Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 02

3037

1439 ജമാദുല്‍ അവ്വല്‍ 15

ദീന്‍ദയാലിന്റെ ദുരൂഹ മരണവും തൊഗാഡിയയുടെ നിലവിളിയും

അന്‍വര്‍ ഷാഹ്

1968 ഫെബ്രുവരി പതിനൊന്ന്, സംഘ് പരിവാര്‍ താത്ത്വികാചാര്യന്മാരില്‍ പ്രമുഖനും ജനസംഘം അധ്യക്ഷനുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു.  ട്രെയിന്‍ യാത്രികനായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം, അര്‍ധരാത്രി രണ്ടു മണിയോടെ മുഗുള്‍സാരായ് റെയില്‍വേ സ്റ്റേഷനു സമീപം കാണപ്പെടുകയായിരുന്നു. ആര്‍.എസ്.എസ് നേതാവ് ബല്‍രാജ് മദോക്കിന്റെ പില്‍ക്കാല വെളിപ്പെടുത്തല്‍ ഈ ദുരൂഹ മരണത്തിനു പിന്നിലെ കാവിക്കൈകളെക്കുറിച്ച്  കൃത്യമായ സൂചന നല്‍കുകയുണ്ടായി.

2018 ജനുവരി പതിനഞ്ച്, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അഹ്മദാബാദിലെ സ്വന്തം വീട്ടില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്നു. പാര്‍ട്ടി വൃത്തങ്ങളുടെ മൊഴിയനുസരിച്ച് ഷാഹിബാഗിലെ പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ബോധം തെളിഞ്ഞ തൊഗാഡിയ തൊട്ടടുത്ത ദിവസം പത്രസമ്മേളനം നടത്തി, തന്നെ ഏറ്റുമുട്ടലില്‍ കൊല്ലാന്‍ ഗൂഢാലോചന നടന്നതായി വിതുമ്പലോടെ വെളിപ്പെടുത്തി.

1968-നും 2018-നുമിടക്ക് ഇന്ത്യാമഹാരാജ്യത്ത് ഒട്ടേറെ ദുരൂഹ മരണങ്ങളും 'ഏറ്റുമുട്ടല്‍' കൊലകളും 'ഭീകരാക്രമണങ്ങളും' നടക്കുകയുണ്ടായി. ഇപ്പോഴത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുതല്‍ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ പലരും ഇത്തരം കേസുകളുടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും വിചാരണ നേരിടുകയും ചെയ്തു വരുന്നു. ഇശ്‌റത്ത് ജഹാന്‍, ഹേമന്ദ് കര്‍ക്കറെ, ജസ്റ്റിസ് ലോയ മുതല്‍ ബി.ജെ.പി മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യയും ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയും ഉള്‍പ്പെടെ നിരവധി പേര്‍ 'ദുരൂഹ' മരണം വരിച്ചവരാണ്. 'ദുരൂഹം' എന്ന മറക്കപ്പുറം, ഇത്തരം ഉന്മൂലനങ്ങള്‍ക്കു പിന്നിലെ തലച്ചോറും ചോരക്കൈകളും ആരുടേതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന ശൈലിയും ചരിത്രവുമറിയുന്ന ആരും ഇതിലൊന്നും അത്ഭുതപ്പെടുകയുമില്ല.

തീവ്ര വംശവെറി ആധാരമാക്കി പ്രവര്‍ത്തിക്കുന്ന, പൂര്‍ണമോ ഭാഗികമോ ആയ നിഗൂഢ അജണ്ടകളുള്ള ഏതൊരു അര്‍ധസൈനിക രണോത്സുക സംഘത്തിന്റെയും കണക്കു പുസ്തകത്തില്‍ 'ദുരുഹമെന്ന്' വിശേഷിപ്പിക്കപ്പെടുന്ന കൊലപാതകങ്ങളുണ്ടാകും. ആദ്യം പ്രത്യക്ഷ ശത്രുവിനെതിരെ, രണ്ടാമത് സ്വന്തം ജാതി-മത-വംശ സമുദായത്തിലെ വിയോജിപ്പുകാര്‍ക്കെതിരെ, മൂന്നാമത് ഒരേ ആശയവും അജണ്ടയും പങ്കുവെക്കുന്ന സ്വന്തം സംഘത്തിലെ 'ആഭ്യന്തര ശത്രു'വിനെതിരെ ഇത്തരം രണോത്സുകസംഘങ്ങളുടെ കൊലക്കത്തി നീണ്ടുവരും. 

ഇത് ചരിത്രാനുഭവമാണ്. ഏതൊരു വംശത്തിലെയും മത-സമുദായത്തിലെയും ഇത്തരം സംഘങ്ങള്‍ക്കെല്ലാം ബാധകമായ പൊതു തത്ത്വമാണിത്. സായുധ തീവ്രവാദത്തിലധിഷ്ഠിതമായ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കവെ സയ്യിദ് മൗദൂദി ഇത് പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. ഇവ്വിഷയകമായി സംഘ് പരിവാറിനെക്കുറിച്ച വെളിപ്പെടുത്തലുകളെല്ലാം ഈ നിരീക്ഷണവും ചരിത്രാനുഭവങ്ങളും മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍ ഒട്ടും ആശ്ചര്യപ്പെടാനുണ്ടാവില്ല. അതേസമയം, ഭരണകൂട സ്ഥാപനങ്ങളെ കാവിയില്‍ മുക്കി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെ നിരവധി പേരെ വ്യാജ ഏറ്റുമുട്ടലിലൂടെയും മറ്റും ഉന്മൂലനം ചെയ്തവര്‍, അതിന്റെയെല്ലാം ചൂടാറും മുമ്പേ പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്തലിക്ക് പോലെയുള്ള സ്വന്തം തീപ്പൊരി നേതാക്കള്‍ക്കെതിരെയും അതേ വ്യാജ ഏറ്റുമുട്ടലിന്റെ കൊലക്കത്തി രാകി മിനുക്കുന്നുവെന്ന അവരുടെതന്നെ വെളിപ്പെടുത്തല്‍, കാലത്തിന്റെ കാവ്യനീതി അതിവേഗം പുലരുന്നുവെന്നതിന്റെ അനുഭവസാക്ഷ്യമായിത്തീരുന്നു. നിരപരാധികളുടെ ചോരക്ക് കാലം ഇങ്ങനെയാകാം കണക്കു തീര്‍ക്കുന്നത്!

 

ദീന്‍ദയാലിന്റെ ദുരൂഹ മരണം

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് അദ്ദേഹത്തിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ്. തങ്ങളുടെ താത്ത്വികാചാര്യന്റെ ജന്മദിനം ദേശവ്യാപകമായി ആചരിക്കാനുള്ള കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിന്റെ തീരുമാനം നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കാന്‍ ഇടതു ഗവണ്‍മെന്റ് തയാറായതാണ് വിവാദ നിമിത്തം.  ജന്മദിനം ഇത്ര വിപുലമായി ആഘോഷിക്കാനും നിരവധി കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് ദീന്‍ദയാലിന്റെ പേരിടാനും മാത്രം അദ്ദേഹം സംഘ് പരിവാറിന് പ്രിയപ്പെട്ടവനായത് എന്തുകൊണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ സംഘ് പരിവാറില്‍ സജീവമായിരുന്ന അദ്ദേഹം, ആര്‍.എസ്.എസിന്റെ ലഖിംപൂര്‍ ജില്ലാ പ്രചാരകും യു.പി സഹ പ്രാന്തപ്രചാരകുമായി വളര്‍ന്നു. ആര്‍.എസ്.എസിന്റെ സമുന്നത നേതാവ് ഹെഡ്‌ഗേവാറും സര്‍സംഘചാലക് എം.എസ് ഗോള്‍വാള്‍ക്കറുമൊക്കെയായി വലിയ അടുപ്പമുണ്ടായിരുന്ന ദീന്‍ദയാല്‍, രാഷ്ട്ര ധര്‍മ, പാഞ്ചജന്യ, സന്ദേശ് എന്നീ സംഘ് പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് നേത്യത്വം നല്‍കാന്‍ വാജ്‌പേയ്, അദ്വാനി എന്നിവരോടൊപ്പം ദീന്‍ദയാലിനെയും എം.എസ് ഗോള്‍വാള്‍ക്കര്‍  നിയമിക്കുകയുായി. ജനസംഘത്തിന്റെ സെക്രട്ടറിയായി 1952-ല്‍ നിയമിക്കപ്പെട്ട ദീന്‍ദയാല്‍, 1967-ല്‍ അതിന്റെ പ്രസിഡന്റായി. സംഘത്തില്‍ ഇത്ര ഉയര്‍ന്ന സ്ഥാനത്തെത്തിയ ദീന്‍ദയാല്‍ 1968-ല്‍ ദുരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും സംഘ് പരിവാറിന് അതൊരിക്കലും ഗൗരവപ്പെട്ട വിഷയമാകാതിരുന്നത് എന്തുകൊണ്ടായിരിക്കും? താരതമ്യേന ലഘുവായ വിഷയങ്ങളില്‍ പോലുമുാകാറുള്ള ബഹളം വെക്കലുകളും പ്രക്ഷോഭങ്ങളുമൊന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ പേരില്‍ ആര്‍.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പില്‍ക്കാലത്ത് കോണ്‍ഗ്രസ് രംഗത്തുവന്ന് സമ്മര്‍ദത്തിലാക്കിയിട്ടും ആര്‍.എസ്.എസിന് അനക്കമുണ്ടായില്ല. ഉപാധ്യായയുടെ സ്മരണാര്‍ഥം രാജ്യമെങ്ങും റാലികള്‍ നടത്തിയപ്പോഴും മരണത്തെക്കുറിച്ച സത്യം പുറത്തുകൊണ്ടുവരാന്‍ വേണ്ടിയുള്ള അന്വേഷണത്തെ നിരാകരിക്കുകയാണ് ബി.ജെ.പി ചെയ്തത്.

ഇതിന്റെ കാരണമറിയാന്‍, ദീന്‍ദയാലിന്റെ കൊലപാതകം സംബന്ധിച്ച ആര്‍.എസ്.എസ് നേതാവ് ബല്‍രാജ് മദോക്കിന്റെ വെളിപ്പെടുത്തല്‍ വായിക്കണം. 1967-ല്‍ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട്, രണ്ടു മാസത്തിനകമാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1968 ഫെബ്രുവരി 10-ന് ലഖ്‌നൗവില്‍നിന്ന് സീല്‍ഥാ എക്‌സ്പ്രസില്‍ പറ്റ്‌നയിലേക്ക് പുറപ്പെട്ട ദീന്‍യാലിന്റ മൃതദേഹം രാത്രി രണ്ടു മണിയോടെ മുഗള്‍സാരായ് സ്റ്റേഷനു സമീപം കണ്ടെത്തുകയായിരുന്നു. പോലീസ്, സി.ബി.ഐ, ജുഡീഷ്യല്‍ അന്വേഷണങ്ങളെല്ലാം മുറപോലെ നടന്നെങ്കിലും മോഷണശ്രമത്തിനിടയിലെ കൊലപാതകം എന്ന നിഗമനത്തിലാണ് ഏജന്‍സികള്‍ പൊതുവില്‍ എത്തിച്ചേര്‍ന്നത്. ഇങ്ങനെ പ്രതിയായി ഹാജരാക്കപ്പെട്ട ഭാരത് ലാല്‍ അലഹാബാദ് ഹൈകോടതിയില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. ജനസംഘമാകട്ടെ, പതിവുപോലെ കൊലപാതകത്തിനു പിന്നില്‍ കമ്മ്യുണിസ്റ്റുകാരോ, മുസലിംകളോ ആണെന്ന ആരോപണമുന്നയിക്കുകയായിരുന്നു. 

ദീന്‍ദയാലിന്റെ ദുരുഹ മരണത്തിനു പിന്നിലെ കറുത്ത പൂച്ചയെ കുറിച്ച കൃത്യമായ വെളിപ്പെടുത്തല്‍ നടത്തിയത് മുന്‍ ആര്‍.എസ്.എസ് നേതാവ് ബല്‍രാജ് മദോക്കാണ്. 'മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം' എന്നാണ് മദോക് ഈ ഉന്മൂലനത്തെ വിശേഷിപ്പിച്ചത്. മൂന്ന് ഭാഗങ്ങളുള്ള, 'സിന്ദഗി കാ സഫര്‍' എന്ന തന്റെ ആത്മകഥയുടെ മൂന്നാം വാള്യത്തില്‍ മദോക്ക് ഇങ്ങനെ കുറിച്ചിട്ടു: ''ഒരു കാര്യം വ്യക്തമാണ്, ദീന്‍ദയാല്‍ ഉപാധ്യായയുടെ കൊലപാതകത്തിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകാരുടെയൊ, കള്ളന്മാരുടെയോ കൈകളായിരുന്നില്ല.... വാടകക്കൊലയാളികളാണ് അദ്ദേഹത്തെ കൊന്നത്. പക്ഷേ, ഗൂഢാലോചന നടത്തി, കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്, ക്രിമിനല്‍ മനസ്സുള്ള സംഘ് നേതാക്കള്‍ തന്നെയാണ്'' (സിന്ദഗി കാ സഫര്‍, വാള്യം 3, ദീന്‍ദയാല്‍ ഉപാധ്യായ കി ഹത്യ സേ ഇന്ദിര ഗാന്ധി കി ഹത്യ തക്, പേജ് 22). മദോക്ക് ഒഴുക്കന്‍ മട്ടില്‍ ഇങ്ങനെ പറഞ്ഞുപോവുകയല്ല, വിശദാംശങ്ങളോടെ തെളിവുകള്‍ നിരത്തി ഇത് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. 'എന്തുകൊണ്ട് അദ്ദേഹം വധിക്കപ്പെട്ടു? ആരൊക്കെയാണ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍? ഗൂഢാലോചനയുടെ പിന്നിലെ ലക്ഷ്യം നിഗൂഢമാണെങ്കിലും, ഒരു ഘട്ടത്തില്‍ തെളിവുകളോടെ അതെല്ലാം പുറത്തുവരികതന്നെ ചെയ്യും' എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് 14,15). തുടര്‍ന്ന്  'കുറ്റാരോപിതന്റെ സൂചനകള്‍ ദീന്‍ദയാലിന്റെ കൊലപാതകത്തിനു വേണ്ടി ഗൂഢാലോചന നടത്തിയവരിലേക്ക് നേരിട്ടുതന്നെ വിരല്‍ ചൂണ്ടുന്നുണ്ട്, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് അവര്‍ നേട്ടം കൊയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കൊലക്ക് പിന്നിലെ സത്യം പുറത്തു വരാന്‍ അവരൊരിക്കലും ആഗ്രഹിച്ചില്ല. എന്തായിരുന്നാലും, ദീന്‍ദയാലിന്റെ ചോര ഇതിന് പ്രതികാരം ചെയ്യുമെന്ന് ഒരു ചരിത്ര വിദ്യാര്‍ഥിയെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. ചരിത്രം അദ്ദേഹത്തോട് നീതി ചെയ്യും, അദ്ദേഹത്തെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ശപിക്കപ്പെടും' എന്നെഴുതിയ (പേജ് 15) മദോക്ക്, വാജ്‌പേയിയും ദേശ്മുഖമാണ് മുഖ്യ ഗൂഢാലോചകര്‍ എന്ന് തുറന്നടിക്കാനും മടിച്ചില്ല (പേജ് 23). 'തങ്ങളുടെ വളര്‍ച്ചക്കും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കും മുന്നില്‍ ദീന്‍ദയാല്‍ ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയവരാണ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത്' (പേജ് 145), 'ഞാന്‍ ജനസംഘത്തിന്റെ പ്രസിഡന്റായിരിക്കെ, ഓഫീസില്‍ താമസിച്ചിരുന്ന മുപ്പത് വയസ്സുകാരനായ അടല്‍ ബിഹാരി വാജ്‌പേയ് സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് ഓഫീസ് ഉപയോഗിച്ചിരുന്നതായും എല്ലാ ദിവസവും അവിടെ പുതിയ പെണ്‍കുട്ടികള്‍ വന്നിരുന്നതായും കേന്ദ്ര ഓഫീസിന്റെ ചുമതലയുള്ള ജഗദീഷ് പ്രസാദ് മാത്തൂര്‍ എന്നോട് പരാതി പറഞ്ഞിരുന്നു. വാജ്പേയിയോട് പെട്ടെന്നു തന്നെ വിവാഹിതനാകാനാണ് ഞാന്‍ നിര്‍ദേശിച്ചത്. ഇല്ലെങ്കില്‍, താങ്കളുടെയും ജനസംഘത്തിന്റെയും സല്‍പേരിനെ അത് ബാധിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു' (പേജ് 25). ദീന്‍ദയാലിന്റെ കേസ് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട വൈ.വി ചന്ദ്രചൂഡ് കമീഷനെ, വാജ്‌പേയിയും ദേശ്മുഖും തെറ്റായ രീതിയില്‍ സ്വാധീനിക്കുകയും സത്യം പുറത്തു വരാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും മദോക്ക് രേഖപ്പെടുത്തുന്നു (പേജ് 19). ഇത്തരം നിരവധി വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തിലുണ്ട് (ഉദ്ധരണം:  https://sabrangindia.in/article/balraj-madhok-pracharak-turned-crusader-against-his-own-parivar)

ഇങ്ങനെയെല്ലാം തുറന്നടിച്ച ബല്‍രാജ് മദോക്ക് മുന്‍നിര ആര്‍.എസ്.എസ് നേതാവായിരുന്നു. ആര്യസമാജ ബന്ധമുള്ള കുടുംബത്തില്‍ പിറന്ന്, ആര്‍.എസ്.എസില്‍ വളര്‍ന്ന ജമ്മു സ്വദേശിയായ അദ്ദേഹം താഴ്‌വരയില്‍ സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. 1951-ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം ചേര്‍ന്നു, ഭാരതീയ ജനസംഘത്തിന്റെ രൂപീകരണത്തില്‍ പങ്കാളിയായി, നീണ്ട കാലം ദേശീയ സമിതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, 1966-67 കാലത്ത് സംഘത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. തുടര്‍ന്നാണ് ദീന്‍ദയാല്‍ പ്രസിഡന്റായി വരുന്നത്. അദ്ദേഹത്തിന്റെ ദുരൂഹ മരണത്തിനു ശേഷം വാജ്‌പേയിയാണ് ജനസംഘത്തിന്റെ അധ്യക്ഷനാകുന്നത് എന്നതും മദോക്കിന്റെ വെളിപ്പെടുത്തലിന് പ്രാധാന്യം നല്‍കുന്നു. വാജ്‌പേയ്, അദ്വാനി എന്നിവരോടുള്ള അഭിപ്രായ ഭിന്നത കാരണം 1979-ലാണ് മദോക്ക് പാര്‍ട്ടി വിടുന്നത്. പക്ഷേ, പിന്നെയും ഉറച്ച സംഘ് പ്രവര്‍ത്തകനായി അദ്ദേഹം തുടര്‍ന്നു. മരണം വരെ ആര്‍.എസ്.എസ്  പ്രചാരകായിരുന്ന മദാക്കിനെ, ചരമവേളയിലെ അനുശോചനത്തില്‍, ജനസംഘത്തിന്റെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ് പരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള ആത്മാര്‍ഥതയെ പ്രശംസിക്കുകയും ചെയ്തു. സംഘ് പരിവാറിനെ പ്രമോട്ട് ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ ഇത്തരമൊരു നേതാവ്, ജീവിച്ചിരിക്കെ എഴുതി പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് പ്രമാദമായ ഈ വെളിപ്പെടുത്തലുകളെല്ലാം നടത്തിയത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ദീന്‍ദയാല്‍ എന്ന മുതിര്‍ന്ന നേതാവിന് 1968-ല്‍ സ്വന്തം പാര്‍ട്ടിയില്‍നിന്ന് നേരിടേണ്ടിവന്നത് ഇതാണെങ്കില്‍, സംഘ് പരിവാര്‍ ഒരു പാട് വളരുകയും ഇന്ത്യാ രാജ്യത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു കഴിഞ്ഞിരിക്കെ, ഒരുപാട് ഒളിക്കാനും മറക്കാനുമുള്ള ഇന്ന്, സംഘ് കുടുംബത്തിന്റെ രഹസ്യങ്ങളെല്ലാമറിയുന്ന തൊഗാഡിയയെന്ന 'അന്തര്‍ദേശീയ' നേതാവിനെ, സ്വന്തം പാര്‍ട്ടിഭരണം ആസൂത്രണം ചെയ്ത ഒരു വ്യാജ ഏറ്റുമുട്ടല്‍ കാത്തിരിക്കുന്നുവെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല.

എന്നാല്‍, തൊഗാഡിയയുടെ പരിണാമമാണ് ദയനീയം. വംശവെറി പൂണ്ട്, നാടെങ്ങും വിഷം തുപ്പുന്ന വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് പ്രവീണ്‍ തൊഗാഡിയ കുപ്രസിദ്ധനാകുന്നത്. കേരളത്തിലുള്‍പ്പെടെ പലയിടത്തും അദ്ദേഹത്തിനെതിരെ കേസുമുണ്ട്. ബാബരിയാനന്തര ബി.ജെ.പിയെ രാഷ്ട്രീയമായി വളര്‍ത്തുന്നതിലും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിലും കാര്യമായ സംഭാവനയര്‍പ്പിച്ച, സംഘ് പരിവാറിനു വേണ്ടി ഇക്കാലമത്രയും വിയര്‍പ്പൊഴുക്കി ഓടിനടന്ന, ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ വി.എച്ച്.പിയുടെ അഖിലലോക വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയ, താന്‍കൂടി വളര്‍ത്തിയ ബി.ജെ.പി ഗവണ്‍മെന്റു തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ കരഞ്ഞ് നിലവിളിച്ചത്, ചുരുങ്ങിയത് സംഘ് കുടുംബത്തിലെ മറ്റുള്ളവര്‍ക്കെങ്കിലും പാഠമാകേണ്ടതാണ്. സംഘ് കുടുംബത്തിലെ പടലപ്പിണക്കമോ, എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളോ മറ്റോ ആണത്രെ തൊഗാഡിയയെ ഇല്ലാതാക്കാനുള്ള ശ്രമത്തിനു പിന്നില്‍! പക്ഷേ, സംഘ് ആക്രോശങ്ങളും ആക്രമണങ്ങളും കാരണം മതന്യുനപക്ഷങ്ങളുടെ മുഖത്തും മനസ്സിലും നിഴലിട്ട ഭീതി, ഒരു വേള മുതിര്‍ന്ന സംഘ് നേതാവിന്റെ മുഖത്തും വാക്കുകളിലും കാണാനായതും കാവ്യനീതിയാണ്. ഒരുപക്ഷേ, തൊഗാഡിയയെയോ പ്രമോദ് മുത്തലിക്കിനെയോ ഒക്കെ വ്യാജ ഏറ്റുട്ടലില്‍ ഇല്ലാതാക്കി, കുറ്റം മുസ്‌ലിംകളില്‍ ചാര്‍ത്തി രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കാനും സംഘ് പരിവാര്‍ മടിക്കില്ല.

 

ഹിരണ്‍ പാണ്ഡ്യയുടെ കൊലപാതകം

അമിത് ഷാ, ഹിരണ്‍ പാണ്ഡ്യ, സഞ്ജയ് ജോഷി എന്നിവരായിരുന്നു ഒരു ഘട്ടത്തില്‍ മോദിയുടെ വിശ്വസ്തര്‍. ചെറുപ്പത്തിലേ ആര്‍.എസ്.എസ് അംഗമായ ഹിരണ്‍ പാണ്ഡ്യ ബി.ജെ.പിയുടെ നേതാവായി വളര്‍ന്നു. മോദി മന്ത്രിസഭയില്‍ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയായി. 2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം മനസ്സു മാറാന്‍ തുടങ്ങിയ ഹിരണ്‍ പാണ്ഡ്യ, താന്‍ തൂക്കുമരത്തിലേറിയാലും കലാപത്തിലെ മോദിയുടെ പങ്കാളിത്തം തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചു. 2003 മാര്‍ച്ച് 26-ന് ദുരൂഹ സാഹചര്യത്തില്‍ പാണ്ഡ്യ വെടിയേറ്റു മരിച്ചു. പതിവുപോലെ പന്ത്രണ്ട് മുസ്ലിം യുവാക്കള്‍ പ്രതികളായി പിടിക്കപ്പെടുകയും ആദ്യം ശിക്ഷിക്കപ്പെടുകയും പിന്നീട് തെളിവില്ലെന്നു പറഞ്ഞ് കോടതി അവരെ വിട്ടയക്കുകയും ചെയ്തു. ഹിരണ്‍ പാണ്ഡ്യയുടെ  കൊലപാതകത്തിനു പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് പാണ്ഡ്യയുടെ ഭാര്യയും പിതാവും പറയുകയുണ്ടായി.  ജാഗ്രിതി പാണ്ഡ്യ ഭര്‍ത്താവിന്റെ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ച എട്ടു പേജുള്ള കത്തില്‍ സംഭവത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം സംബന്ധിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുഖവിലക്കെടുത്താല്‍, സംഘ് പരിവാറിന്റെ ആഭ്യന്തര ഉന്മൂലന അജണ്ടകളുടെ മറ്റൊരു സമീപകാല ഇരയാണ് ഹിരണ്‍ പാണ്ഡ്യ എന്ന ഗുജറാത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രി എന്ന് പറയേണ്ടിവരും  ("Who killed Haren Pandya?" The Times Of India, "An ex-Minister‑'s murder". Frontline. Retrieved 30 December 2014.DG Vanzara sings about Haren Pandya murder, says it was political conspiracy: CBI". Times of India. September 21, 2013. Retrieved September 20, 2016).

 

സുനില്‍ ജോഷിയും മറ്റും

മധ്യപ്രദേശിലെ മാല്‍വ സ്വദേശിയായ സുനില്‍ ജോഷി ആര്‍.എസ്.എസ് പ്രചാരക് ആയിരുന്നു. അജ്മീര്‍ സ്‌ഫോടനത്തിലെ മുഖ്യപ്രതികളിലൊരാളായ ജോഷി 2007 ഡിസംബര്‍ 30-നാണ് ദുരൂഹമായി കൊലചെയ്യപ്പെട്ടത്. ബി.ജെ.പി ഭരണത്തിലിരിക്കെയായിരുന്നു ജോഷിയുടെ അന്ത്യം. പ്രതിഷേധവുമായി രംഗത്തുവന്ന സംഘ് പരിവാര്‍ മുസ്‌ലിം കുടുംബങ്ങളെ ആക്രമിക്കുക വരെ ചെയ്തു. മുസ്‌ലിം ഭീകരരാണ് കൊലക്ക് പിന്നില്‍ എന്ന് അവര്‍ പ്രചാരണം നടത്തിയെങ്കിലും അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിലൂടെയാണ്, ആര്‍.എസ്.എസ് നേത്യത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുനില്‍ ജോഷിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇല്ലാതാക്കിയത് എന്ന സത്യം പുറത്തുവന്നത്. തെളിവുകള്‍ നശിപ്പിക്കാനും മുതിര്‍ന്ന നേതാക്കളെ രക്ഷിച്ചെടുക്കാനുമായിരുന്നു ഈ കൊലപാതകം (സ്‌ഫോടന ഭീകരതയുടെ സംഘ് പരിവാര്‍ പരമ്പര, സദ്‌റുദ്ദീന്‍ വാഴക്കാട്, ചിന്ത പബ്ലിഷേഴ്‌സ്, പേജ് 104,105). 

ആലപ്പുഴ ചേര്‍ത്തലയില്‍ അനന്തു എന്ന 17 വയസ്സുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ശാഖയില്‍ പോകാതിരുന്നതിന്റെ പേരിലാണത്രെ! ഈ കൊലപാതകക്കേസില്‍ അറസ്റ്റിലായത് പതിനേഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് (http://indianexpress.com/article/india/17-rss-cadres-held-for-murder-of-kerala-teenager-4605619/).  മണ്ണുത്തിയില്‍ നിര്‍മല്‍ എന്ന 20 വയസ്സുള്ള യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും ബി.ജെ.പിക്കാരായിരുന്നു. ഈ കൊലപാതകത്തിന്റെ പേരില്‍ ബി.ജെ.പി ഹര്‍ത്താല്‍ വരെ നടത്തിയിരുന്നുവെന്നതാണ് വിചിത്രം! സ്വന്തം കുറ്റകൃത്യം മറ്റുള്ളവരില്‍ ആരോപിക്കുകയും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് എക്കാലത്തും ഫാഷിസ്റ്റു സംഘങ്ങളുടെ രീതിയാണ് എന്നതിന് ജര്‍മനിയിലെ റയ്ഷ്റ്റാഗ് തീവെപ്പ് മുതല്‍ ഇന്ത്യയിലെ സംഘ് ഭീകരത വരെ നിരവധി ഉദാഹരണങ്ങളുണ്ട്.

മുംബൈ ഭീകരാക്രമണ വേളയില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെ സംഘ് പരിവാര്‍ പ്രതികളായ ചില കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ എ.ടി.എസ് തലവനായിരുന്നു. ഈ കൊലപതകത്തിനു പിന്നിലെ ദുരൂഹത 'ഹു കില്‍ഡ് കര്‍ക്കരെ' പോലുള്ള കൃതികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കൊലപാതകക്കേസില്‍ വിധി പറയാനിരിക്കെയാണ് ജസ്റ്റിസ് ലോയ വധിക്കപ്പെട്ടത്! ബി.ജെ.പി സര്‍ക്കാര്‍ പ്രതിക്കൂട്ടിലുള്ള വ്യാപം അഴിമതിക്കേസിലെ ഏതാണ്ടെല്ലാ സാക്ഷികളും- ഫസ്റ്റ് പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടനുസരിച്ച് 35 പേര്‍- ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. മനുഷ്യ കബന്ധങ്ങള്‍ക്കു മുകളിലിട്ട അധികാരക്കസേരയിലിരിക്കാന്‍ വംശവെറി പുണ്ട ഫാഷിസ്റ്റുസംഘങ്ങള്‍ ധൃഷ്ടരാകുന്ന കാലമത്രയും ഇത്തരം 'ദുരൂഹ മരണങ്ങളും ഏറ്റുമുട്ടല്‍ കൊലകളും' തുടര്‍ന്നുകൊണ്ടിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (82-85)
എ.വൈ.ആര്‍

ഹദീസ്‌

ലാഭച്ചേതങ്ങള്‍ കണക്കാക്കുമ്പോള്‍
സുബൈര്‍ കുന്ദമംഗലം