അഫ്‌രീന്‍ ഓപ്പറേഷനില്‍ തുര്‍ക്കി എന്ത് നേടാനാണ്?
തുര്‍ക്കിയുടെ 'ഓപറേഷന്‍ ഒലിവ് ബ്രാഞ്ച്' ആരംഭിച്ചുകഴിഞ്ഞു. ഇതൊരു സമാധാന ദൗത്യമാണെന്ന് തെറ്റിദ്ധരിക്കേണ്ട; യുദ്ധനീക്കമാണ്. വടക്കന്‍ സിറിയയില്‍ തുര്‍ക്കിയോട് ചേര്‍ന്നു കിടക്കുന്ന അഫ്‌രീന്‍ നഗരത്തിലേക്കാണ് തുര്‍ക്കി സൈന്യം മാര്‍ച്ച് ചെയ്യുന്നത്. സഹായത്തിനായി തുര്‍ക്കിയുടെ കൂട്ടാളികളായ ഫ്രീ സിറിയന്‍ ആര്‍മിയും. അമേരിക്കന്‍ സഹായത്തോടെ കുര്‍ദുകള്‍ പിടിച്ചെടുത്ത മന്‍ബിജ് നഗരത്തെയും തുര്‍ക്കി ലക്ഷ്യമാക്കുന്നുണ്ട്. ഇതിന്റെ ലക്ഷ്യവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് തുര്‍ക്കിക്കും സിറിയക്കുമിടയില്‍ മുപ്പത് കിലോമീറ്റര്‍ 'ഫ്രീ സോണ്‍' ഉണ്ടാക്കുക. ഫലത്തില്‍ ഇത്രയും ഭൂഭാഗങ്ങള്‍ തുര്‍ക്കി സൈന്യത്തിന്റെ കീഴില്‍ കൊണ്ടുവരിക എന്നര്‍ഥം.
പല ലക്ഷ്യങ്ങള്‍ക്കായി കളിക്കുന്ന പലതരം കളിക്കാരുണ്ട് ഇന്ന് സിറിയന്‍ രാഷ്ട്രീയത്തില്‍. അതിലധികവും വിദേശ കളിക്കാര്‍. സിറിയന്‍ പ്രതിസന്ധി അറ്റമില്ലാതെ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേരത്തേ ഈ വിദേശ കളിക്കാര്‍ തമ്മിലുള്ള മത്സരം നന്നായി മുറുകിയിരുന്നെങ്കിലും ഇപ്പോഴത് ഒരുതരം ഒത്തുകളി പോലെയായിട്ടുണ്ട്. ബശ്ശാര്‍ സൈന്യം പിടിച്ചെടുത്ത അലപ്പോ പോലുള്ള മേഖലകളില്‍ റഷ്യയും ഇറാനുമാണ് പ്രധാന കളിക്കാര്‍. ഇതിനെതിരെ തുര്‍ക്കി മുന്‍നിരയിലുണ്ടായിുന്നെങ്കിലും ഇപ്പോള്‍ പരസ്പര ധാരണയോടെ പിന്മാറിയ മട്ടാണ്. തുര്‍ക്കിക്ക് പ്രധാനം അതിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളാണ്. അവിടെ തുര്‍ക്കി ഇടപെടുമ്പോള്‍ റഷ്യയും ഇറാനും കാഴ്ചക്കാരായി നില്‍ക്കും. ഇതാണ് ധാരണ.
ആകെ ശിഥിലമായിക്കിടക്കുന്ന സിറിയയില്‍ തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ താല്‍പര്യങ്ങളുമില്ലെന്ന് തുര്‍ക്കി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. അത് സത്യവുമാണ്. തുര്‍ക്കിക്ക് പ്രശ്‌നം വടക്കന്‍ സിറിയയിലെ സായുധരായ കുര്‍ദുകളാണ്. അഫ്‌രീനിലും മന്‍ബജിലും പി.കെ.കെ എന്നറിയപ്പെടുന്ന കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ശക്തമായ സായുധ വിംഗുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്നു. അവരാണ് ഈയടുത്ത കാലത്ത് തുര്‍ക്കിയിലെ പല നഗരങ്ങളിലുമുണ്ടായ ഉഗ്ര സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും അവര്‍ സംശയിക്കുന്നു. തുര്‍ക്കിയിലെ മാറിമാറി വന്ന എല്ലാ ഭരണകൂടങ്ങളും പി.കെ.കെയെ ഒന്നാം നമ്പര്‍ ശത്രുവായിത്തന്നെയാണ് കണ്ടിട്ടുള്ളത്. അവരെ തുരത്താന്‍ തുര്‍ക്കി ഗവണ്‍മെന്റ് ഏതറ്റം വരെയും പോകും. പതിറ്റാണ്ടുകളായി തുടരുന്ന ഈ സംഘര്‍ഷത്തില്‍ മരിച്ചുവീണത് നാല്‍പ്പതിനായിരത്തോളം പേരാണ്.
കുര്‍ദുകളിലെ ഒരു ഗ്രൂപ്പ് മാത്രമാണ് പി.കെ.കെ. രാഷ്ട്രീയമായി അവരോട് ആഭിമുഖ്യമുള്ളവരല്ല തുര്‍ക്കിയിലെയും സിറിയയിലെയും ഭൂരിഭാഗം കുര്‍ദുകളും. അതിനാല്‍ പി.കെ.കെയെ നേരിടാനെന്ന പേരില്‍ കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് നഗരങ്ങളെ കടന്നാക്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനവര്‍ നിരത്തുന്ന ന്യായങ്ങള്‍: ഒന്ന്, ഇത് പി.കെ.കെയുടെ ജനകീയത വര്‍ധിപ്പിക്കുകയേയുള്ളൂ. കാരണം, സൈനികമായി ആക്രമിക്കപ്പെടുമ്പോള്‍ സായുധ പ്രതിരോധം തീര്‍ക്കേണ്ടിവരും. അതിനുള്ള കോപ്പുകള്‍ പി.കെ.കെക്ക് മാത്രമാണിപ്പോഴുള്ളത്. സ്വാഭാവികമായും അവരെ ആശയപരമായി എതിര്‍ക്കുന്നവര്‍ക്കു പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരോടൊപ്പം ചേരുകയല്ലാതെ നിവൃത്തിയില്ലാതെ വരും. രണ്ട്, തുര്‍ക്കിയുടെ പൊതുവികാരം പി.കെ.കെക്ക് മാത്രമല്ല, കുര്‍ദ് ജനവിഭാഗത്തിനു തന്നെ എതിരാണ് എന്നതാണ് വസ്തുത. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. തുര്‍ക്കിയിലും സിറിയയിലും പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ശ്രമിക്കാത്തതിന് ഈയൊരു പൊതുവികാരവും പ്രധാന പങ്കുവഹിക്കുന്നു. തുര്‍ക്കിയുടെ സുരക്ഷയെ അത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുക. മൂന്ന്, അഫ്‌രീന്‍ തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ക്കേ പി.കെ.കെയുടെ ശക്തി കേന്ദ്രമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇവിടത്തുകാര്‍ക്ക് നല്ല സായുധ പരിശീലനവും ലഭിക്കുന്നുണ്ട്. മാത്രമല്ല, സൈനിക നീക്കത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഭൂപ്രകൃതിയുമാണ്. അതിനാല്‍ തുര്‍ക്കി സേന പരാജയപ്പെടാനും കനത്ത ആള്‍നാശമുണ്ടാകാനും സാധ്യതയുണ്ട്. നാല്, ഈ യുദ്ധത്തില്‍ പി.കെ.കെ വിജയിക്കുന്ന പക്ഷം കുര്‍ദുകളിലെ എതിര്‍ ശബ്ദങ്ങളൊക്കെ അടിച്ചൊതുക്കപ്പെടും. കുര്‍ദുകളുടെ വക്താവ് പി.കെ.കെ മാത്രമായിത്തീരും. അത് രാഷ്ട്രീയമായി എല്ലാ അര്‍ഥത്തിലും തുര്‍ക്കിക്ക് തിരിച്ചടിയായിത്തീരും.
അത്യന്താധുനിക ആയുധങ്ങളുമായി എത്തുന്ന തുര്‍ക്കി അഫ്‌രീനും മന്‍ബജും കീഴ്‌പ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ ചില താല്‍ക്കാലികാശ്വാസങ്ങള്‍ അവര്‍ക്ക് ഉണ്ടാവുമെന്നു മാത്രം.
Comments