Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

വിമര്‍ശകര്‍ പിശാചുവത്കരിച്ച ജനക്ഷേമ ഭരണം

കെ.ടി ഹുസൈന്‍

ഔറംഗസീബ് ആലംഗീര്‍-2

ദാരെയെ തോല്‍പിച്ച് തലസ്ഥാനത്ത് പിടിമുറുക്കിയ ഔറംഗസീബിന്, ഷാജഹാന്‍ മരിച്ചുവെന്ന് കിംവദന്തി പരന്നതോടെ ഗുജറാത്തിലും ബംഗാളിലും ചക്രവര്‍ത്തിമാരായി സ്വയം പ്രഖ്യാപിച്ച ഷാ ശുജയെയും മുറാദിനെയും തോല്‍പ്പിക്കാതെ മുഗള്‍ ഭരണത്തിന്റെ ശൈഥില്യം തടയാനാവില്ല. പിതാവിനെ തടവിലാക്കിയതിനും ഔറംഗസീബിന്റെ പക്ഷത്തുനിന്ന്  ആലോചിച്ചാല്‍ ന്യായമുണ്ട്. താന്‍ പിന്‍ഗാമിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന ദാരെയെ തോല്‍പിച്ചുകളഞ്ഞ ഔറംഗസീബിനെ, പിതാവ് പുറത്തുനില്‍ക്കുകയാണെങ്കില്‍ സൈ്വരമായി ഭരിക്കാന്‍ അനുവദിക്കില്ല എന്ന കാര്യം ഉറപ്പല്ലേ. മാത്രമല്ല, ദാരെയുമായുള്ള യുദ്ധത്തിനു ശേഷം, തന്നെ കൊട്ടാരത്തില്‍ വന്നു കാണണമെന്ന്  ഹൃദയസ്പൃക്കായ ഒരു കത്തിലൂടെ ഷാജഹാന്‍ ഔറംഗസീബിനോട് ആവശ്യപ്പെടുന്നുണ്ട്. ഔറംഗസീബിന്റെ പേര്‍ഷ്യന്‍ ജീവചരിത്രകാരന്മാര്‍ എല്ലാവരും ഉദ്ധരിച്ച ആ കത്ത്  പൊക്കിപ്പിടിച്ചാണ് അതിനെ അവഗണിച്ച ഔറംഗസീബിനെ കൊളോണിയല്‍ ചരിത്രകാരന്മാരും ദേശീയ ചരിത്രകാരന്മാരും മഹാ ക്രൂരനും നിര്‍ദയനുമായി മുദ്രകുത്തുന്നത്. യഥാര്‍ഥത്തില്‍ ആ കത്ത് ഒരു തന്ത്രമായിരുന്നു. ദാരെയുടെ പക്ഷക്കാരിയും ഷാജഹാന്റെ ഇഷ്ടക്കാരിയുമായിരുന്ന ആറാം ബീഗമായിരുന്നു ആ കത്തിനു പിന്നില്‍. അവരുടെ കുതന്ത്രങ്ങളെ  കുറിച്ചറിയാമായിരുന്ന ഔറംഗസീബിന്റെ വളരെ അടുത്ത ഉപദേശകര്‍, കൊട്ടാരത്തില്‍ പോയി പിതാവിനോട് മാപ്പു പറയാന്‍ തീരുമാനിച്ച ഔറംഗസീബിനെ അതില്‍നിന്ന് തടയുകയായിരുന്നു. ആലംഗീറിന്റെ ജീവചരിത്രകാരനായ ഖാഫി ഖാന്‍ എഴുതുന്നു: ''ആലംഗീര്‍ മാപ്പു പറയണമെന്ന ഉദ്ദേശ്യത്തോടെ പിതാവുമായി കൂടിക്കാഴ്ചക്ക്  പോകാന്‍ തീരുമാനിച്ചു. പക്ഷേ പിതാവ്  അപ്പോഴും ദാരെയോടാണ് അഭിനിവേശം പുലര്‍ത്തുന്നത് എന്ന് മനസ്സിലാക്കിയതിനാല്‍ തന്റെ നിര്‍ഭാഗ്യവും ദൈവവിധിയും എന്ന് കരുതി പിതാവിനെ കാണാനുള്ള ഉദ്ദേശ്യം അവസാന ഘട്ടത്തില്‍  ഉപേക്ഷിച്ചു.''6 പുറത്തു പോകാന്‍ അനുവദിച്ചില്ലെങ്കിലും സഹോദരി ജഹനാര അടക്കമുള്ള മുഗള്‍ കൂടുംബത്തിന്റെ സംരക്ഷണത്തില്‍ വിശാലമായ ആഗ്രാ കോട്ടക്കകത്ത് എല്ലാ സൗകര്യവും ഔറംഗസീബ് പിതാവിന് നല്‍കിയിരുന്നു. എന്നു  മാത്രമല്ല പില്‍ക്കാലത്ത് ഷാജഹാനും ഔറംഗസീബും നല്ല ബന്ധത്തിലായി എന്നും  ഭരണകാര്യങ്ങളില്‍ ഷാജഹാന്റെ ഉപദേശങ്ങള്‍ ഔറംഗസീബ് തേടുകയും അദ്ദേഹമത് നല്‍കുകയും ചെയ്തിരുന്നുവെന്നും ഖാഫി ഖാന്‍ ഉദ്ധരിച്ച, ഔറംഗസീബ് ബഹുമാന പുരസ്സരം പിതാവിനെഴുതിയ കത്തും ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് ഡോക്ടറും സഞ്ചാരിയുമായ ഡോക്ടര്‍ ബര്‍ണിയറുടെ സഞ്ചാരക്കുറിപ്പും സാക്ഷ്യപ്പെടുത്തുന്നു.7

പിന്‍ഗാമിത്വത്തിനു വേണ്ടി ദാരെയും ഔറംഗസീബും തമ്മിലുള്ള യുദ്ധത്തില്‍ പോലും മതം ചേര്‍ത്ത് പ്രത്യയശാസ്ത്രവല്‍ക്കരിക്കുകയാണ് വിമര്‍ശകര്‍. അക്ബറെ പോലെ ലിബറലായ ദാരെയും മതയാഥാസ്ഥിതികനായ ഔറംഗസീബും തമ്മിലുള്ള ഒരു പ്രത്യയശാസ്ത്ര യുദ്ധമായി സതീഷ് ചന്ദ്രയെ പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ അതിനെ ചിത്രീകരിച്ചു.8 ബര്‍ബറെ മെറ്റ്കാഫും തോമസ് ആര്‍ മെറ്റ്കാഫും അതിന്  ഇങ്ങനെ മറുപടി പറയുന്നു: ''ഇത്തരം പ്രത്യയശാസ്ത്ര ഭിന്നതകളില്‍ ഊന്നുന്നത് അവഗണനാര്‍ഹമാണ്. സത്യം എന്തെന്നാല്‍ സൈനിക നായകന്‍ എന്ന നിലയിലും ലീഡര്‍ എന്ന നിലയിലും ദാരെ ഷെക്കോവ് അതീവ ദുര്‍ബലനായിരുന്നു. രണ്ടു പക്ഷത്തും അണിനിരന്നവരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പുറം എന്തെങ്കിലും  പ്രത്യയശാസ്ത്രം  ആ അധികാര മത്സരത്തെ നിര്‍ണയിച്ചുവെന്ന് പറയുന്നതിനെ  തീര്‍ത്തും അവഗണിക്കേണ്ടതാണ്.''9 പ്രത്യയശാസ്ത്ര യുദ്ധം എന്ന തങ്ങളുടെ വാദത്തിന് ബലം നല്‍കാനായി മുഗള്‍ സൈന്യത്തിലെ ഹിന്ദുക്കളെല്ലാം ദാരെയുടെ കൂടെയായിരുന്നുവെന്ന ശുദ്ധ നുണയും ചിലര്‍ പ്രചരിപ്പിച്ചു. യഥാര്‍ഥത്തില്‍ രണ്ടു പക്ഷത്തും ഹിന്ദുക്കളുണ്ടായിരുന്നു. പിന്‍ഗാമിത്വത്തിനു വേണ്ടി ഷാജഹാന്റെ മക്കള്‍ക്കിടയില്‍ യുദ്ധമുണ്ടായപ്പോള്‍ മുഗള്‍ ഭരണകൂടത്തിലെ ഹിന്ദുക്കള്‍ ഔറംഗസീബിനും ദാരെ ഷെക്കോവിനുമിടയില്‍ നെടുകെ പിളര്‍ന്നു. രജപുത്രരില്‍ ഭൂരിപക്ഷം ദാരെയോടൊപ്പവും മറാത്തികളില്‍ ഭൂരിപക്ഷം ഔറംഗസീബിനോടൊപ്പവുമായിരുന്നു. ഉയര്‍ന്ന റാങ്കിലുള്ള 24 ഹിന്ദു മന്‍സിബ്ദാര്‍മാര്‍ ദാരെയോട് ചേര്‍ന്നു യുദ്ധം ചെയ്തപ്പോള്‍ തത്തുല്യ റാങ്കിലുള്ള 21 പേര്‍ ഔറംഗസീബിനോടൊപ്പമായിരുന്നു. മറ്റൊരു വിധം പറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കിടയിലെ ഔറംഗസീബിന്റെയും ദാരെയുടെയും പിന്തുണ ഏറക്കുറെ തുല്യമായിരുന്നു.10

കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി  രജപുത്രരില്‍ ചിലരുമായും  മറാത്താ യുദ്ധപ്രഭുക്കളായ ശിവാജി, സാംബാജി തുടങ്ങിയവരുമായും ഔറംഗസീബ് യുദ്ധം ചെയ്തിരുന്നുവെന്നത് വസ്തുതയാണ്. ഇതിന്റെ പേരില്‍ മുഗള്‍ ഭരണത്തിന്റെ ഹിന്ദു പിന്തുണ ഔറംഗസീബ് നഷ്ടപ്പെടുത്തിയെന്നും  അത് മുഗള്‍ ഭരണത്തിന്റെ പതനത്തിന് കാരണമായി എന്നുമാണ് വിമര്‍ശനം. യഥാര്‍ഥത്തില്‍ രജപുത്താനയിലെ രജപുത്രരുമായി യുദ്ധം ചെയ്തതും അവരുടെ രാജ്യം മുഗള്‍ ഭരണത്തോട് കൂട്ടിച്ചേര്‍ത്തതും അക്ബറാണ്. അപ്പോള്‍ അക്ബറല്ലേ ഏറ്റവും വലിയ ഹിന്ദുവിരുദ്ധനാകേണ്ടത്? മുഗള്‍ സാമ്രാജ്യത്തില്‍ മൂന്ന് രജപുത്ര ശക്തികേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ജെയ്പൂര്‍, ജോദ്പൂര്‍ അവധ്പൂര്‍ എന്നിവ. ഇവയില്‍ ജെയ്പൂരിലെ ജയ സിംഗ് അവസാന കാലം വരെ ഔറംഗസീബിന്റെ കൂടെ ഉറച്ചുനിന്നു. ശിവാജിക്കെതിരെ യുദ്ധം ചെയ്ത്  അദ്ദേഹത്തെ തടവില്‍ പിടിച്ചുകൊണ്ടുവന്ന മുഗള്‍ സൈന്യത്തെ നയിച്ചത് ഈ ജയ സിംഗാണെന്ന്  മുകളില്‍ പറഞ്ഞിട്ടുണ്ട.് ജോദ്പൂരിലെ ജസ്വന്ത് സിംഗ്  പിന്‍ഗാമിത്വത്തിനു വേണ്ടിയുള്ള യുദ്ധത്തില്‍  ഔറംഗസീബിനെതിരെ ദാരെയോടൊപ്പമായിരുന്നുവെന്നത് ശരിയാണ്. പക്ഷേ പിന്നീട് അദ്ദേഹം  ഔറംഗസീബിന്റെ പക്ഷത്തേക്ക് കൂറുമാറുകയും മരണം വരെ അദ്ദേഹത്തിനു വേണ്ടി പല സൈനിക ദൗത്യങ്ങളും ഏറ്റെടുത്തു നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ചില തെറ്റിദ്ധാരണകളുടെ പേരില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഔറംഗസീബിനെതിരെ കലാപം നടത്തിയപ്പോള്‍ ഔറംഗസീബ് അത് അടിച്ചമര്‍ത്തിയിട്ടുണ്ട്. ഏതെങ്കിലും സാമന്ത രാജാവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയാണെങ്കില്‍ അവരെ മുഗള്‍ കൊട്ടാരത്തില്‍ കൊണ്ടുവന്ന് പരിശീലിപ്പിച്ചതിനു ശേഷം സാമന്ത രാജാവായി വാഴിക്കുന്ന ഒരു സമ്പ്രദായം മുഗള്‍ ഭരണകൂടത്തിലുണ്ടായിരുന്നു. അതനുസരിച്ച് ജസ്വന്ത് സിംഗിന്റെ പുത്രനെ ഔറംഗസീബ് ആവശ്യപ്പെട്ടപ്പോള്‍ അവനെ  മതം മാറ്റാനാണെന്ന് കരുതി അനുയായികള്‍ കലാപം ഉണ്ടാക്കുകയായിരുന്നു. ഇപ്രകാരം ശിവാജിയുടെ ചെറുമകന്‍ സാഹു വളര്‍ന്നത്  ഔറംഗസീബിന്റെ കൊട്ടാരത്തിലാണ്. അദ്ദേഹത്തിന്റെ പിതാവ് സംബാജി തോല്‍പിക്കപ്പെട്ട യുദ്ധത്തില്‍ മുഗള്‍ സൈന്യം തടവില്‍ പിടിച്ചുകൊണ്ടുവന്നതായിരുന്നു അവനെ. സാഹു  വളര്‍ന്നു  വലുതായപ്പോഴേക്ക് ഔറംഗസീബ് മരണപ്പെട്ടിരുന്നു. അതിനാല്‍ ഔറംഗസീബിന്റെ പിന്‍ഗാമിയായ മകന്‍ സാഹുവിനെ സ്വദേശത്തേക്ക് തിരിച്ചയച്ചപ്പോള്‍ അദ്ദേഹം ആദ്യം പോയത് ഔറംഗസീബിന്റെ ഖബ്‌റിടത്തിലേക്കാണ്.11 മതംമാറ്റല്‍ ഔറംഗസീബിന്റെ ഉദ്ദേശ്യമായിരുന്നെങ്കില്‍ എട്ടാമത്ത വയസ്സില്‍ തന്റെ കൈയില്‍ കിട്ടിയ തന്റെ ഏറ്റവും വലിയ ശത്രുവിന്റെ ഈ ചെറുമകനെ ഔറംഗസീബ് മതംമാറ്റുമായിരുന്നല്ലോ. ഇതേ സാഹു പിന്നീട് മറാത്തകളുടെ സ്വയം ഭരണം പ്രഖ്യാപിച്ച് ഔറംഗസീബിന്റെ പിന്‍ഗാമികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിയെന്നത് മറ്റൊരു കാര്യം. അവധ്പൂരിലെ രണ്ട് രാജകുമാരന്മാര്‍, ഇന്ദര്‍ സിംഗും ബഹാദുര്‍ സിംഗും ഔറംഗസീബിന്റെ സൈന്യത്തിലെ ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥന്മാരായിരുന്നു. അവസാന കാലം വരെ അവര്‍ ഔറംഗസീബിന്റെ കൂടെ ഉറച്ചുനിന്നു. സിംഹാസനാരോഹണത്തിന്റെ 43-ാം വര്‍ഷം അവരില്‍ ഇന്ദര്‍ സിംഗിന് രണ്ടായിരത്തിന്റെയും ബഹാദുര്‍ സിംഗിന് ആയിരത്തിന്റെയും റാങ്ക് നല്‍കി.11 മുഗള്‍ ഭരണത്തില്‍ ഉദ്യോഗസ്ഥന്മാരുടെ പദവി നിര്‍ണയിച്ചിരുന്നത് 100, 500, 1000, 2000 എന്നിങ്ങനെ റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു. ആയിരവും രണ്ടായിരവും ഉയര്‍ന്ന പദവികളാണ്. 

തുടക്കത്തില്‍ ഔറംഗസീബിനോടൊപ്പമായിരുന്ന മറാത്തകള്‍ മാത്രമാണ് ശിവാജിയുടെ രംഗപ്രവേശത്തോടെ ശാശ്വതമായി ഔറംഗസീബിനെതിരായ ഏക ഹിന്ദുശക്തി. അല്‍പം പോലും മുസ്‌ലിംവിരുദ്ധനല്ലാത്ത ഈ യുദ്ധപ്രഭുവിനെ നിക്ഷിപ്ത രാഷ്ട്രീയം പില്‍ക്കാലത്ത് ആദ്യം ദേശീയതയുടെയും പിന്നീട് ഹിന്ദുത്വത്തിന്റെയും പ്രധാന ഐക്കണാക്കി വളര്‍ത്തുകയായിരുന്നു. ഇത് യഥാര്‍ഥത്തില്‍ വസ്തുതയുടെ ആഖ്യാനമല്ല, മറിച്ച് സാങ്കല്‍പികമായ ആഖ്യാനമാണ്. ഔറംഗസീബിനെ സംബന്ധിച്ചേടത്തോളം നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യം വല്ലാതെ ഊതിവീര്‍പ്പിച്ച ബലൂണായിരുന്നു ശിവാജിയും മറാത്തകളും. കാട്ടെലി എന്ന്  ഔറംഗസീബ് തന്നെ വിശേഷിപ്പിച്ച ഒരു യുദ്ധപ്രഭു മാത്രമായ ശിവാജി ഗറില്ലാ യുദ്ധങ്ങളിലൂടെ ഔറംഗസീബിന് ചില്ലറ  തലവേദന സൃഷ്ടിച്ചിരുന്നുവെന്നത് നേരാണെങ്കിലും, പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന് ശിവാജി വലിയ ഭീഷണിയൊന്നും ആയിരുന്നില്ല. കൃഷ്ണ ഗോദാവരിക്കപ്പുറവും ദക്കാനിപ്പുറവുമായി ഏതാനും കോട്ടകള്‍ മാത്രമാണ് ഔറംഗസീബിന്റെ കാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. ശിവാജിയെ രഹസ്യമായി സഹായിച്ചിരുന്ന ബീജാപൂരിനെയും ഹൈദരാബാദിനെയും മുഗള്‍ ഭരണത്തോട് കൂട്ടിച്ചേര്‍ത്ത് ശിവാജിയുടെ ചിറകരിയാനും ഔറംഗസീബിന് സാധിച്ചു. ഔറംഗസീബ് കരുത്തോടെ നില്‍ക്കുമ്പോള്‍തന്നെ ശിവാജി 1680-ല്‍ മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മകന്‍ സംബാജിയെ വധിച്ച ഔറംഗസീബ് തന്റെ ജീവിതകാലത്തു തന്നെ മറാത്ത ശക്തിയെ  നാമാവശേഷമാക്കുകയും ചെയ്തു. ഔറംഗസീബിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന ശിവാജിയുടെ ചെറുമകന്‍  സാഹു ഔറംഗസീബിന്റെ മരണത്തിനു ശേഷം വിട്ടയക്കപ്പെട്ട് നാട്ടിലെത്തിയതിനു ശേഷം  മറാത്തകളുടെ സ്വയംഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഔറംഗസീബിന്റെ പിന്‍ഗാമികളെ ക്രമത്തില്‍ ക്ഷയിപ്പിച്ച് മറാത്തകള്‍ വലിയ ശക്തിയായി ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. അത് ഔറംഗസീബിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കഴിവില്ലായ്മയാണ്.

 

ഹിന്ദുവിരുദ്ധനോ?

ഹിന്ദുവിരുദ്ധനായിരുന്നു എന്നതാണ് ഔറംഗസീബിനെതിരായ ഏറ്റവും വലിയ വിമര്‍ശനം. എന്നാല്‍ മുഗള്‍ ഭരണത്തില്‍ ഹിന്ദു ഉദ്യോഗസ്ഥരുടെ എണ്ണം ഏറ്റവും ഉയര്‍ന്നുനിന്നത് ഔറംഗസീബിന്റെ കാലത്താണ്. ഔറംഗസീബിന്റെ ഭരണത്തെ കുറിച്ച  ഏറ്റവും ആധികാരിക സ്രോതസ്സായ മആഥുര്‍ ആലംഗീരിയെ അടിസ്ഥാനമാക്കി ഔറംഗസീബിന്റെ ഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ പേരുകളും  അവരുടെ റാങ്കുകളും ഉള്‍പ്പെടുത്തിയ ഒരു പട്ടിക ശിബ്‌ലി നുഅ്മാനി തന്റെ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആ പട്ടികയില്‍ അവധ്പൂരിലെ മഹാറാണയുടെ മക്കളുടെയും സഹോദരന്റെയും ശിവാജിയുടെ അടുത്ത ബന്ധുക്കളുടെയും പേരുകളുണ്ട്.12

'അക്ബറുടെ ഭരണത്തില്‍ ഹിന്ദു ഉദ്യോഗസ്ഥന്മാര്‍ 22.5 ശതമാനമായിരുന്നു. അത് ഔറംഗസീബിന്റെ ആദ്യ ഇരുപത് വര്‍ഷം നേരിയ തോതില്‍ കുറഞ്ഞ് 21.6 ശതമാനമായി. എന്നാല്‍ അടുത്ത 29 വര്‍ഷത്തില്‍ ഇത് 50 ശതമാനമായി വര്‍ധിച്ചു. 31.6 ശതമാനം വളര്‍ച്ച.13 ഏറ്റവും ഉയര്‍ന്ന പദവിയായ മന്‍സിബ്ദാര്‍മാരില്‍ 19 ശതമാനം ഹിന്ദുക്കളായിരുന്നു. ഇത്   മുഗള്‍ ഭരണത്തിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദു അനുപാതമാണ്. 104 ഹിന്ദു മന്‍സിബ്ദാര്‍മാരാണ് ഔറംഗസീബ് ഭരണത്തില്‍ ഒട്ടാകെയുണ്ടായിരുന്നത്, അക്ബറുടെ ഭരണത്തില്‍ കേവലം 37 ഹിന്ദു മന്‍സിബ്ദാര്‍മാര്‍  മാത്രവും.'14

ഔറംഗസീബിന്റെ ഏറ്റവും പ്രിയപ്പെട്ടതും അദ്ദേഹം കൂടുതല്‍ അവലംബിച്ചിരുന്നതുമായ സിവില്‍ ഉദ്യോഗസ്ഥന്‍ സാമ്രാജ്യത്തിന്റെ ചീഫ് ഫിനാന്‍സ്  മിനിസ്റ്റര്‍ ഹിന്ദുവായ രഘു നാഥയായിരുന്നു. ഏറ്റവും ഉയര്‍ന്ന സിവില്‍ പദവിയായിരുന്നു ചീഫ് ഫിനാന്‍സ് മിനിസ്റ്ററുടേത്. അക്ബറിന്  ടോഡര്‍ മാളിനെ പോലെയായിരുന്നു ഔറംഗസീബിന് രഘു നാഥ. അദ്ദേഹം മരിച്ചപ്പോള്‍ ഏറ്റവും സത്യസന്ധനും മാതൃകായോഗ്യനുമായ ഉദ്യോഗസ്ഥനായി രഘു നാഥയെ അദ്ദേഹം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.15

സുന്നിയായ ഔറംഗസീബ് ശീഈകള്‍ക്കും ഉദ്യോഗത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കിയിരുന്നു. ഔറംഗസീബ് ഭരണത്തിലെ ഉയര്‍ന്ന ഹിന്ദു, ശീഈ പ്രാതിനിധ്യത്തെ കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ഭൂമിയിലെ കാര്യങ്ങള്‍ക്ക് മതവുമായി എന്ത് ബന്ധം? ഭരണപരമായ കാര്യങ്ങളില്‍ മത കാര്‍ക്കശ്യത്തോടെ തലയിടാന്‍ ആര്‍ക്കും അവകാശമില്ല. നിനക്ക് നിന്റെ മതം, എനിക്ക് എന്റെ മതവും.16 ഉദ്യോഗ നിയമനത്തില്‍  മതമല്ല, യോഗ്യതയും കഴിവുമാണ് പരിഗണനീയം എന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. അഴിമതിക്കാരായ ഏതാനും നികുതി പിരിവുകാരായ ഹിന്ദു ഉദ്യോഗസ്ഥന്മാരെ പിരിച്ചുവിട്ട് തല്‍സ്ഥാനത്ത് പരസ്പരം നിരീക്ഷിക്കാന്‍ ഓരോ മുസ്‌ലിമിനെയും ഹിന്ദുവിനെയും നിയമിക്കണമെന്ന രാജകീയ ശാസനയെ മറയാക്കി എല്‍ഫിസ്റ്റനെ പോലുള്ള കൊളോണിയല്‍ ചരിത്രകാരന്മാര്‍  ഔറംഗസീബ് കൂട്ടത്തോടെ ഹിന്ദു ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന കള്ളം പ്രചരിപ്പിക്കുകയായിരുന്നു.17

ക്ഷേത്രധ്വംസകനായും  മുദ്രകുത്തപ്പെട്ട ഔറംഗസീബിന്റെ ബ്രാഹ്മണരോടും അവരുടെ ക്ഷേത്രങ്ങളോടുമുള്ള നിലപാടും വളരെ ഉദാരമായിരുന്നു. ഡോക്ടര്‍ ബര്‍ണിയറും  അദ്ദേഹത്തിന്റെ കാലത്ത് മുഗള്‍ സാമ്രാജ്യം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളാസ് മനൂസിയും ഔറംഗസീബിന്റെ മതസഹിഷ്ണുതയെക്കുറിച്ച് തങ്ങളുടെ സഞ്ചാരക്കുറിപ്പില്‍ ധാരാളം എഴുതിയിട്ടുണ്ട്. ചക്രവര്‍ത്തിയെന്ന നിലയില്‍  ആദ്യകാലത്ത് തന്നെ ബനാറസിലെ മുസ്‌ലിം ഉദ്യോഗസ്ഥന്മാര്‍ക്കുള്ള  അദ്ദേഹത്തിന്റെ രാജകീയ ഫര്‍മാന്‍ (ഉത്തരവ്) ബനാറസിലെ പ്രാദേശിക ക്ഷേത്രങ്ങളെ കളങ്കപ്പെടുത്തുന്ന യാതൊരു ഇടപെടലും പാടില്ലെന്നായിരുന്നു.18 ഹിന്ദുക്കളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു ശാസന ഇപ്രകാരം വായിക്കാം: 'ഉയര്‍ന്നവരോ താഴ്ന്നവരോ എന്ന ഭേദമില്ലാതെ പ്രജകളുടെ ക്ഷേമം ലക്ഷ്യമാക്കി അക്ഷീണം പ്രയത്‌നം ചെയ്യുന്ന നാം സ്വാഭാവിക നീതിക്കും ദയാപരമായ സമീപനത്തിനും പരിശുദ്ധമായ നീതിസംഹിതക്കും അനുയോജ്യമാംവിധം നാം കല്‍പ്പിക്കുന്നതെന്തെന്നാല്‍ നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങള്‍ ഒന്നും യാതൊരു കാരണവശാലും നശിപ്പിക്കാന്‍ പാടില്ലെന്നും എന്നാല്‍ പുതുതായി അമ്പലം പണിയുന്നത് നിരുത്സാഹപ്പെടുത്തണമെന്നുമാണ്. നീതിപൂര്‍വകമായ നിയമസംഹിതയുടെ വെളിച്ചത്തില്‍ ഭരണം നടത്തുന്ന ഈ കാലത്ത്  പോലും ബനാറസിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ക്ഷേത്രങ്ങളിലെ ബ്രാഹ്മണരെ അടക്കം  ഹിന്ദു പ്രജകളെ ചിലര്‍ പ്രയാസപ്പെടുത്തുന്നതായി നമുക്ക് വിവരം ലഭിച്ചിരിക്കുന്നു. നമ്മോട് കൂറും വിശ്വസ്തതയുമുള്ള അബുല്‍ ഹസനോട് നാം ആജ്ഞാപിക്കുന്നത് എന്തെന്നാല്‍ ഈ ഫര്‍മാന്‍ കൈപ്പറ്റിയ ഉടനെ അത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയുകയും ബ്രാഹ്മണ പുരോഹിതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അനന്ത കാലം നിലനില്‍ക്കേണ്ടതും ദൈവദത്തമായി കിട്ടിയതുമായ നമ്മുടെ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചക്കും മനുഷ്യസമൂഹത്തിന്റെ കൂട്ടായ നന്മക്കും അവര്‍ നടത്തുന്ന പ്രാര്‍ഥനകള്‍ അഭംഗുരം തുടരാന്‍ സൗകര്യം ചെയ്യുകയും വേണം.'19 

ഇത്തരം നിരവധി ഉത്തരവുകള്‍ ഔറംഗസീബിന്റെ കാലത്തെ പേര്‍ഷ്യന്‍ സ്രോതസ്സുകളില്‍ കാണാമെന്ന്  ശിബ്‌ലി സാക്ഷ്യപ്പെടുത്തുകയും ചിലത് അദ്ദേഹം തന്റെ പുസ്തകത്തില്‍ എടുത്തു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ക്ഷേത്രങ്ങള്‍  ഉണ്ടാക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന ഈ ഉത്തരവിലെ നിര്‍ദേശം ബനാറസില്‍ മാത്രം പരിമിതമായിരുന്നുവെന്നും ഔറംഗസീബിന്റെ കാലത്ത് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും റിച്ചാര്‍ഡ് ഈറ്റണ്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.20 ഔറംഗസീബ്  ഹിന്ദുക്കള്‍ക്കും ജൈനമതക്കാര്‍ക്കും ക്ഷേത്രം  പണിയാനും മറ്റും കരം ഒഴിവാക്കി  ഭൂമി ധാരാളമായി   പതിച്ചുനല്‍കിയിരുന്നു. ബനാറസിലെ മസ്ജിദിനോട് ചേര്‍ന്ന സ്ഥലം, ചിറിയാ കോട്ടിലെ ബാലാജി ക്ഷേത്രം, അസമിലെ ഗുവാഹതിയിലെ ഉമാനന്ദ് ക്ഷേത്രം, മധ്യേന്ത്യയിലെ ഖാന്‍ദേശില്‍ റാഗ് ബട്ട എന്ന ബ്രാഹ്മണന്റെ പേരില്‍ നല്‍കിയ സ്ഥലം, ഗുജറാത്തിലും മൗണ്ട് ആബുവിലുമുള്ള നിരവധി ജൈന ക്ഷേത്രങ്ങള്‍ എന്നിവ അദ്ദേഹം കരം ഒഴിവാക്കിയ ഭൂമികളില്‍ ചിലതാണ്.21 അതേസമയം അദ്ദേഹം തകര്‍ത്തു എന്ന് പറയുന്ന ഒന്നോ രണ്ടോ ക്ഷേത്രങ്ങള്‍ ഔറംഗസീബിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ കേന്ദ്രമോ മുസ്‌ലിംകളില്‍നിന്ന് കൊള്ളയടിച്ച പണം കൊണ്ട് നിര്‍മിച്ചതോ ആയിരുന്നുവെന്നാണ് ശിബ്‌ലിയുടെയും ഔര്‍ഡറി ട്രൂഷ്‌കെയുടെയും പക്ഷം. ഔറംഗസീബ് ഒരു ക്ഷേത്ര ധ്വംസകനായിരുന്നുവെങ്കില്‍ ഔറംഗസീബിന്റെ ഭരണം അവസാനിക്കുമ്പോഴും മുഗള്‍ സാമ്രാജ്യത്തില്‍ പതിനായിരത്തിലധികം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ യാതൊരു പോറലുമേല്‍ക്കാതെ എങ്ങനെ നിലനിന്നുവെന്ന് ട്രൂഷ്‌കെ ചോദിക്കുന്നു.22  ഔറംഗസീബ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് ദക്ഷിണേന്ത്യയിലാണ്. ഉത്തരേന്ത്യയെ അപേക്ഷിച്ച് പ്രധാന പൗരാണിക ക്ഷേത്രങ്ങളെല്ലാം അവിടെയാണുള്ളത്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം, അജന്തയിലെയും എല്ലോറയിലെയും ഗുഹാ ക്ഷേത്രങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അവക്കൊന്നിനും ഔറംഗസീബിന്റെ ഭരണത്തില്‍ യാതൊരു പോറലും ഏറ്റില്ലല്ലോ. 

ജിസ്‌യ നടപ്പിലാക്കിയെന്നതാണ് ഔറംഗസീബിനെതിരായ മറ്റൊരാരോപണം. മതപണ്ഡിതന്മാരെ തൃപ്തിപ്പെടുത്താനുള്ള നടപടിയെന്ന നിലയില്‍ അത് കടലാസിലേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രയോഗവല്‍ക്കരിക്കപ്പെട്ടിരുന്നില്ലെന്നുമാണ് ട്രൂഷ്‌കെയുടെ പക്ഷം. അത് പിരിച്ചിരുന്നെങ്കില്‍ തന്നെ സൈനിക സേവനത്തില്‍നിന്ന്  ഒഴിഞ്ഞുനിന്നിരുന്നവരില്‍നിന്ന്  മാത്രമേ പിരിച്ചിരുന്നുള്ളൂവെന്ന് ശിബ്‌ലിയും പറയുന്നു. അന്യായമായ പല നികുതികളും ലെവികളും ഒഴിവാക്കിയതിനോട് ചേര്‍ത്തു വായിക്കണം ജിസ്‌യയെ എന്നും ശിബ്‌ലി പറയുന്നുണ്ട്.

 

ഭരണ പരിഷ്‌കാരം

ജനക്ഷേമകരവും നീതിയില്‍  അധിഷ്ഠിതവുമായിരുന്നു ഔറംഗസീബിന്റെ ഭരണം എന്ന്  എല്ലാവരും സമ്മതിക്കുന്നുണ്ട്. അക്ബര്‍ നടപ്പിലാക്കിയ മന്‍സിബ്ദാരി സംവിധാനത്തിന്റെ അനിവാര്യ ഫലമായിരുന്നു കഴുത്തറപ്പന്‍ നികുതിയും കൈക്കൂലിയും. തലവരി, കെട്ടിട നികുതി, തരിശു നിലങ്ങളുടെ കരം, ഫൈന്‍, സമ്മാന നികുതി തുടങ്ങി ഭൂനികുതിയല്ലാത്ത എണ്‍പതോളം അന്യായമായ നികുതികള്‍ ജനങ്ങളുടെ മേല്‍ ചുമത്തിയിരുന്നു. ഇതില്‍ വിളവെടുക്കുന്ന  ഭൂമിയുടേതല്ലാത്ത എല്ലാ നികുതികളും ഔറംഗസീബ് റദ്ദാക്കി. കൈക്കൂലി വ്യാപകമാകുന്നതിനുള്ള ഒരു പ്രധാന കാരണം സുബേദാറുമാരും മറ്റും വിശേഷ ദിവസങ്ങളില്‍ ചക്രവര്‍ത്തിക്ക് കാഴ്ച വെക്കുന്ന വന്‍ സമ്മാനങ്ങളായിരുന്നു. സുബേദാറുമാര്‍ക്ക്  അവരുടെ  കീഴിലുള്ളവരും കാഴ്ചദ്രവ്യം സമര്‍പ്പിച്ചിരുന്നു. ഓരോരുത്തരും അവര്‍ക്ക് മുകളിലുള്ളവര്‍ക്ക് കാഴ്ച വെക്കാനുള്ള ദ്രവ്യം കണ്ടെത്തിയിരുന്നത് തൊട്ടു താഴെയുള്ളവരില്‍നിന്ന് കൈക്കൂലി വാങ്ങിയാണ്. യഥാര്‍ഥത്തില്‍ സമ്മാനം തന്നെ ഒരു കൈക്കൂലിയാണല്ലോ. ഔറംഗസീബ് എല്ലാ തട്ടിലുമുള്ള കാഴ്ചദ്രവ്യം സമ്മാനിക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി. കൂടാതെ കൈക്കൂലിയും അഴിമതിയും തടയാന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയിക്കാന്‍ സ്വന്തമായി ചാരവലയവും അദ്ദേഹത്തിനുണ്ടായിരുന്നു. കൊട്ടാരത്തില്‍ ഉണ്ടായിരുന്ന സകല ധൂര്‍ത്തും അദ്ദേഹം അവസാനിപ്പിച്ചു. ചക്രവര്‍ത്തിയെ വാഴ്ത്തിപ്പാടുന്ന കവിയരങ്ങുകളും സംഗീത പരിപാടികളും അവസാനിപ്പിച്ചു. ഇതാണ് ഔറംഗസീബ് സംഗീതവിരുദ്ധനായി മുദ്ര കുത്തപ്പെടാന്‍ കാരണമായത്.  അദ്ദേഹം വിനോദപ്രധാനമായ സംഗീത നിശകള്‍ക്കോ കവിയരങ്ങിനോ എതിരായിരുന്നില്ല. കൊട്ടാരത്തിന്റെ ചെലവിലുള്ള വാഴ്ത്തല്‍ പരിപാടികള്‍ക്കും അഭിസാരികമാരുടെയും അടിമ സ്ത്രീകളുടെയും നൃത്യങ്ങളോടുകൂടിയ സംഗീത നിശകളോടുമായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ്. അദ്ദേഹം സ്വയം തന്നെ സംഗീതത്തില്‍ അവഗാഹമുള്ളയാളും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഹീര ഭായിയും അവസാന ഭാര്യ ഉദൈപുരിയും   മികച്ച പാട്ടുകാരികളുമായിരുന്നു.

നീതി നടപ്പാക്കുന്നതില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ച്ചയും ചെയ്തില്ല. നീതിയുടെ കാര്യത്തില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, ശത്രുവെന്നോ മിത്രമെന്നോ നോക്കാതെ തുല്യനീതി നടപ്പാക്കി. എത്ര പാവപ്പെട്ടവനും ചക്രവര്‍ത്തിയുടെ അടുക്കല്‍ പോയി തന്റെ പ്രശ്‌നങ്ങളും പരാതികളും അവതരിപ്പിച്ചിരുന്നുവെന്നും അതദ്ദേഹം താല്‍പര്യത്തോടെ  കേട്ട് പരിഹരിച്ചിരുന്നുവെന്നും എത്ര വലിയവനായാലും അന്യായമായ യാതൊരു ശിപാര്‍ശയും ചക്ര വര്‍ത്തിയുടെ അടുക്കല്‍ വിലപ്പോയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ വിമര്‍ശകനായ ലൈയ്ന്‍ പോള്‍ വരെ  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.23 സ്വന്തം മകന്‍ പ്രതിയായ കേസില്‍ പോലും അദ്ദേഹം  മകന്റെ മേല്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ചക്രവര്‍ത്തിയെന്ന നിലയിലുള്ള പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കുന്നതിനു പകരം പ്രജകളുടെ ക്ഷേമവും അവരുടെ സേവനവുമായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യമെന്നും, വളരെ നേരം നിന്നുകൊണ്ട് ജനങ്ങളുടെ പരാതികള്‍ അദ്ദേഹം കേള്‍ക്കുകയും സ്വന്തം കൈ കൊണ്ട് തന്നെ തീരുമാനങ്ങളും വിധികളും എഴുതിയിരുന്നുവെന്നും  ബര്‍ണിയറും പറഞ്ഞിട്ടുണ്ട്.24 അന്യായമായ എല്ലാ നികുതികളും റദ്ദ് ചെയ്തിട്ടും, ഫലപ്രദമായ നികുതി പരിഷ്‌കരണത്തിലൂടെയും ധൂര്‍ത്ത് തടഞ്ഞും  രാജ്യത്തെ  സമ്പത്തിക വളര്‍ച്ച ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ ഔറംഗസീബിന് കഴിഞ്ഞു. അക്ബറുടെ കാലത്ത് ഒരു കോടി തൊണ്ണൂറ് ലക്ഷവും ഷാജഹാന്റെ കാലത്ത് രണ്ട് കോടി ഇരുപത് ലക്ഷത്തി  അമ്പതിനായിരവുമായിരുന്ന  വാര്‍ഷിക വരുമാനം ഔറംഗസീബിന്റെ കാലത്ത്  നാലു കോടി പൗണ്ടായി വര്‍ധിച്ചു.25  ഔറംഗസീബിന്റെ മുന്‍ഗാമികള്‍ വരുമാനത്തിലെ ഭീമമായ സംഖ്യ ചക്രവര്‍ത്തിയുടെ പ്രത്യേകം ചെലവിലേക്ക് മാറ്റിവെച്ചിരുന്നു. ചക്രവര്‍ത്തിയുടെയും കുടുംബാംഗങ്ങളുടെയും ആഡംബരത്തിനാണ് ഇത് ചെലവഴിച്ചിരുന്നത്. എന്നാല്‍ തീര്‍ത്തും ലളിത ജീവിതം നയിച്ച അദ്ദേഹം വളരെ ചെറിയ സംഖ്യ മാത്രം എടുത്ത് ബാക്കിയെല്ലാം സര്‍ക്കാറിന്റെ പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. തൊപ്പി തുന്നിയും ഖുര്‍ആന്‍ പകര്‍ത്തിയും വരെ ചക്രവര്‍ത്തി ഉപജീവനത്തിന് വരുമാനം കണ്ടെത്തിയിരുന്നുവെന്ന് ശത്രുമിത്രഭേദ മന്യേ അദ്ദേഹത്തെ  കുറിച്ചെഴുതിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും സര്‍ക്കാര്‍ പദവിയിലിരിക്കുന്നവര്‍ മരിച്ചാല്‍ അവരുടെ സമ്പാദ്യം സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടുന്ന സമ്പ്രദായം മുഗള്‍ സാമ്രാജ്യത്തിലുണ്ടായിരുന്നു. ഔറംഗസീബ്  അനീതിയിലധിഷ്ഠിതമായ ഈ സമ്പ്രദായം എടുത്തുകളഞ്ഞു.26 പൊതു ജനങ്ങളില്‍നിന്ന് പരാതികളും ആവലാതികളും കേള്‍ക്കാനും അവ അപ്പപ്പോള്‍ പരിഹരിക്കാനും രാജ്യത്തുടനീളം സംവിധാനം ഏര്‍പ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ വിപ്ലവകരമായ മറ്റൊരു പരിഷ്‌കാരം. 

മദ്യവും ലഹരിപദാര്‍ഥങ്ങളും വേശ്യാവൃത്തിയും നിരോധിച്ചതാണ് അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളില്‍ മറ്റൊന്ന്. ഒട്ടേറെ മുഗള്‍ രാജകുമാരന്മാരുടെയും പ്രഭുകുമാരന്മാരുടെയും ജീവിതം തകര്‍ത്തിരുന്നു മദ്യപാനം. ചെറുപ്പം മുതല്‍ ഇസ്‌ലാമിക മൂല്യങ്ങളും ആരാധനാ നിഷ്ഠയും ജീവിതത്തില്‍ പുലര്‍ത്തിയ ഔറംഗസീബ് ഒരിക്കലും മദ്യം രുചിച്ചുനോക്കിയിട്ടു പോലുമുണ്ടായിരുന്നില്ല. ലാഹോറിലെ ബാദ്ഷാഹി മസ്ജിദും ദല്‍ഹിയിലെ ചെങ്കോട്ടക്കകത്ത് മാര്‍ബിളില്‍ തീര്‍ത്ത മസ്ജിദും വാസ്തുവിദ്യക്ക് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളാണ്.

 

എന്തുകൊണ്ട് പിശാചുവത്കരിക്കപ്പെടുന്നു?

ഇത്രയും ജനക്ഷേമകരമായ ഭരണം കാഴ്ചവെച്ച ഔറംഗസീബ് വിമര്‍ശിക്കപ്പെടാന്‍ കാരണം എന്തായിരിക്കും? അത് നാം കണ്ടെത്തേണ്ടത് അദ്ദേഹത്തിന്റെ സാംസ്‌കാരിക നയത്തിലും പരിഷ്‌കരണത്തിലുമാണ്. അക്ബര്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ മനശ്ശാസ്ത്രം മനസ്സിലാക്കി ആള്‍ദൈവ മോ ദൈവത്തിന്റെ തണലോ ആകാനാണ് ശ്രമിച്ചത്. ഈ അടിസ്ഥാനത്തില്‍  ദര്‍ശനം എന്ന സമ്പ്രദായം ആരംഭിച്ചത് അദ്ദേഹമാണ്. എല്ലാ ദിവസവും രാജാവ് കൊട്ടാരത്തിന്റെ  മട്ടുപ്പാവില്‍ കയറിനിന്ന്  ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നതായിരുന്നു ഈ സമ്പ്രദായം. ജനങ്ങളുടെ  കണ്‍കണ്ട ദൈവം എന്ന  നിലയില്‍ ജനമനസ്സില്‍ തന്നോടുള്ള ആരാധന വളര്‍ത്തുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. 

എന്നാല്‍ രാജാവ് ഒരു ദൈവസൃഷ്ടി മാത്രമാണെന്നും അവന് ദൈവമാകാന്‍ പറ്റില്ലെന്നും ഉറച്ച ബോധ്യമുണ്ടായിരുന്ന ഔറംഗസീബ് ഈ സമ്പ്രദായം അവസാനിപ്പിച്ചു. പകരം ആര്‍ക്കും നേരില്‍ കണ്ട് പരാതികള്‍ സമര്‍പ്പിക്കാവുന്ന വിധം കൊട്ടാര വാതിലുകള്‍ തുറന്നിട്ടു. അക്ബര്‍ റദ്ദ് ചെയ്ത് ഇസ്‌ലാമിക ചിഹ്നങ്ങളും സംസ്‌കാരങ്ങളും ഔറംഗസീബ് ഭരണത്തില്‍ തിരിച്ചുകൊണ്ടുവന്നു. ചക്രവര്‍ത്തിക്ക് സുജൂദ് ചെയ്യുകയെന്ന അക്ബറിന്റെ സമ്പ്രദായം അദ്ദേഹത്തിന്റെ മകന്‍ ജഹാംഗീര്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. അക്ബറിന്റെ ഇത്തരം നയങ്ങള്‍ കാരണമാണ് അദ്ദേഹം ലിബറലും ബഹുസ്വര പ്രേമിയുമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. അതിനെതിരെ നിലകൊള്ളുകയും ഇസ്‌ലാമിക സംസ്‌കാരം വീണ്ടെടുക്കുകയും ചെയ്ത ഔറംഗസീബ് പിന്നെ ലിബറലുകളുടെ കണ്ണില്‍ മതയാഥാസ്ഥികനും ബഹുസ്വരവിരോധിയുമാകാതിരിക്കാന്‍ തരമില്ല.

രാജ്യത്തുടനീളം മദ്‌റസകള്‍ സ്ഥാപിച്ച് മത വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതും 'ഫതാവാ ആലംഗീരിയട എന്ന പേരില്‍ ഇസ്‌ലാമിക നിയമങ്ങള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാന്‍  മുന്‍കൈയെടുത്തതുമാണ്  ഇസ്‌ലാമിനോട് പ്രതിബദ്ധത പുലര്‍ത്തിയ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം ചെയ്ത വലിയൊരു സേവനം. ഖാദിമാര്‍ക്ക് തങ്ങളുടെ മുന്നില്‍ വരുന്ന കേസുകളില്‍ ഇസ്‌ലാമിക ശരീഅത്ത്  പ്രകാരം വിധി പറയാന്‍ എളുപ്പമായി എന്നതാണ് ഇതുകൊണ്ടുണ്ടായ  നേട്ടം. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കു  വേണ്ടി വ്യക്തിനിയമം ക്രോഡീകരിച്ചപ്പോള്‍ അടിസ്ഥാനമാക്കിയത് ഈ ഗ്രന്ഥത്തെയാണ്. ഔറംഗസീബിന്റെ മുകളില്‍ പറഞ്ഞ സാംസ്‌കാരിക നയവും ഈ നിയമപരിഷ്‌കാരവുമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തെ രണ്ടാം സഹസ്രാബ്ദത്തിലെ മുജദ്ദിദ് എന്നറിയപ്പെട്ട അഹ്മദ് സര്‍ഹിന്ദിയുടെ നവോത്ഥാനത്തിന്റെ ഫലം  എന്നു വിശേഷിപ്പിക്കാന്‍  കാരണം.  ഇന്ത്യാ ഉപഭൂഖണ്ഡത്തെ മുഴുവനായി ഒറ്റ രാഷ്ട്രീയ ശക്തിക്കു കീഴില്‍ ഏകീകരിച്ച്  ഇന്ത്യന്‍ ദേശീയതയുടെ രാഷ്ട്രീയ ഭൂപടത്തിന് അടിത്തറ പാകിയ ഔറംഗസീബ് നാല്‍പ്പത്തൊമ്പത് വര്‍ഷത്തെ ഭരണത്തിനു ശേഷം 1707-ല്‍ ഡക്കാനില്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഖുല്‍ദാബാദില്‍ ഛിശ്തി സൂഫി സൈനുദ്ദീന്‍ ശീറാസിയുടെ മഖ്ബ്‌റക്കു സമീപം തിരിച്ചറിയാന്‍ യാതൊരടയാളവുമില്ലാതെ ഖബ്‌റടക്കപ്പെടുകയും ചെയ്തു.

(അവസാനിച്ചു)

 

കുറിപ്പകള്‍

6. മുന്‍തഖബുല്ലുബാബ്

7. Gfrancois Bernier - Traweles in Mugal Empire

Chandra Satish‑ Medieval India from Sultanat to Mughals

9. Metcaf, Berbara, Metcaf, Thomas  Concise History of Modern India page 21,22

10. Audrey Truschke, Aurangzeb: the Man and the Myth Page 72

11. മുസ്തഇദ്ദ് ഖാന്‍ സാഖി-മആഥുര്‍ ആലംഗീരി 405

12. നുഅ്മാനി ശിബ്‌ലി-ഔറംഗസീബ് ആലംഗീര്‍ പര്‍ എക് നള്ര്‍ പേജ് 65

13. Audrey Truschke  -Aurangzeb: the Man and the Myth page 73

14. ഇസ്‌ലാമിക വിജ്ഞാന കോശം 7/287)

15. Audrey Truschke  -Aurangzeb: the Man and the Myth page 73

16. Audrey Truschke  -Aurangzeb: the Man and the Myth page 76

17. ഔറംഗസീബ് ആലംഗീര്‍ പര്‍ എക് നള്ര്‍ പേജ് 64

18.  Gaudrey Truschke  -Aurangzeb: the Man and the Myth പേജ് 102.

19. ibid 103, ഇസ്‌ലാമിക വിജ്ഞാന കോശം 7/288 

20. Audrey Truschke  -Aurangzeb: the Man and the Myth പേജ് 106 

21. Audrey Truschke  -Aurangzeb: the Man and the Myth പേജ് 103,104 

22. Audrey Truschke  -Aurangzeb: the Man and the Myth 

23. Stanly Lanepoole- Aurangzeb and the decay of the Mugal Empire  പേജ് 75,76)

24. ibid പേജ് 57

25. ഔറംഗസീബ് പര്‍ എക് നള്ര്‍, പേജ് 105

26. മആഥുര്‍ ആലംഗീരി 531 ഉദ്ധരണം: ഔറംഗസീബ് 

    പര്‍ എക് നള്ര്‍ 25, പേജ് 106

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം