Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

പ്രബോധനത്തിന്റെ പ്രചാരണം കാലം ആവശ്യപ്പെടുന്നുണ്ട്‌

എം.ഐ അബ്ദുല്‍ അസീസ്(അമീര്‍, JIH കേരള)

കഴിഞ്ഞ ആറര പതിറ്റാണ്ടായി കേരളത്തിന്റെ മത, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തില്‍ സജീവ സാന്നിധ്യമായി പ്രബോധനമുണ്ട്. പേരു തന്നെ സൂചിപ്പിക്കുന്ന പോലെ പ്രബോധനം ഒരു ദൗത്യം കൂടിയാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ മുഖ്യ ദൗത്യത്തെ പേരില്‍ വഹിക്കുന്നതിലൂടെ കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ജിഹ്വയെയാണ് അത് പ്രതിനിധീകരിച്ചത്. ഇസ്‌ലാമിനെ ജീവിത പാതയായി സ്വീകരിച്ചവര്‍ക്ക് മുന്നോട്ടു പോകാനുള്ള വഴിവെളിച്ചമായി പ്രബോധനം നിലനിന്നു; സത്യാന്വേഷികള്‍ക്ക് ഇസ്‌ലാമിലേക്കുള്ള വഴികാട്ടിയായും. രണ്ട് തവണ ഭരണകൂട നിരോധനങ്ങളെ അതിജീവിച്ച് ഇന്നും തുടരുന്ന അതിന്റെ അനുസ്യൂത പ്രവാഹം തുടര്‍ന്നും നിലനില്‍ക്കേണ്ടതുണ്ട്; പുതിയ ഇടങ്ങളിലേക്ക് ഒഴുകിയെത്തേണ്ടതുണ്ട്.

ചരിത്രത്തില്‍ പ്രബോധനം പലതായി അവതരിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ആരാധനകളും അനുഷ്ഠാനങ്ങളുമായി പരിമിതപ്പെടുത്തിയപ്പോള്‍, അതിന്റെ ചുവടു പിടിച്ച് പാരമ്പര്യ മതാനുഭവങ്ങളെ ഇസ്‌ലാമായി മുസ്‌ലിംകള്‍ മനസ്സിലാക്കിയപ്പോള്‍, ഇസ്‌ലാമിന്റെ സമഗ്രതയെയും സമ്പൂര്‍ണതയെയും സ്ഥാപിക്കുന്നതിനായി പ്രബോധനം ഉജ്ജ്വലമായി പൊരുതിനിന്നു. ഇസ്‌ലാമിന് പുറത്തുള്ളവര്‍ പോലും ആ യാഥാര്‍ഥ്യത്തെ അംഗീകരിക്കുമ്പോള്‍ പ്രബോധനം പുതിയ മേച്ചില്‍പുറങ്ങളിലേക്ക് വഴിവെട്ടുകയാണിപ്പോള്‍.

കേരളത്തില്‍ ദര്‍ശനങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കാലത്ത് സംവാദങ്ങളുടെ മധ്യത്തില്‍ തന്നെ പ്രബോധനമുണ്ടായിരുന്നു. സര്‍ഗാത്മക സംവാദ ശൈലികളിലൂടെ കമ്യൂണിസമടക്കമുള്ള ഭൗതികദര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ അതിന് സാധിച്ചു. ഇക്കാര്യം ആ ദര്‍ശനങ്ങളുടെ വക്താക്കള്‍ പോലും സമ്മതിക്കുന്നു. ആ ഭൗതിക ദര്‍ശനങ്ങളില്‍നിന്ന് ഒട്ടേറെ പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. അവരില്‍ പലരും പിന്നീട് ഇസ്‌ലാമിക പ്രബോധകരായി, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായി.

ഇസ്‌ലാമിന്റെ മൗലിക സ്രോതസ്സുകളായ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും അധ്യാപനവും  പ്രചാരണവും എന്നും പ്രബോധനത്തിന്റെ ഉള്ളടക്കമായിരുന്നു. മലയാളി ജീവിതത്തോട് കൂടുതല്‍ സംവദിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനവും ദൈനംദിന ജീവിതത്തിലെ വിശ്വാസപരവും കര്‍മപരവുമായ വിശദാംശങ്ങള്‍ പഠിപ്പിക്കുന്ന ഹദീസ് പംക്തിയും മുടക്കമില്ലാതെ വായിക്കുന്ന ആയിരക്കണക്കിന് വായനക്കാര്‍ പ്രബോധനത്തിനുണ്ട്.

ഇസ്‌ലാമും മുസ്‌ലിം സമുദായവും കനത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സന്ദര്‍ഭമാണിത്.  കടന്നുപോകേണ്ട വഴി കൃത്യപ്പെടുത്തി മുന്നോട്ട് ഗമിക്കാന്‍ സമുദായത്തെ പ്രാപ്തമാക്കുക എന്നത് പ്രബോധനത്തിന്റെ ഉത്തരവാദിത്തമാണ്. ഇസ്‌ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും സഹോദര സമുദായാംഗങ്ങള്‍ ഇസ്‌ലാമിനെ സാകൂതം പഠിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭം കൂടിയാണിത്. അവരുടെ ആദ്യ റഫറന്‍സ് എന്നും പ്രബോധനമാണ്. കേവല മതമീമാംസാ വായനക്കപ്പുറം നമ്മുടേതു പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യാനുള്ള ഭാഷ പ്രബോധനത്തിന് കൈമുതലായുണ്ട് എന്നതാണ് അതിന് കാരണം.

പ്രബോധനം ജനിച്ച കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കനത്ത മൂലധന പിന്‍ബലത്തോടെ ഇറക്കുമതി ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും നാം ജീവിക്കുന്ന കാലത്തിനുണ്ട്. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്താനും കര്‍മങ്ങള്‍ വഴുതാതെ സൂക്ഷിക്കാനും പ്രബോധനം പ്രതിജ്ഞാബദ്ധമാണ്. സുന്നത്ത് നിഷേധ പ്രവണതയുടെ പുതിയ വകഭേദങ്ങളും നമ്മുടെ നാട്ടിലിപ്പോള്‍ കണ്ടുവരുന്നു. ഇതിനെതിരായ ബോധവല്‍ക്കരണവും ഇക്കാലത്ത് പ്രബോധനത്തിന്റെ ഉള്ളടക്കമാണ്. ആഗോള സംഭവവികാസങ്ങളുടെ ഇസ്‌ലാമിക പക്ഷത്തുനിന്നുള്ള വിശകലനങ്ങളിലൂടെ മലയാളി സമൂഹത്തെ ലോക ഇസ്‌ലാമിക സമൂഹത്തോട് ചേര്‍ത്തു നിര്‍ത്താനും പ്രബോധനം ശ്രമിക്കുന്നു. ഭൗതിക ദര്‍ശനങ്ങള്‍ക്കെതിരായ സമരത്തിന്റെ കളം മാറിയിട്ടേയുള്ളൂ. സാമ്രാജ്യത്വ ശക്തികള്‍ ആസൂത്രണം ചെയ്യുന്ന അജണ്ടകളെയും സാംസ്‌കാരിക കടന്നാക്രമണങ്ങളെയും തുറന്നുകാട്ടുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ധര്‍മവും പ്രബോധനം നിര്‍വഹിക്കുന്നു. 

പ്രിയ റഫീഖുകളേ, ഏതര്‍ഥത്തിലും പ്രബോധനത്തിന്റെ പ്രചാരണം കാലം ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  കഴിഞ്ഞ തലമുറക്ക് പ്രബോധനത്തിന്റെ പ്രചാരണം ഒരു ആവേശമായിരുന്നു. അവരുടെ ഐഡന്റിറ്റി പോലും അതായിരുന്നു എന്നു പറയാം. വായിച്ചും വായിച്ചു കേള്‍പ്പിച്ചും വായിപ്പിച്ചും നിയോഗം കണക്കെ അവരത് ഏറ്റെടുത്തു. ഇക്കാലത്തെ ഇസ്‌ലാമിക സമൂഹം നിര്‍വഹിക്കേണ്ട കടമകളുടെ വലിയൊരു പങ്കാണ് പ്രബോധനം നിര്‍വഹിക്കുന്നതെന്ന് മനസ്സിലാക്കണം. അതിനാല്‍ ലോകത്താകമാനമുള്ള ഓരോ മലയാളി കുടുംബത്തിലും പ്രബോധനം എത്തേണ്ടതുണ്ട്; മുസ്‌ലിം സമുദായത്തിലും അല്ലാത്തവരിലും. ഇക്കാര്യത്തില്‍ ഓരോ ഇസ്‌ലാമിക പ്രവര്‍ത്തകനും ബദ്ധശ്രദ്ധനായിരിക്കണം. കേരളത്തില്‍ 2018 മാര്‍ച്ച് 25 പ്രബോധനം ദിനമായി ആചരിക്കുകയാണ്. സത്യസന്ദേശം ജനങ്ങളിലെത്തിക്കാനുള്ള മികച്ച അവസരമായാണ് നാം ഈ ദിനത്തെ കാണുന്നത്. പ്രബോധനം പ്രചാരണ ദിനം വന്‍ വിജയമാക്കാന്‍ ഓരോ പ്രവര്‍ത്തകനും അത്യുത്സാഹത്തോടെ രംഗത്തിറങ്ങുക. അല്ലാഹു നമ്മുടെ സദുദ്യമങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കുമാറാകട്ടെ, ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌