കരണത്തടിയും ചെരിപ്പേറും പ്രതിഷേധത്തിന്റെ പുത്തന്‍ കൂറ്റുകള്‍
ഈയടുത്ത കാലത്തെ ശ്രദ്ധേയമായ വാര്‍ത്തകളിലൊന്ന് നമ്മുടെ കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെ ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെന്ററിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയില്‍ ഹര്‍വീന്ദര്‍ സിംഗ് എന്ന ഒരു ചെറുപ്പക്കാരന്‍ മുഖത്തടിച്ചതായിരുന്നു. തന്റെ അരയില്‍ സൂക്ഷിച്ചിരുന്ന കൃപാണം പുറത്തടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ താന്‍ അയാളെ കുത്തിക്കൊന്ന് കളയുമായിരുന്നു എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലമര്‍ന്നപ്പോഴും അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അഭൂതപൂര്‍വമായ വിലക്കയറ്റം, അഴിമതി, ഇത്തരം വിഷയങ്ങളോട് ഭരമകൂടം സ്വീകരിക്കുന്ന നിഷേധാത്മക സമീപനം, അലംഭാവം, നിസ്സംഗത ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍വീന്ദര്‍ സിംഗ് ഈ കടുംകൈക്ക് തുനിഞ്ഞതെന്നും പിന്നീട് അയാള്‍ വ്യക്തമാക്കിയിരുന്നു. 'അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള എന്റെ സമ്മാനമാണിത്' കരണത്തടിയെ അയാള്‍ വിശേഷിപ്പിച്ചത് അങ്ങനെയാണ്.
ഭരണകൂട അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ രൂപപ്പെടുന്ന പരമ്പരാഗത പ്രതിഷേധങ്ങളും സമരമുറകളും അവഗണിക്കപ്പെടുകയോ ഫലം കാണാതെ പോവുകയോ ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഉണ്ടായ ഈ കരണത്തടിക്ക് വലിയ അര്‍ഥ വ്യാപ്തിയുണ്ട്. ഭരണകൂടങ്ങള്‍ ജനവിരുദ്ധ നയനിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും മനുഷ്യപ്പറ്റില്ലാത്ത നിയമങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ട് കാര്യമില്ലെന്ന തോന്നല്‍ പൊതുവെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പല വിഷയങ്ങളിലും ഈ നിലപാട് പ്രകടമാണ്. ഒരുവശത്ത് സാധാരണ ജീവിതം അത്യധികം ദുസ്സഹമാകുന്നതിന്റെ ആപല്‍ സൂചനകള്‍ പ്രകടമാകുമ്പോഴും പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരിയെടുക്കുന്ന മുടിയനായ പുത്രനെ, റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ചിരുന്ന നീറോ ക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന നിലപാടാണ് ഭരണവര്‍ഗത്തിന്റേത്.
ഭരണകൂട പിന്തുണയോടെ രാജ്യ വ്യാപകമായി നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതികളിലധികവും ജനവിരുദ്ധവും അവരുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതുമാണ്. രാജ്യ വ്യാപകമായി അനുവദിച്ച പ്രത്യേക സാമ്പത്തിക മേഖലകളുടെ മറവില്‍ വന്‍ കുത്തക ഭീമന്മാര്‍ കടന്നുവരികയും അവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം പരിഗണിക്കുന്ന പദ്ധതികള്‍ മുന്‍പിന്‍ നോക്കാതെ നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യം ഭീതിയുളവാക്കുന്നതാണ്. എന്നിട്ടും വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കിയും നികുതിയിളവുകള്‍ പ്രഖ്യാപിച്ചും കോര്‍പ്പറേറ്റുകളെ മാടിവിളിക്കുന്ന പ്രവണത ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണം നഷ്ടപ്പെടുമെന്ന ഭീതി മാത്രമാണ് ചെറുകിട വ്യാപാര മേലയിലെ കുത്തകവത്കരണ തീരുമാനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പിറകോട്ടടിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകം. യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോഴെടുത്ത തീരുമാനം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ശുഭാപ്തി.
പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തെ വന്‍ കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്തുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിലും സര്‍ക്കാര്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണ്. അംബാനി സഹോദരന്മാരുടെ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതിലും കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പത്തിലൊരംശം പൊതുജനത്തിന്റെ പ്രശ്‌നപരിഹാരത്തിനായി ഉണ്ടായാല്‍ തന്നെ അത് വലിയ കാര്യമായിരിക്കും. കേരളവും തമിഴ്‌നാടും തമ്മില്‍ കത്തിനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും ഈ അലംഭാവം തന്നെയാണ് പ്രകടമാകുന്നത്. തമിഴ്‌നാടിനോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് ആന്റണി പറയുമ്പോഴും മന്‍മോഹന്‍ സിംഗ് മൗനമാചരിക്കുമ്പോഴും ഒരു ജനതയുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന വന്‍ ഭീഷണി അവര്‍ക്ക് ഒന്നുമല്ലെന്നതല്ലേ സത്യം.
ഇത്തരമൊരു സാഹചര്യത്തില്‍ കരണത്തടിയെ വിശകലനം ചെയ്താല്‍ അതിന് വലിയ രാഷ്ട്രീയ പ്രാധാന്യവും സമരോത്സുകതയുമുണ്ട്. പ്രതിഷേധങ്ങള്‍ക്കായി പൊതുസമൂഹം സ്വീകരിച്ച് വരുന്ന പരമ്പരാഗത രീതികളെല്ലാം ഭരണാധികാരികള്‍ പുഛിച്ച് തള്ളുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന കാഴ്ച ഇന്ന് വ്യാപകമാണ്. ഹര്‍ത്താലുകളും ബന്ദുകളും നിരാഹാര സമരങ്ങളും മനുഷ്യ മതിലുകളുമെല്ലാം മൂര്‍ച്ച പോയ ആയുധങ്ങള്‍ മാത്രമാണിന്ന്. ഭരണകൂടത്തിന്റെയും മന്ത്രിമാരുടെയും കണ്ണ് തുറപ്പിക്കാന്‍ പോന്ന പുതിയ സമരമുറകള്‍ പ്രസക്തമായ പുതിയ സാഹചര്യത്തിലെ കരണത്തടി അതുകൊണ്ട് തന്നെ പ്രസക്തമാണ്.
നീതി നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ നില്‍ക്കപ്പൊറുതിയില്ലാതാകുമ്പോഴാണ് അവസാന അടവെന്നോണം ചില കുടംകൈകള്‍ ചെയ്യാന്‍ മുതിരുന്നത്. കരണത്തടിയും ചെരിപ്പേറും സാധാരണ ഗതിയില്‍ ന്യായീകരിക്കാവതല്ല. പക്ഷേ, അത്തരം വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയണമെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചു നല്‍കാനും ഭരണകൂടങ്ങള്‍ തയാറായേ മതിയാകൂ. ലോകത്ത് ഭീകരവാദം എന്ന് നാം പ നേരിട്ട് വിളിക്കുന്ന പല ചെറുത്തുനില്‍പുകളും രൂപപ്പെടുന്നതിന്റെ കാരണം നീതിനിഷേധവും അവഗണനകളും പീഡനങ്ങളുമാണ്. നമ്മുടെ രാജ്യത്ത് നക്‌സലൈറ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിലൂടെയും കരിനിയമങ്ങളിലൂടെയും നക്‌സലിസം ഇല്ലാതാക്കാമെന്ന് കരുതുന്ന സര്‍ക്കാറുകള്‍ അവര്‍ അത്തരം വഴികള്‍ സ്വീകരിച്ച് എന്തുകൊണ്ട് ഭരണകൂടത്തിന് നിത്യ ഭീഷണി ഉയര്‍ത്തുന്നു എന്നതിനെക്കുറിച്ച് സത്യസന്ധമായി ആലോചിക്കാന്‍ തുനിയാറില്ല. ജീവിതത്തിന്റെ എല്ലാ വഴികളും അടയുമ്പോള്‍ ദുരിതത്തീ മാത്രമായ ജീവിതത്തില്‍ നിന്നും കരകയറാന്‍ ഒന്നുകില്‍ സ്വയം എരിഞ്ഞൊടുങ്ങുകയോ അല്ലെങ്കില്‍ പൊരുതുകയോ അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോഴാണ് അത് പലപ്പോഴും നക്‌സലിസവും ഭീകരവാദവുമൊക്കെയായി രൂപാന്തരപ്പെടുന്നത്.
ഹവീന്ദര്‍ സിംഗിന്റെ കരണത്തടി ഈ സീരീസിലെ ആദ്യത്തെ സംഭവമല്ല. മാസങ്ങള്‍ക്ക് മുമ്പാണ് ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന് നേരെ ഒരു പത്രപ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞത്. കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ത്രിവേദിക്കും കിട്ടിയിട്ടുണ്ട് ഒരിക്കല്‍ ഇതുപോലൊരു വീക്ക്. എന്നാല്‍, ഇത്തരം സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ അതിനെ അത്യധികം നിസ്സാരവത്കരിച്ച് ഇത് ചെയ്യുന്നവരുടെ അവിവേകമായി ചിത്രീകരിക്കുകയും അവിവേകത്തിന് മാപ്പ് നല്‍കുന്ന മന്ത്രി പുങ്കവന്മാരുടെ ഉദാര മനസ്‌കത വാനോളം പുകഴ്ത്തി എല്ലാവരും സായൂജ്യമടയുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ശരത് പവാറിന് കിട്ടിയ അടിയിലും കണ്ടത് ഇതാണ്. അതിനപ്പുറം വ്യാപകമാകുന്ന ഈ പ്രവണതയെ കുറിച്ച ചര്‍ച്ചകള്‍ എവിടെയും നടക്കുന്നില്ല.
നമ്മുടെ ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും ഇപ്പോഴും ഉറക്കം നടിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നം എന്ന മാനം പോലും പലപ്പോഴും അതിന് അവര്‍ കല്‍പിച്ച് നല്‍കുന്നില്ല. രോഗം മനസ്സിലാക്കാതെ തൊലിപ്പുറ ചികിത്സയെ കുറിച്ചാണ് ഏറ്റവുമൊടുവിലും അവര്‍ ആലോചിക്കുന്നത്. അതുകൊണ്ടാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വരെ അവര്‍ വിളിച്ചുകൂവുന്നത്.
ഈ പരമ്പരയില്‍ ഇനിയും പുതിയ പേരുകള്‍ പ്രത്യക്ഷപ്പെട്ടെന്നിരിക്കും. ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു. അവരെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ജീവിത സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യേണ്ടവര്‍ ആരാണോ അവര്‍ തന്നെയാണ് ഈ പൊറുതിമുട്ടിക്കലിന് നേതൃത്വം നല്‍കുന്നത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നത് വെറും പഴഞ്ചെല്ല് മാത്രമല്ല, യാഥാര്‍ഥ്യമാണ്. അതിന്റെ സൂചനകളാണ് ചെരിപ്പേറും കരണത്തടിയുമെല്ലാം. ഇത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുകയും ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവരുടെ നിലനില്‍പിന് നന്ന്.
Comments