യൂസുഫിന്റെ കുപ്പായം
യൂസുഫിന്റെ കഥ
ദൈവം കുപ്പായം കൊണ്ട് പറഞ്ഞ കഥയാണ്
പൊതുവായ പലതിനും വേണ്ടി
ജയിലില്‍ പോയ പലരുമുണ്ട്
സ്വന്തം സദാചാരത്തിനു വേണ്ടി
ജയിലില്‍ പോയ സുന്ദരനാണ് യൂസുഫ്
തുടിക്കുന്ന യൗവനത്തിന്റെ
പൊരുതുന്ന പ്രതീകം
പക്ഷേ താങ്കള്‍
കുപ്പായത്തില്‍ കൊത്തിവെക്കപ്പെട്ട
യൗവനത്തിന്റെ ആള്‍ദൈവമാകരുതെന്ന്
ദൈവത്തിന് നിര്‍ബന്ധമുണ്ടായിരുന്നു
താങ്കള്‍ വ്യാഖ്യാനിച്ചത്
സ്വപ്നങ്ങളെയല്ല
യാഥാര്‍ഥ്യങ്ങളെ തന്നെയാണ്
പ്രതിസന്ധിയായിരുന്നു
താങ്കള്‍ക്കെപ്പോഴും പരിഹാരം
ജയില്‍ അധികാരത്തിന്റെ
വിക്ഷേപണ കേന്ദ്രമാണെന്ന്
പോരാളികളെ പഠിപ്പിച്ചത് താങ്കളാണ്
വിശുദ്ധിയും പോരാട്ടവും
പാകത്തില്‍ ഒരുമിച്ചാല്‍
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
ചെറുപ്പത്തിനു മുന്നില്‍
സാഷ്ടാംഗം ചെയ്യും
പോരാളിയുടെ കുപ്പായത്തിന്റെ
മണം പോലും
വാര്‍ധക്യത്തിനു വെളിച്ചമാകും.
**************************************************
**************************************************
പാഴ്ജന്മം
-സൈനബ്, ചാവക്കാട്-
ചൂഴ്‌ന്നെടുക്കണം,
എനിക്കെന്റെ
കണ്ണുകളെ,
ചവച്ചു തുപ്പുന്നവന്റെ
നഖത്തില്‍ കുരുങ്ങിയ
കരളുകളുടെ
പിടപ്പ് കാണാത്ത
കണ്ണുകളെന്തിന്?
വെട്ടിമാറ്റണം,
മരവിച്ച കൈകളെ,
നിറം മങ്ങിയവന്റെ
നിറങ്ങളെ കാക്കാന്‍
ഉദരത്തില്‍ കല്ല് കെട്ടി
കിടങ്ങൊരുക്കാത്ത
കൈകളെന്തിന്?
അഹന്തയുടെ
ചെങ്കോലും
കിരീടവും
വലിച്ചാഴ്ത്താന്‍
ഒരു കടലും താണ്ടാത്ത
കാലുകളും വേണ്ടെനിക്ക്......
പറിച്ചെറിയണം,
ദിക്കുകളെട്ടിലേക്കും
തേറ്റകള്‍ നീട്ടി മേയുന്ന
സത്വങ്ങളെ കണ്ടിട്ടും
ഉണരാത്ത ഹൃദയത്തെ...
അരിഞ്ഞെടുത്തേക്കുക,
ഉഗ്രവിഷം ചേര്‍ത്ത
കീലങ്ങളില്‍
ഉറച്ചുപോയ
സിംഹാസനങ്ങളെ കണ്ട്
ഉള്‍വലിഞ്ഞ
നാവിനെ.....
പുനര്‍ജനിക്കണം,
ചത്ത വാസരങ്ങളുടെ
ശ്മശാനഭൂമിക വിട്ട്
പുതിയൊരു
കാഹളമൂത്തിന്റെ
വാഴ്‌വിലേക്ക്......
Comments