Prabodhanm Weekly

Pages

Search

2012 ജനുവരി 7

അറബ് വസന്തം പാഠങ്ങള്‍, പ്രചോദനങ്ങള്‍

ഖാലിദ് മൂസാ നദ്‌വി

സമൂഹത്തെ പരിവര്‍ത്തിപ്പിച്ചും നീതിരഹിതമായ രാഷ്ട്രീയ വ്യവസ്ഥകളോട് കലഹിച്ചും സാമൂഹിക നീതിയലധിഷ്ഠിതമായ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഇസ്‌ലാം ചരിത്രത്തില്‍ എന്നും മുന്നില്‍ നടന്നിട്ടുണ്ട്. ഇബ്‌ലീസിന്റെ ജാതി മഹിമാ മേധാവിത്വ സിദ്ധാന്തത്തോട് വിയോജിച്ചുകൊണ്ടാണ് പരമാധികാരിയായ അല്ലാഹു ഭൂമിയുടെ ഭരണച്ചുമതല മനുഷ്യനെ ഏല്‍പിച്ചത്. പ്രാതിനിധ്യ ജനാധിപത്യം അഥവാ ഖിലാഫത്താണ് അതിന്റെ അടിസ്ഥാനം. വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ ദര്‍ശനത്തിലും കണിശമായ പരലോക ചിന്തയിലും ഊന്നുന്ന മതാത്മക സാമൂഹിക രാഷ്ട്രീയ ഉള്ളടക്കം ഇസ്‌ലാമില്‍ പിന്നീട് ഏതെങ്കിലും ദാര്‍ശനികന്‍ ചേര്‍ത്തുവെച്ചതല്ല. ഇസ്‌ലാമിന്റെ തനിസ്വഭാവം തന്നെയാണത്. ഈ തനിസ്വഭാവം പ്രവാചകന്മാര്‍ സാധിച്ച വിപ്ലവത്തിലൂടെ നമുക്ക് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഇബ്‌റാഹീം (അ) ആസറിനോടും നംറൂദിനോടും ഒരേ സമയം ഏറ്റുമുട്ടിയത് ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രധാന മുന്‍മാതൃകകളിലൊന്നാണ്. സുഭിക്ഷതയിലധിഷ്ഠിതമായ ക്ഷേമ രാഷ്ട്രമാണ് തൗഹീദിന്റെ ബലത്തില്‍ യൂസുഫ്(അ) പണ്ട് ഈജിപ്തില്‍ കെട്ടിപ്പടുത്തത്. മൂസ(അ) ഫറോവയുടെ മര്‍ദക ഭരണകൂടത്തെ എതിര്‍ത്തതും ഖാറൂനിയന്‍ മുതലാളിത്തത്തോട് പടവെട്ടിയതും അതേ ഈജിപ്തില്‍ തന്നെയാണ്. മുഹമ്മദ് (സ) വിജയിപ്പിച്ചെടുത്ത മദീനാ വിപ്ലവത്തിന്റെ അടിത്തറയായി വര്‍ത്തിച്ചതും തൗഹീദും ഖിലാഫത്തും തന്നെ. തുടര്‍ന്ന് ദീര്‍ഘകാലം ഒരു ലോക ഗവണ്‍മെന്റിന്റെ ചാലകശക്തിയായി ഇസ്‌ലാം നിലകൊള്ളുകയുണ്ടായി.
പുതിയ കാലത്ത് ഇസ്‌ലാമിന്റെ വിപ്ലവപദ്ധതി ഒരു ദാര്‍ശനിക ചട്ടക്കൂടായി അവതരിപ്പിച്ച മഹാ പ്രതിഭകളായ ധിഷണാശാലികളാണ് മൗലാനാ മൗദൂദി, ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, അലി ശരീഅത്തി, മാലിക് ബിന്നബി തുടങ്ങിയവര്‍. അനറബ് ലോകത്ത് ജമാഅത്തെ ഇസ്‌ലാമി എന്ന പൊതു ബാനറിലും അറബ് നാട്ടില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന നാമത്തിലും ആ ദാര്‍ശനിക ചട്ടക്കൂടിന് സംഘടനാ രൂപം ലഭിക്കുകയും ചെയ്തു. പ്രസ്തുത വിപ്ലവ ദര്‍ശനത്തെ നാം ജീവിക്കുന്ന കാലത്ത് ആദ്യമായി തെരുവിലിറക്കിയത് ഇമാം ഖുമൈനിയാണ്. മതാത്മക ജനാധിപത്യത്തിന്റെ വിപ്ലവ പരീക്ഷണത്തിനും ക്രമാനുഗതമായ അതിന്റെ വളര്‍ച്ചക്കും ഇറാന്‍ വേദിയായിത്തീര്‍ന്നു. സാമ്രാജ്യത്വ ഭീകരതയെ, മതേതര ഫാഷിസത്തെ, ജനാധിപത്യ പക്ഷത്തുനിന്ന് ലോക വേദികളില്‍ നിന്ന് ചോദ്യം ചെയ്യുന്ന അഹ്മദീ നിജാദ് ഇറാന്‍ വിപ്ലവത്തിന്റെ പുത്രനാണ്. മതേതര അപമാനവീകരണവും സായുധ ഭീകരതയും ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനവും മുഖമുദ്രയാക്കിയ അമേരിക്കന്‍ അഹന്തക്ക് ഏറ്റ ഏറ്റവും കരുത്തുള്ള തിരിച്ചടിയും വിപ്ലവത്തിന് ചുവപ്പുനിറമേയുള്ളൂ എന്ന ഇടതുപക്ഷ ഡോഗ്മക്ക് നല്‍കിയ മറുപടിയും ആയിരുന്നു ഇറാന്‍ വിപ്ലവം. സുസ്ഥിര മതമൂല്യങ്ങളും ജനാധിപത്യ നവ മൂല്യങ്ങളും പരസ്പരം പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കുന്നിടത്താണ് ഇറാന്‍ വേറിട്ട റിപ്പബ്ലിക്കായി മാറുന്നത്.
ഇറാനു ശേഷം തുര്‍ക്കിയാണ് ആ രംഗത്ത് കൂടുതല്‍ സര്‍ഗാത്മകമായ, നിശ്ശബ്ദമനോഹരമായ പുതിയ ചുവടുവെപ്പ് നടത്തിയത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മതവും മതേതരത്വവും വിസ്മയാവഹമാണ്. ശില്‍പഭംഗിയും ശില്‍പഭദ്രതയുമുണ്ടതിന്. യൂറോപ്പിന്റെ 'രോഗിയെ' മതമൂല്യങ്ങളുടെ കാന്തിക ശക്തിയാലും ജനാധിപത്യ മൂല്യങ്ങളുടെ പ്രയോഗബലത്താലും 'കര്‍മയോഗി'യാക്കി മാറ്റുന്നതില്‍ ഉര്‍ദുഗാന്‍ ജയിച്ചിരിക്കുന്നു.
ഇറാന്റെയും തുര്‍ക്കിയുടെയും വഴിയേ അറബിത്തെരുവുകള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട അറബ്-ബാത്തിസ്റ്റ്-സെക്യുലരിസ്റ്റ് വാഴ്ച അറബികള്‍ക്ക് നല്‍കിയത് വിശപ്പും തൊഴിലില്ലായ്മയുമായിരുന്നു. ഭരണകൂടത്തിന്റെ കൂലിത്തല്ലുകാരല്ലാതെ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു. ഒരേ കക്ഷി എപ്പോഴും 99.99 ശതമാനം വോട്ട് നേടി അധികാരത്തില്‍ വരുന്ന വിചിത്രമായ തെരഞ്ഞെടുപ്പ് ഫലമാണ് പല മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും മുക്കാല്‍ നൂറ്റാണ്ട് കാലമായി നാം കേട്ടുകൊണ്ടിരുന്നത്. ആധുനികതയുടെ പേരില്‍ അധികാരമേറ്റവര്‍ പുസ്തകരചന പോലും ക്രിമിനല്‍ കുറ്റമായി കണ്ടു. വഴിയടയാളങ്ങള്‍ എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ സയ്യിദ് ഖുത്വ്ബിനെ അവര്‍ തൂക്കിക്കൊന്നു. 'പൗരസ്വാതന്ത്ര്യം മുസ്‌ലിം നാടുകളില്‍' എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ റാശിദുല്‍ ഗനൂശിയെ അവര്‍ നാടുകടത്തി. ഇബ്‌നു ഖല്‍ദൂന്‍ ഉള്‍പ്പെടെയുള്ള മഹാ പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സൈത്തൂന യൂനിവേഴ്‌സിറ്റി അവര്‍ അടച്ചുപൂട്ടി. വ്യക്തിജീവിതത്തിലെ മതാനുഷ്ഠാനങ്ങള്‍ക്ക് പോലും അവര്‍ വിലക്കേര്‍പ്പെടുത്തി. വിദേശ സുന്ദരികളെ കണ്ടുമുട്ടുന്ന മുറക്ക് ഭാര്യമാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന സെക്യുലര്‍ വീരപ്രസുക്കള്‍ ശരീഅത്ത് നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന കാഴ്ചയും നാം കണ്ടു. ആധുനികതയുടെ പേരില്‍ ആക്രോശമിട്ടവര്‍ തന്നെ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. ഫെമിനിസത്തിന്റെ പേരില്‍ പെണ്ണുങ്ങളുടെ പര്‍ദ വലിച്ചുകീറിയവര്‍ സൈനബുല്‍ ഗസാലിയെ പോലുള്ള വീരാംഗനകളെ തടവറയില്‍ പീഡിപ്പിച്ചു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ മതേതര ഗുണ്ടാരാജിനെതിരെയുള്ള മതാത്മ സാമൂഹികതയുടെ ജനാധിപത്യ പ്രയോഗമായിട്ടാണ് അറബ് വസന്തം പീലിവിടര്‍ത്തിയിരിക്കുന്നത്.
വിശക്കുന്നവന്‍ വിപ്ലവകാരിയാവണമെന്നത് ഒരു ഖുര്‍ആനിക ആഹ്വാനമാണ്. വിശപ്പിനെതിരെ വിപ്ലവം സംഘടിപ്പിക്കാത്തവന്റെ വിശ്വാസം മുഖവിലക്കെടുക്കാനാവില്ലെന്നതാണ് ഖുര്‍ആനിക നിലപാട്. അനീതി ചെയ്യുന്ന ഭരണാധികാരിയോട് സത്യം വിളിച്ചു പറയലാണ് മഹത്തായ വിപ്ലവമെന്ന പ്രവാചക പാഠം ഏറെ പഠിച്ചവരാണ് അറബ് വസന്തത്തിന്റെ മുന്നണിയിലുള്ളത്. വിശക്കുന്നവന് ഭക്ഷണമായിത്തീരാനും ഭയത്തില്‍നിന്ന് മോചനമേകാനും മനുഷ്യാവകാശങ്ങള്‍ പരിരക്ഷിക്കാനുമുള്ള കെല്‍പ് ഇസ്‌ലാമിന് സ്വയം സിദ്ധമാണ്. ആ കെല്‍പ് നെഞ്ചേറ്റിയവരാണ് അറബ് വസന്തത്തിന് വഴിയൊരുക്കിയിരിക്കുന്നത്. യൂസുഫി(അ)ന്റെയും മൂസാ(അ)യുടെയും മുഹമ്മദി(സ)ന്റെയും പാദമുദ്രകള്‍ പിന്തുടര്‍ന്ന ഒരു ജനത മുക്കാല്‍ നൂറ്റാണ്ടുകാലമായി അറബിത്തെരുവുകളില്‍ സഹന സമരത്തിന്റെ വീരചരിതം രചിച്ചുവരികയായിരുന്നു. ഫാറൂഖ് രാജാവിനെതിരായ ജനാധിപത്യ മുന്നേറ്റത്തില്‍ സ്വന്തം സ്ഥാപക നേതാവിനെ ബലി നല്‍കിയ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനമാണ് അറബ് വസന്തത്തിന്റെ പ്രധാന ചാലകശക്തി. ജമാല്‍ അബ്ദുന്നാസിറിന്റെ തടവറയില്‍ ആയിരക്കണക്കിന് ഇഖ്‌വാനികള്‍ ചോരനല്‍കി നനച്ചുവളര്‍ത്തിയ വിപ്ലവവിത്തുകളാണ് പുതിയ വസന്തത്തില്‍ മുളപൊട്ടിയത്. ദീര്‍ഘ ദീര്‍ഘമായ സമരപ്പോരാട്ടത്തിലൂടെ ഇഖ്‌വാന്‍ പാകപ്പെടുത്തിയ മണ്ണിലാണ് വാഇല്‍ ഗുനൈം ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അകമ്പടിയോടെ വിപ്ലവത്തിന്റെ വില്ലുകുലച്ചത്.
അറബ് വസന്തത്തെ വിശപ്പും തൊഴിലില്ലായ്മയും സൃഷ്ടിച്ച കേവലം കലാപമായും ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും അകമ്പടിയോടെ ചെറുപ്പക്കാര്‍ തട്ടിക്കൂട്ടിയ ഉടന്‍ വിപ്ലവമായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉപരിസൂചിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്തവരാണ്. പ്രമുഖ ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായ സലീം അസീസി കുറിച്ചിട്ടത് അവരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാവേണ്ടതാണ്. ''ജാസ്മിന്‍ കാറ്റ് ശാന്തമാവും മുമ്പ് റാശിദുല്‍ ഗനൂശി തിരിച്ചെത്തിയിരുന്നെങ്കില്‍ ഖുമൈനി പാരീസില്‍ നിന്ന് തെഹ്‌റാനില്‍ ഇറങ്ങിയ ദിനം തൂനിസില്‍ പുനര്‍ജനിക്കുമായിരുന്നു.'' ഇറാന്‍ വിപ്ലവത്തിന്റെയും തുനീഷ്യന്‍ വിപ്ലവത്തിന്റെയും ദാര്‍ശനിക ഉള്ളടക്കത്തിലെ സമാനതയാണ് സലീം അസീസി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നത്. അറബിത്തെരുവുകളിലെ പ്രക്ഷോഭങ്ങളെ അനുനിമിഷം പ്രചോദിപ്പിച്ചുകൊണ്ടിരുന്നത് യൂസുഫുല്‍ ഖറദാവി എന്ന മതപണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ ജുമുഅ ഖുത്വ്ബകള്‍ പ്രക്ഷോഭങ്ങള്‍ക്ക് വെള്ളവും വളവുമായി വര്‍ത്തിച്ചു. ജുമുആനന്തരം സംഘടിപ്പിക്കപ്പെട്ട മഹാ റാലികളാണ് അറബിത്തെരുവുകളെ ഇളക്കിമറിച്ചത്. ഈജിപ്ഷ്യന്‍ പ്രക്ഷോഭത്തിന്റെ വിജയോത്സവം നടന്നത് രണ്ട് മില്യന്‍ ജനങ്ങള്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരം വഴിയാണ്. യൂസുഫുല്‍ ഖറദാവിയാണ് അന്ന് ഖുത്വ്ബ നിര്‍വഹിച്ചത്. യമനില്‍ മാര്‍ച്ച് 11 ജുമുഅത്തുസ്സമൂദ് ആയി പ്രഖ്യാപിക്കുകയുണ്ടായി. മൂന്ന് മില്യന്‍ ജനങ്ങള്‍ അന്ന് തെരുവിലിറങ്ങി. സിറിയയില്‍ ഏപ്രില്‍ എട്ട് രോഷത്തിന്റെ വെള്ളിയാഴ്ചയായും ഏപ്രില്‍ 22 മഹത്തായ വെള്ളിയാഴ്ചയായും പ്രഖ്യാപിച്ചുകൊണ്ട് വിപ്ലവത്തെ പ്രക്ഷോഭകാരികള്‍ ജ്വലിപ്പിക്കുകയുണ്ടായി. ചുരുക്കത്തില്‍ മതാത്മക സാമൂഹികതയുടെ ദാര്‍ശനിക ഉള്ളടക്കവും മതചിഹ്നങ്ങളുടെ വൈകാരിക ഉള്ളടക്കവും സമം ചേര്‍ത്തുകൊണ്ടാണ് വിപ്ലവം മുന്നേറിയതെന്നത് സൂര്യവെളിച്ചം പോലെ വ്യക്തം.
ഇസ്‌ലാമിന്റെ ജനാധിപത്യ ശേഷിയെ അംഗീകരിക്കാന്‍ ലോക രാഷ്ട്രീയത്തെ നിര്‍ബന്ധിച്ചു എന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ ഫലം. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയെല്ലാം ഭീകരപട്ടികയില്‍ പെടുത്തി വേട്ടയാടുകയും ബാത്തിസ്റ്റ്-മതേതര ഗുണ്ടാരാജിനെ വെള്ള പൂശുകയും ചെയ്ത യൂറോ-യു.എസ് വൈരുധ്യത്തെ വെളിപ്പെടുത്തുന്നതിനും അറബ് വസന്തം വിജയിച്ചിരിക്കുന്നു. 'ഞാന്‍ മൗദൂദിയുടെയും ഖുത്വ്ബിന്റെയും ശിഷ്യനാണെ'ന്ന് തുറന്നു പറഞ്ഞ റാശിദുല്‍ ഗനൂശി എന്ന രാഷ്ട്രീയക്കാരനെയും അദ്ദേഹം നയിക്കുന്ന അന്നഹ്ദ എന്ന രാഷ്ട്രീയ പാര്‍ട്ടിയെയും അംഗീകരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത ആഗോള സാഹചര്യമാണ് അറബ് വസന്താനന്തരം രൂപപ്പെട്ടിരിക്കുന്നത്. അള്‍ജീരിയന്‍ തെരഞ്ഞെടുപ്പ് ഫലത്തെ നേരത്തെ അട്ടിമറിച്ച അങ്കിള്‍ സാമിനെ കൊണ്ട് തുനീഷ്യന്‍ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിപ്പിച്ചതിന് ഗനൂശിക്കും വിപ്ലവകാരികള്‍ക്കും നാം നന്ദി പറയണം.
'ഇസ്‌ലാം ഭീതി' എന്ന തുറുപ്പുചീട്ടിലാണ് അറബ് നാടുകളിലെ ഏകാധിപത്യ വാഴ്ച ഇതുവരെയും നിലനിന്നിരുന്നത്. താലിബാനിസം എന്ന് പേരിട്ട് വിളിക്കുന്ന മതാന്ധതയുടെ മുല്ലായിസത്തെ ലോക ഇസ്‌ലാമിന്റെ വ്യാജ പ്രതീകമായി മതേതര മാധ്യമ ലോകം പരിചയപ്പെടുത്തുകയും ചെയ്തു. മക്കന ധരിക്കാതെ ഷോപ്പിംഗ് മാളുകളിലെത്തുന്ന യുവതികള്‍ക്കെതിരെ ചാട്ടവാര്‍ ചുഴറ്റുന്നവരായി, താടിവടിച്ചെടുക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിക്കുന്നവരായി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്ന സ്‌കൂളുകള്‍ക്ക് തീയിടുന്നവരായി, അവര്‍ ഇസ്‌ലാമിസ്റ്റുകളെ ലോകത്തിന് തെറ്റായി പരിചയപ്പെടുത്തി. മറുവശത്ത് മക്കനക്കാരെ കാമ്പസുകളില്‍ നിന്ന് പുറത്താക്കുന്ന, താടിക്കാരെ ഭീകരരാണെന്ന് വിളിച്ച് വേട്ടയാടുന്ന, നമസ്‌കാരവും നോമ്പും ക്രിമിനല്‍ കുറ്റമാക്കുന്ന സെക്യുലര്‍ ഫാഷിസത്തെ അവര്‍ പുരോഗമനത്തിന്റെ പേരില്‍ വെള്ളപൂശി. ഇവിടെ മതേതര ഗുണ്ടാരാജിനും മതാന്ധതയുടെ താലിബാന്‍ രാജിനും മതാത്മകമായ ജനകീയ രാഷ്ട്രീയം നല്‍കിയ സര്‍ഗാത്മക മറുപടിയാണ് അറബ് വസന്തം.
ഇസ്‌ലാം സമം സ്ത്രീവിരുദ്ധം എന്ന പടിഞ്ഞാറന്‍ സൂത്രവാക്യത്തെയും അറബ് വസന്തം അട്ടിമറിച്ചിരിക്കുന്നു. നാസിറിന്റെ ഭീകര തടവറയില്‍ മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി തന്റെ നിറയൗവനം ബലിനല്‍കിയ സൈനബുല്‍ ഗസാലിയെ കാണാതെ പോയവരെ കൊണ്ട് യമന്‍ വിപ്ലവത്തിന്റെ വീരപുത്രിയായ തവക്കുല്‍ കര്‍മാനെ അംഗീകരിപ്പിക്കാനും അറബ് വസന്തത്തിന് കഴിഞ്ഞിരിക്കുന്നു.
ഇസ്‌ലാമിന്റെ സപ്തവര്‍ണങ്ങളും മഴവില്ലായി വിടര്‍ന്നപ്പോഴാണ് അറബ് വസന്തം സാക്ഷാത്കരിക്കപ്പെട്ടത്. മതസംഘടനകളെയും ഇടതുപക്ഷക്കാരെയും വിവരസാങ്കേതിക വിദഗ്ധരെയും ലിബറലുകളെയും ക്രിസ്ത്യാനികളെയും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി, വൈവിധ്യത്തില്‍ സൗന്ദര്യമായി, മഴവില്ലുപോലെ ഏകോപിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞപ്പോഴാണ് അറബ് വസന്തത്തിന്റെ മുല്ലപ്പൂ സൗന്ദര്യം പടര്‍ത്തിവിടര്‍ന്നത്.
മാര്‍ക്‌സിസവും സോഷ്യലിസവും സെക്യുലരിസവും അവരുടെ വസന്തകാലത്ത് തുര്‍ക്കിയെയും തുനീഷ്യയെയും മാതൃകയാക്കാനും കാലഹരണപ്പെട്ട മതനിയമങ്ങളോട് ലാല്‍സലാം പറയാനും ഇസ്‌ലാമിസ്റ്റുകള്‍ ഉപദേശിച്ചത് ഒരു കൗതുകസ്മരണയായി ഇവിടെ രേഖപ്പെടുത്തട്ടെ. എല്ലാ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷവും ഏറ്റവും പുതിയ കാലത്തെ അഭിമുഖീകരിച്ചുകൊണ്ട് പുനരുദയം ചെയ്യാനുള്ള മതത്തിന്റെ വിപ്ലവ പ്രാപ്തിയെ മനസ്സിലാക്കാനുള്ള ഗൃഹപാഠം ചെയ്യാന്‍ ഇടതും വലതും പക്ഷത്തുള്ളവര്‍ മുന്നോട്ടുവരണമെന്നുള്ളതാണ് അറബ് വസന്തത്തിന്റെ പൊതു ആഹ്വാനം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ നേരിടുന്നതില്‍ ഇസ്‌ലാമിസ്റ്റുകളെ സഹകരിപ്പിച്ചുകൂടെന്ന ഇടതുപക്ഷത്തിന്റെ 'പുറത്താക്കല്‍' രാഷ്ട്രീയത്തിനെതിരെ പൊതുശത്രുവിനെതിരെ ഐക്യമുന്നണി എന്ന ഇസ്‌ലാമിസ്റ്റുകളുടെ 'ഉള്‍ക്കൊള്ളല്‍' രാഷ്ട്രീയത്തിന്റെ വിജയഭേരി മുഴക്കം കൂടിയാണ് അറബ് വസന്തം. ബ്രാഹ്മണ്യ-പാശ്ചാത്യ അളവുകോല്‍ വെച്ചുള്ള 'ഇസ്‌ലാം വായന' തിരുത്താന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കും ഇതൊരവസരമാണ്. ഇസ്‌ലാമിനെയും അറബ് വസന്തത്തെയും ശരിയായി വിലയിരുത്താന്‍ പുതിയ പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ടുവരുമെന്ന് നമുക്കാശിക്കാം.
നമുക്ക് പുതിയ ഐക്യമുന്നണി വേണം. മതവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളില്‍ പരസ്പര രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പുതിയ ജനകീയ ഐക്യമുന്നണിയാണ് ഭാവിയുടെ ലോക രാഷ്ട്രീയം പ്രതീക്ഷിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം