മഴവില്‍ കേരളത്തിന് യൗവനത്തിന്റെ കാവല്‍
'കൂട്ടുകാരാ, ഭീരുത്വം മൂലം
ഒരിക്കലും ഒരു പട്ടി കുരക്കാതിരിക്കുന്നില്ല.
ഇതാ കാലന്‍, ഇതാ കള്ളന്‍, ഇതാ ബോറന്‍
ഇതാ ജാരന്‍, ഇതാ പോസ്റ്റ്മാന്‍
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചു പറയുന്നു.
ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവന്‍,
കൂട്ടുകാരാ, പറയണ്ടത് പറയാതെ
ഒരു പട്ടി പോലുമല്ലാതെ
വാലു പോലുമില്ലാതെ
നരകത്തില്‍ പോലും പോകാതെ
ഈ സൗധങ്ങളില്‍ നാം ചീഞ്ഞു നാറുന്നു'
(കഷണ്ടി - കെ.ജി. ശങ്കരപ്പിള്ള).
സ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചുമുള്ള നമ്മുടെ ഉദാസീനതയും ജാഗ്രതക്കുറവും തന്നെയാണ് ഫാഷിസമെന്ന മഹാമാരിയെ നമ്മിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. ഫാഷിസത്തിന്റെ കനത്ത കാലൊച്ച കേള്‍ക്കുകയും പൗരാവകാശധ്വംസനങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് നമ്മള്‍ പുലര്‍ത്തുന്ന നിസ്സംഗതയെ വിചാരണ ചെയ്യുകയാണ് കെ.ജി ശങ്കരപ്പിള്ള 'കഷണ്ടി'യിലൂടെ.
ഇന്ത്യയിലെ പൗരസമൂഹങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ നമ്മെ ഉത്തരംമുട്ടിക്കുംവിധം സങ്കീര്‍ണമാണ്. ഭാവിയെക്കുറിച്ച ഒരു ഉത്തരവും പരിണമിച്ചുവരാത്ത അത്യന്തം ക്രൂരവും അസ്വസ്ഥജനകവുമായ സാഹചര്യമാണ് ഇവിടെ കനത്തുനില്‍ക്കുന്നത്. രൂപത്തിലും ഭാവത്തിലും ജനാധിപത്യ സര്‍ക്കാറുകളെന്ന് തോന്നിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയും കേരളവുമെല്ലാം ഇന്ന് നിവര്‍ന്നു നില്‍ക്കുന്നത് പരമാധികാര സ്വഭാവത്തോടുകൂടിയാണ്. മതേതരത്വവും ജനാധിപത്യവും ഔപചാരികമായി നിലനില്‍ക്കുമ്പോള്‍ തന്നെ സൂക്ഷ്മതലത്തില്‍ അത് ഇല്ലാതാവുന്ന വൈരുധ്യം നമുക്കിടയില്‍ സര്‍വസാധാരണമാണ്. മുസ്‌ലിം, ദലിത്, ആദിവാസി തുടങ്ങി അനേകം ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ ഭൂപടത്തില്‍നിന്ന് ചരിത്രപരമായി തെറിച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മതം, വംശം, ജാതി, വര്‍ണം, ധനം, ഭാഷ തുടങ്ങി പല അടരുകളിലൂടെ അവര്‍ക്കു നേരെയുള്ള വിവേചനങ്ങള്‍ അപകടമാംവിധം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെയും അതിനെ താങ്ങിനിര്‍ത്തുന്ന പൊതുസമൂഹത്തിന്റെയും ഇത്തരത്തിലുള്ള ആക്രമണോത്സുകമായ പരമാധികാരത്തെ എങ്ങനെ മറികടക്കാം എന്ന ആലോചനയുടെ കാലോചിതമായ രാഷ്ട്രീയ പ്രയോഗമാണ് മതസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള കാവല്‍.
മഴവില്‍ കേരളത്തിന്റെ ചാരുത
കേരളത്തിനൊരു കാവല്‍ ആവശ്യമാണോ? വളരെ ലളിതമാണ് ചോദ്യം. എന്നാല്‍, ഉത്തരം അത്രതന്നെ ലളിതമല്ല. കേരളം ഒരുകാലത്ത് ഇന്ത്യയുടെ വഴികാട്ടിയായിരുന്നുവെന്നത് നേര്. 'സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം' എന്ന് പുകള്‍പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച തുരുത്തായിരുന്നു കേരളം. സംസ്‌കാരങ്ങള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ വ്യത്യസ്ത മതവിഭാഗങ്ങളെ പലവിധത്തില്‍ പരിപോഷിപ്പിച്ചു. അതാകട്ടെ അവര്‍ക്കിടയില്‍ വലിയ തോതില്‍ സൗഹൃദവും ഊട്ടിയുറപ്പിച്ചു.
നമ്മുടെ വാസ്തുശില്‍പം മുതല്‍ കലാ-സാഹിത്യ ആഘോഷങ്ങള്‍വരെ ഈ സാംസ്‌കാരികമായ ഇഴയടുപ്പങ്ങളാല്‍ പ്രശോഭിതമാണ്. അമ്പലങ്ങളുടെ താഴികക്കുടങ്ങളും മുസ്‌ലിം പള്ളികളുടെ കുംഭഗോപുരങ്ങളും ക്രിസ്ത്യന്‍ പള്ളികളുടെ ഗോഥിക് മേല്‍പുരകളും ചേര്‍ന്നതാണ് കേരളത്തിന്റെ ചക്രവാളം. നാലുകെട്ടുകളും എട്ടുകെട്ടുകളും കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മാപ്പിളപ്പാട്ടും കോല്‍ക്കളിയും മാര്‍ഗംകളിയും ചവിട്ടുനാടകവും തിരുവാതിരക്കളിയും മോഹിനിയാട്ടവും നമ്മുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും സംഗീതവിരുന്നൊരുക്കി. വിശുദ്ധ ഖുര്‍ആനും മറ്റനേകം അറബി രചനകളും മലയാളത്തിലേക്ക് ആവേശിച്ചു. അതുവഴി കേരളത്തിന്റെ ഭാഷാപാരമ്പര്യത്തിന്റെ തലമൂപ്പനായി അറബി മലയാളം മാറി. ബൈബിള്‍ പരിഭാഷകളിലൂടെ മലയാളത്തിന്റെ ഗദ്യരൂപങ്ങള്‍ പിറവിയെടുത്തു. ഉത്സവപ്പറമ്പുകളിലൂടെയും പള്ളി മിഹ്‌റാബുകളിലൂടെയും പുരോഗമന ആശയങ്ങള്‍ കേരളത്തില്‍ പ്രചരിക്കപ്പെട്ടു. ഗാന്ധിജിയും മാര്‍ക്‌സും അംബേദ്കറും ആ പുരോഗമന കേരളത്തിന് തങ്ങളുടേതായ തുടര്‍ച്ചകളുണ്ടാക്കി. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കം മൗലവിയും സഹോദരന്‍ അയ്യപ്പനുമെല്ലാം കേരളീയ നവോത്ഥാനത്തിന്റെ കരുത്തുറ്റ അമരക്കാരായി.
പ്രശാന്തിയുടെ ഈ സ്വഛതീരങ്ങളില്‍ പാര്‍ത്ത മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവിത നിലവാരം അതിനാല്‍ ആപേക്ഷികമായി ഉയര്‍ന്നതായിരുന്നു. ബഹുസ്വരമായ ഒരു ദേശത്ത് കുടികൊള്ളുമ്പോള്‍ തന്നെ സാര്‍വദേശീയമായി സ്വന്തം ആദര്‍ശത്തെയും സ്വത്വബോധത്തെയും ഉയര്‍ത്തിക്കാട്ടാനും അതില്‍ അഭിമാനിക്കാനും മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. ഇസ്‌ലാമിക പാരമ്പര്യങ്ങളില്‍നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് പിറന്ന മണ്ണില്‍ വേരുകളാഴ്ത്തി ആകാശങ്ങള്‍ക്കപ്പുറമുള്ളൊരു ലോകത്തെ അവര്‍ കിനാവു കണ്ടു. അതാകട്ടെ സാംസ്‌കാരിക ബഹുത്വങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ദേശബോധവും പൗര സങ്കല്‍പവും കേരളത്തിന് പകര്‍ന്നു നല്‍കി.
'ഞാന്‍ മുസ്‌ലിം
രണ്ടുകുറി കുഞ്ഞാലി
ഒരു കുറി അബ്ദുര്‍റഹ്മാന്‍
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍കുട്ടിയില്‍ മുഴങ്ങി പെയ്തവന്‍
ക്രൂര മുഹമ്മദരുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാര്‍ നാടകങ്ങളില്‍
നല്ലവനായ അയല്‍ക്കാരന്‍
ഒറ്റക്കണ്ണനും എട്ടുകാലിയും
മുങ്ങാങ്കോഴിയുമായി ഞാന്‍
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടുവന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടര്‍ ഉമ്മാച്ചുവും പാത്തുമ്മയുമായി
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു' (മുസ്‌ലിം - സച്ചിദാനന്ദന്‍).
കേരളത്തിന്റെ സാമൂഹിക രൂപീകരണത്തില്‍ മുസ്‌ലിം സമൂഹം നല്‍കിയ സാംസ്‌കാരികവും രാഷ്ട്രീയവുമായ പങ്കിനെക്കുറിച്ചാണ് സച്ചിദാനന്ദന്‍ വാചാലനാവുന്നത്. എന്നാല്‍, സച്ചിദാനന്ദന്റെ ഓര്‍മയിലെ ആ കേരളത്തിന്റെയും അതിനെ രൂപപ്പെടുത്തിയ മുസ്‌ലിമിന്റെയും സ്വരൂപമാകെ മാറിയിരിക്കുന്നു. അവരിന്ന് ദേശക്കൂറ് നിരന്തരം ബോധ്യപ്പെടുത്തേണ്ടവരാണ്. ലൗ ജിഹാദ്, മതംമാറ്റം, ജനസംഖ്യാ വര്‍ധനവ് മുതലായ വംശീയവും വര്‍ഗീയവുമായ പൊതുബോധ ജല്‍പനങ്ങള്‍ക്കും മുനകൂര്‍ത്ത ചോദ്യങ്ങള്‍ക്കും ഉത്തരം ബോധിപ്പിക്കേണ്ടവരാണ്. ഇത്തരമൊരു മുസ്‌ലിം ശത്രുവിനെ ആശയപരമായി സ്ഥാപിച്ചെടുത്ത് അതിന്റെ തലയില്‍ ചവിട്ടി അധികാരമുറപ്പിക്കാനാണ് സംഘ് പരിവാര്‍ രാജ്യവ്യാപകമായി ശ്രമിക്കുന്നത്.
ഗോവര്‍ധന്മാരുടെ ലോകം
ആനന്ദിന്റെ 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലിലെ ഗോവര്‍ധന്റെ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട സമൂഹമാണിന്ന് മുസ്‌ലിംകള്‍. വീട്ടിലേക്കാവശ്യമായ തവിട് വാങ്ങാന്‍ നഗരത്തിലെ മാര്‍ക്കറ്റിലെത്തിയതായിരുന്നു ഗോവര്‍ധന്‍. എന്നാല്‍, അവനെ കാത്തിരിക്കുകയായിരുന്നു ഭരണകൂടവും അതിന്റെ കാവല്‍ക്കാരായ പോലീസും. കാരണം ഗോവര്‍ധനെ പോലെ ഒരാളെ ഭരണകൂടത്തിനാവശ്യമായിരുന്നു. അതിന്റെ കാരണവും ആനന്ദ് പറഞ്ഞുവെക്കുന്നുണ്ട്. നഗരമധ്യത്തിലെ മതില്‍ ഇടിഞ്ഞുവീണ് ഒരു ആട് ചത്തതില്‍നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആട് ചത്തതിന്റെ പേരില്‍ മതില്‍ നിര്‍മാണത്തില്‍ ഭാഗഭാക്കായവരെയെല്ലാം ഭരണകൂടം പിടികൂടുന്നു. യാതൊരു യുക്തിദീക്ഷയുമില്ലാതെ, വീണ്ടുവിചാരമില്ലാതെ ഏവര്‍ക്കും ഭരണകൂടം വധശിക്ഷ വിധിക്കുന്നു. എന്നാല്‍, പ്രതികളെ തൂക്കിലേറ്റാനുള്ള കയറിന്റെ വ്യാസം ഇത്ര മാത്രമേ പാടുള്ളൂ എന്ന ഒരു നിയമം ഭരണകൂടം മുന്നേ പുറപ്പെടുവിച്ചിരുന്നു. അതിന്‍പ്രകാരം കയറിന്റെ അളവിനൊത്ത ഒരു കഴുത്തും പിടിയിലകപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. അങ്ങനെ കഴുത്തു മെലിഞ്ഞ ഒരാളെ തേടി ഭരണകൂടവും അതിന്റെ പോലീസും പരക്കം പായുകയായിരുന്നു. അവരുടെ മുന്നിലേക്കാണ് കഴുത്തു മെലിഞ്ഞ ഗോവര്‍ധന്‍ കടന്നുചെല്ലുന്നത്.
സമകാലികമായ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഈ നോവലിലൂടെ ആനന്ദ് ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം മര്‍മപ്രധാനമായ ചില ഉത്തരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുമുണ്ട്. ഒരു പശു ചാകുമ്പോഴേക്കും ഇത്രമാത്രം മനുഷ്യക്കുരുതിയോ എന്നതാണ് അതിലേറ്റവും പ്രസക്തം. വര്‍ത്തമാന ഇന്ത്യയിലെ പശുവിന്റെ പേരിലുള്ള ആള്‍കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ആനന്ദിന്റെ ചോദ്യത്തിന് മുഴക്കമേറുന്നുണ്ട്. ആനന്ദ് പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യം, ഏതൊരു ഭരണകൂടവും നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ ചില കഴുത്തു മെലിഞ്ഞ ഗോവര്‍ധന്മാര്‍ ആവശ്യമാണ് എന്നാണ്. ദേശനിര്‍മിതിയുടെ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലെ ഭരണകൂടങ്ങളെല്ലാം നിലനില്‍ക്കാന്‍ ശ്രമിച്ചത് ഗോവര്‍ധനെപ്പോലുള്ള ഒരു മുസ്‌ലിമിനെ പടച്ചെടുത്തുകൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള മണ്ണില്‍ അത്തരമൊരു മുസ്‌ലിമിനെ കൂടുതല്‍ രാക്ഷസവല്‍ക്കരിക്കാന്‍ സംഘ് പരിവാറിന് ഇന്ന് സാധിച്ചിരിക്കുന്നു. ലൗ ജിഹാദിന്റെ പേരുപറഞ്ഞ്, ഗോഹത്യയെ എടുത്തുകാട്ടി, മുസ്‌ലിം ജനസംഖ്യ പെരുപ്പിച്ചുകാട്ടി, തീവ്രവാദത്തെയും ഭീകരവാദത്തെയും കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് രാജ്യത്തുടനീളം മുസ്‌ലിംവിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുക്കാനാണ് സംഘ് പരിവാര്‍ ശ്രമം.
സംഘ് പരിവാര്‍: ഇന്ത്യയുടെ എക്കാലത്തെയും ശത്രു
സംശയമില്ല, ഇന്ത്യയില്‍ ഏറ്റവും അപകടകരമായി വളരുന്നത് സംഘ് പരിവാര്‍ ഫാഷിസം തന്നെയാണ്. കൊലക്കളങ്ങളില്‍നിന്നാണ് എന്നുമവര്‍ സ്വന്തം ശക്തി സംഭരിച്ചത്. ശുദ്ധ പൈതൃകത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പൊയ്ക്കാലുകളില്‍ കയറിയാണ് സംഘ് പരിവാര്‍ ഇന്നും മാനവികതയെ കടന്നാക്രമിക്കുന്നത്. സംഘ് പരിവാര്‍ അതിന്റെ സാംസ്‌കാരികമായ പോരാട്ടത്തിന് ചരിത്രത്തില്‍ സ്വീകരിച്ച പ്രധാനപ്പെട്ട വഴി രാജ്യത്തെ ഭീതിക്ക് അടിപ്പെടുത്തുകയാണ്. വിമതശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്ന സംഘ് പരിവാറിന്റെ പതിവുരീതി ഇപ്പോള്‍ മാത്രം രൂപപ്പെട്ടുവന്നതല്ല. മറിച്ച്, ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഇടനെഞ്ചിലേക്ക് തുളവീഴ്ത്തിക്കൊണ്ടാണ് അത് രാഷ്ട്രീയ ഭൂമികയില്‍ കാലെടുത്തുവെച്ചത്. ഇന്ത്യയുടെ ആത്മാവിനു നേര്‍ക്ക് സംഘ് പരിവാര്‍ തൊടുത്തുവിട്ട ആ വെടിശബ്ദം കൂടുതല്‍ മുഴക്കത്തോടുകൂടി ഇന്ന് രാജ്യത്ത് പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു. സംഘ് പരിവാറിന് അനഭിമതരാകുന്നവരെല്ലാം ഇന്ന് ആള്‍ക്കൂട്ടക്കൊലകളുടെ ഭാഗമായി തുടച്ചുനീക്കപ്പെടുന്നു. മറ്റു ചിലരാകട്ടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഭാഗമായി രക്തസാക്ഷികളായി മാറുന്നു. അഥവാ, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട്, അതിന്റെ സാംസ്‌കാരിക മണ്ഡലത്തോട് രാജിയാവാത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഭീഷണിയാണ് സംഘ് പരിവാര്‍ രാജ്യത്തിനു നേര്‍ക്ക് പ്രക്ഷേപണം ചെയ്യുന്നത്. ഇന്ത്യന്‍ ഫാഷിസം ഇന്ന് രണ്ടുതരം ഭീകരതയിലൂടെയാണ് രാജ്യത്ത് മേല്‍ക്കൈ നേടിയെടുക്കുന്നത്. അതിലൊന്ന് സാംസ്‌കാരികമാണെങ്കില്‍ മറ്റൊന്ന് ഹിംസാത്മകമാണ്. ഇന്ത്യയില്‍ ഇത് രണ്ടിനെയും ആവശ്യമായ അളവില്‍ പടച്ചെടുക്കാനും മാര്‍ക്കറ്റ് ചെയ്യാനും ഫാഷിസത്തിനാവുന്നുണ്ട്. ഗാന്ധിജി മുതല്‍ ചരിത്രത്തിന്റെ ഇങ്ങേയറ്റത്ത് ഗൗരി ലങ്കേഷ് വരെ എത്തിനില്‍ക്കുന്ന പ്രമുഖരുടെ കൊലപാതകങ്ങള്‍ സംഘ് പരിവാറിന്റെ ഹിംസാത്മക ഭീകരതയുടെ ദുരനുഭവങ്ങളാണ്. എന്നാല്‍, സാംസ്‌കാരിക മണ്ഡലത്തില്‍ സംഘ് പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്ന സൈദ്ധാന്തിക ഭീകരത അതിലുമെത്രയോ ഇരട്ടിയാണ്. അതുവഴി തെരഞ്ഞെടുപ്പിലെ ലാഭനഷ്ടങ്ങള്‍ക്കപ്പുറം വലിയൊരു രാഷ്ട്രീയ മൂലധനമായി സാംസ്‌കാരിക മണ്ഡലത്തെ പിടിച്ചെടുക്കാന്‍ സംഘ് പരിവാറിന് സാധിക്കുന്നുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ സംഘ് പരിവാറിന്റെ സൈദ്ധാന്തിക ഭീകരതക്ക് ലഭ്യമാവുന്ന ഈ സ്വീകാര്യതയെ വെളിപ്പെടുത്തുന്ന ഒന്നാണ് മതംമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.
മതംമാറ്റം: ദേശത്തിനകത്തെ ദഹിക്കാത്ത മാംസക്കഷ്ണം
'ഇന്ത്യയിലെ വിപ്ലവകാരിയായ സവര്‍ണന് അമേരിക്കയിലെ യാഥാസ്ഥിതികനായ വെള്ളക്കാരനോളം പോലും പുരോഗമനവാദിയാകാന്‍ കഴിയില്ല' (ചന്ദ്രബാന്‍ ആസാദ്).
പുറമേക്ക് എത്രമാത്രം പുരോഗമനമായിരിക്കുമ്പോഴും അകമേ യാഥാസ്ഥിതികത്വത്തോട് കാന്തശക്തിയാലെന്നവണ്ണം ഒട്ടിനില്‍ക്കാനാണ് ഇന്ത്യന്‍ മതേതരത്വം വെമ്പല്‍ കൊള്ളുന്നത്. നമ്മുടെ സാമാന്യ ബോധം മതപരിവര്‍ത്തനത്തെ ചതുര്‍ഥിയോടെ മാത്രമേ വീക്ഷിച്ചിട്ടുള്ളൂ. എം.ടിയുടെ 'നാലുകെട്ടി'ലെ അപ്പുവില്‍നിന്നും 'കാല'ത്തിലെ സേതുവില്‍നിന്നും വ്യത്യസ്തമായി 'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടി എല്ലാവര്‍ക്കും അസുരവിത്താകുന്നത് പൊന്നാനിയില്‍ പോയി അബ്ദുവായി വരുന്നതുകൊണ്ടാണല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയുടെ അധികാര ഖഢ്ഗത്തിനു കീഴില്‍ സന്ദിഗ്ധമായി വിറകൊണ്ടുനിന്ന കരാളനാളില്‍നിന്നും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ആത്മബോധങ്ങള്‍ പ്രതിഫലിച്ചത് ദേശീയ പ്രസ്ഥാനത്തിലൂടെയും അത് പോറ്റിവളര്‍ത്തിയ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയുമായിരുന്നു. 1921-ല്‍ മലബാര്‍ ഗ്രാമങ്ങളില്‍ അലയടിച്ച ആ സ്വാതന്ത്ര്യപോരാട്ടങ്ങളെ പക്ഷേ മതഭ്രാന്ത് മൂത്ത മാപ്പിളമാരുടെ ഹാലിളക്കമായി കാണാനായിരുന്നു നമ്മുടെ ദേശീയ ചരിത്രസാഹിത്യ ആഖ്യാതാക്കള്‍ക്കിഷ്ടം. അങ്ങനെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘക്കാരും നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ചോരമണക്കുന്ന കഥകള്‍ അക്ഷരത്താളുകളില്‍ വറങ്ങലിച്ചുനിന്നു. തുവ്വൂരിലെ നായര്‍ കിണറുകളില്‍നിന്ന് ഇന്നും ഉറവയെടുക്കുന്നത് വെള്ളമല്ലെന്നും മറിച്ച്, നായന്മാരുടെ ചോരയാണെന്നും നമ്മെ ചൊല്ലിപ്പഠിപ്പിക്കുകയും നാം കേട്ടുചൊല്ലുകയും ചെയ്തു.
കര്‍മത്തേക്കാള്‍ ജന്മത്തിന് അപ്രമാദിത്വം നല്‍കപ്പെടുന്ന ഒരു ലോകത്താണ് മതംമാറ്റത്തിന്റെ കനലുകള്‍ പാരമ്പര്യ ബോധങ്ങളുടെ അകക്കാമ്പിനെ പൊള്ളിക്കുന്നത്. ഏത് വ്യക്തിക്കും ഏതു മതത്തിലേക്കും എപ്പോള്‍ വേണമെങ്കിലും മാറാന്‍ കഴിയുന്ന മതംമാറ്റം നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് സൂചിപ്പിക്കുന്നത്. മതപരിവര്‍ത്തനവും മതപ്രചാരണവും മതത്തില്‍തന്നെ വിശ്വസിക്കാതിരിക്കലും ജന്മാവകാശമാകുമ്പോഴേ നമ്മുടെ ജനാധിപത്യം മാനവികതയുടെ കൂടപ്പിറപ്പാവുകയുള്ളൂ. ഭരണഘടന തത്ത്വത്തിലും ജനാധിപത്യം പൂര്‍ണാര്‍ഥത്തിലും അനുവദിച്ച മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം മതവിഭാഗങ്ങള്‍ക്ക് പരസ്പരം ഊറ്റം കൊള്ളാനുള്ള ആശയമല്ല. എന്നാല്‍, മതംമാറ്റവുമായി ബന്ധപ്പെട്ട ജനാധിപത്യ അവകാശത്തോടും വ്യക്തിസ്വാതന്ത്ര്യത്തോടും നമ്മുടെ പൊതുമണ്ഡലം വെച്ചുപുലര്‍ത്തുന്ന ഉള്‍ഭീതി വളരെ വിചിത്രമാണ്. സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം മതംമാറ്റ വിഷയത്തില്‍ അവരുടെ രാഷ്ട്രീയ അജണ്ട വളരെ വ്യക്തമാണ്. എന്നാല്‍, നമ്മുടെ മതേതര മണ്ഡലവും മതംമാറ്റ ഭീതിയില്‍നിന്നും ഒട്ടും മുക്തമല്ല എന്നതാണ് സമകാലിക സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഹാദിയ വിഷയം കേരളത്തില്‍ ഉയര്‍ത്തിയ കനലുകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മതംമാറ്റം, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീവിമോചനം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ പുരോഗമന കേരളത്തിനു നേര്‍ക്ക് ഹാദിയ ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. പക്ഷേ, മതേതര ഗവണ്‍മെന്റിനോ അതിന്റെ നടത്തിപ്പുകാര്‍ക്കോ അതിന് കൃത്യമായ ഉത്തരം കൊടുക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മുസ്‌ലിം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ആരെയും ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ കേരളത്തിന് കാണാനായില്ല. ഇസ്‌ലാമിലെ കുടുംബ ജീവിതത്തിന്റെ തടവില്‍ കഴിയേണ്ടിവരുന്ന, മുസ്‌ലിം പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള സ്ത്രീവിമോചകരും സെക്യുലര്‍ ബുദ്ധിജീവികളും ഹാദിയയുടെ മതംമാറ്റ സ്വാതന്ത്ര്യത്തിന് സമരപ്പുറപ്പാടിനിറങ്ങിയില്ല. കാരണം വളരെ വ്യക്തമാണ്. മതംമാറ്റം നമുക്ക് പലപ്പോഴും പുളിച്ചുതികട്ടാവുന്ന ഒരനുഭവം മാത്രമാണ്. മതംമാറുന്നത് ഇസ്‌ലാമിലേക്കാണെങ്കില്‍ ആ ഭീതിയും ചതുര്‍ഥിയും ഒന്നുകൂടി വര്‍ധിക്കുകയും ചെയ്യും.
അതിനാല്‍ കേരളത്തിന് കാവലാവുക
മതംമാറ്റവുമായി ബന്ധപ്പെട്ട വംശീയവും വര്‍ഗീയവുമായ സംഘ് പരിവാര്‍ പ്രചാരണങ്ങളെ വിശാലമായ സാഹോദര്യസങ്കല്‍പങ്ങളാല്‍ നമുക്ക് മറികടക്കാനാകണം. മതജാതി വൈരുധ്യങ്ങള്‍ക്കെല്ലാം അതീതമായി മനുഷ്യനെന്ന ഏകകത്തില്‍ ഒന്നിക്കാനും സാഹോദര്യമെന്ന മൂല്യബോധത്തിലേക്ക് ഉയരാനുമാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇസ്‌ലാമിക ആദര്‍ശത്തിന്റെ ഭൂമികയില്‍ പ്രവാചകന്‍ മുഹമ്മദി(സ)ന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടുവന്ന മദീന സ്റ്റേറ്റ് അത്തരമൊരു സാഹോദര്യത്തിന്റേതായ മഴവില്‍ ലോകമാണ് ചരിത്രത്തില്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിലേക്കുള്ള മതംമാറ്റമെന്നാല്‍ കുടുംബത്തോടും സ്വസമൂഹത്തോടുമുള്ള ബന്ധവിഛേദനമല്ല. കുടുംബവുമായും വിശിഷ്യാ, മാതാപിതാക്കളുമായുള്ള സാമൂഹിക ബാധ്യതകളില്‍നിന്നുള്ള ഒളിച്ചോട്ടവുമല്ല. മറിച്ച്, ദൈവം കഴിഞ്ഞാല്‍ വിശ്വാസിയുടെ ഏറ്റവും അടുത്ത ബന്ധം മാതാപിതാക്കളോടാകണം എന്നാണ് ഇസ്‌ലാമിന്റെ ശാസന. എല്ലാറ്റിനുമപ്പുറം മതമുള്ളവനും മതമില്ലാത്തവനും മതങ്ങള്‍ക്കിടയില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ക്കും സോദരത്വേന വാഴാനാകുന്ന ഒരു പൊതു ഇടത്തെക്കുറിച്ചും വീടകത്തെക്കുറിച്ചുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരമൊരു സാഹോദര്യത്തിന്റെ വര്‍ണനൂലുകള്‍കൊണ്ട് പുതിയൊരു കേരളത്തെക്കുറിച്ച ചിത്രം നെയ്‌തെടുക്കാന്‍ നമുക്കാവണം.
Comments