തലമുറകളുടെ സംഗമത്തിന് സാക്ഷിയായി പൂര്‍വ വിദ്യാര്‍ഥി സംഗമം
1955 മുതല്‍ 2011 വരെ ശാന്തപുരം കോളേജില്‍/ജാമിഅയില്‍നിന്ന് വ്യത്യസ്ത കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ തലമുറകളുടെ സംഗമത്തിന് അല്‍ജാമിഅ അലുംനി കോണ്‍ഫറന്‍സ് വേദിയായി. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അവരില്‍ പലരും. ആയിരക്കണക്കിന് മൈലുകള്‍ താണ്ടി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് പോലും സഹപാഠികളെ കാണാന്‍ വേണ്ടി സംഗമത്തിനെത്തിയവര്‍ അതിലുണ്ടായിരുന്നു. പത്രപ്രവര്‍ത്തകള്‍, സ്ഥാപനമേധാവികള്‍, അധ്യാപകര്‍, സംഘടനാ നേതാക്കള്‍, കലാകാരന്മാര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം തങ്ങളുടെ സൗഹൃദം പുതുക്കി. പലരും തങ്ങളുടെ ബാച്ചിലുള്ളവരുടെ കൂടിച്ചേരലിന് സമാന്തമായി സ്വയം വേദികളൊരുക്കിയിരുന്നു. പല കാലങ്ങളിലെ ഓര്‍മച്ചിത്രങ്ങള്‍ ഒപ്പിയെടുത്ത് നഗരിയില്‍ സംവിധാനിച്ച 'ഒരുവട്ടം കൂടി' എന്ന പവലിയന്‍ ശാന്തപുരം കോളേജിന്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്നതായിരുന്നു. എല്ലാം ഗൃഹാതുരതയോടെ നോക്കിക്കണ്ട് കാമ്പസ് ഒരു വട്ടം കൂടി ചുറ്റിക്കണ്ടാണ് പൂര്‍വവിദ്യാര്‍ഥികള്‍ കാമ്പസ് വിട്ടത്. അതിന് മുമ്പ് തങ്ങളുടെ ജീവിതത്തിന്റെ ദിശ നിര്‍ണയിച്ച സ്ഥാപനത്തിന്റെ പുരോഗതിയില്‍ തങ്ങളാവും വിധം പങ്കുവഹിക്കാമെന്ന് അവര്‍ തീരുമാനമെടുത്തിരുന്നു.
അല്‍ജാമിഅ കാമ്പസിലെ ഓഡിറ്റോറിയത്തിലാണ് പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പൂര്‍വവിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ നവീകരണം നടപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ആവശ്യമായ നവീകരണവുമായി മുന്നോട്ട് പോകാന്‍ സാധിച്ചതാണ് ശാന്തപുരം അല്‍ ജാമിഅയെ ഇതര മതകലാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. കാലഘട്ടത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റത്തിനനുസരിച്ച് ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും നവീകരണം ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സെഷനില്‍ അലുംനി പ്രസിഡന്റ് ഹൈദരലി ശാന്തപുരം അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. എ.എ ഹലീം സ്വാഗതം പറഞ്ഞു.
ഉപഭോക്താക്കളുടെ നിര്‍ബന്ധിതാവസ്ഥ മുതലാക്കി ചൂഷണത്തിലൂടെ കൊള്ളലാഭം കൊയ്യുകയാണ് നിലവിലെ ഇന്‍ഷൂറന്‍സ് സംവിധാനങ്ങളെന്ന് തുടര്‍ന്ന് നടന്ന വൈജ്ഞാനിക സെമിനാര്‍ അഭിപ്രായപ്പെട്ടു. നിലവിലെ സംവിധാനങ്ങള്‍ക്ക് ബദലായി ചൂഷണമുക്തമായ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവില്‍ വരേണ്ടതുണ്ട്. ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എങ്ങനെ നടപ്പാക്കാമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഊഹത്തിലധിഷ്ഠിതമായ നിലവിലെ ഷെയര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനരീതിയെ കുറിച്ചും അവക്കുള്ള ബദല്‍ സാധ്യതകളെ കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഇടനിലക്കാരും കുത്തകകളും ഇടപെട്ട് ഓഹരി വിപണിയില്‍ സൃഷ്ടിക്കുന്ന കൃത്രിമമായ ചാഞ്ചാട്ടങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കേണ്ടതാണ്. ഈ രംഗത്തുള്ള ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
'ഇന്‍ഷുറന്‍സ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍' എന്ന വിഷയം ബോധനം എഡിറ്റര്‍ അബ്ദുല്ലാ ഹസനും 'ഷെയര്‍ മാര്‍ക്കറ്റ്: ഇസ്‌ലാമിക വീക്ഷണത്തില്‍' എന്ന വിഷയം അല്‍ജാമിഅ ഹദീസ് ഫാക്കല്‍റ്റി പ്രിന്‍സിപ്പള്‍ എം.വി മുഹമ്മദ് സലീമും അവതരിപ്പിച്ചു. അല്‍ജാമിഅ ഡയറക്ടര്‍ വി.കെ അലി, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍, മുഹമ്മദ് കാടേരി, ഡോ: പി. സുബൈര്‍, ഡോ: കെ. ജാബിര്‍, പി.എ ഷമീല്‍ സജ്ജാദ്, കെ.എം തഖിയുദ്ദീന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സംഘടനാ സെഷനില്‍ അലുംനി പ്രസിഡന്റ് ഹൈദരലി ശാന്തപുരത്തിന്റെ ആമുഖത്തിന് ശേഷം സെക്രട്ടറി ഡോ: എ.എ ഹലീം സംഘടനാ ഭരണഘടന അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ ഘടകങ്ങളുടെ പ്രതിനിധികളായ സീതി പടിയത്ത് (യു.എ.ഇ) കെ. അനസ് (ഖത്തര്‍), ഷഫീഖ് (ജിദ്ദ), എം. ഷാജഹാന്‍(ഒമാന്‍), വി.എം. സാഫിര്‍ (അലീഗഢ്), മഹ്ബൂബ്ത്വാഹ(ദല്‍ഹി) എന്നിവര്‍ റിപ്പോര്‍ട്ടുകളവതരിപ്പിച്ചു. സ്ഥാപനത്തിന്റെ വഖഫ് പ്രോജക്ടുകള്‍ അല്‍ജാമിഅ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ: അബ്ദുസ്സലാം വാണിയമ്പലം വിശദീകരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ എഴുതി ഐ.പി.എച്ച് പ്രസിദ്ധീകരിച്ച സൂഫിസവും ശരീഅത്തും (വിവര്‍ത്തനം: അബ്ദുര്‍റഹ്മാന്‍ മുന്നൂര്), സകാത്ത് ഗൈഡ് (ഡോ: എ. എ ഹലീം), ഖാദിയാനിസം- നെഹ്‌റു ഇഖ്ബാല്‍ സംവാദം (വിവര്‍ത്തനം: ഡോ: കെ. ജാബിര്‍) എന്നീ ഗ്രന്ഥങ്ങള്‍ ടി. ആരിഫലി, പി.കെ അബ്ദുല്ല മൗലവി, എം.ടി അബൂബക്കര്‍ മൗലവി, കെ. അബ്ദുര്‍റശീദ് എന്നിവര്‍ പ്രകാശനം ചെയ്തു. വി.കെ ഹംസാ അബ്ബാസ്, വി.കെ അബ്ദുര്‍റശീദ്, ഇല്‍യാസ് മൗലവി എന്നിവര്‍ ഏറ്റുവാങ്ങി. എസ്.ഐ.ഒ അല്‍ജാമിഅ ഏരിയ പുറത്തിറക്കിയ ഹാജിസാഹിബ്: അബുല്‍ ജലാല്‍ മൗലവിയുടെ ഓര്‍മകള്‍ എന്ന കൃതി മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുര്‍റഷീദ് ഡോ: ടി അഹ്മദിന് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.
അമീന്‍ യാസിറിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് ശേഷം ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ സമാപന പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ അബ്ദുല്ലാ കരുവമ്പൊയില്‍ ഖിറാഅത്തും സമ്മേളനം കണ്‍വീനര്‍ എ. ഫാറൂഖ് നന്ദിയും പറഞ്ഞു.
Comments