ശിക്ഷാനിയമങ്ങളുടെ മൊറട്ടോറിയം
താരിഖ് റമദാന്‍: ജീവിതവും ചിന്തയും-3
2003 നവംബറില്‍ മോഷണക്കുറ്റത്തിന് കരഛേദം, വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലല്‍, വധശിക്ഷ തുടങ്ങിയ ഇസ്‌ലാമിക ക്രിമിനല്‍ ശിക്ഷാനിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുസ്‌ലിം രാജ്യങ്ങള്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താരിഖ് റമദാന്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. 'ഹുദൂദ്' നിയമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഈ ആഹ്വാനം 2005 മാര്‍ച്ച് 20നു അദ്ദേഹം ആവര്‍ത്തിച്ചു. സ്വാഭാവികമായും ഈ ആഹ്വാനം അറബ്-മുസ്‌ലിം നാടുകളില്‍ വന്‍വിവാദത്തിനു കാരണമായി. റമദാന്റെ 'മൗലികപരിഷ്‌കരണ ചിന്തകള്‍' സുസമ്മത പ്രമാണങ്ങളെ ലംഘിക്കുന്നതായി ആരോപണമുയര്‍ന്നു. റമദാന്റെ ആഹ്വാനം തികച്ചും അനവസരത്തിലുള്ളതായിപ്പോയെന്നായിരുന്നു ചില പരമ്പരാഗത മതപണ്ഡിതന്മാരുടെ പ്രതികരണം. 'ഇസ്‌ലാം ഓണ്‍ലൈന്‍' വെബ് സൈറ്റ് ഒരു 'പാശ്ചാത്യവീക്ഷണം' എന്ന നിലയില്‍ ആഹ്വാനത്തെ അവതരിപ്പിച്ചുകൊണ്ട് ധൃതിപിടിച്ച ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത മതപണ്ഡിതന്മാരിലേറെയും റമദാന്റെ 'അതിവാദങ്ങള്‍'ക്ക് ഇസ്‌ലാമിക നിയമമീമാംസ (ഫിഖ്ഹ്)യുടെയോ നിയമ നിദാനശാസ്ത്ര(ഉസ്വൂലുല്‍ ഫിഖ്ഹ്)ത്തി ന്റെയോ പിന്തുണയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ലോക മുസ്‌ലിം പണ്ഡിതസഭ (ഇത്തിഹാദു ഉലമാഇല്‍ മുസ്‌ലിമീന്‍ അല്‍ആലമി), യൂറോപ്യന്‍ ഫത്‌വാ കൗണ്‍സില്‍, അംഗീകൃത ഫിഖ്ഹ് അക്കാദമികള്‍ എന്നിവയില്‍ അവതരിപ്പിക്കുന്നതിനു പകരം തന്റെ ചിന്തകള്‍ മാധ്യമങ്ങള്‍ക്ക് വിഭവമാക്കിയ റമദാന്റെ രീതിയെയും അനൗചിത്യമായാണു അവര്‍ കണ്ടത്. അല്‍ അസ്വ്ര്‍ മാഗസിനില്‍ താരിഖ് ദയ്‌ലൂനി എഴുതിയ വിസ്തരിച്ച ഖണ്ഡനത്തില്‍ റമദാന്‍ കഠിനവിമര്‍ശത്തിനു പാത്രമാവുകയുമുണ്ടായി. ദിശാബോധമില്ലാത്ത ചായക്കോപ്പയിലെ കൊടുങ്കാറ്റാണു റമദാന്റെ 'മൗലിക പരിഷ്‌കരണ വാദങ്ങള്‍' ചിലരുടെ ദൃഷ്ടിയില്‍. പാശ്ചാത്യ ഇസ്‌ലാമികധാര മുമ്പെത്തേക്കാള്‍ ശക്തവും സജീവവുമാണിന്ന്. ആ സാന്നിധ്യത്തിന്റെ തരംഗങ്ങള്‍ അറബ്-മുസ്‌ലിം, ഭൂരിപക്ഷനാടുകളില്‍ കൂടി അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളോടുള്ള പ്രതിരോധമാണ് റമദാന്‍ വിമര്‍ശങ്ങളുടെ രൂപത്തില്‍ പ്രകടമാവുന്നത്. മുസ്‌ലിംനാടുകളില്‍ സ്പഷ്ടമായ സാമൂഹികാനീതികള്‍ നിലനില്‍ക്കുന്നതായി റമദാന്‍ നിരീക്ഷിക്കുന്നു. സ്ത്രീകള്‍ വലിയ തോതില്‍ അടിച്ചമര്‍ത്തപ്പെടുന്നു. അതിനാല്‍ മുസ്‌ലിംനാടുകളിലെ പൗരജനം 'ഹുദൂദ്' നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാന്‍ തങ്ങളുടെ ഭരണകൂടങ്ങളോടു ആവശ്യപ്പെടുകയും, മതപണ്ഡിതന്മാരും ബുദ്ധിജീവികളും ബഹുജനനേതാക്കളും ഈ വിഷയത്തില്‍ യുക്തിപൂര്‍വം ഗൗരവമാര്‍ന്ന തുറന്ന ചര്‍ച്ച നടത്തുകയും ചെയ്യണമെന്നാണ് റമദാന്റെ ആഹ്വാനം. മതപണ്ഡിതന്മാരുടെ അധികാരസീമയിലുള്ള വിഷയത്തില്‍ സാമാന്യ ജനത്തെ ഇടപെടുവിക്കുന്നതായാണു ഇത് വിലയിരുത്തപ്പെട്ടത്. ഇസ്‌ലാമിക നിയമത്തിന്റെ പ്രാകൃതത്വത്തെ കുറിച്ചു പാശ്ചാത്യരും അറബുസെക്യുലരിസ്റ്റുകളും കാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശത്തെ സാധൂകരിക്കാനാണ് റമദാന്റെ ആഹ്വാനം സഹായകമാവുക എന്നും ഇവര്‍ ആശങ്കിക്കുന്നു. ശരീഅത്ത് എന്നാല്‍ ചിലര്‍ സങ്കല്‍പിക്കുന്ന പോലെ ഹുദൂദുകളിലോ ശിക്ഷാ നിയമങ്ങളിലോ പരിമിതമല്ലെന്ന് ഡോ. യൂസുഫുല്‍ ഖറദാവി ചൂണ്ടിക്കാട്ടുന്നു. മനുഷ്യനും ദൈവവും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലുമുള്ള ബന്ധങ്ങളെ ക്രമീകരിക്കുന്ന വിശാലമായ വ്യവസ്ഥയാണത്. ജനങ്ങളെ ശിക്ഷിക്കാനുള്ള കാരണങ്ങള്‍ തേടി നടക്കുകയല്ല ഇസ്‌ലാം എന്ന് ഖറദാവി പറയുന്നു. ശിക്ഷയെ അപ്രസക്തമാക്കുന്ന സാമൂഹിക വ്യവസ്ഥയെയാണു ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ശിക്ഷകള്‍ നടപ്പിലാക്കണമെങ്കില്‍ തന്നെ കര്‍ശന വ്യവസ്ഥകളും ഉപാധികളുമുണ്ട്. സംശയത്തിന്റെ നിസാരമായൊരു ആനുകൂല്യത്തില്‍ ശിക്ഷ റദ്ദായിപ്പോകും.
ഖറദാവിയുടെ വാക്കുകളെ സാധൂകരിക്കുന്നതാണോ മുസ്‌ലിം ഭരണകൂടങ്ങളുടെ അവസ്ഥ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ആ ഒരു അര്‍ഥതലത്തില്‍ നിന്നുകൊണ്ട് തന്നെയല്ലേ യഥാര്‍ഥത്തില്‍ താരിഖ് റമദാനും സംസാരിക്കുന്നത്? സാമൂഹികനീതി പോയിട്ട് നിയമവാഴ്ച തന്നെ നിലനില്‍ക്കുന്ന എത്ര മുസ്‌ലിം രാജ്യങ്ങളുണ്ട്? മോഷണത്തിന് കരഛേദം നടപ്പിലാക്കുന്ന അറബുരാജ്യങ്ങളില്‍ വന്‍തോതില്‍ പൊതുമുതല്‍ അപഹരിക്കുന്ന ഭരണസിരാകേന്ദ്രങ്ങളിലെ 'മാന്യന്മാരി'ല്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടതിന് ഉദാഹരണമുണ്ടോ? ഇസ്‌ലാം എന്ന് കേള്‍ക്കുമ്പോള്‍ പാശ്ചാത്യന്റെ മനസ്സില്‍ പ്രാകൃതമായൊരു ചിത്രം കൊത്തിവെക്കപ്പെടുന്നതില്‍ മുസ്‌ലിംനാടുകളിലെ വ്യവസ്ഥകളുടെ പങ്ക് നിഷേധിക്കാനാകുമോ? സുതാര്യമായ അന്തരീക്ഷം നിലനില്‍ക്കുന്ന പടിഞ്ഞാറ് ഇസ്‌ലാമിന്റെ സന്ദേശം അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന താരിഖ് റമദാനെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് മുസ്‌ലിം നാടുകളിലെ അവസ്ഥ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ അറബ് സമൂഹത്തിലെ മതപണ്ഡിതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചു കൊള്ളണമെന്നില്ല. തന്റെ ആഹ്വാനത്തിന്റെ പൂര്‍ണരൂപം കാണാതെയാണ് പലരും പ്രതികരിച്ചതെന്ന് റമദാന് തന്നെ പരാതിയുണ്ട്. റാഡിക്കല്‍ റിഫോമില്‍ റമദാന്‍ ഈ വിഷയം സാമാന്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (Case Studies, The Islamic Penal Code (Hudood) and the Moratorium, P. 276-280). കിഴക്കും പടിഞ്ഞാറുമുള്ള ഉഭയ ധ്രുവീകരണ ശക്തികളെയും റമദാന്റെ ആഹ്വാനം നീരസപ്പെടുത്തി. റമദാന്റെ സമീപനം പാശ്ചാത്യ ചിന്തകര്‍ക്ക് പര്യാപ്തമായി തോന്നിയില്ല. കാലഹരണപ്പെട്ട ഇസ്‌ലാമിക പീനല്‍ കോഡ് അപ്പാടെ തള്ളിപ്പറയണമെന്നായിരുന്നു അവരുടെ വീക്ഷണം. എന്നാല്‍ മുസ്‌ലിം ലോകത്തിലെ നിയമജ്ഞരും ബുദ്ധിജീവികളും, പടിഞ്ഞാറിനെ പ്രീണിപ്പിക്കാനുള്ള അമിതമായി പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ഒരു മനസ്സിന്റെ ഉല്‍പന്നമായാണ് ഇതിനെ കണ്ടത്. ഈജിപ്ഷ്യന്‍ മുഫ്തി അലി ജുംഅ എഴുതിയ വിസ്തരിച്ച മറുപടിയില്‍ ആഹ്വാനത്തിന്റെ ഉള്ളടക്കത്തിലെ സത്ത അംഗീകരിച്ചെങ്കിലും അതിന്റെ അവതരണരീതിയെ എതിര്‍ത്തു. അദ്ദേഹം നിര്‍വഹിക്കുന്ന ഔദ്യോഗിക ചുമതല പരിഗണിക്കുമ്പോള്‍ ഈ നിലപാടില്‍ അത്ഭുതമൊന്നുമില്ലെന്നാണു താരിഖ് റമദാന്‍ അഭിപ്രായപ്പെടുന്നത്. ഉള്ളടക്കം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ മുന്‍ഗണനാ പ്രസക്തി നിലനില്‍ക്കുന്ന വസ്തുത ഒപ്പം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ആഗോളതലത്തിലുള്ള ഒരു സംവാദമായിരുന്നു ഈ ആഹ്വാനത്തിലൂടെ റമദാന്‍ ഉദ്ദേശിച്ചിരുന്നത്. ആ അളവില്‍ അത് നടക്കാതെ പോയതില്‍ അദ്ദേഹത്തിനു കുണ്ഠിതമുണ്ട്. താരിഖ് റമദാന്റെ വാദം തീരെ നിരാസ്പദമാണെന്ന തിരസ്‌കാരം ഇസ്‌ലാമിക നിയമനിര്‍മാണ ചരിത്ര (താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി)ത്തെ കുറിച്ചുള്ള അജ്ഞതയുടെ ഫലമാണ്. ഖലീഫ ഉമര്‍ ക്ഷാമകാലത്ത് പീനല്‍ കോഡു സസ്‌പെന്റ് ചെയ്ത സംഭവം റമദാന്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്. കാരണങ്ങളും സന്ദര്‍ഭങ്ങളും ശിക്ഷയുടെ പ്രയോഗവല്‍ക്കരണത്തെ എങ്ങനെ സ്വാധീനിക്കുമെന്നും നിഷ്‌കൃഷ്ടമായ നീതിയുമായി അത് എങ്ങനെ ചേര്‍ന്ന് നില്‍ക്കണമെന്നും ഇസ്‌ലാമിലെ സാമൂഹ്യനീതി എന്ന കൃതിയില്‍ സയ്യിദ് ഖുതുബ് ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിച്ചതായി കാണാം. ഇബ്‌നു ഹാത്തിബു ഇബ്‌നു അബീ ബല്‍തഅയുടെ ചില വേലക്കാര്‍ മുസൈന ഗോത്രത്തില്‍ പെട്ട ഒരാളുടെ ഒട്ടകത്തെ മോഷ്ടിച്ചു. അവരുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷനടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉമര്‍ മടക്കി വിളിച്ച് ആജ്ഞാപിച്ചു. ''അല്ലാഹുവാണ, നിങ്ങള്‍ ഇവരെക്കൊണ്ട് കഠിനവേല ചെയ്യിക്കുന്നു. എന്നിട്ടു ഇവരിലാരെങ്കിലും ഹറാമായത് ഭക്ഷിച്ചാല്‍ അത് കൂടി ഹലാലായിപ്പോകും വിധം ഇവരെ പട്ടിണിക്കിടുന്നു.'' പിന്നീട് ഇബ്‌നു ഹാതിബിന്റെ നേരെ തിരിഞ്ഞു: ''ഞാനത് ചെയ്യാത്ത സ്ഥിതിക്ക് വേദനിപ്പിക്കുന്ന ഒരു ഭാരം നിന്നെ വഹിപ്പിക്കാന്‍ പോവുകയാണ്.'' തുടര്‍ന്ന് മുസൈനക്കാരനോടു ചോദിച്ചു: ''നിന്റെ ഒട്ടകത്തിന് എന്ത് വില മതിക്കും?'' ''200 ദിര്‍ഹം.'' അയാള്‍ പറഞ്ഞു. ''ശരി.'' ഇബ്‌നു ഹാതിബിന്റെ നേരെ തിരിഞ്ഞു: ''ചെല്ല്. അയാള്‍ക്ക് 800 കൊടുക്കുക.'' മോഷ്ടിച്ച വേലക്കാരെ വെറുതെ വിടുക മാത്രമല്ല യജമാനനെ ശിക്ഷിക്കുകയുമാണ് ഇവിടെ. ഇസ്‌ലാമിനെ കേവലം ശിക്ഷാ പദ്ധതിയായി അവതരിപ്പിക്കുന്ന മുസ്‌ലിം ഭരണകൂടങ്ങളെ ഈ ചരിത്ര പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ശരിയായ നിയമോപദേശം പോലും പ്രാപ്യരല്ലാത്ത സ്ത്രീകളും ദരിദ്രരുമടങ്ങിയ ദുര്‍ബലവിഭാഗങ്ങളാണ് കൂടുതലായും നിയമത്തിന്റെ ഇരകളാകുന്നതെന്ന് കൂടി റമദാന്‍ എടുത്ത് പറയുന്നുണ്ട്. ജയിലറകളില്‍ വിചാരണപോലും ചെയ്യപ്പെടാത്ത രാഷ്ട്രീയത്തടവുകാര്‍. ലോകാടിസ്ഥാനത്തില്‍ തന്നെ ഇതിന്നെതിരെ കാമ്പയിന്‍ നടത്തണമെന്നാണു റമദാന്റെ ആവശ്യം. ഏഷ്യയിലെയോ ആഫ്രിക്കയിലെയോ ഏതെങ്കിലും പിന്നോക്ക രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ബഹളം വെക്കുന്ന പാശ്ചാത്യ രാജ്യങ്ങളും മീഡിയയും പെട്രോമൊണാര്‍ക്കികളില്‍ നടക്കുന്ന സംഭവങ്ങളുടെ നേരെ കണ്ണുചിമ്മുന്നതിനെയും റമദാന്‍ നിശിതമായി വിമര്‍ശിക്കുന്നു.
ഖണ്ഡിതമായ വേദപാഠങ്ങളെയാണു റമദാന്‍ നിരാകരിക്കുന്നതെന്നാണ് പടിയടിച്ച് അദ്ദേഹത്തെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കാന്‍ ധൃഷ്ടരായ ചിലര്‍ ആരോപിച്ചത്. എന്നാല്‍ ജീവന്‍, ധനം, അഭിമാനം എന്നിവയുടെ സംരക്ഷണം എന്ന ശരീഅത്തിന്റെ ഉന്നതമൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും (മഖാസ്വിദുശ്ശരീഅഃ) അടിത്തറയില്‍ ഊന്നുന്നതാണു തന്റെ നിലപാടെന്നാണു റമദാന്റെ മറുപടി. ഇതാകട്ടെ ശാത്വബി, ഷാഹ് വലിയുല്ലാഹിദഹ്‌ലവി തുടങ്ങിയ ഉന്നത ശീര്‍ഷരായ ഇസ്‌ലാമിക നിദാന ശാസ്ത്രകാരന്മാര്‍ (ഉസ്വുലിയൂന്‍) അംഗീകരിച്ചിട്ടുള്ളതുമാണ്.
ഇസ്‌ലാമിക സമൂഹത്തിന്റെ ഐഡന്റിറ്റി 'ഹുദൂദ്' (പീനല്‍ കോഡ്) ആണെന്ന ഒരു ധാരണ എങ്ങനെയോ മുസ്‌ലിം സാമാന്യജനത്തില്‍ വേരുറച്ചു പോയിട്ടുണ്ട്. അത്യന്തം വൈകാരികമാണു അതിന് നേരെയുള്ള ബഹുജനങ്ങളുടെ മനോഭാവം. ഈ ജനവികാരത്തോടുള്ള ഭയമാണു മുസ്‌ലിംനാടുകളിലെ മതപണ്ഡിതന്മാരെ നയിക്കുന്നത്. ഈ വിഷയത്തില്‍ തുറന്ന അഭിപ്രായപ്രകടനത്തിനു അവര്‍ മടിക്കുന്നത് അതുകൊണ്ടാണെന്ന് റമദാന്‍ പറയുന്നു. പടിഞ്ഞാറും മൊറോക്കോയിലും പാകിസ്താനിലും ഇന്തോനേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള പല പണ്ഡിതന്മാരും സ്വകാര്യ സംഭാഷണത്തില്‍ തന്റെ ആഹ്വാനത്തിലെ ഉള്ളടക്കത്തോടു യോജിപ്പ് പ്രകടിപ്പിച്ചതും റമദാന്‍ അനുസ്മരിക്കുന്നു. അവര്‍ നിശ്ശബ്ദരാണ്. കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ബഹുജനങ്ങളിലുള്ള തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുപോകുമെന്ന് അവര്‍ ഭയപ്പെടുന്നു. ബഹുജനങ്ങളെ നയിക്കേണ്ടവര്‍ അവരാല്‍ നയിക്കപ്പെടുന്ന ദുരവസ്ഥ!
പാശ്ചാത്യവിമര്‍ശത്തോടുള്ള പ്രതികരണം മുസ്‌ലിംനിലപാട് രൂപവത്കരണത്തെ നിഷേധാത്മകമായി സ്വാധീനിക്കുന്ന ഒരവസ്ഥയും നിലനില്‍ക്കുന്നുണ്ട്. പാശ്ചാത്യര്‍ പ്രാകൃതത്വം ആരോപിക്കുന്നതിനാല്‍ എന്ത് ദോഷങ്ങളുണ്ടെങ്കിലും നിലനില്‍ക്കുന്ന അവസ്ഥയെ മുറുകെ പിടിക്കണമെന്ന ഒരുവാശിയിലേക്ക് ഇത് നയിക്കുന്നു. സദാചാര ജീര്‍ണത ബാധിച്ചവരാണു പാശ്ചാത്യസമൂഹം. ലൈംഗികകുറ്റങ്ങളോടു ലാഘവമനോഭാവമുള്ളവര്‍. അതുകൊണ്ടാണ് ഇസ്‌ലാമിക പീനല്‍ കോഡിനെ അവര്‍ എതിര്‍ക്കുന്നത്. അതുകൊണ്ട് പ്രയോഗവല്‍ക്കരണത്തില്‍ എന്ത് ന്യൂനതയുണ്ടെങ്കിലും അത് മുറുകെ പിടിക്കുകതന്നെ വേണം. ഇതാണ് ചിന്താഗതി. പാശ്ചാത്യ നിലപാടിനെ എതിര്‍ധ്രുവത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള നിഷേധാത്മക നിലപാടു രൂപീകരണത്തില്‍ വേറെയും ഉദാഹരണങ്ങള്‍ കാണാം. ജനാധിപത്യത്തിന്റെയും സ്ത്രീ അവകാശങ്ങളുടെയും നിരാകരണത്തില്‍ അതാണു പ്രതിഫലിക്കുന്നത്. 'ഏറ്റവും കുറഞ്ഞ അളവില്‍ പാശ്ചാത്യമാകുന്നത് ഏറ്റവും കൂടുതല്‍ ഇസ്‌ലാമികം' (Less Western, more Islamic) എന്ന് റമദാന്‍ വിശേഷിപ്പിക്കുന്ന മനോഭാവം.
ഇസ്‌ലാമിക പദ്ധതികളിലും അഭിസംബോധനയിലുമുള്ള പാശ്ചാത്യ സാന്നിധ്യത്തെ മൂന്നായി തരംതിരിച്ച് വേണം നിലപാടു സ്വീകരിക്കാന്‍. ഒന്ന്, കേട്ടെഴുത്ത് രൂപത്തില്‍ വരുന്ന സാമ്രാജ്യത്വമേല്‍ക്കോയ്മ. ഇത് പൂര്‍ണമായും തള്ളിക്കളയണം. രണ്ട്, ശാസ്ത്ര സാങ്കേതിക-സാമൂഹിക നേട്ടങ്ങള്‍. അവ പൂര്‍ണമായി ഉള്‍ക്കൊണ്ടു പ്രയോജനപ്പെടുത്താന്‍ സാധിക്കണം. മൂന്ന്, ഇസ്‌ലാമിക സന്ദേശത്തിന്റെ വിശാലമായ മാനവ പ്രേഷിത സമൂഹത്തിന്റെ ഭാഗം തന്നെയാണ് പാശ്ചാത്യനും. അപരവല്‍ക്കരിച്ചു മാറ്റിനിര്‍ത്തേണ്ട ഘടകമല്ല. അതിനാല്‍ ആ അളവില്‍ അവരെ ഉള്‍കൊള്ളുക എന്നത് മുസ്‌ലിം സമൂഹങ്ങളുടെ ഇസ്‌ലാമികമായ താല്‍പര്യമാണ്. മാറ്റത്തിന്റെ പ്രക്രിയയില്‍ അപരനെ കൂടി കേള്‍ക്കണമെന്നാണ് റമദാന്റെ അഭിപ്രായം. ഇസ്‌ലാമിക അഭിസംബോധനയുടെ ആവിഷ്‌കാരത്തില്‍ പടിഞ്ഞാറന്‍ ഇടപെടലിന് ഇത് ഇടവരുത്തുകയില്ലേ എന്നാണു ചിലരുടെ ആശങ്ക. രണ്ടു സമീപനമാവാം. അധീശാധികാരത്തോടു കൂടിയുള്ള പാശ്ചാത്യ ഇടപെടല്‍ പദ്ധതികള്‍ സ്പഷ്ടമായും ഖണ്ഡിതമായും നിരാകരിക്കാം. മാറ്റത്തിന്റെ ആത്മപ്രചോദിതരായി സ്വയം സന്നദ്ധരാവുക എന്നതാണു മറ്റൊരു സമീപനം. നിക്ഷിപ്ത താല്‍പര്യക്കാരായ ആരും അതിന്റെ ബില്ല് കൊടുക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പ്രഖ്യാപിക്കാം. ഈയൊരു നിലപാടില്‍ നിന്നുകൊണ്ട് അപരനെ, പാശ്ചാത്യനാണെങ്കിലും കേള്‍ക്കുന്നതില്‍ എന്തിന് ഭയപ്പെടണം?
സ്വിസ് പൗരനായ താരിഖ് റമദാന്‍ ഫ്രാന്‍സിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഫ്രഞ്ചു പൗരത്വമെടുക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ല. നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്നൊക്കെ വിശുദ്ധമാണു തന്റെ വ്യക്തിത്വമെന്ന് തെളിയിക്കുകയാണു താരിഖ് റമദാന്‍ ഇതിലൂടെ. സങ്കുചിതചിത്തരായ ചില യൂറോപ്യന്‍ എഴുത്തുകാരുടെ വിലയിരുത്തല്‍ എന്തു തന്നെയായാലും ഫ്രഞ്ചുപത്രങ്ങള്‍ പൊതുവെ ഫ്രാന്‍സിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്‌ലാമിക വ്യക്തിത്വമായാണു താരിഖ് റമദാനെ പരിഗണിക്കുന്നത്. ടൈം മാഗസിന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ 100 വ്യക്തിത്വങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ താരിഖ് റമദാനായിരുന്നു.
താരിഖ് റമദാന്റെ ചിന്തകളോടും കാഴ്ചപ്പാടുകളോടും നിങ്ങള്‍ക്ക് വിയോജിക്കാം. എന്നാല്‍ അവ അവഗണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാനുമാകില്ല. അവ തുറന്നിടുന്ന സംവാദതലങ്ങള്‍ നിങ്ങളുടെ പ്രജ്ഞയെ വെല്ലുവിളിച്ചുകൊണ്ടിരിക്കും. വിയോജിപ്പുകളെ റമദാനും സ്വാഗതം ചെയ്യും. വിയോജിപ്പുകളിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് സംവാദം സര്‍ഗാത്മക സമ്പുഷ്ടി നേടുക. തുറന്ന ചര്‍ച്ചകള്‍ ആവശ്യപ്പെട്ടുകൊണ്ടാണു റമദാന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കും വെളിച്ചം തേടാവുന്നതാണ് താരിഖ് റമദാന്റെ ചിന്തകള്‍.
കോളേജ് ഓഫ് ജനീവയില്‍ ഫിലോസഫിയും ജനീവയിലെ ഫ്രീ ബര്‍ഗ് (Free bourg) യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസും പഠിപ്പിച്ചിരുന്ന താരിഖ് റമദാന്‍ ഇപ്പോള്‍ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയിലെ തിയോളജി ഫാക്കല്‍റ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറാണ്. നതര്‍ലാന്റിലെ ഇറാസ്മസ് (Erasmus) യൂനിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറും സയിന്റ് ആന്റണി (ഓക്‌സ്‌ഫോഡ്) കോളേജ്, ദോഷീഷാ യൂനിവേഴ്‌സിറ്റി (Doshisha, Koyota) എന്നിവിടങ്ങളിലെ സീനിയര്‍ റിസര്‍ച്ചു ഫെല്ലോയും ആയ റമദാന്‍ ബ്രസല്‍സിലെ യൂറോപ്യന്‍ ചിന്തകരുടെ കൂട്ടായ്മയായ യൂറോപ്യന്‍ മുസ്‌ലിം നെറ്റ്‌വര്‍ക്കിന്റെ പ്രസിഡന്റ് കൂടിയാണ്.
(അദര്‍ ബുക്‌സ്, കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന റമാദാന്റെ റാഡിക്കല്‍ റിഫോംസ് വിവര്‍ത്തനത്തിന് എഴുതിയ ആമുഖത്തില്‍നിന്ന്)
Comments