Prabodhanm Weekly

Pages

Search

2012 ജനുവരി 7

അറബ് ജനതയെക്കുറിച്ച് നാം സമയത്തിന്റെ തടവറയിലായിരുന്നു

പ്രഫ. എ.കെ രാമകൃഷ്ണന്‍

(അറബ് ലോകത്തെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ജെ.എന്‍.യുവിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് വെസ്റ്റേഷ്യന്‍ സ്റ്റഡീസ് തലവന്‍ പ്രഫ. എ.കെ രാമകൃഷ്ണന്‍ സംസാരിക്കുന്നു.)
തയാറാക്കിയത്:
ടി.ശാക്കിര്‍, പി.കെ നുജൈം


പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പുതിയ സംഭവ വികാസങ്ങളെ ആ മേഖലയുടെ രാഷ്ട്രീയവും സാമൂഹിക പ്രവണതകളും ആഴത്തിലറിയുന്ന ഒരാളെന്ന നിലക്ക് എങ്ങനെയാണ് താങ്കള്‍ നോക്കി കാണുന്നത്? പൊടുന്നനെ ചില പരിവര്‍ത്തനങ്ങളിലേക്ക് പശ്ചിമേഷ്യ ഉണരുകയാണെന്നാണല്ലോ പറയപ്പെടുന്നത്?
പുതിയ കാലത്ത്  സാങ്കേതിക വിദ്യകളിലൂടെ വികസിച്ചുവരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ലോകത്തിനുമുമ്പാകെ ദേശരാഷ്ട്ര പരിധികള്‍ ലംഘിച്ചുകൊണ്ടുള്ള  പുതിയൊരു മണ്ഡലം തുറന്നുതന്നിട്ടുണ്ട്. അറബിഭാഷ  ജീവിത മാധ്യമമാക്കിയ വലിയൊരു മേഖല ലോക ഭൂപടത്തിലുണ്ട്. ആ മേഖലയില്‍ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി വലിയ രാഷ്ട്രീയ നീക്കങ്ങളും ചലനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഷയാകട്ടെ മുഖ്യമായും അറബിയായിരുന്നു. ഈ അറബി ബെല്‍റ്റില്‍ ഒട്ടേറെ രാജ്യങ്ങളും അതില്‍ കോടിക്കണക്കിന് മനുഷ്യരുമുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ- സാമൂഹിക ചലനങ്ങള്‍ ഇതര രാജ്യങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കുന്നു. കാരണം ദേശ രാഷ്ട്രത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത്  അവരുടെ ഭാഷ, സംസ്‌കാരം, പാരമ്പര്യം, മതം തുടങ്ങിയ ഒട്ടേറെ ജീവിതാവസ്ഥകള്‍ അവരെ എളുപ്പത്തില്‍ ബന്ധിപ്പിച്ചിരുന്നു. ഇങ്ങനെ ഒരു അറബ് പബ്ലിക് സ്ഫിയറിന്റെ വളര്‍ച്ച കഴിഞ്ഞ കുറേ കാലമായി നടക്കുന്നുണ്ട്. അതിന്റെ ഫലമായാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ സംഭവവികാസങ്ങള്‍. അതൊരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല എന്നര്‍ഥം.
അറബ് സമൂഹത്തെക്കുറിച്ച് നമ്മുടെ മീഡിയ പറഞ്ഞ് പറ്റിച്ച, നാം ധരിച്ചുവശായ പലതരം തെറ്റിദ്ധാരണകള്‍ പൊളിച്ചുകളയുകയാണ് ഈ സംഭവവികാസങ്ങള്‍ ചെയ്തത്.  അറബ് യുവത ഒന്നുകില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, അങ്ങനെ ഭോഗാസക്തരായ ആനന്ദ പ്രേമികളായി നടക്കുന്നു എന്നതായിരുന്നു ഒരു പ്രചാരണം. അതല്ലെങ്കില്‍ മത തീവ്രതയുടെയും അതുല്‍പാദിപ്പിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെയും ആസൂത്രകരും നടത്തിപ്പുകാരും എന്നതായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ അവര്‍ മറ്റേതൊരു സമൂഹത്തെയും പോലെ തങ്ങളുടെ ജീവിതത്തെക്കുറിച്ചും ജീവിതാവസ്ഥകളെക്കുറിച്ചും നിരന്തരം ആലോചിക്കുന്നവരും പല രൂപത്തില്‍ അതില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നവരും ആയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, ഇക്കാര്യം ലോകമാധ്യമങ്ങള്‍ മനപ്പൂര്‍വം മറച്ചുവെക്കുകയോ അവഗണിക്കുകയോ ചെയ്തു.
അറബ് മേഖലയെ ഈ അര്‍ഥത്തില്‍ നോക്കിക്കാണുന്നതില്‍ നമ്മുടെ മീഡിയ മാത്രമല്ല ബുദ്ധിജീവികളും സാമൂഹിക ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ വിശാരദന്മാരുമെല്ലാം വൈകി എന്നതുകൊണ്ടാണ് പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളെ പെട്ടെന്നുണ്ടായവയാണവ എന്ന സ്വഭാവത്തില്‍ ചിത്രീകരിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്നത്.

അതിനപ്പുറത്തേക്ക് കാരണം കണ്ടെത്താന്‍ കഴിയുമോ?
പുതിയ സംഭവ വികാസങ്ങളിലേക്ക് ആ ജനതയെ എത്തിച്ചതിന്റെ മറ്റൊരു പ്രധാനഘടകം ആ പ്രദേശങ്ങളില്‍ നടന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളും പരിഷ്‌കരണങ്ങളുമാണ്. നമ്മുടെ രാജ്യത്ത് പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുന്നത്  1990കളില്‍ ആണെങ്കില്‍ 1970കളില്‍ തന്നെ ഈ മേഖലയില്‍ അതാരംഭിച്ചിരുന്നു. ഇന്‍ഫിതാഹ് എന്ന പേരില്‍ അന്‍വര്‍ സാദത്ത് ഈജിപ്തില്‍ ഓപ്പണ്‍ ഡോര്‍ പോളിസി ആരംഭിച്ചിരുന്നു. ജന ജീവിതത്തില്‍ വലിയ അന്തരവും അങ്കലാപ്പും ഈ പരിഷ്‌കരണങ്ങള്‍ വഴി സംഭവിച്ചു. ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുണ്ടായ വിഹ്വലതകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഈ നയങ്ങളുടെ വലിയൊരു പ്രത്യാഘാതമായിരുന്നു. ഈ വിഹ്വലതകള്‍ ആ സമൂഹത്തിലെ ചെറുപ്പക്കാര്‍ പങ്കുവെക്കുന്നുമുണ്ടായിരുന്നു. സാമ്പത്തികമായ അരക്ഷിതാവസ്ഥ മനുഷ്യനെ കൂടുതല്‍ രാഷ്ട്രീയമായ ഉണര്‍വിലേക്ക് നയിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഈ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ കുറച്ചുകൂടി ഭദ്രവും ജൈവികവുമായ സാമൂഹിക രാഷ്ട്രീയ ബന്ധങ്ങള്‍ വേണം എന്ന ചിന്തയിലേക്ക് ആ സമൂഹത്തെ നയിച്ചു എന്നതാണ് യാഥാര്‍ഥ്യം.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തില്‍ കുറെക്കൂടി തുറസ്സുകള്‍ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്?
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സൈദ്ധാന്തികമായി തന്നെ ആവശ്യപ്പെടുന്നത് രാഷ്ട്രീയവും സാമ്പത്തിക രംഗവും തമ്മില്‍ വേര്‍പ്പെടുക എന്നതാണ്. അല്ലാതെ ജീവിത തുറസ്സുകള്‍ സൃഷ്ടിക്കലാണ് അതെന്ന് തെറ്റിദ്ധരിക്കരുത്. സാമ്പത്തകരംഗവും രാഷ്ട്രീയ രംഗവും തമ്മിലെ പരസ്പര ബന്ധം വിഛേദിക്കപ്പെടുന്നതോടെ ജനവിരുദ്ധ നയങ്ങളാണ് രൂപപ്പെടുക. പശ്ചിമേഷ്യയില്‍ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ തന്നെ ഫലമായി രൂപപ്പെട്ട  അതിനെതിരായ ഗ്രൂപ്പുകള്‍- അത് വലിയ ജനക്കൂട്ടമായിക്കൊള്ളണമെന്നില്ല-  അവര്‍ മൊത്തം ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇതില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ സാന്നിധ്യമാണ് കൂടുതലും അനുഭവപ്പെടുന്നത്. കാരണം ഒന്നാമതായി ഇത്തരം ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ബാധിക്കുന്നത് അവരെ തന്നെയാണ്. അതോടൊപ്പം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള അവരുടെ ശേഷിയും. അതില്‍ തന്നെ പുതിയ തലമുറയെ ഇത് കൂടുതലായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ അവരാണ് ഈ പ്രക്ഷോഭങ്ങളുടെ ചാലകശക്തി എന്നുകാണാം.

അറബ് മേഖലയിലെ ജഡികാവസ്ഥ എന്നുപൊതുവേ പറയപ്പെടാറുണ്ട്. എന്താണ് ഈ മേഖലയുടെ രാഷ്ട്രീയ പാരമ്പര്യം?
അറബ് മേഖലയിലെ ജഡികാവസ്ഥ എന്ന കാഴ്ചപ്പാട് തെറ്റാണെന്ന് ഈ മേഖലയുടെ ചരിത്രം തെളിയിക്കുന്നുണ്ട്. ഈ മേഖല ഒട്ടനേകം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രപാരമ്പര്യമുള്ള മേഖലയാണ്. ആ കണ്ണിയില്‍ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍, നാഷ്‌നല്‍ ലിബറേഷന്‍ മൂവ്‌മെന്റ്, അറബ് നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പലതരം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍... തുടങ്ങിയവയെല്ലാം ഉണ്ട്. അതില്‍ ഹസനുല്‍ ബന്നായുടെ രാഷ്ട്രീയ രംഗപ്രവേശം മുതല്‍ റാശിദുല്‍ ഗനൂശിയുടെ പ്രസ്ഥാനം വരെയുള്ള സജീവ ഇടപെടലിന്റെ നീണ്ട ചരിത്രാനുഭവമുണ്ട്. ഞാന്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്നു. അവിടത്തെ രാഷ്ട്രീയ ചലനങ്ങള്‍ എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഗനൂശിയുടെ സംഘടന പുതിയതാണെങ്കിലും അത്തരം രാഷ്ട്രീയ ഇടപെടലുകളുടെ രൂപം ഈ മേഖലക്ക് പുതിയ അനുഭവമല്ല, കാരണം ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദ തുടങ്ങിയ മൗലിക ചിന്തകന്മാരുടെ പാരമ്പര്യമുള്ള മണ്ണാണിത്. ഇസ്‌ലാമിന്റെ കരുത്തിനെ എങ്ങനെ കാലോചിതമായി വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയും ചെയ്യാം എന്നതായിരുന്നു അവരുടെ ചിന്തകളുടെ മൗലികത. അതിന്റെ തന്നെ തുടച്ചയല്ലേ ഗനൂശിയും പ്രയോഗിക്കുന്നത്. സുഡാനിലേക്ക് വരുമ്പോള്‍ ഹസന്‍ തുറാബിയുടെ ചിന്തകളും ഇടപെടലുകളും കാണാം. കൂടാതെ ഒമാനിലെ തൂഫാന്‍ പ്രവിശ്യയില്‍ ഒരു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് മൂവ്‌മെന്റ് തൊള്ളായിരത്തി എഴുപതുകള്‍ വരെ നിലനിന്നിരുന്നു. അതിനെ പിന്നീട് അടിച്ചൊതുക്കുകയായിരുന്നു. യമനിലെ ഒരു മേഖലയില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നിരുന്നു. 1920കളില്‍ തന്നെ ഈജിപ്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. അഥവാ സക്രിയമായ രാഷ്ട്രീയ ഇടപെടലിന്റെ അനുഭവമുണ്ട് അറബ് മേഖലക്ക്. പക്ഷേ നാം അവരെക്കുറിച്ച് സമയത്തിന്റെ തടവറയിലായിരുന്നു എന്നുമാത്രം.

കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവം, വ്യവസ്ഥാപിത സംഘടനകളെ കൂടാതെ ചെറുഗ്രൂപ്പുകളുടെ ഇടപെടല്‍, യുവതലമുറയുടെ സജീവ സാന്നിധ്യം.... ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ വ്യതിരിക്തമാക്കുന്നുണ്ടല്ലോ?
പഴയ തലമുറയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഒന്നല്ല യഥാര്‍ഥത്തില്‍ ഈ പ്രക്ഷോഭങ്ങള്‍. പഴയ തലമുറ ഒരു പ്രത്യേക രീതിയിലാണ് സമൂഹത്തെ നയിച്ചുകൊണ്ടിരുന്നത്. അതേ സമയം പുതിയ തലമുറയില്‍ രാഷ്ട്രീയ ഇടപെടലുകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലുമെല്ലാം പരമ്പരാഗതവും വ്യവസ്ഥാപിതവുമല്ലാത്ത പല രീതികള്‍ വികസിച്ചുവരുന്നുണ്ടായിരുന്നു. അതിന്റെ ഒരു നേര്‍കാഴ്ചയാണ് പശ്ചിമേഷ്യന്‍ സംഭവവികാസങ്ങള്‍. ഈജിപ്തില്‍ തന്നെ പ്രതിപക്ഷ റോളിന്റെ പരമ്പരാഗതമായ ഒരു കുത്തകാധികാരം മുസ്‌ലിം ബ്രദര്‍ ഹുഡിനുണ്ടായിരുന്നു. പക്ഷേ, ഭരണകൂടവിരുദ്ധമായ പുതിയ സംഭവവികാസങ്ങള്‍ ആരംഭിക്കുന്നതാകട്ടെ അവരുടെ മുന്‍കൈയിലല്ല എന്നു കാണാം. ആരംഭിച്ച ഒരു പ്രക്ഷോഭത്തിലേക്ക് അവരും ഐക്യദാര്‍ഢ്യപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഈ പ്രക്ഷോഭത്തിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്നൊരു നയത്തിലെത്താന്‍ അവര്‍ക്ക് ദിവസങ്ങള്‍ ആലോചിക്കേണ്ടി വന്നു. അപ്പോള്‍ ഈ പ്രക്ഷോഭകാരികള്‍ പല കോണുകളില്‍ നിന്ന് പലതരം രാഷ്ട്രീയ ബോധങ്ങളാല്‍ പുറപ്പെട്ടുവന്നവരാണെന്നു കാണാം. ഇത്രയധികം ചെറുപ്പക്കാരെ ഒരു പ്രക്ഷോഭത്തിലേക്കിറക്കിക്കൊണ്ടുവരാന്‍ കഴിയും എന്ന വിശ്വാസം ഇല്ലായിരുന്നു പഴയ നേതൃത്വങ്ങള്‍ക്ക്.  ഇതിനര്‍ഥം മുസ്‌ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ സാമൂഹിക മണ്ഡലത്തില്‍ അപ്രസക്തമാണ് എന്നല്ല. ഈജിപ്തിലെ രാഷ്ട്രീയ- സാമൂഹിക രംഗത്തെ വലിയൊരു സാന്നിധ്യമാണവര്‍. ശക്തമായ സംഘടനാ സംവിധാനവും അവര്‍ക്കുണ്ട്. ഒരുവേള ഈജിപ്തില്‍ നടക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാനും സാധ്യത അവര്‍ക്കുതന്നെയാണ്. അത്രയും ജനപിന്തുണയും അവര്‍ക്കുണ്ട്. അതേ സമയം പരമ്പരാഗതവും പരിചിതവുമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ഒരു പുതിയ രാഷ്ട്രീയ സംഘാടനം ഈ രാജ്യങ്ങളില്‍  സംഭവിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. പരമ്പരാഗത പ്രതിപക്ഷമായ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കുപുറമെ മറ്റു ചില പ്രതിപക്ഷധാരകളും അവിടങ്ങളില്‍ വളര്‍ന്നുവരുന്നുണ്ടായിരുന്നു. ബ്രദര്‍ ഹുഡ് ഇവരുമായി പിന്നീട് രാഷ്ട്രീയ ഇടപഴകലില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സംവാദങ്ങളും ചര്‍ച്ചകളും തുടരുന്നുമുണ്ട്. ഈ മേഖലയിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏകമുഖാത്മകമായ പ്രസ്ഥാനങ്ങള്‍ അല്ല. ആശയപരമായ സംഘര്‍ഷങ്ങളും ചര്‍ച്ചകളും അതിനകത്ത് വലിയ തോതിലുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡില്‍ തന്നെ പാരമ്പര്യ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരും അത്തരം മുദ്രാവാക്യങ്ങളില്‍ വിശ്വസിക്കുന്നവരും ഉണ്ട്. നിലവിലെ സൈനിക ഭരണകൂടത്തിനോടുള്ള സമീപനത്തെചൊല്ലി ബ്രദര്‍ഹുഡ് നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ ഉണ്ട്. അതേ സമയം പുതിയ രാഷ്ട്രീയ പ്രവണതകളോട് കുറേകൂടി ഉള്‍കൊള്ളലിന്റെയും സൗഹൃദത്തിന്റെയും രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്ന ഉര്‍ദുഗാന്‍ മോഡലില്‍ വിശ്വസിക്കുന്നവരുമുണ്ട്. അവരാണ് സംഘടനയില്‍ മുഖ്യം. ഈ വിപ്ലവങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കൂടുതല്‍ ചലനാത്മകമാക്കിയിട്ടുണ്ട് എന്നര്‍ഥം.

ഈ വിപ്ലവങ്ങള്‍ക്ക് പിന്നില്‍ സാമ്രാജ്യത്വ ശക്തികളുടെ തന്നെ ഗൂഢാലോചനയാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ടല്ലോ?
അറബ് ലോകത്തിന് എന്നും ഒരന്യത്വം കല്‍പ്പിച്ചുകൊടുക്കുകയായിരുന്നു ലോകത്തിന്റെ മുഖ്യധാര. തങ്ങളുടെ രാഷ്ട്രീയ ഭാഗധേയം രൂപവത്കരിക്കാന്‍ അവര്‍ക്ക് കഴിയില്ല എന്നത് അറബികളെക്കുറിച്ച ഓറിയന്റലിസ്റ്റ് പ്രചാരണമാണ്. ഈ പ്രചാരണമാണ് പാശ്ചാത്യ അട്ടിമറി എന്ന വാദമുയര്‍ത്തിപ്പിടിച്ച് ഇവര്‍ ഒരര്‍ഥത്തില്‍ ഏറ്റെടുത്തത്. ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ മതപരമായ ഒരു ഘടകംകൂടി ഓറിയന്റലിസ്റ്റുകളെ സ്വാധീനിച്ചിട്ടുണ്ടാകാം. ജനാധിപത്യം പോലുള്ള ഉയര്‍ന്ന സാമൂഹിക മൂല്യങ്ങള്‍ അറബ് ലോകത്ത് അമേരിക്കയോ യൂറോപ്യന്‍ യൂനിയനോ കൊണ്ടുവരേണ്ടതാണ് എന്നതാണ് പാശ്ചാത്യശക്തികളുടെ  കാഴ്ചപ്പാട്. നിങ്ങളെയൊന്നാകെ ജനാധിപത്യവല്‍ക്കരിച്ചു കളയും എന്നതായിരുന്നല്ലോ ഇറാഖീജനതയോടുള്ള ബുഷിന്റെ ഭീഷണി. മുകളില്‍ നിന്നും താഴേക്കുള്ള ജനാധിപത്യം എന്ന വീക്ഷണമാണ് പാശ്ചാത്യശക്തികളുടേത്. മറ്റുള്ളവരെക്കുറിച്ച് സ്വന്തം ഭാഗധേയം രൂപപ്പെടുത്താന്‍ കെല്‍പില്ലാത്ത ജനസമൂഹം എന്ന പുഛമനോഭാവത്തില്‍ നിന്നാണ് ഈ വീക്ഷണം രൂപപ്പെട്ടുവരുന്നത്. അതിനെതിരായ വലിയ പ്രഹരമാണ് അറബ് ജനത നല്‍കിയത്. അഥവാ ജനാധിപത്യവും രാഷ്ട്രീയമായ പക്വതയും ആരുടെയും കുത്തകയല്ല എന്നവര്‍ തെളിയിച്ചു. 'ഞാന്‍ ഒരറബിയായതില്‍ അഭിമാനിക്കുന്നു' എന്ന് തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ഒട്ടനേകം ചെറുപ്പക്കാര്‍ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ അഭിമാനബോധം വരുന്നത് തങ്ങള്‍ക്ക് തങ്ങളുടെ ഭാഗധേയം രൂപപ്പെടുത്താന്‍ കഴിവുണ്ട് എന്ന ബോധത്തില്‍ നിന്നാണ്.

അറബ് പ്രക്ഷോഭങ്ങള്‍ സവിശേഷമായൊരു ജനാധിപത്യ മാതൃക കാണിക്കുമ്പോള്‍ തന്നെ ലിബിയ അതിനൊരു അപവാദമല്ലേ?
ലിബിയന്‍ പോരാട്ടത്തിലെ നാറ്റോ ഇടപെടലിന് പിന്നില്‍ കേവലം സാമ്പത്തിക അജണ്ടയാണെന്ന് നാം തെറ്റിദ്ധരിക്കരുത്. ലിബിയയില്‍ തങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഖദ്ദാഫിയെ വകവരുത്തേണ്ട കാര്യം യഥാര്‍ഥത്തില്‍ പാശ്ചാത്യശക്തികള്‍ക്കില്ല. കാരണം, ചുരുങ്ങിയത് 2003 മുതല്‍ക്കെങ്കിലും അദ്ദേഹം പാശ്ചാത്യശക്തികളുടെ ഇഷ്ട തോഴനാണ്. ഇറ്റാലിയന്‍ കമ്പനികളാണ് ലിബിയയിലെ എണ്ണ വ്യവസായത്തിലെ കുത്തക ഭീമന്മാര്‍. ബ്രിട്ടനുമായും ഖദ്ദാഫിക്ക് നല്ല ബന്ധമായിരുന്നു. പുറമേക്ക് പാശ്ചാത്യവിരുദ്ധ പ്രസ്താവനകള്‍ ചിലത് ഖദ്ദഫി നടത്താറുണ്ടെങ്കിലും പ്രസ്താവനക്കപ്പുറം നീളുന്ന പ്രയോഗങ്ങളൊന്നും ആ വഴിയില്‍ ഖദ്ദാഫിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നല്ല ഒരു ഹീറോ ആകുന്നതിനപ്പുറത്തേക്ക് മറ്റൊരു തലവും ആ പ്രസ്താവനക്ക് ഇല്ലായിരുന്നു. പാശ്ചാത്യ ഭരണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയാണ് അദ്ദേഹം രാജ്യത്ത് നടപ്പിലാക്കിയതും. ലിബിയ, പാശ്ചാത്യരെ സംബന്ധിച്ചേടത്തോളം അത്ര വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഒരു സമ്പന്ന രാജ്യവുമല്ല. പിന്നെയും എന്തിനാണ് ഖദ്ദാഫി വിരുദ്ധ പോരാട്ടത്തില്‍ നാറ്റോ ഇടപെട്ടത് എന്ന് മനസ്സിലാക്കുമ്പോഴാണ് നാറ്റോ ആക്രമണത്തിന്റെ രാഷ്ട്രീയം നാം തിരിച്ചറിയുന്നത്.
പശ്ചിമേഷ്യന്‍ മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ തീരുമാനിക്കുന്നതില്‍ തങ്ങള്‍ സമ്പൂര്‍ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് അറബ് പ്രക്ഷോഭങ്ങള്‍ പടിഞ്ഞാറിന് നല്‍കിയിട്ടുണ്ട്. തങ്ങളുടെ നേതൃത്വവും നായകത്വവും ഇല്ലാതെ പശ്ചിമേഷ്യന്‍ ജനതക്ക് രാഷ്ട്രീയ ഭാഗധേയം രൂപപ്പെടുത്താന്‍ കഴിയില്ല എന്നതായിരുന്നു പടിഞ്ഞാറിന്റെ സിദ്ധാന്തവും കാലങ്ങളായുള്ള പ്രയോഗവും. ഇതിനെയാണ് ഇവിടത്തെ ജനത തിരുത്തിയത്. രാഷ്ട്രീയ തീരുമാനങ്ങളില്‍ തങ്ങള്‍ക്കുള്ള കുത്തകാധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് നാറ്റോ ആക്രമണത്തിലൂടെയുള്ള ഇടപെടലായി കലാശിച്ചത്. തുനീഷ്യയും ഈജിപ്തും അവരവരുടെ ഭാഗധേയം സ്വയം തീരുമാനിച്ചപ്പോഴാണ് ലിബിയയുടെ കാര്യത്തില്‍ നാറ്റോ ഇടപെടല്‍ സംഭവിക്കുന്നത്. തങ്ങളുടെ പങ്കാളിത്തം ഒരു ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതുവഴി പടിഞ്ഞാറ് ചെയ്തത്. തങ്ങളുടെ രാഷ്ട്രീയ ഭാവി കരുപ്പിടിപ്പിക്കുന്നതിനായി ആ മേഖലയില്‍ ആകമാനം ഉയര്‍ന്നുവന്ന തികച്ചും ജനകീയവും ജൈവികവുമായ ജനാധിപത്യ ഇടപെടലുകളെ തടയുക എന്നതാണ് ഈ ഇടപെടലിന്റെ രാഷ്ട്രീയം. ജനാധിപത്യത്തിന്റെ കുത്തകാധികാരമുള്ള തങ്ങള്‍ക്ക് പോലും സാധ്യമാകാത്തത് അറബ് ജനത നടത്തുന്നത് കണ്ടപ്പോള്‍ അതിലിടപെട്ട് കളങ്കപ്പെടുത്തുകയാണ് പടിഞ്ഞാറ് ചെയ്തത്. അത് ജനകീയ പ്രക്ഷോഭത്തിനേല്‍പ്പിച്ച പരിക്ക് ചില്ലറയല്ല. ഇത്തരം ഇടപെടല്‍ ഇതര അറബ് രാജ്യങ്ങളിലും പാശ്ചാത്യശക്തികള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനോടുള്ള ആ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതികരണം എന്ത് എന്നതാണ് പ്രധാനം.

പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയും സമരാരംഭമായി ചരിത്രം വിലയിരുത്തുന്നത് ഫ്രഞ്ച് വിപ്ലവത്തെയാണ്. എന്നാല്‍ അറബ് മേഖലയിലെ ജൈവിക ജനാധിപത്യ പ്രസ്ഥാനം എന്ന് താങ്കള്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ മുന്നേറ്റം ആ അര്‍ഥത്തില്‍ ചരിത്രത്തിലെ ഒരു പാരഡൈം ഷിഫ്റ്റ് എന്ന് വിലയിരുത്തപ്പെടേണ്ടതല്ലേ? കാരണം, പടിഞ്ഞാറിന്റെ ജനാധിപത്യ കാഴചപ്പാടിനുമപ്പുറത്തേക്ക് സഞ്ചരിക്കാന്‍ പല വിഷയങ്ങളിലും അവര്‍ക്ക് കഴിയുന്നുണ്ട്.
അത് കുറേക്കൂടി അവധാനതയിലും കാത്തിരുന്നും വിലയിരുത്തേണ്ട ഒരു കാര്യമാണ്. ഇപ്പോള്‍ രൂപപ്പെട്ട ജനകീയ ജനാധിപത്യ അന്തരീക്ഷവും ബഹുസ്വരതയോടുള്ള ക്രിയാത്മകമായ സമീപനവുമെല്ലാം തുടരാന്‍ സാധിക്കുമോ എന്നതിനനുസരിച്ചാണ് ചരിത്രത്തില്‍ ഈ വിപ്ലവം വിലയിരുത്തപ്പെടുക. ഈ ബഹുസ്വരതയും ജനാധിപത്യബോധവും നിലനിര്‍ത്തുകയാണെങ്കില്‍ ഈ മേഖലക്ക് വലിയ രാഷ്ട്രീയ ഭാവിയുണ്ട്. അതേ സമയം ഇതിനെ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്ര ശാഠ്യത്തിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് വലിയ തിരിച്ചടിയുമായിരിക്കും. പ്രക്ഷോഭ സമയത്തെ നല്ല പ്രവണതകളെ ഭരണ പ്രക്രിയയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നത് പ്രസക്തമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ഈ പ്രക്ഷോഭത്തിലെ സെക്യുലര്‍ കക്ഷികളുടെ പങ്കിനെ നാം നിസ്സാരമായി കാണരുത്. അവര്‍ ഒരു പക്ഷേ വ്യവസ്ഥാപിതവും വലിയ ജനബാഹുല്യവും ഉള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ രൂപത്തില്‍ ആയിക്കൊള്ളണം എന്നുമില്ല. വരുംകാലത്തും അവരെ ഭരണകക്ഷികള്‍ എങ്ങനെ ഉള്‍ക്കൊള്ളും എന്നതിനനുസരിച്ചേ നമുക്കിതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.

സെക്യുലര്‍ ജനാധിപത്യവാദികള്‍ പോലും പുറത്താക്കലിന്റെ രാഷ്ട്രീയം പരീക്ഷിക്കുമ്പോഴാണ് അറബ് മേഖലയില്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം പരീക്ഷിക്കുന്നത്. പരാജയപ്പെട്ട കക്ഷികള്‍ക്ക് പോലും ഭരണത്തില്‍ പങ്കാളിത്തം നല്‍കിക്കൊണ്ട് ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഗനൂശി പ്രഖ്യാപിച്ചിരിക്കുന്നത്. അഥവാ ഉര്‍ദുഗാന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഒരു മോഡല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്നിലുണ്ട്?
ഉര്‍ദുഗാന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ആ അര്‍ഥത്തില്‍ ഏറെ ശ്രദ്ധേയമാണ്. അതേസമയം അറബ് രാജ്യങ്ങള്‍ക്കില്ലാത്ത ചില സവിശേഷതകള്‍ തുര്‍ക്കിക്കുണ്ട് എന്നതും നാം ഓര്‍ക്കണം. ആ സവിശേഷതകള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പലപ്പോഴും ഉര്‍ദുഗാന് അത്തരം പരീക്ഷണങ്ങള്‍ സാധ്യമാകുന്നത്. ഒരു ഏകീകൃത രാഷ്ട്ര ഘടന രൂപപ്പെടുത്തിയെടുക്കുന്നതില്‍ കമാല്‍ അത്താതുര്‍ക്ക് വിജയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് നാം യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുമ്പോഴും ഇതദ്ദേഹത്തിന്റെ വലിയൊരു നേട്ടമാണ്. ഒരു വേള കുര്‍ദിശ് പ്രശ്‌നമൊന്നും പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കല്‍ പോലും ഒരു ഏകീകൃത രാഷ്ട്രമെന്ന കാഴ്ചപ്പാട് ജനങ്ങളില്‍ കരുപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. അതിനെ നിലനിര്‍ത്തിക്കൊണ്ടും ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ് ഉര്‍ദുഗാന്‍ തന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തുന്നത്.
പല അറബ് രാജ്യങ്ങളുടെയും പ്രശ്‌നം അവിടങ്ങളില്‍ ഇങ്ങനെയൊരു ഏകീകൃത രാഷ്ട്ര സങ്കല്‍പം നിലനില്‍ക്കുന്നില്ല എന്നതാണ്. പ്രാദേശിക ജനവിഭാഗങ്ങള്‍, ഗോത്രവര്‍ഗങ്ങള്‍, ഭാഷാ പ്രവിശ്യകള്‍ ഇങ്ങനെ പലതരം ഗ്രൂപ്പുകളുടെ നിയന്ത്രണത്താല്‍ ഛിന്നഭിന്നമാണ് പല രാജ്യങ്ങളും. ഇത്തരം ഗോത്രങ്ങള്‍ക്കിടയിലും ഗ്രൂപ്പുകള്‍ക്കിടയിലുമാകട്ടെ ആഴമേറിയ പ്രശ്‌നങ്ങളും അകല്‍ച്ചകളും നിലനില്‍ക്കുന്നുമുണ്ടാകും. ലിബിയയൊക്കെ അതിന്റെ നേര്‍ ചിത്രമാണ്. ഇത്തരം രാജ്യങ്ങളെ വരും ഭരണകൂടങ്ങള്‍ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്നതും പ്രസക്തമായ ഒരു വിഷയമാണ്.

മതകീയമായിരിക്കുമ്പോള്‍ തന്നെ ഇസ്‌ലാം രാഷ്ട്രീയവും വിമോചനവുമാണ് എന്ന ആശയം നമ്മുടെ സമൂഹത്തില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മതരാഷ്ട്രവാദം തുടങ്ങിയ തെറിപ്പദങ്ങള്‍ അതിനെതിരെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ അറബ് തെരുവുകള്‍ ആത്മീയ ഉള്ളടക്കമുള്ള രാഷ്ട്രീയത്തെയും ആവിഷ്‌കരിച്ചില്ലേ?
ഇസ്‌ലാം ചരിത്രത്തില്‍ പല രൂപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. വിമോചന ഇസ്‌ലാം, സൂഫി ഇസ്‌ലാം, ദാര്‍ശനിക ഇസ്‌ലാം... ഇങ്ങനെ ഇസ്‌ലാമിന്റെ പലതരം ആവിഷ്‌കാരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിലേതെങ്കിലും ഒന്നിനെമാത്രം ആശ്ലേഷിച്ച് മറ്റേതെല്ലാം തെറ്റാണെന്ന് സിദ്ധാന്തിക്കുന്നത് അല്‍പത്തരമാണ്. വിമോചനാത്മകതയും രാഷ്ട്രീയവും ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകത്തിന്റെ പൊതുധാരണക്കപ്പുറത്താണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കം. ഈ പൊതുധാരണയെ അറബ് പ്രക്ഷോഭങ്ങള്‍ വലിയൊരളവില്‍ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മാത്രമല്ല ഇസ്‌ലാം- ജനാധിപത്യം, അറബ്- ജനാധിപത്യം തുടങ്ങിയ വേര്‍തിരിവുകള്‍ക്കും ഈ വിപ്ലവങ്ങള്‍ വലിയ തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്.
ഒരു സമൂഹം അവരുടെ വിശ്വാസത്തെയും മതകീയ ജീവിതത്തെയും രാഷ്ട്രീയ ഇടപെടലുകളെയും എപ്രകാരമാണോ ആവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നത് അപ്രകാരം ആവിഷ്‌കരിക്കാന്‍ ഈ മുന്നേറ്റങ്ങള്‍ തുറസ്സു നല്‍കിയിട്ടുണ്ട് എന്നതാണ് പ്രധാനം.

അന്നഹ്ദ തുനീഷ്യയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗനൂശി നടത്തിയ പ്രസ്താവനകള്‍ ഇസ്‌ലാമിസ്റ്റുകളുടെ ജനാധിപത്യ ബോധത്തെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ലേ?
ദീര്‍ഘവീക്ഷണമുള്ള ഒരു ചിന്തകന്റെ അഭിപ്രായമാണ് ഗനൂശിയിലൂടെ നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഭരണകൂടമാകുമ്പോള്‍ അവരെന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. അതദ്ദേഹം ചരിത്രത്തില്‍ തെളിയിക്കേണ്ടതാണ്. ചരിത്രത്തില്‍ പലതരം മുന്നേറ്റങ്ങളും നാം കണ്ടിട്ടുണ്ട്. പലതരം ദുരനുഭവങ്ങളും നമുക്കുണ്ട്. അതേസമയം ചരിത്രത്തില്‍ നിര്‍ണായകമായൊരു പരിവര്‍ത്തനത്തിന്റെ പലതരം പ്രവണതകള്‍ ഈ വിപ്ലവങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതേ സമയം ഇപ്പോഴുള്ള ഈ വിശാലതകള്‍ നഷ്ടപ്പെടുകയും വൈവിധ്യങ്ങളെ ഏകതയിലേക്ക് മടക്കികൊണ്ടുപോകുകയും ചെയ്യുമോ എന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. ജനങ്ങളുടെ നിരന്തരമായ ഇടപെടലും ജാഗ്രതയുമാണ് ഇതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടത്.

അറബ് പ്രക്ഷോഭങ്ങളെ അരാഷ്ട്രീയ വിപ്ലവങ്ങള്‍ എന്നും വിലയിരുത്തപ്പെടാറുണ്ട്?
ജനവിരുദ്ധ ഭരണകൂടത്തിനെതിരെ തിരിയുക എന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണുള്ളത്. അറബ് ജനതയെക്കുറിച്ച ഓറിയന്റലിസ്റ്റ് മുന്‍ധാരണകളില്‍ വിശ്വസിക്കുന്നവരും കേന്ദ്രീകൃത പ്രത്യയ ശാസ്ത്രങ്ങളിലൂടെ മാത്രമേ സാമൂഹിക പരിവര്‍ത്തനം സംഭവിക്കുകയുള്ളൂ എന്നു വിശ്വസിക്കുന്നവരുമാണ് ഇതിനെ അരാഷ്ട്രീയം എന്നു വിളിക്കുന്നത്.

ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും വര്‍ദ്ധിത അളവിലുള്ള പങ്കാളിത്തവും അറബ് പ്രക്ഷോഭങ്ങളുടെ സവിശേഷതയാണ്. ചെറുപ്പക്കാര്‍, സ്ത്രീകള്‍, അതില്‍ തന്നെ മുസ്‌ലിം സ്ത്രീ ഇതെല്ലാം പലതരം വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കപ്പെട്ട വിഭാഗങ്ങളാണ് നമ്മുടെ സമൂഹത്തില്‍. ഈ വിലയിരുത്തലുകളെ ഈ വിപ്ലവങ്ങള്‍ എങ്ങനെയെല്ലാം സ്വാധീനിക്കും?
പുതുതലമുറയെക്കുറിച്ച് പ്രത്യേകിച്ച് ചെറുപ്പക്കാരെക്കുറിച്ച് ലോകത്തിന്റെ ധാരണകള്‍ പലതും തെറ്റാണെന്ന് ഇത് തെളിയിച്ചു കഴിഞ്ഞു. ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയ ബോധമില്ല എന്നതായിരുന്നു പൊതുധാരണ. പ്രത്യേകിച്ചും അറബ് മേഖലയിലെ ചെറുപ്പക്കാരെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ച മുന്‍ധാരണകള്‍ ലോകം വെച്ചുപുലര്‍ത്തിയിരുന്നു. മുസ്‌ലിം സ്ത്രീകളെക്കുറിച്ച ധാരണയും സമാനമായിരുന്നു. ലോകതലത്തില്‍ മുസ്‌ലിം സമൂഹത്തിലും മുസ്‌ലിം ഗ്രൂപ്പുകളിലും സ്ത്രീകളെക്കുറിച്ചും ചെറുപ്പക്കാരെക്കുറിച്ചും ഗൗരവമേറിയ പുനരാലോചനകള്‍ ഇന്ന് നടക്കുന്നു എന്നത് ഈ വിപ്ലവത്തിന്റെ ശുഭ സൂചനയാണ്. സൈനബുല്‍ ഗസാലിയെ പോലുള്ളവര്‍ ഒരു കാലത്ത് ബ്രദര്‍ഹുഡിനകത്ത്  നടത്തിയ സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ഇടപെടലുകള്‍ വേണ്ട അളവില്‍ വിജയിക്കാതെ പോവുകയായിരുന്നു. സ്ത്രീകളുടെ നേതൃസ്ഥാനം എന്നത് ബ്രദര്‍ ഹുഡില്‍ ഒരു കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. സ്ത്രീയുടെ അസ്തിത്വത്തേയും ശേഷിയേയും പഴയതു പോലെ കണ്ടാല്‍ പോര എന്ന് മുസ്‌ലിം സമൂഹം തിരിച്ചറിയണം. വിപ്ലവാനന്തരം രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ഇടങ്ങളില്‍ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും എത്ര അളവില്‍ പ്രാതിനിധ്യം നല്‍കാന്‍ ശ്രമിക്കും എന്നതും സുപ്രധാനമായ ഒരു കാര്യമാണ്. ഞാന്‍ മനസ്സിലാക്കുന്നത് അതിനെചൊല്ലി ഇത്തരം പല രാജ്യങ്ങളിലും പരമ്പരാഗത നേതൃത്വവും പുതിയ തലമുറയും തമ്മില്‍ വലിയ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ്.

നമ്മുടെ രാജ്യത്തും കേരളത്തിലും ഏതര്‍ഥത്തിലായിരിക്കും പശ്ചിമേഷ്യന്‍ സംഭവവികാസങ്ങള്‍ സ്വാധീനം ചെലുത്തുക? ഇന്ത്യ ഈ സംഭവവികാസങ്ങളെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍കൊണ്ടിട്ടുണ്ടോ?
ഇന്ത്യന്‍ ഭരണകൂടത്തിന് ഈ മേഖലയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ ഇനിയും മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ജനാധിപത്യ പ്രക്ഷോഭങ്ങളെ ഉള്ളുതുറന്ന് സ്വാഗതം ചെയ്യാന്‍ ഇന്ത്യക്ക് കഴിയാതെ പോകുന്നു. കേരളമാകട്ടെ ഈ മേഖലയുമായി അഭേദ്യമായി  ജീവിതബന്ധമുള്ള നാടാണ്. നമ്മുടെ ലക്ഷക്കണക്കിന് സഹോദരന്മാര്‍ ഈ നാടുകളിലായി ജീവിക്കുന്നവരുമാണ്. അതേസമയം നമ്മുടെ മാധ്യമങ്ങള്‍ ഈ സംഭവവികാസങ്ങളെ വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ചക്കെടുക്കുന്നില്ല. ഒന്നാമതായി അവരുടെ അജ്ഞതയാണതിന് കാരണം. അവര്‍ക്കീ മേഖലയുടെ സാമൂഹിക- രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അധികമൊന്നും അറിയില്ല. അതിന്റെ പ്രസക്തിയും അറിയില്ല. മുസ്‌ലിം മേഖല എന്നൊരു മുന്‍ധാരണയും അവരെ നയിക്കുന്നുണ്ടാകാം. എല്ലാം മുന്‍ധാരണയോട് കൂടി നോക്കികാണുക എന്നത് കേരളത്തിന്റെ ഒരു സവിശേഷതയാണ്. പ്രാദേശിക പ്രശ്‌നങ്ങളും അതിലൂടെ സൃഷ്ടിക്കാവുന്ന വായന- കച്ചവട സാധ്യതകളാക്കെയാണ് ഇന്നും അവരുടെ ടാര്‍ഗറ്റ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം