Prabodhanm Weekly

Pages

Search

2012 ജനുവരി 7

ഒരു ഡാമിന്റെ തകര്‍ച്ച ഖുര്‍ആനില്‍

അബൂദര്‍റ് എടയൂര്‍

വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് സബഇലെ 16ാം വചനത്തിലൂടെ ചരിത്രപ്രസിദ്ധമായ മഅ്‌രിബ് ഡാമിന്റെ തകര്‍ച്ച നമ്മെ ഓര്‍മിപ്പിക്കുന്നു. ദക്ഷിണ യമനില്‍ വസിച്ചിരുന്ന സബഅ് ഗോത്രമായിരുന്നു അവിടെ അത്യാഹിതത്തിന് ഇരയായത്. വളരെ ക്ഷേമസമ്പുഷ്ടമായ ഒരു മണ്ണായിരുന്നു അവരുടേത്. രാജ്യത്തിന്റെ തെക്കും കിഴക്കും ഭാഗത്തുള്ള സമുദ്രങ്ങളില്‍ നിന്ന് നീരാവിയായുയര്‍ന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന സമൃദ്ധമായ മഴവെള്ളം രണ്ടു മലകള്‍ക്കിടയില്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഒരു ഭൂപ്രകൃതിയാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. മലകള്‍ക്കിടയില്‍ അണകെട്ടി വെള്ളം ശേഖരിച്ച് ഏതുസമയത്തും യഥേഷ്ടം തുറക്കുകയും അടക്കുകയും ചെയ്യാവുന്ന കൃത്രിമമായ ജലാശയം അവര്‍ ഉണ്ടാക്കി. അതിവിപുലമായ ഈ ജലശേഖരം അവരുടെ കാര്‍ഷിക പുരോഗതിയുടെ അടിസ്ഥാനമായിത്തീര്‍ന്നു. ഈ അണക്കെട്ടാണ് 'സദ്ദ് മഅ്‌രിബ്' എന്നറിയപ്പെടുന്നത്. ബല്‍ക്കീസ് രാജ്ഞിയാണ് അത് നിര്‍മിച്ചതെന്നും അതല്ല, അവര്‍ക്ക് മുമ്പ് മറ്റൊരു രാജാവാണ് അത് നിര്‍മിച്ചതെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.
സമൃദ്ധമായി വെള്ളം കിട്ടിയിരുന്നതുകൊണ്ട് സബഅ് പ്രദേശമാകെ പൂങ്കാവന സദൃശമായിരുന്നു. സയ്യിദ് ഖുത്വ്ബ് വിവരിക്കുന്നതുപോലെ, ക്ഷേമവും സമൃദ്ധിയും കൊണ്ട് ഭൂമിയുടെ ദയ. മുക്തിയും മോക്ഷവും കൊണ്ട് ആകാശത്തിന്റെ ദയ. അങ്ങനെ ഐശ്വര്യവും ആനന്ദവും കളിയാടുന്ന ഒരു നാട്. ഇത്രയുമൊക്കെയുള്ളപ്പോള്‍ ദൈവത്തെ സ്തുതിക്കാനും നന്ദി കാണിക്കാനും അവര്‍ക്കെന്താണ് തടസ്സം?
പക്ഷേ അവര്‍ എല്ലാം സുഭിക്ഷമായി ആസ്വദിച്ചു സുഖിച്ചു കഴിഞ്ഞു. അല്ലാഹുവിന് നന്ദി കാണിക്കാനോ അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താനോ അവര്‍ തയാറായില്ല. അവര്‍ക്ക് ലഭിച്ച സുഖസമൃദ്ധി അവരെ താന്തോന്നികളാക്കിത്തീര്‍ത്തു. അപ്പോള്‍ അവരുടെ കാര്യത്തില്‍ ദൈവത്തിന്റെ കരങ്ങള്‍ ഇടപെട്ടു. അണക്കെട്ടിലേക്കുള്ള ജലപ്രവാഹം ശക്തിയായി. സമ്മര്‍ദം താങ്ങാനാവാതെ അണക്കെട്ടു പൊട്ടി.  അതോടെ വെള്ളം കൂലം കുത്തിയൊഴുകി. കൃഷിയെല്ലാം ഒലിച്ചുപോയി. നിരവധി പേര്‍ മുങ്ങി മരിച്ചു. നാടാകെ കുട്ടിച്ചോറായി. തോട്ടങ്ങളും വാസസ്ഥലങ്ങളുമെല്ലാം നശിച്ചു. ജനങ്ങള്‍ ഛിന്നഭിന്നമായി. ക്രമേണ വെള്ളം വറ്റി. ഡാമിലെ ജലത്തെ ആശ്രയിച്ചിരുന്ന കാര്‍ഷിക മേഖല തരിശായി. കായ്കനികളും ഫലവൃക്ഷങ്ങളും നിറഞ്ഞുനിന്നിരുന്ന തോട്ടങ്ങളുടെ സ്ഥാനത്ത് അങ്ങിങ്ങായി മുള്‍ച്ചെടികളും പൊന്തക്കാടുകളുമായി. ഉപയോഗ്യശൂന്യമായതും ഉപജീവന യോഗ്യമല്ലാത്തതുമായ വൃക്ഷങ്ങളും ചെടികളും.  എഡി. 450 ലോ 451 ലോ ആണ് ആ സംഭവം നടന്നതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
സയ്യിദ് ഖുത്വുബ് പറയുന്നു: സുഭിക്ഷാഹാരങ്ങള്‍ക്കു പകരം പട്ടിണി. പട്ടുമെത്തകള്‍ക്ക് പകരം പനയോലകള്‍ മെടഞ്ഞ പരുത്ത പായകള്‍. അല്ലാഹു അവരെ പൂര്‍ണമായും പിച്ചിച്ചീന്തിയില്ല. ധിക്കാരികളായ ഇതര ജനവിഭാഗങ്ങളെപ്പോലെ സമ്പൂര്‍ണമായി നശിപ്പിച്ചില്ല. അറേബ്യയിലെ അനുഗ്രഹീത അയല്‍രാജ്യങ്ങളായ മക്കയുമായും ശാമിലെ ബൈത്തുല്‍ മഖ്ദിസുമായും ബന്ധപ്പെട്ട് അവരുടെ പിന്‍തലമുറകള്‍ പിന്നെയും ജീവിച്ചു. സബഉ നാടുകളുടെ വടക്കന്‍ മേഖലയായ യമന്‍ അങ്ങനെ പിന്നെയും ജനവാസമുള്ളതായി തുടര്‍ന്നു.
വിശുദ്ധ നാടുകള്‍ക്കും യമനും ഇടക്കുള്ള പാത സജീവവും സുരക്ഷിതവുമായി അവശേഷിച്ചു. അവിടങ്ങളിലെ ഗ്രാമങ്ങള്‍ തമ്മിലുളള അകലം യാത്രക്കാര്‍ക്ക് സുരക്ഷിതമായവിധം കൃത്യമായി നിര്‍ണയിക്കപ്പെട്ടതായിരുന്നു. ഒരാള്‍ ഒരു ഗ്രാമത്തില്‍ നിന്ന് പുറപ്പെട്ടാല്‍ ഇരുട്ടും മുമ്പ് തന്നെ മറ്റൊരു ഗ്രാമത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നു. വിശ്രമ കേന്ദ്രങ്ങളും ഇടക്ക് ധാരാളമുണ്ടായിരുന്നു.
ആദ്യം ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ച സബഉകാര്‍ക്ക് നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള അവസരം വേണ്ടത്ര ഉണ്ടായിരുന്നു. വിനയാന്വിതരായ ദൈവദാസന്മാരായിത്തീരാമായിരുന്നു അവര്‍ക്ക്. പക്ഷേ, വിവരക്കേടും വിഡ്ഢിത്തവും ജീവിതമുദ്രയാക്കിയ പോലെയായിരുന്നു അവരുടെ തുടര്‍ന്നുള്ള ജീവിതവും. അവര്‍ പ്രാര്‍ഥിച്ചു: ''നാഥാ, ഞങ്ങളുടെ യാത്രാ ദൂരം വര്‍ധിപ്പിക്കേണമേ.''
കുറെ കൂടി ദീര്‍ഘമായ യാത്രാദൂരങ്ങള്‍ തങ്ങള്‍ക്കനുവദിച്ചുതരണമെന്നായിരുന്നു ദൈവത്തോടവര്‍ അപേക്ഷിച്ചത്. വര്‍ഷത്തില്‍ ഏതാനും ഇടത്താവളങ്ങള്‍ മാത്രം ലഭിക്കുന്ന സുദീര്‍ഘയാത്രകള്‍. അടുത്തടുത്ത് ഇടത്താവളങ്ങളും ഗ്രാമങ്ങളുമുള്ള ഈ ഹ്രസ്വദൂര യാത്രകള്‍ ഇനി തങ്ങള്‍ക്ക് വേണ്ട. അതില്‍ യാത്രയുടെ അനുഭൂതിയില്ല.
തുടര്‍ന്ന്, അവരുടെ അഹന്തക്ക് കനത്ത പ്രഹരമേല്‍പിച്ചുകൊണ്ട് അല്ലാഹു അവരുടെ പ്രാര്‍ഥനക്ക് ഉത്തരമേകി. അങ്ങനെ അറേബ്യയിലെങ്ങും അഭയാര്‍ഥികളായി അവര്‍ക്ക് ചുറ്റിക്കറങ്ങേണ്ടിവന്നു. മരുപ്പച്ചകളും നീരുറവകളും തേടി അവര്‍ക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വന്നു. ഒരിക്കല്‍ നാഗരികതയുടെ ഉത്തുംഗതയില്‍ വിരാജിച്ചിരുന്ന ഒരു ജനവിഭാഗം ക്രമേണ പഴമ്പാട്ടിലെ വരികള്‍ മാത്രമായി അവശേഷിച്ചു.
അനുഗ്രഹങ്ങളില്‍ നന്ദിയും ദുരിതങ്ങളില്‍ സഹനവും വേണമെന്നതാണ് ഈ കഥയിലെ ഗുണപാഠം. അഥവാ ഈ ഗുണങ്ങളുള്ളവര്‍ക്ക് ഇതില്‍ നിന്ന് പഠിക്കാനേറെയുണ്ട്. അല്ലാഹു നല്‍കിയ വെള്ളവും വായുവും ഭക്ഷണവും വസ്ത്രവും ജീവിത സൗകര്യങ്ങളും എല്ലാം ആവോളം ആസ്വദിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്യുന്ന എല്ലാ ജനങ്ങളും - കാലദേശാതീതമായി- ഇത്തരം ശിക്ഷകള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതിനെ ഭയപ്പെടേണ്ടതുണ്ട്. അതിനു വേണ്ടി തന്നെയാണ് അല്ലാഹു ഈ സംഭവം നമ്മെ ഉണര്‍ത്തുന്നതും.  ഭൂകമ്പങ്ങള്‍, സുനാമി, ചുഴലിക്കാറ്റ്, പകര്‍ച്ചവ്യാധികള്‍ പോലുള്ള പലതും നാം ഇടക്കിടെ കേള്‍ക്കാറുണ്ട്. പ്രകൃതി ദുരന്തമെന്നോ യാദൃഛിക സംഭവമെന്നോ വിലയിരുത്തപ്പെടുന്ന പ്രസ്തുത പ്രതിഭാസങ്ങളെ സത്യവിശ്വാസികള്‍ ഉള്‍ഭയത്തോടെ മാത്രമേ നോക്കിക്കാണൂ. അല്ലെങ്കിലും നമ്മുടെ നന്ദികേടിന്റെ പേരില്‍ അല്ലാഹു നമ്മെ ശിക്ഷിക്കാന്‍ തീരുമാനിച്ചാല്‍ നമുക്ക് തടുക്കാനാവുമോ?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം