Prabodhanm Weekly

Pages

Search

2012 ജനുവരി 7

ജീവിതം 

പി.കെ ഗോപി

രോദനം
കേട്ടുതുടങ്ങുന്നു ജീവിതം
ആരൊക്കെയോ
വന്നു നേരുന്നു ഭാവുകം.
സാഗരം പോലെ
നിലയ്ക്കാതെ രാവും പകലുമളന്നിട്ട
ദൂരങ്ങളെത്രയെന്നേതു തിര വന്നു
തീരത്തെഴുതുന്നു.....
മായ്ക്കുന്നു..... പിന്നെയും!

സൂര്യനെ
സ്വപ്നം കണ്ട രാവുകള്‍...
നിലാവിന്റെ
ശീതളഛായാതലം മോഹിച്ച പകലുകള്‍....
നാളയെ
സ്വപ്നം കാണുമിന്നുകള്‍....
ഓര്‍മച്ചക്രമോടിയെത്തും ഭൂതകാലം
നഭസ്സിന്റെ നാദകോകിലം
ചക്രവാളങ്ങള്‍ പിന്നിട്ടെന്റെ
നാവില്‍ വന്നേതോ
രാഗം പെയ്യുന്ന പ്രഭാതങ്ങള്‍....

താപകോപങ്ങള്‍
തിങ്ങിത്തീപാറി മനസ്സിന്റെ
തൂവലത്രയും കത്തിച്ചാരമാകുന്നു....
ശാന്തധ്യാനങ്ങള്‍
വീണ്ടുമിഴ ചേര്‍ത്താത്മാവിന്റെ
സാന്ത്വനം
പ്രിയപ്പെട്ട ഗാനമാകുന്നു....
ഈശ്വരന്‍
ജന്മം നല്‍കി ഭൂമിയില്‍ നിക്ഷേപിച്ച
ശ്വാസനിശ്വാസത്തിന്റെ രൂപഭാവമേ,
നിന്നെ കാവലേല്‍പിക്കാന്‍
നാലുദിക്കിന്റെ സൃഷ്ടിക്കൈകള്‍
നാരായ വേരാഴ്ത്തുവാന്‍
മണ്ണിന്റെ പച്ചപ്പുകള്‍
പൂവിരിക്കുവാന്‍ ഇലച്ചാര്‍ത്തുകള്‍
പൂന്തിങ്കളില്‍
പായ്വിരിച്ചിറങ്ങുവാന്‍ പ്രേമരാത്രികള്‍....
രാക്ഷസീയമായ്
ഹിംസാഘോഷ ഗര്‍ജ്ജനം
നിരാലംബസാക്ഷിയാകുവാന്‍
നമ്മളെത്രപേര്‍....
ചൊല്ലിക്കേട്ട സ്നേഹലോകമേ,
ദൂരമെത്രയുണ്ടിനി....
നിന്റെ പാദമുദ്രകള്‍ കണ്ടു കൈകൂപ്പി
മടങ്ങുവാന്‍...?!

സ്നേഹം
ശൂന്യമാകില്ലെന്നെന്റെ തൂലിക കുറിക്കുന്നു
ജീവിതം... അനന്തമീ ജീവിതം.....
അവസാനമാരറിയുന്നു.....?
നിത്യത
വീണ്ടും വീണ്ടുമെന്നോടു മന്ത്രിക്കുന്നു:
പുല്‍ക്കൊടീ,
നിനക്ക് നിന്‍ ജീവിതം മഹാധനം
ദുഃഖങ്ങളെല്ലാം
ഈറ്റുനോവിന്റെ മുക്തിപ്പൊരുള്‍!

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം