അടിയന്തരാവസ്ഥ (കവിത)
കിനാക്കള്‍ പെറ്റ
തെരുവുകളിലിപ്പോള്‍
നിശ്ശബ്ദതയാണ്
തളംകെട്ടി നില്‍ക്കുന്നത്
മുദ്രാവാക്യങ്ങളില്ല
ഉയര്‍ന്നു താഴുന്ന മുഷ്ടികളില്ല
രോഷമിരമ്പുന്ന
ഗര്‍ജനങ്ങളില്ല
വിപ്ലവങ്ങള്‍
കീറക്കടലാസുകളിലാണിപ്പോള്‍
പ്രസവിച്ചുകൊണ്ടിരിക്കുന്നത്
ലോക മഹാവിപ്ലവങ്ങള്‍ക്ക്
പോലുമിപ്പോള്‍
രണ്ടു നാളിന്നപ്പുറമായുസ്സില്ല
പട്ടിണിയുണ്ട്
രോഗമുണ്ട്
മരണമുണ്ട്
അഴിമതിയുണ്ട്
വിലവര്‍ധനയുണ്ട്
വിദ്യാഭ്യാസക്കൊള്ളയുണ്ട്
നാട്ടിലെ ദുരിതങ്ങളൊന്നുപോലും
നാടുനീങ്ങിയിട്ടില്ല
എന്നിട്ടും
തെരുവുകള്‍
നിശ്ശബ്ദമായിത്തന്നെ കിടക്കുന്നു
ഭരണകൂടങ്ങള്‍
കോര്‍പ്പറേറ്റുകളുമായും
പാര്‍ട്ടികള്‍
ഭരണകൂടങ്ങളുമായും
കോംപ്രമൈസിലെത്തിയിരിക്കുന്നു
ആര്‍ക്കും ആരോടും
ദേഷ്യമില്ല
രോഷമില്ല
ഉള്ളത് മുഴുവന്‍
ബാധ്യതകള്‍ മാത്രം
സര്‍ക്കാറിന്
കമ്പനികളോട് ബാധ്യത
പാര്‍ട്ടികള്‍ക്ക്
സര്‍ക്കാറിനോട് ബാധ്യത
കുട്ടി സര്‍ക്കാറിന്
ബല്യ സര്‍ക്കാറിനോട് ബാധ്യത
ബല്യ സര്‍ക്കാറിന്
ഭീമന്‍ തമ്പ്രാക്കളോട് ബാധ്യത
ബാധ്യതകള്‍ ബാധയായി
ത്തുടരുമ്പോള്‍
നിശ്ശബ്ദത ഔഷധമായി
നിര്‍ദേശിക്കപ്പെടുന്നു
പറഞ്ഞില്ലെന്നു വേണ്ട
കെട്ടു നാറി
പുഴു തിന്നാന്‍ തുടങ്ങിയിട്ടുണ്ട്
ജനാധിപത്യം
ചിതല്‍ തിന്ന്
പൊള്ളയായിട്ടുണ്ട്
നീതിപീഠം
ഒരുത്തരവിന്റെ
താമസം മാത്രമേ
അടിയന്തരാവസ്ഥക്കുള്ളൂ
ഉള്ളറകളില്‍
കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു
ഇപ്പോള്‍ ബട്ടണുകളെല്ലാമമരുന്നത്
ഒറ്റച്ചിഹ്നത്തിനു നേര്‍ക്കു മാത്രം
അടുത്തൊരു
ബട്ടണമരുന്നത്
പൗരത്വം റദ്ദ് ചെയ്യാനായിരിക്കും
Comments