Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

നീതിന്യായ സംവിധാനത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്നത്

കെ.കെ സുഹൈല്‍

സിറ്റിംഗ് ജഡ്ജിമാര്‍ മീഡിയക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. അവര്‍ കത്തുകള്‍ എഴുതിയേക്കാം. പക്ഷേ അവര്‍ ഒരിക്കലും പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാറില്ല. ജനുവരി 12-ന് അതാണ് സംഭവിച്ചത്. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്,  മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നീ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ നാല് ജഡ്ജിമാര്‍ ദല്‍ഹിയിലെ തുഗ്ലക് റോഡിലുള്ള ചെലമേശ്വറിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന് ജനങ്ങളോട് വിളിച്ചു പറഞ്ഞത്, രാജ്യത്തെ പരമോന്നത നീതിപീഠം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്നാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അവര്‍ ഗുരുതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചു.

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ അടുത്ത പദവി ചെലമേശ്വറിനാണ്. സീനിയോറിറ്റി പ്രകാരം അടുത്ത മുഖ്യ ന്യായാധിപനാകേണ്ടയാളാണ് രഞ്ജന്‍ ഗോഗോയ്. മുഖ്യ ന്യായാധിപന്‍ കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ യഥാക്രമം മൂന്നും നാലും റാങ്കുള്ളവരാണ് ജ. മദന്‍ ലോകുറും ജ. കുര്യന്‍ ജോസഫും. തീര്‍ത്തും അസാധാരണമായ വിധത്തില്‍ പത്രസമ്മേളനം വിളിച്ചത് ശരിയായില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ക്കു പോലും ഈ നാല് ജഡ്ജിമാരുടെ പ്രതിബദ്ധതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും യാതൊരു സംശയവുമില്ല.

ജ. ചെലമേശ്വറിന്റെ വാക്കുകളില്‍നിന്നു തന്നെ പ്രതിസന്ധിയുടെ ആഴം എളുപ്പത്തില്‍ തിരിച്ചറിയാം. ''ഒരു ഇരുപത് വര്‍ഷം കഴിഞ്ഞ്, ജ. ചെലമേശ്വറും രഞ്ജന്‍ ഗോഗോയും മദന്‍ ലോകുറും കുര്യന്‍ ജോസഫും തങ്ങളുടെ ആത്മാവിനെ വില്‍പന നടത്തിയെന്ന് ഒരാളും ആക്ഷേപിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ സ്ഥാപനത്തെ ബന്ധപ്പെട്ടവര്‍ വേണ്ടവിധം പരിപാലിക്കുന്നില്ല; രാജ്യതാല്‍പര്യങ്ങള്‍ക്ക് വില കല്‍പിക്കുന്നില്ല. ഈ സ്ഥാപനം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുകയില്ലെന്ന് ഞങ്ങള്‍ നാലു പേര്‍ക്കും ബോധ്യമായിട്ടുണ്ട്.''

ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. രാജ്യത്തെ സംബന്ധിച്ചേടത്തോളം വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്ക് താല്‍പര്യമുള്ള ബെഞ്ചുകള്‍ക്ക് കൈമാറുന്നു എന്നതാണ് അതിലൊന്ന്. അങ്ങനെ കൈമാറുന്നതിന് പ്രത്യേകിച്ച് ന്യായമൊന്നും ചൂണ്ടിക്കാണിക്കാനില്ല. സാധാരണഗതിയില്‍ വാദം കേള്‍ക്കാന്‍ ബെഞ്ചിനെ നിശ്ചയിക്കുന്നത് സുപ്രീം കോടതി തുടര്‍ന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചാണെങ്കിലും, ജസ്റ്റിസ് ഗോഗോയി പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചതു പോലെ, സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജ് ബി.എച്ച് ലോയയുടെ മരണത്തെ സംബന്ധിച്ച് പരിഗണനക്കെത്തിയ ഹരജിയാണ് പ്രശ്‌നമായിരിക്കുന്നത്. ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇത്തരം കേസുകളില്‍ വിധി പ്രതികള്‍ക്ക് അനുകൂലമായിത്തീരാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തനിക്ക് താല്‍പര്യമുള്ള ബെഞ്ചുകളിലേക്ക് കീഴ്‌വഴക്കങ്ങള്‍ പാലിക്കാതെ അവ കൈമാറുന്നു എന്നാണ് ആരോപണം. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തുന്നു, ചീഫ് ജസ്റ്റിസ് തന്റെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നു, നീതിന്യായ സംവിധാനത്തില്‍ അഴിമതി തലപൊക്കുന്നു തുടങ്ങിയവയാണ് മറ്റു ആരോപണങ്ങള്‍.

നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ച് രാഷ്ട്രത്തോട് സംസാരിക്കാന്‍ തീരുമാനിച്ചത് തീര്‍ത്തും അസാധാരണവും അഭൂതപൂര്‍വവും തന്നെയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ-നീതിന്യായ മണ്ഡലങ്ങളില്‍ അതുണ്ടാക്കിയത് അക്ഷരാര്‍ഥത്തില്‍ ഒരു ഭൂമികുലുക്കം തന്നെ. പക്ഷേ, നമ്മുടെ കോര്‍പറേറ്റ് മീഡിയ പതിവുപോലെ ശരിയായ ചോദ്യങ്ങള്‍ ചോദിക്കാതെ മാറിനിന്നു. അറിവും അനുഭവസമ്പത്തും വേണ്ടുവോളമുള്ള ആ ജഡ്ജിമാര്‍ ഉയര്‍ത്തിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താതെ, ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുന്നത് ശരിയോ എന്ന സാങ്കേതിക പ്രശ്‌നത്തില്‍ സ്വയം തളച്ചിടുകയായിരുന്നു അവര്‍. വിഷയങ്ങള്‍ പുറത്ത് പരസ്യമാക്കാതെ സുപ്രീം കോടതി എന്ന സ്ഥാപനം ആഭ്യന്തരമായി അതിന്റെ സംവിധാനത്തിനകത്ത് വെച്ചുതന്നെ അവക്ക് പരിഹാരം കാണേണ്ടിയിരുന്നു എന്നാണ് കോര്‍പറേറ്റ് മീഡിയ പറഞ്ഞുകൊണ്ടിരുന്നത്. വളരെ പ്രസക്തവും അടിയന്തരപ്രാധാന്യവുമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ അവര്‍ പലതരം അടവുകള്‍ പുറത്തെടുക്കുന്നതും നാം പിന്നീട് കണ്ടു. എന്നാല്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ യശ്വന്ത് സിന്‍ഹ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തു: ''നാല് ജഡ്ജിമാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അവരെ വിമര്‍ശിക്കുന്നതിന് പകരം അവര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യുക. പരമോന്നത കോടതി തന്നെ ഇങ്ങനെ രാജിയായിക്കഴിഞ്ഞാല്‍ ജനാധിപത്യം അപകടത്തില്‍പെട്ടതുതന്നെ.''

യഥാര്‍ഥത്തില്‍ ഈ പ്രശ്‌നം വളരെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്. രണ്ടു മാസം മുമ്പ് ഈ നാല്  ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ്. പക്ഷേ, അവരുടെ ആവലാതികള്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചില്ല. അവര്‍ക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികം. ചീഫ് ജസ്റ്റിസ് തന്നെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ജഡ്ജിമാര്‍ക്ക് തോന്നിക്കാണണം. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞതുപോലെ, തുറന്നുപറയാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാരണം, 'സുപ്രീം കോടതി എന്ന സ്ഥാപനം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് പിന്നെ അതിജീവനം സാധ്യമാവുകയില്ല.'

കേസ് പട്ടിക (Roster) തയാറാക്കുന്നത് ചീഫ് ജസ്റ്റിസ് തന്നെയാണ്. അതിലാര്‍ക്കും എതിര്‍ വാദമൊന്നുമില്ല. പക്ഷേ, അത് ചെയ്യേണ്ടത് പരമാവധി വിശ്വാസ്യത പുലര്‍ത്തിയും നിയമപരമായ കീഴ്‌വഴക്കങ്ങള്‍  പാലിച്ചുകൊണ്ടുമായിരിക്കണം. ഈ അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു എന്നതാണ് ജഡ്ജിമാരുടെ പരാതി. അത് ഉന്നയിക്കുന്നത് ഈ നാല് ജഡ്ജിമാരാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാരണം കറപുരളാത്ത ഔദ്യോഗിക ജീവിതമാണ് നാലു പേര്‍ക്കുമുള്ളത്. മികച്ച രീതിയില്‍ തന്നെയാണ് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വഹിക്കുന്നതും. അവര്‍ നാലു പേരും ചേര്‍ന്ന് ജനങ്ങളോട് പരസ്യമായി ചിലത് പറയാന്‍ തുനിഞ്ഞെങ്കില്‍, സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ താളപ്പിഴകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നു തന്നെയാണല്ലോ അതിന്റെ അര്‍ഥം. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കപ്പെടുന്ന പക്ഷം പരമോന്നത നീതിപീഠത്തെ സംബന്ധിച്ചേടത്തോളം അതൊരു ദുരന്തം തന്നെയായിരിക്കും.

നാല് ജഡ്ജിമാരുടെ ധീരതയെയും നമുക്ക് അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. പരമോന്നത നീതിപീഠത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും, നീതിനിഷ്ഠയും ആര്‍ജവവും സ്വാതന്ത്ര്യവും ആ സ്ഥാപനത്തിന് നഷ്ടമാവരുതെന്ന കരുതലുമാണ് അവരുടെ വെളിപ്പെടുത്തലുകളില്‍നിന്ന് നമുക്ക് വായിക്കാനാവുക. ജനാധിപത്യം ഗുരുതരമായ ഭീഷണിയെ അഭിമുഖീകരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണത്. ഓരോ ഇന്ത്യക്കാരനും അതിന് ചെവികൊടുക്കണം. ജനങ്ങള്‍ക്ക് മുമ്പാകെ പോയി പറഞ്ഞില്ലെങ്കില്‍ ഈ തെറ്റായ പോക്കിന് അറുതിയുണ്ടാവില്ല എന്ന  ബോധ്യത്തില്‍നിന്നാണ് ജഡ്ജിമാരുടെ ഈ അസാധാരണ നടപടി. അവര്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. ബെഞ്ചിനെ തന്നിഷ്ടപ്രകാരം തീരുമാനിക്കുന്നത് തുടര്‍ന്നോട്ടെ എന്ന് വെക്കുക. അല്ലെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുക. ധീരമായ രണ്ടാമത്തെ ഓപ്ഷനാണ് അവര്‍ തെരഞ്ഞെടുത്തത്. അവര്‍ക്ക് മുന്നില്‍ അതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു.

 

തുറന്നുപറച്ചിലിലേക്ക് നയിച്ച സംഭവങ്ങള്‍

കേസ് പട്ടികയുടെ കൈകാര്യക്കാരന്‍ എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് തന്റെ പദവി ദുരുപയോഗം ചെയ്യുന്നു എന്നാണല്ലോ ആരോപിക്കപ്പെട്ടിരിക്കുന്നത്. കേസുകള്‍ വിഭജിച്ചു നല്‍കുന്നത് ഒരു പ്രത്യേക രീതിയിലാണെന്ന് കാണാന്‍ കഴിയും. ആരോപണത്തിന് നിമിത്തമായ, അടുത്തകാലത്ത് വന്ന അത്തരം സുപ്രധാന കേസുകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ബി.എച്ച് ലോയയുടെ മരണം സുപ്രീം കോടതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച രണ്ട് ഹരജികള്‍ (അതിലൊന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് ഫയല്‍ ചെയ്തത്) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൈമാറിയത് അരുണ്‍ മിശ്രയുടെ ബെഞ്ചിനാണ്. സീനിയോറിറ്റി റാങ്കിംഗില്‍ ഇദ്ദേഹം പത്താമതാണ്. ബി.ജെ.പിയുമായി അടുത്ത ബന്ധവുമുണ്ട്. ജനുവരി 12-ന് രാവിലെ നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെ സന്ദര്‍ശിച്ച് വളരെ പ്രധാനപ്പെട്ട കേസുകള്‍ എന്തുകൊണ്ടാണ് ജൂനിയര്‍ ജഡ്ജിമാര്‍ക്ക് കൈമാറുന്നത് എന്ന് അന്വേഷിച്ചിരുന്നു.

2. 2017 നവംബറിലെ ലഖ്‌നൗ മെഡിക്കല്‍ കോളേജ് അഴിമതി. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം, ജഡ്ജ് ഐ.എം ഖുറൈശിയും അദ്ദേഹത്തിന്റെ അടുപ്പക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഭവാന പാണ്ഡെയും ചേര്‍ന്ന്, ലഖ്‌നൗവില്‍ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രസാദ് എജുക്കേഷന്‍ ട്രസ്റ്റിന് 'കാര്യങ്ങള്‍ ശരിയാക്കാം' എന്ന് ഉറപ്പു കൊടുത്തതായി പറയുന്ന കേസ്. തങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു തരാമെന്ന് അവര്‍ വാക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്.

കേസില്‍ വാദം കേട്ട ജ. ചെലമേശ്വറും ജ: എസ്. അബ്ദുല്‍ നസീറും, ജുഡീഷ്യറിയെ കുറിച്ച് വന്ന ഈ അഴിമതി ആരോപണത്തെക്കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) അന്വേഷണം വേണോ എന്ന് ആരായാന്‍ വിപുലമായ ഒരു ഭരണഘടനാ ബെഞ്ച് രൂപവത്കരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള വേറെയൊരു ഏഴംഗ ഭരണഘടനാ ബെഞ്ച് പ്രശ്‌നത്തില്‍ ഇടപെടുകയും കേസ് പട്ടിക തയാറാക്കുന്നത് മുഖ്യ ന്യായാധിപനാണെന്ന വാദമുയര്‍ത്തി ജ: ചെലമേശ്വറിന്റെ ഉത്തരവ് അസാധുവാക്കുകയും ചെയ്തു. പ്രതിഷേധിച്ച നാല് സീനിയര്‍ ജഡ്ജിമാര്‍ക്ക്, ചീഫ് ജസ്റ്റിസ് തുല്യപദവികളുള്ള ന്യായാധിപന്മാരില്‍ ആദ്യത്തെയാള്‍ മാത്രമാണെന്ന് ഓര്‍മിപ്പിക്കേണ്ടിവന്നത് അതുകൊണ്ടാണ്.

3. ആധാര്‍ കേസ് കേട്ടുകൊണ്ടിരുന്നത് ജ: ചെലമേശ്വറും ജ: വോബ്‌ഡെയും ആയിരുന്നു. 2013 മുതല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസുകള്‍ അവരാണ് കേട്ടുവരുന്നത്. ഇവരിപ്പോള്‍ ഈ കേസുകളില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവ തനിക്ക് താല്‍പര്യമുള്ള ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് നല്‍കിയിരിക്കുന്നത്. കേസില്‍ ഒരു സ്റ്റേ പുറപ്പെടുവിക്കാന്‍ പോലും പുതിയ ബെഞ്ച് വിസമ്മതിക്കുകയാണ്.

4. രാഗേഷ് ആസ്തനയെ സി.ബി.ഐ അഡീഷനല്‍ ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള കേസ് രഞ്ജന്‍ ഗോഗോയിയുടെ  ബെഞ്ചിലാണ് വരേണ്ടിയിരുന്നത്. പക്ഷേ, അത് നല്‍കിയത് ആര്‍.കെ അഗര്‍വാളിനാണ്.

5. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്നത്, ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്, വ്യഭിചാരസംബന്ധിയായ ഐ.പി.സി.യിലെ വകുപ്പ് പുരുഷന്മാരെ മാത്രം ശിക്ഷിക്കുന്നത്, നികുതിയുമായും ഉപഭോക്തൃ നിയമവുമായും ബന്ധപ്പെട്ടവ തുടങ്ങി ഒരു ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കേണ്ട കേസുകളൊന്നും ജനുവരി 18 മുതല്‍ ചീഫ് ജസ്റ്റിസ് അവരെ ഏല്‍പിക്കുന്നില്ല.

6. ജഡ്ജിമാരെ നിയമിക്കാനുള്ള മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യറിനെക്കുറിച്ച കേസ് 2017 ഒക്‌ടോബര്‍ 27-ന് രണ്ടംഗ ബെഞ്ച് ഏറ്റെടുത്തിരുന്നു. അവര്‍ അറ്റോര്‍ണി ജനറലിനെ കാണുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ആ കേസ് അവരില്‍നിന്ന് എടുത്തുമാറ്റുകയും ജഡ്ജിമാരുടെ നിയമനക്കാര്യം കൊളീജിയം ആണ് തീരുമാനിക്കുന്നതെന്ന് പറയുകയും ചെയ്തു.

ഓരോ കേസും യുക്തമായ ബെഞ്ചിനെ ഏല്‍പിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്യേണ്ടത്. എങ്കിലേ നീതിനിര്‍വഹണ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കൂ. ഗവണ്‍മെന്റുകള്‍, കോര്‍പറേറ്റുകള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയക്കാര്‍ ഇവരുടെയൊക്കെ ഭാവി തീരുമാനിക്കുന്ന അത്യന്തം സങ്കീര്‍ണമായ കേസുകളിലാണ് കോടതിക്ക് വിധി പറയേണ്ടിവരിക. അതിനാല്‍ നിയമസംവിധാനത്തിനകത്തെ ഭരണ നിര്‍വഹണം ഫലപ്രദമാകുമ്പോള്‍ മാത്രമേ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. പക്ഷേ, വളരെ നിര്‍ണായകമായ കേസുകള്‍ ചീഫ് ജസ്റ്റിസ് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ചില ബെഞ്ചുകള്‍ക്ക് കൈമാറുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ അടിസ്ഥാനം. നിയന്ത്രണങ്ങളില്ലാത്ത തന്റെ അധികാരം ഉപയോഗിച്ച് അദ്ദേഹം തീരുമാനങ്ങള്‍ എടുക്കുകയാണ്. ആ തീരുമാനങ്ങളുടെ ശരിതെറ്റുകള്‍ പരിശോധിക്കപ്പെടുകയില്ല. ഇതാണ് അസ്വസ്ഥതയുണ്ടാക്കുന്ന വശം. സംശയത്തിന് ഇടം കൊടുക്കാതെ പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അംഗീകൃത കീഴ്‌വഴക്കങ്ങള്‍ പാലിച്ചാലേ അത് സാധ്യമാവൂ. ചുമതലകള്‍ നല്‍കുന്നത് സുതാര്യമാവുകയാണെങ്കില്‍ പിന്നെ സംശയത്തിന് ഇടമുണ്ടാവുകയില്ല. മറ്റുള്ളവരില്‍നിന്ന് സുതാര്യത ആവശ്യപ്പെടുന്ന കോടതി ആദ്യം സ്വയം സുതാര്യമായിത്തീര്‍ന്നേ പറ്റൂ.

ഒരു ബെഞ്ച് ഒരു കേസ് കേട്ടുകൊണ്ടിരിക്കെ ചീഫ് ജസ്റ്റിസ് തന്റെ അധികാരമുപയോഗിച്ച് ആ കേസ് മറ്റൊരു ബെഞ്ചിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കൈമാറുന്നതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. ഇവിടെ പ്രശ്‌നം കുറേകൂടി മോശമായിരിക്കുന്നു. വളരെ പ്രക്ഷുബ്ധമായ കേസുകളൊക്കെ ഏതാനും ചില ബെഞ്ചുകളെ മാത്രം ഏല്‍പിക്കുകയാണ്. ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കേണ്ട കേസുകളില്‍ വരെ ഏറ്റവും സീനിയോറിറ്റിയുള്ള ജഡ്ജിമാര്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു. നീതിയുടെ നിര്‍വഹണത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളേക്കാള്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്ന പാരമ്പര്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടേത്. ചീഫ് ജസ്റ്റിസിന്റെ അടുത്ത തീരുമാനത്തിന് കാക്കുകയാണ് രാജ്യം. അത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭാവി നിര്‍ണയിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം