Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

കമലാ സുറയ്യയുടെ മക്കള്‍ പറഞ്ഞത്

എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി

'ആമിയും കമലും' എന്ന ശീര്‍ഷകത്തില്‍ വന്ന കത്തില്‍, 'കമലാ സുറയ്യ മരിച്ചതുകൊണ്ട് ഇതിനൊരു മറുപടി അവര്‍ക്ക് പറയാനാവില്ല. അവരുടെ മക്കള്‍ ഇതിന്റെ സത്യം വെളിപ്പെടുത്തണം....' എന്ന് ആവശ്യപ്പെടുന്നു. ഈ വിഷയം അവരുടെ മക്കള്‍ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'സഫലമായ സ്നേഹാന്വേഷണം' എന്ന കൃതിയില്‍ എല്ലാവിധ കുപ്രചാരണങ്ങള്‍ക്കും മറുപടി പറയുന്ന വസ്തുനിഷ്ഠമായ ഒട്ടേറെ ഉദ്ധരണികളുണ്ട്. പ്രസ്തുത കൃതി രചിച്ചത് തന്നെ മൂത്ത പുത്രന്‍ എം.ഡി നാലപ്പാടിന്റെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധം പരിഗണിച്ചാണെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നു. പുസ്തകത്തിന് അവതാരിക എഴുതിയതും എം.ഡി നാലപ്പാട് തന്നെ. 

നാലാം പതിപ്പില്‍ അനുബന്ധം എന്ന നിലക്ക് നാലപ്പാടിന്റെ മറ്റൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്: ''എന്റെ അമ്മ ഇസ്ലാം ആശ്ലേഷിച്ചതിലെ ആത്മാര്‍ഥതക്കു നേരെയും മെറില്‍ സംശയത്തിന്റെ പുരികക്കൊടികളുയര്‍ത്തുന്നു (മറ്റു ചിലരും ഇത്തരം സന്ദേഹം ഉയര്‍ത്തിയിരുന്നുവല്ലോ). എന്റെ വളര്‍ത്തു സഹോദരന്മാരായ ഇംത്യാസ്, ഇര്‍ശാദ് എന്നിവര്‍ക്ക് അമ്മ പടിപടിയായി ഇസ്ലാമിലേക്കാകര്‍ഷിക്കപ്പെട്ട കാര്യം വളരെ വ്യക്തമായി ബോധ്യപ്പെട്ടതാണെന്ന യാഥാര്‍ഥ്യം മെറില്‍ ഇവിടെ വിസ്മരിക്കുന്നു. അല്ലാഹുവിനെ കണ്ടെത്തിയതില്‍ താന്‍ ആഹ്ലാദാനുഭൂതി അനുഭവിക്കുന്ന കാര്യം സുറയ്യ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ച വസ്തുതയും ഗ്രന്ഥകാരി മറന്നുപോകുന്നു.... ഭാഗ്യവശാല്‍ നുണകളില്‍ ആരും വഞ്ചിതരാകില്ല.  അമ്മ യഥാര്‍ഥ വിശ്വാസിയല്ലെന്ന് കരുതാന്‍ ആളെ കിട്ടില്ല... ഇത്തരം അനുഭവങ്ങള്‍ ദോഷൈക ദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസകരമാകുമെന്നും കനേഡിയന്‍ എഴുത്തുകാരിയെ അത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണെന്നും അമ്മ എന്നോട് സൂചിപ്പിക്കുകയുണ്ടായി.... അമ്മ കുഞ്ഞുങ്ങളെപ്പോലെ നിഷ്‌കളങ്കയായിരുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കും. ആ നിഷ്‌കളങ്കതയാണ് അവരെ യഥാര്‍ഥ വിശ്വാസിയാക്കി മാറ്റിയതും ഖുര്‍ആനില്‍ സമാശ്വാസം കണ്ടെത്താന്‍ പ്രാപ്തയാക്കിയതും' (കമലാ സുറയ്യ സഫലമായ സ്നേഹാന്വേഷണം, പേജ്-150, 151).

ഈയിടെ കലാകൗമുദിയില്‍ എം.ഡി നാലപ്പാട് പറഞ്ഞത് ഇങ്ങനെയാണ്: ''പ്രണയത്തിനു വേണ്ടി മതം മാറാനായിരുന്നെങ്കില്‍ അതിനു മുമ്പ് ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും അമ്മ മതം മാറണമായിരുന്നു. അഗാധതലങ്ങളും അന്തസ്സത്തയുമുള്ള ഒരു മതത്തിനെ അപമാനിക്കുന്നതിന് തുല്യമാണ് അത്തരമൊരു പ്രചാരണം.....'' (കലാകൗമുദി 2018 ഫെബ്രുവരി 11).

ശൈഖ് മുഹമ്മദ് കാരകുന്നിന്റെ കൃതി ഈയിടെ കാണാനിടയായ ഒരു പത്രപ്രവര്‍ത്തകന്‍ കമലാ സുറയ്യ വിഷയത്തില്‍ ഇത് നല്ലൊരു രേഖയാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. തെറ്റിദ്ധാരണകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഇത് വളരെ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

ലഹരിക്കെതിരെ

വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ജാഗ്രത കാണിക്കണമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉണര്‍ത്തിയത് പത്രദ്വാരാ അറിഞ്ഞു. ലഹരി വില്‍പന സ്‌കൂള്‍ പരിസരത്തും ബസ് സ്റ്റാന്റിലും നിര്‍ബാധം നടക്കുന്നു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നും ലഹരി സാധനങ്ങളും പലയിടങ്ങളില്‍ നിന്നായി എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തതായി കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കില്ല.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതിന്റെ ഏജന്റുകളാകുന്നതാണത്ഭുതം. മലപ്പുറം ജില്ലയിലെ ഒരു ഉയര്‍ന്ന കോഓപറേറ്റീവ് ആര്‍ട്‌സ് കോളേജില്‍നിന്ന് ചിലരെ പുറത്താക്കിയത് മയക്കുമരുന്നിന്റെ കാരണത്താലാണ്. നമ്മുടെ സ്‌കൂള്‍ പരിസരങ്ങളിലെ ചില കടകളില്‍ മയക്കുമരുന്നും ലഹരിയും വില്‍പന നടത്തുന്നവരുണ്ട്. അത്തരം ഇടപാടുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് നന്മ ആഗ്രഹിക്കുന്നവരുടെ ചുമതലയാണ്. അവധിക്കാല ക്ലാസുകളില്‍ ഇതുസംബന്ധിച്ച ബോധവല്‍ക്കരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ജുമുഅ ഖുത്വ്ബകളിലും മതപ്രഭാഷണങ്ങളിലും ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണവും താക്കീതും അനിവാര്യമാണ്.

ഹംസ കടന്നമണ്ണ

 

 

 

 

ഇരിക്കുന്ന കൊമ്പ് മുറിക്കാതിരിക്കാന്‍

അഭിപ്രായ ഭിന്നതകളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന പ്രവണത മുസ്‌ലിം സമുദായത്തില്‍ സമീപ കാലത്ത് ശക്തിപ്പെട്ടുവരികയാണ്.

ഭിന്നസ്വരം ഉന്നയിക്കുന്നവരെ നിര്‍ദാക്ഷിണ്യം കാഫിറും മുശ്‌രിക്കും ആക്കുന്ന രീതി കൂടിവരുന്നു. ഇസ്‌ലാമിക സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ വളരെ സഹായകമാകാമായിരുന്ന ആധുനിക സാങ്കേതിക വിദ്യയായ എല്‍.സി.ഡി ഇന്ന് പരസ്പരം ചെളിവാരിയെറിയാനും പോര്‍വിളിക്കാനും കൊലവിളി നടത്താനുമാണ് ഉപയോഗിക്കുന്നത്. മുന്‍കഴിഞ്ഞ് പോയ മഹാന്മാരായ പണ്ഡിതന്മാര്‍ക്ക് പരസ്പരം എത്രയൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവരില്‍ പലരും പരസ്പരം ബഹുമാനാദരവുകള്‍ പ്രകടിപ്പിക്കാന്‍ മറന്നിരുന്നില്ല. ഈയിടെ നമ്മോട് വിട പറഞ്ഞ് പോയ പ്രശസ്ത സലഫി പണ്ഡിതന്‍ അബ്ദുസ്സലാം സുല്ലമി ആ പഴയ കാല പ്രതാപം ഉയര്‍ത്തിപ്പിടിച്ച പണ്ഡിത വ്യക്തിത്വമായിരുന്നു. പ്രസിദ്ധ ഫ്രഞ്ച് ചിന്തകന്‍ വോള്‍ട്ടയര്‍ പറയുകയുണ്ടായി; പറയുന്ന ആശയത്തോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അഭിപ്രായം പറയാനുള്ള അയാളുടെ അവകാശത്തിനായി അവസാന ശ്വാസം വരെ പോരാടും. ഖുര്‍ആനും സുന്നത്തും പഠിച്ചവര്‍ മനസ്സിരുത്തേണ്ട ഒരു വാക്യമാണിത്.

ഉന്മൂലന ഭീഷണിയും സ്വത്വ പ്രതിസന്ധിയും നേരിടുന്ന, ഫാഷിസം ഡെമോക്ലസിന്റെ വാള്‍ പോലെ പേടിപ്പെടുത്തുന്ന ഇക്കാലത്ത് ഇരിക്കുന്ന കൊമ്പ് മുറിക്കാതിരിക്കാനുള്ള വിവേകമെങ്കിലും  പ്രകടിപ്പിക്കുമെന്ന് ആശിക്കുന്നു. 'വിയോജിപ്പുകള്‍ക്കിടയിലും പരസ്പരം ആദരിച്ച പണ്ഡിത പാരമ്പര്യം' എന്ന ഷമീര്‍ വടകരയുടെ ലേഖനം (ലക്കം 3040) ഇതിലേക്ക് വെളിച്ചം വീശുന്നു.

അബ്ദുര്‍റസാഖ് മുന്നിയൂര്‍

 

 

 

ദാമ്പത്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്

മുത്ത്വലാഖ് സംബന്ധിച്ച് കുറേയേറെ കോലാഹലങ്ങള്‍ നാം കേട്ടുകഴിഞ്ഞു. ചിലത് തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയിട്ടുണ്ട്. പുരുഷന്‍ സ്ത്രീയെയാണ് ത്വലാഖ് ചൊല്ലുന്നത്. ആവശ്യമായ ദീനീവിദ്യാഭ്യാസം നേടാന്‍ കഴിയാത്ത പുരുഷന്‍, വിവാഹ പ്രായമാകുമ്പോഴേക്കും പഠിച്ചതൊക്കെ മറന്നുപോയിട്ടുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പിണങ്ങിയാല്‍ അവരെ യോജിപ്പിക്കുന്നതിന് ഖുര്‍ആന്‍ സുന്നത്തും മുന്നോട്ടുവെക്കുന്ന ഉപാധികള്‍, അനിവാര്യമായി വരുമ്പോള്‍ ചെയ്യേണ്ട വിവാഹമോചനത്തിന്റെ മുന്‍ഗണനാക്രമം, അതില്‍ പാലിക്കേണ്ട നിയമവിധികള്‍ തുടങ്ങിയവ പുരുഷന്മാരെ പഠിപ്പിക്കാന്‍ സംവിധാനമുണ്ടാകണം. ജുമുഅ ഖുത്വ്ബകള്‍ ഇതിന് ഏറ്റവും നല്ല സന്ദര്‍ഭമാണ്. മറ്റു പഠന ക്ലാസുകളിലും ഈ വിഷയം ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിവാഹ ഖുതുബകളില്‍ പൊതുവെ കേള്‍ക്കാറുള്ളത് നബി(സ)യുടെയും ആഇശ ബീവിയുടെയും മാതൃകാപരമായ വിവാഹ ജീവിതവും ദമ്പതികള്‍ തമ്മിലുള്ള പെരുമാറ്റ മര്യാദകളുമൊക്കെയാണ്. അത് വേണ്ടതുതന്നെ. എന്നാല്‍, ധാര്‍മിക ഉപദേശങ്ങളോടൊപ്പം ഇത്തരം വിഷയങ്ങളുടെ നിയമവശങ്ങളും നടപടിക്രമങ്ങളും കൂടി പഠിപ്പിക്കേണ്ടതുണ്ട്.

വി. ആഇശ മക്കരപറമ്പ

 

 

 

പ്രബോധനം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

ലക്കം 3041(മാര്‍ച്ച് 2) ഉള്‍ക്കാമ്പുള്ള ലേഖനങ്ങളാല്‍ സമൃദ്ധമായിരുന്നു. ശൈഖ് മുഹമ്മദിന്റെ സൈമണ്‍ മാസ്റ്ററെക്കുറിച്ച ഓര്‍മകള്‍, അബ്ദുര്‍റഹ്മാന്‍ മങ്ങാടിന്റെ മൈത്രി വളര്‍ത്തിയ പരിഭാഷകള്‍, പ്രസന്നന്റെ ഇസ്‌ലാമിനോട് ചേര്‍ന്നപ്പോള്‍ വന്ന സമാധാനം, കെ.ടി ഹുസൈന്റെ ഇന്ത്യയെ സ്വാധീനിച്ച സൂഫി സരണി എന്നിവ പ്രസ്താവ്യങ്ങളാണ്. ലേഖനങ്ങള്‍ തെരഞ്ഞെടുത്തതിലും സമഞ്ജസമായി അവതരിപ്പിച്ചതിലും വാരികയുടെ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. പ്രബോധനം കൂടുതല്‍ തികവോടെ പ്രശോഭിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും നല്‍കാന്‍ പറ്റിയ ഒരുപഹാരം കൂടിയാണിത്.

എം. അല്‍ഖാഫ് കൊപ്പം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌