ഭൂമിയിലെ ഉപ്പാവുക, ഉയരങ്ങളിലെ വെളിച്ചമാവുക
ഇസ്‌ലാം സന്തുലിതമാണ്, അതുകൊണ്ട് ഇസ്‌ലാമിക സമൂഹവും ഇസ്‌ലാമിക പ്രസ്ഥാനവുമൊക്കെ സന്തുലിതമായിരിക്കണം. ആദര്‍ശം കൊണ്ടു മാത്രം സന്തുലിതമായാല്‍ പോരാ, വ്യക്തിത്വങ്ങളാലും അത് സന്തുലിതമായിരിക്കണം. സ്ത്രീയും പുരുഷനും അതില്‍ ഒത്തുചേരും. കുട്ടികളും യുവാക്കളും മധ്യവയസ്‌കരും വൃദ്ധരും അതില്‍ ഒന്നിച്ച് അണിനിരക്കും. മനുഷ്യസമൂഹത്തിന്റെ പ്രാരംഭം മുതല്‍ മനുഷ്യ സമൂഹത്തോടൊപ്പം യാത്ര ചെയ്ത ഇസ്‌ലാം അത് ഉണ്ടായത് മുതല്‍ സന്തുലിതമാണ്. അതു സംബന്ധിച്ച ഖുര്‍ആനിക വാക്യങ്ങള്‍ നിരവധിയുണ്ട്. അവ പലവുരു നാം കേട്ടുകഴിഞ്ഞതാണ്. അതിലൊന്നു മാത്രം ഇവിടെ ഉദ്ധരിക്കാം: ''അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും.'' ഈ സമൂഹത്തിന്റെ സവിശേഷത 'വസത്വ്' എന്നതാണ്. ഇത് മധ്യമ സമൂഹമാണ് എന്നര്‍ഥം. നീതിയിലും ധര്‍മത്തിലും നന്മയിലും മധ്യമ നിലപാടെടുക്കുന്ന സമൂഹമാണ് മുസ്‌ലിംകള്‍. ഖുര്‍ആന്‍ ഈ സമൂഹത്തിന് നല്‍കിയ ശാശ്വത വിശേഷണമാണിത്.
ഈ മധ്യമ സവിശേഷതയെ മുന്‍നിര്‍ത്തി ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും സംബന്ധിച്ച ചില വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുകയാണ്. ഈസാ നബി(അ) പറഞ്ഞിട്ടുള്ളത്, 'ഈ സമൂഹം ഭൂമിയിലെ ഉപ്പും പര്‍വതങ്ങളിലെ വെളിച്ചവുമാണ്' എന്നത്രെ. ഇസ്‌ലാമിക സമൂഹം അല്ലാഹു നിയോഗിച്ച ഭൂമിയിലെ ഉപ്പാണ്. എന്താണ് ഉപ്പിന്റെ പ്രത്യേകത? കേടുപാടു വരാതിരിക്കാന്‍, പുഴുത്ത് പോകാതിരിക്കാന്‍, ചീഞ്ഞളിയാതിരിക്കാന്‍ സകല വസ്തുക്കളും പഴയകാലത്ത് പ്രകൃതിദത്തമായ ഉപ്പിട്ടാണ് ആളുകള്‍ സൂക്ഷിച്ചിരുന്നത്. ഉപ്പിലിട്ട മാങ്ങ, ഉപ്പിലിട്ട നാരങ്ങ, ഉപ്പിലിട്ട മത്സ്യം, ഉപ്പിലിട്ട ഉണക്ക മത്സ്യം ഇതൊക്കെ പരിശുദ്ധമായ ഭക്ഷ്യ പദാര്‍ഥങ്ങളായിരുന്നു. ഉപ്പിട്ടാല്‍ അവ അളിഞ്ഞുപോവുകയില്ല; കെട്ടുപോവുകയില്ല. അപ്രകാരം മനുഷ്യസമൂഹം ചീഞ്ഞളിഞ്ഞ് പോകുന്നതില്‍നിന്നും കെട്ടുപോകുന്നതില്‍നിന്നുമൊക്കെ സുരക്ഷിതമാക്കി നിര്‍ത്തുന്ന ഭൂമിയിലെ ഉപ്പാണ് ഇസ്‌ലാമിക സമൂഹം. അങ്ങനെയുള്ള ഉപ്പ് സ്വയം പൂത്തുപോവുകയില്ല, അളിഞ്ഞു പോവുകയില്ല. ചിലപ്പോള്‍ ഉപ്പിലൊരു കീടം വീണുപോയെന്നു വരാം. അങ്ങനെ മുസ്‌ലിം സമൂഹമാകുന്ന ഉപ്പിനകത്ത് വന്നുവീണ കീടമാണ് ഐ.എസ് എന്ന ഭീകരത. അത് ഇസ്‌ലാമിക സമൂഹത്തില്‍ വീണുപോയ മാലിന്യമാണ്. ഐ.എസ് മറ്റെന്തായാലും ഇസ്‌ലാമല്ല; അത് ഉപ്പ് പുഴുത്തതല്ല, ഉപ്പില്‍ ഒരു കീടം വന്നു വീണതാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഉപ്പിനെ സംബന്ധിച്ച് ഒരു കവി പറയുന്നു: ....ഉപ്പ് കൊണ്ടാണ് എല്ലാ സാധനങ്ങളും മലിനമാകാതെ കാത്തുസൂക്ഷിക്കുന്നത്. പക്ഷേ, ഉപ്പ് തന്നെ പുഴുത്തുപോയാല്‍ എന്തു ചെയ്യുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഞാനും നിങ്ങളും മുസ്‌ലിം സമുദായം പൂത്തു, പുഴുത്തു പോകുന്നത് തടയാന്‍ പ്രതിജ്ഞാബദ്ധരാണ്. ഉപ്പില്‍ വീണുപോകുന്ന കീടങ്ങളെ നാം എടുത്തുമാറ്റേണ്ടതുണ്ട്.
ഉപ്പിന് മറ്റൊരു വിശേഷത കൂടിയുണ്ട്. ചീഞ്ഞുപോകുന്നത് തടുക്കുക മാത്രമല്ല, സകല ഭക്ഷണത്തിനും സ്വാദും രുചിയും ആസ്വാദനവും പകരുന്നു് ഉപ്പ്. അതുപോലെ, ഇസ്‌ലാമിക സമൂഹവും മാനുഷ്യകത്തിന് ആസ്വാദനവും രുചിയും സന്തോഷവും ഉണ്ടാക്കിക്കൊടുക്കേണ്ട ഉത്തമ സമൂഹമാണ്. പ്രവാചകന്‍ പറയുകയുണ്ടായി: 'സത്യവിശ്വാസി മുഖപ്രസാദമുള്ളവനാണ്.'
തീക്കുടുക്ക പോലുള്ളവനല്ല. കണ്ടാല്‍ പുഞ്ചിരിക്കുന്ന, കൂടിച്ചേര്‍ന്നാല്‍ മറ്റുള്ളവര്‍ക്ക് സന്തോഷം പകരുന്ന, മാന്യനും വിശാലഹൃദയനുമായ നല്ല മനുഷ്യനാണ് സത്യവിശ്വാസി. ആളെ കാണുമ്പോള്‍, മുഖം കോട്ടാതെ, മസില്‍ പിടിക്കാതെ ഹൃദയം തുറന്ന് സന്തോഷം പ്രകടിപ്പിക്കുന്ന, ഒരാസ്വാദനം പകര്‍ന്നുതരുന്ന നല്ല മനുഷ്യനാകുമ്പോഴാണ് സത്യവിശ്വാസി ഉപ്പാകുന്നത്. മറ്റൊരു നബിവചനം കാണാം: ''നീ നിന്റെ സഹോദരനെ നോക്കി പുഞ്ചിരിച്ചാല്‍ അതൊരു മഹാ ധര്‍മമാണ്.'' സഹോദരനെ കാണുമ്പോള്‍ 'സമാധാനമുണ്ടാവട്ടെ' എന്നു പറഞ്ഞുകൊണ്ട് നിങ്ങളൊന്നു പുഞ്ചിരിച്ചാല്‍, അത് ഈ ലോകത്തുള്ള സര്‍വത്തേക്കാള്‍ വിലപ്പെട്ട സംഭാവനയാണ്, ധര്‍മമാണ് എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്.
ഇസ്‌ലാമിക സമൂഹത്തില്‍ ഏതുതരത്തിലുമുള്ള കീടങ്ങള്‍ വന്നുപെടുന്നത് സൂക്ഷിക്കണം. കാണുമ്പോള്‍ മുഖം കോട്ടുന്ന, പരസ്പരം മുഖം കറുപ്പിക്കുന്ന, സലാം ചൊല്ലിയാല്‍ മടക്കാന്‍ കഴിയാതെ തെറ്റിയും പിണങ്ങിയും നടക്കുന്ന സഹോദരന്മാരോട് പുഞ്ചിരിക്കാന്‍ പറയുക, സന്തോഷം കളിയാടുന്ന മുഖത്തോടെ തിരിച്ചുപോകാന്‍ പറയുക- ഇത് നമ്മുടെ ദൗത്യമാണ്. ഞാന്‍ എന്റെ എട്ടാമത്തെ വയസ്സില്‍ ഒരു പെട്ടിപ്പാട്ട് കേള്‍ക്കുകയുണ്ടായി. ഒരു കല്യാണപ്പന്തലില്‍ കേട്ട ആ ഗാനശകലത്തിലെ ആശയം ഇന്നും ഞാന്‍ ഓര്‍ത്തുപോകുന്നു; 'പിഞ്ചു പൈതങ്ങളോട് പുഞ്ചിരി തൂകാതെ നബി(സ) കടന്നുപോകുമായിരുന്നില്ല' എന്നതായിരുന്നു അത്. അങ്ങനെ, കൊച്ചുകുട്ടികളെപ്പോലും പുഞ്ചിരി തൂകി സ്വാഗതം ചെയ്യുന്ന ഹൃദയവിശാലതയുള്ള, മാനുഷിക പ്രഭാവമുള്ള സമൂഹത്തിനാണ് മുഅ്മിന്‍ എന്നു പറയുന്നത്. അവര്‍ ഭൂമിയിലെ ഉപ്പാണ്.
രണ്ടാമത്തെ അവരുടെ വിശേഷഗുണം, പര്‍വതങ്ങളിലെ വെളിച്ചം എന്നതാണ്. ഉയരങ്ങളിലെ വെളിച്ചം എന്നു പറഞ്ഞാല്‍ നമുക്ക് പെട്ടെന്ന് മനസ്സിലാകണമെന്നില്ല. മധ്യപൗരസ്ത്യ ദേശങ്ങളില്‍, അറേബ്യന്‍ രാജ്യങ്ങളിലെ മരുഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ ഏകാന്തപഥികനായി ഒട്ടകത്തിന്റെ പുറത്തോ കുതിരപ്പുറത്തോ യാത്ര ചെയ്യുന്നു. മണല്‍ക്കാറ്റടിച്ച് വഴികള്‍ ഇടകലര്‍ന്ന് തിരിച്ചറിയാന്‍ കഴിയാതാവുകയും, വഴിതെറ്റി രാത്രിയായിപ്പോകുമ്പോള്‍ ഒരു മമ്മദ്കാക്കാന്റെ മക്കാനിയോ പാത്തുമ്മതാത്താന്റെ തട്ടുകടയോ ആ മരുഭൂമിയില്‍ എവിടെയും കാണാന്‍ സാധ്യമാകാതിരിക്കുകയും ചെയ്യുന്നു. അവനും പടച്ചവനും ഒട്ടകവും മാത്രമായി കണ്ണെത്താ ദൂരങ്ങളില്‍ മരുഭൂമിയില്‍ പെട്ടുനില്‍ക്കെ, എന്താണ് പോംവഴി എന്ന് ചിന്തിക്കും. അപ്പോഴതാ ദൂരെ ഒരു വെളിച്ചം കാണുന്നു, ഉയരങ്ങളിലെ വെളിച്ചം. അതു മാത്രമേ കാണുകയുള്ളൂ. അതുകൊണ്ട് ഉയരങ്ങളില്‍, മലമുകളിലെ ഉയര്‍ന്ന വീടുകളില്‍, ഒരു വെളിച്ചം അവര്‍ കത്തിച്ചുവെച്ചിരിക്കും. അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണെന്ന് പറയുന്ന പോലൊരു വെളിച്ചം കാണുമ്പോള്‍ അവിടെ മനുഷ്യനുണ്ട്, ജീവനുണ്ട്, ജീവിതമുണ്ട്, പ്രതീക്ഷയുണ്ട് എന്ന് യാത്രക്കാരന് തിരിച്ചറിയാന്‍ കഴിയുന്നു. ആ യാത്രക്കാരന്റെ മനസ്സാക്ഷി, അവന്റെ പാരമ്പര്യം, ആ സമൂഹത്തിന്റെ സമ്പ്രദായം 'നീ വെളിച്ചത്തിലേക്ക് പോകൂ' എന്ന് അവനോട് പറയുന്നു.
മൂസാ നബി(അ) മദ്‌യനില്‍നിന്ന് ഭാര്യയോടും കൂട്ടുകാരോടുമൊപ്പം തിരിച്ചുവരുമ്പോള്‍ വഴികാണാതായ സമയത്ത് 'ഞാനതാ സീനാ പര്‍വതത്തിന്റെ പ്രാന്തത്തില്‍ വെളിച്ചം കാണുന്നു' എന്നു പറയുകയുണ്ടായി. അവര്‍ക്ക് വഴികാണിച്ച വെളിച്ചമാണത്. വേണമെങ്കില്‍ അതിന്റെ തുടര്‍ച്ചയില്‍ എന്ന് പറയാവുന്ന വിധം കത്തിച്ചുവെക്കുന്ന ആ വെളിച്ചം അറബ് സമൂഹത്തിന്റെ മാന്യതയുടെയും മനുഷ്യത്വത്തിന്റെയും വിശാല ഹൃദയത്തിന്റെയും അടയാളമാണ്. അതിനാണ് വഴിവിളക്ക് എന്നു പറയുന്നത്. ഒരു ഗോത്രക്കാരനെങ്ങാനും രാത്രി വിളക്ക് കെടുത്തിയാല്‍ അവന്റെ വീട്ടില്‍ പിന്നെ പെണ്‍കുട്ടിക്ക് പുതിയാപ്ലയെ കിട്ടുകയില്ല. പിശുക്കനായാണ് സമൂഹം പിന്നെ അവനെ പരിഗണിക്കുക. അതു സംബന്ധിച്ച കവിതകളൊക്കെ കേട്ടാല്‍ നാം ഞെട്ടിപ്പോകും. വിളക്കു കണ്ട് എത്തിച്ചേരുന്ന അതിഥിക്ക് വലിയ അവകാശമുണ്ട്. അത് ഇക്കാലത്ത് പറഞ്ഞാല്‍ മനസ്സിലാവുകയില്ല. ഒരതിഥി വെളിച്ചം കണ്ട് ഒരിടത്തു ചെന്നാല്‍ നബി തന്നെ പഠിപ്പിക്കുന്നതനുസരിച്ച് മൂന്നു ദിവസം അവന് ആ വീട്ടില്‍ അതിഥിയായി നില്‍ക്കാനുള്ള അവകാശമുണ്ട്. ആതിഥേയര്‍ മാന്യമായി അവനെ സ്വീകരിച്ചുകൊള്ളണം. ഇങ്ങനെയുള്ള ഒരു സംസ്‌കാരം മുന്നില്‍ വെച്ചുകൊണ്ടാണ് യേശു ക്രിസ്തു എന്ന മഹാന്‍ നിങ്ങള്‍ ഭൂമിയുടെ വെളിച്ചമാണെന്ന് പറഞ്ഞത്.
എന്താണതിന്റെ പശ്ചാത്തലമെന്ന് ചോദിച്ചാല്‍, മനുഷ്യനോടുള്ള ആദരവ് എന്ന് ഉത്തരം. ഈ മഹാ പ്രപഞ്ചത്തിലെ വധുവും വരനുമാണ് മനുഷ്യന്‍. ആദാമും ഹവ്വയും ഉള്‍പ്പെടുന്ന മനുഷ്യന്‍, പ്രപഞ്ചമാകുന്ന കല്യാണപ്പുരയിലെ വരനും വധുവുമാണ്. ആദമിന്റെ മക്കളെ അല്ലാഹു ആദരിച്ചിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യനെ അറിഞ്ഞു പടച്ചിരിക്കുന്നുവെന്നാണ് അല്ലാഹു പറഞ്ഞത്. താന്‍ സൃഷ്ടിച്ച ഒരു അത്ഭുത മഹാസങ്കീര്‍ണ സൃഷ്ടിയാണ് മനുഷ്യന്‍ എന്നത്രെ അല്ലാഹുവിന്റെ പ്രഖ്യാപനം. മാത്രമല്ല, അവനെ ഭൂമിയില്‍ തന്റെ പ്രതിനിധിയായിട്ടാണ് നിശ്ചയിച്ചത് എന്നും പറഞ്ഞുവെച്ചിട്ടുണ്ട്. നിങ്ങളൊരു പ്രമുഖ വ്യക്തിത്വത്തിന്റെ പ്രതിനിധിയായി ഒരു കല്യാണത്തിനു ചെന്നാല്‍, ഇന്നലത്തെ നിങ്ങളല്ല അവിടെ. ഒരു പ്രധാനിയുടെ പ്രതിനിധിയാണ്. നിങ്ങളിലൂടെ ആ പ്രമുഖന്‍ ആദരിക്കപ്പെടുന്നു. നീ, ഞാന്‍ എന്നൊക്കെപ്പറയുന്ന ഈ മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്. ആ അധികാരം, ആ അവകാശം, ആ സ്ഥാനമാനം അര്‍ഹിക്കുന്നവനാണ് മനുഷ്യന്‍. അതുകൊണ്ട് മനുഷ്യന്റെ ജീവന്‍ മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്. ഈ ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്തുവെന്തെന്ന് ചോദിച്ചാല്‍, സ്വര്‍ണവും വെള്ളിയും കറന്‍സിയുമൊന്നുമല്ല ഉത്തരം. അത് മനുഷ്യന്റെ രക്തമാണ്, ജീവനാണ്. മനുഷ്യന്റെ ഒരു തുള്ളി രക്തം അന്യായമായി ഈ ഭൂമിയില്‍ വീണാല്‍, ഭൂമി അത് കുടിക്കുകയില്ല; ഭൂമി അത് സ്വീകരിക്കുകയില്ല.
മനുഷ്യസമൂഹത്തില്‍ ആദ്യം നടന്ന കൊലപാതകം ഹാബേലിന്റേതാണ്. ഖാബേലാണ് കൊലയാളി. ബൈബിളില്‍ ഹാബേലെന്നും കായേന്‍ എന്നുമാണ് പറയുന്നത്. കായേന്‍ ഹാബേലിനെ കൊന്നു. ജ്യേഷ്ഠനനുജന്മാരായിരുന്നു രണ്ടു പേരും. പക്ഷേ, ഒരാളുടെ ഹൃദയം ശുദ്ധമായിരുന്നു. മറ്റേയാളില്‍ കാപട്യവും അസൂയയും ഗര്‍വും ഡംബും 'ട്രംപും' എല്ലാമുണ്ടായിരുന്നു. അതുകൊണ്ട്, അദ്ദേഹത്തിന്റെ ദാനം/ബലി അല്ലാഹു സ്വീകരിച്ചില്ല. നല്ലവനായ ഹാബേലിന്റെ ധര്‍മവും ദാനവുമാണ് അല്ലാഹു സ്വീകരിച്ചത്. അസൂയ പൂണ്ട് ഖാബേല്‍ തന്റെ സഹോദരനെ ഒരേ വാപ്പക്കും ഒരേ ഉമ്മാക്കും പിറന്ന, തന്റെ ഉടലായ, ഏക സഹോദരനെ നിര്‍ദയം വധിക്കുകയും ഭൂമിയില്‍ ചൂടുചോര വീഴ്ത്തുകയും ചെയ്തു. മനുഷ്യലോകത്ത് ഞെട്ടലുളവാക്കിയ സംഭവമായാണ് അല്ലാഹു അത് വിവരിക്കുന്നത്. ഈ ഒറ്റക്കാരണം കൊണ്ട് അല്ലാഹു ഒരു വിധി പ്രഖ്യാപിക്കുന്നു. എന്താണ് ആ വിധി? ന്യായമായ കാരണമില്ലാതെ ഒരു നിരപരാധിയെ വധിക്കുകയാണെങ്കില്‍, ഒരാള്‍ മാത്രമല്ല വധിക്കപ്പെടുന്നത്, മുഴുവന്‍ മനുഷ്യസമൂഹവുമാണ്. കാരണം ഒരു മനുഷ്യനിലെ മനുഷ്യനും മനുഷ്യ സമൂഹത്തിലെ മുഴുവന്‍ മനുഷ്യനും ഒന്നുതന്നെയാണ്. അതുകൊണ്ട് ഒരു മനുഷ്യനെ കൊന്നാല്‍, മനുഷ്യ സമൂഹത്തെ മുഴുവന്‍ കൊല്ലുന്നതിന് തുല്യമാണെന്ന് അല്ലാഹു പറയുന്നു. ഇങ്ങനെ പറയാന്‍ കഴിയുന്ന ഒരൊറ്റ പ്രസ്ഥാനവും ഒരൊറ്റ സിദ്ധാന്തവും പ്രത്യയശാസ്ത്രവും ഇസ്‌ലാമല്ലാതെ ലോകത്തുണ്ടായിട്ടില്ല.
ഒരു മനുഷ്യനെ കൊന്നാല്‍ മനുഷ്യസമൂഹത്തെ മുഴുവന്‍ കൊല്ലുന്നതുപോലെ എന്നു മാത്രമല്ല മറിച്ചും പറയുന്നുണ്ട്. ഒരു മനുഷ്യനെ ജീവിപ്പിച്ചാല്‍, അഥവാ വധിക്കപ്പെടാന്‍ പോകുന്ന ഒരു നിരപരാധിയെ രക്ഷിച്ചെടുത്താല്‍ മനുഷ്യസമൂഹത്തെ മുഴുവന്‍ രക്ഷിച്ച പോലെയാണത് എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യന് അല്ലാഹു നല്‍കുന്ന വിലയാണിത്. കണ്ണൂരിലും തലശ്ശേരിയിലും നാദാപുരത്തും മാത്രമല്ല, ലോകത്തെങ്ങും മനുഷ്യന്‍ ഇന്ന് വിലയില്ലാത്തവനായിത്തീരുകയാണ്. അവന്റെ ചുടുചോര വീഴുകയാണ്.
അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് എവിടെ നില്‍ക്കുന്നുവെന്നത് സന്ദര്‍ഭോചിതമായ ചോദ്യമാണ്. ട്രംപ് വ്യക്തിയല്ല; ഒരു പ്രതിഭാസമാണ്. വേണമെങ്കില്‍ ട്രംപ് ഒരു ഇതിഹാസമാണെന്നും പറയാം. അവസാനം ട്രംപ് ഒരു പരിഹാസവും ആഭാസവുമായിത്തീരും. ട്രംപ് ഒരു വ്യക്തിയല്ല, ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയല്ല, ഒരു ഇതിഹാസ പുരുഷനാണ്. ഒരു പ്രതിഭാസമാണ്. നൂറ്റാണ്ടുകളിലൂടെ, തലമുറകളിലൂടെ, രാപ്പകലുകളിലൂടെ, ജനപഥങ്ങളിലൂടെ, യുഗങ്ങളിലൂടെ കടന്നുപോരുന്ന ഒരാശയത്തിനാണ് ട്രംപ് എന്നു പറയുന്നത്. ആ ആശയത്തിന് മറ്റൊരു പേരുണ്ട്; ഡ്രാക്കുള! ഡ്രാക്കുള എന്നു പറഞ്ഞാല്‍ രക്തരക്ഷസ്സ്. അവന്‍ യുഗങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുകൊണ്ടിരിക്കും. മനുഷ്യസമൂഹത്തിന്റെ ചൂടുള്ള ചോര കുടിക്കലാണ് ഡ്രാക്കുളയെന്ന രക്തരക്ഷസ്സിന്റെ ചരിത്രപരമായ ദൗത്യമെന്ന് അതിന്റെ കഥ കേട്ടിട്ടുള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്.
ഇസ്‌ലാം എന്തിനാണെന്ന് ചോദിച്ചാല്‍, മതിലുകള്‍ കെട്ടാനല്ല; അതിന്റെ മുകളില്‍ പാലങ്ങള്‍ പണിയാനാണ് എന്നാണ് മറുപടി. അങ്ങനെ മനുഷ്യസമൂഹത്തോട് ആദരവ് കാണിക്കുന്ന ഒരു ജനതയായി, ഉന്നതമായ സംസ്‌കാരത്തിന്റെ പ്രതീകമായി നമ്മള്‍ ഇവിടെ നില്‍ക്കുമ്പോഴാണ് ഈ രാജ്യത്തിന് നമ്മെ ആവശ്യമായിത്തീരുക. ഈ കാര്യങ്ങളൊക്കെ പറഞ്ഞ് പഠിപ്പിക്കാനാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചത്. ജീവിതത്തെക്കുറിച്ച ഒരു പരമസത്യം കൂടി, പ്രപഞ്ചത്തെ സംബന്ധിച്ചും മനുഷ്യനെ സംബന്ധിച്ചുമുള്ള ഒരു അന്തിമ യാഥാര്‍ഥ്യം കൂടി സഹോദരങ്ങള്‍ എന്ന നിലയില്‍ ഇവിടത്തെ മനുഷ്യനെ നാം അറിയിക്കേണ്ടതുണ്ട്. ഐഹിക ജീവിതത്തെക്കുറിച്ച സന്തോഷം മാത്രം മനുഷ്യരെ അറിയിച്ചാല്‍ പോരാ. നമ്മുടെ രക്ഷിതാവ് അല്ലാഹുവാണ്, ജീവിതത്തില്‍ മറ്റൊരു ലോകം വരാന്‍ പോകുന്നു, ആ ലോകത്തേക്ക് നാം കരുതിവെപ്പ് നടത്തേണ്ടതുണ്ട് എന്ന സന്ദേശം. ഈ സന്ദേശവുമായാണ് പ്രവാചകന്മാരെ അയച്ചിട്ടുള്ളത്. ഇത് അറിയിച്ചപ്പോള്‍ അവര്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അങ്ങനെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഘട്ടത്തില്‍ അല്ലാഹു അവരോട് ചോദിച്ചു: ഞാന്‍ ഇടപെടണോ, ഞാന്‍ ഇവരെ തകര്‍ക്കണോ? മനുഷ്യസ്‌നേഹികളായ ആ പ്രവാചകന്മാര്‍ പറഞ്ഞ മറുപടി നാം പ്രത്യേകം ശ്രദ്ധിക്കണം. അല്ലാഹുവേ, അരുത് അരുത്! അവര്‍ വിവരമില്ലായ്മ കൊണ്ട് ചെയ്തുപോയതാണ്. അവര്‍ക്ക് പൊറുത്തു കൊടുക്കണേ! അല്ലാഹുവിന്റെ ശിക്ഷ വരുമ്പോള്‍ പ്രവാചകന്മാരുടെ മനസ്സ് എന്തായിരുന്നുവെന്നും ചിന്തിക്കണം. ഇങ്ങനെ ശിക്ഷ വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഇബ്‌റാഹീം നബി(അ) അല്ലാഹുവുമായി വാദപ്രതിവാദത്തിന് പുറപ്പെട്ടു. അത് അല്ലാഹുവിന് ഇഷ്ടമായി. എന്റെ ദാസന്‍ ഇബ്‌റാഹീം ഭീരുവായിരിക്കാതെ എന്നോട് വാദപ്രതിവാദത്തിനു ധൈര്യപ്പെട്ടു വന്നു എന്നാണ് അല്ലാഹു പറഞ്ഞത്. എന്താണ് ആ വാദപ്രതിവാദം? അല്ലാഹുവേ, എനിക്ക് ചോദിക്കാന്‍ അവകാശമുണ്ടോ? ഉണ്ട്. എന്നാല്‍ ചോദിക്കാം: ലൂത്വ് നബിയുടെ രാജ്യത്ത് ഭൂരിപക്ഷം മോശക്കാരായിരുന്നെങ്കിലും 50 നല്ല മനുഷ്യരെങ്കിലും ഉണ്ടായിരിക്കെ നീ ആ രാജ്യത്തെ തകര്‍ക്കുകയാണോ? അല്ലാഹു പറഞ്ഞു: ഇബ്‌റാഹീം, നല്ല 40 പേരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ രാജ്യത്തെ രക്ഷിക്കാം. എല്ലാ വിധത്തിലും കണക്കുകൂട്ടി നോക്കിയിട്ടും ഇബ്‌റാഹീം നബിക്ക് 40 ആളുകളെ കിട്ടുന്നില്ല. പരതിപ്പിടിച്ച് 10 പേരില്‍ എത്തിയപ്പോള്‍ ഇബ്‌റാഹീം നബിക്ക് ലജ്ജ കൊണ്ട് പിന്നെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം മൗനം പാലിച്ചു. ഇങ്ങനെ മൗനം പാലിച്ചപ്പോള്‍, പ്രവാചകന്റെ മനസ്സ് എന്തായിരുന്നുവെന്നും നാം
മനസ്സിലാക്കണം. ഞാനീ ജനതയുടെ പേരില്‍ എങ്ങനെയാണ് കണ്ണുനീര്‍ വാര്‍ക്കേത്? അല്ലാഹുവിന്റെ അനുഗ്രഹം കിട്ടാതെ ഈ ജനത മരിച്ചുപോയാല്‍ അവര്‍ക്ക് നരകമാണല്ലോ കിട്ടാന്‍ പോകുന്നത്. ഇതായിരുന്നു പ്രവാചകന്മാരെ വിഷമിപ്പിച്ച വേദന എന്ന് നാം മനസ്സിലാക്കണം.
പുതുതായി ഒരു ശാസ്ത്രം വികസിച്ചുവരുന്നു്. ക്രയോണിക് എന്നാണതിന്റെ പേര്. എന്നുവെച്ചാല്‍ അസമയത്ത് മരിച്ചുപോവുക. അല്ലെങ്കില്‍ ജീവിതത്തോട് അസാധാരണ ആര്‍ത്തിയുള്ള മനുഷ്യന്‍ രോഗം പിടിച്ചു മരിച്ചുപോവുക. അപ്പോള്‍ അവര്‍ വസ്വിയ്യത്ത് ചെയ്യുന്നു; ഞങ്ങള്‍ക്ക് പുനരുത്ഥാനം വേണം. വീണ്ടും ജീവിക്കണം. അത്തരം ആളുകളുടെ മൃതദേഹങ്ങള്‍ മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് ശൈത്യത്തില്‍ ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുകൊണ്ട് സൂക്ഷിക്കും. അങ്ങനെ ദീര്‍ഘകാലം സൂക്ഷിച്ചാല്‍ ഈ ശവങ്ങള്‍ ജീവന്‍ വെച്ച് എഴുന്നേറ്റുവരാന്‍ സാധ്യതയുണ്ടോ എന്ന പരീക്ഷണമാണ് ശാസ്ത്രം നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് നിങ്ങള്‍ 'ആപ്പ്' വഴിയോ മറ്റേതെങ്കിലും രൂപത്തിലോ ഒരു സന്ദേശം അറിയിക്കേണ്ടതുണ്ട്.
ഈ ക്രയോണിക്ക് ഇല്ലെങ്കില്‍ പോലും സകല മനുഷ്യരും മരിച്ചതിനു ശേഷം എഴുന്നേല്‍പ്പിക്കപ്പെടും. കാഹളം ഊതുന്ന ഒരു ദിവസം വരാനുണ്ട്. അന്ന് സകല മനുഷ്യരെയും അല്ലാഹു ഒരുമിച്ചുകൂട്ടും. ഭൂമിയില്‍നിന്ന് ചിതലുകള്‍ മഴപ്പാറ്റകളായി പാറിപ്പറക്കും പോലെ, കോടിക്കണക്കിന് മനുഷ്യര്‍ മണ്ണില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവരും. എല്ലാവരും കൂടി അല്ലാഹുവിന്റെ സന്നിധാനത്തിലേക്ക് പോവുകയാണ്. അതുകൊണ്ട് മഞ്ഞുമൂടിയുള്ള ഈ ശവം സൂക്ഷിപ്പൊന്നും ആവശ്യമില്ല എന്നാണ് മനുഷ്യസമൂഹത്തോട് പറയാനുള്ളത്. ഈ ഖുര്‍ആനിക വിവരണം നമ്മുടെ ചിന്തയെ തട്ടിയുണര്‍ത്തേണ്ടതുണ്ട്: അതാ വരുന്നു 'സകാറത്തുല്‍ മൗത്ത്' എന്ന മരണവെപ്രാളം. ഇപ്പോള്‍ വന്നത് യഥാര്‍ഥമായിട്ടുള്ള അവസാനത്തെ വരവാണ്. ആ സന്ദര്‍ഭത്തില്‍ മനുഷ്യന്‍ ഞെട്ടിത്തരിച്ചുപോകുന്നു. എങ്ങോട്ടു പോകണമെന്ന് നിശ്ചയമില്ലാതെ അസ്വസ്ഥനായി നില്‍ക്കുന്നു. മരണത്തിനു ശേഷം ഒരു കാഹളം ഊത്ത് മാത്രം അവന്‍ കേള്‍ക്കുന്നു. അവന്‍ എഴുന്നേറ്റു വരുന്നു. ഒരു ദിവസം മാത്രമേ ഉറങ്ങിയിട്ടുള്ളൂ എന്നാണവന് തോന്നുന്നത്. ആ കാഹളം വിളി കേള്‍ക്കുന്നതോടെ എഴുന്നേല്‍ക്ക്, എഴുന്നേല്‍ക്ക് എന്നു പറഞ്ഞ് സകലതും എഴുന്നേറ്റു നില്‍ക്കുന്നു. വളരെ ഭീഷണമായ സന്ദര്‍ഭമാണത്. ഓരോ മനുഷ്യനെയും അവന്റെ ചെയ്തികള്‍ക്കുള്ള തെളിവുകളോടെ കൈയാമം വെച്ച് കൊണ്ടുപോകുന്ന സന്ദര്‍ഭം.
ആ സന്ദര്‍ഭത്തെക്കുറിച്ച് ഖുര്‍ആന്‍, അവസാനമായി പറയുന്നു. ഇപ്പോള്‍ നീ കണ്ണു തുറന്ന് നോക്കുക, നീ അശ്രദ്ധയില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ഇന്ന് മൂര്‍ച്ചയുള്ള ഒരു കണ്ണ് നിനക്കുണ്ട്. യാഥാര്‍ഥ്യം നിന്റെ ഈ കണ്ണുകൊണ്ട് കാണുക. അവിടെയാണ് വിചാരണ നടക്കുന്നത്. അതുകൊണ്ട് മനുഷ്യാ നീ ഒന്നുകില്‍ ഈ ഭൂമിയില്‍ ഒരു വഴിയാത്രക്കാരനെ പോലെ, അല്ലെങ്കില്‍ ഒരു പരദേശിയെപോലെ ജീവിക്കുക. നീ നാളെ എത്തിച്ചേരേണ്ടത് അല്ലാഹുവിന്റെ സ്വര്‍ഗലോകത്താണ്. ആകാശഭൂമിയോളം വിശാലമായ ഒരു സ്വര്‍ഗലോകത്താണ് നമുക്ക് എത്തിച്ചേരാനുള്ളത്.
തയാറാക്കിയത്: ജഫ്‌ല ഹമീദുദ്ദീന്‍
Comments