Prabodhanm Weekly

Pages

Search

2012 ജനുവരി 7

സുകൃതത്തിന്റെ ഒരിറ്റെങ്കിലും...

കെ.കെ.എ അസീസ്

അഖിലലോക സ്രഷ്ടാവായ അല്ലാഹുവിന്റെ ആദരവേറ്റുവാങ്ങിയ അനുഗ്രഹീത സൃഷ്ടിയാണ് മനുഷ്യന്‍. അവന്റെ നിര്‍മല പ്രകൃതിയില്‍ നിരവധി നന്മകള്‍ നിറച്ചുവെച്ചിട്ടുണ്ട് സ്രഷ്ടാവ്. ഭൗമാന്തര്‍ഭാഗത്ത് സസ്യലതകളുടെ ജീവത്തുടിപ്പുകള്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതുപോലെ. മാനത്തെ കാര്‍മുകിലുകളില്‍ ജലകണികകള്‍ വഹിപ്പിക്കപ്പെട്ടതുപോലെ. അവയെല്ലാം യാഥാര്‍ഥ്യബോധത്തോടും തികഞ്ഞ യുക്തിയോടും മഹത്തായ ലക്ഷ്യത്തോടുമാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ''വാനഭുവനങ്ങളും അവക്കിടയിലുള്ളവയും യാഥാര്‍ഥ്യബോധത്തോടെയാണ് നാം രൂപപ്പെടുത്തിയിട്ടുള്ളത്'' (അല്‍മുഅ്മിനൂന്‍ 115).
മനുഷ്യപ്രകൃതിയില്‍ അല്ലാഹു നിധിപോലെ കാത്തുവെച്ചിട്ടുള്ള നന്മകള്‍ കണ്ടെത്തി പരിപോഷിപ്പിച്ചെടുത്ത് ജീവിത പരിസരത്ത് ആവിഷ്‌കരിക്കുകയാണ് മനുഷ്യധര്‍മം. ഇതേറ്റവും മനോഹരമായി നിര്‍വഹിക്കുന്നതാര് എന്ന് പരീക്ഷിക്കുന്നതിനാണവന്‍ മനുഷ്യര്‍ക്ക് ജീവിതമരുളിയതും. ''ജീവിതം മരണവും വിധിച്ചവനാണവന്‍. നിങ്ങളില്‍ ഏറ്റവും കമനീയമായി കര്‍മങ്ങള്‍ ചെയ്യുന്നവരാരെന്ന് പരീക്ഷിക്കുന്നതിന്'' (അല്‍മുല്‍ക് 2).
ബുദ്ധി, വിവേകം, ചിന്ത, സര്‍വാസനകള്‍, സ്‌നേഹം, കാരുണ്യം, പരോപകാര ചിന്ത, സഹാനുഭൂതി, പരക്ഷേമതല്‍പരത, ധര്‍മസ്ഥാപനത്തിനും അധര്‍മ വിപാടനത്തിനുമുള്ള ത്വര തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നന്മകളാണ് വിധാതാവ് അവനില്‍ നിക്ഷേപിച്ചിട്ടുള്ളത്. കര്‍മം കൊണ്ടാവിഷ്‌കരിക്കേണ്ടവയാണ് പരോക്ഷമായ ഈ നന്മകളത്രയും. നന്മയുടെ സൂനങ്ങള്‍ വിരിയിച്ച് അതിന്റെ പരിമളം പരിസരത്തുള്ളവര്‍ക്ക് ലഭ്യമാകണമെന്നാണ് ദൈവഹിതം. ''നീ ജനങ്ങള്‍ക്ക് നന്മ ചെയ്യുക. അല്ലാഹു നിനക്ക് ചെയ്തതുപോലെ'' (അല്‍ഖസ്വസ്വ് 77).
വിധാതാവനുഗ്രഹിച്ചരുളിയ നന്മകളെത്രയും അമാനത്താണ്. അഥവാ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം സൂക്ഷിക്കാനേല്‍പിച്ച അമൂല്യ വസ്തു. നിധികാക്കുന്നപോലെ, അല്‍പവും കുറവുവരാതെ, നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയെന്നല്ലേ അമാനത്ത് അര്‍ഥമാക്കുന്നത്. ഏല്‍പിച്ചവന്റെ ഇംഗിതത്തിനൊത്ത് സൂക്ഷിപ്പ് സ്വത്ത് കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് അതിനര്‍ഥമുണ്ട്. എന്ത്, എന്തിന്, എപ്പോള്‍, എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വാമൊഴിയായും വരമൊഴിയായും വിവരിച്ചിട്ടുണ്ട് അല്ലാഹു. ഭൂമുഖത്തേക്കിറങ്ങവെ മനുഷ്യരാശിക്ക് നല്‍കിയ ഒരു വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു അത്. ഈ അമാനത്ത് തന്റെ താല്‍പര്യപ്രകാരം ഏറ്റവും ഉജ്ജ്വലമായി നിറവേറ്റുന്നവനാരെന്ന് പരിശോധിക്കുമെന്നും അവന്‍ താക്കീത് നല്‍കി. ''നിനക്കറിയാത്ത കാര്യങ്ങളില്‍ നീ ഉടക്കിനില്‍ക്കരുത്. കണ്ണും കാതും മനസ്സും വിചാരണ ചെയ്യപ്പെടുന്നതാണ്, തീര്‍ച്ച'' (അല്‍ഇസ്രാഅ് 36).
നന്മകള്‍ പരിസരത്തുള്ളവരനുഭവിക്കുമ്പോഴാണ് അത് നന്മയായിത്തീരുന്നത്. ആവിഷ്‌കരിക്കുമ്പോഴാണ് നന്മകളുടെ സാന്നിധ്യം അനുഭവവേദ്യമാവുക. സ്വന്തത്തിനല്ല, പരിസരത്തുള്ളവര്‍ക്കാണത് ഏറെ ബോധ്യപ്പെടുക. ബോധ്യപ്പെടേണ്ടതും.
നന്മകള്‍ പ്രകൃതിയിലുണ്ടെന്നതുകൊണ്ടുമാത്രം ഒരാള്‍ സുകൃതിയാവില്ല. പണം കൈയിലുള്ളവന്‍ ധര്‍മിഷ്ഠനാകാത്തപോലെ.
ഗുണം ലഭിക്കണമെന്നാഗ്രഹിക്കാത്തവരില്ല നമ്മളില്‍. എന്നാല്‍ നല്‍കുന്നതില്‍ നാമെത്ര ഉത്സുകരാണ്? യഥാര്‍ഥത്തില്‍ വേണ്ടത് മറിച്ചല്ലേ? അഥവാ പ്രതിഫലമോഹമില്ലാതെ സല്‍ഗുണങ്ങള്‍ പകര്‍ന്ന് നല്‍കുക. അതിലാണ് മനുഷ്യമഹത്വം കുടികൊള്ളുന്നത്. പ്രതിഫലം ലഭിക്കേണ്ടത് കര്‍മങ്ങളുടെ അന്തിമ വിലയിരുത്തലുകള്‍ക്ക് ശേഷമായിരിക്കണം. ഇല്ലെങ്കിലത് അപൂര്‍ണവും അന്യായവുമാകും.
മനുഷ്യര്‍, അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങള്‍ പലതരമാണ്. സ്രഷ്ടാവിന് സംഭവിച്ച കൈയബദ്ധമല്ല അത്. ദാതാവിന്റെ കൈയിലെ യുക്തിയുടെയും പരമജ്ഞാനത്തിന്റെയും അടയാളക്കുറിയാണത്. ചിലര്‍ക്ക് തടഞ്ഞത് മറ്റു ചിലര്‍ക്ക് നല്‍കിയിട്ടുണ്ട്. ലഭിച്ചവര്‍ തടയപ്പെട്ടവരോട് ഔദാര്യം കാട്ടുമോയെന്ന് പരിശോധിക്കാന്‍. വിലക്കപ്പെട്ടവര്‍ ദൈവത്തെ വിസ്മരിക്കുന്നുണ്ടോ എന്ന് നോക്കാനും. നന്മകള്‍ പ്രസരിപ്പിക്കാത്തവന്‍ മനുഷ്യരാശിയോട് തന്നെ പാതകം ചെയ്യുകയാണ്. കാരണം അവനിലുള്ള നന്മകള്‍ സമൂഹത്തിന് അര്‍ഹതപ്പെട്ടതാണ്. അത് വിലക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അന്യായമാണ്. മൂസായുടെ ജനത്തിലുണ്ടായിരുന്ന അഹങ്കാരിയായ ഖാറൂനെന്ന കുബേരന് ജനങ്ങള്‍ നല്‍കിയ സദുപദേശങ്ങളില്‍ ഇങ്ങനെ കാണാം: ''അല്ലാഹു നിനക്ക് അനുഗ്രഹിച്ചരുളിയ നന്മകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക. ഭൂമിയില്‍ അധര്‍മം ആഗ്രഹിക്കരുത്. അധര്‍മികളെ അല്ലാഹു സ്‌നേഹിക്കുകയില്ല.'' അയാളുടെ മറുപടി പരുഷവും അഹന്ത നിറഞ്ഞതുമായിരുന്നു. ''ഇതൊക്കെയും എനിക്ക് ലഭിച്ചിട്ടുള്ളത് ഞാനാര്‍ജിച്ച അറിവുകൊണ്ടാണ്''. പിന്നെ അയാള്‍ ഭൂമിയുടെ ചതുപ്പിലേക്ക് ആഴ്ത്തപ്പെടുകയും അടയാളക്കുറികളൊന്നും അവശേഷിക്കാത്തവിധം ചരിത്രത്തിന്റെ ചവറുകൂനയില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തു. സഹജീവികളോട് മാത്രമല്ല ജന്തുജീവജാലങ്ങളോടും അചേതന വസ്തുക്കളോടു പോലും നന്മ ചെയ്യാന്‍ കടപ്പെട്ടവനാണ് വിശ്വാസി. അവയുടെ ജീവിതത്തിന്റെ സുരക്ഷിതത്വവും നിലനില്‍പും മനുഷ്യനെ ആശ്രയിച്ചുകൂടിയാണ്. അവക്ക് ജീവിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. വീട്ടിലും പുറത്തും അലഞ്ഞുതിരിയുന്ന പൂച്ചകളോടും പട്ടികളോടു പോലും  കാരുണ്യവും അനുകമ്പയും കാണിക്കണമെന്നും അവക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ സൗകര്യമൊരുക്കണമെന്നും അതിന് വിസമ്മതിക്കുന്നത് ദൈവകോപത്തിനിടവരുത്തുമെന്നും പഠിപ്പിക്കുന്ന തിരുവചനങ്ങള്‍ പ്രസിദ്ധമാണ്.
ആദര്‍ശനിഷ്ഠനായ വിശ്വാസി ഒരുത്തമ വൃക്ഷത്തിന് സമാനമാണ്. അതിനെ സമീപിക്കുന്നവര്‍ക്ക് സര്‍വകാലങ്ങളിലും അത് മധുരഫലങ്ങള്‍ കനിയുന്നു. തണലേകി കുളിരുനല്‍കുന്നു. തിരുമേനി വിശ്വാസിയെ ഉപമിക്കുന്നതിങ്ങനെ: ''ഇലകൊഴിയാത്ത, കരിഞ്ഞുണങ്ങാത്ത, നിത്യഹരിത ശോഭ കാത്തുസൂക്ഷിക്കുന്ന, കാലാതിവര്‍ത്തിയായി ഫലം നല്‍കുന്ന വൃക്ഷം പോലെയാണ് മുസ്‌ലിം'' (ബുഖാരി). അല്ലാഹു നമ്മില്‍ നിറച്ച നന്മകളുടെ നേരിയ പരിമളമെങ്കിലും നമ്മുടെ പരിസരത്തു കൂടി നാം പ്രസരിപ്പിക്കുക. ഒരുത്തമ സമൂഹത്തെ സൃഷ്ടിക്കാന്‍ അതാണ് ഏറ്റവും ഉചിതം. ദൈവസ്‌നേഹമാര്‍ജിക്കുന്നതിനും. ''നിങ്ങള്‍ സുകൃതം ചെയ്യുക. നിശ്ചയം അല്ലാഹു സുകൃതികളെ ഏറെ സ്‌നേഹിക്കുന്നു'' (അല്‍ബഖറ 195).

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം