Prabodhanm Weekly

Pages

Search

2012 ജനുവരി 7

തിരശ്ശീലയിലും അറബ് വസന്തത്തിന്റെ ഇടിമുഴക്കം

നാസര്‍ ഊരകം


 
അറബ് നാടുകളില്‍ കത്തിപ്പടരുന്ന ഭരണകൂടത്തിനെതിരെയുള്ള വിപ്ലവത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ചര്‍ച്ചകള്‍ പങ്കുവഹിച്ചതുപോലെ സിനിമകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഇപ്പോള്‍ ലോകത്ത് നടന്നുവരുന്ന ചലിച്ചിത്ര മേളകളിലെ അറബ് വസന്ത സിനിമകളുടെ സജീവത കാണുമ്പോള്‍ വിപ്ലവത്തിന്റെ ചാലകശക്തികളില്‍ സിനിമകള്‍ക്കും പങ്കുള്ളതായി അനുഭവപ്പെടും. വിപ്ലവത്തിനു മുമ്പ് ഏകാധിപതികളുടെ കിരാത മുഖത്തിനു നേരെ ക്യാമറ തിരിക്കാന്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ മടി കാട്ടിയെങ്കില്‍ വിപ്ലവാനന്തര ഈജിപ്തിലും തുനീഷ്യയിലും റിലീസാകുന്ന സിനിമകള്‍ക്കധികവും മുല്ലപ്പൂ മണമുണ്ട്.
കാലത്തിന്റെ മുദ്രകളാണ് സിനിമകളെങ്കില്‍ അറബ് സിനിമാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നാടുകളില്‍ നടക്കുന്ന രാഷ്ട്രീയ വിപ്ലവങ്ങളോടെങ്ങനെ മുഖം തിരിക്കാന്‍ കഴിയും?
അന്താരാഷ്ട്ര ചലച്ചിത്ര മേളകളെല്ലാം അറബ് പാക്കേജുകളുണ്ടാക്കി അറബ് വസന്ത സിനിമകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഈയിടെ സമാപിച്ച ഗോവ, തിരുവനന്തപുരം, ദുബൈ ചലിച്ചിത്ര മേളകളിലെല്ലാം അറബ് വസന്ത സിനിമകള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ചലച്ചിത്ര മേളകളിലും പ്രദര്‍ശനത്തിനെത്തിയത് വ്യത്യസ്ത ചിത്രങ്ങളായിരുന്നു എന്നത് അറബ് വസന്തം പ്രമേയമാക്കി ഇറങ്ങിയ സിനിമകളുടെ എണ്ണപ്പെരുപ്പത്തെ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ ഉള്‍പ്പെടുത്തിയ അറബ് പാക്കേജില്‍ രണ്ടും ഗോവ മേളയില്‍ നാലും സിനിമകളെങ്കിലും അറബ് വസന്തത്തിന്റെ ചലനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ സവിശേഷമാണ്. എട്ടാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട അഞ്ച് സിനിമകളിലെയും പ്രമേയം അറബ് വസന്തമായിരുന്നു.
അര വിപ്ലവം, ജനുവരി ഇരുപത്തഞ്ചിലെ ജനനം, സൂര്യന്റെ ഇന്‍ക്യൂബേറ്റര്‍, തഹ്‌രീര്‍ ലബനാന്‍ സ്‌ക്വയര്‍, ഒരിക്കലും ഭയപ്പെടേണ്ട തുടങ്ങിയവയാണ് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മുല്ലപ്പൂ മണമുള്ള സിനിമകള്‍.
ഈജിപ്ഷ്യന്‍ സംവിധായകന്‍ അഹ്മദ് റഷ്‌വാന്‍ സംവിധാനം  നിര്‍വഹിച്ച 'ജനുവരി ഇരുപത്തഞ്ചിലെ ജനനം' വിപ്ലവം പൊട്ടിപ്പുറപ്പെട്ട ജനുവരി 25 മുതല്‍ ഹുസ്‌നി മുബാറക് പുറത്തായ മെയ് 27 വരെയുള്ള സംഭവങ്ങളെ വരച്ചിടുകയാണ്. മെയ് 27-ന് വിപ്ലവം അവസാനിക്കുന്നില്ലെന്നും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അത് മുന്നേറിക്കൊണ്ടിരിക്കുമെന്നും ഓര്‍മിപ്പിക്കാന്‍ സംവിധായകന്‍ മറക്കുന്നില്ല.
ഒരു സിനിമ ഒരുങ്ങവെ തഹ്‌രീര്‍ സ്‌ക്വയറില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെ സംവിധായകന്‍ ഉമര്‍ ഷര്‍ഗാവി സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് 'അര വിപ്ലവം.' കയ്‌റോയിലെ തെരുവുകളില്‍ സാധാരണ ജനങ്ങളുടെ ഭാവ പ്രകടനങ്ങള്‍ ദൃശ്യവത്കരിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ലിന മെഹ്ന്നി എന്ന ബ്ലോഗറുടെ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ തുനീഷ്യന്‍ വിപ്ലവത്തെ അവതരിപ്പിക്കുകയാണ് 'ഒരിക്കലും ഭയപ്പെടേണ്ട' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മുറാദ് ബിന്‍ ശൈഖ്. ബിന്‍ അലിയുടെ പുറത്താക്കല്‍ വരെയുള്ള തുനീഷ്യയിലെ സംഭവ വികാസങ്ങളെ വിവിധ കോണുകളില്‍ ചിത്രീകരിക്കുന്ന ചിത്രം ബിന്‍ അലിയുടെ തിരോധനത്തോടെ ഒരിക്കലും ഭയപ്പെടേണ്ടെന്ന് ആശ്വസിപ്പിക്കുന്നു.
തിരുവനന്തപുരം ചലിച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അറബ് സിനിമകളില്‍ ശ്രദ്ധേയമായത് തുനീഷ്യയില്‍ നിന്ന് ഇല്യാസ് ബഖര്‍ സംവിധാനം ചെയ്ത റുഷ് പരോള്‍ ആണ്. അറബ് വിപ്ലവത്തിന് നിമിത്തമായ തുനീഷ്യയിലെ മുഹമ്മദ് ബൂ അസീസി വിപ്ലവത്തിന് തിരികൊളുത്തിയത് മുതല്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പുറത്താക്കല്‍ വരെ ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.
ഈജിപ്തില്‍ നിന്നുമുള്ള 'തഹ്‌രീര്‍ 2011', 'ദ ഗുഡ്, ദ ബാഡ് ആന്റ് ദ പൊളിറ്റീഷ്യന്‍' ഡോക്യുമെന്ററി വിപ്ലവത്തെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
വിപ്ലവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മോറോക്കോ, ജോര്‍ദാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പരിവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ദി എന്‍ഡ് (മൊറോക്കോ), ഇവിടെ മഴ പെയ്യുമ്പോള്‍ (ലബനാന്‍) തുടങ്ങിയ ചിത്രങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു.
എന്നാല്‍ ഏകാധിപത്യ ഭരണകൂടങ്ങളെ താങ്ങിയിരുന്നവര്‍ തന്നെയാണ് വിപ്ലവാനന്തര അറബ് ലോകത്തെ സിനിമകളുടെയും പിന്നിലെന്നത് നല്‍കുന്ന അപകട സൂചനകളെയും കാണാതിരുന്നുകൂടാ.
സിനിമകള്‍ക്ക് പ്രമേയപരമായ ദൗര്‍ബല്യങ്ങളുണ്ടെങ്കിലും റിയലിസ്റ്റിക്ക് സമീപനത്തിലൂടെയുള്ള അവതരണ മികവ് കൊണ്ട് അറബ് ചിത്രങ്ങള്‍ വേറിട്ടു നിന്നു. ഇക്കാലത്ത് ഫലസ്ത്വീനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നത്. മറ്റു അറബ് സിനിമകള്‍ പ്രണയവും കുടുംബ പ്രശ്‌നങ്ങളുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഭരണകൂടങ്ങള്‍ അറബ് ദേശീയതയുടെ പേരില്‍ മുന്നോട്ടു  വെച്ച സാംസ്‌കാരിക നിയന്ത്രണങ്ങളാണ് അരാഷ്ട്രീയ സിനിമകള്‍ നിര്‍മിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
അറബ് രാജ്യങ്ങളിലെ ജനകീയ മുന്നേറ്റം സിനിമകളുടെയും വസന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് വിപ്ലവാനന്തര ഈജിപ്തിലെയും തുനീഷ്യയിലെയും സിനിമകളുടെ പ്രളയം ബോധ്യപ്പെടുത്തുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം