Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

തിരശ്ശീല (കവിത)

ഷെമി യൂസുഫ്, ചാവക്കാട്

നാഥന്‍ മറയിട്ടതാണ് 

മരണത്തിനു മേല്‍ ജീവിതം

തമസ്സിലേക്കുള്ള  പ്രവേശനശേഷം 

പ്രകാശധൂളികള്‍ എനിക്കായി കാത്തുവെച്ചവന്‍!

തമോമയശൂന്യതക്കപ്പുറം 

സ്ഥിരപ്പെടുത്തിയ സ്വര്‍ഗീയസുഗന്ധം

തൊണ്ടക്കുഴിയോളമെത്തുന്ന റൂഹ് 

നാഥാ.. നിനക്ക് സ്വന്തം.

തിരിച്ചുപിടിക്കുവതെങ്ങനെ 

അശക്തമാണീ കൈകള്‍

കണങ്കാലുകള്‍ തമ്മില്‍ പിണയുമ്പോള്‍

എന്റെ യാത്ര സുനിശ്ചിതം

 

നന്മയുള്ള ആത്മാവേ 

നിനക്ക് സമാധാനം 

നിന്റെ രക്ഷിതാവിങ്കലേക്ക്

സ്വാഗതം 

അശരീരി മുഴങ്ങുന്നു 

ഉമ്മയുടെ മടിത്തട്ടില്‍ 

തലചായ്ച്ചുറങ്ങുന്ന 

കുഞ്ഞിനെ പോലെ 

കിടക്കണം ബര്‍സഖില്‍ എനിക്ക്

പച്ചനിറമുള്ള 

ചിറകുകള്‍ വിരിച്ച് 

പാറിനടക്കണം 

എനിക്കായ് 

കാത്തുവെച്ച 

സ്വര്‍ഗത്തില്‍! 

 

 

******************************************************

 

 

ഞാന്‍

-നാസര്‍ കാരക്കാട്-


കാറ്റിന്റെ ഗതിക്കൊത്ത്

നീങ്ങുന്ന മേഘമല്ല 

ഒഴുക്കിനൊത്ത്

നീന്തുന്ന നുരയുമല്ല

 

ഞെട്ടറ്റ് നിലം പതിച്ച

കരിയിലയല്ല

അലക്ഷ്യമായി പാറുന്ന

അപ്പൂപ്പന്‍ താടിയുമല്ല

 

ധനാര്‍ത്തിയാല്‍ പായും

ആധുനികനല്ല

തല കുമ്പിട്ടിരിക്കുന്ന

ന്യൂജനുമല്ല

 

നിര്‍ണിത ലക്ഷ്യത്തിലേക്ക്

കുതിക്കുന്ന യാഗാശ്വം

തെരഞ്ഞെടുത്ത്

മുദ്ര വെക്കപ്പെട്ട പടത്തലവന്‍

 

വേടന്റെ പെരുവിരലില്‍നിന്നുതിര്‍ന്ന അമ്പ്

മറുതീരത്തേക്ക്

തുഴയെറിയുന്നവന്റെ

കൈയിലെ പങ്കായം

 

കൊയ്ത്തുകാലം 

കരളില്‍ കരുതി

മണ്ണില്‍ വിത്തെറിയുന്ന

ശുഭപ്രതീക്ഷകനായ കര്‍ഷകന്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം