Prabodhanm Weekly

Pages

Search

2012 ജനുവരി 7

'കാലാവസ്ഥാ മാറ്റ'ത്തിന്റെ വര്‍ഷം

യാസീന്‍ അശ്‌റഫ്

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് പത്തുവര്‍ഷം തികഞ്ഞു. അഫ്ഗാന്‍ അധിനിവേശത്തിനും പത്തു വര്‍ഷം. ഗ്വാണ്ടനാമോയിലെ മര്‍ദനപ്പാളയത്തിന് പത്തുവര്‍ഷം. അഫ്ഗാനിസ്താനിലെ 'ലാഭം' 14 ലക്ഷം ജിവഹാനിയും 42 ലക്ഷം ഒഴിവാക്കാമായിരുന്ന മരണവും. ഇറാഖില്‍ ഏഴു ലക്ഷം മരണം. രണ്ടിടത്തും അരാജകത്വ സാധ്യത ബാക്കിവെച്ചുള്ള മടക്കം. യുദ്ധ വ്യവസായത്തിന്റെ പെരുക്കം. ചൂഷണം സഹിക്കാനാവാതെ ഭൂഗോളത്തിന്റെ നാശം. വെറുതെ ഒരു ഉസാമ വധം. ഒബാമക്ക് വെറുതെ ഒരു നൊബേല്‍ കിട്ടിയതിന്റെ നന്ദി.
അധിനിവേശത്തിന് സാമ്രാജ്യത്വശക്തികള്‍ പറഞ്ഞ ന്യായങ്ങള്‍ അവര്‍ക്കുതന്നെ വിഴുങ്ങേണ്ടിവന്നു.സെപ്റ്റംബര്‍ 11 പോലും സംശയങ്ങള്‍ കൂടിക്കൂടി വന്ന് അമേരിക്കക്കെതിരെ ചൂണ്ടുകയാണ്. പത്തു വര്‍ഷം കൊണ്ട് അമേരിക്ക മുടിഞ്ഞു. സമൂഹങ്ങള്‍ നശിപ്പിക്കപ്പെട്ടു. ലോകം സാമ്പത്തിക- പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലായി.
എന്തിനായിരുന്നു ഇതെല്ലാം?
എത്രയൊക്കെ 'ലിബറലിസം' പറഞ്ഞാലും ജനാധിപത്യവും ബഹുസ്വരതയും അവകാശപ്പെട്ടാലും പാശ്ചാത്യ ഭരണവര്‍ഗങ്ങളുടെ മനസ് സങ്കുചിതമാണ്. മറ്റുള്ളവരോടുള്ള പുഛവും അവരെ 'സംസ്‌കരിക്കാ'നുള്ള ആവേശവും ആ ഇടുങ്ങിയ മനസ്സുകളുടെ സൃഷ്ടിയാണ്. 2000 മാര്‍ച്ചില്‍ പോളി ടോയന്‍ബി ഗാര്‍ഡിയനിലെഴുതിയത് ഒരു സാമ്പിള്‍ മാത്രം. ''നമ്മുടെ ജനായത്തം മനുഷ്യചരിത്രത്തിലെ മറ്റെന്തിനെക്കാളും മഹത്തരമാണെന്ന് നിസ്സംശയം നമുക്ക് ബോധ്യമുണ്ട്. ഏറ്റവും നല്ലതെന്ന് നാം വിശ്വസിക്കുന്ന ഈ മാര്‍ഗത്തിന്റെ പ്രചാരകരാണ് നമ്മളെല്ലാം.''
ഏകാധിപതികളെ മുച്ചൂടും സംരക്ഷിക്കുമ്പോഴും ജനാധിപത്യം സംരക്ഷിക്കുന്നവരെന്ന് ഭാവിക്കുന്ന അമേരിക്ക ഈ തന്‍പോരിമയുടെ ജീവിക്കുന്ന മാതൃകയാണ്.
മുമ്പും ഇതുതന്നെയായിരുന്നു അവസ്ഥ. 1955-ല്‍ കെനിയയിലെ ബ്രിട്ടീഷ് സ്ഥാനപതി പ്രഖ്യാപിച്ചു: ''നാം സ്വയം നിശ്ചയിച്ച കര്‍മമാണ് അങ്ങേയറ്റം പ്രാകൃതാവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യ മഹാസമൂഹങ്ങളെ സംസ്‌കരിച്ചെടുക്കുക എന്നത്.'' മൂന്നാം ലോകത്തെ രക്ഷിക്കുന്നതിനെപ്പറ്റി ഡിക്‌ചെനിയും കുരിശുയുദ്ധത്തെപ്പറ്റി ബുഷും പ്രഖ്യാപനം നടത്തിയല്ലോ.
മുന്‍ നൂറ്റാണ്ടുകളില്‍ നൂറിലേറെ അധിനിവേശങ്ങള്‍ക്കും സൈനിക ഇടപെടലുകള്‍ക്കും പറഞ്ഞ കാരണം തന്നെയാണ് സാമ്രാജ്യത്വ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും പറഞ്ഞത്: സംസ്‌കരിക്കുക, ജനാധിപത്യവത്കരിക്കുക. എന്നാല്‍ പടിഞ്ഞാറന്‍ ഏക സംസ്‌കാരം മറ്റുള്ളവരില്‍ അടിച്ചേല്‍പിച്ചപ്പോള്‍ ബഹുസ്വരതയും മനുഷ്യാവകാശങ്ങളും നാശോന്മുഖമായി.
രാഷ്ട്രീയ തലത്തില്‍ സാമ്രാജ്യത്വം, സാമ്പത്തിക തലത്തില്‍ മുതലാളിത്തം, മത-സാംസ്‌കാരിക തലങ്ങളില്‍ ജൂത-ക്രൈസ്തവ സയണിസം- ഇവ വിചാരണ ചെയ്യപ്പെട്ടു തുടങ്ങിയ വര്‍ഷമാണ് കഴിഞ്ഞുപോയത്.
മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നു. ജീവിക്കാന്‍ വേണ്ടി സമ്പത്ത് ഉല്‍പാദിപ്പിക്കുന്നു. കൂട്ടായ ജീവിതം വ്യവസ്ഥാപിതമാക്കാന്‍ അധികാരക്രമം പാലിക്കുന്നു.
പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം- മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഈ മൂന്ന് അടിസ്ഥാന വിഷയങ്ങളും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ വര്‍ഷമായിരുന്നു 2011. മൂന്നിലും നിലവിലെ പടിഞ്ഞാറന്‍-വടക്കന്‍-മുതലാളിത്ത ശീലങ്ങളാണ് വിചാരണ ചെയ്യപ്പെട്ടത്. മൂന്നിലും ബദല്‍ രീതികള്‍ തേടുകയാണ് ലോകം. ഇത് മൂന്നും വ്യത്യസ്ത പ്രതിസന്ധികളല്ല. ഒരേ പ്രതിസന്ധിയുടെ മൂന്നു മുഖങ്ങളാണ്.
പരിസ്ഥിതി ദൂഷണത്തിന്റെ സ്രഷ്ടാക്കള്‍ വന്‍കിട രാഷ്ട്രങ്ങളാണെങ്കിലും മുഖ്യ ഇരകള്‍ വികസ്വര രാജ്യങ്ങളാണ്. ആഗോളതാപനം ഓരോവര്‍ഷവും കൂടുന്നു. 1880-നു ശേഷം ഭൂമിയിലെ ശരാശരി ചൂട് ഒരു ഡിഗ്രി സെല്‍ഷ്യസോളം വര്‍ധിച്ചു. മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങി. ഇന്നത്തെ തോതില്‍ പോയാല്‍ ഈ നൂറ്റാണ്ട് ഒടുവില്‍ ഭൂമിയില്‍ 50 കോടി മനുഷ്യരേ ബാക്കിയാവൂ എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ആയിരം കോടിയോളം പേര്‍ 'കാലാവസ്ഥാ രക്തസാക്ഷികളാ'കുമത്രെ (ഡോ. ജെയിംസ് ലവ്‌ലോക്ക്, പ്രഫ. കെവിന്‍ ആന്‍ഡേഴ്‌സന്‍). ഇതില്‍ 600 കോടി അഞ്ചു വയസ്സ് തികയാത്ത കുഞ്ഞുങ്ങളായിരിക്കും. 300 കോടി മുസ്‌ലിംകള്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ കൊല്ലപ്പെടും. ഇന്ത്യക്കാര്‍ 200 കോടി, ബംഗ്ലാദേശികള്‍ 50 കോടി... ഇങ്ങനെയാണ് മരണസാധ്യത. 2020ഓടെ മലിനീകരണം പാടേ കുറച്ച് നൂറുശതമാനം പുനരുപയോഗക്ഷമമായ ഊര്‍ജരീതികളിലേക്ക് മാറിയാല്‍ രണ്ട് ഡിഗ്രി താപവര്‍ധനവെന്ന മാരകമായ വിതാനത്തില്‍ നിന്ന് കുറേയൊക്കെ രക്ഷപ്പെട്ടേക്കും. എന്നാല്‍ ദര്‍ബനില്‍ ചേര്‍ന്ന പരിസ്ഥിതി ഉച്ചകോടി വ്യക്തമായ തീരുമാനമില്ലാതെ പിരിയുകയാണ് ചെയ്തത്.
പരിസ്ഥിതി ദൂഷണത്തില്‍ മുസ്‌ലിംസമൂഹങ്ങളോ മുസ്‌ലിം രാജ്യങ്ങളോ പിറകിലല്ല. എന്നാല്‍, ഖുര്‍ആന്‍ പരിസ്ഥിതിയെപ്പറ്റി ഏറെ പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി സന്തുലനത്തെപ്പറ്റിയും അമിതോപഭോഗത്തിന്റെ വിപത്തിനെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും വര്‍ത്തമാനാകാലത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അപഗ്രഥിക്കാന്‍ വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല.
താരതമ്യേന കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ് സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയും. ലോകം ഒരിക്കല്‍കൂടി മാന്ദ്യത്തിലേക്ക് വീഴുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായ 2011-ല്‍ ഒരു ബദലിന്റെ സാധ്യതയെപ്പറ്റി ഗൗരവത്തില്‍ ചില ചിന്തകള്‍ നടന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥിതി അസ്തമിക്കുമ്പോള്‍ ലോകത്തെ നയിക്കാന്‍ പോന്ന ഏക സാമ്പത്തിക ക്രമമായി മുതലാളിത്തം സ്വയം പരിചയപ്പെടുത്തി. എന്നാല്‍, രണ്ട് പതിറ്റാണ്ട് കൊണ്ട് അതും തകര്‍ച്ചയുടെ വഴിയിലായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതലാളിത്തത്തിന്റെ ചൂഷണശേഷി വ്യാപകമായി തിരിച്ചറിഞ്ഞു; മാത്രമല്ല, അത് അകമേ പൊള്ളയാണെന്നും തകരാന്‍ പോവുകയാണെന്നുമുളള സൂചനകളും ഉണ്ടായി. 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍' കാര്യമായ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ല; എന്നാല്‍ പോലും ഒരു പ്രതീകവും ചൂണ്ടുപലകയുമെന്ന നിലക്ക് അതിന്റെ പ്രാധാന്യം ചെറുതല്ല താനും.
സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു എന്നതാണ് മുതലാളിത്ത രീതിയുടെ വലിയൊരു പോരായ്മ. ഇസ്‌ലാമിക വ്യവസ്ഥിതിയാകട്ടെ ഇത്തരമൊരവസ്ഥ വരാനുള്ള പഴുതുകളെല്ലാം അടച്ചുകളയുന്നു. ഒരുകാലത്ത് ഇസ്‌ലാമിക സാമ്പത്തിക ക്രമം പ്രയോഗക്ഷമമായിരുന്നു; ലോകത്ത് ക്ഷേമവും സംതൃപ്തിയും കൈവരുത്താന്‍ അതിന് കഴിഞ്ഞു എന്നതും ചരിത്രം. എങ്കിലും വര്‍ത്തമാന കാലത്തിന്റെ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടാന്‍ അതിന് കഴിയുമെന്ന് തെളിയിക്കുന്നതിന് ആഴത്തിലുള്ള പഠനങ്ങളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികളും ആവശ്യമാണ്. സോഷ്യലിസവും മുതലാളിത്തവും നിര്‍ണായകമായി പരാജയപ്പെട്ടിരിക്കെ ഇസ്‌ലാമിക സാമ്പത്തിക സംവിധാനങ്ങള്‍ പരിശോധിക്കാനുള്ള ധാര്‍മിക ധീരത ലോകം കാണിക്കേണ്ടതുണ്ട്.
ആധുനിക കാലത്ത് എല്ലാവര്‍ക്കും ബോധ്യപ്പെടുംവിധം പ്രയോഗത്തില്‍ കാണാനായിട്ടില്ല എന്ന ന്യൂനതയാണ് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയെപ്പറ്റി പറയാനാവുക. അങ്ങനെ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമങ്ങള്‍ ഏറെ ഉണ്ടായിട്ടില്ല എന്ന മറുവശമുണ്ട്. അതേസമയം മുതലാളിത്തത്തിന്റെ പരാജയം തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ 2011 അതിന്റെ മുഖ്യ സാക്ഷിയാവാം.
'ഞങ്ങള്‍ 99 ശതമാനം; 1 ശതമാനം മാത്രമായ നിങ്ങള്‍, ഞങ്ങളുടേതെല്ലാം കൈയടക്കിയിരിക്കുന്നു' എന്ന് വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന മുദ്രാവാക്യം. അമേരിക്കയില്‍ സമ്പത്ത് എങ്ങനെ ചെറിയൊരു ന്യൂനപക്ഷത്തില്‍ കുന്നുകൂടുന്നുവെന്ന് നോക്കുക. രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 2.7 ശതമാനം ആയിരത്തിലൊരു ഭാഗം കുടുംബങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു, 1974ല്‍. 2007 ആയപ്പോഴേക്കും ഈ ന്യൂനപക്ഷം 12.3 ശതമാനം കൈയടക്കി. മറുഭാഗത്ത്, അമേരിക്കന്‍ ജനതയുടെ പകുതി രാജ്യസ്വത്തിന്റെ വെറും 2 ശതമാനം പങ്കിട്ടെടുത്ത് കഴിയുകയാണ്. അറബ് വസന്തത്തിനു മുമ്പത്തെ തുനീഷ്യയെക്കാളും ഈജിപ്തിനെക്കാളും മോശമാണീ സ്ഥിതിയെന്ന് നിരീക്ഷകര്‍. 2010-ല്‍ അമേരിക്കയുടെ ദേശീയവരുമാനത്തിന്റെ 15 ശതമാനം കോര്‍പറേറ്റുകള്‍ കൊണ്ടുപോയി. തൊഴിലാളികളുടെ കൂലി 70 വര്‍ഷത്തില്‍ ഏറ്റവും താഴ്ന്നതായി. അമേരിക്കയിലെ ഇടത്തരക്കാര്‍ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ വിശകലനത്തില്‍ കണ്ടു-പെരും മുതലാളിമാരും പട്ടിണിപ്പാവങ്ങളും മാത്രമായി ജനം വേര്‍തിരിയുകയാണത്രെ.
മിക്ക രാജ്യങ്ങളിലും (ഇന്ത്യയിലടക്കം) ഭരണകൂടങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഏജന്റുകള്‍ മാത്രമാണെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ടുതന്നെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് പൊതുസമൂഹം ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. വിവരമെന്ന ആയുധവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെന്ന മാധ്യമങ്ങളും ഉപയോഗിച്ച് പൊതുസമൂഹം ജനായത്ത അവകാശവും അധികാരവും വീണ്ടെടുക്കാനുള്ള ശ്രമം പലേടത്തുമുണ്ട്. ഒരുപാട് ആളുകളുടെയും സര്‍ക്കാറുകളുടെയും പൊയ്മുഖം വലിച്ചുചീന്തിയ വിക്കിലീക്‌സും, ചെരുപ്പേറുകളും മുഖത്തടികളുമൊക്കെയായി പ്രതികരണത്തിനിറങ്ങുന്ന പൗരന്മാരും ഏതൊക്കെയോ ബിന്ദുക്കളില്‍ തഹ്‌രീര്‍ സ്‌ക്വയറിലേക്കും വാള്‍സ്ട്രീറ്റിലേക്കും കണ്ണിചേരുന്നില്ലേ?
രാഷ്ട്രീയ രംഗത്ത് അമേരിക്കന്‍ 'ജനായത്തം' അതിന്റെ ദംഷ്ട്രകള്‍ പുറത്തുകാട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അറബ് വസന്തം ജനങ്ങളുടെ യഥാര്‍ഥ ശാക്തീകരണമെന്തെന്ന് കാണിച്ചുതന്നത്. 2011 ചില രാഷ്ട്രീയ തിരിച്ചറിവുകളുടെ വര്‍ഷമായിരുന്നു. തുനീഷ്യയില്‍ നിന്ന് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ നാടുവിട്ടത് ജനുവരിയില്‍. ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് രാജി വെച്ചത് ഫെബ്രുവരിയില്‍. യമനില്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹ് 'ചികിത്സ'ക്കായി നാടുവിട്ടത് ജൂണില്‍. ലിബിയയില്‍ പ്രസിഡന്റ് ഖദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതാണ് കൂട്ടത്തില്‍ രക്തച്ചൊരിച്ചിലെന്നു പറയാവുന്നത്. മാറ്റങ്ങളുടെ ചാലകശക്തിയായ ഒരു വനിത- തവക്കുല്‍ കര്‍മാന്‍- നൊബേല്‍ സമ്മാനം നേടിയപ്പോള്‍ വേറൊരു കൂട്ടം മിഥ്യകള്‍ കൂടി തകര്‍ന്നു. ജനാധികാരത്തിന്റെയും ശാക്തീകരണത്തിന്റെയും ആവേശകരമായ ചിത്രങ്ങള്‍ക്കിടയില്‍ പ്രതീകാത്മകത കൊണ്ട് വേറിട്ടുനിന്ന് ഹിജാബ് ധരിച്ച തവക്കുല്‍ കര്‍മാന്‍ നൊബേല്‍ സമ്മാനം വാങ്ങിയതും തുര്‍ക്കി പ്രസിഡന്റിന്റെ പത്‌നി 'ഹിജാബ്‌വിരുദ്ധനാ'യ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ മുമ്പില്‍ തലയെടുപ്പോടെ നിന്നതും. ഒടുവിലിതാ 'ജനായത്ത' ഫ്രാന്‍സില്‍ നിന്ന് വര്‍ഷാന്ത്യത്തില്‍ നാം മറ്റൊരു വാര്‍ത്ത കേള്‍ക്കുന്നു: പൊതുസ്ഥലത്ത് പര്‍ദ ധരിച്ച 'കുറ്റ'ത്തിന് ഫ്രഞ്ച് വനിത ഹിന്ദ് അഹ്മാസിന് കോടതി ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു!
ലിബറല്‍ ജനാധിപത്യവും ലിബറല്‍ സെക്യുലരിസവുമൊക്കെ ജാടകളായിരുന്നു!
തകര്‍ന്നുപോയ കള്ളങ്ങളില്‍ വേറെയുമുണ്ട്. ഇറാഖില്‍ ജനാധിപത്യം സ്ഥാപിച്ചതിനാല്‍ തങ്ങളവിടെ ജയിച്ചു എന്ന അമേരിക്കന്‍ അവകാശവാദം അവയിലൊന്നാണ്. അമ്പതുവര്‍ഷം അവിടെ തങ്ങളുണ്ടാകുമെന്ന് വീരസ്യം പറഞ്ഞവര്‍ കെട്ടും ഭാണ്ഡവുമായി അവിടെ നിന്ന് രക്ഷപ്പെട്ട 2011, വിയറ്റ്‌നാമിലേതിനേക്കാള്‍ കനത്ത അമേരിക്കന്‍ പരാജയത്തിന്റെ സാക്ഷിയാണ്. 2011-ല്‍ മാധ്യമങ്ങള്‍ പറഞ്ഞുതന്നിട്ടില്ലാത്ത വലിയൊരു സത്യമുണ്ട്: ഇറാഖില്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ യു.എസ് പട്ടാളക്കാര്‍ അവിടെ മനോനില തെറ്റി ആത്മഹത്യ ചെയ്തിട്ടുണ്ട്. 462 പേര്‍ കൊല്ലപ്പെട്ടു. 468 പേര്‍ ആത്മഹത്യ ചെയ്തു. ഇറാഖിലും അഫ്ഗാനിസ്താനിലും വിന്യസിക്കപ്പെട്ട 20 ലക്ഷം യു.എസ് ഭടന്മാരില്‍ ഒരുപാട് പേര്‍ (ലക്ഷത്തില്‍ 40 പേരെന്ന തോതില്‍) നാട്ടിലെത്തിയ ശേഷവും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധങ്ങള്‍ കൊണ്ട് മുടിഞ്ഞുപോയ രാജ്യമായിരിക്കുന്നു അമേരിക്ക. ഇസ്രയേലിന്റെ സകല അടിച്ചമര്‍ത്തലുകളെയും അതിജീവിക്കുന്ന ഫലസ്ത്വീന് യുനെസ്‌കോ അംഗീകാരം ലഭിച്ചതും 2011-ല്‍. 'ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെ' പോലെ 'ഇന്‍തിഫാദ എറിഞ്ഞ്' സാമ്രാജ്യത്വത്തെ വഴിക്കു വരുത്താന്‍ ഫലസ്ത്വീനിലെ കുട്ടികള്‍ക്ക് സാധിക്കുന്നുവെന്ന് നിരീക്ഷകര്‍.
വലിയ മാറ്റങ്ങളുടെ തുടക്കമായി 2011. മറ്റു ഗോളങ്ങള്‍ തേടുന്ന മനുഷ്യന്‍ സ്വന്തം ഭൂമി വാസയോഗ്യമല്ലാതാക്കി. സാമ്പത്തിക-പരിസ്ഥിതി-രാഷ്ട്രീയ മേഖലകളില്‍ ചൂഷണം  അതിരുവിട്ടതോടെ ചൂഷിതര്‍ തിരിഞ്ഞു നില്‍ക്കാനും ചോദ്യങ്ങളുയര്‍ത്താനും തുടങ്ങി. പോയ വര്‍ഷത്തിന്റെ പ്രാധാന്യം ഈ നേര്‍ത്ത സ്വരങ്ങളാവാം. സ്വയം മാറ്റത്തിന് തയാറുള്ളവരുടെ അവസ്ഥ ദൈവം മാറ്റിക്കൊടുക്കുമെന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം