പി.എം അബ്ദുല്ല
ആലപ്പുഴ ജില്ലയില്‍ ഇസ്ലാമികപ്രസ്ഥാനം നട്ടുവളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആദ്യകാല പ്രവത്തകനാണ് പി.എം അബ്ദുല്ല എന്ന കോയ സാഹിബ്. ദീനീ പഠനത്തിന് ദൂരദേശങ്ങളിലെ പള്ളിദര്‍സുകളില്‍ പോയ കുറച്ച് പേരേ അക്കാലത്ത് നീര്‍ക്കുന്നത്ത് ഉണ്ടായിരുന്നുള്ളൂ. ടി.എ മുഹമ്മദ് മൗലവി (മാള), കെ.എ മുഹമ്മദ് മൗലവി (പൈങ്ങോട്ടായി), കോയ സാഹിബ്, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അബ്ദുര്‍റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ അവരില്‍പെടുന്നു. അബ്ദുര്‍റഹ്മാന്‍ ഹാജി ഒഴികെയുള്ളവര്‍ സജീവ പ്രസ്ഥാന പ്രവര്‍ത്തകരായി. ടി.എ മുഹമ്മദ് മൗലവി പള്ളിദര്‍സ് പഠനത്തിനു ശേഷം കച്ചവടാവശ്യാര്‍ഥം മാളയില്‍ താമസിക്കുകയും അവിടെ പ്രവര്‍ത്തന മേഖലയാക്കുകയും ചെയ്തു. കെ.എ മുഹമ്മദ് മൗലവി ആദ്യം ഞാറയില്‍കോണവും പിന്നീട് പൈങ്ങോട്ടായിയും കര്‍മ മണ്ഡലമാക്കി. പൈങ്ങോട്ടായിയില്‍ സ്ഥിര താമസമാക്കിയ അദ്ദേഹം ഇപ്പോള്‍ രോഗബാധിതനാണ്.
ദീനീ വിദ്യാഭ്യാസം നേടിയ ശേഷം പലചരക്കുകച്ചവടത്തിലേക്ക് തിരിഞ്ഞ കോയാ സാഹിബ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത് ശാന്തപുരം ഇസ്ലാമിയ കോളേജിലും, പിന്നീട് പത്തിരിപ്പാല മൗണ്ട്‌സീനയിലും സേവനമനുഷ്ഠിച്ച നീര്‍ക്കുന്നം ഹൈദ്രോസ് സാഹിബ് മുഖേനയാണ്. അവര്‍ക്കിടയിലെ ഊഷ്മളബന്ധം പ്രസ്ഥാനസാഹിത്യങ്ങളുടെ വായനയിലേക്ക് കോയാ സാഹിബിനെ നയിച്ചു. പ്രസ്ഥാനത്തിലേക്കുള്ള വഴി അതോടെ തുറക്കപ്പെടുകയായിരുന്നു. നീര്‍ക്കുന്നത്തെ അംഗുലീപരിമിതമായ ആദ്യകാല ഇസ്ലാമികപ്രവത്തകര്‍ സാധാരണക്കാരും അവരില്‍ ചിലര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് വന്നവരുമാണ്. പ്രദേശത്തെ ഇസ്ലാമികപ്രസ്ഥാനത്തിന്റെ ദാര്‍ശനിക ശബ്ദമായിരുന്ന ഹസന്‍ ബാവ മാസ്റ്റര്‍, സംഘാടകനും നേതാവുമായിരുന്ന ചെമ്പകപ്പള്ളി അബ്ദുല്‍അസീസ് സാഹിബ്, സി.ജെ മുഹമ്മദ് കോയ തുടങ്ങിയവര്‍ ഇടതുപക്ഷത്തുനിന്നും ഇസ്ലാമികപ്രസ്ഥാനത്തിലേക്ക് വന്നവരാണ് (നീര്‍ക്കുന്നത്തുകാരനായ മാള ടി.എ മുഹമ്മദ് മൗലവിക്കും കായംകുളം ഹസനിയയിലെ ദീനീ പഠനകാലത്ത് കലശലായ കമ്യൂണിസ്റ്റ് പ്രേമം ഉണ്ടായിരുന്നു. മര്‍ഹൂം സി.എന്‍ അഹ്മദ് മൗലവിയുടെ ഇടപെടലിലൂടെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പ്രബോധനം വായിച്ചുതുടങ്ങിയതോടെയാണ് മുഹമ്മദ് മൗലവി ഇസ്ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്). ഇസ്ലാമിക വൈജ്ഞാനിക അടിത്തറയുള്ള വ്യക്തിയായിരുന്നു കോയാ സാഹിബ്. പാണ്ഡിത്യത്തിന്റെ ബാഹ്യമോടികളില്ലാതെ സാധാരണക്കാരന്റെ ജീവിതരീതി സ്വീകരിച്ച് ശുദ്ധ മലയാളത്തിലും ശൈലിയിലും സഹപ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും അദ്ദേഹം അറിവ് പകര്‍ന്നുകൊടുത്തു. പ്രസ്ഥാന പ്രവര്‍ത്തനത്തിനായി നാട്ടിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ചു. ഈ യാത്രക്കിടയില്‍ സ്വന്തം നാട്ടിലും, മാന്നാര്‍, പല്ലന തുടങ്ങിയ സ്ഥലങ്ങളിലും മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.
ഇടക്കാലത്ത് ജോലിയാവശ്യാര്‍ഥം ദുബൈയില്‍ എത്തിയെങ്കിലും തൊഴില്‍സാഹചര്യം ഇസ്ലാമിക പ്രസ്ഥാനപ്രവര്‍ത്തനത്തിനു അനുഗുണമല്ലാതിരുന്നതിനാല്‍ വൈകാതെ നാട്ടിലേക്ക് മടങ്ങി. തനിക്ക് ബോധ്യമായ കാര്യത്തില്‍ കാര്‍ക്കശ്യത്തോടെ ഉറച്ചുനില്‍ക്കുന്ന അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെടുകയായിരുന്നു പതിവ്.
ജനസേവന പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക തല്‍പരനായിരുന്ന കോയാ സാഹിബ് സഹായങ്ങള്‍ യഥാര്‍ഥ അവകാശികളിലേക്കു മാത്രം എത്താന്‍ ശ്രദ്ധിച്ചു. എത്ര എതിര്‍പ്പും നീരസവും അനുഭവപ്പെട്ടാലും അവ അനര്‍ഹരിലേക്ക് എത്താതിരിക്കാന്‍ ജാഗ്രത പാലിച്ചു. നീര്‍ക്കുന്നം ദാറുസ്സകാത്തിന്റെ ഉത്തരവാദിത്തം പലതവണ വഹിച്ചിട്ടുണ്ട്. കനിവ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.
കോയാ സാഹിബ് ഏറ്റെടുത്തുനടത്തിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ പഠിതാക്കള്‍ക്ക് ആവേശമായിരുന്നു. മാധ്യമം പത്രം പ്രസിദ്ധീകരണം ആരംഭിച്ച സമയത്ത് കോഴിക്കോട്ടുനിന്നും ഏറെ വൈകി വൈകുന്നേരങ്ങളില്‍ നീര്‍ക്കുന്നത്ത് എത്തിയിരുന്ന പത്രം വിതരണം ചെയ്യുന്ന ഉത്തരവാദിത്തം ഏറെ താല്‍പര്യത്തോടെ ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാഥമികവും അതിനുതാഴേക്കും മാത്രം വിദ്യാഭ്യാസമുള്ള നീര്‍ക്കുന്നത്തെ സാധാരണക്കാരായ ഏതാനും ഇസ്ലാമികപ്രവര്‍ത്തകര്‍ ചേര്‍ന്ന് നിലവാരമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുത്ത പ്രവര്‍ത്തകരുടെ അവസ്ഥയും അന്നത്തെ ആ പ്രദേശത്തിന്റെ സാഹചര്യവും വിലയിരുത്തുമ്പോള്‍ 'വിപ്ലവകരമായ' തീരുമാനമായിരുന്നു അത്. ആവശ്യമായ പണം സ്വരൂപിക്കാനുള്ള ചുമതല ഏല്‍പ്പിക്കപെട്ടവരിലൊരാള്‍ കോയാ സാഹിബായിരുന്നു. ഏറെ പ്രയാസം സഹിച്ചാണ് ആ ഉത്തരവാദിത്തം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇന്ന് ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല നീര്‍ക്കുന്നം പ്രദേശത്തിനുതന്നെ അഭിമാനിക്കാവുന്നവിധം മൂന്നേക്കര്‍ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അടിത്തറ പാകുന്നതില്‍ കോയാ സാഹിബ് വഹിച്ച പങ്ക് വലുതാണ്.
ആലപ്പുഴ വെറ്റക്കാരന്‍ മുക്കിലെ മസ്ജിദ് അമാല്‍ നിര്‍മാണത്തിന്റെ മേല്‍നോട്ടം സ്വയം ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിച്ചതും അദ്ദേഹമാണ്. നീര്‍ക്കുന്നം പ്രാദേശിക ജമാഅത്ത് അമീര്‍, ഐഡിയല്‍ വെല്‍ഫെയര്‍ ചെയര്‍മാന്‍, ആലപ്പുഴ മര്‍കസുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍, നീര്‍ക്കുന്നം ദാറുസ്സകാത്ത് പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ജാതിമതഭേദമന്യേ അദ്ദേഹത്തിനുായിരുന്ന വിപുലമായ വ്യക്തിബന്ധങ്ങളുടെ തെളിവായിരുന്നു ജനാസ സംസ്‌കരണവേളയിലെ ജനബാഹുല്യം. നീര്‍ക്കുന്നത്തെയും പരിസര പ്രദേശങ്ങളിലെയും ഇസ്ലാമിക പ്രസ്ഥാന ചരിത്രത്തില്‍ മറക്കാനാവാത്ത കൈമുദ്രകള്‍ ചാര്‍ത്തിയാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായത്.
Comments