Prabodhanm Weekly

Pages

Search

2012 ജനുവരി 7

അറബ് വസന്തവും മുസ്ലിം ലീഗും പിന്നെ ജമാഅത്തെ ഇസ്ലാമിയും

"ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൌദൂദിയന്‍ മായാ ലോകത്തുനിന്ന് വിമുക്തമായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രവാദമായിരുന്നുവെങ്കില്‍ പത്താള്‍ പോലും കയ്റോയിലെ തഹ്രീര്‍ ചത്വരത്തിലോ തുനീഷ്യയിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മത ഭരണ വാഞ്ഛയുടെ കൊടുങ്കാറ്റല്ല. സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനു വേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയുംസ്ഥൈര്യവും ശുഭാപ്തി വിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്ര സന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുമ്പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാ ഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല'' (അറബ് വസന്തത്തിന്റെ സന്ദേശം, കെ.എം ഷാജി, ചന്ദ്രിക ദിനപത്രം, 29-11-2011). മുജീബിന്റെ പ്രതികരണം?
പി.സിറാജ് വേളം,ശാന്തിനഗര്‍

'ഷാജിയെപ്പോലുള്ളവര്‍ ആളാവാന്‍ നോക്കുകയാണ്. പറയുന്നതില്‍ ആത്മാര്‍ഥതയില്ല. നല്ലൊരു സംഘാടകനാവാന്‍ കഴിഞ്ഞിട്ടില്ല. മറ്റു സമുദായങ്ങളുടെ കൈയടി വാങ്ങാന്‍ എന്തെങ്കിലുമൊക്കെ പറയുന്നു. ഇതൊന്നും ലീഗിന്റെ അന്തസ്സിന് യോജിച്ചതല്ല'- മുസ്ലിം ലീഗിന്റെ സുസമ്മതനായ ബുദ്ധിജീവിയും ചരിത്രകാരനും എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ കഠിന വിമര്‍ശകനുമായ എം.സി വടകരയുടെ വാക്കുകളാണിത് (മാധ്യമം, ഡിസംബര്‍ 17, 2011). ഇപ്പറഞ്ഞതില്‍ എല്ലാമുണ്ട്. താനാണ് മുസ്ലിം ലീഗിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതെന്ന് വരുത്താന്‍ ചില മുസ്ലിംവിരുദ്ധ മാധ്യമങ്ങളിലൂടെ പെടാപാട് പെടുന്ന ഷാജിയുടെ ജല്‍പനങ്ങള്‍ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല; അദ്ദേഹം പറയുന്നതൊന്നും ലീഗിന്റെ അന്തസ്സിന് യോജിച്ചതല്ലെന്ന് എം.സി വടകര തുറന്നു പറഞ്ഞിരിക്കെ പ്രത്യേകിച്ചും.
പ്രത്യുല്‍പന്നമതിയും ദീര്‍ഘദൃക്കുമായ ഇസ്ലാമിക ചിന്തകന്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മൊഴികള്‍ ഓരോന്നും സത്യമായി പുലര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ഷാജിയുടെ 'സ്വബോധത്തിലേക്ക്' തല്‍ക്കാലം തിരിച്ചുവരേണ്ട ഗതികേടില്ല. പകരം അദ്ദേഹവും പാര്‍ട്ടിക്കാരും മൌദൂദിയുടെ സന്ദേശത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ വേണ്ടത്. കാരണം, ജമാല്‍ അബ്ദുന്നാസിര്‍ മുതല്‍ അന്‍വര്‍ സാദാത്ത്, ഹുസ്നി മുബാറക്, ഹബീബ് ബുറഖീബ, സൈനുല്‍ ആബിദീന്‍ അലി, മുഅമ്മറുല്‍ ഖദ്ദാഫി വരെയുള്ളവര്‍ അധികാര പ്രമത്തതയുടെ മറവില്‍ അടിച്ചേല്‍പിച്ച  അറബ് ദേശീയതയും മതേതരത്വവുമാണ് അറബ് ജനത പ്രക്ഷോഭത്തിലൂടെ വലിച്ചെറിഞ്ഞത്. കിട്ടിയ ഒന്നാമത്തെ സന്ദര്‍ഭത്തില്‍ ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും മൌദൂദിയും ജീവിതാന്ത്യം വരെ പ്രബോധനം ചെയ്ത, ജനാധിപത്യത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഇസ്ലാമിക വ്യവസ്ഥക്കനുകൂലമായി അവര്‍ വിധിയെഴുതി എന്നാണ് മൊറോക്കോ, തുനീഷ്യ, ഈജിപ്ത് എന്നീ നാടുകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശീയതയുടെയും മതേതരത്വത്തിന്റെയും പേരില്‍ ഇതേവരെ നടേ പറഞ്ഞ സ്വേഛാധിപതികള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആ നാടുകളിലെ ജനങ്ങള്‍ മാത്രമല്ല, പൊതുസമൂഹവും തിരിച്ചറിയുന്നു. ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ, ഒരിക്കലും യൂറോപ്പിനെ അന്ധകാരത്തിലാഴ്ത്തിയ ഥിയോക്രസിയല്ലെന്നും അത് എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനപ്രാതിനിധ്യ സംവിധാനമാണെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ചൂണ്ടിക്കാട്ടിയ മഹാനാണ് മൌദൂദി. സാമ്പത്തികക്രമത്തെ സംബന്ധിച്ചേടത്തോളം, പലിശമുക്ത ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയാണ് വികാസക്ഷമവും പുരോഗമനപരവും ചൂഷണമുക്തവുമെന്ന് ആധുനിക ലോകം പൊതുവെത്തന്നെ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് മുസ്ലിം ലീഗിന്റെ സംഭാവനയോ? ഇന്ത്യാ രാജ്യത്തെത്തന്നെ രണ്ടായി വിഭജിക്കുന്നതിലേക്ക് നയിച്ച തീവ്ര സാമുദായിക ധ്രുവീകരണമാണ് അതിന്റെ സംഭാവന. സ്വാതന്ത്യ്രാനന്തരമാകട്ടെ, ആര് എങ്ങനെ ഭരിച്ചാലും മുസ്ലിം സമുദായത്തിന് ന്യായമായ പങ്കാളിത്തം വേണമെന്ന വാദത്തിലൂന്നി ലീഗ് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി അടിച്ചേല്‍പിച്ചപ്പോള്‍ അതോടൊപ്പം നില്‍ക്കാനോ അധികാര പങ്കാളിത്തം വഹിക്കാനോ ലീഗിന് ഒരു മടിയും ഉണ്ടായില്ല. പലിശരഹിത ഇസ്ലാമിക് ബാങ്കിംഗിന് പകരം പലിശാധിഷ്ഠിത ബാങ്ക് എങ്ങനെ കുതന്ത്രങ്ങളിലൂടെ സമുദായത്തിന് സ്വീകാര്യമാക്കാമെന്നാണ് ചിന്തിച്ചത്. ടാഡയും പോട്ടയും ഇപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയെടുക്കുമ്പോള്‍ ഒരക്ഷരം അതിനെതിരെ ഉരിയാടാന്‍ ലീഗിന് കഴിഞ്ഞില്ല. ഇത്തരം കരിനിയമത്തിന്റെ ഇരകളാകട്ടെ, ബഹുഭൂരിഭാഗവും മുസ്ലിംകളാണ് താനും. ലീഗിന് അതിന്റേതായ ന്യായീകരണങ്ങളുണ്ടാവാം. എന്നാല്‍, ഇസ്ലാമിന്റെ നൈതികതയിലൂന്നിയാണ് ഈ നിലപാടുകളെന്ന് മാത്രം ദയവായി അവകാശപ്പെടരുത്.

മന്ത്രി മുനീറിന്റെ സാന്നിധ്യം
 സാമ്രാജ്യത്വ ദാസ്യവേലയുടെ പേരില്‍ മന്ത്രി മുനീറിനെതിരെ യുവജന സംഘടന പ്രക്ഷോഭത്തിനിറങ്ങുക, ചാനല്‍ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കുക. ഇത് എങ്ങനെ ശരിയാകും?
അനസ് അബൂദബി

വ്യക്തികളോടല്ല എതിര്‍പ്പ്; അവര്‍ പിന്തുടരുന്ന നയനിലപാടുകളോടാണ്. എം.കെ മുനീര്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരിക്കെ പ്രായോഗികതയും പ്രത്യാഘാതങ്ങളും പരിഗണിക്കാതെ അതിവേഗ പാതക്ക് മുന്‍ കൈയെടുത്തപ്പോള്‍ എതിര്‍ക്കേണ്ടിവന്നു. ഇത്തവണ, വിക്കിലീക്സ് അദ്ദേഹത്തിന്റെ വിവാദപരമായ അമേരിക്കന്‍ സമ്പര്‍ക്കത്തെക്കുറിച്ച രേഖകള്‍ പുറത്ത് വിട്ടപ്പോഴും അതില്‍ സോളിഡാരിറ്റിക്ക് പ്രതികരിക്കേണ്ടിവന്നു. എന്നാലും അദ്ദേഹം സംസ്ഥാനം ഭരിക്കുന്ന മന്ത്രിസഭയില്‍ അംഗമാണ്. കോഴിക്കോട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രവും. കോഴിക്കോട്ട് മീഡിയാ വണ്‍ ചാനലിന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ ഒരു ചാനലിന്റെ സാരഥി കൂടിയായ അദ്ദേഹത്തെ ക്ഷണിച്ചത് തികച്ചും സ്വാഭാവിക നടപടിയാണ്.

ധാര്‍മിക യുവജന മുന്നേറ്റത്തെക്കുറിച്ച ഭീതി
 "............. പരിസ്ഥിതിനാശം, ലിംഗവിവേചനം, പ്രാന്തവത്കൃത സമൂഹത്തിന്റെ ദൈന്യത തുടങ്ങിയ പ്രശ്നങ്ങളില്‍ ഇടതുപക്ഷ യുവതയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി ബ്യൂറോക്രാറ്റിക് നിലപാടുകളെ അതിലംഘിച്ച് മുന്നോട്ട് പോകാന്‍ കാണിച്ച വൈമുഖ്യം ഇത്തരം സംഘടനകളുടെ അഭ്യുദയകാംക്ഷികളെയും സ്വാഭാവിക ബന്ധുക്കളെയും നിരാശരാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ പിന്‍വാങ്ങല്‍ സൃഷ്ടിച്ച ഈ വിടവ് നികത്താനായി പ്രക്ഷോഭങ്ങളുമായി വന്നത് നവീന മത സാംസ്കാരിക സംഘടനകളും നവ സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. ഈ ഇടം അവര്‍ കൈയടക്കുന്നതിലെ അപകടം വിശകലനം ചെയ്യാതെ അവരോട് സഹകരിക്കാന്‍ ഇടതു സഹയാത്രിക മണ്ഡലത്തില്‍ നിന്നുള്ള ചിലരെങ്കിലും നിര്‍ബന്ധിക്കപ്പെടുകയുണ്ടായി.
"കേരളീയ സമൂഹത്തില്‍ അനഭിലഷണീയമായ ശക്തികള്‍ക്ക് മാന്യതയും സ്വീകാര്യതയും ലഭിക്കുന്ന പരിസരം ഉണ്ടായി എന്നതായിരുന്നു ഇതിന്റെയൊക്കെ പരിണതഫലം. നവീന മത മൌലിക യുവജന പ്രസ്ഥാനങ്ങള്‍ പല രൂപ ഭാവങ്ങളില്‍ സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടെ മറവില്‍ പ്രക്ഷോഭ യുവത്വത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി നിയമനിര്‍മാണസഭകളില്‍ എത്തി അനുകൂല നിയമനിര്‍മാണത്തിന് ശ്രമിക്കുന്നു. ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തില്‍ സാംസ്കാരിക സംഘടന വഴി വ്യക്തികളെ സംസ്കരിച്ചെടുക്കാം എന്ന മുന്‍നിലപാടിനെ സ്വയം റദ്ദ് ചെയ്യുകയാണെന്ന് പോലുമറിയാതെ രാഷ്ട്രീയ മണ്ഡലത്തിലേക്കെടുത്തു ചാടാന്‍ മത മൌലികവാദികള്‍ ക്യൂവിലായി. ഇത് സനാതനികള്‍ക്കും ഭൂരിപക്ഷ ദേശീയതാ വാദികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെല്ലാം ഭൂരിപക്ഷ സമുദായാംഗങ്ങളില്‍ ഭയം സൃഷ്ടിച്ച് പിടിച്ചുനില്‍ക്കാനും വലുതാവാനും അവസരം നല്‍കി. ശശികല ടീച്ചറുടെ പ്രസംഗങ്ങള്‍ കൂടുതല്‍ ഹിറ്റായി. ദൂരെ മാറിനിന്ന് ചില ഇടതുപക്ഷ അനുയായികള്‍ പ്രസംഗം കേള്‍ക്കുകയും അന്ധാളിപ്പ് ബാധിച്ച് അതില്‍ കുറെ ശരിയുണ്ടല്ലോ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു''- സോളിഡാരിറ്റിയെയും ജമാഅത്തെ ഇസ്ലാമിയെയും പേരെടുത്ത് പറയാതെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഈ വിലയിരുത്തലിനെപ്പറ്റി എന്താണ് പറയാനുള്ളത്?
അബൂ അഫ്നാന്‍ കവ്വായി


ഒരുപാട് മിഥ്യാ ധാരണകളും അകാരണമായ ആശങ്കകളുമാണ് ലേഖകനെ പിടികൂടിയിരിക്കുന്നതെന്ന് ഉദ്ധൃത വാചകങ്ങള്‍ വ്യക്തമാക്കുന്നു. ഒന്നാമത്, സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടലും ജനനന്മക്കായുള്ള പ്രവര്‍ത്തനങ്ങളും സമരങ്ങളും ലോകത്തിലെ ഒരു നിയമ പ്രകാരവും ഇന്ത്യന്‍ ഭരണഘടന പ്രകാരവും ഒരാളുടെയും കുത്തകാവകാശമായി എഴുതിവെച്ചിട്ടില്ല. തിന്മക്കെതിരെ ആര്‍ക്കും പൊരുതാം, നന്മക്കായി ആര്‍ക്കും പ്രവര്‍ത്തിക്കാം. അക്കാര്യത്തില്‍ മത സംഘടനകള്‍ക്കും മതേതര സംഘടനകള്‍ക്കുമിടയില്‍ ഒരു വിവേചനവും ഇല്ല, ഉണ്ടായിക്കൂടാ. ലിംഗ വിവേചനം, പ്രാന്തവത്കൃത സമൂഹത്തിന്റെ ദൈന്യത തുടങ്ങിയ വിഷയങ്ങളില്‍ ക്യാപിറ്റലിസത്തേക്കാളും കമ്യൂണിസത്തേക്കാളും പുരോഗമനപരമായ നിലപാടുകളാണ് ഇസ്ലാമിന്റേത്. ആരെങ്കിലും അതേപറ്റി അജ്ഞരാണെങ്കില്‍ അത് ഇസ്ലാമിന്റെ കുറ്റമല്ല.
രണ്ടാമതായി, ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ഇടതുപക്ഷം പിന്നാക്കം പോയത് ആഗോള സോഷ്യലിസ്റ് ചേരിക്ക് സംഭവിച്ച തകര്‍ച്ചയുടെയും ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെ ശൈഥില്യത്തിന്റെയും ജീര്‍ണതയുടെയും ഫലമാണ്. മനുഷ്യാവകാശങ്ങള്‍ക്കും ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിനും സര്‍വോപരി മുതലാളിത്ത ദുഷ്പ്രവണതകള്‍ക്കുമെതിരെ വീറോടെ പൊരുതുന്ന ഇടതു പ്രസ്ഥാനം എന്ന പ്രതിഛായ കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് നഷ്ടമാവുകയും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കടിപ്പെട്ടു ശരാശരി ബൂര്‍ഷ്വാ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടോ സാമ്രാജ്യത്വ-മുതലാളിത്ത അധിനിവേശത്തിനെതിരെ ശക്തമായി പൊരുതുന്ന യുവ ധാര്‍മിക പ്രസ്ഥാനങ്ങളോട് കെറുവിച്ചിട്ടോ കാര്യമില്ല. ഒന്നുകില്‍ തനിമ വീണ്ടെടുക്കുക, അല്ലെങ്കില്‍ സ്വാഭാവിക നാശത്തിന് വഴങ്ങുക- ഇതേ വഴിയുള്ളൂ.
മൂന്നാമതായി, ധാര്‍മിക സദാചാര നൈതിക മൂല്യങ്ങളെ ജീവിത വ്യവഹാരങ്ങളില്‍ നിന്ന് പുറത്ത് നിര്‍ത്തി സമസ്ത രംഗങ്ങളിലും കേവല ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് തീറെഴുതിക്കൊടുത്തതാണ് ആധുനിക ലോകത്തിന്റെയും ഇന്ത്യയുടെയും പ്രതിസന്ധികള്‍ക്ക് മൌലിക കാരണം. ഇത് തിരുത്തിക്കുറിക്കാനാണ് ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം ചെയ്തതുതന്നെ. അടുക്കള മുതല്‍ പാര്‍ലമെന്റ് വരെ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവേദിയാണെന്ന് രൂപവത്കരണത്തിന്റെ ഒന്നാം നാളില്‍ തന്നെ അത് വ്യക്തമാക്കാതിരുന്നിട്ടില്ല. സജീവ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടുക സമയത്തിന്റെ മാത്രം പ്രശ്നമായിരുന്നു. ഇപ്പോള്‍ സമയമാവുന്നു എന്ന തിരിച്ചറിവില്‍ ആ രംഗത്തും കാല്‍വെപ്പുകള്‍ നടത്തുകയാണ്. ഇത് മതമൌലികവാദമാണെന്നോ മത രാഷ്ട്രവാദമാണെന്നോ ആരോപിക്കുന്നതില്‍ അര്‍ഥമില്ല. ഓരോ ഇഷ്യുവിലും ഇസ്ലാമിക പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ നേരെ സമീപനം സ്വീകരിക്കേണ്ടത്; മുന്‍വിധികളോ എതിരാളികളുടെ നിരന്തര പ്രചാരണങ്ങളോ അടിസ്ഥാനപ്പെടുത്തിയല്ല. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ സകല മനുഷ്യാവകാശ, ധാര്‍മിക പ്രസ്ഥാനങ്ങളെയും പങ്കാളിയാക്കിയില്ലെങ്കില്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമായി ഒരു ചുക്കും ചെയ്യാനാവില്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
നാലാമതായി, ഭൂരിപക്ഷ വര്‍ഗീയതയും ഫാഷിസവും വളരുന്നത് മതേതര പാര്‍ട്ടികളുടെ അനൈക്യവും അവയെ ബാധിച്ച ജീര്‍ണതയും കോണ്‍ഗ്രസ്സിനെപോലുള്ള പാര്‍ട്ടികളുടെ മൃദുഹിന്ദുത്വ സമീപനവും സൃഷ്ടിച്ച അനുകൂല സാഹചര്യത്തില്‍ നിന്നാണ്. ഒപ്പം ഫാഷിസ്റ് ശക്തികള്‍ സൃഷ്ടിച്ച ഇസ്ലാമോഫോബിയക്ക് ഇടതുപക്ഷ പാര്‍ട്ടികള്‍ പോലും ചിലപ്പോള്‍ വിധേയരാവുന്നത് അവരുടെ പാത സുഗമമാക്കുകയും ചെയ്യുന്നു. മറിച്ച് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സമാധാനപരമായ ധാര്‍മികവത്കരണ യത്നമോ 'മത സഹിഷ്ണുതയോ' ബഹുസ്വര സമൂഹത്തില്‍ ഇടം കണ്ടെത്താനുള്ള ക്രിയാത്മക ശ്രമങ്ങളോ ഒരര്‍ഥത്തിലും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുന്നില്ല, തളര്‍ത്തുകയേ ചെയ്യുന്നുള്ളൂ. ജമാഅത്തെ ഇസ്ലാമിയുടെ ദൈവരാജ്യ സങ്കല്‍പമാണ് തങ്ങളുടെ ഹിന്ദുരാഷ്ട്രവാദത്തിന് പ്രകോപനമെന്ന് സംഘ്പരിവാര്‍ ഒരിക്കലും ഒരിടത്തും സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.

തലവേദനക്ക് പരിഹാരം
തലമുറിക്കല്‍!
 "ഈ സാഹചര്യത്തില്‍ ഒരു പത്രപ്രവര്‍ത്തകനും അധ്യാപകനും അഭിഭാഷകനുമെന്ന നിലയില്‍ എന്റെ എളിയ അഭിപ്രായം, മലയാളി മനസ്സാക്ഷിയുടെ മുമ്പില്‍ സമര്‍പ്പിക്കട്ടെ. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെങ്കിലും സര്‍ക്കാറിന്റെ  കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, വേശ്യാലയങ്ങള്‍ അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒപ്പം, ഉഭയ സമ്മതപ്രകാരമുള്ള 'തോന്ന്യാസങ്ങള്‍' എവിടെയെങ്കിലും കണ്ടെത്തിയാല്‍, അവരെ പിടികൂടി തല്ലിക്കൊല്ലാനും അറസ്റ് ചെയ്ത് ലോക്കപ്പിലിടാനും ശ്രമിക്കാതിരുന്നാല്‍ കേരളത്തിലെ പീഡനങ്ങളുടെ എണ്ണം വളരെ കുറയും.'' 'പീഡനത്തിനൊരു മറുമരുന്ന്' എന്ന പേരില്‍ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള കേരള കൌമുദി പത്രത്തില്‍ എഴുതിയ (2011 നവംബര്‍ 28) ലേഖനത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം?
എ. ഉമ്മര്‍ വെങ്ങന്നൂര്‍, ആലത്തൂര്‍

കേരളം ഇപ്പോള്‍ വേശ്യാലയ മുക്തമാണെന്ന മിഥ്യാ ധാരണയാണ് ആദ്യമായി തിരുത്തേണ്ടത്. മിക്കവാറും എല്ലാ നഗരങ്ങളിലും, ചില ഗ്രാമങ്ങളില്‍ പോലും, വ്യവസ്ഥാപിതമായി പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് അറിയാത്തവര്‍ ആരുണ്ട്? ലൈസന്‍സ് നല്‍കിയാല്‍ ഒരുവേള ഈ വകയിലെ കൈക്കൂലി കുറഞ്ഞുകിട്ടും എന്ന 'നേട്ട'മുണ്ടാവാം. നിലവില്‍ വ്യഭിചാര നിയന്ത്രണത്തിനുപയോഗിക്കുന്ന ഇമ്മോറല്‍ ട്രാഫിക് നിരോധ നിയമത്തിന്റെ അപര്യാപ്തിയും ബലഹീനതയും മൂലം ഉഭയകക്ഷി സമ്മതപ്രകാരമുള്ള അനാശാസ്യവും മറ്റിടപാടുകളും മുറക്ക് നടക്കുന്നുവെന്നതും സത്യം മാത്രം. പലപ്പോഴും അനാശാസ്യം പോലീസ് പിടികൂടുന്നത് തന്നെ ഒന്നുകില്‍ തങ്ങള്‍ നിയമം നടപ്പാക്കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ്, അല്ലെങ്കില്‍ കൈക്കൂലിക്ക്.
ഇനി ലൈംഗിക സദാചാരം നിയമപരമായിത്തന്നെ ഉപേക്ഷിച്ച നാടുകളിലെ സ്ഥിതിയോ? അമേരിക്ക, ആഫ്രിക്ക, യൂറോപ്യന്‍ നാടുകള്‍, വിയറ്റ്നാം, തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ തുറന്ന അനുവാദമുണ്ടായിട്ടും ലൈംഗികാതിക്രമങ്ങള്‍ വേണ്ടതിലധികം നടക്കുന്നു. ബലാത്സംഗം, ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഒരു കുറവും ഇല്ല. മറിച്ച് ലൈംഗിക കുറ്റങ്ങള്‍ കര്‍ശനമായി നിരോധിച്ച, കടുത്ത ശിക്ഷ വിധിക്കുന്ന മുസ്ലിം നാടുകളിലാണ് താരതമ്യേന കുറവ്. വ്യവസ്ഥാപിതവും വ്യാപകവുമായ ബോധവത്കരണവും, കടുത്ത ശിക്ഷയും കൊണ്ടേ ലൈംഗിക കുറ്റങ്ങള്‍ നിയന്ത്രിക്കാനാവൂ. ഒപ്പം വിഹിത ബന്ധങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനവും വേണം. യുവതീ യുവാക്കളുടെ വിവാഹം വൈകിക്കുന്നതും കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് കാരണമാവുന്നുണ്ട്.

സാഹിബും ജമാഅത്തും
 1900-1946 കാലയളവില്‍ ജീവിച്ചിരുന്ന വ്യക്തിത്വമായിരുന്നല്ലോ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. ഈ കാലയളവില്‍ ജമാഅത്തെ ഇസ്ലാമിയുമായി സാഹിബിന് എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടോ? അബ്ദുര്‍റഹ്മാന്‍ സാഹിബിന് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്തായിരുന്നു. അത് ചരിത്രത്തില്‍ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ?
പി. ജലീല്‍ പുന്നയൂര്‍ക്കുളം, അജ്മാന്‍

1948-ലാണ് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിന് മുമ്പ് വി.പി മുഹമ്മദലി സാഹിബ് വളാഞ്ചേരിയില്‍ രൂപവത്കരിച്ച ജംഇയ്യത്തുല്‍ മുസ്തര്‍ശിദീന്‍ ചില പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ 1946-ല്‍ നിര്യാതനായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് ജമാഅത്തെ ഇസ്ലാമിയെ അനുകൂലമോ പ്രതികൂലമോ ആയി വിലയിരുത്തിയതിന് രേഖകളില്ല.  ഇന്നും ചില 'സാഹിബ് ഭക്തന്മാര്‍' പൂര്‍വകാല പ്രാബല്യത്തോടെ അദ്ദേഹത്തെ തീവ്ര മതേതരത്വത്തിന്റെ വക്താവാക്കുന്നതും വൃഥാ വ്യായാമമാണ്. കൃത്യമായി ഇസ്ലാമിക ജീവിതം നയിച്ച അബ്ദുര്‍റഹ്മാന്‍ സാഹിബ് ബ്രിട്ടീഷ് സെക്യുലരിസത്തിന്റെ വക്താവായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന അന്ന് ഉണ്ടായിരുന്നുമില്ലല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം