Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം

ജനുവരി 14 മുതല്‍ 19 വരെ ഏതാണ്ടൊരാഴ്ചക്കാലം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ഇന്ത്യയിലുണ്ടായിരുന്നു. ഒരു പതിവു സന്ദര്‍ശനമായിരുന്നില്ല അതെന്നര്‍ഥം. എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിവെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നെതന്യാഹുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ഇന്ത്യ ഇസ്രയേലുമായി പൂര്‍ണ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചത് 1992-ലാണ്. അതിന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മോദി ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു. ഫലസ്ത്വീനികളെ തീരാ ദുരിതങ്ങളിലാഴ്ത്തിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയായിരുന്നു അപ്പോള്‍ ഇസ്രയേല്‍. പ്രത്യക്ഷ കൊളോണിയല്‍ ഭീകരത നാടുനീങ്ങിയെങ്കിലും, അതിന്റെ ഒടുവിലത്തെ കാവല്‍പ്പുരയാണ് ഇസ്രയേല്‍ എന്നായിരുന്നു ആഘോഷത്തിന്റെ പൊരുള്‍. ആ ഭീകരതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മോദി അവിടെ എത്തിയതും. അതുകഴിഞ്ഞാണ് ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുകയും ചെയ്തു.

ഇതിലൊന്നും യാതൊരു വൈരുധ്യവുമില്ല. വീറ്റോ ചെയ്യപ്പെട്ട ഒരു പ്രമേയത്തെ ഇന്ത്യ ജനറല്‍ അസംബ്ലിയില്‍ അനുകൂലിച്ചതുകൊണ്ട് ഇസ്രയേലിന് ഒന്നും നഷ്ടപ്പെടാനില്ല. ഇന്ത്യക്കാണെങ്കില്‍ ഒറ്റപ്പെടാതിരിക്കാനും മുഖം രക്ഷിക്കാനും അത് മതിയാവുകയും ചെയ്യും. ഈ നിര്‍ബന്ധിതാവസ്ഥ ഇസ്രയേലും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് അമേരിക്കന്‍ തീരുമാനത്തിനെതിരെ വന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചത് നെതന്യാഹു-മോദി ചര്‍ച്ചകളിലൊരിടത്തും പൊങ്ങിവരാതിരുന്നത്. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി അതിന്റെ എഡിറ്റോറിയലില്‍ സൂചിപ്പിച്ചതുപോലെ, സയണിസവും ഫാഷിസവും തമ്മിലുള്ള ചങ്ങാത്തത്തിന്റെ ആഴമാണ് നാം ആ കൂടിക്കാഴ്ചകളില്‍ കണ്ടത്.

നെതന്യാഹുവിന്റെ സന്ദര്‍ശനകാലത്ത് വളരെയധികം കരാറുകളൊന്നും ഒപ്പുവെക്കുകയുണ്ടായിട്ടില്ലെങ്കിലും വേണ്ടത്ര കരാറുകള്‍ നേരത്തേ തന്നെ നിലവിലുണ്ട്. ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് എത്രയോ കാലമായി നമ്മുടെ രാജ്യമാണ്. ഇക്കാര്യത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഭൂമി കവര്‍ന്നെടുക്കപ്പെട്ട ഫലസ്ത്വീനികളെ അടിച്ചൊതുക്കുന്നതിന് തങ്ങള്‍ പ്രയോഗിക്കുന്ന സകല അടവുകളും കുതന്ത്രങ്ങളും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ ഏജന്‍സികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ അവിശുദ്ധ ബന്ധത്തില്‍നിന്നാണ് ഭീകരക്കഥകള്‍ യഥേഷ്ടം പൊട്ടിമുളക്കുന്നത്. ഒരു വിഭാഗം പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യപ്പെടാനും അത് കാരണമാകുന്നുണ്ട്. ഏതു നിലക്കും ഇസ്രയേല്‍ ബന്ധം ഇന്ത്യക്ക് നഷ്ടമേ വരുത്തൂ. ഇത് ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയണം. ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ബന്ധമില്ലാത്തതുപോലെ, ഐ.എസിന് ഇസ്‌ലാമുമായി ബന്ധമില്ലാത്തതുപോലെ, സയണിസത്തിന് ജൂതമതവുമായും ബന്ധമില്ല. അത്തരം വിധ്വംസക പ്രത്യയശാസ്ത്രങ്ങളുമായുള്ള ചങ്ങാത്തം തീര്‍ത്തും ആപല്‍ക്കരമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം