അവര്‍ക്ക് സേവനം ചെയ്ത് നമുക്ക് സ്വര്‍ഗം തേടാം
ഇന്നുവരെയുള്ള നമ്മുടെ ജീവിതയാത്രക്കിയില്‍ എവിടെയോ വെച്ച് നമ്മോട് നന്നായി ഇടപെട്ട ചില മുഖങ്ങളുണ്ടാകും; ഇന്നും മറയാതെ നാം നമ്മുടെ സ്മൃതിമണ്ഡലത്തില്‍ കാത്തുസൂക്ഷിക്കുന്നതായിട്ട്. ആകസ്മികമായി മാത്രം നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നവരാകും ഒരുപക്ഷേ അവര്‍. അവിചാരിതമായി കടന്നുവരികയും അതിലേറെ വേഗത്തില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തിട്ടുമുണ്ടാകുമവര്‍. എന്നിട്ടും നമ്മുടെ ഹൃദയത്തില്‍ നാമിന്നുമവര്‍ക്ക് ഒരു സ്ഥാനം നല്‍കുന്നു. നമ്മുടെ ഓര്‍മകളുടെ അറകളില്‍ അവര്‍ ആദരിക്കപ്പെടുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നമ്മോടിടപെട്ടവര്‍; നമ്മോട് നന്മയില്‍ വര്‍ത്തിച്ചവര്‍. എന്നിട്ടും അവര്‍ നമ്മുടെ സ്‌നേഹപരിഗണനകള്‍ക്കു പാത്രമായി അവശേഷിക്കുന്നു. നമ്മുടെ ബഹുമാനാദരവുകള്‍ അവര്‍ക്ക് ലഭിക്കുന്നു. നമ്മുടെ വര്‍ത്തമാനങ്ങളില്‍ അവര്‍ പ്രശംസിക്കപ്പെടുന്നു.
മറുവശത്ത്, നമ്മുടെ പിറവിക്കു മുമ്പേ തന്നെ നമുക്ക് കരുതലും താങ്ങും തണലുമായിരുന്ന നമ്മുടെ മാതാപിതാക്കള്‍. വളരെ കഷ്ടപ്പെട്ട് ഗര്‍ഭം പേറുകയും നീറിനോറ്റ് പ്രസവിക്കുകയും ചെയ്ത ഉമ്മ. സ്വന്തം ജീവരക്തം സ്തന്യമായി നല്‍കിയവള്‍. എന്നിട്ടും ലോകത്തൊരിടത്തും ഒരു സമൂഹത്തില്‍പോലും അര്‍ഹിക്കുന്ന അംഗീകാരം മാതാവിന് കിട്ടിയിട്ടില്ല. ചോരനീരായി വേലയെടുത്ത് വിഭവങ്ങള്‍ ഒപ്പിച്ചെടുത്ത ഉപ്പ. അവരിരുവരും നമുക്കായി അഷ്ടിയൊരുക്കി. നമ്മുടെ അലറിക്കരച്ചിലുകള്‍ എത്രയോ രാവുകളില്‍ അവരെ നിദ്രാവിഹീനരാക്കിയിട്ടുണ്ട്. ഊഷ്മളമായ മൃദുമെത്തകള്‍ വിട്ട് ഈര്‍പ്പം മുറ്റിയ പ്രതലത്തിലേക്ക് മാറിക്കിടക്കേണ്ടി വന്നിട്ടുണ്ട്. നമുക്കുണ്ടാവുന്ന ചെറിയ നീരുവീഴ്ചപ്പനികള്‍ എത്രയോ തവണ അവരുടെ സ്വാസ്ഥ്യം അപഹരിച്ചിട്ടുണ്ട്. നമ്മുടെ ദേഹതാപവ്യതിയാനം എത്രയോ രാപ്പകലുകളില്‍ പ്രാണസങ്കടങ്ങളും പീഡാനുഭവങ്ങളും അവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
എന്നിട്ടും അവരോടുള്ള നമ്മുടെ സമീപനമെന്താണ്? നമ്മുടെ സൗമനസ്യങ്ങളും പരിഗണനകളും സ്‌നേഹവായ്പുകളും അവരര്‍ഹിക്കുംവിധം അവര്‍ക്ക് ലഭിക്കുന്നുണ്ടോ?
പ്രായാധിക്യത്താല്‍ അവരിലുണ്ടായിത്തീര്‍ന്ന ചില പെരുമാറ്റ രീതികള്‍ നമുക്ക് അസഹനീയമായിത്തീരുന്നു. നമ്മുടെ പദവിക്കും അന്തസ്സിനും സ്ഥാനമാനത്തിനും ചേര്‍ന്നതല്ലാതായിത്തീര്‍ന്നിരിക്കുന്നു, അവരുടെ വര്‍ത്തമാനങ്ങള്‍. പൊതു ഇടങ്ങളിലെ അവരുടെ സാന്നിധ്യം അസുഖകരവും, അവരുടെ പ്രവൃത്തികള്‍ സംസ്‌കാര ചാരുതയില്ലാത്തതുമായി നമുക്കനുഭവപ്പെടുന്നു. അവര്‍ക്കു നേരെ മുഖംകോട്ടി നാം അനിഷ്ടം പ്രകടിപ്പിക്കുന്നു. വീടുവിട്ടിറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കുന്നു. അവരോട് മോശമായി സംസാരിക്കുന്നു.
ഒരു വശത്ത് ഒരിക്കല്‍ മാത്രം പുഞ്ചിരിച്ചവരോട് നാം ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കുന്നു. മറുഭാഗത്ത് സംവത്സരങ്ങള്‍ നമ്മോട് നന്മയിലും കരുണയിലും കരുതലിലും വര്‍ത്തിച്ച മാതാപിതാക്കളോട് നിര്‍ദയതയും പരുഷതയും കാര്‍ക്കശ്യവും നീരസവും ദുര്‍മുഖവും!! അവരുടെ ഹൃദയവികാരങ്ങളെ ഹിംസിക്കുന്നു. അവരുടെ ഉപദേശങ്ങളെ അവജ്ഞാപൂര്‍വം തള്ളിക്കളയുന്നു. അവരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ഇതൊക്കെ നമ്മില്‍ ഒരു ശീലമായി വളര്‍ന്നിരിക്കുന്നു.
അല്ലാഹുവിനുള്ള വഴിപ്പെടലിനുശേഷം ഇതര ബാധ്യതകള്‍ക്കൊക്കെ മുമ്പായി മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കേണ്ടതുണ്ടെന്ന മാര്‍ഗരേഖ ഖുര്‍ആന്‍ വിശ്വാസികള്‍ക്കു മുന്നില്‍ വെച്ചിട്ടുണ്ട്. ''തനിക്കല്ലാതെ നിങ്ങള്‍ വഴിപ്പെടരുതെന്നും മാതാപിതാക്കള്‍ക്ക് സുകൃതമേകണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരുവരോ ഇരുവരോ തന്നെയോ നിന്നരികിലായി വൃദ്ധത പൂകിയാല്‍ അവരോട് നീ 'ഛെ' എന്നു പറയരുത്. അവരോട് ഇടയുകയുമരുത്. അവരോട് ആദരവോടെ വചിക്കുക. സൗമ്യതയോടെ അവരിരുവര്‍ക്കും വിനയച്ചിറക് താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, എന്റെ ബാല്യത്തില്‍ ഇവരിരുവരും എന്നെ പരിചരിച്ചു പോറ്റിയതുപോലെ ഇവരോട് നീ അന്‍പ് കാട്ടേണമേയെന്ന് നീ കേണപേക്ഷിക്കുക'' (ഖുര്‍ആന്‍ 17:23-24). ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവന് സമന്മാരെ കൂട്ടാതിരിക്കുക. മാതാപിതാക്കളോട് നന്മ പുലര്‍ത്തുക'' (4:36).
തനിക്കുള്ള ആരാധനയും വഴിപ്പെടലും കല്‍പിച്ചതോടൊപ്പം തന്നെയാണ് അല്ലാഹു മാതാപിതാക്കളോടുള്ള സുകൃതത്തെയും സ്മരിച്ചിട്ടുള്ളതെന്നത് അതിന്റെ ഗൗരവം വ്യക്തമാക്കുന്നു. കേവലമൊരു ഉപദേശമല്ല, സുവ്യക്ത കല്‍പന തന്നെയാണവ. ''മാതാപിതാക്കള്‍ക്ക് സുകൃതമേകാന്‍ നാം മനുഷ്യന് ശാസനയേകി'' (46:15).
ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മങ്ങളോടുള്ള പരാങ്മുഖത്വം എത്ര വലിയ അപരാധമാണോ അതേപോലെ ധിക്കാരവും അധര്‍മവും പാപവും തിന്മയുമാണ് മാതാപിതാക്കളോടുള്ള അവഗണന. അവരോടുള്ള ഈ അപരാധം ഒന്നു കൊണ്ടുമാത്രം നമ്മുടെ സുകൃതങ്ങളപ്പാടെ കൈമോശം വന്നേക്കാം. സത്യസാക്ഷ്യ സമ്മതത്തിനും നമസ്‌കാരത്തിനും ശേഷം ഔന്നത്യമേകപ്പെട്ട മഹദ്കൃത്യമാണത്. ജീവന്‍ ഹനിക്കുകയും ഹനിക്കപ്പെടുകയും ചെയ്യുന്ന ദൈവവീഥിയിലെ ജിഹാദിനേക്കാളും അതിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഒരിക്കല്‍ അബ്ദുല്ലാഹി ബ്‌നു മസ്ഊദ് പ്രവാചകനോട് ചോദിച്ചു: 'അല്ലാഹുവിന് പഥ്യമായ അധ്വാനമേതാണ്?' നബി ഉത്തരമേകി: 'സമയകൃത്യത പാലിച്ചുള്ള നമസ്‌കാരം.' അദ്ദേഹം വീണ്ടും ആരാഞ്ഞു: 'പിന്നെയോ?' നബി പ്രതിവചിച്ചു: 'മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യല്‍.' അദ്ദേഹം ചോദ്യമാവര്‍ത്തിച്ചു. ദൈവദൂതന്‍ മറുപടിയേകി: 'ദൈവപാതയിലെ ജിഹാദ്' (ബുഖാരി 5970, നസാഈ 610, തിര്‍മിദി 170).
അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതാണ് ഈ സുകൃതം. അമ്പിയാഇന്റെയും ഔലിയാഇന്റെയും സവിശേഷവും ഉത്കൃഷ്ടവുമായ ഗുണഭാവവുമായിരുന്നു പിതാക്കളോടുള്ള സുകൃതവര്‍ത്തമാനം. അതുകൊണ്ടുതന്നെ മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്ന ഏതൊരാളിലും പ്രവാചകന്മാരുടെയും ദൈവമിത്രങ്ങളുടെയും സവിശേഷ പ്രകൃതിയിലൊന്ന് സാക്ഷാത്കൃതമാവുകയും ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് എന്ത് സേവനം ചെയ്യാനും സന്നദ്ധരായ പ്രവാചകന്മാരുടെ ചിത്രം ഖുര്‍ആന്‍ വിശ്വാസികള്‍ക്കായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ബഹുദൈവവിശ്വാസിയും ദുഷ്‌കര്‍മിയുമായ പിതാവിനെ അയാളുടെ ധാര്‍ഷ്ട്യവും തോന്ന്യാസങ്ങളും നിലനില്‍ക്കെത്തന്നെ പ്രവാചകനായ ഇബ്‌റാഹീം വളരെ ആദരവോടെ മൊഴിഞ്ഞ പ്രശോഭിത വചനങ്ങള്‍ കേള്‍ക്കൂ: 'അങ്ങേക്ക് സലാം. അങ്ങയുടെ പാപമുക്തിക്കായി ഞാന്‍ എന്റെ രക്ഷിതാവിനോട് യാചിക്കാം. അവന്‍ എന്നോട് കനിവുള്ളവനാണ്' (19:47). തന്റെയടുക്കലെത്തിയ മാതാപിതാക്കള്‍ക്ക് നിസ്സീമമായ ആദരണീയതയും സമുന്നത പദവിയുമേകിയ പ്രവാചകന്‍ യൂസുഫിന്റെ പ്രവൃത്തി നോക്കൂ; 'അദ്ദേഹം തന്റെ മാതാപിതാക്കളെ രാജാസനത്തില്‍ ഉപവിഷ്ടരാക്കി' (12:100). യഹ്‌യാ നബിയെ കുറിച്ചു പറയുന്നു: 'അദ്ദേഹം ധര്‍മിഷ്ഠനായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. അദ്ദേഹം നിഷ്ഠുരനോ അനുസരണം കെട്ടവനോ ആയിരുന്നില്ല' (19:13,14). പിറന്നു വീണുടനെ മാതാവിന്റെ മടിയിലിരുന്ന് മാലോകരോട് സംസാരിച്ച കുഞ്ഞു ഈസായുടെ സാരഗര്‍ഭമായ വാക്കുകള്‍ ഖുര്‍ആന്‍ ഇങ്ങനെ കേള്‍പ്പിക്കുന്നു: ''ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എന്നെ ഗ്രന്ഥം ഏല്‍പിച്ചിരിക്കുന്നു. പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും അനുഗൃഹീതനാക്കപ്പെട്ടവനാണ്. ജീവിച്ചിരിക്കുവോളം നമസ്‌കരിക്കാനും സകാത്ത് നല്‍കാനും അവന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. മാതാവിന് സുകൃതം ചെയ്യുന്നവനുമാക്കിയിരിക്കുന്നു. അവന്‍ എന്നെ നിഷ്ഠുരനോ ഭാഗ്യഹീനനോ ആക്കിയിട്ടില്ല'' (19:30-32).
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതും അവരോട് സുകൃതത്തില്‍ വര്‍ത്തിക്കുന്നതും, അവരെ ആദരിക്കുന്നതും ബഹുമാനിച്ച് സന്തുഷ്ടരാക്കുന്നതും അവരെ സേവിച്ച് തൃപ്തിപ്പെടുത്തുന്നതുമൊക്കെ പ്രവാചകന്മാരുടെ സവിശേഷ ഗുണങ്ങളില്‍പെടുന്നതാണെന്ന് ഉപര്യുക്ത സൂക്തങ്ങള്‍ അടിവരിയിടുന്നുണ്ട്. ഈ ഉത്കൃഷ്ടഗുണം പകര്‍ത്തുക വഴി പ്രവാചകാനുസരണം സാധ്യമാകുന്നു. അവരുടെ പാരമ്പര്യം പിന്തുടരുക വഴി ഇഹപരലോകങ്ങളില്‍ ക്ഷേമൈശ്വര്യങ്ങള്‍ സ്വായത്തമാവുകയും ചെയ്യുന്നു.
മാതാപിതാക്കളോട് സുകൃതവര്‍ത്തിയായിരിക്കുകയെന്നത് നമുക്കൊരു ചേതവും വരുത്തിവെക്കുന്നില്ല. എന്നല്ല അത് ലാഭകരമായ ഒരിടപാടു തന്നെയാണ്. ആദായകരമായ ഒരു വ്യവഹാരമാണ്. നല്ലൊരു മുതല്‍ക്കൂട്ടായി അത് അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കും.
പ്രവാചകാനുചരന്‍ അബൂബക്‌റിന്റെ പത്‌നി ഖുതയ്‌ല സത്യവിശ്വാസം സ്വീകരിച്ചിരുന്നില്ല. ഹുദൈബിയ സന്ധിക്കുശേഷം തന്റെ പുത്രി അസ്മയെ സന്ധിക്കാനായി അവര്‍ മക്കയില്‍നിന്ന് മദീനയിലെത്തി. എന്നാല്‍ മാതാവിനെ സ്വീകരിക്കാനും ഉപചരിക്കാനും അവര്‍ വിസമ്മതിച്ചു. സത്യനിഷേധിയായ തന്റെ മാതാവിനോട് മാതൃപുത്രീ ബന്ധം പുലര്‍ത്താന്‍ അനുവാദമുണ്ടോയെന്ന് അവര്‍ പ്രവാചകനോട് ആരാഞ്ഞു. അല്ലാഹുവിന്റെയും ദൂതരുടെയും അനുമതി ലഭിച്ചതോടെയാണ് അവര്‍ മാതാവുമായി സന്ധിച്ചത്. മാതാപിതാക്കള്‍ ബഹുദൈവവാദികളോ നിഷേധികളോ ആയിരുന്നാല്‍പോലും മക്കള്‍ അവരെ സേവിക്കണമെന്നും ബന്ധം പുലര്‍ത്തണമെന്നും ഈ സംഭവം മുന്‍നിര്‍ത്തി പണ്ഡിതന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിഷേധികളായ മാതാപിതാക്കളോടുപോലും ദുന്‍യാവിന്റെ കാര്യത്തില്‍ നന്മയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസനയെങ്കില്‍ പിന്നെ വിശ്വാസികളും ഭക്തരുമായ മാതാപിതാക്കള്‍ക്ക് അക്കാര്യത്തിലുള്ള അവകാശ വിസ്തൃതിയെ സവിശേഷമായി സ്മരിക്കേണ്ടതില്ലല്ലോ.
നേട്ടങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും കാര്യലാഭമേകുന്നതുമായ അഭികാമ്യ കര്‍മമാണ് മാതാപിതാക്കള്‍ക്കുള്ള സുകൃതം. അവരോട് സുകൃതമനുവര്‍ത്തിക്കുന്ന സന്താനങ്ങള്‍ക്ക് അല്ലാഹു വിഭവങ്ങളും ആയുര്‍ബലവുമേകുന്നു. അവര്‍ക്ക് അല്ലാഹുവിനാല്‍ നിര്‍മല ജീവിതവും വിമല ഭോജനവും നല്‍കപ്പെടുന്നു. അനസു ബ്‌നു മാലികില്‍നിന്ന് ഉദ്ധരിക്കുന്ന നബിവചനം അക്കാര്യം സ്പഷ്ടമാക്കുന്നുണ്ട്: 'തന്റെ ആയുസ്സിന് നീള്‍ച്ചയും വിഭവങ്ങളില്‍ വൃദ്ധിയും ആഗ്രഹിക്കുന്നവന്‍ മാതാപിതാക്കളോട് നന്മ ശീലിക്കട്ടെ' (അഹ്മദ്: 13401, 13811). പ്രവാചകനില്‍നിന്ന് അബൂഹുറയ്‌റ ഉദ്ധരിക്കുന്നു: 'തന്റെ മുതലുകള്‍ക്ക് ഐശ്വര്യവും ആയുസ്സിന് നെടുമയും ആര്‍ക്ക് പ്രിയമുള്ളതായോ അവര്‍ രക്തബന്ധങ്ങള്‍ ചേര്‍ക്കട്ടെ' (ബുഖാരി 3067).
സഹലുബ്‌നു മുആദ് നിവേദനം ചെയ്ത മറ്റൊരു നബിവചനം: 'മാതാപിതാക്കള്‍ക്ക് സുകൃതം ചെയ്യുന്നവര്‍ക്ക് സുവാര്‍ത്തയുണ്ട്. അല്ലാഹു അവരുടെ ആയുസ്സിന് നീള്‍ച്ച ഉറപ്പിച്ചിരിക്കുന്നു' (ഹാകിം 4/154, അല്‍ മുഅ്ജമുല്‍ കബീര്‍ 447). കഅ്ബുല്‍ അഹ്ബാര്‍ പറയുന്നു: 'തന്റെ മാതാപിതാക്കളോട് നന്മ ചെയ്യുന്ന ദാസന് അല്ലാഹു ആയുര്‍ദൈര്‍ഘ്യം വരദാനമായേകുന്നു' (ഇബ്‌നു വഹബ് 1/203, അല്‍ കബാഇറു ലിദ്ദഹബി 1/39).
മാതാപിതാക്കളെ സേവിക്കുകയും അവരോട് നന്മയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവില്‍നിന്നുള്ള ഉന്നതാശിസ്സുകള്‍ ഉാവും. അവരുടെ വിഭവങ്ങള്‍ പരിപോഷിപ്പിക്കപ്പെടുന്നു. ആയുസ്സിന് ദൈര്‍ഘ്യം പ്രദാനം ചെയ്യുന്നു. മാതാപിതാക്കളെ പരിഗണിച്ചവരെ അല്ലാഹുവും പരിഗണിച്ചിട്ടുണ്ട്.
പ്രവാചകാനുചരന്മാരിലെ പ്രമുഖ ഹദീസ് വിശാരദനായിരുന്നുവല്ലോ അബൂഹുറയ്‌റ. തന്റെ മാതാവിനോടുളള അദ്ദേഹത്തിന്റെ സ്‌നേഹാധിക്യം പ്രസിദ്ധമാണ്. അവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പയും ദയാവായ്പും അതുല്യവുമായിരുന്നു. എത്രത്തോളമെന്നാല്‍ മാതാവ് മൃതിയടയുവോളം അദ്ദേഹം ഹജ്ജ് നിര്‍വഹിക്കുകയേയുണ്ടായില്ലെന്ന് നിരവധി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. ക്ഷീണിതയും വൃദ്ധയുമായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഹജ്ജിനായി പലവട്ടം ചട്ടം കെട്ടിയെങ്കിലും മാതാവിനു വേണ്ട തുണയും ശുശ്രൂഷയും പരിഗണിച്ച് അദ്ദേഹം ഹജ്ജ് നിര്‍വഹണം പിന്തിപ്പിക്കുകയായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ആയുസ്സിലും അര്‍ഥത്തിലും ഐശ്വര്യം ചൊരിഞ്ഞു. പ്രവാചക നഗരിയിലും ബഹറൈനിലും ഗവര്‍ണര്‍സ്ഥാനം അദ്ദേഹം അലങ്കരിക്കുകയുണ്ടായി.
ഉവൈസു ബ്‌നു ആമിര്‍ ഖര്‍നിയെ കേള്‍ക്കാത്തവര്‍ ചുരുക്കം. അദ്ദേഹത്തിനും അതിമഹത്തായ സ്ഥാനമേകുകയുണ്ടായി അല്ലാഹു. അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്കു മുന്നില്‍ അദ്ദേഹത്തെ ഒരു മഹദ്മാതൃകയായി ദൈവദൂതന്‍ അടയാളപ്പെടുത്തി. അതുമാത്രം മതിയാകും അദ്ദേഹത്തിന് ലഭിച്ച ഔന്നത്യത്തിന്റെ മഹത്വം ബോധ്യമാകാന്‍. തന്റെ മാതാവിനെ അതിരറ്റ് സ്‌നേഹിച്ചിരുന്നു അദ്ദേഹം. അവരുടെ മുന്നില്‍ അങ്ങേയറ്റത്തെ താഴ്മയും സൗമ്യതയും പ്രകടിപ്പിച്ചു. അവരോടൊപ്പം തന്നെ നിന്ന്, അവരെ ശുശ്രൂഷിച്ചു കഴിയുന്നതില്‍ സായൂജ്യമടഞ്ഞിരുന്നു അദ്ദേഹം (മുസ്‌ലിം 2542).
നാമോ, മാതാപിതാക്കളെ ശുണ്ഠി പിടിപ്പിക്കുന്നു. അവരെ നിന്ദിക്കുന്നു. സുഹൃത്തുക്കളോട് അവരുടെ ദൂഷ്യങ്ങള്‍ വിളമ്പുന്നു. അവരെ അപവദിക്കുന്നു. അവരെ വിഷമിപ്പിക്കുകയും നോവിക്കുകയും ചെയ്യുന്നു. ഇനി അഥവാ അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരില്‍നിന്ന് വല്ലതും പ്രതീക്ഷിക്കുന്നതുകൊണ്ടുമാത്രം. അല്ലെങ്കില്‍, പേരിനും പ്രശസ്തിക്കും വേണ്ടി. എന്നാല്‍ മാതാപിതാക്കളെ തൃപ്തിപ്പെടുത്താതെ ഇഹലോകത്ത് ഒരു പെരുമയും നമുക്ക് ലഭിക്കാന്‍ പോകുന്നില്ല. ഒരൗന്നത്യവും ഉത്കൃഷ്ടതയും പ്രാപ്യമാവുകയുമില്ല. പരലോകത്തും തഥൈവ.
Comments