രാഷ്ട്രീയാസ്ഥിരതയുടെ ഗുണഭോക്താക്കളും ഇരകളും
ഉദാരവത്കരണ നയത്തിന്റെ രണ്ടു പതിറ്റാണ്ടാഘോഷം നടന്നപ്പോള്‍ തന്നെയാണ് അഴിമതി വ്യാപ്തിയെ കുറിച്ച് ഭരണകൂടം പോലും കടുത്ത ആശങ്ക പങ്കുവെച്ചതും. എല്ലാ വിലക്കുകളും മാറ്റി വിപണിയെ സ്വതന്ത്രമാക്കാനുള്ള തിടുക്കത്തിലായിരുന്നു അവര്‍. അതിനിടയില്‍ ഇടനിലക്കാരും കോര്‍പ്പറേറ്റുകളും സംവിധാനത്തില്‍ കയറിക്കൂടിയത് പ്രശ്‌നമായില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണ സംവിധാനത്തെ ചുളുവില്‍ അവര്‍ കൈക്കലാക്കി. അതോടെ അജണ്ട നിര്‍ണയിക്കുന്നതും നടപ്പാക്കുന്നതും മറ്റു പലരുമായി. 2 ജി സ്‌പെക്ട്രം ക്രമക്കേടു മുതല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ വരെ ഈ അവിഹിത കൂട്ടുകെട്ടിന്റെ പങ്കാണുള്ളത്. 'ആം ആദ്മി' എന്ന ആകര്‍ഷക മുദ്രാവാക്യം മുന്‍നിര്‍ത്തിയായിരുന്നു യു.പി.എ അധികാരത്തില്‍ വന്നത്. നയങ്ങള്‍ പലപ്പോഴും ജനവിരുദ്ധമായെന്നു മാത്രം.
റാവു മന്ത്രിസഭയില്‍ ധനമന്ത്രിയെന്ന നിലക്ക് മന്‍മോഹന്‍ സിംഗ് തന്നെയാണ് ഉദാരവത്കരണത്തിന് തുടക്കം കുറിച്ചത്. ആഗോള വിപണിയുമായി ഇന്ത്യന്‍ സമ്പദ്ഘടനയെ ബന്ധിപ്പിക്കുന്നതിലൂടെ മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന മാറ്റങ്ങളെ കോര്‍പറേറ്റ് ലോബികളും അവരുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങളും കൊണ്ടാടുകയായിരുന്നു. 9 ശതമാനം സാമ്പത്തിക വളര്‍ച്ചയായിരുന്നു കൊട്ടിപ്പാടിയത്. ഇപ്പോഴത് ഏഴര ശതമാനമോ അതിനു ചുവട്ടിലേക്കോ താഴ്ത്തി കുറിച്ചിരിക്കുന്നു. വ്യവസായിക ഉല്‍പാദന രംഗത്തും തിരിച്ചടി തന്നെ. ഒക്‌ടോബറിലെ വളര്‍ച്ചാനിരക്ക് തൊട്ടു മുന്‍വര്‍ഷത്തെ കാലയളവുമായി തട്ടിക്കുമ്പോള്‍ വല്ലാതെ ഇടിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ദയനീയ തിരിച്ചടിയില്‍ ഇന്ത്യന്‍ രൂപയും തളര്‍ന്നു. യൂറോ പ്രതിസന്ധിയുടെ സ്വാഭാവിക പ്രതികരണം എന്നൊക്കെ പറഞ്ഞ് അതിനും ന്യായം ചമക്കുകയാണ് ധനമന്ത്രാലയം.
കൃത്യമായ ദിശാബോധമില്ലാത്ത സാമ്പത്തിക സമീപനങ്ങളുടെ സ്വാഭാവിക ദുരന്തമാണിതെന്ന് സര്‍ക്കാര്‍ കാണുന്നില്ല. ചെറുകിട വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഉറപ്പാക്കാന്‍ എന്തൊരു ധൃതിയായിരുന്നു സര്‍ക്കാറിന്. രാജ്യത്തെ നാലു കോടി വരുന്ന വ്യാപാരികളുടെ കഞ്ഞികുടി മാത്രമല്ല, പരോക്ഷമായി 20 കോടി പേരുടെ ഉപജീവനത്തെ കൂടി തകര്‍ക്കാന്‍ പോന്നതായിരുന്നു ആ തീരുമാനം. തൃണമുല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഖ്യകക്ഷികളെ പോലും വിശ്വാസത്തിലെടുക്കാതെയായിരുന്നു നീക്കം. ഒടുവില്‍ തീരുമാനം തന്നെ മരവിപ്പിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
അഴിമതി തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രചാരണം. യു.പി.എ സര്‍ക്കാറിനെ താറടിക്കാനുള്ള ആസൂത്രിത നീക്കമാണിത്’-ഡിസംബര്‍ 21ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസധ്യക്ഷ സോണിയാ ഗാന്ധി വിലപിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെയും പാര്‍ട്ടി മന്ത്രിമാരെയും സാക്ഷി നിര്‍ത്തിയാണ് സോണിയ ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനെ കുറിച്ച് അവമതിയുണ്ടെന്നും അതു തിരുത്താന്‍ ശക്തമായ നടപടികള്‍ വേണമെന്നും പക്ഷേ, സോണിയ പറഞ്ഞില്ല. എല്ലാം ഭദ്രമാണെന്ന് സമാശ്വസിക്കുകയായിരുന്നു അവര്‍. പക്ഷേ, 2011 അവസാനിക്കുമ്പോള്‍ അഴിമതി വിരുദ്ധ പ്രചാരണം ഭരിക്കുന്ന കക്ഷിയെയും സര്‍ക്കാറിനെയും എത്രമാത്രം ബാധിച്ചു എന്ന കാര്യം വ്യക്തം.
നിരന്തരമായ അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിന് വിനയായത്. പൊതു ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി വിനോദ് റായി നടത്തിയ കണ്ടെത്തലില്‍ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തോടു പോലും ആദ്യം പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ഒടുവില്‍ നിവൃത്തിയില്ലാതെയാണ് പി.സി ചാക്കോയുടെ അധ്യക്ഷതയില്‍ ജെ.പി.സി പ്രഖ്യാപിച്ചത്. സി.എ.ജിയുടെ നഷ്ട കണക്കുകള്‍ ശരിയല്ലെന്നു വരുത്തി തീര്‍ക്കാനായിരുന്നു ഓരോ ജെ.പി.സി യോഗത്തിലും കോണ്‍ഗ്രസംഗങ്ങളുടെ ശ്രമം. ഇപ്പോഴും അതു തുടരുന്നു.
ആടിയുലയുന്ന അസ്ഥിരാവസ്ഥയില്‍ തന്നെയാണ് സര്‍ക്കാര്‍. പ്രതിപക്ഷം അകപ്പെട്ട അനിശ്ചിതത്വം സര്‍ക്കാറിന്റെ ആയുസ് നീട്ടിനല്‍കുന്നു എന്നു മാത്രം. എല്ലാ പാപഭാരവും സഖ്യകക്ഷി ഭരണത്തിന്റെ സമ്മര്‍ദ രാഷ്ട്രീയമായി അവതരിപ്പിക്കാനുള്ള മന്‍മോഹന്‍ സിംഗിന്റെ ശ്രമവും ജനങ്ങളില്‍ ഏശിയില്ല.
2009ല്‍ വലിയ പ്രതീക്ഷയോടെയാണ് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ വരവ്. 'ആം ആദ്മി' മുദ്രാവാക്യങ്ങളുടെ പ്രായോഗവത്കരണം കൂടുതല്‍ ശക്തമാക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ലഭിച്ചതോ, വര്‍ധിത വിലക്കയറ്റവും ജനവിരുദ്ധ നടപടികളും. ഭരണത്തില്‍ ഇടതു നിയന്ത്രണം ഇല്ലാതെ വന്നപ്പോള്‍ ആരെയും കൂസേണ്ടതില്ലെന്ന നാട്യത്തിലായി പ്രയാണം. റാഡിയ ടേപ്പ് പുറത്തു വന്നപ്പോള്‍ അധികാരത്തിന്റെ ഇടനാഴികയില്‍ ഇടനിലക്കാരും കോര്‍പറേറ്റുകളും ചേര്‍ന്ന് ഭരണ സംവിധാനത്തെ എത്രകണ്ട് നിര്‍ലജ്ജമായി സ്വാധീനിക്കുന്നു എന്നും തെളിഞ്ഞു.
ജനങ്ങള്‍ക്ക് ശരിക്കും മടുത്തിരിക്കുന്നു. പക്ഷേ, ആ മടുപ്പിന് രാഷ്ട്രീയ ഗതിവേഗം പകരാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നു മാത്രം.
ലോക്‌സഭയിലെ ലോക്പാല്‍ ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കാര്യം തുറന്നു പറഞ്ഞു. അഴിമതി മൂലം ജനങ്ങള്‍ രോഷാകുലരാണ്. അതു തിരിച്ചറിഞ്ഞു വേണം ഇനി നാം നീങ്ങാന്‍’. ലോക്പാല്‍ ലോക്‌സഭ പാസ്സാക്കിയെങ്കിലും ഭരണഘടനാ ഭേദഗതി ബില്‍ ദയനീയമായി പരാജയപ്പെട്ടു. വോട്ടെടുപ്പു വേളയില്‍ സ്വന്തം എം.പിമാരെ പോലും സഭയില്‍ എത്തിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് വിളറി നില്‍ക്കുന്നതു കണ്ടാണ് 2011 കടന്നു പോയത്. രാഷ്ട്രീയ ഇഛാശക്തി ചോര്‍ന്ന, ദിശാബോധം നഷ്ടപ്പെട്ട ഒരു ഭരണത്തിന്റെ വിറങ്ങലിച്ച രൂപം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ മാത്രം പ്രശ്‌നമല്ല എന്നതാണ് ഏക ആശ്വാസം.
മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി നേരിടുന്ന പ്രതിസന്ധി ഒരുപക്ഷേ, അതിനേക്കാള്‍ തീവ്രം. കര്‍ണാടക മുതല്‍ ഉത്തരാഖണ്ഡ് വരെ 'വേറിട്ട പാര്‍ട്ടി' അഴിമതിക്കാരെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണെന്ന തോന്നല്‍ ശക്തമാണ്. യു.പി.എയിലും എന്‍.ഡി.എയിലും ചേക്കേറിയ പാര്‍ട്ടികളുടെ അവസ്ഥയും ഭിന്നമല്ല. എന്തൊക്കെ പറഞ്ഞാലും ഇടതു പാര്‍ട്ടികള്‍ അഴിമതിക്ക് വല്ലാതെ വഴിപ്പെടില്ലെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ അതും തിരുത്തപ്പെടുകയാണിപ്പോള്‍. ബംഗാളില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടതിന്റെ പ്രധാന കാരണം അഴിമതി കാര്യത്തില്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗതയാണെന്ന് പരസ്യമായി അഭിപ്രായപ്പെട്ടത് മറ്റാരുമല്ല, മുന്‍ മുഖ്യമന്ത്രിയും പി.ബി അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ തന്നെ. അതിനുള്ള ശിക്ഷയാണ് ജനങ്ങള്‍ നല്‍കിയതെന്നും ബുദ്ധദേവ് തുറന്നു പറയുന്നു.
ചുരുക്കത്തില്‍ രാഷ്ട്രീയ നേതൃത്വത്തോട് ജനതക്കുള്ള അതൃപ്തിയാണ് 2011ല്‍ മറനീക്കി പുറത്തു വരുന്നത്. ജനായത്ത ക്രമത്തില്‍ ഏതെങ്കിലും ഒന്നിനെ സ്വീകരിക്കണം എന്നതു കൊണ്ട് വെച്ചുമാറ്റം മാത്രം നടക്കുന്നു. 'ഭരണവിരുദ്ധ' വികാരം എന്നു പറഞ്ഞ് തോല്‍വിക്ക് ന്യായീകരണം ചമക്കാന്‍ എളുപ്പം. അധികാരം തുടരാനായാല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരമായും വ്യാഖ്യാനിക്കാം. തെരഞ്ഞെടുപ്പുകളില്‍ ചില ഷോക് ട്രീറ്റ്‌മെന്റുകള്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന് ജനത്തിന് സമാധാനിക്കാം.
2 ജി സ്‌പെക്ട്രം ക്രമക്കേടും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും സൃഷ്ടിച്ച സര്‍ക്കാര്‍വിരുദ്ധ വികാരം അതിന്റെ തീവ്രതയില്‍ തന്നെ തുടരുന്നു. ദേശീയ രാഷ്ട്രീയത്തെ അതു പിടിച്ചുലച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ധാര്‍മികത മാത്രമല്ല ഡോ. മന്‍മോഹന്‍ സിംഗിന്റെ കഴിവില്ലായ്മയും മറനീക്കി പുറത്തു വന്നു.
അഴിമതി വിഷയം മേല്‍ക്കെ നേടിയപ്പോള്‍ വിലക്കയറ്റവും സാധാരണ ജനങ്ങളുടെ ദുരിതങ്ങളും പിറകോട്ടടിച്ചു. 'ആം ആദ്മി' എന്ന ജനപ്രിയ ബോര്‍ഡ് യു.പി.എ സര്‍ക്കാര്‍ പിറകിലേക്ക് തള്ളിമാറ്റി. പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണാധികാരം പിന്‍വലിച്ചതും കമ്പോളം തുറന്നു കൊടുത്തതും മറ്റുമാണ് വിലക്കയറ്റം രൂക്ഷമാക്കിയത്.
അഴിമതിയും വിലക്കയറ്റവും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന് മികച്ച അവസരം നല്‍കി. എന്നാല്‍ അതിന്റെയൊന്നും പ്രത്യക്ഷ നേട്ടം മുതലെടുക്കാന്‍ കഴിയാത്ത പരുവത്തിലായിരുന്നു പ്രതിപക്ഷം. കര്‍ണാടകയിലെ അനധികൃത ഖനന മാഫിയക്ക് അടിമ വേല ചെയ്യുന്ന യെദിയൂരപ്പയുടെയും മറ്റും ചിത്രം പുറത്തു വന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായി. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം അദ്വാനി നടത്തിയ ജനചേതനാ യാത്ര പോലും ക്ലച്ച് പിടിച്ചില്ല.
അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ പുതിയ ഇടം സമര്‍ഥമായി ഉപയോഗിച്ചു. എല്ലാ പ്രതിലോമതകളും തുടക്കത്തില്‍ തന്നെ ഹസാരെ സംഘത്തില്‍ കണ്ടു. ഏപ്രില്‍ മാസം ദല്‍ഹി ജന്തര്‍ മന്ദറില്‍ ആരംഭിച്ച നിരാഹാര സമരത്തെ മാധ്യമങ്ങള്‍ കൊണ്ടാടി. കോര്‍പറേറ്റുകള്‍ പണമൊഴുക്കി. ആര്‍.എസ്.എസും ബി.ജെ.പിയും ആളും അര്‍ഥവും നല്‍കി. സര്‍ക്കാര്‍വിരുദ്ധ വികാരം എന്നതിനേക്കാള്‍ ഒരു കാര്‍ണിവല്‍ ആഘോഷത്തിന്റെ മട്ടായിരുന്നു തുടര്‍ സമരങ്ങള്‍ക്കും. പക്ഷേ, 2011 അവസാനിക്കുമ്പോള്‍ മുംബൈയിലും ദല്‍ഹിയിലും നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങളെ വേണ്ടത്ര ആകര്‍ഷിക്കാനായില്ല. മാധ്യമങ്ങള്‍ തലക്കുപിടിച്ച ലഹരി വിട്ട് കുറേക്കൂടി യാഥാര്‍ഥ്യബോധത്തിലേക്കു വന്നതും ഹസാരെ സംഘത്തിന് തിരിച്ചടിയായി.
അഴിമതിവിരുദ്ധ വികാരം ശക്തമാണ്. അതിനു മണ്ണ് പാകപ്പെടുത്തി നല്‍കിയത് രാഷ്ട്രീയ-ഭരണ നേതൃത്വവും. കേന്ദ്രസര്‍ക്കാര്‍വിരുദ്ധ വികാരത്തെ ഹസാരെ സംഘം ഉപയോഗപ്പെടുത്തി. ബി.ജെ.പിയും ആര്‍.എസ്.എസ്സുമൊക്കെ ഈ പുതിയ ഇടം ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നത് സത്യം. ഹിന്ദുത്വ വികാരം ചേര്‍ത്തു നിര്‍ത്തുമാറ് ഏപ്രില്‍ മാസം വേദിയും മുദ്രാവാക്യങ്ങളും മറ്റു ചേരുവകളും ഉണ്ടായതും യാദൃഛികമല്ല. വരേണ്യ, മധ്യവര്‍ഗ സമൂഹം ഹസാരെയെ കൊണ്ടാടി.
കോര്‍ കമ്മിറ്റിയില്‍ പടല പിണക്കം ഉണ്ടായെങ്കിലും അണ്ണ ഹസാരെയെ എല്ലാവരും ചേര്‍ന്ന് വലിയൊരു പ്രതീകമാക്കി കഴിഞ്ഞിരുന്നു. ആഗസ്റ്റ് 16 മുതല്‍ വീണ്ടും നിരാഹാര പ്രഖ്യാപനം. അതു നേരിടുന്നതിലും സര്‍ക്കാറിന് പിഴച്ചു. അറസ്റ്റ് ചെയ്ത ഹസാരെയെ നേരെ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയത് പ്രതീകവത്കരണത്തിന് കൂടുതല്‍ സൗകര്യമായി. അനുനയവും ആക്രോശവും തുടര്‍ന്നു. ബാബ രാംദേവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ നാലു മുതിര്‍ന്ന മന്ത്രിമാരെത്തി, പിന്നീട് രാം ലീലയില്‍ നിന്ന് അദ്ദേഹത്തെ തുരത്താന്‍ ബലപ്രയോഗവും.
വിലക്കയറ്റവും അഴിമതിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അഴിമതി നിറഞ്ഞ സാമൂഹിക ചുറ്റുപാടില്‍ പോരാട്ടം അതിനെതിരെ മാത്രമായി മാറ്റാനൊക്കില്ല. കേവലം ലോക്പാലിനപ്പുറത്തേക്ക് ഭൂമിക മാറ്റാന്‍ ഹസാരെ സംഘത്തിന് താല്‍പര്യമില്ല.
ഏറെക്കാലത്തിനു ശേഷം പൗരസമൂഹത്തിന്റെ ഇടം എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ക്കു പുറത്തുള്ള ജനകീയ പ്രതികരണങ്ങളെ അത്രക്കങ്ങ് അവഗണിക്കാന്‍ പറ്റില്ലെന്നും വന്നു. ലോക്പാല്‍ ആരവങ്ങളടങ്ങിയാലും മറ്റു പല രൂപത്തിലും ഈ ഇടം ബാക്കി നില്‍ക്കും. അതിനെ എത്രകണ്ട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭാവി രാഷ്ട്രീയത്തില്‍ പൗരസമൂഹ സാധ്യതകള്‍.
ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ് ഏറ്റവും വലിയ ദുരന്തം. നീണ്ട 34 വര്‍ഷം നീണ്ട ബംഗാള്‍ ഭരണം മമതക്കു മുന്നില്‍ അടിയറ വെക്കേണ്ടിവന്ന ഇടതുപക്ഷത്തിന് അതിന്റെ ആഘാതത്തില്‍ നിന്ന് അടുത്തൊന്നും മോചനം സാധ്യമല്ല. പാര്‍ലമെന്റില്‍ ഇടതു പാര്‍ട്ടികളുടെ അംഗബലം വല്ലാതെ കുറഞ്ഞിരിക്കുന്നു. പാര്‍ലമെന്റില്‍ ആര്‍.എസ്.പിയുടെ പ്രാതിനിധ്യം തന്നെ ഇല്ലാതായിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ ധാരകള്‍ ഏറെ ആഹ്ലാദത്തോടെയാണ് ഇടതു തിരസ്‌കാരം നോക്കി കാണുന്നത്.
നീണ്ട കാലം നെഞ്ചേറ്റിയ ഇടതു പ്രസ്ഥാനങ്ങളെ പശ്ചിമ ബംഗാള്‍ ജനത എന്തുകൊണ്ട് തിരസ്‌കരിച്ചു എന്ന ചോദ്യത്തിന്റെ യഥാര്‍ഥ ഉത്തരമാണ് തേടേണ്ടത്. തിരുത്തലുകള്‍ എല്ലാ തലങ്ങളിലും ആവശ്യമാണ്. പക്ഷേ, ആ നിലക്കുള്ള ചര്‍ച്ചകള്‍ ഇടതുപാര്‍ട്ടികളില്‍ ഇനിയും ആരംഭിച്ചില്ലെന്നതാണ് ദുഃഖകരം.
സച്ചാര്‍ കമീഷന്‍, രംഗനാഥ് കമീഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ ദുരിത ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ മാറ്റമൊന്നും ഉണ്ടായില്ല. റിപ്പാര്‍ട്ടുകളില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. പ്രഖ്യാപനങ്ങള്‍ പലതും വന്നു. പ്രായോഗിക നടപടികള്‍ മാത്രമില്ല. 10 ശതമാനം മുസ്‌ലിം സംവരണം അനുവദിക്കണമെന്ന രംഗനാഥ് മിശ്ര കമീഷന്‍ നിര്‍ദേശം പോലും അട്ടിമറിച്ചു. ഒ.ബി.സി സംവരണത്തില്‍ നാലര ശതമാനം ന്യൂനപക്ഷ സംവരണം എര്‍പ്പെടുത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനമാണിതെന്ന വിമര്‍ശവും ഉയര്‍ന്നു കഴിഞ്ഞു. ഏതായാലും പുതിയ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തെ കൂടുതല്‍ സ്വാധീനിക്കും. 403 അംഗ യു.പി നിയമസഭയില്‍ പ്രാതിനിധ്യം ഉയര്‍ത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും കിണഞ്ഞു ശ്രമിക്കും. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ് ഇരു പാര്‍ട്ടികള്‍ക്കും വലിയ ഭീഷണി. ചതുഷ്‌കോണ മല്‍സരത്തിന്റെ ശിഷ്ടം ദല്‍ഹി രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിക്കും എന്ന കാര്യം ഉറപ്പ്.
[email protected]
Comments