കേരളത്തേക്കാള്‍ 50 വര്‍ഷം പിന്നിലുള്ള വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ മുന്നോട്ടു നടക്കേണ്ട വഴിദൂരങ്ങള്‍
സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് താങ്കള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നിട്ട് പത്ത് വര്‍ഷമാവുകയാണ്. ദേശീയ രാഷ്ട്രീയം പഠിച്ചെടുക്കാന്‍ തന്നെ ഏറെ സമയമെടുത്തിട്ടുണ്ടാകും. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയവുമായി ദേശീയ മുസ്‌ലിം രാഷ്ട്രീയത്തെ താരതമ്യം ചെയ്യാന്‍ കഴിയുമോ?
കേരള രാഷ്ട്രീയത്തില്‍ ഞങ്ങളുടെ പാര്‍ട്ടി നിറസാന്നിധ്യമാണ്. കേരളത്തില്‍ മുസ്‌ലിം ലീഗും മറ്റു മുസ്‌ലിം സംഘടനകളുമെല്ലാം വളരെ സജീവമാണല്ലോ. മത സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍, ഉദ്യോഗ നിയമനങ്ങള്‍ എന്നീ നിലകളിലെല്ലാം ന്യൂനപക്ഷ ശാക്തീകരണം ദൃശ്യമാണ്. ഉത്തരേന്ത്യയില്‍ കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കേരളത്തില്‍ എന്നോ പരിഹാരം കതാണ്. നാം ഒരുപാട് മുന്നോട്ടുപോയി എന്നര്‍ഥം.
ഒരു ഉദാഹരണം പറഞ്ഞാല്‍ ലിംഗവിവേചനം. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെല്ലാം അത് കേരളത്തില്‍നിന്ന് അപ്രത്യക്ഷമായി തുടങ്ങി. വിദ്യാഭ്യാസ രംഗത്ത് ലിംഗവിവേചനം നൂറ് ശതമാനം പരിഹരിച്ചുവെന്ന് പറഞ്ഞാല്‍ പോരാ. സ്ത്രീകള്‍ ഏറെ മുന്നിലായിപ്പോയി. ഒരു കാലത്ത് പഠിക്കാന്‍ മുന്നോട്ടുവരാതിരുന്ന സ്ത്രീകള്‍ ഇന്ന് അക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്തവര്‍ കുറഞ്ഞുവരുന്നു. അതുപോല ദാരിദ്ര്യവും ഒരു പരിധി വരെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. കുഞ്ഞുങ്ങളെല്ലാം ആരോഗ്യമുള്ളവരായി. പലതുകൊണ്ടും സുഭിക്ഷമാണ്. സമുദായ സംഘടനകള്‍ പുസ്തക പ്രസാധനത്തിലടക്കം ഏറെ മുന്നോട്ടുപോയി. നമ്മുടെ ഗ്രാമങ്ങളെല്ലാം പട്ടണങ്ങളായി. ആ നിലക്ക് നോക്കിയാല്‍ വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്.
ദല്‍ഹിയില്‍ വന്ന് ഒരു മുസ്‌ലിം ലീഗുകാരന്റെ കാഴ്ചപ്പാടില്‍ ദേശീയ രാഷ്ട്രീയത്തെ നോക്കുകയാണെങ്കില്‍ നമ്മുടെ നിലയിലേക്ക് വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ എത്താന്‍ ഒരു അമ്പത് വര്‍ഷമെങ്കിലും എടുക്കും. അത്രമാത്രം ശോചനീയമാണ് ഇവിടത്തെ സാഹചര്യം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ട് എത്ര വര്‍ഷമായി! 1983-ല്‍ ഗോപാല്‍ സിംഗ് കമീഷന്‍ റിപ്പോര്‍ട്ട് വന്നതാണ്. അവസാനം കുണ്ഡു കമീഷന്‍ റിപ്പോര്‍ട്ടും വന്നു. ഗോപാല്‍ സിംഗ് പാനല്‍ തൊട്ട് അമിതാഭ് സിംഗ് കുണ്ഡു വരെയുള്ള കമ്മിറ്റി റിപ്പോര്‍ട്ട് എടുത്താല്‍ അന്ന് നിന്നിടത്ത് തന്നെ നില്‍ക്കുകയാണ് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍.
എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുള്ളത് കേരളത്തില്‍ നൂറ് ശബ്ദമുണ്ടാക്കുന്നതിനേക്കാള്‍ ഫലം ഇവിടെ ഒരു ശബ്ദം കൊണ്ടുണ്ടാകുമെന്നതാണ്. ആ ഒരു ശബ്ദം ഇവിടെ ശ്രദ്ധിക്കപ്പെട്ടേക്കും. ഇവിടെ ശബ്ദിക്കാന്‍ ആളില്ലാത്തത് തന്നെയാണതിനു കാരണം. കേരളത്തില്‍നിന്ന് ഇവിടെ വന്നത് മൂലം ന്യൂനപക്ഷങ്ങള്‍ക്കായുയര്‍ത്തുന്ന ശബ്ദങ്ങളിലൊന്നിന്റെ ഉടമയാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ടും അങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍ യഥാര്‍ഥ ശാക്തീകരണത്തിലേക്ക് ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്.
നമ്മുടെ നാട്ടില്‍ പള്ളികളെല്ലാം എ.സി ആക്കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇവിടെ ഗ്രാമങ്ങളില്‍ പോയാല്‍ വുദൂ എടുക്കാനുള്ള ഹൗള് പോലും പള്ളികളിലില്ല. ജവനകളിലും മറ്റും വെള്ളം പിടിച്ചുകൊണ്ടുവന്ന് വുദൂ എടുക്കേണ്ടിവരുന്ന നിരവധി പള്ളികള്‍ കണ്ടിട്ടുണ്ട്. മദ്‌റസകളൊക്കെയുണ്ട്. പക്ഷേ സൗകര്യങ്ങളുള്ള ഒരു മദ്‌റസ പോലും ഇത്തരം ഗ്രാമങ്ങളിലില്ല. മുസ്‌ലിംകള്‍ ജീവിക്കുന്ന ഗ്രാമങ്ങളില്‍നിന്ന് മൈലുകള്‍ താണ്ടണം സ്‌കൂളുകളിലെത്താന്‍. നമ്മുടെ നാട്ടില്‍ പണ്ടുകാലത്ത് കണ്ടിരുന്ന ഗ്രഹണി ബാധിച്ച് വയറുന്തിയ കുഞ്ഞുങ്ങളെ ഇപ്പോഴും ഇവിടെ കാണാം. കൊടും തണുപ്പിലും ഈ കുഞ്ഞുങ്ങള്‍ സ്വറ്റര്‍ പോയിട്ട് ഒരു ഷര്‍ട്ടുപോലുമില്ലാതെ നിക്കറിട്ട് നടക്കുകയാണ്. ഇവിടത്തെ സ്ഥിതി അത്രക്കും ദയനീയമാണ്. പ്രതീക്ഷ നല്‍കുന്ന ചില ചലനങ്ങള്‍ ഇവിടങ്ങളില്‍ ഇപ്പോള്‍ കാണാനുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് കരുതി കുറേ മനുഷ്യര്‍ ഇവിടങ്ങളിലേക്ക് വരുന്നു. നേരത്തേ തീരെയുണ്ടായിരുന്നില്ല ഇത്. ഇപ്പോള്‍ പലരും മുന്നോട്ടു വരുന്നുണ്ട്. മുസഫര്‍ നഗറിലൊക്കെ നാമിത് കണ്ടു. വീടുണ്ടാക്കിക്കൊടുക്കുന്നതിനൊക്കെ നിരവധിയാളുകള്‍ വന്നു.
ദക്ഷിണേന്ത്യയില്‍നിന്നുള്ള, വിശിഷ്യാ കേരളത്തില്‍നിന്നുള്ള മുസ്‌ലിംകളെ പോലെ ഉത്തരേന്ത്യക്കാര്‍ ഇത്തരം സംരംഭങ്ങളുമായി മുന്നിട്ടിറങ്ങുന്നുണ്ടോ?
ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ഗ്രാമങ്ങളിലും ജമ്മുവിലടക്കമുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളിലും പോയപ്പോള്‍ കാണാന്‍ കഴിഞ്ഞത് പ്രദേശവാസികള്‍ പലരും തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുണ്ട് എന്നാണ്. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൊക്കെ ഇവര്‍ നന്നായി സഹകരിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസമായിരിക്കണം കേന്ദ്രബിന്ദു. വിദ്യാഭ്യാസം നേടുന്നതോടെ ഇവരനുഭവിക്കുന്ന പിന്നാക്കാവസ്ഥ ഏറക്കുറെ ഉഛാടനം ചെയ്യപ്പെടും. അനീതിയും ഒരളവോളം പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ വിപരീത ദിശയിലാണെങ്കില്‍ എല്ലാ മേഖലയിലും ഇവര്‍ പിറകോട്ടുപോകും. അതൊക്കെ വേണമെന്ന ചിന്ത ഇവിടത്തെ ആളുകള്‍ക്കും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അതിന് ഫലം കണ്ടു തുടങ്ങുന്നുമുണ്ട്. അസമില്‍ കലാപമുണ്ടായ സമയത്ത് വസ്ത്രവുമായി പോകാനൊരുങ്ങിയ ഞങ്ങള്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ഇപ്പോള്‍ അവിടെ കൊണ്ടുപോകാനും അവ ഗുണഭോക്താക്കള്‍ക്ക് കൈമാറാനും പ്രദേശവാസികളായ നിരവധി പേരെ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. അത്തരം മാറ്റങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ ഇവിടെ വന്ന് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ട്. കേരളത്തില്‍ തൊഴിലെടുക്കാന്‍ വരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ നമ്മുടെ പള്ളികളും മദ്‌റസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ കണ്ട് അതേക്കുറിച്ച് സ്വന്തം നാട്ടുകാര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണം ഇത്തരമൊരു അവബോധത്തിന് പിന്നിലുള്ള ഏറ്റവും പുതിയ ഘടകമാണ്.
കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളി കുടിയേറ്റം ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹികമുന്നേറ്റത്തിന് ഉള്‍പ്രേരകമായി എന്നാണോ പറയുന്നത്?
തീര്‍ച്ചയായും. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തില്‍ ഇന്നിപ്പോള്‍ വലിയ ഉള്‍പ്രേരകമായി മാറിയിരിക്കുന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റമാണ്. കേരളത്തില്‍ നമ്മുടെ പള്ളികളിലൊക്കെ നമസ്‌കരിക്കാന്‍ വരുന്ന ചെറുപ്പക്കാര്‍ അവധിക്ക് സ്വന്തം ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ നമ്മെക്കുറിച്ചും നാമുണ്ടാക്കിയ പുരോഗതിയെ കുറിച്ചും വലിയ മതിപ്പോടെയാണ് സംസാരിക്കുന്നത്. നമ്മുടെ നോമ്പും പെരുന്നാളുമൊക്കെ ഓരോ ഗ്രാമത്തിലും ചര്‍ച്ചചെയ്യപ്പെടുകയാണ്. അതിനേക്കാള്‍ അവരെ സ്വാധീനിക്കുന്നത് നമ്മുടെ ഇടപഴകലാണ്. നമ്മുടെ നാട്ടുകാരാണെങ്കില്‍ ഒരു തരത്തിലുള്ള അപരിചിതത്വവുമില്ലാതെ ഇവരുമായി ഇടപഴകി കൂടിക്കലര്‍ന്നാണ് കഴിയുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാണാന്‍ കഴിയാത്ത ഇടകലരലാണത്. ഇതെല്ലാം അവരിവിടെ വന്ന് പറയും. അതിന്റെ പ്രതിഫലനം അവരുടെ സാമൂഹിക ജീവിതത്തില്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇപ്പോള്‍ ഇത്തരം ആളുകളുമായി സഹകരിച്ചുകൊണ്ട് കൂടിയാണ്. ഞങ്ങളുടെ സംഘടനയും സജീവമാണ്. ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്.
കേരളം കേന്ദ്രീകരിച്ചിരുന്ന മുസ്‌ലിം മത സംഘടനകളും അവയുടെ നേതാക്കളുമൊക്കെ, വിശിഷ്യാ മുസ്‌ലിം ലീഗ്, സമസ്ത ഇരുവിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്ര് തുടങ്ങിയവ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഇവര്‍ പൊതുവായി അനുഭവിക്കുന്നതായി തോന്നിയ ഒരു പ്രതിസന്ധി, തങ്ങളുടെ പദ്ധതി നടപ്പാക്കുന്നതിനുള്ള മനുഷ്യവിഭവം കൂടി നാട്ടില്‍നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ട് എന്നതാണ്. അതെന്തുകൊണ്ടാണ്?
ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് അത്തരത്തിലുള്ള സാമൂഹിക അവബോധത്തിന്റെ അഭാവമുണ്ട്. അതുകൊണ്ടാണ് ഞങ്ങളും കേരളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് ഉന്നത പഠനത്തിനായും മറ്റും വന്നവരെ മനുഷ്യവിഭവമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നത്. മുസ്‌ലിം ലീഗിന്റെ പദ്ധതികളിലധികവും നടപ്പാക്കുന്നത് ജാമിഅ മില്ലിയ്യയിലും മറ്റുമൊക്കെ ഉപരിപഠനത്തിനായി വന്ന ചെറുപ്പക്കാരുടെ സഹകരണത്തോടെയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോകാനും അവരുമായി സഹവസിക്കാനും അവിടെ വല്ലതുമൊക്കെ ചെയ്യാനും മനസ്സുള്ളവരാണിവര്‍. മുസഫര്‍ നഗറില്‍ മുസ്‌ലിം ലീഗ് നടപ്പാക്കിയ പദ്ധതികള്‍ക്കെല്ലാം പിന്നില്‍ നാട്ടില്‍നിന്ന് വന്ന ഈ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവിടെയുള്ള ആളുകള്‍ നമ്മുടെ നാട്ടില്‍ കാണുന്ന പോലെ സാമൂഹിക പ്രവര്‍ത്തനത്തിന് അങ്ങനെ ഓടിക്കൂടണമെന്നില്ല. അതും പക്ഷേ മാറിവരികയാണ്.
ഇവിടെയുള്ള ഒരു സൗകര്യം നമ്മുടെ നാട്ടിലെ പോലെ വലിയ ഫസാദും ഫിത്‌നയും ഇല്ല എന്നതാണ്. സംഘടനാപ്രവര്‍ത്തനങ്ങളുടെ ആധിക്യം മൂലം കേരളത്തില്‍ ഇതിത്തിരി കൂടുതലാണ്. ഇവിടെ അത്തരം സംഘടനാപരമായ പ്രശ്‌നങ്ങളിലൊന്നും സാധാരണ മുസ്‌ലിം ബഹുജനങ്ങള്‍ തലയിടുന്നില്ല. കേരളത്തില്‍നിന്ന് വിവിധ പദ്ധതികളുമായി വരുന്നവരുടെ മതപരമായ സംഘടനാ പക്ഷപാതിത്വങ്ങളൊന്നും അവര്‍ക്ക് പിടികിട്ടിയിട്ടില്ല. ഇവിടെ ഒരു സംരംഭവുമായി നമ്മള്‍ ചെന്നാല്‍ തന്നെ എല്ലാവരും ഒത്തുകൂടും. അവര്‍ സുന്നീ-സലഫീ ഭിന്നതകളൊന്നും പ്രകടിപ്പിക്കുന്നില്ല.
കേന്ദ്രത്തിലും ഉത്തരേന്ത്യയിലെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണകക്ഷിയായിരിക്കെ മുസ്‌ലിം ലീഗ് പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ഇത്തരം സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വല്ല പ്രയാസവും നേരിട്ടിട്ടുണ്ടോ? ആ തരത്തിലുള്ള ഒരു വാര്‍ത്ത ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍നിന്നു തന്നെ വരികയും ചെയ്തു. ഈ തരത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെയോ പോലീസിന്റെയോ ഭാഗത്തു നിന്ന് മുസ്‌ലിം പാര്‍ലമെന്റേറിയന്‍ എന്ന തരത്തിലുള്ള അപരവല്‍ക്കരണം താങ്കളും നേരിടുന്നുണ്ടോ?
അപരവല്‍ക്കരിക്കുക മാത്രമല്ല മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വം തുടച്ചുനീക്കുക കൂടിയാണവര്‍ ചെയ്യുന്നത്. ഇതിന് പോലീസിന്റെ സേനാബലവും ഉപയോഗിക്കുന്നത് നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കണ്ടത് അതാണ്. ഝാര്‍ഖണ്ഡില്‍ ഒരു മദ്‌റസ കേന്ദ്രീകരിച്ച് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി പോയതായിരുന്നു. ചടങ്ങ് രാവിലെ പത്ത് മണിക്കായിരുന്നു. ഞങ്ങള്‍ പോകുന്നത് ബിഹാറില്‍നിന്നാണ്. തലേന്ന് ബിഹാറില്‍നിന്ന് തിരിച്ച ശേഷം വിവരം കിട്ടി അവിടെ യോഗം നടത്താന്‍ പറ്റില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്ന്. മൈക്ക് പെര്‍മിഷന്‍ പിന്‍വലിച്ചതായും സംഘാടകര്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഗുണഭോക്താക്കളടക്കം വലിയൊരു ജനാവലി തടിച്ചുകൂടിയിട്ടുണ്ട്. ലോക്കല്‍ പോലീസിനോട് ചോദിച്ചു എന്താണ് പ്രശ്‌നമെന്ന്. തങ്ങള്‍ക്കൊന്നുമറിയില്ല, മുകളില്‍നിന്നുള്ള ഉത്തരവാണെന്നായിരുന്നു മറുപടി. ഒരു മൈതാനത്തായിരുന്നു പരിപാടി. അവിടെ നിന്ന് പോലീസ് മൈക്ക് സെറ്റ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. അവിടേക്ക് ആരും കടക്കരുതെന്ന് പോലീസ് വിലക്കിക്കൊണ്ടിരിക്കുന്നുമുണ്ട്.
കുറേ അവരോട് പറഞ്ഞു നോക്കി. വസ്ത്രങ്ങളും മറ്റു സഹായങ്ങളും വിതരണം ചെയ്ത് ഞങ്ങള്‍ പോകുമെന്നും നിങ്ങള്‍ ഇവിടെ പ്രശ്‌നമുണ്ടാക്കരുതെന്നും പോലീസിനോടു പറഞ്ഞു. ഒരു എം.പി എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തോളാമെന്നും പറഞ്ഞുനോക്കി. ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല, അത്തരത്തിലൊരു നിര്‍ദേശം ഞങ്ങള്‍ക്കില്ല എന്നായിരുന്നു മറുപടി. വേണമെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിക്കാമെന്ന് പറഞ്ഞു. അവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള എസ്.പിയുടെ ആസ്ഥാനത്തേക്ക് പോയി. അദ്ദേഹം അവിടെയില്ല. അവിടെ നിന്ന് എസ്.പിയെ ഫോണില്‍ വിളിച്ചു. ചടങ്ങില്‍ വരുന്ന മുഖ്യാതിഥി എന്തായിരിക്കും സംസാരിക്കുകയെന്നതിന്റെ കുറിപ്പ് തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് സംഘാടകര്‍ നല്‍കിയില്ലെന്നും അതുകൊണ്ട് പരിപാടി റദ്ദാക്കിയെന്നുമായിരുന്നു എസ്.പിയുടെ മറുപടി.
ഞാന്‍ മുഖ്യാതിഥിയായിരിക്കെ ഞാന്‍ സംസാരിക്കാന്‍ പോകുന്ന വിഷയം അവര്‍ക്കെങ്ങനെ മുന്‍കൂറായി എഴുതി നല്‍കാന്‍ കഴിയും? ഞാന്‍ എസ്.പിയോട് ചോദിച്ചു. അതുകൊണ്ട് നിരോധനം പിന്‍വലിക്കണമെന്നും പരിപാടി നടത്താന്‍ അനുവദിക്കണമെന്നും പറഞ്ഞു. തങ്ങളൊരിക്കലെടുത്ത തീരുമാനം മാറ്റില്ലെന്നും നിരോധനം പിന്‍വലിക്കില്ലെന്നും എസ്.പി മറുപടി നല്‍കി. എങ്കില്‍ ഞങ്ങള്‍ പരിപാടി നടത്തുക തന്നെ ചെയ്യുമെന്നു പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നേരെ പരിപാടിസ്ഥലത്തേക്ക് തന്നെ വന്നു. എസ്.പിയുടെ ഉത്തരവ് പ്രകാരം പോലീസ് തടയാന്‍ വന്നു. ഞാന്‍ നാട്ടുകാരുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ പോലീസ് കൈകൊണ്ട് തടഞ്ഞുനിര്‍ത്തി. തടഞ്ഞ കൈ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങിയപ്പോഴേക്കും ജനങ്ങളെല്ലാം തക്ബീര്‍ മുഴക്കി ഉള്ളില്‍ കയറി. ഞാന്‍ വേദിയില്‍ കയറിയതോടെ എല്ലാവരും പിറകെ തള്ളിക്കയറി. ആവേശത്തില്‍ ഇവരെ കഴിഞ്ഞല്ലേ നമ്മളുള്ളൂ. അങ്ങനെ നിരോധന ഉത്തരവ് ഗൗനിക്കാതെ പരിപാടി നടത്തി ഞങ്ങള്‍ പോന്നു.
ജനങ്ങള്‍ക്ക് വല്ലാത്ത പേടിയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടപെട്ടാല്‍ തങ്ങള്‍ക്ക് വല്ലതും സംഭവിക്കുമോ എന്ന പേടി. ആ പേടി കൊണ്ടാണ് പലരും അറച്ചുനില്‍ക്കുന്നത്. ആ ഭയം നീങ്ങിയാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പലരും ഇറങ്ങിയെന്ന് വരും. കേരളത്തില്‍നിന്നുള്ളവര്‍ ഇവിടെ വന്നു പ്രവര്‍ത്തിക്കുന്നതില്‍ വലിയ പരിമിതിയുണ്ട്. അത് കാര്യമായ ഫലങ്ങളുണ്ടാക്കുകയുമില്ല. അങ്ങനെയാവുമ്പോള്‍ ഇവര്‍ക്കിടയില്‍നിന്ന് നേതാക്കന്മാര്‍ ഉയര്‍ന്നുവരികയില്ല.
റോഹിങ്ക്യകള്‍ക്കായി ദല്‍ഹിയിലെ അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ ലീഗ് പിന്നീട് മേവാത്തിലേക്കും ജമ്മുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ണണകേള്‍ക്കുന്നു?
റിലീഫ് എന്ന നിലയില്‍ എത്ര നമ്മള്‍ ചെലവഴിച്ചാലും അത് എവിടെയുമെത്തില്ല. അവരുടെ ആവശ്യങ്ങളുടെ ചെറിയൊരംശം പോലും നിവര്‍ത്തിക്കാന്‍ നമുക്ക് കഴിയില്ല. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൊടുക്കാനായി വെള്ളിയാഴ്ച പള്ളികളില്‍ നടത്തിയ പിരിവില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ഞങ്ങള്‍ക്ക് പിരിഞ്ഞുകിട്ടിയത്. ദല്‍ഹിക്കടുത്തുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ ഞങ്ങള്‍ നേരത്തേ പ്രവര്‍ത്തനം തുടങ്ങിയതായിരുന്നു. ഫരീദാബാദ്, മേവാത്ത് ക്യാമ്പുകളിലാണ് ആദ്യം തുടങ്ങിയത്. പിന്നീട് ജമ്മുവിലേക്ക് പോയി. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ഈ ക്യാമ്പുകളില്‍നിന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത് ബംഗ്ലാദേശിലുള്ള അഭയാര്‍ഥികള്‍ ഇവിടത്തേതിനേക്കാള്‍ ദുരിതത്തിലാണെന്ന്. ബംഗ്ലാദേശിലാണ് ശരിക്കും പ്രശ്‌നങ്ങളുള്ളത്. ഇവിടെയും പ്രശ്‌നങ്ങളില്ലെന്നല്ല. ബംഗ്ലാദേശിലേക്ക് മ്യാന്മറില്‍നിന്നും അഭയാര്‍ഥികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. നമുക്കുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനും പ്രൊപഗക്കുമായി പിന്നീട് ഉപയോഗിക്കും. അതിനാല്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി തന്നെ ബംഗ്ലാദേശ് സര്‍ക്കാര്‍ മുഖേന അവിടെയുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ നേരിട്ട് പോകാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്.
ബിഹാറില്‍ വെള്ളപ്പൊക്കത്തിനു ശേഷം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കാര്യമായിട്ടാരും അവിടെയത്തെിയിട്ടില്ല. ആ ഗ്രാമങ്ങളൊക്കെയും പ്രളയം നക്കിത്തുടച്ച നിലയിലാണ്. പല ഗ്രാമങ്ങളും അപ്പാടെ കുത്തിയൊലിച്ചുപോയപ്പോള്‍ അവനവന്റെ വീട് നദിയോരത്ത് ഏത് ഭാഗത്താണെന്ന് പോലും ഊഹിക്കാന്‍ കഴിയുന്നില്ല. നദി കരകവിഞ്ഞ് വീടുകള്‍ നിന്നിരുന്ന സ്ഥലങ്ങളെല്ലാം വെറും മൈതാനങ്ങളാണിപ്പോള്‍. നഷ്ടപ്പെട്ട വീടുകള്‍ക്ക് പകരം അവര്‍ ഒരുക്കിയ ചെറിയ കൂരകള്‍ കാണണം. ഒന്നുമില്ല, ബ്രാക്കറ്റിട്ടുവെച്ചത് പോലെ രണ്ട് ഓലകള്‍ അപ്പുറത്തും ഇപ്പുറത്തുമായി കെട്ടി വളച്ചുവെച്ചിരിക്കുന്നു. എന്നിട്ടും വൃത്തിയോടെ ആ കുടിലുകളും ചുറ്റുപാടുകളും അവര്‍ സൂക്ഷിക്കുന്നുണ്ട്. അവിടെയൊക്കെ നാം കൊണ്ടുപോയി എത്ര ഭക്ഷണം കൊടുത്താലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പക്ഷേ ഒരു കാര്യം. കേരളത്തിലെ ആളുകള്‍ക്ക് ഒരു ബോധം വന്നിട്ടുണ്ട്. അല്ലാഹു തന്ന അനുഗ്രഹങ്ങള്‍ കുറച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യണം. പണവും മനുഷ്യ അധ്വാനവും. ഇതെല്ലാം വേണമെന്ന് തോന്നിയതിന്റെ ഒരു പ്രതിഫലനം ഇവിടങ്ങളിലൊക്കെ കാണാനാകും.
ബി.ജെ.പിയിതര മൂഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിംകളോട് പുലര്‍ത്തുന്ന സമീപനമെന്താണ്?
രാഷ്ട്രീയ പാര്‍ട്ടികള്‍ പലതിന്റെയും നീക്കം അത്യന്തം അപകടകരമാണ്. മുസ്‌ലിംകളെ ഉപയോഗിച്ചു വലിച്ചെറിയുകയെന്ന ലക്ഷ്യമേ രാഷ്ട്രീയപാര്‍ട്ടികളിലുള്ളൂ. ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഇതില്‍നിന്ന് ഒഴിവല്ല. ഇവിടെ ഞാന്‍ പല സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അവിടങ്ങളിലൊക്കെയും ബി.ജെ.പി അടക്കുള്ള പാര്‍ട്ടികള്‍ ഒരു മൗലാനയെ മുന്നില്‍ നിര്‍ത്തും. ഏത് പ്രചാരണ വാഹനത്തിന്റെയും മുകളില്‍ അവരിലൊരാളുമുണ്ടാകും. ആ മൗലാനക്ക് കാശൊക്കെ കൊടുക്കും. അയാള്‍ ഇവര്‍ പറയുന്നേടത്തൊക്കെ നിന്നുകൊടുക്കും. തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയുടെ ഓഫീസുകള്‍ക്കു മുന്നില്‍ ഇതുപോലെ മൂന്നും നാലും പേരെ അവരിരുത്തും. എന്നിട്ട് ചായയും കുടിച്ച് അവരിരിക്കും. ശരിക്കും ഉപയോഗിച്ചു വലിച്ചെറിയുകയാണ്. മുസ്‌ലിം സംഘടനകളുടെയൊന്നും അസ്തിത്വം അംഗീകരിക്കാന്‍ അവര്‍ തയാറാകുന്നില്ല. ഓരോ കാലത്തും ഇതുണ്ടായിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണ്ടുമുതല്‍ക്കേ കണ്ടു വരുന്ന അത്ഭുത പ്രതിഭാസമാണിത്. കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാരുണ്ടായിരുന്നു. ബഹുഗുണ തന്നെ ഉദാഹരണം. വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളികള്‍ക്ക് മുന്നില്‍ പോയി നില്‍ക്കും. എന്നിട്ട് ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങുന്ന വിശ്വാസികള്‍ക്ക് അത്തര്‍ പൂശിക്കൊടുക്കും. ബഹുഗുണയുടെ പതിവായിരുന്നു ഇത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇതുപോലെ അത്തര്‍ പൂശിക്കൊടുത്താല്‍ മതിയെന്ന ധാരണ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കുണ്ട്.
ഇത് മുസ്‌ലിംകളെ വൈകാരിക വിഷയങ്ങളില്‍ തളച്ചിടുകയല്ലേ ചെയ്യുക? അടിസ്ഥാന പ്രശ്‌നങ്ങളിലേക്കൊന്നും ശ്രദ്ധ പോകാതെ അവരെ അടക്കിയിരുത്തുന്നതിനുള്ള തന്ത്രം? മുസ്‌ലിംകളെ വൈകാരിക തലത്തില്‍ നിര്‍ത്തുന്നതും സമുദായ നേതാക്കളേക്കാളേറെ ഇതുപോലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ലേ?
മുസ്‌ലിംകളെ വൈകാരികമായി ഉത്തേജിപ്പിച്ച് നിര്‍ത്തുക എന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ തന്ത്രമാണ്. അതിനാണ് ഇവരൊക്കെ കളിക്കുന്നത്. മുസ്‌ലിംകളുടെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് തന്നെയാണ് അവരുടെ വിചാരം. മുസ്‌ലിംകളുടെ സംവരണം പോലുള്ള അടിസ്ഥാന വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ ഇത്തരം വൈകാരിക വിഷയങ്ങളില്‍ അവരെ കുടുക്കി നിര്‍ത്തുകയാണ്.
അതിലേറ്റവും അപകടകരം ഇടതുപക്ഷ പാര്‍ട്ടികളാണ്. മുസ്‌ലിംകള്‍ക്ക് കാര്യമായൊന്നും കൊടുക്കേണ്ട കാര്യമില്ല. ഇവരെയിങ്ങനെ തിളപ്പിച്ചുനിര്‍ത്തിയാല്‍ മതി. ആ ഒരു തിളപ്പിക്കലോടെ ഇവര്‍ മിടുക്കന്മാരായെന്ന നിലയില്‍ നിന്നോളുമെന്നവര്‍ കരുതുന്നു. വൈകാരികമായി ഈ സമുദായത്തെ നിര്‍ത്തിയാല്‍ മതി. അവര്‍ക്ക് വേറൊന്നും കൊടുക്കേണ്ട. മറ്റു വിഭാഗങ്ങള്‍ അങ്ങനെയല്ല. അവരൊക്കെയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് വാങ്ങുന്നുണ്ട്. ആലോചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ഇപ്പോഴും വന്നിട്ടില്ല. വികാരത്തിനടിപ്പെട്ട് ആദ്യം ഒരാളുടെ കൂടെ പോകും. പിന്നീട് വേറെയാളുടെ കൂടെ പോകും. സ്വന്തമായ നിലപാടില്ലാതെ അങ്ങനെ ആര്‍ക്കു പിറകിലും പോവുകയാണ്. ഉത്തരന്ത്യേയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് ഒരിക്കലും ഒരു സ്ഥായീഭാവമുണ്ടായിട്ടില്ല. അതിന്റെ തിക്ത ഫലമാണ് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് മുസ്‌ലിംകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നുണ്ട് എന്ന അഭിപ്രായമുണ്ടോ?
ഒരിക്കലുമില്ല. അവര്‍ക്ക് മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരെ ഉപയോഗിക്കുന്നുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ അവരും നന്നായി മുസ്‌ലിംകളെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
മോദി ഭരണത്തിന് ശേഷമുണ്ടായ മാറ്റമായി താങ്കളിതിനെ കാണുന്നുണ്ടോ?
മോദി ഭരണത്തിലേറിയതിന് ശേഷമുണ്ടായ മാറ്റം തന്നെയാണ്. വഖ്ഫ് ബോര്‍ഡ് പോലുള്ള എത്ര എത്ര സ്ഥാനങ്ങളുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ചുമതല മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കാണ്. നഖ്‌വി ശരിക്കും പറഞ്ഞാല്‍ ന്യൂനപക്ഷ സമുദായം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇത്രയും അപകടകാരിയായ ഒരാളെ ന്യൂനപക്ഷ മന്ത്രാലയത്തിലാക്കിയത് ദ്രോഹം ചെയ്യാന്‍ തന്നെയാണ്. നഖ്‌വിക്കുമുമ്പുള്ള നജ്മയും ദ്രോഹം ചെയ്യുക തന്നെയായിരുന്നു. എന്നാല്‍ അവരേക്കാളെല്ലാം അപകടകാരിയായി നഖ്‌വി മാറി. ന്യൂനപക്ഷ മന്ത്രാലയത്തെ അപ്പാടെ പിറകോട്ടടിപ്പിച്ചിരിക്കുകയാണ്. എല്ലാം നിശ്ചലമായി. ഓരോ സാങ്കേതികത്വം പറഞ്ഞ് മുസ്‌ലിംകള്‍ക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം നിര്‍ത്തിവെപ്പിക്കുകയാണ് അദ്ദേഹം. എഫ്.സി.ആര്‍.ഐ മിക്കവാറും എല്ലാ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും റദ്ദാക്കി. ആകെ കൂടി മുസ്‌ലിം, ക്രിസ്ത്യന്‍ സ്ഥാപനങ്ങളല്ലേ ഇതു വാങ്ങുന്നുള്ളൂ. ഹിന്ദു സമുദായത്തിന് അത് അധികം ഇല്ലല്ലോ. എന്തെങ്കിലുമൊക്കെ കാരണം ബ്ലോക്ക് ചെയ്യാനായി കണ്ടെത്തും. ഏതാണ്ട് എല്ലാ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും കെട്ടിക്കിടക്കുകയാണ്. ഒക്കെ സാങ്കേതികമാണ്. ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്‌മെന്റ് ഫോര്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നൊരു പദ്ധതിയുണ്ട്. ധാരാളം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അത് കിട്ടിക്കൊണ്ടിരുന്നതാണ്. ഇപ്പോള്‍ അതും പൂര്‍ണമായി നിര്‍ത്തലാക്കി. അതിനൊക്കെ ഓരോ കാരണവും കെണ്ടത്തും. എഫ്.സി.ആര്‍.ഐ നിര്‍ത്തിയതിന് ഒരു കാരണവുമില്ല. അത് പ്രയോജനപ്പെടുത്തുന്നത് കാര്യമായും മുസ്‌ലിം അനാഥശാലകളും അതുപോലുള്ള സ്ഥാപനങ്ങളുമാണ്. ഇതൊക്കെയും മോദി സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചെയ്തതാണ്. ഹജ്ജിന്റെ കാര്യമെടുത്തുനോക്കുക. സബ്‌സിഡിയുടേത് ഒരു കാര്യം. ഘട്ടം ഘട്ടമായി 2022-ഓടെ സബ്‌സിഡി നിര്‍ത്തിയാല്‍ മതിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഒറ്റയടിക്ക് ഈ വര്‍ഷം തന്നെ നിര്‍ത്തിക്കളഞ്ഞു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് ആറാം വര്‍ഷം നറുക്കെടുപ്പില്ലാതെ പോകാന്‍ കഴിയുമായിരുന്നതും മുന്നറിയിപ്പില്ലാതെ ഈ വര്‍ഷം പെട്ടെന്ന് മാറ്റി. 65 വയസ് കഴിഞ്ഞ അഞ്ചാം വര്‍ഷക്കാര്‍ക്ക് മാത്രമേ നറുക്കെടുപ്പില്ലാതെ അവസരം നല്‍കൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമൂലം 19,000 അപേക്ഷകരാണ് പെരുവഴിയിലായത്. അടുത്ത വര്‍ഷം 65 വയസ് പൂര്‍ത്തിയായ അഞ്ചാം വര്‍ഷക്കാരെയും കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി തുടങ്ങിയ ഏജന്‍സികളെയെല്ലാം ആര്‍.എസ്.എസ് നിയന്ത്രണത്തിലാക്കി. കായികമായ മാത്രം ഉന്മൂലനമല്ല ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തം. ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ കൊല്ലുന്നതാണെങ്കില്‍ ഇത് കൊല്ലാക്കൊല ചെയ്യുകയാണ്. ഇതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഗൗരവമൊന്നും സമുദായം തിരിച്ചറിഞ്ഞിട്ടില്ല.
ന്യൂനപക്ഷങ്ങളെ ഗുണകാംക്ഷയോടെയല്ലല്ലോ നഖ്‌വി സമീപിക്കുന്നത്. ഈ ദ്രോഹം തുടരുന്നതിനിടയിലും മുസ്‌ലിം സമുദായ നേതാക്കളില്‍ പലരെയും വരുതിയില്‍ നിര്‍ത്താന്‍ നഖ്‌വിക്ക് കഴിയുന്നതെന്തു കൊണ്ടാണ്?
അതിന്റെയൊക്കെ കാര്യം എന്തെങ്കിലുമൊക്കെ കിട്ടുമെന്ന മനസ്സ് തന്നെയാണ്. ചെറിയ എന്തെങ്കിലുമൊക്കെ ഒന്ന് കിട്ടിയാല്‍ മതി ഇവര്‍ക്ക്. എന്തെങ്കിലും ആനുകൂല്യമോ ഏതെങ്കിലും കമ്മിറ്റി അംഗത്വമോ കൊണ്ട് ഇവര്‍ തൃപ്തരാകും. നേരത്തേ സൂചിപ്പിച്ച പോലെ സുഖിപ്പിക്കുകയോ അത്തര്‍ പൂശിക്കൊടുക്കുകയോ ചെയ്താല്‍ മതി. നീതിനിഷേധവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് പരിഹരിക്കേണ്ട കാര്യമില്ല. അതിനായി വിലപേശലുമില്ല.
വടക്കേ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് വലിയൊരു കാരണം ജാതിയല്ലേ? മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ഉന്നത ജാതിക്കാരാണോ, അതോ താഴ്ന്ന ജാതിക്കാരാണോ?
വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കടിയില്‍ ജാതീയത ശക്തമാണ്. അതു തന്നെയാണ് അവരുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണവും. ഹിന്ദു സമുദായത്തെ ജാതീയത എങ്ങനെയാണോ താഴ്ത്തിക്കെട്ടിയത് അതുപോലെയാണ് വടക്കേ ഇന്ത്യന്‍ മുസ്‌ലിംകളെയും ജാതി സാമൂഹികമായി പിന്നാക്കാവസ്ഥയിലെത്തിച്ചത്. പിന്നാക്ക ജാതികളുടെ ഉന്നമനത്തില്‍ ഉന്നത ജാതിക്കാര്‍ക്ക് താല്‍പര്യമില്ല. ഈ ജാതികള്‍ തമ്മില്‍ ഒരിക്കലും വിവാഹ ബന്ധത്തിലേര്‍പ്പെടുന്നില്ല. ബോധവത്കരണത്തിലൂടെയല്ലാതെ ജാതി നിര്‍മാര്‍ജനത്തിനൊരു എളുപ്പവഴിയുമില്ല. വിദ്യാഭ്യാസമുണ്ടായാല്‍ ഇതില്‍നിന്നെല്ലാം രക്ഷപ്പെടും. ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം. അല്ലാത്ത കാലത്തോളം ഇവര്‍ രക്ഷപ്പെടില്ല. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ താഴ്ന്ന വിഭാഗങ്ങള്‍ തന്നെയാണ്. ഉന്നത ജാതിക്കാര്‍ അഭിമാന പ്രശ്‌നമെന്ന നിലയില്‍ ഇത്തരം സംരംഭങ്ങളുടെ ഗുണഭോക്താക്കളാകാന്‍ വരില്ല. കേരളത്തില്‍ സംഘടനകളുടെ പേരിലുള്ള അകല്‍ച്ചയാണെങ്കില്‍ ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള അകല്‍ച്ചയാണ്. ആദ്യം തിരിച്ചറിവുണ്ടാകേണ്ടത് മുസ്‌ലിംകള്‍ക്ക് തന്നെയാണ്.
മുസ്‌ലിം ലോകത്തെ സംഭവ വികാസങ്ങളോട് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനമെന്താണ്?
ലോകരാഷ്ട്രങ്ങള്‍ നടത്തുന്ന ഇടപെടലുകളില്‍ ഇന്ത്യ ഇസ്രയേല്‍ പക്ഷത്താണ്. ഇസ്രയേലുമായി ഏറ്റവുമധികം കരാറുകളൊപ്പിട്ട സര്‍ക്കാറാണ് മോദിയുടേത്. കൃഷിയിലും പ്രതിരോധത്തിലുമല്ലാതെ ഇസ്രയേലിന് ഏത് മേഖലയിലാണ് വൈദഗ്ധ്യമുള്ളത്? സിറിയന്‍ സംഘര്‍ഷത്തില്‍ പോലും ഇന്ത്യക്ക് ചില താല്‍പര്യങ്ങളുണ്ട്.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ കാലമാണിത്. ബി.ജെ.പി മാത്രമല്ല, ബി.ജെ.പിയെ എതിര്‍ക്കുന്ന മതേതര സംഘടനകള്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മടിക്കുന്ന സാഹചര്യമുണ്ട്. പുതിയ സാഹചര്യത്തില്‍ അത് രൂക്ഷമാവുകയല്ലേ ചെയ്യുക?
അല്ല. ബി.ജെ.പിക്ക് എതിരെ മറ്റു പാര്‍ട്ടികള്‍ ജയിച്ചുവരാനുള്ള വലിയ ബേസ് ന്യൂനപക്ഷങ്ങളാണ്. അവരെ വിശ്വാസത്തിലെടുത്തു എന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ അവര്‍ക്ക് മതിയായ പ്രതിനിധ്യം നല്‍കേണ്ടിവരും. ന്യനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കാതെ പ്രതിപക്ഷത്തിന് അവരെ കൂടെ നിര്‍ത്താന്‍ കഴിയുകയില്ല.
മുസ്‌ലിംകള്‍ മതേതര പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ മതി, അവര്‍ രാഷ്ട്രീയമായി സ്വന്തം നിലയില്‍ സംഘടിക്കരുത് എന്നൊരു വാദമുണ്ടല്ലോ. രാജ്യമെത്തിപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ വാദത്തിന് വല്ല സാംഗത്യവുമുണ്ടോ?
ആ വാദം ബാലിശമാണ്. സ്വാതന്ത്ര്യം കിട്ടിയ സന്ദര്‍ഭത്തില്‍ ഒരു പാട് ചര്‍ച്ചകള്‍ നടന്നിരുന്നു. മുസ്‌ലിംകള്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ പ്രയോജനമില്ല എന്ന ചിന്താധാര പ്രബലമായിരുന്നു. രണ്ടാമതായി, ന്യൂനപക്ഷ രാഷ്ട്രീയം വേണം, പക്ഷേ അത് മുഖ്യധാരാ പാര്‍ട്ടികളുടെ ന്യൂനപക്ഷ സെല്‍ ആയിട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വാദവും ഉയര്‍ന്നു. കോണ്‍ഗ്രസിനൊക്കെ ആ നിലപാടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ രാഷ്ട്രീയം വേണമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. അന്ന് ലീഗ് രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഞങ്ങളായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. പാര്‍ലമെന്ററി ഡെമോക്രസിയില്‍ രാഷ്ട്രീയമായി ശക്തി സ്വരൂപിച്ചാലല്ലാതെ ആരും ഗൗനിക്കില്ല. വൈകിയാണെങ്കിലും ലീഗ് പറഞ്ഞത് ശരിയായെന്ന കാര്യം എല്ലാവരും നടത്തുന്ന രാഷ്ട്രീയ സംഘടനാ രൂപവല്‍ക്കരണങ്ങളില്‍നിന്ന് മനസ്സിലാക്കാം.
മുസ്‌ലിംകള്‍ സ്വന്തം നിലക്ക് രാഷ്ട്രീയമായി സംഘടിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാരണം. ഇന്ത്യന്‍ സമൂഹത്തില്‍ മത, ജാതി വ്യവസ്ഥയുടെ സ്വാധീനം വലുതാണ്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കരുതെന്ന് പറയുന്നവര്‍ അതേ മതവും ജാതിയും നോക്കി ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്.
ഇത്രയും കാലം മതേതര കക്ഷികള്‍ മുസ്‌ലിംകളെ നിരന്തരം വഞ്ചിക്കുകയായിരുന്നുവെന്നും അതിന് പരിഹാരമായി മുസ്‌ലിംകള്‍ സ്വന്തം നിലക്ക് മത്സരത്തിനിറങ്ങുകയാണ് വേണ്ടതെന്നുമുള്ള വാദം അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ നിരയുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് വലിയ ശ്രമങ്ങള്‍ നടത്തുമ്പോള്‍ പ്രതിപക്ഷത്തിന് കിട്ടുന്ന മുസ്‌ലിം വോട്ടുകളില്‍ ഉവൈസിയെ പോലുള്ളവര്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് പലരും ആക്ഷേപമുയര്‍ത്തുന്നത്. അന്തിമ ഫലം അതായിരിക്കുമെന്ന് നിഷേധിക്കുന്നില്ല. പക്ഷേ, ഈ പറയുന്നവര്‍ എന്തുകൊണ്ട് ഉവൈസിയെ പോലുള്ളവര്‍ ഞങ്ങളുടെ മുന്നണിയില്‍ കൂടട്ടെ എന്ന് പറയുന്നില്ല? എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. അത് അവര്‍ സമ്മതിക്കുകയുമില്ല. രാഷ്ട്രീയമായി ഇതിനകം അസ്തിത്വം തെളിയിച്ച ഉവൈസിയെ പോലുള്ളവരെ ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഉപയോഗപ്പെടുത്തുകയാണല്ലോ വേണ്ടത്. അവരെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല. അവരെ വിളിച്ച് സംസാരിക്കാന്‍ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ തയാറാകുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഉവൈസിയെ പോലുള്ളവരുടെ ഭാഗത്തും തെറ്റുണ്ട്. ബി.ജെ.പി ഭരണത്തില്‍ വരാതിരിക്കാനുള്ള ശ്രമങ്ങളെ എങ്ങനെയെങ്കിലും പിന്തുണക്കാനുള്ള മനസ്സ് അവര്‍ക്കുമുണ്ടാകേണ്ടതുണ്ട്.
2019-ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ പറ്റുന്ന തരത്തില്‍ വല്ല നീക്കങ്ങളും പ്രതീക്ഷിക്കാമോ?
ശുഭാപ്തി വിശ്വാസമുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കല്ല നിങ്ങള്‍ നോക്കേണ്ടത്. ആ റിസള്‍ട്ടിന് മറ്റു പല കാരണങ്ങളാണുള്ളത്. അതിനു മുമ്പ് ഹിന്ദി ബെല്‍റ്റിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയുണ്ടായല്ലോ. ഈ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. ബി.ജെ.പി ഗണ്യമായ തോതില്‍ പിറകോട്ട് പോയി. മോദിയെ അധികാരത്തില്‍നിന്നിറക്കാന്‍ കോണ്‍ഗ്രസ് തന്നെ വിചാരിക്കണം. തങ്ങള്‍ക്ക് ഒറ്റക്കതിന് സാധ്യമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്നുമുള്ള ബോധം കോണ്‍ഗ്രസിനും ഉണ്ടാകണം.
Comments