Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

വരമ്പത്തു വെച്ച് കൂലിവാങ്ങി സി.പി.എം

കെ.സി ജലീല്‍ പുളിക്കല്‍

കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും പാടില്ലെന്ന നയത്തിന് മുന്‍കൈ ലഭിച്ചതില്‍ ആഹ്ലാദിച്ച് തൃശൂരില്‍നിന്ന് വീട്ടിലെത്തും മുമ്പേ തന്നെ 'വിജയ'ത്തിന്റെ അത്ഭുത പ്രതിഫലനം ത്രിപുരയിലുണ്ടായതില്‍ സ്തബ്ധരായി നില്‍ക്കുകയാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ്സുമായി വല്ല നീക്കുപോക്കും ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്നുറക്കെ പറയാനും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍വാഹമില്ലല്ലോ. താന്‍ പറഞ്ഞതെങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ യച്ചൂരിക്കും നിര്‍വാഹമില്ല. എന്തായാലും വരമ്പത്തു വെച്ചുതന്നെ ഇത്ര പെട്ടെന്ന് കൂലികിട്ടുമെന്ന് പിണറായിയും കൂട്ടരും ഒരിക്കലും പ്രതീക്ഷിച്ചതല്ല.

ഇടതുപക്ഷത്തിന് പ്രായോഗിക ചിന്തയുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടാണ് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ അവരുടെ മലപ്പുറം സമ്മേളനം അവസാനിപ്പിച്ചത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സംബന്ധിച്ച വീക്ഷണത്തില്‍ സി.പി.എമ്മിന് പുനര്‍വിചാരമുണ്ടാകേണ്ടതുണ്ടെന്നാണ് കാനം ഉദ്ദേശിച്ചതെന്ന് വ്യക്തം.

ദേശീയ തലത്തില്‍ മതേതര ജനാധിപത്യം നേരിടുന്ന ഫാഷിസ്റ്റ് വിപത്തിനെ ചെറുക്കുന്ന വിഷയത്തില്‍ സി.പി.എമ്മിന്റെ നിലപാടുമാറ്റത്തിന് അത്രക്ക് വലിയ പ്രസക്തിയുണ്ടോ? ഇല്ലെന്നതാണ് വസ്തുത. മുമ്പും അങ്ങനെത്തന്നെ. ഇതിനു മുമ്പ് തന്നെ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നല്ലോ അടിയന്തരാവസ്ഥ. അന്ന് സി.പി.എം ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നുതാനും. എന്നിട്ടും അടിയന്തരാവസ്ഥക്കെതിരെ രൂപപ്പെട്ട കൂട്ടായ്മയിലോ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് വിജയത്തിലോ സി.പി.എം അത്ര വലിയ നിര്‍ണായക ഘടകമായിട്ടില്ല. സി.പി.ഐക്കാണെങ്കില്‍ ഒരു പങ്കുണ്ടായിട്ടുമില്ല. എന്നിട്ടും എഴുപത്തി ഏഴിലെ പ്രസ്തുത തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കൂട്ടായ്മക്ക് ഐതിഹാസികമായ വിജയമാണുണ്ടായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രൂപപ്പെടേണ്ട ജനാധിപത്യ മതേതര സംരക്ഷണ കൂട്ടായ്മക്കും അന്നത്തെ കൂട്ടായ്മയില്‍ മാതൃകയുണ്ട്. അപ്പോഴുയരുന്നൊരു ചോദ്യമുണ്ട്; അന്ന് കോണ്‍ഗ്രസ്സിനെതിരെയല്ലേ ജനാധിപത്യ കൂട്ടായ്മ രംഗത്തു വന്നത്? അല്ല എന്ന് തന്നെയാണ് അതിനുത്തരം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇന്ദിരാഗാന്ധിയുടെ ചിന്തയില്‍ ഉദിച്ചതാണ് അടിയന്തരാവസ്ഥ എന്ന ദുര്‍ഭൂതം. ഇരുപത്തെട്ട് മാസത്തെ ആയുസ്സേ അതിനുണ്ടായുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് കിട്ടിയ സ്വാതന്ത്ര്യമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളായ മൊറാര്‍ജി ദേശായ്, ജഗ്ജീവന്‍ റാം, എച്ച്.എന്‍ ബഹുഗുണ തുടങ്ങിയ നേതാക്കള്‍ രംഗത്തുവന്നു 'കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി' രൂപീകരിച്ചതോടെയാണ് ജനത്തിന് ധൈര്യം കൈവന്നത്. തുടര്‍ന്ന് ഇതേ സി.എഫ്.ഡി ഉള്‍പ്പെടെയുള്ളവര്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 'ജനതാ പാര്‍ട്ടി'യായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ തെരഞ്ഞെടുപ്പാണ്, രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെട്ട, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്നത്. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും സ്തുതിപാഠകരും ഒന്നൊന്നായി ലക്ഷങ്ങളുടെ വോട്ട് വ്യത്യാസത്തിന് തോറ്റമ്പിയതു കണ്ട് ജനം ആഹ്ലാദിച്ച് തുള്ളിച്ചാടിയ ഘട്ടത്തില്‍ 'ഇനി ആയിരം വര്‍ഷത്തിന് ഇന്ത്യയില്‍ അടിയന്തരാവസ്ഥയില്ല' എന്ന് പ്രഖ്യാപിച്ച്, തന്റെ കുറ്റം ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുകയായിരുന്നു ഇന്ദിരാഗാന്ധി. പിന്നീട് ഇതേ ജനം തന്നെ ഇന്ദിരയെ തിരിച്ചുവിളിച്ച് അധികാരം ഏല്‍പിക്കുകയായിരുന്നു. അതിനാല്‍, അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസുമായി ഇപ്പോള്‍ ഒരു ബന്ധവും പാടില്ലെന്ന് പറയുന്നതിനര്‍ഥമില്ല.

എന്നാല്‍ കോണ്‍ഗ്രസിന്റെ നയങ്ങളെല്ലാം ശരിയായിരുന്നെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. കോണ്‍ഗ്രസ്സിന് നിരവധി പാളിച്ചകള്‍ ഭരണരംഗത്തുണ്ടായിട്ടുണ്ട്. മതേതരത്വത്തിന് കടുത്ത ആഘാതമേല്‍പ്പിച്ച ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ ശിലാന്യാസത്തിന് അനുമതി കൊടുത്തതു മുതല്‍ മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ തടയാതിരുന്നതും, പലപ്പോഴും മൃദു ഹിന്ദുത്വത്തിന് വിധേയമായി ന്യൂനപക്ഷം അവഗണിക്കപ്പെട്ടതുമെല്ലാം ഉദാഹരണം. സാമ്പത്തിക നയങ്ങളിലും പല വീഴ്ചകളുമുണ്ടായി. സംഘ്പരിവാറിനെ ഭരണത്തിലെത്തിച്ചതില്‍ കോണ്‍ഗ്രസിന്റെ ഭരണ വൈകല്യങ്ങള്‍ വിലയൊരളവില്‍ കാരണമായിട്ടുണ്ടെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്.

ഇതെല്ലാം ഉള്ളതോടൊപ്പം തന്നെ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനെ തീരെ മാറ്റിനിര്‍ത്താനാവില്ല എന്നത് വസ്തുതയാണ്. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ലെന്നതും യാഥാര്‍ഥ്യമാണ്.

ഇവിടെയാണ് അടിയന്തരാവസ്ഥക്കെതിരില്‍ അന്നുണ്ടാക്കിയ കൂട്ടായ്മയില്‍നിന്ന് ചിലതൊക്കെ മാതൃകയാക്കാന്‍ ഇപ്പോഴും സാധിക്കും എന്ന് ചിന്തിക്കുന്നത്; ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അണിനിരന്ന അന്നത്തെ ബഹുജനമധികവും പഴയ സോഷ്യലിസ്റ്റ് ചിന്തയില്‍ ആകൃഷ്ടരായിരുന്നവരാണെന്ന് കാണാം. ഇന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടികളില്ലെങ്കിലും ബഹുജനങ്ങള്‍, വിശിഷ്യാ വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ പൊതുവെ മതേതര സോഷ്യലിസ്റ്റ് ചിന്ത കൈവിട്ട് വര്‍ഗീയതയെ പുണര്‍ന്നിട്ടില്ലെന്നതാണ് വസ്തുത. ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ചില നേതാക്കള്‍ക്ക് പ്രായോഗിക ചിന്തയുണ്ടെങ്കില്‍ മതേതര കൂട്ടായ്മ രൂപപ്പെടുത്തി ഫാഷിസത്തെ നേരിടാനാകുമെന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസിനും ഇതില്‍ കാര്യമായ പങ്കുവഹിക്കാനാകുമെന്ന് അടുത്ത കാലത്തെ ചില ഉപതെരഞ്ഞെടുപ്പുകളുടെയും മറ്റും ഫലങ്ങള്‍ തെളിയിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും അവരുടെ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് സഹകരിക്കാന്‍ പറ്റുന്ന കൂട്ടായ്മയും ഇതുതന്നെ. അവര്‍ മതേതര കൂട്ടായ്മയില്‍ സജീവരാകുന്നതോടൊപ്പം തങ്ങളുടേതായ കൂട്ടായ്മ വളര്‍ത്തിയെടുത്തേ പറ്റൂ. രാഷ്ട്രീയ രംഗത്ത് ശക്തമായ സമ്മര്‍ദശക്തിയാകാന്‍ അതുവഴി അവര്‍ക്ക് സാധിക്കും.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌