Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

ഇസ്‌ലാമിക സാമൂഹിക ക്രമത്തിന്റെ നെടുംതൂണാണ് നീതി

മുനീര്‍ മുഹമ്മദ് റഫീഖ്

''ഖലീഫ ഉമറിന്റെ ഭരണനിര്‍വഹണത്തില്‍ ഞാന്‍ അങ്ങേയറ്റം ആകൃഷ്ടനാണ്. ജനക്ഷേമത്തിനായി ഉമറിന്റെ ഭരണമാതൃക പിന്‍പറ്റാന്‍ ഞാന്‍ പരിശ്രമിക്കും.'' ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതാണീ വാക്കുകള്‍. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി സ്വപ്‌നം കണ്ട ക്ഷേമരാഷ്ട്രവും, അബൂബക്‌റും ഉമറും ചരിത്രത്തില്‍ വരച്ചിട്ട നീതിപൂര്‍വകമായ ഭരണനിര്‍വഹണത്തിന്റെ മഹദ് മാതൃകകളാണ്. രാമനെയും കൃഷ്ണനെയും പോലുള്ള പുരാണ പുരുഷന്മാരെ ഉദാഹരിക്കാത്തതിന്റെ കാരണം അവര്‍ ചരിത്ര പുരുഷന്മാരല്ലെന്നും ഗാന്ധിജി പറഞ്ഞുവെക്കുന്നുണ്ട്. 

നീതിസങ്കല്‍പം ഒരു സമൂഹത്തിനും അജ്ഞാതമല്ല. മനുഷ്യാരംഭം മുതല്‍ക്കുള്ള എല്ലാ സമൂഹവും എന്നും ഉയര്‍ത്തിപ്പിടിച്ച ഏറ്റവും ഉദാത്തമായ മൂല്യങ്ങളില്‍ ഒന്നാണ് നീതി. നീതിയുടെ തത്ത്വങ്ങളല്ല, ജീവിക്കുന്ന മാതൃകകളാണ് പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ലോക നേതാക്കളെ ഇസ്‌ലാമിന്റെ പ്രായോഗിക മാതൃകകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ചരിത്രത്തില്‍ നീതിയുടെ പ്രായോഗിക മാതൃകകളുടെ ഏറ്റവും പ്രശോഭിതമായ സാക്ഷാത്കാരം സാധ്യമായത് ഇസ്‌ലാമിന്റെ ഭരണാധികാരികളിലൂടെയായിരുന്നതിനാലാവാം ഇരുപതാം നൂറ്റാണ്ടിലും ലോക നേതാക്കള്‍ തങ്ങളുടെ സ്വന്തം മതപുരുഷന്മാരേക്കാള്‍, നീതിപൂര്‍വകമായ ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഉമറിലേക്കും അബൂബക്‌റിലേക്കും നോക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ 'പ്രാകൃത മത'മായും ക്രൂരമായ ശിക്ഷാനടപടികള്‍ നടപ്പാക്കുന്ന കാടന്‍ നിയമസംവിധാനമായും ഇസ്‌ലാമും ശരീഅത്തും വിലയിരുത്തപ്പെടുന്ന കാലത്തുതന്നെയാണ്, നീതി പോലുള്ള മാനവികമൂല്യങ്ങള്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങളും അതിന്റെ ചരിത്രവും വലിയ റഫറന്‍സാകുന്നത്. തെറ്റിദ്ധാരണ കൊണ്ടു മാത്രമല്ല, വ്യാജ ആരോപണങ്ങള്‍ കൊണ്ടും ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം മറച്ചുവെക്കപ്പെടുകയോ വികൃതമായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്യുന്നു. ഇതുമൂലം നീതിയുടെയും നന്മയുടെയും കാരുണ്യത്തിന്റെയും പ്രതീകമായ ശരീഅത്ത്, അക്രമത്തിന്റെയും അനീതിയുടെയും കാടത്തത്തിന്റെയും സംവിധാനമായി വിലയിരുത്തപ്പെടുന്നു. ശരീഅത്തിന്റെ ഏറ്റവും സുപ്രധാന മൂല്യമായ നീതിയുടെ പ്രായോഗിക മാതൃകകളുടെ അഭാവവും ഇസ്‌ലാമിനെതിരിലുള്ള ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. 

നീതി ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം മൂല്യസങ്കല്‍പ്പമല്ല. ഏതെങ്കിലും ജനതയുടേതോ കാലഘട്ടത്തിന്റേതോ മാത്രവുമല്ല. സാര്‍വകാലികവും സാര്‍വദേശീയവും സാര്‍വജനീനവുമായ ഒരു ഉന്നത മൂല്യമാണത്. വേദങ്ങളും മുന്‍കാല പ്രവാചകന്മാരും സുകൃതവാന്മാരും എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള സാര്‍വലൗകിക മൂല്യങ്ങളില്‍ പ്രഥമസ്ഥാനത്താണ് നീതി. പ്രവാചകന്‍ മുഹമ്മദ് നബി മുതല്‍ക്കല്ല, മനുഷ്യാരംഭം മുതല്‍ക്കേയുള്ള മൂല്യസങ്കല്‍പമാണത്. താന്‍ അയക്കപ്പെട്ടത് ഏറ്റവും ഉന്നതമായ മാനവികമൂല്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണെന്ന് നബി പ്രഖ്യാപിക്കുന്നത് അതുകൊണ്ടാണ്. എല്ലാ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യങ്ങളിലൊന്ന് നീതിയുടെ സംസ്ഥാപനമായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: 

''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനവുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍'' (ഖുര്‍ആന്‍ 57:25).

പ്രവാചകന്മാരുടെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമാണ് നീതിയുടെ സംസ്ഥാപനമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. വേദഗ്രന്ഥത്തിന്റെ അവതരണം തന്നെയും നീതിനിര്‍വഹണം എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് പര്യാപ്തമായിട്ടു കൂടി, നീതിനിര്‍വഹണം പ്രവാചകന്മാരുടെ നിയോഗ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് അല്ലാഹു പ്രത്യേകമായി എടുത്തു പറയുന്നത് അതിന്റെ പ്രാധാന്യം സൂചിപ്പിക്കാനാണ്. 

ദൈവത്തിന്റെ സവിശേഷ ഗുണങ്ങളിലൊന്നാണ് നീതി. അക്രമിക്കും വിശ്വാസിക്കും അവിശ്വാസിക്കും ഭൂമിയില്‍ വിഭവങ്ങള്‍ വിവേചനരഹിതമായി നല്‍കുന്ന അല്ലാഹുവിന്റെ ഗുണമാണത്. കാരുണ്യം, സ്‌നേഹം പോലുള്ള അനേകം ദൈവികഗുണഗണങ്ങളില്‍ അല്‍പമാത്രമായി മനുഷ്യന് നല്‍കപ്പെട്ട ഗുണമാണ് നീതി. മുഹമ്മദ് നബിയും അനുചരന്മാരും ഭൂമിയില്‍ അതിന്റെ ഏറ്റവും ഉദാത്തമായ സാക്ഷാത്കാരം നിര്‍വഹിച്ചു. ''വിശ്വാസികളേ, നിങ്ങള്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനതയോടുള്ള വിദ്വേഷം അവരോടു നീതി ചെയ്യാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുവിന്‍, അതാണ് ദൈവഭക്തിയോട് ഏറ്റവും ഇണങ്ങുന്നത്'' (അല്‍മാഇദ 8). നീതിയുടെ ആളുകളാകാന്‍ ആഹ്വാനം ചെയ്യുന്ന വേറെയും  സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലു് (സൂറത്തുന്നിസാഅ് 135).

മാതാപിതാക്കള്‍, ഭാര്യാ സന്താനങ്ങള്‍ പോലെ ഏറ്റവും അടുത്തവര്‍ക്ക് എതിരാണെങ്കിലും നീതി നടപ്പിലാക്കണമെന്ന കല്‍പ്പന, ബന്ധങ്ങള്‍ക്ക് പവിത്രമായ സ്ഥാനം കല്‍പ്പിക്കുന്ന ഇസ്‌ലാമില്‍, നീതിയുടെ കാര്യത്തില്‍ ഒരു നീക്കുപോക്കുമില്ലെന്ന് ബോധ്യപ്പെടുത്തുന്നു. കട്ടത് പൊന്നോമന മകളായ ഫാത്വിമയാണെങ്കിലും കൈവെട്ടുമെന്ന നബിയുടെ പ്രഖ്യാപനത്തില്‍ മുഴച്ചുനില്‍ക്കുന്നത് നീതിയുടെ താല്‍പര്യമാണ്. സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും, കുലീനരുടെ കുറ്റങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന ഇരട്ട നീതിയില്‍നിന്നുള്ള മാറിനടത്തമാണ് നീതിയുടെ സംസ്ഥാപനത്തില്‍ മുഹമ്മദ് നബിയുടെ മാതൃക. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ എപ്പോഴും ശത്രുതാപൂര്‍വം നിലകൊള്ളുന്നവരായിരുന്നു ജൂതരെങ്കിലും, നീതി ജൂതന്റെ പക്ഷത്താകുമ്പോള്‍ ആ പക്ഷത്ത് നിലകൊള്ളാന്‍ ആഹ്വാനം ചെയ്യുകയും, കളവ് പറഞ്ഞ മുസ്‌ലിമിനെ തുറന്നുകാണിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍.  

നീതി എന്ന മൂല്യത്തിന്റെ സമഗ്രമായ താല്‍പ്പര്യം മറ്റു പല ഗുണങ്ങളും ചേരുന്നതാണ്. പരസ്പര സ്‌നേഹം, കാരുണ്യം, നൈതികത, രാജ്യപുരോഗതി, സാമ്പത്തിക വളര്‍ച്ച, പൗരന്മാര്‍ക്കും സന്താനങ്ങള്‍ക്കും നല്ല ശിക്ഷണം, ജനങ്ങളുടെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഇവയെല്ലാം വിശാലമായ അര്‍ഥത്തില്‍ നീതിയുടെ താല്‍പ്പര്യങ്ങളാണെന്ന് പ്രസിദ്ധ പണ്ഡിതന്‍ മാവറദി അഭിപ്രായപ്പെടുന്നു (അദബ് 1955, പേജ് 125). നീതി നിരവധി മൂല്യങ്ങളുടെ സമ്മേളനമാണ്. വ്യക്തി ജീവിതത്തില്‍ അത് സന്തുലിതത്വത്തെയും മിതത്വത്തെയും പ്രതിനിധീകരിക്കുമ്പോള്‍ രാഷ്ട്രീയ-ഭരണ നിര്‍വഹണ രംഗങ്ങളില്‍ അത് സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നു. ദുല്‍ഖര്‍നൈന്‍, യൂസുഫ്, ദാവൂദ്, സുലൈമാന്‍ നബിമാരുടെ ഭരണാധികാരത്തെകുറിച്ച് വിശദീകരിക്കുമ്പോള്‍ നീതിബോധത്തിന്റെയും മികച്ച ഭരണനിര്‍വഹണത്തിന്റെയും മാതൃകകള്‍ വരച്ചുകാണിക്കുന്നുണ്ട് ഖുര്‍ആന്‍.  

അല്ലാഹു നിയമങ്ങള്‍ അവതരിപ്പിച്ചതിന്റെ ലക്ഷ്യം മനുഷ്യര്‍ക്കിടയില്‍ നീതി സ്ഥാപിക്കാനാണെന്നും, നീതിയിലേക്കും നന്മയിലേക്കും നയിക്കുന്ന ഏതു മാര്‍ഗവും ശരീഅത്തിന്റെ ഭാഗമാണെന്നും അതിനെ എതിര്‍ക്കാവതല്ലെന്നും ഇബ്‌നുല്‍ ഖയ്യിം (അത്വുര്‍ഖുല്‍ ഹികമിയ) എഴുതിയിട്ടു്.

ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ''എല്ലാവരോടും എല്ലാ കാര്യങ്ങളോടും നീതിയില്‍ വര്‍ത്തിക്കുക എന്നത് ഏവരുടെയും ബാധ്യതയാണ്. ഏതൊരാളോടും ഏതു കാര്യത്തോടും അനീതി പ്രവര്‍ത്തിക്കാവതല്ല. മുസ്‌ലിമിനോടാണെങ്കിലും അമുസ്‌ലിമിനോടാണെങ്കിലും ഒരു ന്യായരഹിതനായ മനുഷ്യനോടാണെങ്കില്‍ പോലും അനീതി പ്രവര്‍ത്തിച്ചുകൂടാ.. ഒരു രാജ്യം ഭരിക്കുന്നത് അവിശ്വാസിയാണെങ്കിലും അല്ലാഹു ആ രാജ്യത്തെ നിലനിര്‍ത്തും; അദ്ദേഹം നീതിമാനാണെങ്കില്‍. എന്നാല്‍, നീതിരഹിതമായി ഒരു രാജ്യം ഭരിക്കുന്നത് വിശ്വാസിയാണെങ്കിലും ആ ഭരണകൂടത്തെ അല്ലാഹു നിലനിര്‍ത്തുകയില്ല'' (മജ്മൂഉ ഫതാവാ, വാള്യം 8, പേജ് 166). 

ചരിത്രത്തില്‍ കഴിഞ്ഞുപോയ സംസ്‌കാരങ്ങളുടെ ഉത്ഥാനപതനങ്ങളുടെ കാരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച ഇബ്‌നു ഖല്‍ദൂന്‍ അഭിപ്രായപ്പെടുന്നത്, നീതിയില്‍ അധിഷ്ഠിതമല്ലെങ്കില്‍ ഒരു രാജ്യത്തിനും പുരോഗതിയിലേക്ക് കുതിക്കാനാവില്ല എന്നാണ് (മുഖദ്ദിമ: പേജ് 287); രാജ്യപുരോഗതി സാമൂഹിക നീതിയിലാണ് എന്ന്. സമൂഹത്തിലെ ചിലര്‍ മാത്രം തടിച്ചുകൊഴുക്കുന്നതിനെ ആ രാജ്യത്തിന്റെ സമൃദ്ധിയായോ പുരോഗതിയായോ കാണാന്‍ കഴിയില്ല.

ചുരുക്കത്തില്‍, ഭരണനിര്‍വഹണത്തിന്റെ അടിസ്ഥാന തത്ത്വമാണ് നീതി. സമത്വം, സ്വാതന്ത്ര്യം, വികസനം, സുതാര്യത, കൃത്യനിഷ്ഠ, വിശ്വാസ്യത, സഹിഷ്ണുത, സ്വാശ്രയത്വം എല്ലാം ഈ അടിസ്ഥാന സങ്കല്‍പ്പത്തിന്റെ ഉപഘടകങ്ങളാണ്. നീതിയെന്ന അടിസ്ഥാന മൂല്യം ആരിലാണോ കൂടുതല്‍ കാണുന്നത്, അവരുടെ മതവും ജാതിയും നിറവും ഏതാവട്ടെ അവരാണ് ഭരണാധികാരികളാകാന്‍  ഏറ്റവും അര്‍ഹര്‍. 

ഉമറിലേക്ക് തിരികെ വരാം. നീതിമാനായ ഭരണാധികാരി എന്ന വിശേഷണമാണ് ചരിത്രത്തില്‍ ഉമറിന്. ഉമറിന്റെ ഭരണത്തെ ഏറ്റവും കുറഞ്ഞ വാക്കില്‍ വിശേഷിപ്പിക്കാമെങ്കില്‍ അത് നീതി എന്ന രണ്ടക്ഷരത്തില്‍ എഴുതാം. ആ അടിസ്ഥാന തത്ത്വത്തില്‍ ഊന്നിയുള്ള ഭരണത്തില്‍, രാജ്യത്തെ ഏറ്റവും ദുര്‍ബലന്റെ അവകാശങ്ങളാവും അദ്ദേഹം ആദ്യം കാണുക. എന്നല്ല, തന്റെ രാജ്യാതിര്‍ത്തിക്കുള്ളിലെ മിണ്ടാപ്രാണികളുടെ വിശപ്പിനുപോലും താന്‍ മറുപടി പറയേിവരുമെന്ന ഉത്തരവാദിത്ത ബോധമുണ്ടായിരുന്നു ആ ഭരണാധികാരിക്ക്. ഉമറിന്റെ ഭരണം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തോടോ സമുദായത്തോടോ അല്ല ചേര്‍ന്നുനില്‍ക്കുന്നത്. ഏതൊരു ജനതക്കും ഏതൊരു മതക്കാരനും ഏതു കാലത്തും സ്വീകരിക്കാവുന്ന ഉന്നതമായ ഒരു മൂല്യത്തിന്റെ  സാക്ഷാത്കാരമാണ് ആ ഭരണത്തെ സവിശേഷമാക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം