Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

മുഅ്തയിലെ അഗ്നിപരീക്ഷണം

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-42)

മത, രാഷ്ട്രീയ മേഖലകളില്‍ ബൈസാന്റിയ ഒട്ടേറെ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സന്ദര്‍ഭത്തിലാണ് പ്രവാചകന്റെ പ്രതിനിധികള്‍ ആ സാമ്രാജ്യത്തിലെ പ്രമുഖരെ കാണാനായി എത്തുന്നത്. ഇതു സംബന്ധിയായി ഗ്രീക്ക്-റോമന്‍ ചരിത്രകൃതികളിലൊന്നും പരാമര്‍ശമില്ലാത്തതിനാല്‍ അറബ് വിവരണങ്ങളെ ആശ്രയിക്കാന്‍ നാം നിര്‍ബന്ധിതരാണ്. ഒരു മതനേതാവിന് പ്രവാചകന്‍ അയച്ച കത്തിനെക്കുറിച്ച് ഇബ്‌നു സഅ്ദ്1 എഴുതുന്നുണ്ട്. അതിന്റെ ഉള്ളടക്കം ഇങ്ങനെ:

'കാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍-

മതപുരോഹിതന്‍ ളഗാത്വുറിന്. വിശ്വാസികള്‍ക്ക് സമാധാനമുണ്ടാവട്ടെ! താങ്കള്‍ മനസ്സിലാക്കണം, മര്‍യമിന്റെ പുത്രന്‍ യേശു ദൈവത്തില്‍നിന്നുള്ള ആത്മാവും അവന്റെ വചനവുമാണ്. പരിശുദ്ധയായ മര്‍യമിലേക്ക് ദൈവം അയച്ച ആത്മാവ്. എന്നെ സംബന്ധിച്ചാണെങ്കില്‍, ഞാന്‍ ഏകനായ ദൈവത്തില്‍ വിശ്വസിക്കുന്നു. ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ് തുടങ്ങിയ പ്രവാചകന്മാരില്‍ വിശ്വസിക്കുന്നു. മൂസാക്കും യേശുവിനും മറ്റു പ്രവാചകന്മാര്‍ക്കും വന്നുകിട്ടിയ സന്ദേശങ്ങളിലും വിശ്വസിക്കുന്നു. പ്രവാചകന്മാര്‍ക്കിടയില്‍ ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ദൈവം, അവനു മാത്രമാണ് ഞങ്ങള്‍ വിധേയപ്പെടുന്നത്. നേര്‍പാതയില്‍ ചരിക്കുന്ന എല്ലാവര്‍ക്കും സമാധാനം.'

ഇതിനെ സംബന്ധിച്ച് ത്വബരി2 നല്‍കുന്ന വിവരണം ഇപ്രകാരമാണ്: ഈ മതപുരോഹിതന്‍ അല്ലെങ്കില്‍ ബിഷപ്പ്, ചക്രവര്‍ത്തിയെ ചെന്നുകാണുകയും അതിനെക്കുറിച്ച് തന്റെ അഭിപ്രായം പറയുകയും ചെയ്തു. ഇതുകേട്ട് അവിടെ കൂടിയ ജനം ക്രുദ്ധരായി. അവര്‍ പുരോഹിതനെ കടന്നാക്രമിച്ചു. അവിടെ വെച്ചു തന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം ഗ്രീക്ക്-സിറിയന്‍ ചര്‍ച്ചുകള്‍ തമ്മിലുള്ള പോരിനെ കുറിക്കുന്നുണ്ടോ? അതായത്, യേശുവിന് ഏകപ്രകൃതമാണോ (ങീിീുവ്യശെശോെ), മനുഷ്യനും ദൈവവുമെന്ന രണ്ട് പ്രകൃതം (ങീിീവേലഹശശോെ) ഉണ്ടോ എന്നിത്യാദി ദൈവശാസ്ത്ര തര്‍ക്കങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടായിരുന്നുവോ? അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ഉരസലുകള്‍? നമുക്ക് വേണ്ടത്ര വിശ്വാസത്തിലെടുക്കാന്‍ നിവൃത്തിയില്ലാത്ത യഅ്ഖൂബി, പ്രവാചകന്റെ കത്തിന് ഹെറാക്ലിയസ് ചക്രവര്‍ത്തി വാക്കാലുള്ള ഒരു മറുപടി നല്‍കിയതായി പറയുന്നുണ്ട്. അദ്ദേഹം രേഖപ്പെടുത്തുന്നത്3, മുഹമ്മദിന്റെ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ തനിക്കുള്ള ഏക കാരണം തന്റെ ജനത ഇക്കാര്യത്തില്‍ കാണിക്കുന്ന ശത്രുതാ മനോഭാവമാണെന്ന് ഹെറാക്ലിയസ് പറഞ്ഞുവെന്നാണ്. നമുക്ക് നന്നായി അവലംബിക്കാവുന്ന ബുഖാരി4 സംഭവം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: പ്രവാചകന്റെ ഓര്‍ക്കാപ്പുറത്തുള്ള ക്ഷണം കണ്ട് ചക്രവര്‍ത്തി അമ്പരന്നു. ബൈസാന്റിയന്‍ ഭൂപ്രദേശങ്ങളില്‍ അന്ന് ധാരാളമായി കാണാമായിരുന്ന അറബ് കച്ചവടക്കാരെ -ഹുദൈബിയ സന്ധിയാണ് അതിന് നിമിത്തമായത്- വിളിച്ചുവരുത്തി ചക്രവര്‍ത്തി കാര്യമന്വേഷിച്ചു. ക്ഷണം കിട്ടിയവരില്‍ അബൂസുഫ്‌യാനുമുണ്ടായിരുന്നു. അദ്ദേഹം ചക്രവര്‍ത്തിയോട് പ്രവാചകനെക്കുറിച്ച് വിശദീകരിച്ചു. ബൈസാന്റിയക്കാര്‍ക്ക് നേരത്തേ തന്നെ ഇസ്‌ലാമിനെ പേടിയായിരുന്നു എന്ന് സംഭാഷണത്തില്‍നിന്ന് ബോധ്യമായ അബൂസുഫ് യാന്‍ ശരിക്കും അത്ഭുതപ്പെട്ടു.

നയതന്ത്രപരമായ കാരണങ്ങളാല്‍ ചക്രവര്‍ത്തി ക്ഷണം നിരസിച്ചത് കണക്കിലെടുക്കാതെ, അറബ് വംശത്തില്‍പെടുന്ന അത്രയൊന്നും പ്രാധാന്യമില്ലാത്ത നേതാക്കളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പ്രവാചകന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഗസ്സാനികളെക്കുറിച്ച് നാം നേരത്തേ പരാമര്‍ശിച്ചുവല്ലോ. ഒരു മുസ്‌ലിം നയതന്ത്രപ്രതിനിധിയെ ഗസ്സാനികള്‍ കൊന്നുകളഞ്ഞതാണ് പ്രതികാരനടപടിയെന്നോണം മുഅ്ത5 പടനീക്കത്തിന് കാരണമായിത്തീര്‍ന്നത്. പക്ഷേ, മൂവായിരം വരുന്ന മുസ്‌ലിം സൈനികര്‍ക്ക് നേരിടേണ്ടിയിരുന്നത് എണ്ണത്തില്‍ ഒരുലക്ഷം വരുന്ന എതിരാളികളെയായിരുന്നു. ഇറാനികള്‍ക്കെതിരെ ബൈസാന്റിയന്‍ ചക്രവര്‍ത്തി അണിനിരത്തിയ സൈന്യം അതേപടി അവിടെയുണ്ടായിരുന്നു; മറ്റൊരിടത്ത് ഗസ്സാനികളെ സംരക്ഷിക്കാന്‍ തയാറായി നില്‍ക്കുന്ന ഒരു ലക്ഷം സൈനികരും. ഇത്ര വലിയ സൈന്യവുമായി യുദ്ധം വേണോ എന്ന് മദീനയിലെ കേന്ദ്രവുമായി കൂടിയാലോചന നടത്തേണ്ടതല്ലേ എന്ന ചിന്തയൊന്നും മുസ്‌ലിം സൈനികര്‍ക്ക് ഉണ്ടായില്ല. അവരുടെ നേതാവ് സൈദുബ്‌നു ഹാരിസ. യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം വധിക്കപ്പെട്ടു. പിന്നെ നേതൃത്വമേറ്റെടുത്ത രണ്ടു പേരെയും -നബിയുടെ പിതൃസഹോദര പുത്രന്‍ ജഅ്ഫറും അന്‍സാരിയായ അബ്ദുല്ലാഹിബ്‌നു റവാഹയും- അതേ വിധിതന്നെയാണ് കാത്തുനിന്നത്. നേതൃത്വമേറ്റെടുത്ത മൂന്നു പേര്‍ വധിക്കപ്പെട്ടിട്ടും നിരാശരാകാതെ മുസ്‌ലിം സൈനികര്‍, 'ദൈവത്തിന്റെ ഖഡ്ഗം' ഖാലിദുബ്‌നു വലീദിനെ ഉടനടി കടിഞ്ഞാണ്‍ ഏല്‍പ്പിച്ചു. അദ്ദേഹം സൈനികരെ പുനഃസംഘടിപ്പിച്ചു. കൂലിപ്പടയുമായി വന്ന ശത്രുനേതാവ് മാലികുബ്‌നു സാഫില അല്‍ ബലവിയെ അദ്ദേഹം വധിക്കുകയും കുറേ യുദ്ധമുതലുകള്‍ കൈക്കലാക്കുകയും ചെയ്ത ശേഷം ഉടന്‍ മദീനയിലേക്ക് തിരിച്ചു. അദ്ദേഹത്തെ പിന്തുടരാന്‍ ശത്രുവിന് ധൈര്യമുണ്ടായില്ല. ഇബ്‌നു അസാകിര്‍6, കടല്‍വഴി പ്രവാചകന്‍ ഖാലിദുബ്‌നു വലീദിന് സഹായമെത്തിച്ചിരുന്നു എന്ന് പറയുന്നുണ്ട്. ഒരുപക്ഷേ, തന്റെ മൂന്ന് സൈന്യാധിപന്മാരും വധിക്കപ്പെട്ടതറിഞ്ഞ് തിരിച്ചുപോരാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ടാവണം. 'സൈദു ബ്‌നു ഹാരിസ രക്തസാക്ഷിയായത് പ്രവാചകന്‍ അറിയുന്നു; ജിബ്‌രീല്‍ മുഖേനയോ മറ്റൊരു വ്യക്തി മുഖേനയോ...' എന്നും മറ്റുമുള്ള ചരിത്ര വിവരണങ്ങളുടെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഇങ്ങനെയൊരു സാധ്യത കാണാനാവും (ഖസ്തല്ലാനി തന്റെ ബുഖാരി വ്യാഖ്യാനത്തില്‍ -6/383- പറയുന്നത്, വിവരമെത്തിച്ച വ്യക്തി യഅ്‌ല ബ്‌നു ഉമയ്യ ആയിരുന്നുവെന്നാണ്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: 'താങ്കള്‍ വിവരം എന്നോട് പറയണോ, അതോ ആ വിവരം ഞാന്‍ താങ്കളോട് പറയണോ?').

തൊട്ടുടനെ അംറു ബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തില്‍ ഒരു മുന്നൂറംഗ സംഘം, നേരത്തേ മുസ്‌ലിംകളാല്‍ വധിക്കപ്പെട്ട ബാലി ഗോത്രത്തലവന്‍ മാലികു ബ്‌നു സാഫിലയുടെ ഗോത്രക്കാര്‍ താമസിക്കുന്ന പ്രദേശത്തേക്ക് ചെന്നു. അംറിന്റെ വല്യുമ്മ ഈ ഗോത്രക്കാരിയാണ്. ഈ ഗോത്രവുമായി ഒരു അനുരഞ്ജനത്തിന് വേണ്ടിയാവണം പ്രവാചകന്‍ അംറിന്റെ നേതൃത്വത്തില്‍ ഈ സംഘത്തെ പറഞ്ഞയച്ചിട്ടുണ്ടാവുക. പക്ഷേ, ഗോത്രക്കാര്‍ ഇളകിവശായതോടെ, സൈനികസഹായം വേണമെന്ന് ആവശ്യപ്പെട്ട് അംറ് മദീനയിലേക്ക് ആളെയയച്ചു. നബി ഇരുനൂറംഗ സംഘത്തെ അയച്ചുകൊടുത്തു. അതില്‍ അബൂബക്ര്‍, ഉമര്‍, അബൂഉബൈദ പോലുള്ള പ്രമുഖര്‍ വരെ ഉണ്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് നമ്മുടെ ചരിത്രസ്രോതസ്സുകളെല്ലാം നിശ്ശബ്ദമാണ്.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗസ്സാനികള്‍ (ബൈസാന്റിയക്കാര്‍) യുദ്ധത്തിന് ഒരുക്കങ്ങള്‍ നടത്തുന്നു എന്ന ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത മദീനയെ തേടിയെത്തി. പക്ഷേ, ഒരു വര്‍ഷത്തിനകം സ്ഥിതിഗതികള്‍ വളരെയധികം മാറിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ മക്കയും ത്വാഇഫും മാത്രമല്ല, പേര്‍ഷ്യന്‍ ഗള്‍ഫിലെ വിദൂരനാടുകള്‍ വരെ ഇസ്‌ലാമിനു പിന്നില്‍ അണിനിരന്നുകഴിഞ്ഞിട്ടുണ്ട്. മുഅ്തയിലേക്ക് അയച്ചത് മൂവായിരം പേരെയാണെങ്കില്‍ പുതിയ ഭീഷണി നേരിടാന്‍ പ്രവാചകന്റെ നേതൃത്വത്തില്‍ പുറപ്പെടുന്ന സൈന്യത്തിന്റെ അംഗബലം മുപ്പതിനായിരമാണ്. കത്തിയാളുന്ന ചൂടിലാണ് വടക്കന്‍ ഭാഗത്തേക്കുള്ള ഈ പടനീക്കം. യുദ്ധം ചെയ്യുക ഈ നീക്കത്തിന്റെ ലക്ഷ്യമായിരുന്നില്ല; അതേസമയം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ അവര്‍ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. അതിനാല്‍ ബാലി, ഖുദാഇ തുടങ്ങിയ ഗോത്രങ്ങളുടെ ഹൃദയഭൂമിയായ തബൂക്കില്‍ തമ്പടിക്കുകയാണ് മുസ്‌ലിം സൈന്യം ചെയ്തത്. ഈ പടനീക്കത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചില വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്.

സാധാരണ ഗതിയില്‍ പ്രവാചകന്‍ തന്റെ പടനീക്കം ഏതു ദിശയിലേക്കാണെന്ന കാര്യം രഹസ്യമാക്കിവെക്കുകയാണ് ചെയ്യുക. പക്ഷേ, ഇത്തവണ എല്ലാം എല്ലാവരോടും തുറന്നുപറഞ്ഞുകൊണ്ടാണ്. 'മുഹമ്മദ് ബൈസാന്റിയന്‍ ചക്രവര്‍ത്തിയോട് യുദ്ധത്തിന് പോകുന്നു' എന്ന വാര്‍ത്ത പരന്നതോടെ അത് ഗ്രാമീണ അറബികളെ മനശ്ശാസ്ത്രപരമായി സ്വാധീനിച്ചുവെന്ന കാര്യം ഉറപ്പാണ്. ഈ 'ഭ്രാന്തന്‍' സാഹസികതയില്‍ പങ്കുചേരേണ്ടതില്ലെന്ന് ചില മദീനക്കാര്‍ തീരുമാനിച്ചു; അവര്‍ കപടവിശ്വാസികളായിരുന്നു. കപടന്മാരല്ലാത്ത ചില പ്രമുഖര്‍ തന്നെ കൊയ്ത്തിന്റെ സമയമാണ് എന്നും മറ്റും ഒഴികഴിവ് പറഞ്ഞ് പ്രവാചകനോടൊപ്പം ചേര്‍ന്നില്ല. അല്‍പ്പം കഴിഞ്ഞ് പുറപ്പെടാമെന്നായിരുന്നു അവരുടെ തീരുമാനം. അപ്പോഴേക്കും പ്രവാചകനും സംഘവും തിരിച്ചെത്തി. തന്നോടൊപ്പം വരാത്ത ഈയാളുകളെ ശിക്ഷിച്ചു. ആരും അവരോട് ഇനിമേല്‍ സംസാരിക്കരുതെന്ന് വിലക്കി. ആഴ്ചകള്‍ കഴിഞ്ഞ് പ്രവാചകന്‍ അവര്‍ക്ക് മാപ്പു കൊടുക്കുകയും വിലക്കുകള്‍ നീക്കുകയും ചെയ്തു (ഈ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടവരില്‍ കഅ്ബു ബ്‌നു മാലികും7 ഉണ്ടായിരുന്നു. മുഹമ്മദിനെ വെടിഞ്ഞ് സിറിയയിലേക്ക് വരാന്‍ അദ്ദേഹത്തെ ഗസ്സാന്‍ രാജാവ് ക്ഷണിച്ചത് നാം നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്). തബൂക്ക് പടനീക്കത്തില്‍ പങ്കുകൊള്ളാന്‍ ഗിഫാര്‍ ഗോത്രത്തിലെ സന്നദ്ധസേവകര്‍ക്ക് യാത്രാസൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതൊരുക്കിക്കൊടുക്കാന്‍ പ്രവാചകനും സാധ്യമായില്ല. വരാന്‍ കഴിയാത്ത വേദനയില്‍ അവര്‍ കരയാന്‍ തുടങ്ങി. ഈ ആത്മാര്‍ഥതയും ആര്‍ജവവും മറ്റുള്ളവരുടെയും കണ്ണ് നനയിച്ചു. അവരുടെ ആവേശം വാനോളമുയര്‍ത്തുകയും ചെയ്തു. ഒടുവില്‍, ഈയാളുകള്‍ക്ക് അത്യാവശ്യവാഹനങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കാന്‍ സാധിച്ചു. ഈ സംഭവത്തിനു ശേഷം ഈ ഗോത്രം അറിയപ്പെട്ടതുതന്നെ 'കരച്ചിലുകാര്‍' (ബനൂ ബകാഅ്) എന്ന പേരിലാണ്!

ഈ പടനീക്കത്തിന്റെ ഭൗതിക സന്നാഹങ്ങളൊരുക്കിയവരില്‍ മുന്‍പന്തിയില്‍, പിന്നീട് മൂന്നാം ഖലീഫയായിത്തീര്‍ന്ന ഉസ്മാനുബ്‌നു അഫ്ഫാന്‍ ആയിരുന്നു. സൈന്യത്തിലെ മൂന്നിലൊന്ന് പേര്‍ക്കുള്ള, അഥവാ പതിനായിരം പേര്‍ക്കുള്ള വാഹനങ്ങളും യുദ്ധോപകരണങ്ങളും സംഘടിപ്പിച്ചത് അദ്ദേഹം തന്നെയായിരുന്നു. പുറമെ ആയിരം സ്വര്‍ണനാണയങ്ങള്‍ (ദീനാര്‍)8 സംഭാവനയായി നല്‍കുകയും ചെയ്തു. പ്രവാചകനെ ഇത് വളരെയേറെ സംതൃപ്തനാക്കി. ഉമറുബ്‌നുല്‍ ഖത്ത്വാബും വലിയൊരു പണക്കിഴിയുമായാണ് വന്നത്. പ്രവാചകന്‍ അന്വേഷിച്ചപ്പോള്‍, 'എനിക്കുള്ള സ്വത്തിന്റെ പകുതിയും കൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്' എന്ന് ഉമര്‍ മറുപടി പറഞ്ഞു. അബൂബക്‌റിന് നാലായിരം ദിര്‍ഹമേ സംഭാവനയായി നല്‍കാന്‍ സാധിച്ചുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ അവിടെക്കൂടിയവരെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. തന്റെ വീട്ടില്‍ ഇനി സമ്പാദ്യമായി അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം മാത്രമേ ബാക്കിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍! വ്യക്തികള്‍ നല്‍കിയ ഈ സംഭാവനകള്‍ക്കു പുറമെ, അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തന്റെ കീഴിലുള്ള ഗവര്‍ണര്‍മാരോട് ഖജനാവില്‍ ബാക്കിയുള്ളത് മുഴുവന്‍ അയച്ചുതരാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം തന്നെ ലഭ്യമാണ്.9 പണക്കാരോട് സകാത്ത് മുന്‍കൂറായി നല്‍കാനും പ്രവാചകന്‍ നിര്‍ദേശിച്ചിരുന്നു (അബൂയഅ്‌ലയെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഹജറിന്റെ മത്വാലിബ് ചീ: 827).

യാത്രക്കിടെ ഒട്ടകങ്ങള്‍ മണല്‍ക്കാറ്റില്‍പെട്ടുവെന്നും അതിലൊരൊട്ടകം ഒരു മുസ്‌ലിം പടയാളിയെയും കൊണ്ട് ത്വയ്യ് ഗോത്ര അധിവാസ മേഖലയിലെ പര്‍വതം വരെ പോയെന്നും, കുടിവെള്ളം പറ്റേ തീര്‍ന്നുപോയ ഒരു നിര്‍ണായക ഘട്ടത്തില്‍ മഴക്കുവേണ്ടിയുള്ള പ്രവാചകന്റെ പ്രാര്‍ഥനയുടെ ഫലമായി മഴ പെയ്‌തെന്നും മറ്റുമുള്ള വിവരണങ്ങളും കാണാന്‍ കഴിയും. പ്രവാചകനെ ആരോ ചിലര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നു വരെ ചില വിവരണങ്ങളിലുണ്ട്. മുസ്‌ലിം (2/77), അബൂദാവൂദ് (1/60), തിര്‍മിദി (22/29) എന്നിവരുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രവാചകന്‍ ഈ യാത്രയില്‍ അണിഞ്ഞിരുന്നത് ഒരു ബൈസാന്റിയന്‍ മേല്‍ക്കുപ്പായം (ജുബ്ബ റൂമിയ്യ) ആയിരുന്നു; കുപ്പായക്കൈ വളരെ ഇടുങ്ങിയതായിരുന്നു (ഇതൊരു സൈനിക വസ്ത്രമായിരുന്നോ?). ഇബ്‌നു ജൗസി (വഫാഅ് പേ: 546) നല്‍കുന്ന ഒരു വിവരണവും ഇവിടെ പരാമര്‍ശിക്കാമെന്ന് തോന്നുന്നു. പ്രവാചകന്റെ ഭാര്യാസഹോദരി അസ്മ ഒരിക്കല്‍ പ്രത്യേകതരം സില്‍ക്ക് കുടുക്കുകളുള്ള ഒരു വസ്ത്രം ഉയര്‍ത്തിപ്പിടിച്ച് ഇങ്ങനെ പറഞ്ഞു: 'ഇത് ധരിച്ചാണ് പ്രവാചകന്‍ ശത്രുക്കളെ നേരിടാറുണ്ടായിരുന്നത്.' സംഹൂദി പറയുന്നത് (പേ: 1029, രണ്ടാം എഡിഷന്‍), ഈ യാത്രയില്‍ തബൂക്കിനും മദീനക്കുമിടയില്‍ നബി പതിനാറ് പള്ളികള്‍ പണിതു എന്നാണ്. ഇതൊന്നും പൂര്‍ണമായ രൂപത്തിലുള്ള പള്ളികളാകാന്‍ സാധ്യതയില്ല. ഓരോയിടത്തും ക്യാമ്പ് ചെയ്യുമ്പോള്‍ നമസ്‌കരിക്കാനായി ഒരുക്കിയ സംവിധാനങ്ങളാകാം.

തബൂക്കിലെത്തിയ ഉടനെ പ്രവാചകന്‍ ഹെറാക്ലിയസിന് വീണ്ടും ഒരു കത്ത് അയക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ആദ്യം. അതിന് സാധ്യമായില്ലെങ്കില്‍ പ്രജകളോട് നല്ല നിലക്ക് പെരുമാറണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. കത്തിന്റെ പൂര്‍ണ രൂപം: ''ദൈവപ്രവാചകന്‍ മുഹമ്മദില്‍നിന്ന് റോമക്കാരുടെ നേതാവിന്. താങ്കള്‍ ഇസ്‌ലാം ആശ്ലേഷിക്കണമെന്ന് ഞാന്‍ താല്‍പര്യപ്പെടുന്നു. അത് താങ്കള്‍ സ്വീകരിക്കുന്ന പക്ഷം മുസ്‌ലിംകള്‍ക്കുള്ള അവകാശങ്ങളെല്ലാം താങ്കള്‍ക്കും ലഭ്യമാവുന്നതാണ്. അവര്‍ക്കുള്ള ബാധ്യതകള്‍ താങ്കള്‍ക്കും വന്നുചേരുന്നതാണ്. ഇതിന് സന്നദ്ധമാകുന്നില്ലെങ്കില്‍ തലവരി ചുങ്കം നല്‍കേണ്ടിവരും. കാരണം മഹോന്നതനായ ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി കാണാത്തവരും സത്യത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് പോരടിക്കുക; അവര്‍ വിധേയരായി ചുങ്കം നല്‍കുന്നതുവരെ' അതുമല്ലെങ്കില്‍ ഇസ്‌ലാമിനും ഗ്രാമീണര്‍ക്കുമിടയില്‍ തടസ്സമായി താങ്കള്‍ കയറിനില്‍ക്കാതിരിക്കുക. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയോ ചുങ്കം നല്‍കുകയോ ചെയ്യട്ടെ.''10

റോമന്‍ ഭരണാധികാരി ഈ സമയത്ത് മുസ്‌ലിം സൈന്യത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു എന്നാണ് മനസ്സിലാകുന്നത്. പ്രവാചകന് സമ്മാനമായി സ്വര്‍ണനാണയങ്ങള്‍ അയച്ചുകൊടുത്തത് ഇതിന്റെ ഭാഗമായി വേണം കാണാന്‍. പക്ഷേ, മുസ്‌ലിം നയതന്ത്ര പ്രതിനിധിയെ കൊന്നതിനുള്ള നഷ്പരിഹാരമായോ, പ്രവാചകന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവായോ അതിനെ കാണാന്‍ കഴിയില്ല. അതിനാല്‍ പ്രവാചകന്‍ തനിക്ക് ലഭിച്ചതിനെ 'നയതന്ത്ര സമ്മാന'മായി കാണാതെ, യുദ്ധമുതല്‍ മാത്രമായി കണ്ട് അത് അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണുണ്ടായത്.11 റോമന്‍ ചക്രവര്‍ത്തി തനൂഖി അറബികളില്‍നിന്ന് നിയമിച്ച ബൈസാന്റിയന്‍ നയതന്ത്രജ്ഞന്‍ പ്രവാചകനെ തബൂക്കില്‍ ചെന്ന് കണ്ടതായി ഇബ്‌നു ഹമ്പല്‍12 രേഖപ്പെടുത്തുന്നുണ്ട്. സംഭവം നടക്കുന്ന സമയത്ത് ഈ നയതന്ത്ര പ്രതിനിധിക്ക് വളരെയേറെ പ്രായമായിക്കഴിഞ്ഞിരുന്നുവെന്നും അതിനാല്‍ ഇദ്ദേഹത്തിന്റെ വിവരണം കരുതലോടെ മാത്രമേ സ്വീകരിക്കാനാവൂ എന്നും അതേ വിവരണത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്.

തബൂക്കില്‍നിന്ന് ചെറിയ സംഘങ്ങളെ പല ദിക്കിലേക്കും പ്രവാചകന്‍ പറഞ്ഞയക്കുന്നുണ്ട്. തുടര്‍ന്ന് വിവിധ മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് ദൗത്യ സംഘങ്ങള്‍ തബൂക്കില്‍ വന്നെത്തി പ്രവാചകന് അനുസരണ പ്രതിജ്ഞ ചെയ്യാന്‍ തുടങ്ങി. ദൂമതുല്‍ ജന്‍ദല്‍ (കിഴക്ക്), മഖ്‌ന (പടിഞ്ഞാറ്), ഐല തുറമുഖം, ജര്‍ബാഅ്, ഫലസ്ത്വീനിലെ മആന്ന് അപ്പുറമുള്ള അദ്‌റൂഹ് (വടക്ക്) എന്നിവിടങ്ങളില്‍നിന്നാണ് സംഘങ്ങള്‍ വന്നെത്തിയത്. ദൂമതുല്‍ ജന്‍ദലിനെക്കുറിച്ചും മഖ്‌നയിലെ ജൂതന്മാരെക്കുറിച്ചും നാം പ്രത്യേകമായി തന്നെ പിന്നീട് പരാമര്‍ശിക്കുന്നുണ്ട്.

അഖബ തീരത്തുള്ള ഐല തുറമുഖത്തിന് തന്ത്രപരവും സാമ്പത്തികവുമായ വലിയ പ്രാധാന്യമുണ്ടായിരുന്നു എല്ലാ കാലത്തും. ക്രൈസ്തവ ദൈവശാസ്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്ന നിക്കിയ കൗണ്‍സിലില്‍ അംഗമായിരുന്ന പീറ്റര്‍ ഐലയിലെ ബിഷപ്പായിരുന്നു എന്നത് നഗരത്തിന്റെ പ്രശസ്തി ഒന്നുകൂടി വര്‍ധിപ്പിച്ചു. പ്രവാചകന്റെ ഒരു ദൂതന്‍ ഐലയിലെത്തി അവിടെയുള്ള മാര്‍ യൂഹന്ന എന്ന ക്രിസ്ത്യന്‍ പുരോഹിതനെ സന്ദര്‍ശിച്ച് പ്രവാചകന്റെ സന്ദേശം കൈമാറി. ഈ പുരോഹിതന്‍ ഒരുപക്ഷേ, അറബ് വംശജനായിരിക്കാം. ഇസ്‌ലാം സ്വീകരിക്കുകയോ രാഷ്ട്രീയമായി വിധേയപ്പെടുകയോ ചെയ്യണമെന്ന് അതില്‍ നിര്‍ദേശിച്ചിരുന്നു.13 താന്‍ ദൈവ പ്രവാചകനാണെന്നും ദൈവത്തിന്റെ വചനവും ദൃഷ്ടാന്തവുമായ മര്‍യമിന്റെ മകന്‍ യേശു ദൈവപ്രവാചകനാണെന്ന് വിശ്വസിക്കുന്നവനാണെന്നും അതില്‍ എഴുതിയിരുന്നു. ബൈബിള്‍ നിയമത്തെ പരാമര്‍ശിച്ച്, ആജ്ഞകള്‍ ലംഘിക്കുന്ന പക്ഷം സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുമെന്നും സൂചിപ്പിച്ചിരുന്നു.14 കീഴടങ്ങുന്ന പക്ഷം മറ്റെല്ലാ ബാഹ്യ ആക്രമണങ്ങളില്‍നിന്നും സംരക്ഷണം നല്‍കാമെന്നും കത്തില്‍ ഉറപ്പു നല്‍കിയിരുന്നു. മാര്‍ യൂഹന്ന തബൂക്കില്‍ വരികയും പ്രവാചകനുമായി ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.15 കരാര്‍ പ്രകാരം ഐലയിലെത്തുന്ന കപ്പലുകള്‍ക്കും അവയെ അനുഗമിക്കുന്നവര്‍ക്കും സംരക്ഷണം നല്‍കേണ്ടത് മുസ്‌ലിം സൈന്യത്തിന്റെ ബാധ്യതയാണ്. കരയിലോ കടലിലോ വ്യാപാരാര്‍ഥമുള്ള സഞ്ചാരങ്ങള്‍ തടസ്സപ്പെടുന്നില്ല എന്നും അവര്‍ ഉറപ്പു വരുത്തേണ്ടിയിരുന്നു. ബിഷപ്പ് ഓരോ വര്‍ഷവും 300 സ്വര്‍ണ ദീനാര്‍ വീതം നല്‍കും (ആ സമയത്ത് നഗരത്തില്‍ പ്രായപൂര്‍ത്തിയായ 300 താമസക്കാരുണ്ടാവും).16 ഐലയില്‍നിന്നെത്തിയ പ്രതിനിധിക്ക് പ്രവാചകന്‍ ഒരു മേല്‍വസ്ത്രം സമ്മാനിച്ചിരുന്നു (ഒരു നൂറ്റാണ്ടുകാലം ഇതിവിടെ സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീടത് പ്രവാചക സ്മരണ നിലനിര്‍ത്തുന്ന അമൂല്യ സ്മാരകം എന്ന നിലക്ക് അബ്ബാസികള്‍ വാങ്ങിക്കൊണ്ടുപോയി).17

ജര്‍ബയും അദ്‌റുഉം രണ്ട് ഗ്രാമങ്ങളായിരുന്നു. ഐലയിലെ ബിഷപ്പിന്റെ ആശ്രിതരായിരിക്കാം അവര്‍. നമ്മുടെ ചരിത്ര കൃതികള്‍ നല്‍കുന്ന സൂചനയനുസരിച്ച്,18 ആ ഗ്രാമങ്ങളില്‍നിന്നുള്ള പ്രതിനിധികളും പ്രവാചകനെ കാണാനെത്തിയ യൂഹന്നയെ അനുഗമിച്ചിട്ടുണ്ടായിരുന്നു. ഫലസ്ത്വീനിലെ മആന്‍ മേഖലക്കും അപ്പുറമാണ് അദ്‌റുഅ് എന്നാണ് ഭൂമിശാസ്ത്രകാരന്മാര്‍ പറയുന്നത്. തബൂക്ക് പടയോട്ടത്തിനു ശേഷം മുസ്‌ലിം സ്വാധീനം എത്ര വിപുലമായി എന്നതിന്റെ സൂചന കൂടിയാണിത്. ഈ രണ്ട് ഗ്രാമങ്ങളിലെയും പ്രതിനിധികള്‍ പ്രവാചകന് വര്‍ഷം തോറും നൂറ് ദീനാര്‍ കപ്പം കൊടുക്കാമെന്നാണ് സമ്മതിച്ചത്.19

അന്ത്യശാസനം നല്‍കുന്നതു പോലുള്ള ഒരു സന്ദേശം പ്രവാചകന്‍ ഐലയിലെ യൂഹന്നക്ക് അയക്കുന്നുണ്ട്. 'മഖ്‌ന നിവാസികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുക' എന്നാണ് കത്തിന്റെ അവസാനത്തിലുള്ളത്. ഐലയിലെ ക്രൈസ്തവരായ നിവാസികള്‍ മഖ്‌ന (അഖബ ഉള്‍ക്കടലിന്റെ തെക്ക് മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്) അധിനിവേശം ചെയ്തിരുന്നുവെന്നും, ഹെറാക്ലിയസ് രാജാവിന്റെ നിര്‍ദേശപ്രകാരം അവിടത്തെ ജൂതന്മാരായ തദ്ദേശവാസികളെ അടിച്ചോടിച്ചിരുന്നുവെന്നും പുറത്താക്കപ്പെട്ട ജൂതന്മാര്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണം നേടിയെടുക്കുന്നതില്‍ വിജയിച്ചു എന്നുമാണോ ഈ അന്ത്യശാസനത്തിന്റെ അര്‍ഥം? സിറിയ-ഫലസ്ത്വീനിലെ ബൈസാന്റിയക്കാരാല്‍, 'പേര്‍ഷ്യന്‍ അധിനിവേശത്തെ സ്വാഗതം ചെയ്തു എന്ന ആരോപണത്തിന് വിധേയരായ ജൂതന്മാര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു'20 എന്നത് ഒരു വസ്തുതയാണ്.

സഅ്ദ്-ഹുസൈം വിഭാഗങ്ങള്‍ ഇസ്‌ലാമിനു പിന്നില്‍ അണിനിരന്നത് ഈ ഘട്ടത്തിലാണ്. അവരുടെ സഹായത്തോടെയാവണം തബൂക്ക് വിടുന്നതിനു മുമ്പ് പ്രവാചകന് ശത്രുക്കള്‍ക്കെതിരെ വ്യക്തമായ വിജയം നേടാനായത്.21

തബൂക്കില്‍ ഒരാഴ്ച തങ്ങിയ ശേഷം പ്രവാചകന്‍ മദീനയിലേക്ക് മടങ്ങി. തങ്ങളുടെ ആശ്രിത പ്രദേശങ്ങളായ ഐല, അദ്‌റുഅ്, ദൂമതുല്‍ ജന്‍ദല്‍ എന്നിവ യാതൊരു ചെറുത്തുനില്‍പ്പും കൂടാതെ ബൈസാന്റിയന്‍ ഭരണകൂടം മുസ്‌ലിം സൈന്യത്തിന് വിട്ടുകൊടുത്തത് എന്തുകൊണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

മഖ്‌രീസി22 തബൂക്ക് പാല്‍ക്കട്ടിയെപ്പറ്റി പറയുന്നുണ്ട്. ഇതൊരു പേര്‍ഷ്യന്‍ വിഭവമാണ്. മദീനക്കാര്‍ക്ക് പരിചയമില്ലാത്തത്. പ്രവാചകന് അത് നല്‍കുകയും അദ്ദേഹത്തിനത് ഇഷ്ടമാവുകയും ചെയ്തു. ആ സമയത്ത് അവരെങ്ങനെ അത് പാചകം ചെയ്തു എന്ന് വ്യക്തമല്ല.

ഇതൊക്കെ നടക്കുന്നത് ഹി. ഒമ്പതാം വര്‍ഷം റജബ് മാസത്തില്‍. പിന്നീടുള്ള മാസങ്ങളില്‍ മദീനയിലെ നവജാത ഇസ്‌ലാമിക രാഷ്ട്രവും സമൂഹവും കൂടുതല്‍ ആഴത്തില്‍ സ്വാധീനമുറപ്പിക്കുന്നതാണ് കാണുന്നത്. ഇസ്‌ലാമിനോടുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിച്ചുകൊണ്ട് അറേബ്യന്‍ ഉപദ്വീപിന്റെ നാനാഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് യമനില്‍നിന്ന്, നിരവധി ഗോത്രസമൂഹങ്ങള്‍ മദീനയിലെത്തിയതാണ് അതിന് നിമിത്തമായത്. അപ്പോഴും ഗസ്സാനികളുടെ നാട്ടില്‍ വെച്ച് ദൗത്യവുമായിപ്പോയ മുസ്‌ലിം ദൂതന്‍ വധിക്കപ്പെട്ടതിന് ശിക്ഷ നല്‍കിയിട്ടുണ്ടായിരുന്നില്ല. പ്രശ്‌നം കുറേക്കൂടി വഷളാക്കി, ബൈസാന്റിയന്‍ ചക്രവര്‍ത്തി മആനിലുള്ള (അഥവാ അമ്മാനിലുള്ള) തന്റെ ജുദാമി വംശജനായ ഗവര്‍ണര്‍ ഫര്‍വയെ കുരിശിലേറ്റാന്‍ ഉത്തരവിട്ടു. ഇസ്‌ലാം സ്വീകരിച്ചു എന്നതായിരുന്നു 'കുറ്റം'.23 ഇതിനെത്തുടര്‍ന്ന്, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ മുഅ്തയിലേക്ക് വീണ്ടും സൈന്യത്തെ പറഞ്ഞയക്കാന്‍ തീരുമാനിച്ചു. അതിന്റെ നേതൃത്വം ഉസാമക്കായിരുന്നു. മുഅ്തയിലെ ആദ്യയുദ്ധത്തില്‍ രക്തസാക്ഷിയായ സൈദുബ്‌നു ഹാരിസയുടെ മകന്‍. ഒരു വിമോചിത അടിമയുടെ മകന്റെ നേതൃത്വത്തിനു കീഴില്‍ അബൂബക്ര്‍, ഉമര്‍ പോലുള്ള പ്രമുഖരെല്ലാം അണിനിരന്നു. ഒരു കൗമാരക്കാരന് സൈന്യത്തിന്റെ നേതൃത്വമേല്‍പ്പിച്ചതില്‍ ചിലര്‍ക്കെല്ലാം നീരസമുണ്ടായിരുന്നു. വ്യക്തിപരമായ മികവ് മാത്രമാണ് പരിഗണിക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ പ്രവാചകന്‍ നല്‍കിയത്. ഈ സൈന്യം മദീന വിടുന്നതിനു മുമ്പുതന്നെ പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞുകഴിഞ്ഞിരുന്നു. പ്രവാചകനു ശേഷം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വമേറ്റെടുത്ത അബൂബക്ര്‍ അതേ നേതൃത്വത്തിനു കീഴില്‍ സൈന്യത്തെ പറഞ്ഞയക്കുകയും ഉബ്‌ന (അല്ലെങ്കില്‍ അബീല്‍) പിടിച്ചെടുത്ത ശേഷം അവര്‍ എഴുപത് ദിവസം കൊണ്ട് തിരിച്ചെത്തുകയും ചെയ്തു. ഇത് നമ്മുടെ പഠനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല. ഖലീഫമാരുടെ കാലത്തെ പടയോട്ടത്തിന്റെ തുടക്കമായി ഇതിനെ കാണാം.

ഈ വിവരണത്തെ നമുക്ക് ഇങ്ങനെ സംക്ഷേപിക്കാം: ബൈസാന്റിയന്‍ സാമ്രാജ്യവുമായുള്ള ഇസ്‌ലാമിന്റെ ബന്ധം തുടങ്ങുന്നത് സമാധാനപരമായാണ്, അതിനോട് അനുഭാവം പുലര്‍ത്തുക വരെ ചെയ്യുന്നു (ഖുര്‍ആനിലെ അര്‍റൂം അധ്യായം കാണുക). പക്ഷേ, ഒരു മുസ്‌ലിം അംബാസഡറെ അവര്‍ അന്യായമായി വധിച്ചുകളഞ്ഞത് ബന്ധം വഷളാക്കി. കലങ്ങിമറിഞ്ഞ ആ ബന്ധങ്ങള്‍ പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും തെളിഞ്ഞിട്ടില്ല.

(തുടരും)

 

 

കുറിപ്പുകള്‍

1. വസാഇഖ് - No: 29

2. ത്വബരി, I, 1567

3. വസാഇഖ് No: 28

4. ബുഖാരി 1:6

5. ഇബ്‌നു സഅ്ദ്, 2/1, പേ: 92, ഇബ്‌നു ഹിശാം, പേ: 791-7, അബ്ദുല്‍ ബര്‍റ് - ഇസ്തീആബ് ചീ: 457. മുഅ്തയെക്കുറിച്ച ഭൂമിശാസ്ത്ര വിവരണത്തിന് മജല്ലത്തുല്‍ ഹജ്ജ് (മക്ക, 1958, XIII 162-4) കാണുക.

6. ഇബ്‌നു അസാകിര്‍ - താരീഖ് ദിമശ്ഖ് ക, 394

7. മഖ്‌രീസി ഇംതാഇല്‍ (I, 488) നല്‍കുന്ന വിവരണമനുസരിച്ച്, മാപ്പു നല്‍കാനുള്ള പ്രവാചകന്റെ തീരുമാനത്തില്‍ അത്യധികം ആഹ്ലാദചിത്തനായ കഅ്ബ് തന്റെ സ്വത്ത് മുഴുവന്‍ ദൈവമാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, സ്വത്തിന്റെ മൂന്നിലൊന്ന് നല്‍കാനേ പ്രവാചകന്‍ സമ്മതിച്ചുള്ളൂ. അതു തന്നെ ധാരാളമുണ്ടല്ലോ എന്ന് പറയുകയും ചെയ്തു.

8. ഇബ്‌നു ഹിശാം പേ: 895

9. വസാഇഖ് No 63,64. തബൂക്കിനെക്കുറിച്ച്, ഇബ്‌നു ഹിശാം പേ: 893-913

10. വസാഇഖ്, No:27

11. അബൂഉബൈദ് - അംവാല്‍ 623-5

12. ഇബ്‌നു ഹമ്പല്‍ - മുസ്‌നദ് III, 441-2, IV, 74-5

13. വസാഇഖ് No: 30

14. ബൈബിള്‍, നിയമാവര്‍ത്തനം, തത1314 ആയിരിക്കും സൂചന.

15. വസാഇഖ് No. 31

16. ഇബ്‌നു സഅ്ദ് I/ii പേ: 37

17. ഇബ്‌നു അസാകിര്‍, താരീഖ് ദിമശ്ഖ് I, 422

18. അല്‍ മഖ്‌രീസി - ഖിത്വത്വ് I, 467

19. വസാഇഖ്, No: 32

20.   Eutychius, II, 242,246 quoted by Goeje

21. മഖ്‌രീസി II, 471

22. അതേ കൃതി I, 461, ഖത്താനി - തറാതീബ് I, 1623

23. ഇബ്‌നു സഅ്ദ് - I/ii പേ: 31, ഇബ്‌നുഹിശാം പേ: 958

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം