Prabodhanm Weekly

Pages

Search

2018 മാര്‍ച്ച് 23

3044

1439 റജബ് 04

ഉള്ളുറപ്പില്ലാത്ത ഭാഷ കൊണ്ട് സംഘ് പരിവാറിനെ പ്രതിരോധിക്കാനാകുമോ?

ശഹിന്‍ കെ. മൊയ്തുണ്ണി

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ സംഘ് പരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി നേടിയ ഗംഭീര ജയവും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ അധികാരാരോഹണവും ഏറ്റവുമൊടുവില്‍ ഒന്നിനു പിറകെ ഒന്നായി വിവിധ സംസ്ഥാനങ്ങളില്‍ കാവിയുടെ കടന്നുകയറ്റവും സമകാലിക ഇന്ത്യന്‍ മുസ്‌ലിം ചരിത്രത്തെ നിര്‍ണയിക്കുന്ന സുപ്രധാന മുഹൂര്‍ത്തങ്ങളാണ്. 2014-ലോ അതിനു മുമ്പോ രാജ്യത്ത് എല്ലാം ശരിയായിരുന്നുവെന്ന അര്‍ഥത്തിലല്ല ഇങ്ങനെ പറയുന്നത്. 2014-ഓടെ സംഭവിച്ചത് ഉദ്യോഗസ്ഥ വൃന്ദം, നിയമ ചട്ടക്കൂട്, നയരൂപവത്കരണ കേന്ദ്രങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങി രാജ്യത്തെ ഭരണ സംവിധാനങ്ങളൊക്കെയും സംഘ് പരിവാറിന് ദാസ്യപ്പെട്ടു എന്നതാണ്. കുറേ സംഘടനകളുടെ കൂട്ടായ്മയായി തുടരുന്നതിനു പകരം സമഗ്രാധികാരമുള്ള സ്റ്റേറ്റ് തന്നെയായി സംഘ് പരിവാര്‍ പരിണമിച്ചുവെന്നു സാരം.  

ഇതുപോലൊരു അസാധാരണ സന്ധിയില്‍ അസാധാരണ തീരുമാനങ്ങള്‍ വേിവരും. ഹിന്ദുത്വ ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ മത ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ഇടതുപക്ഷം, മതേതര ലിബറലുകള്‍ തുടങ്ങി എല്ലാ മേഖലകളിലെയും ചിന്തകന്മാരും നേതാക്കളും പൊതുവായി ഉന്നയിക്കുന്നത്, വിശാല ഐക്യവും സഖ്യവും വേണമെന്നാണ്. ഭിന്നതകള്‍ തല്‍ക്കാലം മാറ്റിവെച്ച്, രാഷ്ട്രീയ നിറങ്ങളെ അരികിലേക്ക് നിര്‍ത്തി ചെറുത്തുനില്‍പിന്റെ പൊതുഭാഷയെ രൂപപ്പെടുത്തുക. 

പക്ഷേ, ഇത്തരം വാചാടോപങ്ങളില്‍ വിസ്മരിച്ചുപോകുന്നത് ആരുടെ ഭാഷയെ മൂടിവെക്കണം എന്ന മൗലിക ചോദ്യമാണ്. ഒരു പൊതു ഫാഷിസ്റ്റ്‌വിരുദ്ധ ഭാഷയെന്ന അള്‍ത്താരയില്‍ ബലിനല്‍കേണ്ടത് ഏതു രാഷ്ട്രീയത്തെയാകണം? ഇടത്- മതേതര മുന്നണിയുടെ മുഖ്യധാര ഊന്നുന്നത് സാമ്പത്തിക വാദം, ദുര്‍ഭരണം എന്നിവ മാത്രം പ്രമേയമാകുന്ന ഭാഷയിലാണ്. ഈ ഭാഷ സ്വാംശീകരിക്കാന്‍ നാമും നിര്‍ബന്ധിതരാകുന്നു. കോണ്‍ഗ്രസ് നയിക്കുന്ന മതേതര സഖ്യത്തില്‍ മാത്രം പ്രതീക്ഷയെന്നു വിശ്വസിക്കേണ്ടിവരുന്നു. തെരഞ്ഞെടുപ്പില്‍ സംഘ് പരിവാരം പിറകോട്ടുപോകുന്നതോടെ, വര്‍ധിച്ചുവരുന്ന ഇസ്‌ലാംഭീതിയും വെറുപ്പും ഹിംസയും അവസാനിക്കുമെന്ന പ്രത്യാശ കൈവരുന്നു. 

പൊതുധാര ഇത് ആവശ്യപ്പെടുന്നത് മറ്റൊരു ബദലില്ലെന്നതു കൊണ്ടും മുസ്‌ലിംകള്‍ ഇത് ആവശ്യപ്പെടുന്നത് നിര്‍ബന്ധിത സാഹചര്യമെന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ്. അടിയന്തര സാഹചര്യങ്ങള്‍ക്ക് വഴങ്ങി താല്‍ക്കാലിക തന്ത്രങ്ങളും നടപടികളും സ്വീകരിച്ച് മുന്നോട്ടുപോവുകയെന്ന രീതി പലപ്പോഴും വിനഷ്ടമാക്കുന്നത് നമ്മുടെ സ്വന്തം ഭാഷയെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തുകയെന്ന മൗലിക വിഷയമാണ്. Religion as Critique: Islamic Critical Thinking from Mecca to the Marketplace എന്ന കൃതിയില്‍ ഇര്‍ഫാന്‍ അഹ്മദ് പറയുന്നു: ''ചരിത്രപരമായി, കോണ്‍ഗ്രസ് പാര്‍ട്ടിയും ഹിന്ദു ദേശീയ വാദികളും തമ്മിലെ അതിര്‍വരമ്പ് തീരെ നേര്‍ത്തതായിരുന്നു. ലജ്പത് റായ്, കെ.എം മുന്‍ഷി, എസ്.പി മുഖര്‍ജി, മദന്‍മോഹന്‍ മാളവ്യ തുടങ്ങിയ നേതാക്കള്‍ ഒരേസമയം കോണ്‍ഗ്രസിന്റെയും ഹിന്ദു ദേശീയതയുടെയും നേതാക്കളായി നിലനിന്നു. അവശ്യഘട്ടങ്ങളില്‍ രണ്ടിന്റെയും കുപ്പായം അവര്‍ മാറിമാറി അണിഞ്ഞു. സ്വതന്ത്ര ഇന്ത്യയിലും മതേതര കക്ഷികളില്‍നിന്ന് ഹിന്ദുത്വ സംഘടനകളിലേക്കും തിരിച്ചും തടസ്സമേതുമില്ലാതെ ഒഴുക്ക് തുടര്‍ന്നു.'' മതേതര, ലിബറല്‍ ധാരകളുടെ മുഖങ്ങളായ അമര്‍ത്യ സെന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ പ്രമുഖരെയും ഇര്‍ഫാന്‍ അഹ്മദ് വിമര്‍ശിക്കുന്നുണ്ട്. 2005-ല്‍ ഇറങ്ങിയ വിഖ്യാതമായ 'The Argumentative Indian'  എന്ന അമര്‍ത്യ സെന്നിന്റെ ഗ്രന്ഥത്തില്‍ മുസ്‌ലിംകള്‍ വെറും ചില കണക്കുകളും, ലിബറലുകള്‍ക്കും തീവ്ര വലതുപക്ഷത്തിനുമിടയിലെ മങ്ങിയ ചിത്രവുമാണ്. ഇര്‍ഫാന്‍ അഹ്മദ് തുടരുന്നു: ''ഹിന്ദു പൈതൃകത്തെ ഇന്ത്യയെന്ന ദേശത്തിന്റെ  മറുവാക്കായാണ് സെന്‍ അവതരിപ്പിക്കുന്നത്. ഹിന്ദു പൈതൃകത്തില്‍ അന്തര്‍ഭവിക്കുന്നതാണ് അദ്ദേഹത്തിന് മുസ്‌ലിംകള്‍. മുസ്‌ലിം ഒരു അദൃശ്യചിത്രമായി അതോടെ പരിണമിക്കുന്നു. ഇന്തോനേഷ്യയിലെയും പാകിസ്താനിലെയും മുസ്‌ലിംകളുമായി തുലനം ചെയ്ത് ഇന്ത്യയിലെ മുസ്‌ലിംകളുടെ സ്ഥിതിവിവരക്കണക്കുകള്‍ സെന്‍ ഒന്നിലേറെ തവണ ഉദ്ധരിക്കുന്നുണ്ട്. അത്രമാത്രം.'' മുസ്‌ലിം സ്വത്വത്തെ മായ്ച്ചുകളഞ്ഞും, കാഴ്ചയുടെയും അറിവിന്റെയും അറിയിക്കലിന്റെയും മുസ്‌ലിം ഭാഷയെ വെളുമ്പില്‍ നിര്‍ത്തിയും ലിബറല്‍ മതേതര പണ്ഡിതരും അക്കദമീഷ്യന്മാരും നിര്‍മിച്ചെടുത്ത അടിത്തറയില്‍നിന്നാണ് സംഘ് പരിവാരം രാജ്യത്തെ വിദ്യാസമ്പന്നരെയും നഗരകേന്ദ്രീകൃത വരേണ്യവര്‍ഗങ്ങളെയും എളുപ്പത്തില്‍ കൂടെ കൂട്ടിയത്. മുഖ്യധാരാ മതേതരത്വവും അല്ലാത്ത മതേതരത്വവും ഒരുപോലെ മുസ്‌ലിംകളെ അന്യവത്കരിച്ച് അച്ചടക്കം ശീലിപ്പിച്ചതിനെ കുറിച്ച് കൂടുതല്‍ ദീര്‍ഘമായ പഠനം അനിവാര്യമായതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. 

"Black Skin, White Masks‑'   എന്ന ഗ്രന്ഥം ഫ്രന്റ്‌സ് ഫാനണ്‍ തുടങ്ങുന്നത് ഈ വിഷയം പറഞ്ഞാണ്. ശബ്ദമില്ലാത്തവനായി മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ അനുഭവത്തില്‍നിന്ന് അദ്ദേഹം എളുപ്പം മനസ്സിലാക്കിയെടുക്കുന്നത്, 'സംസാരിക്കുകയെന്നാല്‍ മറ്റുള്ളവനു വേണ്ടി ജീവിക്കലാണ്' എന്നാണ്. മനുഷ്യാസ്തിത്വത്തിന്റെ വളര്‍ച്ചയില്‍ ഭാഷ വഹിച്ച മൗലിക പങ്ക് വേണ്ടത്ര അടയാളപ്പെടുത്തപ്പെട്ടതാണ്. വിനിമയങ്ങളില്ലാതെ മനുഷ്യന് നിലനില്‍ക്കാനാവില്ല. മനുഷ്യ സത്തയില്‍നിന്ന് ആശയവിനിമയ സാധ്യതകളെ പുറത്തുനിര്‍ത്തുകയെന്നുവെച്ചാല്‍ അവനിലെ മനുഷ്യനെയാണ് മാറ്റിനിര്‍ത്തുന്നത്. ഭാഷയുടെ സ്വാധീനത്തെ കുറിച്ച് ബോധവാന്മരല്ലാതിരിക്കാന്‍ മാത്രം ആഴത്തിലുള്ളതാണ് ഓരോരുത്തരിലും അതിന്റെ സാന്നിധ്യം. ലോകത്തെ സ്വന്തം ഭാഷയില്‍ പേരുവിളിക്കാന്‍ ആവുമെങ്കില്‍ ലോകം തന്റേതു കൂടിയായി മാറുന്നുവെന്ന് ഫാനണ്‍ പറയുന്നു. പേരുവിളിക്കുകയെന്നത് അതിനെ തന്റേതു കൂടി ആക്കലാണ്. ഫാനന്റെ വാക്കുകള്‍ കടമെടുത്താല്‍: ''സംസാരിക്കുകയെന്നാല്‍, പ്രത്യേക വാക്യഘടന സ്വീകരിക്കലാണ്. അതത് ഭാഷയുടെ രൂപവിജ്ഞാനീയത്തിനു വഴങ്ങലാണ്. അതിലുപരി, ഭാഷയുള്‍ക്കൊള്ളുന്ന സംസ്‌കാരത്തെ സ്വാംശീകരിക്കലാണ്. ഓരോ വ്യക്തിയും ഒരു ഭാഷ സംസാരിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളുന്ന വിശാലമായ ലോകവും അവന് കീഴൊതുങ്ങുന്നു.'' 1945-ല്‍ തഹ്‌രീകെ ഇസ്‌ലാമി കി അഖ്‌ലാഖി ബുന്‍യാദേന്‍ (ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ധാര്‍മിക അടിത്തറകള്‍) എന്ന ഗ്രന്ഥത്തില്‍ അബുല്‍ അഅ്‌ലാ മൗദൂദി ഇത് പറയുന്നുണ്ട്: ''ഭാഷക്കുമേല്‍, അതിനെ നിര്‍വചിക്കുന്നതില്‍, പേരിടുന്നതില്‍ പാശ്ചാത്യര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഒരു വസ്തുവിനെ നീ എങ്ങനെ നിര്‍വചിക്കുന്നു, ഏതു ഭാഷയില്‍ എന്നതാണ് ഏതു സംവാദത്തിലും വിജയം നിര്‍ണയിക്കുന്നത്.'' ഈ മേഖലയില്‍ പാശ്ചാത്യ സമഗ്രാധിപത്യം തന്റെ രചനകളിലും പൊതുധാരണയുടെ വേഷമണിഞ്ഞ ഭാഷക്കെതിരായ ഇസ്‌ലാമിക ബദല്‍ അവതരിപ്പിക്കുന്നിടത്തും മൗദൂദി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഈ പൊതുധാരണ പാശ്ചാത്യമാണെന്ന് പ്രഫ. സല്‍മാന്‍ സയ്യിദും കുറ്റപ്പെടുത്തുന്നു. സാമൂഹിക ചട്ടക്കൂടുകളുമായി, ബന്ധങ്ങളൊന്നുമില്ലാത്തവയെന്ന മട്ടില്‍ ചില വാക്കുകള്‍ മാത്രമായി, കര്‍ത്താവിനെയും കര്‍മത്തെയും ക്രമീകരിക്കുന്ന യാന്ത്രിക സംവിധാനം മാത്രമായി ഭാഷ പരിമിതപ്പെടരുത്. ആശയവിനിമയം സാധ്യമാക്കുന്ന അര്‍ഥകല്‍പനയാണ് മനുഷ്യനും ലോകവും തമ്മിലെ പാലം പണിയുന്നത്. അതുവഴി ഓരോരുത്തനും തന്റെ ലോകത്തെ നിര്‍മിച്ചെടുക്കുകയോ അപനിര്‍മിക്കുകയോ ചെയ്യുന്നു. 

"Recalling the Caliphate: Decolonisation and World Order' എന്ന കൃതിയില്‍ ഭാഷയുടെ ഈ അവസ്ഥക്ക് സല്‍മാന്‍ സയ്യിദ് ഒരു അന്യാപദേശ കഥ ഉദാഹരിക്കുന്നുണ്ട്. ബൈബിള്‍ പഴയ നിയമത്തില്‍, മഹാ പ്രളയത്തിനു ശേഷം 'കറുത്ത തലയുള്ള' ജനങ്ങള്‍ കൂറ്റന്‍ ഗോപുരത്തോടു കൂടിയ പട്ടണം പണിയാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കവാടം എന്ന വിശേഷണവുമായി ബാബില്‍ ഗോപുരം അങ്ങനെ പൂര്‍ത്തിയാകുന്നു. മനുഷ്യന്‍ തന്റെ ദുര്‍ബല ജന്മത്തില്‍നിന്നുയര്‍ന്ന് ദൈവിക സംവിധാനം ഭൂമിയില്‍ പുനരാവിഷ്‌കരിക്കുന്നതിന്റെ നിദര്‍ശനമാണ് ഈ ഗോപുരം. ബാബില്‍ ഗോപുരം നിലംപതിക്കും വരെ 'മുഴുലോകത്തിനും ഒരു ഭാഷയും ശബ്ദവുമായിരുന്നു' എന്ന് കഥയില്‍ പറയുന്നു. സംതൃപ്തിയും സന്തോഷവും നിറഞ്ഞാടിയ വസുധൈവ കുടുംബകം. അവിടെ ഭരണകൂടമില്ല, ദേശീയതയില്ല. രാഷ്ട്രീയം ചിത്രത്തിലെത്തും മുമ്പുള്ള മനുഷ്യനെകുറിച്ച ദര്‍ശനമാണിത്. ചില ദുഷ്ട മാനുഷര്‍ സൃഷ്ടിച്ച തെറ്റിദ്ധാരണകളും വഴികേടുകളും ലോകത്തെ സംഘര്‍ഷഭരിതമാക്കും മുമ്പുള്ള രാഷ്ട്രീയപൂര്‍വ കാലത്തെ കുറിച്ച പൊതുധാരണ. ബാബില്‍ ഗോപുരം നിലംപതിച്ചതോടെ ഈ സന്തുഷ്ട ലോകം പല ദേശങ്ങളായും ഗോത്രങ്ങളായും വ്യത്യസ്ത ഭാഷകളായും ചിതറി. ഏകഭാഷ കൈമോശം വന്നതോടെ സമൂഹത്തില്‍ ഭിന്നതയും സംഘര്‍ഷവും മുളപൊട്ടി. വൈവിധ്യം സാധുവായതോടെ ഐക്യം അസാധ്യമായി. ഭാഷ പലതായി പിരിഞ്ഞത് ഭാഷാ വൈവിധ്യത്തിന് മാത്രമല്ല, എല്ലാവരുമായും ഒരുപോലെ സംവദിക്കാനുള്ള അവസരം നഷ്ടപ്പെടലിനും ഹേതുവായി. ശത്രുത അവസാനിപ്പിക്കാനും ഭിന്നതകള്‍ മറികടക്കാനുമുള്ള മോഹമാണ് ലോകത്തിന് ഏകഭാഷയുടെ ആവശ്യമായി പരിണമിക്കുന്നത്. ഇവിടെ ബാബില്‍ ഗോപുരത്തിന്റെ നാശം രാഷ്ട്രീയത്തിന്റെ പിറവിയെ അടയാളപ്പെടുത്തുന്നു. എന്നുവെച്ചാല്‍ സമൂഹ നിര്‍മിതി ഇനി സാധ്യമാകേണ്ടത് ഭിന്നതകളെ നിയന്ത്രണവിധേയമാക്കിയാണ്. രാഷ്ട്രീയം ഭിന്നതകളെ നിയന്ത്രിക്കാനുള്ള മാര്‍ഗം കൂടിയാണ്. ആശയവിനിമയം അസ്തമിക്കുന്നതോടെ സന്ദേഹം നിയന്ത്രണമേറ്റെടുക്കുന്നു. ഹിംസ സര്‍വവ്യാപിയാകുന്നു. വിനഷ്ട ഐക്യത്തെ തിരിച്ചുപിടിക്കാനുള്ള മാര്‍ഗമാകണം സംഭാഷണം. 

ആശയവിനിമയം സുസാധ്യമാക്കുകയും എല്ലാവര്‍ക്കും സംവദിക്കാവുന്ന ഭാഷ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ സംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനും മനുഷ്യര്‍ പഠിക്കുന്നു. ഇതുപോലൊരു ചട്ടക്കൂടാണ് മതേതര കൂട്ടായ്മ വികസിപ്പിച്ചെടുക്കുന്നത്. മറ്റുള്ളവയൊക്കെയും അവിടെ അപ്രസക്തമായ സഹായക കഥാപാത്രങ്ങള്‍ മാത്രം. മതം/മതേതരം, വിശുദ്ധം/കളങ്കിതം, ആത്മീയം/ഭൗതികം, സമകാലികം/ഭാവി എന്നിങ്ങനെ ദ്വന്ദ്വങ്ങളുടെ ഭാഷ ഉപയോഗിക്കുന്ന വ്യക്തിഗത തലത്തില്‍ നിന്നുള്ള ഭിന്നതകളെ മാത്രമാണ് ഈ സംഭാഷണം അനുവദിക്കുന്നത്. അവിടെ സ്വന്തം ഭാഷ പലപ്പോഴും അപ്രസക്തമാകുന്നു. 

സംഘട്ടനത്തിനു പകരം സംസ്‌കാരങ്ങള്‍ തമ്മില്‍ വേണ്ടത് സംഭാഷണമാണെന്നത് ആരെയൂം വശപ്പെടുത്തുന്ന നിര്‍ദേശമാണ്. ലിബറലിസത്തിന്റെ മേല്‍ക്കൈ കൂടി സൂചിപ്പിക്കുന്നുണ്ട് ഈ ആകര്‍ഷകത്വം. സംഘട്ടനം പരിഹാരം കണ്ടെത്തുന്നതിലെ വീഴ്ചയാണെന്നും യുക്തിചിന്തയും പരസ്പര വിശ്വാസവും വഴി സംഘട്ടനത്തിന്റെ സാഹചര്യത്തെ മറികടക്കാമെന്നും ലിബറല്‍ തത്ത്വചിന്ത പറയുന്നു. ഇന്ത്യന്‍ സാഹചര്യത്തിലും ഈ പോംവഴി തീര്‍ച്ചയായും ആകര്‍ഷകമാണ്. നന്മയെയും തിന്മയെയും വേര്‍തിരിക്കുന്ന അളവുകോല്‍ ഇവിടെ യുക്തികതയും അയുക്തികതയുമാണ്. സാമൂഹിക രാഷ്ട്രീയത്തെയും ഭൗമ രാഷ്ട്രീയത്തെയും ദൈവശാസ്ത്ര പരിസരത്തുനിന്ന് വായിക്കുന്നതിനെ ഇത് നിരാകരിക്കുന്നു. പകരം ദൈവശാസ്ത്രത്തെ ഒരു സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യമായി സ്ഥാനപ്പെടുത്തുന്നു. ഇവിടെ നാം വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. സ്വത്വം ആപേക്ഷികവും ഭാഷാ വൈജാത്യങ്ങളുടെ ഭാഗവുമാണ്. ഇവയുണ്ടാക്കുന്ന ഭിന്നതയെ തട്ടിമാറ്റേണ്ട തടസ്സങ്ങളായല്ല, മറിച്ച്, ആ സ്വത്വത്തെ നിര്‍മിക്കുന്ന ഘടകങ്ങളായാണ് കാണേത്. സ്വത്വസാധ്യതയെ കൂടിയാണ് ഭിന്നതകള്‍ സൂചിപ്പിക്കുന്നത്. ഭിന്നത ഇല്ലാതാക്കാന്‍ ചിലതിനെ ഇരുട്ടില്‍ നിര്‍ത്തുന്നത് ആ സ്വത്വങ്ങളെ തന്നെ ഇല്ലാതാക്കുന്നതിലേക്കാകും നയിക്കുക. സ്വത്വം എത്ര ആഴത്തില്‍ വേരു പടര്‍ത്തിയതാണോ, അതിന്റെ തമസ്‌കരണം അത്ര കടുത്ത അതിക്രമമായി അനുഭവപ്പെടും. ഇസ്‌ലാമും പാശ്ചാത്യ ഇടത് മതേതര ലിബറലിസവും തമ്മിലുള്ള ഭിന്നതയുടെ മാതൃകക്കു പകരം സംസ്‌കാരങ്ങള്‍ക്കിടയിലെ സംഭാഷണമെന്ന ദര്‍ശനം ഏകവഴിയായി മുന്നോട്ടുവെക്കുമ്പോള്‍ സംഭവിക്കുന്നത്, രാഷ്ട്രീയം പ്രാന്തവത്കരിക്കപ്പെടുകയും ഇസ്‌ലാമിന്റേത് പോലുള്ള ബദല്‍ ലോകവീക്ഷണങ്ങള്‍ മതമൗലികവാദവും തീവ്രവാദവുമായി മുദ്രകുത്തപ്പെടുകയും ചെയ്യുന്ന വിമര്‍ശനാതീതമായ കോസ്‌മോ പോളിറ്റന്‍ സംസ്‌കാരം പൊതുധാരയായി സ്വാംശീകരിക്കപ്പെടലാണ്. 

സമകാലിക ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസമെന്ന പ്രതിഭാസത്തെ ചെറുക്കാന്‍ ആദ്യമായി നമ്മുടെ ഭാഷാ സങ്കേതങ്ങള്‍ ഉപയോഗിച്ച് അതിനെ അപഗ്രഥിക്കണം. 

 

ഫാഷിസമെന്നാല്‍

1930-കളില്‍ നാസി ഭരണത്തിനു കീഴിലെ ജൂത വിശ്വാസികള്‍ക്ക് നേരിടേണ്ടിവന്ന അനുഭവങ്ങള്‍ വിശദീകരിക്കുന്നിടത്താണ് ഈ വംശീയത ആദ്യമായി വരുന്നത്. 1930-കള്‍ക്കു മുമ്പ് ഇതുപോലുള്ള വംശീയ വിവേചനമോ ഹിംസയോ സംഭവിച്ചില്ലെന്നല്ല. മറിച്ച്, യൂറോപ്യന്‍ (വെള്ളക്കാരന്റെ) പ്രതിസന്ധിയാണ് സാമൂഹിക ശാസ്ത്ര പാഠങ്ങളില്‍ ഇത്തരം പുതിയ പദാവലികള്‍ക്ക് ഇടം നല്‍കിയത്. യൂറോപ്യന്‍ നവോത്ഥാനം ആര്‍ജിച്ച ലിബറല്‍ വേരുകള്‍ക്ക് അതീതമാണ് ഈ ഹിംസയും വര്‍ണവിവേചനവുമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ന്യൂറംബര്‍ഗ് നിയമങ്ങളും അനുബന്ധ നിയമ ചട്ടക്കൂടുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ യൂറോപ്യന്‍ കോളനി വാഴ്ചക്കാര്‍ നാട്ടുകാര്‍ക്കു മേല്‍ അടിച്ചേല്‍പിച്ച കിരാത നിയമങ്ങള്‍ക്ക് സമാനമായിരുന്നു. കൊളോണിയലിസം എന്നുതന്നെ ഇവയെയും വിളിക്കാം. ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് സാമ്രാജ്യങ്ങളെ മാത്രമല്ല കൊളോണിയല്‍ ചട്ടക്കൂട് ഉള്‍ക്കൊള്ളുന്നത്. മറിച്ച്, നാട്ടുകാരായ അമേരിക്കക്കാര്‍ക്കെതിരെയും ആസ്ട്രലേഷ്യക്കാര്‍ക്കെതിരെയും നിലനിന്ന ആഭ്യന്തര സാമ്രാജ്യങ്ങളും ഇതേ ചിത്രത്തില്‍ വരുന്നവയാണ്. വംശഹത്യകള്‍, സാമൂഹിക പുറംതള്ളലുകള്‍, അരികുവത്കരണം, ഒറ്റപ്പെടുത്തല്‍ തുടങ്ങിയവയൊക്കെയും കൊളോണിയലിസത്തിന്റെ ബാനറില്‍ നിരന്തരം നടമാടി. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍, വര്‍ണവിവേചന നിയമങ്ങള്‍, നാട്ടുകാരെ അടിച്ചമര്‍ത്തല്‍, സര്‍ക്കാര്‍ സമ്മതത്തോടെ നടന്ന ഹിംസകള്‍ ഇവയൊന്നും നാസികളോ ഇറ്റാലിയന്‍ ഫാഷിസ്റ്റുകളോ മാത്രം നടപ്പാക്കിയതല്ല. എന്ന പോലെ, ഫാഷിസം എന്ന പദത്തിന്റെ ആധുനിക പുനരാവിഷ്‌കാരം മുസോളിനിയുടെയോ ഹിറ്റ്‌ലറുടെയോ വരവിനെ മാത്രമല്ല, ഹിന്ദുത്വ ഫാഷിസത്തെയും പാശ്ചാത്യ നാടുകളിലെ തീവ്ര വലതുപക്ഷങ്ങളെയും കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ്. ഇതാകട്ടെ, പാശ്ചാത്യ മതേതര ലിബറലിസത്തിന്റെ എതിര്‍ചേരിയെ കുറിക്കാനുള്ളതും.

ചരിത്ര സങ്കല്‍പങ്ങളായ കാലം, കാലനിര്‍ണയം, തുടര്‍ച്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഈ കാഴ്ചപ്പാട്. സംഭവങ്ങളാണ് ചരിത്രത്തിലെ ഓരോ അധ്യായങ്ങളായി പരിണമിക്കുന്നത്. ചരിത്രകാരന്മാര്‍ മധ്യകാലം, നവോത്ഥാനം, കാല്‍പനിക കാലം, ആധുനിക കാലം എന്നിങ്ങനെ കാലങ്ങളെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ, അതത് കാലങ്ങളില്‍ ജീവിച്ച മനുഷ്യര്‍ ഒരിക്കലും അങ്ങനെ സ്വയം വിശ്വസിച്ചവരായിരുന്നില്ല. ചരിത്രത്തെ ഓരോ സന്ധികളില്‍ പുതിയ പേരുകളിലേക്ക് മാറ്റിനിര്‍ത്തിയ പണ്ഡിതരാണ് ഇവയുടെ പിതാക്കള്‍. ചരിത്ര ഘട്ടങ്ങള്‍ നിര്‍മിച്ചവര്‍ അതോടൊപ്പം കാലഗണനാക്രമവും അനുബന്ധമായി നിര്‍മിക്കുന്നത് വിഷയങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഉദാഹരണത്തിന്, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആവിര്‍ഭാവത്തെ പരാമര്‍ശിക്കുന്ന ചരിത്രം സമകാലികമായി നടന്ന അടിമ വ്യാപാരം, വംശഹത്യകള്‍, സാമ്പത്തിക കൊള്ള തുടങ്ങിയവയെ കുറിച്ച് മൗനം പാലിക്കുന്നു. മതേതരത്വം, ജനാധിപത്യം, അടിമത്തം, വംശീയത, കൊളോണിയലിസം തുടങ്ങിയവ പരസ്പരബദ്ധമാണെന്ന സത്യവും അങ്ങനെ വിസ്മൃതമാകുന്നു. ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് കാലങ്ങളെന്ന പേരില്‍ വര്‍ഗീയാടിസ്ഥാനത്തില്‍ അവതരിപ്പിച്ച  'ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ'(1823)യുടെ കര്‍ത്താവ് ജെയിംസ് മില്ലിനെയും History of India as Told by its Own Historians ജോണ്‍ ഡോസണെയും അതേപടി സംഘ് പരിവാരം സ്വാംശീകരിക്കുകയായിരുന്നു. ഹിന്ദുക്കളായിരുന്നു നാടിന്റെ ആദിമ വക്താക്കളെന്നും മുസ്‌ലിംകള്‍ അവരെ ആട്ടിപ്പായിക്കുകയായിരുന്നുവെന്നുമുള്ള വാദം ഇതുവഴി സ്ഥിരപ്പെടുന്നു. 

ചരിത്രത്തെ ഇങ്ങനെ തട്ടുകളായി നിര്‍ത്തുന്നത് തുടര്‍ച്ചയെ ആണ് ഇല്ലാതാക്കുന്നത്. ആധുനിക ചരിത്രകാരന്മാരായ അലക്‌സാണ്ടര്‍ ഗേര്‍ഷെന്‍ക്രോം, സീഗ്ഫ്രീഡ് വെയ്ക്‌ലീന്‍ എന്നിവരും എല്ലാതരം ചരിത്രത്തെയും ഇങ്ങനെ വിവിധ കാലങ്ങളായി മുറിക്കുന്നതിനെ വിമര്‍ശിച്ചവരും തുടര്‍ച്ചയുമായി ചേര്‍ത്തുവേണം മാറ്റങ്ങളെ പരാമര്‍ശിക്കാനെന്ന് അഭിപ്രായപ്പെട്ടവരുമാണ്. മൗലാനാ മൗദൂദി അവതരിപ്പിച്ച 'തജ്ദീദ്' എന്ന പദം ഒരു മത സിദ്ധാന്തമെന്നതിലുപരി ചരിത്രത്തിന്റെ തുടര്‍ച്ചയെ കൂടി പ്രതിനിധാനം ചെയ്യുന്നതാണ്. ചരിത്രത്തെ കുറിച്ച് ഈ കാഴ്ചപ്പാടില്‍, സംഘട്ടനങ്ങളും പ്രതിഭാസങ്ങളുമാണ് തുടര്‍ച്ച സ്ഥാപിച്ചെടുക്കുന്നത്. ഇസ്‌ലാമിന്റെ നവോത്ഥാന ചരിത്രത്തെ അപഗ്രഥിക്കാനാണ് ഈ വാദം അദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും ഫാഷിസം എന്തുകൊണ്ട് യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ തുടര്‍ച്ചയാണെന്നും നന്മ മാത്രം സമ്മാനിച്ച ലിബറല്‍ യൂറോപ്പിന്റെ നല്ല മുഖത്തെ വികൃതമാക്കിയ കറുത്ത പുള്ളിയായിരുന്നില്ലെന്നും മനസ്സിലാക്കാന്‍ കൂടി നമ്മെ സഹായിക്കുന്നുണ്ട്. 

1952-ല്‍ കൊളോണിയല്‍ വിരുദ്ധ ചരിത്രകാരനും രാഷ്ട്രീയ നേതാവുമായ ഐയിം സെസയര്‍ ആണ് ആദ്യമായി, യൂറോപ്പിന്റെ സ്വയംകൃതാനര്‍ഥങ്ങളുടെ സൃഷ്ടിയാണ് ഫാഷിസം എന്നു വാദിച്ചത്. പൈശാചികത കൊണ്ടും കൊളോണിയല്‍ രീതികളുടെ തുടര്‍ച്ച കൊണ്ടും യൂറോപ്പിന്റേതു മാത്രമാണ് ഫാഷിസമെന്ന് അദ്ദേഹം പറയുന്നു. ഫാഷിസത്തെ കുറിച്ച യുദ്ധാനന്തര പാശ്ചാത്യ യൂറോപ്യന്‍ വ്യാഖ്യാനങ്ങളെ നിരാകരിക്കുന്നതാണ്, ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യത്തില്‍നിന്ന് പഠിക്കണമെന്നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ മോഹിച്ചിരുന്നത് എന്ന വസ്തുത. സത്യത്തില്‍, കോളനിവാഴ്ച വഴി യൂറോപ്പ് ലോകത്തുടനീളം ചെയ്തത് ഏറ്റവും വലിയ തിന്മക്ക് സ്വന്തം ഭൂഖണ്ഡത്തില്‍ ബീജാവാപമിടുക എന്നതായിരുന്നു. കൊളോണിയലിസവും സാമ്രാജ്യത്വവുമാണ് ഫാഷിസത്തെ 'ജ്ഞാനസ്‌നാനം' ചെയ്തത്. ദര്‍ശനമായി മാത്രമല്ല, ഭരണ സംവിധാനമെന്ന നിലക്കും. പാശ്ചാത്യ ചരിത്രത്തിനു ചേരാത്തതാണ് നാസി ക്രൂരതകളെന്ന തരത്തിലുള്ള ചരിത്ര വായനകളെ ഫ്രാന്റ്‌സ് ഫാനണ്‍, ഡബ്ല്യു.ഇ.ബി ഡു ബോയിസ്, സി.എല്‍.ആര്‍ ജെയിംസ് തുടങ്ങിയവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒരു രാജ്യത്തിന്റെ മാത്രം സവിശേഷതയും ഭരണ സംവിധാനവുമാണ് നാസിസം എന്ന വാദത്തെയും അവര്‍ ഖണ്ഡിക്കുന്നു. കൊളോണിയലിസത്തെ യൂറോപ്പിന്റെ മണ്ണിലേക്ക് തിരികെയെത്തിച്ച പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണ് അവര്‍ക്ക് നാസിസം. പാശ്ചാത്യ നാഗരികതക്ക് ആ പേരിനു പോലും അര്‍ഹതയില്ലെന്ന് സെസയര്‍ പറയുന്നു. കോളനിവാഴ്ച യൂറോപ്യന്മാരെ സംസ്‌കാരശൂന്യരാക്കുകയായിരുന്നു. ചില രാജ്യങ്ങള്‍ മറ്റുള്ളവയെ കോളനിയാക്കി വെക്കുകയും ആ നാടിന്റെ സംസ്‌കാരം അതിനെ വാഴ്ത്തുകയും ചെയ്യുന്നുവെങ്കില്‍ അത് തിന്മയാണ്. കോളനിവത്കരിക്കപ്പെട്ട നാടുകളിലെ മനുഷ്യര്‍ അനുഭവിച്ചുതീര്‍ത്തതിനോട് യൂറോപ്പ് കാണിച്ച നിസ്സംഗത ഹിറ്റ്‌ലറുടെ രൂപത്തില്‍ യൂറോപ്പിനെ വേട്ടയാടുകയായിരുന്നു. സെസയറുടെ 'Discourse on Colonialism'  ഇതേ കുറിച്ച് വിശദമായി പറയുന്നുണ്ട്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (18-22)
എ.വൈ.ആര്‍

ഹദീസ്‌

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍
പി.പി അബ്ദുല്ലത്വീഫ്‌