Prabodhanm Weekly

Pages

Search

2012 ജനുവരി 7

സിമിയും ജമാഅത്തും വികാരവും വിവേകവും ഏറ്റുമുട്ടിയ ഒരധ്യായത്തിന്റെ അന്ത്യം

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

ജമാഅത്തെ ഇസ്ലാമിക്ക് ആദ്യകാലങ്ങളില്‍ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ ഉണ്ടായിരുന്നില്ല. ആ ഘട്ടത്തില്‍ അതൊരു അനിവാര്യതയും ആയിരുന്നില്ല. വിദ്യാര്‍ഥികളും യുവാക്കളും പ്രസ്ഥാനവുമായി ബന്ധപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതേസമയം രാജ്യത്തിന്റെ ഏതാനും സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നിലവില്‍ വന്ന വിദ്യാര്‍ഥി യുവജന സംഘടനകള്‍ ജമാഅത്തുമായി അടുപ്പവും സമ്പര്‍ക്കവും പുലര്‍ത്തിവന്നിരുന്നു. ഹൈദറാബാദിലെ ഐ.എസ്.യു, മഹാരാഷ്ട്രയിലെ ഹല്‍ഖ എ തുലബ, ബീഹാറിലെ ഹല്‍ഖ-ഏ  തുലബ ഇസ്ലാമി, തമിഴ്നാട്ടിലെ ഐ.എസ്.സി പോലെ.
കേരളത്തില്‍ ഐ.എസ്.എല്‍(ഇസ്ലാമിക് സ്റുഡന്റ്സ് ലീഗ്) എന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് ആദ്യകാലത്ത് ഉണ്ടായിരുന്നത്. അതും ജമാഅത്ത് മുന്‍കൈയെടുത്ത് രൂപം നല്‍കിയതല്ല. അനുഭാവമുള്ള വിദ്യാര്‍ഥി യുവജനങ്ങള്‍ സ്വയം രൂപീകരിച്ചതാണ്. ആവേശകരമായ മുന്നേറ്റങ്ങളും ഇടപെടലുകളും അന്നത്തെ കാലസ്ഥിതിയനുസരിച്ച് അവര്‍ നടത്തിപ്പോന്നിട്ടുമുണ്ട്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ അഹ്മദ് തൂതന്‍ജിയെപോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള യുവജന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മഹാസമ്മേളനം ഇപ്പോഴും ഓര്‍മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നു. എന്നാല്‍ അടിയന്തരാവസ്ഥയില്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ഐ.എസ്.എല്‍ സ്വയം പിരിച്ചുവിടുകയായിരുന്നു. ഒരു നയതന്ത്രത്തിന്റെ ഭാഗമായിട്ടാകണം അങ്ങനെ ചെയ്തത്.
അതേസമയം അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന, ചെറുതെങ്കിലും ജീവനുള്ള ഒരു വിദ്യാര്‍ഥി യുവജന പ്രസ്ഥാനം രംഗത്തുണ്ടായിരുന്നു; സിമി (സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ). ഇതൊരു സ്വതന്ത്ര ഇസ്ലാമിക വിദ്യാര്‍ഥി സംഘടനയായിരുന്നു. അഹ്മദുല്ല സിദ്ദീഖി, സകീ കിര്‍മാനി, മുഹമ്മദ് റഫ്അത്ത് തുടങ്ങിയ വിദ്യാ സമ്പന്നരായ യുവാക്കളാണ് അതിന് നേതൃത്വം നല്‍കിയത്. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ സിദ്ധാന്തങ്ങളോട് ഇവര്‍ക്ക് താല്‍പര്യവും അനുഭാവവും ഉണ്ടായിരുന്നു. സ്വന്തമായി ഒരു വിദ്യാര്‍ഥി പ്രസ്ഥാനം ജമാഅത്തിന് ഇല്ലാത്ത സാഹചര്യത്തില്‍ 'സിമി' ജമാഅത്തിനോട് അടുത്ത് പ്രവര്‍ത്തിക്കുകയാണുണ്ടായത്. കേരളത്തിലെ മുന്‍ ഐ.എസ്.എല്‍ ഭാരവാഹികളും സിമിയുടെ ഭാഗമായി മാറി. പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഒരു ഇടവേളക്ക് ശേഷം കാഴ്ചപ്പാടിലും സമീപന രീതികളിലും ഭിന്നതയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങി.
ഓര്‍മയുള്ളത് രണ്ട് സംഭവങ്ങളാണ്. ഫലസ്ത്വീന്‍ എന്ന പീഡിത രാഷ്ട്രത്തിന്റെ പ്രതിനിധിയും നായകനുമായ യാസിര്‍ അറഫാത്തിന്റെ ഇന്ത്യാ സന്ദര്‍ശനം നടക്കാന്‍ പോവുകയായിരുന്നു. വ്യക്തിപരമായോ, നയപരമായിത്തന്നെയോ, അറഫാത്തില്‍ എന്തുതന്നെ പോരായ്മകള്‍ ഉണ്ടായിരിക്കാമെങ്കിലും ഇന്ത്യാരാജ്യത്തിന്റെ അതിഥിയായി സന്ദര്‍ശനത്തിന് എത്തുന്ന മര്‍ദിത ജനതയുടെ പ്രതിനിധിക്ക് അര്‍ഹമായ വരവേല്‍പ് നല്‍കണമെന്ന നിലപാടായിരുന്നു ജമാഅത്തിന്റേത്. എന്നാല്‍  യാസിര്‍ അറഫാത്തിന് കരിങ്കൊടി കാട്ടുകയും ഗോബാക്ക് വിളിക്കുകയും ചെയ്യുന്ന സമീപനം 'സിമി'ക്കുള്ളതായി ജമാഅത്തിന് അറിയാന്‍ കഴിഞ്ഞു. ഇതിനോടുള്ള ശക്തമായ വിയോജിപ്പ് സിമി ഭാരവാഹികളെ ജമാഅത്ത് അറിയിക്കുകയും ചെയ്തു. ഇതായിരുന്നു ഒരു സംഭവം.
ജമാഅത്ത് പ്രസിദ്ധീകരണാലയം (മര്‍കസി മക്തബെ ഇസ്ലാമി) പുറത്തിറക്കാനിരുന്ന ഒരു പ്രധാന പുസ്തകം (ഖറദാവിയുടെ അല്‍ഹലാലു വല്‍ ഹറാം) പ്രസിദ്ധീകരണം വൈകുന്നു എന്നതുപോലുള്ള കാരണം പറഞ്ഞ് 'സിമി' ഭാരവാഹികള്‍ സ്വന്തമായി പ്രസിദ്ധീകരിക്കാന്‍ തിരുമാനിച്ചതാണ് മറ്റൊരു സംഭവം. പുസ്തക പ്രകാശനാദി കാര്യങ്ങളില്‍ പ്രസ്ഥാനത്തിനു പോരായ്മകളുണ്ടെങ്കില്‍ യുവാക്കള്‍ സഹകരിച്ച് വീഴ്ച നികത്തുകയെന്നതാണ് സ്വാഭാവിക രീതി. ആ കാരണം പറഞ്ഞ് വേറിട്ട വഴി സ്വീകരിച്ചത് ചര്‍ച്ചാ വിഷയമായി. ഇത്തരം ഒന്നോ രണ്ടോ സംഭവങ്ങള്‍ എന്നതിലപ്പുറത്ത് സിമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി ജമാഅത്തിന് തോന്നിയ തീവ്രതയുടെയും കാര്‍ക്കശ്യത്തിന്റെതുമായ നയസമീപന രീതിയായിരുന്നു യഥാര്‍ഥ പ്രശ്നം. അവിടെയാണ് ഭിന്നതയുടെ തുടക്കം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ജമാഅത്ത് വിളിച്ചുകൂട്ടിയ വേദിയില്‍ പങ്കെടുക്കാന്‍ എനിക്കും സന്ദര്‍ഭമുണ്ടായി. ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവില്‍ ജമാഅത്ത് ഭാഗത്തുനിന്ന് വ്യക്തമായ ഒരു നിര്‍ദേശം ഉന്നയിക്കപ്പെട്ടു. മേലില്‍ 'സിമി' സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജമാഅത്തിന്റെ 'സര്‍പറസതി' - രക്ഷാകര്‍തൃത്വം- ഔദ്യോഗികമായി അംഗീകരിച്ച് രേഖാമൂലം ജമാഅത്തിനെ അറിയിക്കണം എന്നതായിരുന്നു നിര്‍ദേശം. അവരുടെ 'അന്‍സാര്‍' യോഗം വിളിച്ച് മറുപടി തരാമെന്ന് സിമി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒത്തുചേരല്‍ പിരിഞ്ഞത്. ഏതാനും ആഴ്ചകള്‍ക്കു ശേഷം സിമിയുടെ ഭാഗത്തുനിന്ന് അയച്ചു കിട്ടിയ മറുപടി വളരെ ദുര്‍ബലവും അവ്യക്തവും ആയിരുന്നു. 'തങ്ങള്‍ക്ക് അന്വേഷിക്കണമെന്ന് തോന്നുന്ന കാര്യങ്ങളില്‍ ജമാഅത്തുമായി കൂടിയാലോചിക്കാന്‍ സിമിക്ക് സമ്മതമാണ്' എന്നായിരുന്നു മറുപടിയുടെ സാരാംശം. ഈ മറുപടിയില്‍ രണ്ട് കാര്യമാണ് അടങ്ങിയിരുന്നത്. ഒന്ന്; എല്ലാ പ്രധാന കാര്യങ്ങളിലും ജമാഅത്തുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്ന നിലപാട് സിമിക്ക് സ്വീകാര്യമല്ല. രണ്ട്; കൂടിയാലോചിക്കുന്ന വിഷയങ്ങളില്‍ ജമാഅത്തിന്റെ നിര്‍ദേശം സ്വീകരിക്കണമെന്ന ബാധ്യത 'സിമി' ഏല്‍ക്കുന്നില്ല. ഇത് ജമാഅത്തെ ഇസ്ലാമിക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. ഇതോടെ ജമാഅത്തിന് സിമിയുമായി യാതൊരു ബന്ധവുമില്ലെന്ന് തീരുമാനിക്കേണ്ടിവന്നു.
സിമിയുടെ യാതൊരു പ്രവര്‍ത്തനവും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ജമാഅത്ത് തീരുമാനിക്കുകയും അണികളെ അറിയിക്കുകയും ചെയ്തു. പിന്നീട് 'സിമി' മഹാരാഷ്ട്രയില്‍, 'ഇഖ്ദാമെ മില്ലത്ത്' എന്ന ബാനറില്‍ ഒരു വിവാദ സമ്മേളനം നടത്തിയതായും, ജമാഅത്തിന് തീരെ സ്വീകാര്യമല്ലാത്ത തീവ്രവാദ സ്വഭാവമുള്ള നിലപാടുകള്‍ എടുത്തതായും അറിയാന്‍ കഴിഞ്ഞു. ഇതോടെ 'സിമി'യുമായുള്ള എല്ലാ ബന്ധങ്ങളും ജമാഅത്ത് പൂര്‍ണമായും വിഛേദിക്കണമെന്നും സിമിയുടെ ഔദ്യോഗിക പരിപാടികളില്‍ ജമാഅത്ത് പ്രവര്‍ത്തകരുടെ പങ്കാളിത്തം പാടില്ലെന്നും കര്‍ശനമായ നിലപാടെടുത്തുകൊണ്ട് കേന്ദ്രശൂറ പ്രമേയം പാസാക്കി. ഈ പ്രമേയം ഇന്നും നിലനില്‍ക്കുന്നു. ഇത്രയുമാണ് ജമാഅത്തുമായുള്ള സിമിയുടെ ബന്ധത്തിന്റെയും ബന്ധവിഛേദനത്തിന്റെയും രത്നച്ചുരുക്കം.
തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന് രൂപം നല്‍കി. ആദ്യം ഉര്‍ദു പേരാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും ഞാനടക്കമുള്ളവര്‍ ഇടപെട്ടുകൊണ്ടാണ് പറയാന്‍ സൌകര്യമുള്ളതും അഖിലേന്ത്യാ തലത്തില്‍ പ്രസക്തവുമായ ഇംഗ്ളീഷ് പേര് (എസ്.ഐ.ഒ- സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) സ്വീകരിച്ചത്.
കേരളത്തിലേക്ക് വരുമ്പോള്‍, സിമി- ജമാഅത്ത് പ്രശ്നത്തിന് പ്രയോഗതലത്തില്‍ സങ്കീര്‍ണമായ ഒരു രൂപം കൈവരികയുണ്ടായി. വിദ്യാസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അത്. ജമാഅത്ത് നേരിട്ടോ, ട്രസ്റുകളുടെ കീഴിലോ നടത്തിവരുന്ന രണ്ട് ഡസനിലധികം ഉന്നത ദീനീ കലാലയങ്ങളും അറബിക് കോളേജുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. ജമാഅത്തിന് സ്വന്തം വിദ്യാര്‍ഥി സംഘടന ഇല്ലാതിരിക്കുകയും സിമി, ജമാഅത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ സ്വാഭാവികമായും 'സിമി' പ്രവര്‍ത്തകരോ അനുഭാവികളോ ആയിത്തീര്‍ന്നു. അവരുടെ സമീപന രീതികളിലെ കാര്‍ക്കശ്യം ചിലപ്പോഴൊക്കെ പ്രശ്നമാകാറുണ്ടെങ്കിലും അതൊക്കെ വിദ്യാര്‍ഥി സഹജമായ പ്രതികരണങ്ങളുടെ അതിപ്രസരം എന്ന നിലയില്‍ സഹിച്ചും പൊറുത്തും പോരുകയായിരുന്നു. എന്നാല്‍, ജമാഅത്ത് സ്വന്തം വിദ്യാര്‍ഥി സംഘടന(എസ്.ഐ.ഒ)ക്ക് രൂപം നല്‍കുകയും സിമിയുമായുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വന്തം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സമൂഹത്തെ വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ പ്രകൃതവും 'സിമി'യുടെ കടുംപിടുത്തവും വെച്ചുനോക്കുമ്പോള്‍ ഇതൊട്ടും എളുപ്പമുള്ള ദൌത്യമല്ലെന്ന് മനസിലാക്കാവുന്നതേയുള്ളൂ.
1970-'80 കാലത്ത്, ഞാന്‍ കേരള ജമാഅത്ത് അമീറായിരിക്കെയാണ് സംഭവം നടക്കുന്നത്. സങ്കീര്‍ണമായ ഈ പ്രശ്ന പരിഹാരത്തിന് രണ്ട് രീതിയാണ് സ്വീകരിച്ചത്. ഒന്ന്, എല്ലാ പ്രധാന സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുമായുള്ള തുറന്ന മുഖാമുഖം. രണ്ട്, നിയമപരവും നയപരവുമായ സമീപനം. ഓരോ സ്ഥാപനത്തിലും നിശ്ചിത ദിവസം വിദ്യാര്‍ഥികളുടെ യോഗം വിളിച്ച് അമീറെന്ന നിലയില്‍ ഞാന്‍ വിഷയം അവതരിപ്പിക്കും. സിമിയുമായി ബന്ധം വിഛേദിക്കാനും എസ്.ഐ.ഒ രൂപീകരിക്കാനും ഇടയാക്കിയ സാഹചര്യങ്ങളും കാരണങ്ങളും കരുതിവെപ്പില്ലാതെ തുറന്ന് അവതരിപ്പിക്കുന്നു. അവതരണം കഴിഞ്ഞാല്‍ ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരമാണ്. അത് കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞ പോലുള്ള അനുഭവമായിരുന്നു. എങ്കിലും ഒന്നുരണ്ട് മണിക്കൂര്‍ നേരത്തെ ക്ഷമാപൂര്‍വമായ സംവാദങ്ങള്‍ക്കൊടുവില്‍ ഏതാണ്ടൊരു സംതൃപ്തി കൈവന്നതായിതോന്നും. പ്രധാന സ്ഥാപനങ്ങളിലെല്ലാം ഈ പരിപാടി കഴിഞ്ഞശേഷമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികള്‍ ഏതാണ്ട് പാതി പാതി അനുപാതത്തില്‍ ചേരിതിരിഞ്ഞതായി അനുഭവപ്പെട്ടു.
ജമാഅത്ത് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ എസ്.ഐ.ഒവിനു മാത്രം ഔദ്യോഗിക അംഗീകാരം നല്‍കിക്കൊണ്ടുള്ളതായിരുന്നു നിയമപരമായ നടപടിക്രമം. ഇതുകൊണ്ടുമാത്രം സിമിയെ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. സ്ഥാപനത്തിന് വെളിയിലോ രഹസ്യമായോ അവര്‍ യോഗം ചേരുകയും മറ്റും ചെയ്യുമായിരുന്നു. അതുവരെ ജമാഅത്ത് സ്ഥാപനങ്ങളില്‍ സെക്കന്ററി തലത്തില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന വിദ്യാര്‍ഥിക്ക് കോളേജ് ഫൈനല്‍ ക്ളാസ് വരെ അതേ അഡ്മിഷനില്‍ പഠിക്കാമെന്നതായിരുന്നു സമ്പ്രദായം. ഇതുമാറ്റി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ രീതി സ്വീകരിച്ചതോടെ പ്രശ്നത്തിന് വലിയ അളവില്‍ പരിഹാരമായി. അല്‍പം കര്‍ക്കശമായ സമീപനമാണ് 'സിമി' വിഷയത്തില്‍ ഞാന്‍ സ്വീകരിച്ചതെന്ന അഭിപ്രായം ഉണ്ടായിരുന്നെങ്കിലും അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ജമാഅത്ത് സ്ഥാപനങ്ങള്‍ സമാധാനപൂര്‍വം നടത്തിക്കൊണ്ടുപോകാന്‍ പറ്റുമായിരുന്നില്ല എന്നതാണ് വസ്തുത. 'സിമി' വിദ്യാര്‍ഥി സമരം മൂലം ചില സ്ഥാപനങ്ങള്‍ ഇടക്കാലത്ത് പൂട്ടിപ്പോയ അനുഭവം വരെ ഉണ്ടായിരുന്നു; കുറ്റ്യാടി ഇസ്ലാമിയാകോളേജ് ഉദാഹരണം.
മേല്‍വിവരിച്ച ശ്രമങ്ങളുടെ ഫലമായി സ്ഥാപനതലത്തില്‍ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും 'സിമി' ബന്ധം ഉപേക്ഷിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകരായി എന്നത് പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന അനുഭവമായി. അതേസമയം നേതൃതലത്തിലുള്ളവരും സ്ഥാപനത്തിനു പുറത്തുള്ളവരും 'സിമി'യില്‍ തന്നെ ഉറച്ചുനിന്ന് കൂടുതല്‍ തീവ്രനിലപാടുകളിലൂടെ മുന്നോട്ടുപോവുകയാണുണ്ടായത്. പില്‍ക്കാലത്ത് അവര്‍ക്കിടയില്‍ തന്നെ ചേരിതിരിവും ഭിന്നതയും ഉണ്ടായതായി കേട്ടറിയാം. ചെറുതെങ്കിലും നല്ല പ്രതിഭയും കര്‍മശേഷിയുമുള്ള യുവാക്കളുടെ ഒരു തലമുറ ദീനിനും സമുദായത്തിനും പ്രയോജനപ്പെടാതെ പോയി എന്നത് ദുഃഖകരമായ ഒരു നഷ്ടം തന്നെയാണ്.
പിന്‍കുറി: സിമി അവരുടെ മലയാള ദ്വൈവാരികക്ക് നല്‍കിയ പേര് 'വിവേകം' എന്നായിരുന്നു. ആ നല്ല പേരിനു നിരക്കാത്തതായിപ്പോയി അവരുടെ നിലപാടുകളെന്നത് ഖേദകരമാണ്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം