Prabodhanm Weekly

Pages

Search

2012 ജനുവരി 7

അമേരിക്ക ഇറാഖിനെന്തു നല്‍കി?


2003 മാര്‍ച്ചില്‍ ആരംഭിച്ച ഇറാഖ് അധിനിവേശയുദ്ധം അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നു. 2011 ഡിസംബര്‍ 18-ാം തീയതി, ദക്ഷിണ ഇറാഖിലുണ്ടായിരുന്ന അവസാനത്തെ യാങ്കി സൈനികവ്യൂഹവും കുവൈത്തിലേക്കു പിന്‍വാങ്ങിയിരിക്കുകയാണ്. സദ്ദാം ഹുസൈന്‍ ശേഖരിച്ചുവെച്ച രാസായുധ കൂമ്പാരങ്ങള്‍ നിര്‍വീര്യമാക്കുക, അതുവഴി ആഗോളസമൂഹത്തെ രാസായുധങ്ങളില്‍ നിന്നും ഭീകരരില്‍ നിന്നും സുരക്ഷിതരാക്കുക, ഇറാഖികള്‍ക്കു നീതിയും ജനാധിപത്യ സ്വാതന്ത്ര്യവും നേടിക്കൊടുക്കുക ഇതൊക്കെയായിരുന്നു യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. പക്ഷേ, അപ്രഖ്യാപിതമായ യഥാര്‍ഥ ലക്ഷ്യങ്ങള്‍ വേറെയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അമേരിക്കന്‍ സൈനിക ശക്തിയുടെ ഭീകരത പ്രായോഗിക രൂപത്തില്‍ കാണിച്ച് ദുര്‍ബല രാഷ്ട്രങ്ങളെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്തുക, അതുവഴി അമേരിക്കയുടെ ആഗോള മേധാവിത്വം അരക്കിട്ടുറപ്പിക്കുക, അറബ് ലോകത്തെ എണ്ണസമ്പത്തിന്റെ നിയന്ത്രണം കൈയടക്കുക, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയാണത്.
തികച്ചും അധാര്‍മികമായ ഈ യുദ്ധത്തിനെതിരായിരുന്നു ആഗോള സമൂഹം പൊതുവില്‍. അമേരിക്കയുടെ സഖ്യകക്ഷികളായ ചില രാഷ്ട്രങ്ങള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. ബ്രിട്ടന്‍ മാത്രമാണ് കലവറയില്ലാത്ത പിന്തുണയുമായി മുമ്പോട്ടു വന്നത്. ലോക സമൂഹത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ ഈ രണ്ടു രാഷ്ട്രങ്ങള്‍ പയറ്റിയ കുടില തന്ത്രങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്.
മരുഭൂയുദ്ധത്തില്‍ പ്രത്യേകം പരിശീലനം നല്‍കിയ 170000 അമേരിക്കന്‍ ഭടന്മാരാണ് സകലയിനം അത്യന്താധുനിക നശീകരണായുധങ്ങളുമായി കൊച്ചു രാജ്യമായ ഇറാഖില്‍ വിന്യസിക്കപ്പെട്ടത്. ബ്രിട്ടന്റെയും മറ്റു ശിങ്കിടി രാജ്യങ്ങളുടെയും ഭടന്മാര്‍ വേറെയും. ഇറാഖില്‍ അഞ്ഞൂറിലേറെ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നുവെന്നതില്‍നിന്നു തന്നെ യുദ്ധത്തിന്റെ ഭീകരത ഊഹിക്കാവുന്നതാണ്.
തികഞ്ഞ സ്വേഛാധിപതി തന്നെയായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍. ജനാധിപത്യ സ്വാതന്ത്ര്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. വിയോജിക്കുന്നവരെ അദ്ദേഹം ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തി. എണ്ണ സമ്പന്നമായ ആ രാജ്യത്ത് യുദ്ധത്തിനുമുമ്പ് പട്ടിണിയും തൊഴിലില്ലായ്മയും അന്യമായിരുന്നു. കൃഷിയും വ്യവസായവും ഭേദപ്പെട്ട നിലയില്‍ വികസിച്ചു വന്നു. സദ്ദാം ഭരണം, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും നല്‍കി- പത്തുവര്‍ഷത്തോളം നീണ്ടുനിന്ന, പാശ്ചാത്യരുടെ കടുത്ത ഉപരോധം ഈ രംഗങ്ങളില്‍ ഇറാഖിനെ വല്ലാതെ തളര്‍ത്തുകയുണ്ടായെങ്കിലും. ശിയാ-സുന്നി-കുര്‍ദ് വംശങ്ങളുടെ പരസ്പര സംഘട്ടനങ്ങളെക്കുറിച്ച് അക്കാലത്ത് കേള്‍ക്കാറുണ്ടായിരുന്നില്ല. ദിനേന അമ്പതും നൂറും പേര്‍ കൊല്ലപ്പെടുന്ന ബോംബു സ്‌ഫോടനങ്ങളെക്കുറിച്ചും കേട്ടിരുന്നില്ല.
ഒന്‍പതു വര്‍ഷത്തോളം നീണ്ടുനിന്ന 'നീതിയുടെ യുദ്ധം' ഇറാഖികള്‍ക്കു നല്‍കിയെന്താണ്? ലക്ഷക്കണക്കിനു ഇറാഖികള്‍ കൊല്ലപ്പെട്ടു. അവരുടെ എണ്ണം ആരും തിട്ടപ്പെടുത്തിയിട്ടില്ല. ഒരു ലക്ഷം മുതല്‍ പതിനഞ്ചുലക്ഷം വരെ, പലരും പല കണക്കുകള്‍ പറയുന്നു. അനേകലക്ഷം കുഞ്ഞുങ്ങള്‍ അനാഥരായി. അവരുടെ മാതാക്കള്‍ വിധവകളായി. ആയുധപ്രയോഗം തലമുറകള്‍ക്കു സമ്മാനിച്ച മാറാവ്യാധികളും അംഗവൈകല്യവും. വിദ്യാഭ്യാസം താറുമാറായി. തൊഴില്‍ ശാലകള്‍ തകര്‍ന്നു. കൃഷി മാത്രമല്ല, കൃഷി ഭൂമിയും നശിച്ചു. പുതുതായി രൂപം കൊണ്ട വംശീയ സംഘട്ടനങ്ങളും തീവ്രവാദി ആക്രമണങ്ങളും. ഇതിനൊക്കെപ്പുറമെയാണ് പൗരാണിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായിരുന്ന ആ രാജ്യത്തിന്റെ സാംസ്‌കാരിക-നാഗരിക പൈതൃകങ്ങളുടെ നികത്താനാവാത്ത നഷ്ടം. ഒന്നാം ഇറാഖ് യുദ്ധവേളയില്‍ സീനിയര്‍ ബുഷ് പ്രഖ്യാപിച്ച 'ഇറാഖിനെ ശിലായുഗത്തിലെത്തിക്കുക' എന്ന സ്വപ്നം അങ്ങനെ സാക്ഷാത്കൃതമായി. അമേരിക്ക ഇറാഖികള്‍ക്ക് വാഗ്ദാനം ചെയ്ത നീതിയും സമാധാനവും ജനാധിപത്യവും യുദ്ധാനന്തരമെങ്കിലും അവര്‍ക്കു ലഭിച്ചുവോ? അതിനുള്ള സ്പഷ്ടമായ മറുപടിയാണ് സമകാലീന ഇറാഖിന്റെ ദയനീയാവസ്ഥ.
ഈ യുദ്ധംകൊണ്ട് അമേരിക്ക എന്തുനേടി എന്നതും ചിന്തനീയമാണ്. 14500ഓളം സൈനികര്‍ കൊല്ലപ്പെട്ടു. അനേകായിരങ്ങള്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ മനോരോഗങ്ങള്‍ക്കടിപ്പെട്ടു. അവരില്‍ പലരും ആത്മഹത്യ ചെയ്യുകയുമുണ്ടായി. യുദ്ധത്തിനുവേണ്ടി അമേരിക്ക ചെലവഴിച്ചത് അനേക ദശലക്ഷം കോടി ഡോളറുകളാണ്. അത് അമേരിക്കയുടെ സമ്പദ് ഘടനയെ തകിടം മറിച്ചു. സാമ്പത്തികരംഗത്തെ അവരുടെ ലോകമേധാവിത്വം തകര്‍ന്നു. പൊറുതിമുട്ടിയ അമേരിക്കന്‍ ജനത തെരുവിലിറങ്ങി. നരമേധത്തിലും നശീകരണത്തിലും മാത്രം വിജയിച്ചവര്‍ എന്ന ദുഷ്‌കീര്‍ത്തിയോടെയാണ് അമേരിക്ക ഇറാഖ് വിട്ടത്. ഇത് അവരുടെ ലോക നേതൃത്വ ഹുങ്കിന് കനത്ത ആഘാതമാണ്. എങ്കിലും വിരലിലെണ്ണാവുന്ന ചില ആശ്വാസജയങ്ങള്‍ അമേരിക്കക്കുണ്ടായിട്ടുണ്ട്. അവര്‍ അവരുടെയും ലോകത്തിന്റെയും ശത്രുവായി അവതരിപ്പിച്ച സദ്ദാം ഹുസൈനെ പിടികൂടികൊന്നതാണ് ഒന്ന്. ഇറാഖിലെ വമ്പിച്ച എണ്ണസമ്പത്ത് യഥേഷ്ടം കൊള്ളയടിക്കാനവസരമൊരുക്കിയതാണ് മറ്റൊന്ന്. അറബ്‌ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്ന ഇറാഖിനെ ചതച്ചരച്ചതിലൂടെ ഇസ്രയേലിന്റെ സുരക്ഷ ഭദ്രമാക്കിയതും ഒരു വിജയമാണ്.
ചില ചോദ്യങ്ങള്‍ക്ക് അമേരിക്ക മറുപടി പറയേണ്ടതുണ്ട്. സദ്ദാമിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ രാസായുധങ്ങളെവിടെ? ഇറാഖിലുണ്ടായിരുന്ന പൗരാണിക സംസ്‌കാരത്തിന്റെ പൈതൃകങ്ങള്‍ എവിടെപ്പോയി? യുദ്ധം മൂലം ഇറാഖിനുണ്ടായ മൊത്തം നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താത്തതെന്തുകൊണ്ടാണ്? ഇറാഖിനെ അതിന്റെ പൂര്‍വ രൂപത്തിലുള്ള ക്ഷേമരാഷ്ട്രമായി ഇനി ആര്, എങ്ങനെ പുനര്‍നിര്‍മിക്കും? ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിക്കുന്നില്ല. അതിനൊക്കെ അമേരിക്കയെക്കൊണ്ട് കണക്കു പറയിക്കാന്‍ ചങ്കൂറ്റമുള്ള മറ്റൊരു ശക്തി ഇപ്പോഴും ലോകത്തില്ല എന്നതാണ് കാരണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം