Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

മക്കയുടെ മഹത്വങ്ങള്‍

ഡോ. ടി. കെ. യൂസുഫ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയിലാണ് സമ്മേളിക്കുക. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യത്തിലുപരി  ഭൂമിശാസ്ത്രപരമായും ഒട്ടേറെ സവിശേഷതകളുണ്ട്. മുസ്‌ലിംകള്‍ ഹജ്ജ്, ഉംറ തീര്‍ഥാടനങ്ങള്‍ക്ക് പുറപ്പെടുകയും  നമസ്‌കാരത്തില്‍ അഭിമുഖീകരിക്കുകയും മരണാനന്തരം മുഖം തിരിച്ചുവെക്കുകയും ചെയ്യുന്ന കഅ്ബാലയം ഭൂമിയുടെ കരഭാഗത്തിന്റെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന വസ്തുത ഇപ്പോള്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

മക്കയുടെ ഏറ്റവും വലിയ മഹത്വം ആ നാട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭൂമികയാണ് എന്നതാണ്. അല്ലാഹുവിന് മാത്രമല്ല അവന്റെ തിരുദൂതര്‍ക്കും മക്ക ഏറെ പ്രിയപ്പെട്ടതായിരുന്നു. ഏകദൈവത്തെ മാത്രം ആരാധിക്കുക എന്ന ദൗത്യവുമായി വന്ന പ്രവാചകന് ബഹുദൈവാരാധകരില്‍നിന്ന് കഠിനമായ എതിര്‍പ്പ് നേരിടേണ്ടിവന്നപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് മക്കയില്‍നിന്ന് പലായനം ചെയ്തത്. മദീനയിലേക്ക് യാത്ര പുറപ്പെട്ടതിനു ശേഷം വീണ്ടും മക്കയിലേക്ക് തിരിഞ്ഞുനിന്ന് അദ്ദേഹം പറഞ്ഞു: 'നീ നാടുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്, അല്ലാഹുവിന്റെ നാടുകളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും നീ തന്നെയാണ്. ബഹുദൈവാരാധകര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നില്‍ നിന്നും പുറത്തുപോകുമായിരുന്നില്ല.' അല്ലാഹുവിനും റസൂലിനും ഏറ്റവും പ്രിയപ്പെട്ട ഈ നാട് പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി കൂടിയാണ്.

ഭൂമിയിലെ കരപ്രദേശത്തിന്റെ മധ്യത്തിലാണ് മക്ക സ്ഥിതിചെയ്യുന്നത് എന്ന വസ്തുത ആദ്യമായി തെളിയിക്കപ്പെട്ടത് 1977-ലാണ്. കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി സങ്കീര്‍ണമായ ഗണിതശാസ്ത്ര തത്ത്വങ്ങള്‍ അവലംബിച്ച് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശാസ്ത്രീയ പഠന ഗവേഷണങ്ങള്‍ക്കു ശേഷമാണ് ഈ യാഥാര്‍ഥ്യം കണ്ടെത്തിയത്. ഈ അത്ഭുതകരമായ കണ്ടെത്തലിന്റെ കഥയെക്കുറിച്ച് ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞനായ ഡോ. ഹുസൈന്‍ കമാലുദ്ദീന്‍ പറയുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലുളള വിശ്വാസികള്‍ക്കും കഅ്ബയുടെ ദിശ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംവിധാനം കണ്ടെത്താന്‍ വേണ്ടിയാണ് അദ്ദേഹം ഗവേഷണമാരംഭിച്ചത്. പള്ളികളില്ലാത്ത പല നാടുകളിലും ഒറ്റപ്പെട്ട മുസ്‌ലിംകള്‍ നമസ്‌കാര സമയത്ത് കഅ്ബയുടെ ദിശയറിയാന്‍ പാടുപെടുന്നതായി അദ്ദേഹം തന്റെ സഞ്ചാരത്തിനിടയില്‍ മനസ്സിലാക്കിയിരുന്നു. കഅ്ബയുടെ ദിശ പ്രത്യേകം രേഖപ്പെടുത്തുന്ന രൂപത്തില്‍ ഭൂഗോളത്തിന് ഒരു മാപ്പ് തയാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം കണ്ടെത്തി.

പുതിയ മാപ്പിന്റെ മുന്നോടിയായി ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ അഞ്ച് ഭൂഖണ്ഡങ്ങളുടെ രേഖാ ചിത്രം തയാറാക്കി. അപ്പോഴാണ് മക്ക ലോകത്തിന്റെ നടുവിലാണെന്ന വിസ്മയകരമായ യാഥാര്‍ഥ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു കോമ്പസ് എടുത്ത് അതിന്റെ ഒരറ്റം മക്ക നഗരത്തിലും മറ്റേ അറ്റം എല്ലാ ഭൂഖണ്ഡങ്ങളുടെ മേലും തിരിച്ചു. അപ്പോള്‍ മക്കക്കു ചുറ്റും ഭൂമിയുടെ കരഭാഗം വളരെ വ്യവസ്ഥാപിതമായി വിന്യസിക്കപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്കയും ആസ്‌ത്രേലിയയും കണ്ടെത്തുന്നതിനുമുമ്പുളള പഴയ മാപ്പ് എടുത്ത് പരീക്ഷണം ആവര്‍ത്തിച്ചപ്പോഴും മക്ക ഭൂമിയുടെ കരഭാഗത്തിന്റെ മധ്യത്തിലാണെന്ന് കണ്ടെത്തുകയുണ്ടായി. 

ഭൂമിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന മക്കാ നഗരം ഭൂമിയുടെ കാന്തിക ആകര്‍ഷണ പ്രസാരണത്തിന്റെ കേന്ദ്രം കൂടിയാണ്. ഹജ്ജിനോ ഉംറക്കോ വേണ്ടി മക്കയിലേക്ക് പോകുന്നവര്‍ക്ക് ഈ കാന്തിക ആകര്‍ഷണം അനുഭവവേദ്യമാകാറുണ്ട്. ഫലഭൂയിഷ്ഠമല്ലാത്ത മരുഭൂമിയാണെങ്കിലും മക്കയോട് വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ഒരു ആത്മബന്ധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കഅ്ബാലയം ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ക്ക് വീണ്ടും അത് കാണാനുളള അദമ്യമായ ആഗ്രഹമുണ്ടാകാറുണ്ട്. മക്കയിലേക്ക് മനുഷ്യരെ ആകര്‍ഷിക്കുന്നതിനു പിന്നില്‍ മതപരമായ മാനങ്ങള്‍ക്കപ്പുറം ഭൂമിശാസ്ത്രപരമായ ചില കാന്തിക പ്രസാരണങ്ങള്‍ കൂടിയുണ്ടെന്നാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

മക്ക മാതൃനഗരിയാണെന്നും അത്  ഭൂമിയുടെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നതെന്നും സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും കാണാം: ''ഇതാ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഒരു ഗ്രന്ഥം, അതിന്റെ മുമ്പുളള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി (മക്ക) യിലും അതിന്റെ ചുറ്റുഭാഗത്തുമുളളവര്‍ക്ക് താക്കീത് നല്‍കാന്‍ വേണ്ടിയുളളതുമാണ് അത്'' (അല്‍അന്‍ആം 92).

ഗോളശാസ്ത്രപ്രകാരം വര്‍ഷത്തില്‍ രണ്ട് തവണ സൂര്യന്‍ കഅ്ബയുടെ നേരെ മുകളില്‍ വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഏത് നാട്ടിലെയും സൂര്യന്റെ നിഴല്‍ കഅ്ബക്ക് അഭിമുഖമായിരിക്കും. മക്കയിലൂടെ കടന്നുപോകുന്ന ഭൂമധ്യ രേഖ ഗ്രീനിച്ചിന് പകരമായി ആഗോള സമയക്രമത്തിന് മാനദണ്ഡമായി മക്ക സമയം സ്വീകരിക്കാവുന്നതാണ്.

ഭൂമിയിലെ അക്ഷാംശ-രേഖാംശ രേഖകള്‍ തമ്മില്‍ വളരെ കൃത്യമായി പൂജ്യത്തില്‍ സന്ധിക്കുന്നതും മക്കയിലാണ്. മറ്റു ഭാഗങ്ങളിലെല്ലാം തന്നെ  ചില്ലറ ഏറ്റക്കുറവുകള്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗോള സമയക്രമത്തിനു ഗ്രീനിച്ച് എന്ന സാങ്കല്‍പിക സമയക്രമത്തിന് പകരമായി ഭൂമിയുടെ മധ്യത്തിലുളള മക്കയിലെ സമയമാണ് പാലിക്കേണ്ടത്. ഗ്രീനിച്ച് രേഖ സ്ഥിതിചെയ്യുന്നത് 5.8 ഡിഗ്രി പടിഞ്ഞാറോട്ട് ചെരിഞ്ഞാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീശത്വത്തിന്റെ ഫലമായാണ് അതിന് ആഗോള അംഗീകാരം ലഭിച്ചത്. 'മക്ക ഭൂഖണ്ഡങ്ങളുടെ കേന്ദ്രബിന്ദു' എന്ന വിഷയത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല മുസ്‌ലിം നാടുകളിലും ധാരാളം സെമിനാറുകള്‍ സംഘടിപ്പിക്കുകയും അമുസ്‌ലിം ശാസ്ത്രജ്ഞര്‍ പോലും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മക്ക സമയം ആഗോളവത്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് മക്കാ ക്ലോക്കിന് ജന്മം നല്‍കിയത്. ഹറമിന് തൊട്ടടുത്ത കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത ക്ലോക്ക് ലോകത്തിലെ ഏറ്റവും വലിയ ഘടികാരമാണ്. അമ്പത് മീറ്ററോളം വലിപ്പമുളള ഈ കൂറ്റന്‍ നാഴിക മണിയുടെ സൂചികള്‍ ചലിക്കുന്നത് പരമ്പരാഗതമായ ഘടികാരങ്ങളില്‍നിന്ന് വ്യത്യസ്തമായി കഅ്ബയിലെ ത്വവാഫിന് അനുഗുണമായി ഇടത്തുനിന്നും വലത്തോട്ടാണ്. 

മക്കാ ക്ലോക്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് രണ്ട് തരം ഘടനാ രൂപങ്ങളാണുളളത്. ഭൂമിയില്‍നിന്നും ആദ്യത്തെ 660 മീറ്റര്‍ ഉയരം സിമന്റ് കൂട്ട് കൊണ്ടും  രണ്ടാമത്തെ 155 മീറ്റര്‍ ഇരുമ്പ് കൊണ്ടുമാണ് നിര്‍മിച്ചിട്ടുളളത്.  ഈ രണ്ട് ഘടകങ്ങള്‍ കൂടിച്ചേരുമ്പോള്‍ മക്കാ ടവറിന് 800 മീറ്ററിലധികം ഉയരം വരും. ദുബൈയിലെ ഖലീഫ ടവറിനോട് തുലനം ചെയ്യുമ്പോള്‍ ഉയരത്തില്‍ രണ്ടാം സ്ഥാനമുളള ഈ ക്ലോക്ക് ടവര്‍ നിര്‍മാണത്തിന് മുന്നൂറ് കോടി ഡോളര്‍ ചെലവ് വന്നിട്ടുണ്ട്.  ലണ്ടനിലെ ക്ലോക്കിനേക്കാള്‍ ആറിരട്ടി വലിപ്പമുളള ഈ ഘടികാരത്തിലെ സമയം വെളിച്ചത്തിന്റെ വ്യക്തതക്കനുസരിച്ച് 11 മുതല്‍ 17 കിലോമീറ്റര്‍ അകലെ നിന്ന് വരെ ദര്‍ശിക്കാനാവും. ടവറിന്റെ  നാല് വശങ്ങളിലായി നാല് ഘടികാരങ്ങളാണ് പദ്ധതിയിലുളളത്. രണ്ടെണ്ണത്തിന്റെ പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുളളതിന്റെ പണിയും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജര്‍മനിയില്‍ നിര്‍മിച്ച ഈ ക്ലോക്കിന് അബ്ദുല്ലാ രാജാവിന്റെ പേരാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും അദ്ദേഹമതിന് മക്കാ ക്ലോക്ക് എന്ന പേരാണ് നിര്‍ദേശിച്ചത്.   

മക്കയുടെ മറ്റൊരു മഹത്വം വറ്റാത്ത ഉറവ ജലമായ സംസം കിണറാണ്. മക്ക മുമ്പ് വരണ്ടതും വിജനവുമായ മരുഭൂമിയായിരുന്നു. അവിടെ വെളളമോ ചെടികളോ ഉണ്ടായിരുന്നില്ല. ദൈവിക കല്‍പനയനുസരിച്ച് ഇബ്‌റാഹീം നബി തന്റെ മകന്‍ ഇസ്മാഈലിനെ അവിടെ താമസിപ്പിച്ചപ്പോള്‍ ഇക്കാര്യം പ്രസ്താവിക്കുന്നതായി ഖുര്‍ആനില്‍ കാണാം: ''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാന്‍ ഇതാ പാര്‍പ്പിച്ചിരിക്കുന്നു'' (ഇബ്‌റാഹീം 37). ഇബ്‌റാഹീം നബി അവിടെ താമസമാക്കിയിട്ട് ഏകദേശം അയ്യായിരം വര്‍ഷം പിന്നിട്ടുണ്ടെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതുവരെ അതിലെ വെളളം വറ്റിയിട്ടില്ല എന്നു മാത്രമല്ല ഇനി അന്ത്യദിനം വരെ അത് വറ്റുകയുമില്ല. അന്ത്യദിനം സംഭവിക്കുന്നതിനു മുമ്പ് ഭൂമിയിലെ സംസം അല്ലാതെയുളള ശുദ്ധ ജലമെല്ലാം അല്ലാഹു വറ്റിച്ചുകളയുമെന്ന് ളഹാകുബ്‌നു മസാഹിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയ്യായിരം വര്‍ഷം പഴക്കമുളള ഒരു ജലനിധിയെക്കുറിച്ച ഈ പ്രവചനത്തിന് പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഇതുവരെ ഭംഗമൊന്നും സംഭവിച്ചിട്ടില്ല. ഹജ്ജിനും ഉംറക്കും വരുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ കുടിക്കുകയും ബന്ധുക്കള്‍ക്ക് പുണ്യതീര്‍ഥമായി കൊണ്ടു പോവുകയും ചെയ്യുന്നത് സംസം കിണറിലെ വെളളമാണ്. അതിനു പുറമെ കുടിവെളളത്തിന് തയാറാക്കിയ ടാപ്പുകളില്‍നിന്ന് പലരും അംഗശുദ്ധി വരുത്തുകയും ചെയ്യാറുണ്ട്. ഇത്രയധികം വെളളം പമ്പു ചെയ്യപ്പെടുന്ന ഒരു കിണര്‍ ലോകത്ത് വേറെയില്ല എന്നതില്‍ സംശയമില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം