Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

പരദൂഷണം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മാരക വിത്താണ് പരദൂഷണം. ഒരാളുടെ അഭാവത്തില്‍ അയാള്‍ക്ക് അഹിതകരമോ അനിഷ്ടകരമോ ആയ പരാമര്‍ശം പരദൂഷണമാണ്. അത് വാമൊഴിയായോ വരമൊഴിയായോ സൂചനയായോ ആവാം. പരദൂഷണത്തെ നിര്‍വചിക്കുന്ന നബിവചനം: നബി(സ) അനുചരന്മാരോട് ചോദിച്ചു: 'പരദൂഷണം എന്തെന്ന് നിങ്ങള്‍ക്കറിയുമോ!' അനുചരന്മാര്‍: 'അല്ലാഹുവിനും അവന്റെ ദൂതനുമാണ് അത് നന്നായി അറിയുക' നബി(സ): 'നിങ്ങളുടെ സഹോദരനെക്കുറിച്ച് അയാള്‍ക്ക് അനിഷ്ടകരമായത് പറയുക.' ഒരു സ്വഹാബി: 'ഞാന്‍ പറയുന്ന കാര്യം അയാളില്‍ ഉണ്ടെങ്കില്‍?' നബി(സ): 'നിങ്ങള്‍ പറയുന്ന കാര്യം അയാളില്‍ ഉണ്ടെങ്കിലാണ് അത് പരദൂഷണമാവുക. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അയാളില്‍ ഇല്ലെങ്കില്‍ അതിന്റെ പേര് വ്യാജോരോപണം എന്നാണ്' (മുസ്‌ലിം).

 

പരദൂഷണം പല വിധത്തിലാവാം

1. ശാരീരിക വൈകല്യങ്ങള്‍. ഒരാളെക്കുറിച്ച് അന്ധന്‍, അംഗവിഹീനന്‍, കുള്ളന്‍, കറുത്തവന്‍, പെരുവയറന്‍, കഷണ്ടി, തടിമാടന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുക.

2. മതബോധവുമായി ബന്ധപ്പെട്ട വൈകല്യങ്ങള്‍. ഒരാളെക്കുറിച്ച് അധര്‍മി, തെമ്മാടി, മോഷ്ടാവ്, വഞ്ചകന്‍, അക്രമി, നമസ്‌കാരത്തില്‍ ശ്രദ്ധയില്ലാത്തവന്‍, മാതാപിതാക്കളെ നോക്കാത്തവന്‍, സകാത്ത് നല്‍കാത്തവന്‍, പരദൂഷണക്കാരന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍.

3. സ്വഭാവ വൈകല്യങ്ങള്‍. ഒരാളെക്കുറിച്ച് മര്യാദ കെട്ടവന്‍, ജനങ്ങളെ വിലവെക്കാത്തവന്‍, സ്വാര്‍ഥി, അധികപ്രസംഗി, കുംഭകര്‍ണന്‍, തീറ്റപ്രിയന്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍.

4. സംസ്‌കാരദൂഷ്യങ്ങള്‍. ദുഃസ്വഭാവി, അഹങ്കാരി, കുതര്‍ക്കി, ദുര്‍ബലന്‍, ചഞ്ചലചിത്തന്‍, നിര്‍ലജ്ജന്‍, താന്തോന്നി തുടങ്ങിയ വിശേഷണങ്ങള്‍.

5. വസ്ത്രം, ആകാരം. ചേരാത്ത വസ്ത്രം ധരിച്ചവന്‍, അഴുക്കു പുരണ്ടവന്‍, കോലം കെട്ടവന്‍, സൗന്ദര്യബോധം തീണ്ടാത്തവന്‍.

6. അനുകരിച്ചു കാട്ടല്‍. ഒരാളുടെ നടത്തം, സംസാരം തുടങ്ങിയവ മറ്റുള്ളവരുടെ മുമ്പില്‍ വികൃതമായി അവതരിപ്പിച്ച് അയാളെ അവമതിക്കുക.

7. മതനിഷ്ഠയുള്ളവര്‍ മറ്റുള്ളവരെക്കുറിച്ച്. 'അവന്റെ കാര്യം കഷ്ടം!' 'അല്ലാഹു അയാളെ നന്നാക്കട്ടെ' 'അക്രമികളെ സമീപിക്കാന്‍ ഇടവരുത്താത്തതിന് അല്ലാഹുവിനെ സ്തുതിക്കുക' തുടങ്ങി മറ്റുള്ളവരെ ഇകഴ്ത്തി, തന്നെ പുകഴ്ത്താതെ പുകഴ്ത്തുന്ന രീതി.

8. പരദൂഷണം പറയുന്നവര്‍ക്ക് ചെവികൊടുക്കുന്നതും കുറ്റം തന്നെ. അത്തരം സദസ്സുകളില്‍ തുടരുന്നത് അത്തരക്കാര്‍ക്ക് പ്രോത്സാഹനമാകും (ഇഹ്‌യാ ഉലൂമിദ്ദീന്‍: 3/141, 142).

പരദൂഷണം ഖുര്‍ആനിലും സുന്നത്തിലും വളരെ വ്യക്തമായി നിഷിദ്ധമാക്കിയ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: 'വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നത് വര്‍ജിക്കുക, എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്, നിങ്ങളില്‍ ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാന്‍ ഇഷ്ടപ്പെടുമോ? നിങ്ങള്‍ അത് വെറുക്കുകയാണല്ലോ. നിങ്ങള്‍ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുക. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനും ആകുന്നു' (ഹുജുറാത്ത്: 12).

ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ നബി(സ) പറഞ്ഞു: 'നിങ്ങളുടെ രക്തം, ധനം, അഭിമാനം ഇവയെല്ലാം പവിത്രമാണ്. ഈ ദിവസത്തിന്റെ, ഈ ദേശത്തിന്റെ, ഈ മാസത്തിന്റെ പവിത്രത പോലെ' (ബുഖാരി).

'ആകാശാരോഹണ സന്ദര്‍ഭത്തില്‍ ഒരു ദൃശ്യം എന്റെ ശ്രദ്ധയില്‍പെട്ടു: ഒരു കൂട്ടമാളുകള്‍ ലോഹ നഖങ്ങള്‍കൊണ്ട് തങ്ങളുടെ മുഖങ്ങളും നെഞ്ചുകളും മാന്തിക്കീറുകയാണ്. അവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജിബ്‌രീലിന്റെ മറുപടി: ജനങ്ങളുടെ ഇറച്ചി തിന്നുന്നവരും അവരുടെ അഭിമാനത്തില്‍ കൈവെക്കുന്നവരുമായിരുന്നു അവര്‍' (അബൂദാവൂദ്).

'ഏറ്റവും കൊടിയ പലിശ മുസ്‌ലിമിന്റെ അഭിമാനം അവകാശരഹിതമായി പിച്ചിച്ചീന്തലാണ്' (അബൂദാവൂദ്).

പത്‌നി സ്വഫിയ്യയുടെ അഭാവത്തില്‍ അവരെ സംബന്ധിച്ച് തെറ്റായ പരാമര്‍ശം നടത്തിയ ആഇശ(റ)യോട് നബി(സ): 'നീ ഇപ്പോള്‍ പറഞ്ഞ വാക്ക് മതി കടല്‍വെള്ളം മലിനമാക്കാന്‍' (അബൂദാവൂദ്). ആഇശയോടുള്ള ഈ വാക്കുകളേക്കാള്‍, പരദൂഷണത്തിന്റെ ഗൗരവം സൂചിപ്പിക്കുന്ന ഒരു വാക്കും തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഇമാം നവവി എഴുതുന്നു (അദ്കാര്‍: നവവി).

പരദൂഷണം അനുവദനീയമാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്:

1. അന്യായം ബോധിപ്പിക്കുക: അധികാര കേന്ദ്രങ്ങളില്‍ നീതി തേടി തന്റെ ഭാഗം സമര്‍ഥിക്കാനും അവകാശം വകവെച്ചുകിട്ടാനും മറുകക്ഷിയെക്കുറിച്ച കാര്യങ്ങള്‍ പറയേണ്ടതായി വരും. 'മനുഷ്യര്‍ ചീത്ത കാര്യങ്ങള്‍ പറഞ്ഞ് പരസ്യമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമില്ലാത്തതാകുന്നു. ആരെങ്കിലും മര്‍ദിക്കപ്പെട്ടാലൊഴിച്ച്. അല്ലാഹു എല്ലാം ഓര്‍ക്കുന്നവനും അറിയുന്നവനുമാകുന്നു' (അന്നിസാഅ്: 148).

2. കുറ്റകൃത്യങ്ങള്‍ തടയാനും സമൂഹത്തില്‍ നന്മ വളര്‍ത്താനും ഉദ്ദേശിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താന്‍ സൂചനകള്‍ വേണ്ടിവരും.

3. പരാതിക്ക് പരിഹാരം തേടുന്ന വേളകള്‍. കുടുംബാംഗങ്ങള്‍, ദമ്പതികള്‍, ബന്ധുജനങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം തേടേണ്ടിവന്നേക്കാം. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് നബി(സ)യോട് ഉന്നയിച്ച പരാതി: 'റസൂലേ! അബൂസുഫ്‌യാന്‍ ഒരു പിശുക്കനാണ്. എനിക്കും മക്കള്‍ക്കും ചെലവിന് മതിയാവുന്ന തുക തരാന്‍ അദ്ദേഹത്തിന് മടിയാണ്. അദ്ദേഹം അറിയാതെ എടുക്കേണ്ടിവരും ചിലപ്പോള്‍. അതില്‍ കുറ്റമുണ്ടോ!' നബി(സ)യുടെ മറുപടി: 'നിങ്ങള്‍ക്കും മക്കള്‍ക്കും മതിയാവുന്നത്ര എടുക്കാവുന്നതാണ്' (ബുഖാരി).

4. ഗുണകാംക്ഷയോടെ മുന്നറിയിപ്പ്. ഹദീസ് റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ച വിവര ശേഖരണം ഈ ഗണത്തില്‍പെടും. ചിലപ്പോള്‍ ചില വ്യക്തികളെ കുറിച്ച് സമൂഹത്തിന് സൂചന നല്‍കേണ്ടി വരും. അനുവാദം ചോദിച്ച വ്യക്തിയെക്കുറിച്ച് നബി(സ) നല്‍കിയ സൂചന: 'അയാള്‍ക്ക് അനുവാദം കൊടുത്തേക്കൂ. അയാളൊരു ചീത്ത വ്യക്തിയാണ്' (ബുഖാരി). കപട വിശ്വാസികളായ രണ്ട് പേരെ കുറിച്ച് നബി(സ): 'അവര്‍ ഇരുവര്‍ക്കും നമ്മുടെ ദീനിനെക്കുറിച്ച ഒന്നും അറിഞ്ഞുകൂടാ' (ബുഖാരി). വിവാഹാന്വേഷണ വേളയില്‍ ചിലരെക്കുറിച്ച് അറിയാവുന്നത് വെളിപ്പെടുത്തേണ്ടതായിവരും. ഭാവിയില്‍ ആ ബന്ധം ഉളവാക്കുന്ന വിനയെ സംബന്ധിക്കുന്ന സൂചനകള്‍ നല്‍കുന്നത് നിര്‍ബന്ധമായിത്തീരും. ഫാത്വിമ ബിന്‍തു ഖൈസ്, തന്നെ വിവാഹാലോചന നടത്തിയ രണ്ട് പേരെക്കുറിച്ച് നബി(സ)യോട് കൂടിയാലോചിക്കുകയുണ്ടായല്ലോ. അപ്പോള്‍ നബി: 'മുആവിയ - അയാള്‍ ദരിദ്രനാണ്. അബൂജഹം ആവട്ടെ എന്നും യാത്രതന്നെയാണ്' (മുസ്‌ലിം).

ഇസ്‌ലാമിനു വേണ്ടി കഠിന ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയും ജീവന്‍ പോലും ഇസ്‌ലാമിന് സമര്‍പ്പിക്കുകയും ചെയ്ത പ്രബോധകന്മാരെയും പരിഷ്‌കര്‍ത്താക്കളായ പണ്ഡിതന്മാരെയും കുറിച്ച് ആരോപണങ്ങളും ദൂഷണങ്ങളുമായി കാലയാപനം നടത്തുന്നവരായുണ്ട് ഒരു വിഭാഗം. ഈ കാലഘട്ടത്തില്‍ തൗഹീദിന്റെ പ്രബോധകനായ മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ്, നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ശൈഖ് ഹസനുല്‍ബന്നാ, ഇസ്‌ലാമിനു വേണ്ടി കഴുമരത്തിലേറുകയും ഫീ ദിലാലില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിലൂടെ ദൈവിക ഗ്രന്ഥത്തിന് ഭാഷ്യം രചിക്കുകയും ചെയ്ത ശഹീദ് സയ്യിദ് ഖുത്വ്ബ് തുടങ്ങിയ മഹാരഥന്മാരെ മുനാഫിഖുകളും മുബ്തദിഉകളും സാമ്രാജ്യത്വത്തിന്റെ വാലാട്ടികളുമായി ചിത്രീകരിച്ച് ജനമധ്യത്തില്‍ ദുഷ്പ്രചാരവേലകള്‍ നടത്തുകയും ചെയ്യുന്നവര്‍, 'ഗീബത്ത്' എന്ന കുറ്റകൃത്യത്തിനപ്പുറം പിശാചിന് വിടുവേല ചെയ്യുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ടവരാണ്.

5. അധാര്‍മിക വൃത്തികളും ബിദ്അത്തുകളും സമൂഹമധ്യത്തില്‍ ഉയര്‍ത്തിക്കാട്ടി വീരസ്യം പതിവാക്കിയവരെ തുറന്നുകാട്ടേണ്ടിവരും.

6. പരിചയപ്പെടുത്തല്‍: ചില വ്യക്തികള്‍ തങ്ങളുടെ ശാരീരിക വൈകല്യത്തിന്റെ പേരിലായിരിക്കും സമൂഹത്തില്‍ അറിയപ്പെടുക. അതല്ലാത്ത വിശേഷണങ്ങളിലൂടെ അവരെ പരിചയപ്പെടുത്തലാണ് സൂക്ഷ്മത.

നബി(സ) യുദ്ധമുതല്‍ ഓഹരിവെച്ചുനല്‍കിയപ്പോള്‍ ഒരു അന്‍സ്വാരി: 'മുഹമ്മദ് ഇത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടല്ല ചെയ്തത്.' ഈ വിവരം അബ്ദുല്ലാഹിബ്‌നു മസ്ഊദ് നബി(സ)ക്ക് നല്‍കിയപ്പോള്‍ നബിയുടെ മുഖം വിവര്‍ണമായി. 'മൂസായെ അല്ലാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം ഇതിലും ദ്രോഹിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം ക്ഷമ അവലംബിച്ചു.' ഇബ്‌നു മസ്ഊദ് പറയുകയാണ്: 'ഇനി ഇതുപോലുള്ള കാര്യങ്ങള്‍ നബി(സ)യോട് പറയില്ലെന്ന് ഞാന്‍ ആത്മഗതം ചെയ്തു.'

സംഗ്രഹം: പി.കെ.ജെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം