മഹല്ല് കമ്മിറ്റികള്‍ക്ക് ബാധ്യതകളെക്കുറിച്ച് ബോധം വേണം
സി.എസ് ശാഹിനും മുഹമ്മദ് മുനീറും ശൈഖ് മുഹമ്മദ് കാരകുന്നും മാതൃകയാക്കേണ്ടുന്ന മഹല്ലുകളെ പുരസ്‌കരിച്ചെഴുതിയ ലേഖനങ്ങള്‍ (പ്രബോധനം ജനുവരി 12) വായിച്ചു. കേരളത്തിലെ 85 ശതമാനം മഹല്ല് കമ്മിറ്റികളുടെയും നേതൃനിരയിലുള്ളവര്‍ എഴുതിയ അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ ബോധ്യപ്പെടും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു: ''മഹല്ല് സംവിധാനങ്ങള്‍ പേരിനു വേണ്ടിയോ കടമക്ക് വേണ്ടിയോ പ്രവര്‍ത്തിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം എന്തുകൊണ്ട് മുസ്‌ലിം നാമങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നു? മഹല്ല് സംവിധാനങ്ങള്‍ക്ക് സംഭവിച്ച പാളിച്ചകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. മഹല്ലുകള്‍ ഇത്ര പെട്ടെന്ന് തകര്‍ന്നടിയാനുള്ള പ്രധാന കാരണം പ്രാപ്തിയുള്ള നേതാക്കളുടെ അഭാവമാണ്'' (ചന്ദ്രിക 13-4-2013).
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നിരീക്ഷണം കാണുക: ''മഹല്ല് നേതൃത്വം സകാത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലുള്ള കഷ്ടപ്പാടിന് അറുതിവരും. അധികമാളുകള്‍ക്കും സകാത്തിന്റെ വിശദാംശങ്ങളും ഗൗരവവും വേണ്ടത്ര അറിയില്ല. സകാത്ത് വാങ്ങാന്‍ അര്‍ഹരായവരുടെ ലിസ്റ്റ് മഹല്ല് നേതൃത്വത്തിന് ഉണ്ടാക്കാം. മഹല്ല് ഖാസിയെയോ മറ്റൊരു വ്യക്തിയെയോ വക്കീലായി നിയമിക്കപ്പെടുകയും ഏല്‍പ്പിക്കപ്പെട്ട സകാത്ത് അര്‍ഹരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന നിലയില്‍ വിതരണം ചെയ്യാവുന്നതാണ്. കേരളത്തിലെ മഹല്ലുകള്‍ സകാത്ത് വിതരണ രീതിയില്‍ ക്രമീകരണം നടത്തിയാല്‍ സാമൂഹിക, സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം കാഴ്ചവെച്ചേക്കാം. പ്രശ്‌നങ്ങള്‍ ശാശ്വതമായി ക്രമീകരിക്കുന്ന വിധമാണ് സകാത്തിന്റെ ക്രമീകരണം'' (ചന്ദ്രിക 23-9-2007).
പിണങ്ങോട് അബൂബക്കര്‍: ''വരുമാനത്തിന്റെ കുറേ ഭാഗം പലിശക്കാര്‍ ചോര്‍ത്തിക്കൊണ്ടുപോകുന്നു. ധാരാളം സ്ഥലങ്ങളില്‍ പള്ളി-മദ്‌റസകള്‍ ധനപരമായി മിച്ചമാണ്. ഇവിടെയെങ്കിലും ഇസ്‌ലാമിക് ബാങ്ക് സമ്പ്രദായത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. പലിശ വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ലോക നാണയനിധി നടത്തുന്നു. പലിശരഹിത ധനകാര്യ ഇടപെടലുകള്‍ക്ക് വലിയ സ്വീകാര്യത അന്തര്‍ദേശീയ തലത്തില്‍ ലഭ്യമാണ്. പലിശരഹിത ധനകാര്യ ഇടപാടുകള്‍ വഴിയേ ദാരിദ്ര്യം നിഷ്‌കാസനം ചെയ്യാനാവൂ. പലിശയില്‍നിന്ന് രക്ഷപ്പെടാനാഗ്രഹിക്കുന്നവര്‍ നിവൃത്തികേടുകൊണ്ടാണ് ബ്ലേഡുകാരെ സമീപിക്കുന്നത്'' (സത്യധാര ജനുവരി 2007).
മഞ്ചേരി സെന്‍ട്രല്‍ ജമാഅത്ത് മഹല്ല് കമ്മിറ്റി മഹല്ലില്‍നിന്ന് സകാത്ത് ശേഖരിച്ച് രോഗികള്‍ക്കും, വിശിഷ്യാ മാരകരോഗം പിടിപെട്ടവര്‍ക്ക്, കിടപ്പ് രോഗികള്‍ക്കും ചികിത്സാ സഹായം ചെയ്തു കൊടുക്കുന്നു. ദരിദ്രരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടില്ലാത്തവര്‍ക്ക് വീടും, കച്ചവട സ്ഥാപനങ്ങളും തൊഴിലുപകരണങ്ങളും പെന്‍ഷനും നല്‍കുന്നതിനുമൊപ്പം കടത്തില്‍പെട്ട് ദുരിതമനുഭവിക്കുന്നവരെ കടം വീട്ടാന്‍ സഹായിക്കുകയും ചെയ്തുവരുന്നു. ഈ മഹല്ലിനെ മറ്റു മഹല്ലുകള്‍ എന്തുകൊാണ് മാതൃകയാക്കാത്തത്?
വയനാട് മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവാഹ സംഗമം നടത്താറുണ്ട്. പ്രത്യേക പിരിവിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നത്. ഇതര മതസ്ഥരെയും സംഗമത്തില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ 1074 യുവമിഥുനങ്ങളെ കുടുംബജീവിതത്തിലേക്ക് നയിച്ചു. 1-5-2017-ന്റെ സംഗമത്തില്‍ 39 വിവാഹമാണ് നടന്നത്. ഇതൊരു വലിയ നേട്ടം തന്നെയാണെന്നതില്‍ സന്ദേഹമില്ല.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഇസ്‌ലാം കാണിച്ചുതന്ന സരണി കൈയൊഴിച്ച് മഹല്ലുകളില്‍നിന്ന് യാചനക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ദുഷ്പ്രവണത അപമാനകരമാണ്. ഹൈദരലി ശിഹാബ് തങ്ങളും അബ്ദുല്‍ ഹമീദ് ഫൈസിയും പിണങ്ങോട് അബൂബക്കറും എഴുതിയ കാര്യങ്ങള്‍ വിരലിലെണ്ണാവുന്ന മഹല്ലു കമ്മിറ്റികള്‍ പോലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിന്റെ കാരണങ്ങള്‍ സുന്നി മഹല്ല് ഫെഡേഷന്‍ സംസ്ഥാന കമ്മിറ്റിയും സംയുക്ത ജമാഅത്തും ഗൗരവമായി എടുത്ത് പരിഹാരം കാണേണ്ടതാണ്.
ചോദ്യോത്തരം നിര്‍ത്തിയതല്ല, നിന്നതാണ്
നീണ്ട വര്‍ഷങ്ങള്‍ പ്രബോധനം വായനക്കാരുടെ ദാഹശമനിയായി വര്‍ത്തിച്ച മുജീബ് യാതൊരു മുന്നറിയിപ്പും നല്‍കാതെ വിടപറഞ്ഞതോ മുങ്ങി നടക്കുന്നതോ? പ്രബോധനം കൈയില്‍ കിട്ടിയാല്‍ ആകാംക്ഷയോടെ ആദ്യം തെരയുന്നത് മുജീബിന്റെ വിലപ്പെട്ട അഭിപ്രായങ്ങളായിരുന്നു. അതിനാല്‍ എത്രയും വേഗം മുജീബ് മടങ്ങിയെത്തി വായനക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കാമോ?
(ചോദ്യോത്തര പംക്തി നിര്‍ത്തിയതോ മുജീബ് മുങ്ങിയതോ അല്ല. പതിറ്റാണ്ടുകളായി തുടരുന്ന ഈ പംക്തിയില്‍ കാലോചിതവും കാര്യമാത്രപ്രസക്തങ്ങളുമായ ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ സുപ്രധാനപ്പെട്ടവ ഗ്രന്ഥ രൂപത്തില്‍ മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട് എന്ന കാര്യം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. അടുത്തകാലത്തായി പക്ഷേ, ദൈനംദിന പത്രവാര്‍ത്തകളെക്കുറിച്ച അഭിപ്രായപ്രകടനം തേടിക്കൊണ്ടുള്ള ചോദ്യങ്ങളാണധികവും ലഭിക്കുന്നത്, അതും സ്ഥിരമായി ഏതാനും പേരില്‍നിന്ന്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ പലതിനെക്കുറിച്ചുമുള്ള ലേഖനങ്ങളും കുറിപ്പുകളും വാരികയില്‍ വേറെത്തന്നെ വരുന്നതുകൊണ്ട് അതൊക്കെ ചോദ്യോത്തര പംക്തിയില്‍ ആവര്‍ത്തിക്കേണ്ടത് ഒരാവശ്യമല്ല. കാലികപ്രസക്തമായ വിഷയങ്ങളില്‍ മാന്യവായനക്കാര്‍ക്കുള്ള സംശയങ്ങളോ, ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും കുറിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളോ ലഭിച്ചാല്‍ പംക്തി തുടരാവുന്നതേയുള്ളൂ- മുജീബ്).
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
മയ്യിത്ത് നമസ്‌കാരങ്ങളില്‍ മാറ്റങ്ങള്‍ വേണം
മുസ്‌ലിം സമുദായത്തിലെ അറിയപ്പെടുന്ന വ്യക്തികള്‍ മരണപ്പെട്ടാല്‍ സ്വാഭാവികമായും മയ്യിത്ത് കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടുതലായിരിക്കുമല്ലോ. വന്നു കാണാനുള്ളവരുടെയും വിദൂര സ്ഥലങ്ങളില്‍നിന്നും എത്തിച്ചേരാനുള്ളവരുടെയും സൗകര്യം പരിഗണിച്ച് ഇത്തരം ഘട്ടങ്ങളില്‍ ജനാസ നമസ്‌കാരവും ഖബ്‌റടക്കവും വളരെയധികം വൈകിക്കുന്ന പതിവുണ്ട്. ഒരു മുസ്‌ലിം മരണപ്പെട്ടാല്‍ പ്രധാന ബാധ്യത, എത്രയും വേഗം പരിപൂര്‍ണ ആദരവോടെ ജനാസ നമസ്‌കരിച്ച് ഖബ്‌റടക്കുക എന്നതാണ്. ഇത് വൈകിക്കുന്നതില്‍ ഇസ്‌ലാമിന് താല്‍പര്യമില്ല. ഇതര മതസ്ഥര്‍ അന്ത്യോപചാരമര്‍പ്പിക്കുന്നതുപോലെ റീത്തോ പുഷ്പചക്രമോ കാല്‍ക്കല്‍ വെച്ച് തലകുമ്പിട്ട് തിരിച്ചുപോവുകയല്ല മുസ്‌ലിം സമൂഹത്തിന്റെ ജനാസ സന്ദര്‍ശനരീതി. മരിച്ച വ്യക്തിക്കു വേണ്ടി നമസ്‌കരിച്ച്, പ്രാര്‍ഥിക്കാനാണ് ഇസ്‌ലാം പഠിപ്പിച്ചത്. പക്ഷേ ഇന്നത്തെ കാഴ്ച മറ്റൊന്നാണ്. മുസ്‌ലിംകള്‍ സന്ദര്‍ശകരായി വന്ന് മയ്യിത്ത് ഒന്നു കണ്ട് അല്‍പസമയത്തിനു ശേഷം തിരിച്ചുപോകും. വരുന്നവരില്‍ പലര്‍ക്കും നമസ്‌കരിക്കാനോ അതിനായി കാത്തുനില്‍ക്കാനോ കഴിയാറില്ല. ഇതിന്റെ ഒരു കാരണം കുളിപ്പിക്കലും കഫന്‍ ചെയ്യലും വൈകുന്നതാണ്. എല്ലാവരും വന്നു കണ്ട ശേഷം ഏറ്റവുമൊടുവില്‍ നമസ്‌കരിക്കാന്‍ അല്‍പം കുറച്ചു പേര്‍ മാത്രം! ഇതിന് മാറ്റം വരുത്തിയാല്‍ നിരവധി പേരുടെ നമസ്‌കാരവും പ്രാര്‍ഥനയും മരിച്ച വ്യക്തിക്ക് ലഭിക്കാന്‍ അവസരമുണ്ടാകും. കുളിപ്പിക്കാതെ ജനാസക്കു വേണ്ടി നമസ്‌കരിക്കാന്‍ പാടില്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ജനാസ ക്രമീകരിക്കുമ്പോള്‍ ആദ്യമേ മുസ്‌ലിം സന്ദര്‍ശകര്‍ക്ക് നമസ്‌കരിച്ചുപോകാന്‍ സാധിക്കും.
മരിച്ച വ്യക്തിയുടെ ഉറ്റവരും ഉടയവരും ആദ്യം നമസ്‌കരിക്കുന്നവരില്‍ ഉണ്ടാവണം എന്ന തെറ്റിദ്ധാരണ ചിലരില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഹദീസിലോ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലോ അങ്ങനെയൊരു നിബന്ധന കാണാനാവില്ല. അങ്ങനെ ആഗ്രഹമുള്ളവര്‍ക്കാവട്ടെ ആദ്യം ജനാസ നമസ്‌കരിക്കുന്ന സംഘത്തോടൊപ്പം ചേരാവുന്നതും ഏറ്റവും ഒടുവില്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിലും പങ്കാളികളാകാവുന്നതുമാണല്ലോ. ഒരാള്‍ക്കു വേണ്ടി ഒന്നിലധികം തവണ ജനാസ നമസ്‌കരിക്കുന്നതിന് ഹദീസില്‍ തെളിവുകള്‍ കാണാം. അത് വിലക്കപ്പെട്ട കാര്യമോ കറാഹത്ത് പോലുമോ അല്ല എന്നാണ് മദ്ഹബുകളും പറയുന്നത്. കഫന്‍ പുടവ സഹിതം മുഖം പുറത്തു കാണത്തക്കവിധം സന്ദര്‍ശകര്‍ക്കായി ജനാസയെ കിടത്താവുന്നതാണ്. ഇത്തരത്തില്‍ ഒരു രീതി അവലംബിക്കുകയാണെങ്കില്‍ പോകാന്‍ ധൃതിപ്പെടുന്നവര്‍ക്കു കൂടി നമസ്‌കരിക്കാന്‍ സാധിക്കും. മുസ്‌ലിം പണ്ഡിതന്മാരും സംഘടനകളും ഈ വിഷയം ഗൗരവത്തോടെ കാണണം.
വി. റസൂല്‍ ഗഫൂര്‍, കോഴിക്കോട്
സുന്നത്തും ആദത്തും
ഉസ്വൂലുല്‍ ഫിഖ്ഹില്‍ തലപ്പാവിനെ ആദത്തിന്റെ (പതിവ്, ശീലം) ഇനത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുന്നത്തായിട്ടല്ല ഗണിച്ചിട്ടുള്ളത്. തലപ്പാവിന്റെ വാലിന്റെ കാരണം വരെ ചില പണ്ഡിതന്മാര്‍ എടുത്തു പറയുന്നുണ്ട്- പിടലിയില്‍ വെയില്‍ തട്ടി പൊള്ളാതിരിക്കാനാണെന്ന്. ആരാധനകള്‍ എന്ന ഉദ്ദേശ്യത്തോടെ നബി(സ) അനുഷ്ഠിച്ചവയേ ഉമ്മത്തിന് സുന്നത്തായിത്തീരുകയുള്ളൂ. ആരാധനക്ക് ഹേതു പറയേണ്ടതില്ലല്ലോ. ഇത് ഹനഫീ മദ്ഹബിലെ ഉസ്വൂലുല്‍ ഫിഖ്ഹിന്റെ കാഴ്ചപ്പാടാണ്. തലപ്പാവ് പോലെ നീളന്‍ കുപ്പായവും നബി(സ) ധരിച്ചിരുന്നല്ലോ, അത് സുന്നത്താക്കാത്തതെന്താണ്? പണ്ഡിതന്മാര്‍ക്ക് പ്രത്യേക വേഷവിധാനം വേണമെന്ന് നിഷ്‌കര്‍ഷിച്ചത് ഹാറൂനുല്‍ റശീദിന്റെ ഖാദിയായിരുന്ന അബൂയൂസുഫ് ആണെന്ന് അല്ലാമാ ശിബ്‌ലി നുഅ്മാനി നിരീക്ഷിച്ചിട്ടുണ്ട്.
അബൂനുഅ്മാന്‍ ചേനപ്പാടി
Comments