ഇഖാമത്തുദ്ദീനും വിമര്‍ശനങ്ങളും
ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച ദീനിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) പ്രധാനമായും രണ്ട് രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുസ്‌ലിം ബുദ്ധിജീവികളില്‍നിന്ന് നേരിടുന്നുണ്ട്. ഒന്നാമത്തെ വിഭാഗം പറയുന്നത് ഇതാണ്: ''രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഇടപാടുകളിലൊന്നും ഇസ്‌ലാം പ്രത്യേകമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ല. ഇനി ഉണ്ടെങ്കില്‍തന്നെ അവ പിന്‍പറ്റേണ്ടത് അനിവാര്യവുമല്ല. ഇസ്‌ലാം എന്നത് പൂര്‍ണമായും പരമ്പരാഗത മതസങ്കല്‍പത്തില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒന്നാണ്. ഒരാളുടെ വ്യക്തിജീവിതം വിട്ട് അത് പുറത്തുകടക്കാന്‍ പാടുള്ളതല്ല. സാമൂഹിക കാര്യങ്ങളില്‍ മതം ഇടപെട്ടാല്‍ അത് കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയേയുള്ളൂ. മാത്രവുമല്ല അതൊന്നും മതം ഇടപെടേണ്ട മേഖലകളുമല്ല. രാഷ്ട്ര സംവിധാനത്തെക്കുറിച്ച് ഇസ്‌ലാമില്‍ കാണുന്ന തത്ത്വങ്ങളും നയനിലപാടുകളുമെല്ലാം ഒരു പ്രത്യേക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നല്‍കിയിട്ടുള്ളതാണ്. ആ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും നമുക്ക് ലഭ്യമാണെങ്കിലും അവ പിന്‍പറ്റുക എന്നത് അസാധ്യമാണ്. അതിന്റെ ആവശ്യവുമില്ല.'' സെക്യുലര്‍ വൃത്തങ്ങളിലുള്ള മുസ്‌ലിംകളുടെ കാഴ്ചപ്പാടായി ഇതിനെ കണക്കാക്കാം. ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് ഇതേക്കുറിച്ച ചര്‍ച്ചയും നിരൂപണവും വരുന്നുണ്ട്.
ഇഖാമത്തുദ്ദീനിന്റെ രാം വിഭാഗം വിമര്‍ശകര്‍, ഇസ്‌ലാമിന്റെ സമഗ്രതയെയും സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് അത് നല്‍കുന്ന അധ്യാപനങ്ങളെയുമൊക്കെ അംഗീകരിക്കുന്നുണ്ട്. ഇസ്‌ലാമിന് ഒരു രാഷ്ട്രീയ ദര്‍ശനമുണ്ടെന്നും രാഷ്ട്ര രൂപവത്കരണ തത്ത്വങ്ങള്‍ വരെ അത് നല്‍കിയിട്ടുണ്ടെന്നും അതൊക്കെ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നും അവര്‍ സമ്മതിക്കും. പക്ഷേ, അതോടൊപ്പം അവര്‍ ഇത്ര കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്: ''ഈ തത്ത്വങ്ങളും നിയമങ്ങളുമൊന്നും മുസ്‌ലിം സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ആ നിയമങ്ങളുടെ അഭിസംബോധിതര്‍ ഭരണകര്‍ത്താക്കളാണ്. ഭരണകര്‍ത്താക്കളായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം അവര്‍ ഭരണത്തില്‍ ഈ നിയമങ്ങളും തത്ത്വങ്ങളും പാലിക്കണമെന്നേയുള്ളൂ. എന്നാല്‍ അധികാരമോ ഭരണമോ ലഭിക്കാത്ത മുസ്‌ലിം പൊതുസമൂഹത്തിന് ഇതൊന്നും ബാധകമല്ല. അവര്‍ രാഷ്ട്രീയ നിയമങ്ങളുടെ അഭിസംബോധിതരോ അവ പ്രയോഗവത്കരിക്കാന്‍ ബാധ്യസ്ഥരോ അല്ല. അവര്‍ക്ക് ഇത്രയേ ബാധ്യതയുള്ളൂ: വ്യക്തിജീവിതത്തിലും അവര്‍ക്ക് പങ്കാളിത്തമുള്ള സാമൂഹിക ജീവിതത്തിലും ഇസ്‌ലാമിന്റെ അധ്യാപനങ്ങളെന്തോ അവ പ്രയോഗവത്കരിക്കുക. ഇതില്‍ പരിമിതമാണ് അവരുടെ ഉത്തരവാദിത്തങ്ങള്‍.'' ഈ കൊടുത്തത് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍, ജാവേദ് അഹ്മദ് ഗാമിദി എന്നിവരുടെ വാദമുഖങ്ങളുടെ സാരാംശമാണ്. ഇത് മുന്നില്‍ വെച്ച് നമുക്ക് ഇഖാമത്തുദ്ദീന്‍ എന്താണെന്ന് പരിശോധിക്കാം.
അതിനു മുമ്പ് നമുക്ക് ജമാഅത്തെ ഇസ്‌ലാമിയും മൗലാനാ മൗദൂദിയും ഇഖാമത്തുദ്ദീനിനെ എങ്ങനെ വിശദീകരിച്ചു എന്ന് നോക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഭരണഘടന നാലാം ഖണ്ഡികയില്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഇങ്ങനെ പരിചയപ്പെടുത്തുന്നു: ''ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക എന്നതാകുന്നു.'' അതിന്റെ വിശദീകരണം ഇങ്ങനെ വായിക്കാം: ''ഇഖാമത്തുദ്ദീന്‍ എന്നതിലെ 'ദീന്‍' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രെ ഇസ്‌ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവ ചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെതന്നെ, ഐഹിക പ്രശ്‌നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമ ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ-ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതാണ്.''1
ഭരണഘടനയുടെ അഞ്ചാം ഖണ്ഡികയില്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗത്തെപ്പറ്റിയും വ്യക്തമായി പറയുന്നു: ''ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശ പ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്‌കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ലവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.''2
ഭരണഘടനയിലെ ഈ പരാമര്‍ശങ്ങളില്‍നിന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാവുന്നു:
1. രാഷ്ട്രം രൂപവത്കരിച്ച് ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതിന് മാത്രമായി പറയുന്ന പേരല്ല ഇഖാമത്തുദ്ദീന്‍. ജീവിതത്തിലുടനീളം ഇസ്‌ലാമിനെ പിന്‍പറ്റുന്നതിന്റെ പേരാണത്. അതില്‍ രാഷ്ട്രം കൂടി ഉള്‍പ്പെടുമെന്നു മാത്രം. അതോടൊപ്പം ഓരോ വ്യക്തിയുടെയും അല്ലാഹുവുമായുള്ള ബന്ധം, അയാളുടെ വികാരങ്ങള്‍, പ്രേരണകള്‍, അനുഷ്ഠാന കര്‍മങ്ങള്‍, ധാര്‍മികത, സദാചാരം, സാമൂഹികമായ മുഴുവന്‍ വ്യവഹാരങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന സംജ്ഞയാണത്.
2. ജീവിതത്തിലുടനീളം ദീന്‍ പ്രയോഗവത്കരിക്കേണ്ടത് ഒരിക്കലും ബലപ്രയോഗത്തിലൂടെയോ സമ്മര്‍ദങ്ങളിലൂടെയോ ആവാന്‍ പാടില്ല. വ്യക്തികളുടെ ചിന്തയില്‍ മാറ്റം വരുത്തി, അവരുടെ ജീവിതത്തെ സംസ്‌കരിച്ചുകൊണ്ടാണ് പ്രയോഗവത്കരണത്തിന് തുടക്കമിടേണ്ടത്.
ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ഭരണഘടനയില്‍ മാത്രമല്ല, മൗലാനാ മൗദൂദി തന്റെ കൃതികളിലുടനീളം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞതാണ് ഈ വശം. മൗലാനാ മൗദൂദി എഴുതുന്നു: ''സാമൂഹിക ജീവിതത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍, എത്ര സുശക്തമായ ഭരണം കൈയിലുണ്ടായാലും കൃത്രിമമായ രീതിയില്‍ ഒരു ഘടനയെയും പൊളിച്ചെഴുതാനാവില്ല. ഉമറുബ്‌നു അബ്ദില്‍ അസീസിനെപ്പോലുള്ള മഹാനായ ഒരു ഭരണാധികാരി പോലും, അദ്ദേഹത്തിന്റെ കൂടെ പ്രവാചകാനുചരന്മാരുടെ പിന്മുറക്കാരുടെ (താബിഊന്‍) ഒരു വലിയ സംഘം ഉണ്ടായിരുന്നിട്ടുകൂടി മാറ്റം കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. കാരണം സമൂഹം പൊതുവില്‍ അത്തരമൊരു മാറ്റത്തിന് സന്നദ്ധമായിക്കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ മുഹമ്മദുബ്‌നു തുഗ്ലക്കും ഔറംഗസീബ് ആലംഗീറും ശക്തരായ ഭരണാധികാരികളും വ്യക്തിജീവിതത്തില്‍ മതനിഷ്ഠ പുലര്‍ത്തിയവരും ആയിരുന്നെങ്കിലും ഭരണത്തില്‍ കാര്യമായ ഒരു മാറ്റവും കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വ്യക്തിയില്‍ അധികാരം കേന്ദ്രീകരിച്ചിരുന്ന കാലങ്ങളിലെ കഥയാണിത്. ഇസ്‌ലാമിക വിപ്ലവത്തിനും ബാധകമായ തത്ത്വമാണിത്. ഖുര്‍ആനിക ദര്‍ശനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മുഹമ്മദ് നബി(സ)യുടെ കര്‍മമാതൃകകളുടെയും അടിസ്ഥാനത്തില്‍ ഒരു ബഹുജന പ്രസ്ഥാനം രൂപംകൊള്ളുകയും അതില്‍ അണിനിരന്നവര്‍ തങ്ങളുടെ മുഴുവന്‍ ചിന്തകളെയും ധാര്‍മിക സദാചാര ജീവിതത്തെയും അതിനനുസരിച്ച് മാറ്റിപ്പണിയാന്‍ തയാറാവുകയും ചെയ്യാത്ത കാലത്തോളം ഈയൊരു മാറ്റം ഉണ്ടാവുകയില്ല തന്നെ.''3
''എനിക്ക് എപ്പോഴും നല്‍കാനുള്ള ഉപദേശം ഇതാണ്: പട്ടിണി കിടക്കേിവന്നാലും വെടിയുകളേല്‍ക്കേിവന്നാലും ക്ഷമയോടെ, സഹനത്തോടെ, ഒട്ടും രഹസ്യസ്വഭാവമില്ലാതെ നിങ്ങള്‍ ഈ സംസ്‌കരണ പ്രസ്ഥാനത്തെ മുന്നോട്ടു കൊുപോകണം. ഈ പ്രസ്ഥാനം നിയമാനുസൃതമായും ധാര്‍മിക പരിധികള്‍ പാലിച്ചും മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പു വരുത്തുകയും വേണം.''4
''കമ്യൂണിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ ബലപ്രയോഗം നടത്തുന്നതില്‍ തെറ്റു കാണുന്നില്ല. എന്നാല്‍, ഇസ്‌ലാം അത്തരമൊരു പ്രത്യയശാസ്ത്രമല്ല. ജനമനസ്സുകളില്‍ വിശ്വാസം രൂഢമൂലമാകേണ്ടത് വളരെ അനിവാര്യമാണെന്ന് ഇസ്‌ലാം മനസ്സിലാക്കുന്നു. അത്തരമൊരു വിശ്വാസത്തിന്റെ അഭാവത്തില്‍, പറഞ്ഞുകൊടുത്ത വഴികളിലൂടെ ആത്മാര്‍ഥമായി സഞ്ചരിക്കാന്‍ ജനത്തിന് സാധിക്കുകയില്ല. തത്ത്വങ്ങളെക്കുറിച്ച് പൊതുജനത്തിന് നിശ്ചിത അളവിലും അധികാരം കൈയാളുന്നവര്‍ക്ക് വേണ്ടത്ര അളവിലും അറിവ് ഉണ്ടായിരിക്കുകയും അവര്‍ക്കതില്‍ നല്ല ബോധ്യമുണ്ടാവുകയും വേണം. ഇതിന്റെ അഭാവത്തില്‍ ഈ തത്ത്വങ്ങളെയോ നിയമങ്ങളെയോ ശരിയായ രീതിയില്‍ പ്രയോഗവത്കരിക്കാന്‍ കഴിയുന്നതല്ല. അതോടൊപ്പം പൊതുജനങ്ങളുടെയും ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള പ്രത്യേകക്കാരുടെയും ചിന്തകളിലും ജീവിതചര്യകളിലും സമൂലമായ മാറ്റങ്ങള്‍ ദൃശ്യമാവണം. അതില്ലാഞ്ഞാലും പ്രയോഗവത്കരണം അസാധ്യമായിത്തീരും. ഞാന്‍ ഇവിടെ വിവരിച്ച കാര്യങ്ങളൊന്നും തന്നെ ജനങ്ങളുടെ ചിന്തയിലോ മനസ്സിലോ ഒരു കാരണവശാലും അടിച്ചേല്‍പിക്കാവതല്ല എന്ന കാര്യമാണ് ആദ്യമായി മനസ്സിലാക്കേണ്ടത്.''5
''ഇസ്‌ലാമിക പ്രവര്‍ത്തകരെ ഞാന്‍ ഉപദേശിക്കുകയാണ്; അവര്‍ രഹസ്യ സംഘങ്ങള്‍ക്ക് രൂപം നല്‍കുകയോ സായുധ അട്ടിമറിക്ക് ശ്രമിക്കുകയോ ചെയ്യരുത്. ഇത് ക്ഷമയില്ലായ്മയുടെയും എടുത്തു ചാട്ടത്തിന്റെയും മറ്റൊരു രൂപമാണ്. യഥാര്‍ഥ വിപ്ലവം എപ്പോഴും ഒരു ജനകീയ വിപ്ലവമായിരിക്കും. പൊതുജനങ്ങളില്‍ ഈ സന്ദേശമെത്തിക്കാനാണ് ശ്രമിക്കേണ്ടത്. അങ്ങനെ അവരുടെ ചിന്തയും മനോഭാവവും ശരിയായ ദിശയിലേക്ക് തിരിച്ചുവിടാന്‍ പണിയെടുക്കുക. അവരുടെ ഭാവനകളെ മാറ്റിപ്പണിയൂ. ഉയര്‍ന്ന ധാര്‍മികതയാല്‍ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തൂ. ആ മാര്‍ഗത്തില്‍ വരുന്ന ഏതു അപകടങ്ങളെയും പ്രതിസന്ധികളെയും ധീരതയോടെ നേരിടൂ. ഇങ്ങനെ സംജാതമാകുന്ന വിപ്ലവത്തിനേ നിലനില്‍പ്പുള്ളൂ. എതിര്‍ശക്തികള്‍ അഴിച്ചുവിടുന്ന കൊടുങ്കാറ്റില്‍ അത് കടപുഴകുകയില്ല. ക്ഷമ കെട്ട് കൃത്രിമ മാര്‍ഗത്തിലൂടെ വിപ്ലവം കൊണ്ടുവരുന്നവര്‍ക്ക്, വന്ന വഴിയേ അത് തിരിച്ചുപോകുന്നതും തകര്‍ന്നടിയുന്നതും കാണേണ്ടിവരും.''6
ഈ ഉദ്ധരണികള്‍ നിരത്തിയത്, 'ഇഖാമത്തുദ്ദീന്‍' എന്ന സംജ്ഞകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനവും മൗലാനാ മൗദൂദിയും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാനാണ്. കേവലം ഒരു ഭരണകൂടത്തെ പടച്ചുണ്ടാക്കുന്നതിനോ അതിനെ മാറ്റുന്നതിനോ പറയുന്ന പേരല്ല ഇഖാമത്തുദ്ദീന്‍. വ്യക്തിയുടെയും സമൂഹത്തിന്റെയും സമ്പൂര്‍ണ മാറ്റത്തിന്/പരിഷ്‌കരണത്തിന് പറയുന്ന പേരാണത്. രാഷ്ട്ര രൂപവത്കരണവും ആ ലക്ഷ്യത്തില്‍ ഉള്‍ച്ചേരുക സ്വാഭാവികമാണ്. ഇഖാമത്തുദ്ദീന്‍ എന്ന വിഭാവന രാഷ്ട്ര രൂപവത്കരണത്തിലേക്കോ അതിന്റെ പരിഷ്‌കരണത്തിലേക്കോ മാത്രമായി ഒരിക്കലും ചുരുക്കിക്കണ്ടുകൂടാത്തതാണ്. ഇഖാമത്തുദ്ദീന്റെ അടിസ്ഥാന ലക്ഷ്യത്തില്‍ അത് പെടുന്നുമില്ല. മേല്‍കൊടുത്ത ഉദ്ധരണികളില്‍നിന്ന് വ്യക്തമായതുപോലെ, ഇസ്‌ലാമിനെ ജനസമക്ഷം അവതരിപ്പിക്കലും ആവിഷ്‌കരിക്കലുമാണ് ഇഖാമത്തുദ്ദീന്‍. ജനം ഈ ആശയം സ്വീകരിക്കുന്ന പക്ഷം അവരുടെ ചിന്തകളും സ്വഭാവ രീതികളും അടിമുടി മാറുകയും മാതൃകാ ഇസ്‌ലാമിക സമൂഹം രൂപം കൊള്ളുകയും ചെയ്യും. ജനത സംസ്‌കരണം സിദ്ധിച്ചവരായിത്തീരുമ്പോള്‍ ഭരണത്തിലും ആ നിറംമാറ്റം ദൃശ്യമാവും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സമാധാനപരമായ വഴികളിലൂടെ പൊതുജനങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തി അവരെ സംസ്‌കൃതചിത്തരാക്കുമ്പോഴാണ് ദീനിന്റെ സംസ്ഥാപനം എന്ന ലക്ഷ്യം സാക്ഷാത്കൃതമാവുന്നത്.
(അടുത്ത ലക്കത്തില്‍: വഹീദുദ്ദീന്‍ ഖാന്റെ വിമര്‍ശനങ്ങള്‍)
കുറിപ്പുകള്‍
1. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഭരണഘടന, പേജ് 11
2. അതേ പുസ്തകം, പേജ് 12
3. സയ്യിദ് മൗദൂദി, തഹ്‌രീക് ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍ (രണ്ടാം ഭാഗം) ലാഹോര്‍, പേജ് 175,176
4. മൗലാനാ മൗദൂദി, തസ്വ്‌രീഹാത്ത് (സമാഹരണം: സലീം മന്‍സൂര്‍ ഖാലിദ്), ലാഹോര്‍, പേജ് 257,258
5. അതേ പുസ്തകം, പേജ് 320-322
6. മൗലാനാ മൗദൂദി, തഫ്ഹീമാത്ത്, മൂന്നാം ഭാഗം, ഇസ്‌ലാമിക് പബ്ലിക്കേഷന്‍സ്, ലാഹോര്‍, പേജ് 162,163
Comments