Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

സിറ്റിംഗ് ജഡ്ജ് ലോയയുടെ മരണവും ദുരൂഹതകളും

കെ.കെ.എസ്

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിന് മരണപ്പെട്ടത് സ്വാഭാവിക കാരണങ്ങളാലല്ലെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നാള്‍വഴികള്‍ കാണുക.

* സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010-ല്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുന്നു.

* സുപ്രീംകോടതി സി.ബി.ഐയോട് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നു.

* സി.ബി.ഐ പതിനായിരം പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നു.

* ഗുജറാത്തിലെ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് സുപ്രീംകോടതി മൂന്നു കാര്യങ്ങള്‍ ചെയ്തു:

- കേസ് സി.ബി.ഐക്ക് കൈമാറി

- വിചാരണ ഗുജറാത്തിനു പുറത്ത് വെച്ചാകണമെന്ന് നിഷ്‌കര്‍ഷിച്ചു.

- ആദ്യം മുതല്‍ അവസാനം വരെ ഒരൊറ്റ ജഡ്ജാണ് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് നിര്‍ദേശിച്ചു.

* 2014-ല്‍ മോദി പ്രധാനമന്ത്രിയാവുന്നു

* സി.ബി.ഐ കോടതി ജഡ്ജിയായ ജെ.ടി ഉത്പത്, കോടതിയില്‍ ഹാജരാകാന്‍ അമിത് ഷായോട് പലതവണ ആവശ്യപ്പെടുന്നു. അമിത് ഷാ നിരസിക്കുന്നു.

* അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ട അടുത്ത തീയതിയായ ജൂണ്‍ 26-ന് തലേന്ന് ജസ്റ്റിസ് ഉത്പത് സ്ഥലംമാറ്റപ്പെടുന്നു!

* സി.ബി.ഐക്കു വേണ്ടി കേസ് ബി.എസ് ലോയ ഏറ്റെടുക്കുന്നു. 2014 ഒക്‌ടോബര്‍ 31-നു മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് അമിത് ഷായോട് ലോയ ആവശ്യപ്പെടുന്നു.

* അന്നേ ദിവസം ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ അമിത് ഷാ മുംബൈയിലുണ്ടായിരുന്നു. പക്ഷേ, ജസ്റ്റിസ് ലോയക്ക് മുമ്പാകെ ഹാജരാകാന്‍ തയാറായില്ല.

* കോടതി ഉത്തരവ് പാലിക്കാത്തതിന് ജസ്റ്റിസ് ലോയ അമിത് ഷായെ ശാസിക്കുന്നു. സി.ബി.ഐ 2014 ഡിസംബര്‍ 15-ന് കോടതിയില്‍ ഹാജരാകാന്‍ അന്ത്യശാസനം നല്‍കുന്നു.

* 2014 ഡിസംബര്‍ ഒന്നിന് പെട്ടെന്ന് ജസ്റ്റിസ് ലോയ മരണപ്പെടുന്നു. ഹൃദയസ്തംഭനം എന്നാണ് അവര്‍ കാരണമായി പറഞ്ഞത്.

* പകരം ജഡ്ജ് ഗോസ്വാമി വരുന്നു. 2014 ഡിസംബര്‍ 30-ന് അമിത് ഷായെ കുറ്റവിമുക്തനാക്കുന്നു. പതിനായിരം പേജുള്ള സി.ബി.ഐ കുറ്റപത്രത്തെ അവഗണിച്ചുതള്ളി, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വിധിയെഴുതുന്നു.

* വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ കേസിലെ പതിനൊന്ന് പേരെ കുറ്റമുക്തരാക്കിയിട്ടും സി.ബി.ഐ അപ്പീല്‍ നല്‍കിയില്ല.

* അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ വന്നെങ്കിലും അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അനുമതി നല്‍കിയില്ല.

* സുപ്രീംകോടതിയില്‍നിന്ന് പിരിഞ്ഞ ഉടനെ സദാശിവം കേരള ഗവര്‍ണറായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നയാള്‍ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാകുന്നത് ചരിത്രത്തില്‍തന്നെ ആദ്യമാണ്.

* സൊഹ്‌റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീന്‍ (ഇദ്ദേഹമാണ് യഥാര്‍ഥ പരാതിക്കാരന്‍) സുപ്രീംകോടതിയില്‍ ചെന്ന് സി.ബി.ഐ അപ്പീലിന് പോകുന്നില്ലെന്ന് ഉണര്‍ത്തി.

* ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പിന്‍വാങ്ങുന്നു, അമിത് ഷാക്കെതിരെ തനിക്ക് പരാതിയില്ലെന്ന് പറയുന്നു. ഇത് വല്ല സമ്മര്‍ദ്ദവും കാരണം പറയുന്നതാണോ എന്ന് കോടതി ചോദിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞ്, താന്‍ അമിത് ഷാക്കെതിരെയുള്ള പരാതി പിന്‍വലിക്കുകയാണെന്ന് അറിയിക്കുന്നു.

* പിന്നെ നേരെ ഹൈക്കോടതിയില്‍ ചെന്ന് പത്തു പോലീസുകാരെ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീല്‍ നല്‍കുന്നു! ജുഡീഷ്യല്‍ ആക്ടിവിസം മടുത്താണ് താന്‍ അമിത് ഷാക്കെതിരെയുള്ള കേസ് പിന്‍വലിച്ചതെന്ന വാദത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നുണ്ട്.

ഇനി ജസ്റ്റിസ് ലോയയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ പരിശോധിക്കാം. അദ്ദേഹത്തിന്റെ കുടുംബം ഒടുവില്‍ മൗനം ഭഞ്ജിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാരവന്‍ മാഗസിനിലെ നിരഞ്ജന്‍ ടാക്കിലിനോട് ലോയയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍:

- ദീവാളി സമയത്ത് ലോയ തങ്ങളെ സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. അമിത് ഷാ കേസ് കാരണം താന്‍ വളരെയേറെ സമ്മര്‍ദത്തിലാണെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

- നൂറ് കോടി രൂപയും മുംബൈയില്‍ താമസിക്കാന്‍ ഒരു അപ്പാര്‍ട്ട്‌മെന്റുമാണ് ജസ്റ്റിസ് മൊഹിത് ഷാ, ലോയക്ക് വാഗ്ദാനം നല്‍കിയത്. മുഖ്യപ്രതി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാക്ക് അനുകൂലമായി വിധി പറയണമെന്നായിരുന്നു ആവശ്യം. ലോയ വിസമ്മതിച്ചു.

- 2014 നവംബര്‍ 30-ന് രാത്രി പതിനൊന്ന് മണിക്ക് നാഗ്പൂരില്‍നിന്ന് ജസ്റ്റിസ് ലോയ തന്റെ ഭാര്യ ഷര്‍മിളക്ക് മൊബൈലില്‍ ഫോണ്‍ വിളിച്ചു. നാല്‍പ്പതു മിനിറ്റ് നീണ്ട സംസാരത്തില്‍ അന്നത്തെ തന്റെ തിരക്കു പിടിച്ച പരിപാടികള്‍ അദ്ദേഹം വിശദീകരിച്ചു. തന്റെയൊപ്പം ജോലി ചെയ്യുന്ന സപ്‌ന ജോഷിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ലോയ നാഗ്പൂരില്‍ എത്തിയത്. തുടക്കത്തില്‍, കല്യാണത്തിന് പോകാന്‍ ലോയ ഉദ്ദേശിച്ചിരുന്നില്ല. കൂടെയുള്ള രണ്ട് ജഡ്ജിമാരുടെ നിര്‍ബന്ധം കാരണം പോയതാണ്. താന്‍ കല്യാണത്തില്‍ പങ്കെടുത്തുവെന്നും സല്‍ക്കാരത്തില്‍ പങ്കാളിയായെന്നും ലോയ ഭാര്യയെ അറിയിച്ചു. നാഗ്പൂരിലേക്ക് തന്നെ അനുഗമിച്ച രണ്ട് ജഡ്ജിമാരോടൊപ്പം നാഗ്പൂരിലെ സിവില്‍ ലൈന്‍സിലുള്ള രവിഭവന്‍ എന്ന ഗവണ്‍മെന്റ് വി.ഐ.പി ഗസ്റ്റ് ഹൗസിലാണ് താന്‍ തങ്ങുന്നതെന്നും പറഞ്ഞു.

* രാവിലെ ആറു മണി കഴിഞ്ഞയുടനെ ലോയ മരണപ്പെട്ടതായി മെഡിട്രിനാ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചു. ലോയയുടെ കുടുംബാംഗങ്ങള്‍ കാരവന്‍ മാഗസിനോട് പറഞ്ഞത്, ബര്‍ദ എന്ന വ്യക്തി (ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, രവിഭവന്‍ ഗസ്റ്റ്ഹൗസ് വിട്ടശേഷം ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജി)യില്‍നിന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ലോയ മരിച്ച വിവരം ഫോണിലൂടെ ലഭിച്ചുവെന്നും ലാത്തൂരില്‍നിന്ന് നാഗ്പൂരിലെത്താന്‍ അദ്ദേഹം തങ്ങളോട് ആവശ്യപ്പെട്ടു എന്നുമാണ്.

* ലോയയുടെ സഹോദരി അനുരാധ ബിയാനി കാരവന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത് ഇപ്രകാരം: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹതി എന്നൊരാള്‍ മൃതദേഹം ഗേറ്റ്ഗാവോണിലെത്തിക്കാന്‍ താന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് എന്റെ അഛനെ വിളിച്ചു പറഞ്ഞു. ഈ മനുഷ്യന്‍ ഇതൊക്കെ എങ്ങനെ അറിഞ്ഞു? ഇയാള്‍ എങ്ങനെ ലോയയുടെ മരണവിവരമറിഞ്ഞു?

- ഇതേയാള്‍ തന്നെ കുറച്ച് കഴിഞ്ഞ് ലോയയുടെ ഫോണുമായി വന്നു. അതില്‍നിന്ന് ഡേറ്റകള്‍ മുഴുവന്‍ കളഞ്ഞിരുന്നു.

- ലോയയുടെ മൃതശരീരം കൂടെയാരുമില്ലാതെ ഒറ്റക്കാണ് ആംബുലന്‍സില്‍ ലാത്തൂരിലേക്ക് അയച്ചത്.

- ലോയയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് 48 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. നല്ല ശാരീരിക ക്ഷമതയും ആരോഗ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് 85 വയസ്സായി, മാതാവിന് എണ്‍പതും. ഇരുവരും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. ലോയയുടെ അടുത്ത കുടുംബങ്ങളിലൊന്നും പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിച്ച ചരിത്രമില്ല.

- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലോയയുടെ മരണം 2014 ഡിസംബര്‍ ഒന്ന് രാവിലെ 6.45 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സമയത്തിന് ഒന്നേമുക്കാല്‍ മണിക്കൂര്‍ മുമ്പ് തന്നെ ലോയ മരിച്ച വിവരം കുടുംബത്തിന് ലഭിച്ചിരുന്നു.

- ലോയയുടെ ഇ.സി.ജി റിപ്പോര്‍ട്ടില്‍ 2014 നവംബര്‍ 30 എന്നാണ് തീയതി കാണിച്ചിരിക്കുന്നത്. അഥവാ ലോയയെ ഡാന്‍ഡെ ആശുപത്രിയില്‍ കൊണ്ടുവരുന്നതിന് ഒരു ദിവസം മുമ്പ്!

- റിപ്പോര്‍ട്ട് പ്രകാരം, ലോയക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ രവിഭവന്‍ ഗസ്റ്റ് ഹൗസില്‍നിന്ന് ആറ് മിനുട്ട് ഡ്രൈവ് ചെയ്താല്‍ ഡാന്‍ഡെ ആശുപത്രിയിലെത്താം. ഇത്രയും വൈകിയതിന് കാരണം ഒരാള്‍ക്കുമറിഞ്ഞുകൂടാ.

- പിതൃബന്ധത്തിലുള്ള കസിനാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്നത്. ഇങ്ങനെയൊരു 'പ്രേതബന്ധു'വിന്റെ മാതാപിതാക്കളെ എങ്ങും കാണാനുമില്ല! ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിന് ലോയയുടെ അടുത്ത ബന്ധുവാണെന്ന് തീര്‍ച്ചപ്പെടുത്താനാവുക? ലോയയുടെ അടുത്ത ബന്ധുക്കളോട് സംസാരിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് ഇയാള്‍ക്ക് മൃതശരീരം വിട്ടുകൊടുക്കുക?

- പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ സാധാരണ മൃതശരീരം ഹോസ്പിറ്റല്‍ നല്‍കുന്ന പ്രത്യേകം ഗൗണുകൊണ്ടോ ഷീറ്റ് കൊണ്ടോ പൊതിയും. പക്ഷേ, ലോയയുടെ മൃതദേഹം ഷര്‍ട്ടും പാന്റ്‌സും ധരിച്ച നിലയിലായിരുന്നു. അതും സ്ഥാനം തെറ്റിയ നിലയില്‍. ബെല്‍റ്റാകെ ചുരുണ്ട് മടങ്ങിയിരുന്നു. കഴുത്തിലാണ് കണ്ണട ചേര്‍ത്തുവെച്ചിരുന്നത്. സഹോദരി നല്‍കുന്ന വിവരണമാണിത്.

- കുപ്പായത്തില്‍ രക്തത്തുള്ളികളുടെ അടയാളമുണ്ടായിരുന്നു.

- ജ: എ.പി ഷാ (മുന്‍ ലോ കമീഷന്‍ ചെയര്‍മാന്‍), ജ: ബി.എച്ച് മാര്‍ലിപ്പള്ളി (മുന്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജ്), ജ: ബി.ജി കോള്‍സെ പട്ടേല്‍ തുടങ്ങിയവര്‍ വിഷയം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. നിരവധി അഭിഭാഷകരും ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തെഴുതിയിട്ടുണ്ട്.

- 'തങ്ങളുടെ ജീവനെക്കുറിച്ച് ഭയമുള്ളതുകൊണ്ട്' ലോയയുടെ മകനും ഭാര്യയും കാരവന്‍ മാഗസിനോട് സംസാരിക്കാന്‍ തയാറായില്ല എന്ന് അതിന്റെ റിപ്പോര്‍ട്ടര്‍ എഴുതുന്നു.

ലോയയുടെ മരണത്തെക്കുറിച്ച് മെനഞ്ഞെടുത്ത ആദ്യകഥയില്‍ ഇത്രയധികം ഓട്ടകള്‍ ഉണ്ടായിരുന്നിട്ടുകൂടി, ഒരൊറ്റ കോര്‍പറേറ്റ് മീഡിയയും ലോയയുടെ കുടുംബാംഗങ്ങളുടെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറായില്ല. പൂര്‍ണമായ തമസ്‌കരണം. ജഡ്ജി ലോയയുടെ മരണം അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കാരവന്‍ മാഗസിന്‍, ദ വയര്‍, എന്‍.ഡി.ടി.വി തുടങ്ങിയ മാധ്യമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം