നമ്മളുടെ ജനിതക ഘടന പോലും മാറേണ്ടിവരും. സമാധാനം, സമാധാനം എന്ന വാക്ക് മാത്രമല്ല ആ ഒരവസ്ഥയും ഉണ്ടാവണമല്ലോ.
ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമായി വരുന്ന പരലോകവും, അതിന്റെ നാഥനായ പ്രണയിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹനായ ആ ഏക അസ്തിത്വവും നിങ്ങളെ കൊതിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ തിന്നൂ, കുടിക്കൂ, രമിക്കൂ, നിങ്ങള്‍ക്ക് വേണ്ടതൊക്കെ ചെയ്യൂ, മരണം മാത്രമല്ലോ നിങ്ങള്‍ക്കു തടസ്സം. മരണത്തിന്റെ വാതില്‍ തുറന്ന് കടന്നുപോവാനുള്ള ഈ യാത്രക്കാരെ ഒന്ന് സഹിക്കുക. കൂട്ടത്തില്‍ നമുക്കൊന്നിച്ചു ചെയ്യാനുള്ളതൊക്കെ കലമ്പലില്ലാതെ ചെയ്തുപോവാം. ഇതൊക്കെയല്ലേ നമുക്ക് ദൈവനിഷേധമാണ്, മതനിര്‍മാര്‍ജനമാണ് ഈ ലോകം സുന്ദരമാക്കാനുള്ള പോംവഴി എന്ന് തീരുമാനിച്ച് നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്ന സഹോദരന്മാരോട് പറയേണ്ടതുള്ളൂ?
''മനുഷ്യരാശി ഒരൊറ്റ സമൂഹമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനായി അവരോടൊപ്പം ഈ വേദപുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴി നടത്തി. അല്ലാഹു അവനിഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു''(2:213).
പതിമൂന്ന് - സാക്ഷ്യം
ഓരോ മതത്തിനും ഓരോ ദൈവങ്ങള്‍, ചിലപ്പോള്‍ അതിലേറെയും. ഇനി മതവിശ്വാസം തീരെയില്ല എന്ന് അവകാശപ്പെടുന്നവരുടെ യുക്തിയെ ഒന്ന് വിമര്‍ശിച്ചുനോക്കൂ. മതവിശ്വാസത്തിന്റെ ഭ്രാന്തമായ അവസ്ഥാന്തരങ്ങള്‍ നിങ്ങള്‍ക്കവിടെ ദര്‍ശിക്കാനാവും.
ഏവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പ്രപഞ്ച സ്രഷ്ടാവ്. ജീവിതഗന്ധിയായ ഒരു വിശ്വാസം, അതിന്റെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, അതൊക്കെ നിര്‍ബന്ധമാണോ?
അതിലൂടെ ഉത്തമനായ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, അതിരുകളില്ലാത്ത മനുഷ്യ സാഹോദര്യം, മരണത്തിനപ്പുറത്തേക്കുള്ള ജീവിതം, സമാധാനത്തിന്റെ, തൃപ്തിയുടെ, നീതിയുടെ ഒക്കെ പൂര്‍ണതയുള്ള ഒരു ജീവിതം. പിന്നെയോ നിങ്ങളുടെ സ്രഷ്ടാവിനെ കാണുന്ന പരമമായ ശാന്തി! ഇതൊക്കെയാണ് മതം ലക്ഷ്യമാക്കുന്നത്. ഇങ്ങനെയൊക്കെ സ്വത്രന്ത്രമായി ചിന്തിക്കാനും അതിനനുസരിച്ച് ജീവിക്കാനും എന്നെ സഹായിച്ച ദൃഷ്ടാന്തങ്ങളാണല്ലോ പറഞ്ഞു വരുന്നത്.
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോഴൊന്നും അവ പ്രത്യേകിച്ചൊരു ചലനവും സമൂഹത്തില്‍ സൃഷ്ടിക്കുന്നില്ല, ഒരാളുടെ രഹസ്യമായ വിശ്വാസവും കര്‍മങ്ങളുമല്ലേ അതൊക്കെ? നമസ്‌കാരം ഞാന്‍ ശീലിച്ചതു പോലും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അയച്ചു തന്ന ഫ്രീ ബുക്ലെറ്റുകളിലെ ചിത്രങ്ങള്‍ നോക്കിയും അറബി പ്രാര്‍ഥനകള്‍ ഇംഗ്ലീഷില്‍ എഴുതിയത് വായിച്ചുമാണ്. യോഗയൊക്കെ ഒരാള്‍ പരിശീലിക്കും പോലുള്ള ഒരു തമാശയിലൂടെയാണ് കാര്യങ്ങള്‍ അന്നൊക്കെ പോയിക്കൊണ്ടിരുന്നത്. വിശ്വാസ പ്രഖ്യാപനം(ശഹാദത്ത്) എന്ന ഒരു സാമൂഹിക ചടങ്ങ് വേണമോ എന്നൊന്നും ചിന്തിക്കാതെ വായനയും സൗഹൃദവുമായി ജീവിതം മുന്നോട്ടുപോവുന്നു. തട്ടകം കോഴിക്കോട്ടേക്ക് മാറിയിരിക്കുന്നു.
മനശ്ശാസ്ത്രത്തില്‍ വന്ന കത്ത് ഒരുപാട് പെന്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു. പുതുതായി ഉണ്ടാവുന്ന കൂട്ടൊക്കെ, വിശ്വാസികളും മതത്തിനു ചില സാമൂഹികബാധ്യതകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും കൂടിയായിരുന്നു. കത്തെഴുതുക എന്ന ഹോബി ആസ്വദിച്ച കാലം. ഓഫീസിന്റെ ലെറ്റര്‍ ബോക്‌സില്‍ എനിക്കായി കത്തുകള്‍ കുമിഞ്ഞു കൂടി. അതില്‍ കൂടി കലയും സാഹിത്യവും മതവും രാഷ്ട്രീയവും പ്രണയവും ഒക്കെ എന്നില്‍ വന്നു നിറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് വിരുന്നുകാരനായി പുതിയ ഒരു അസുഖം കടന്നു വന്നത്. ഡോക്ടര്‍മാര്‍ വിധിയെഴുതിയത് അരൗലേ ഹ്യാുവീയഹമേെശര ഹലൗസലാശമ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്താര്‍ബുദത്തിന്റെ അഹങ്കാരത്തിലായി ഞാന്‍. അല്ലെങ്കിലും ജീവിതവും മരണവും മരണാനന്തരവുമൊക്കെയുള്ള എന്റെ സംശയങ്ങള്‍ക്കും ഞാനെന്താണെന്ന കണ്ടെത്തലിനും ഫൈനല്‍ വിസിലടിക്കാന്‍ വന്ന വിരുന്നുകാരനല്ലേ ഇവന്‍!
മെഡിക്കല്‍ കോളേജിലേക്കുള്ള എന്റെ യാത്രക്കും, ബോണ്‍മാരോ ടെസ്റ്റിനും ഒക്കെ കൂട്ട് അവന്‍ തന്നെ. എന്റെ കോഴിക്കോട്ടെ പുതിയ സൗഹൃദ സമ്പാദ്യം.
മരണത്തിന്റെ സുഗന്ധം അടുത്തെത്തുമ്പോള്‍ ചില കാഴ്ചകള്‍ തെളിഞ്ഞുകാണാം. ചില വല്ലാത്ത ധൈര്യങ്ങള്‍ നമുക്ക് കിട്ടും. അങ്ങനെയൊരു ദിവസം ഈ ശഹാദത്തങ്ങ് നിര്‍വഹിച്ചുകളയാം എന്നും പറഞ്ഞ് കോഴിക്കോട് നൂര്‍ മസ്ജിദില്‍ വ്യാഴാഴ്ച തോറും ഉണ്ടാവാറുള്ള ഒത്തുചേരലില്‍ അവനോടൊപ്പം പോയി. തലേ ദിവസം ഉത്തരേന്ത്യയില്‍നിന്ന് വന്ന ഇസ്ലാം സ്വീകരിച്ച ഒരു ഡോക്ടറെ പരിചയപ്പെട്ടിരുന്നു. അയാളുടെ കൈയില്‍ പിടിച്ചു തന്നെയാവട്ടെ അല്ലാഹു ഏകനാണെന്നതിനും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നതിനുമുള്ള സാക്ഷ്യവചനം ചൊല്ലുന്നത്.
അത് ചൊല്ലുന്നതോടെ ഒരാളുടെ ജീവിതത്തില്‍ ഉണ്ടാവേണ്ട മഹത്തായ വിപ്ലവത്തിന്റെ ഗൗരവം ഒന്നും അന്ന് ഞാന്‍ വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നില്ല എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്. എളുപ്പം തട്ടിപ്പോവാന്‍ സാധ്യതയുള്ളതിനാല്‍ ചുളുവില്‍ സ്വര്‍ഗം നേടാനാവുമെന്ന തോന്നലും എന്റെ എടുത്തുചാട്ടത്തിനു കരുത്തേകി എന്നു വേണം കരുതാന്‍. അന്നത് നടന്നില്ല. തിരക്കില്‍ അയാളെ കണ്ടെത്താനായില്ല. പിന്നെ അതൊക്കെ ഒരു ചടങ്ങാക്കണോ എന്ന ആശങ്ക വേറെയും. അങ്ങനെയൊരു ചടങ്ങ് പിന്നെ നടന്നതേയില്ല. എങ്കിലും ഞാന്‍ ഇസ്ലാമിക സമൂഹത്തിനകത്തേക്ക് പ്രവേശിക്കുക തന്നെ ചെയ്തു; ഞാനോ അവരോ അറിയാതെ.
അതുകൊണ്ടുതന്നെയാവണം എപ്പോഴെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന, ഇസ്ലാമിലേക്ക് പ്രവേശിക്കാനുള്ള ആദര്‍ശവാക്യം ഞാന്‍ വീണ്ടും വീണ്ടും ഉരുവിടുന്നത്. അല്ലാഹു അല്ലാതെ ആത്യന്തികമായി ആരാധനക്കര്‍ഹനായി മറ്റൊരു രക്ഷകന്‍ ഇല്ലായെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകന്‍ ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നു മാത്രമേ ആ വാചകത്തിനു അര്‍ഥമുള്ളൂ. പക്ഷേ ആ സാക്ഷ്യത്തിനായി ജീവിതം മുഴുവന്‍ ഒരു വിശ്വാസി സമര്‍പ്പിക്കുമ്പോഴേ ആ കരാറിന് എന്തെങ്കിലും സാംഗത്യം ഉണ്ടാവുന്നൂള്ളൂ. ജീവിതവും മരണവും ഒക്കെ സമര്‍പ്പിക്കേണ്ടുന്ന ആ വാക്കിന്റെ കരുത്ത് വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കായിട്ടുണ്ടോ എന്ന സംശയം പി
ന്നെയും ബാക്കിതന്നെ.
''സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത് ''(13:28).
''തിന്മയുടെ ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമ ദയാലുവാകുന്നു'' (3:30).
(തുടരും)
Comments